സംവരണത്തിൽ സവർണ്ണം കലർത്തുന്നവരോട് 

"രാജ്യം കണ്ടതിലേറ്റവും വലിയ കുംഭകോണം ജാതി സംവരണമാണ്"

1992 ലെ ഇന്ദിരാ സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ, 'സംവരണ പരിധി 50 ശതമാനം കടക്കരുത്' എന്ന സുപ്രീം കോടതിയുടെ വിധിയാണ് പുതിയ വാർത്താ വിശേഷം. സ്വതവേ, ഭരിക്കുന്നവരാൽ ഹൈജാക് ചെയ്യപ്പെടുന്നുവെന്ന് പലപ്പോഴും പേരുദോഷം കേട്ട പരമോന്നത നീതിപീഠം പക്ഷെ , സമീപകാലത്തായി നടത്തുന്ന ആശാവഹമായ ഇടപെടലുകളുടെ തുടർച്ചയായാണ് ഈ വാർത്ത സ്വീകരിക്കപ്പെട്ടിരിക്കുന്നത്. മറാത്തികൾക്കായി മഹാരാഷ്ട്ര സർക്കാർ നടപ്പിലാക്കാൻ തയ്യാറാക്കിയ പട്ടികയിന്മേലാണ് വിശേഷാൽ ഈ വിധിയെങ്കിലും കേരളമടക്കം 60 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് വരെ തിരുത്താണീ വിധിയെന്ന് കരുതാം. ഇത്തരുണത്തിൽ, സംവരണമെന്ന, അനേകം ഭേദഗതികൾ കൊണ്ടും തീർപ്പ് കല്പിക്കപ്പെടാത്ത, രാജ്യത്ത് ജാതീയത അളവിൽ കൂടിയ ഗുണഭോക്തൃത്വം കയ്യാളുന്ന ഈ നടപടിക്രമം വീണ്ടും ചർച്ചപ്പുറത്തെത്തിയിരിക്കുകയാണ്.

Also Read:മുന്നാക്ക സംവരണ നീക്കത്തിൻ്റെ പിന്നാമ്പുറം

സത്യത്തിൽ, സംവരണം അനർഹമായി വീതിക്കപ്പെടുന്ന സാമൂഹ്യ-സാമ്പത്തിക സംവിധാനമാണെന്ന പൊതുബോധം പ്രചാരത്തിലുണ്ട്. ഭരണഘടനാധിഷ്ഠിത അവകാശമെന്ന നിലക്ക് അതിന്റെ ഗുണവിശേഷങ്ങൾ വേണ്ട വിധത്തിൽ ഉൽബോധനം ചെയ്യപ്പെടാത്തത് കൊണ്ടാണ് അധുനാതന ചിന്താഗതിക്കാരിൽ നിന്ന് പോലും ഇത്തരം പിന്തിരിപ്പൻ നിലപാട് രൂപപ്പെടുന്നത്. സംവരണത്തിലെ പോരായ്മകൾക്കും നടപ്പാക്കലിലെ നീതികേടുകൾക്കും സംവരണത്തെ തന്നെ നിഷേധിക്കുന്നത് ഇല്ലം ചുടുന്ന നയമാണ്. ഒരു ബഹുസ്വര സംവിധാനത്തിൽ അധികാര പങ്കാളിത്തം ഉറപ്പ് വരുത്തുക എന്നതാണ് സംവരണം ചെയ്യുന്ന ധർമ്മം. ഉച്ചനീചത്വത്തിന്റെ തികട്ടൽ വിട്ടുമാറാത്ത സാമൂഹ്യ പരിസ്ഥിതിയിൽ സവർണ്ണ കുത്തകയിലും അവർണ്ണനോ പിന്നോക്കക്കാരനോ അർഹിച്ച തോതിൽ  അധികാര പ്രാതിനിധ്യം ഉണ്ടാവണമെങ്കിൽ ഇത് കൂടിയേ തീരൂ. ഇന്ത്യയുടെ കാര്യമെടുക്കാം. പുരാതന ആർഷ ഭാരത സംസ്ക്കാരം രൂപം നൽകിയ ജാതി വ്യവസ്ഥയിൽ അതി ക്രൂരമായാണ് മനുഷ്യാവകാശങ്ങൾ നിരാകരിക്കപ്പെട്ടിരുന്നതെന്ന് ഇന്ന് നമ്മൾ സമ്മതിച്ച് പോരുന്നു. ആ പുരാതന സാമൂഹിക വ്യവസ്ഥിതി സൃഷ്ടിച്ച അസമത്വങ്ങൾക്ക്‌ പരിഹാരം കാണാനുള്ള ഉത്തരവാദിത്തം ഇന്നത്തെ ജനാധിപത്യ സംവിധാനത്തിനുണ്ട്. ഒരർത്ഥത്തിൽ ജാതിയുടെയും മതത്തിന്റേയും അടിസ്ഥാനത്തിൽ പല വിഭാഗങ്ങളും അനുഭവിച്ച് പോന്ന വിവേചനത്തിന് അതെ സമൂഹം തന്നെ റിവേഴ്സ്‌ ഡിസ്ക്രിമിനേഷൻ വഴി കാണുന്ന പരിഹാരമാണ് സംവരണം.

Also Read:സമ്പന്നരായ മധ്യമര്‍ഗത്തിന് ഇനിയും വേണോ സംവരണം?!

സംവരേണതര വിഭാഗങ്ങൾക്ക്‌ ഒരു തരത്തിലും കുറവ് വരുത്തുന്നില്ലെന്നതാണ് സംവരണത്തിന്റെ ഏറ്റവും വലിയ പ്ലസ്. 
എന്നാൽ, ഈ സംവരണ യുക്തിയുടെ എല്ലാ നൈതികതകളെയും നിഷേധിക്കുന്നതാണ് കേരളത്തിലടക്കം ചിലയിടങ്ങളിലെങ്കിലും നടത്തിയ ഭേദഗതി. നിലവിൽ  ഒ.ബി.സി എസ്.ടി വിഭാഗങ്ങൾക്ക് നല്കിപ്പോരുന്ന 50 ശതമാനത്തിലധികമായി 10 ശതമാനം മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി ദുർബലരായവർക്ക്
കൊടുക്കണമെങ്കിൽ അതിനെ ന്യായീകരിക്കുന്ന അത്യസാധാരണമായ സാഹചര്യങ്ങൾ ആദ്യം കണക്കുകൾ സഹിതം സ്ഥാപിക്കേണ്ടതുണ്ട്. എന്നാൽ, ഇങ്ങനെയൊരു സമഗ്രമായ പഠനം കേരളത്തിൽ നടന്നതായി അറിവില്ല. ഇനി മുന്നാക്കക്കാരിൽ ദരിദ്രരുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ തന്നെയും സംവരണത്തെ തൊടാതെ ദാരിദ്ര്യ നിർമാർജനത്തിനായുള്ള  നിരവധി പദ്ധതികളിലൂടെ പ്രശ്നപരിഹാരം നടത്താമെന്നിരിക്കെ എന്തിനാണ് ഭരണഘടനാപരമായ ഒരു അനാവശ്യ ആനുകൂല്യത്തിന് സർക്കാർ മുതിരുന്നത്? മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നത് ഓപണ്‍ ക്വാട്ടയായ 50 ശതമാനത്തില്‍ നിന്നാണെന്നും അതുകൊണ്ട് സംവരണ വിഭാഗങ്ങളുടെ 50 ശതമാനം സംവരണത്തിന് ഒരു കുറവും സംഭവിക്കില്ലായെന്നുമാണ് സർക്കാരിന്റെ ന്യായം. ഇതെത്രമേൽ ഇരട്ടത്താപ്പ് നിറഞ്ഞ നിലപാട് ആണെന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധിയിൽ കവിഞ്ഞതൊന്നും വേണ്ട.

മുന്നാക്ക സംവരണത്തിന്റെ മറവില്‍ നടക്കുന്നത് പിന്നാക്ക വിഭാഗങ്ങളുടെ മെറിറ്റ് അട്ടിമറിയും സംവരണ അട്ടിമറിയാണെന്നും മെഡിക്കല്‍, എഞ്ചിനീറിംഗ്, ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ കണക്ക് പുറത്ത് വന്നതില്‍ നിന്ന് മനസ്സിലാകും.മെഡിക്കല്‍ സീറ്റ് പ്രവേശനത്തില്‍ ദേശീയക്വാട്ട സീറ്റ് മാറ്റിയിട്ടുള്ള 1045 സീറ്റില്‍ 130 സീറ്റും മാറ്റിവെച്ചിട്ടുള്ളത് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് വേണ്ടിയാണ്. അലോട്ട്‌മെന്റ് നടന്ന 1,62,815 ഹയര്‍ സെക്കന്ററി സീറ്റില്‍ 16711 സീറ്റും നീക്കിവെച്ചത് മുന്നാക്കക്കാരായ പിന്നാക്കക്കാര്‍ക്കാണ്. എഞ്ചിനീറിംഗ് സീറ്റുകളുടെ അവസ്ഥയും സമാനമാണ്. ചുരുക്കത്തില്‍ മൊത്തമുള്ള സീറ്റിന്റെ പത്തു ശതമാനം, അതായത് 50 ശതമാനം സംവരണ വിഭാഗങ്ങളുടെ സീറ്റുകൂടി എടുത്താണ് മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. മാത്രമല്ല പത്തു ശതമാനത്തില്‍ നിന്ന് മുകളിലാണ് ഈ സീറ്റുകളുടെ ശതമാനമെന്ന് കാണാന്‍ കഴിയും. സംവരണ വിഭാഗങ്ങള്‍ക്ക് കൂടി അവകാശപ്പെട്ട മെറിറ്റ് സീറ്റിന്റെ പത്തു ശതമാനമാണ് മുന്നാക്കക്കാര്‍ക്ക് മാത്രമായി നീക്കിവെയ്ക്കുന്നത്. 

Also Read:സാമ്പത്തിക സംവരണം ഭരണഘടനക്കു നേരെയുള്ള വെല്ലുവിളി

മുന്നോക്ക പ്രീണനത്തിലൂടെ വോട്ട് ബാങ്കുറപ്പിക്കാൻ ഭരണം കയ്യാളുന്നവരും അതിനെ ഉളുപ്പില്ലാതെ ന്യായീകരിക്കാൻ പുരോഗമന സാംസ്കാരികരും മിനക്കെട്ട് പണിയെടുക്കുമ്പോൾ പരമോന്നത നീതി പീഠത്തിൽ നിന്ന് തന്നെ ഇത്തരമൊരു വിധി വരുന്നതിന് വിശേഷാൽ പ്രാധാന്യമുണ്ട്. ഭരണഘടനാവബോധം കുറഞ്ഞ സാധാരണക്കാരെ ഇതിന്റെ ഓളം അശേഷം ബാധിക്കില്ലെന്ന് കരുതിയിടത്ത് നിന്ന് അധസ്ഥിത തലങ്ങളിൽ നിന്നുള്ള പ്രതിഷേധങ്ങളും ആശാവഹമാണ്. സാമ്പത്തിക സംവരണം നടപ്പിലാക്കി മുന്നാക്ക പ്രീതിയുടെ ബലത്തിൽ മുന്നോട്ട് പോവാൻ വെമ്പുന്നവരോട് സാമൂഹ്യനീതിയുടെ പക്ഷത്ത് നിന്ന് എതിരിടാനുള്ള ഒരു പൊതുബോധം കൂടിയാണ് ഇനി ഉയർന്ന് വരേണ്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter