ഉർദു: മതേതര ഇന്ത്യയുടെ ജനകീയ ഭാഷ
ഹം ഹൈ തഹ്സീബ് കെ അലം ബർദാർ
ഹം കൊ ഉർദു സബാൻ ആതീ ഹെ
ഇന്ത്യാ മഹാരാജ്യത്തിലെ മുഴുവൻ സംസ്കാരങ്ങളെയും വഴി നടത്തുവാൻ കവി "അലി സാഹിൽ" തനിക്ക് ഉർദുവറിയാമെന്നതാണ് യോഗ്യതയായി മുന്നോട്ടുവെക്കുന്നത്. ഇന്ത്യയുടെ തനത് സംസ്കാരങ്ങളിൽ ഉർദു ഭാഷക്ക് അതിന് മാത്രം സ്വാധീനമുണ്ടായിരുന്നു എന്നാണ് ഇതും സമാനമായതുമായ വരികള്‍ വ്യക്തമാക്കുന്നത്. വ്യത്യസ്ത വർണ്ണങ്ങളും ഗന്ധങ്ങളുമുള്ള പുഷ്പങ്ങളെ ഉൾച്ചേർത്ത് ഒരുദ്യാനം രൂപപ്പെടുത്തിയെന്നതാണ് ഉര്‍ദു ഭാഷ ഇന്ത്യയില്‍ ചെയ്ത ഏറ്റവും വലിയ സംഭാവന എന്ന് ഒറ്റ വാക്യത്തില്‍ പറയാം.
അക്ബർ ചക്രവർത്തിയുടെ ഭരണകേന്ദ്രമായ ആഗ്രയിൽ അന്നത്തെ പ്രചാരത്തിലുള്ള ബ്രജ് ഭാഷയിലൂടെയാണ് ഉർദുവികസിച്ചതെന്ന് മൗലാനാ ഹുസൈൻ ആസാദ് തന്റെ വിഖ്യാതമായ ആബെ-ഹയാത്തിൽ വിശദീകരിക്കുമ്പോൾ, ഹാഫിസ് മഹ്മൂദ് ശീറാനിയവതരിപ്പിക്കുന്നത് പഞ്ചാബിന്റെ മാതൃത്വത്തിൽ വളർന്ന ഉർദുവിനെയാണ്. കൂടാതെ ഉറുദുവിന്റെ മാതാവ് സിന്ധാണെന്നും പാലിയാണെന്നുമുള്ള നിരവധി അഭിപ്രായങ്ങളിൽ നിന്നും നാമെത്തിച്ചേരുന്നത് കേവലം ഒരു പ്രദേശത്തിന്റെയോ ഭാഷയുടെയോ അതിർത്തിയിലേക്കല്ല, മറിച്ച് ഭാരത മാതാവിന്റെ ഉദരത്തിൽ പിറവിയെടുത്തതാണെന്ന സത്യത്തിലേക്കാണ്. പ്രിയപ്പെട്ടവയെ തങ്ങളോട് ചേർത്തുനിർത്താൻ ആഗ്രഹിക്കുന്നത് മാനുഷിക താൽപര്യമാണെങ്കിൽ, ആബാലവൃദ്ധം ജനങ്ങളും ഒരേ ഭാഷയെ തങ്ങളുടെ പ്രദേശത്തോട് ചേർത്തുവിളിച്ചതായി നമുക്ക് കാണാനാകും. ഡൽഹിയിൽ ദഹ്‍ലവിയെന്നും സുബാനെ –ദില്ലി എന്നും വിളിച്ചപ്പോൾ ഗുജറാത്തിൽ ഗജ്‍രിയും ഡക്കാനിൽ ദഖ്നിയും, കൂടാതെ രേഖ്ത, ഹിന്ദുവി, ഹിന്ദി എന്നീ പേരുകളില്‍ പൊതുവായും വിളിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ ഭാഷയോടുള്ള ജനങ്ങളുടെ പ്രിയം തന്നെയാണ് അതെല്ലാം സൂചിപ്പിക്കുന്നത്.
ശോർസീനി അപഭ്രംശിൽ നിന്ന് രൂപാന്തരം പ്രാപിച്ച ഗഢിബോലിയോട് അറബിയും പേർഷ്യനും കൂടിച്ചേർന്നപ്പോൾ ലോകം ദർശിച്ചത് ഇന്ത്യക്കാർക്കെന്ന പോലെ വിദേശകാർക്കും നെഞ്ചോടുചേർത്തുവെക്കാൻ സാധിച്ച ഒരു ഭാഷയെയാണ്. വിവിധ കാലങ്ങളിലായി ഇന്ത്യയിലെത്തിയ സൂഫിവര്യന്മാരും ആശയക്കൈമാറ്റത്തിന് ഉപയോഗിച്ചത് ഈ സങ്കര ഭാഷ തന്നെയായിരുന്നു. ഉത്തരേന്ത്യയിൽ ഫരീദുദ്ദീൻ ഗഞ്ച് അടക്കമുള്ളവർ പ്രബോധനത്തിനുപയോഗിച്ച അതേ ഭാഷാപ്രയോഗങ്ങൾ ഗുരുനാനാക്കിന്റെ അധ്യാപനങ്ങളായി ഗുരുഗ്രന്ഥിലും കാണാവുന്നതാണ്. സാംസ്കാരിക സമന്വയത്തിന്റെ വിശാലതയിലേക്കാണ് അത് വെളിച്ചം വീശുന്നത്. അല്ലെങ്കിലും, ഖുർആൻ വിവർത്തനങ്ങളും തുളസിദാസ്, ഗുരുനാരായണൻ തുടങ്ങിയവരുടെ രാമായണ വിവർത്തനവുമെല്ലാം ഈ ഭാഷയിൽ എഴുതപ്പെട്ടിട്ടുണ്ടെങ്കിൽ, അത് അതിന്റെ സാര്‍വ്വസ്വീകാര്യതയാണ് വിളിച്ചോതുന്നത്.
സുഗന്ധം പരത്തിയ ഭാഷ
അന്താരാഷ്ട്ര രംഗത്ത് തിളങ്ങിയ ഭാഷകളായ ഗ്രീക്ക്, ലാറ്റിൻ, ഇംഗ്ലീഷ് എന്നിവയെല്ലാം തുടക്കത്തിൽ നിശ്ചിത മതത്തോട് ചേർന്നായിരുന്നു കവിതകൾ രചിച്ചിരുന്നതെങ്കിൽ, ഭാരതമാതാവ് ജന്മമേകിയ ഭാഷ ജനനം കൊണ്ട ദിവസം തന്നെ മതേതര സ്വഭാവമുള്ളതായിരുന്നു. നിർണ്ണിതമായ ഒരതിർത്തി പോലുമില്ലാതിരുന്ന ഇന്ത്യയെ ഹിന്ദുസ്ഥാനി കവിതകളുടെ മുൻഗാമിയും സൂഫിവര്യനുമായ അമീർ ഖുസ്രുവിന്റെ ഗ്രന്ഥങ്ങളിലുടനീളം പ്രതിപാദിക്കുന്നത് ഒരൊറ്റ ഉദ്യാനമായിട്ടാണ്. തന്റെ മൂന്നാമത്തെ വലിയ താരീഖേ -മസ്നവിയായ "നോഹ് സിപെഹറിൽ" മറ്റു ഭാഷകളേക്കാൾ ഹിന്ദുവിക്കുള്ള സ്ഥാനം പറഞ്ഞുവെക്കുകയും "ഇഷ്‌ഖിയ"യിൽ അന്ന് കൊട്ടാരം ഭാഷയിൽ ജ്വലിച്ചുനിന്നിരുന്ന പേർഷ്യനോട് താരതമ്യം ചെയ്ത് അതിന്റെ മഹത്വം പാടിപ്പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. ബ്രജ് ഭാഷയടക്കമുള്ള പ്രാദേശിക ഭാഷകളെ കോർത്തിണക്കിക്കൊണ്ട് താളാത്മക സൗന്ദര്യത്തോടൊപ്പം ജനസീകാര്യതയും അതിന്നുണ്ടായിരുന്നുവെന്നത് തന്നെയാണ് അതിന്റെ കാരണവും.
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ജനങ്ങൾ ആശയക്കൈമാറ്റത്തിനുപയോഗിച്ച ഈ ഭാഷയെ പിന്നീട് ഡൽഹി സുൽത്താനേറ്റിന്റെ രാജാക്കന്മാരെല്ലാം അതിശയത്തോടെയാണ് നോക്കികണ്ടത്. മുഹമ്മദ് ബിൻ തുഗ്ലക്ക് ദൗലത്താബാദിലേക്ക് തലസ്ഥാനം മാറ്റിയപ്പോഴും 1296ൽ അലാവുദ്ദീൻ ഖിൽജി ഡെക്കാനിലെത്തിയ അവസരത്തിലും ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങി. അതോടെ കേവലം സംസാരഭാഷയെന്നതിലുപരി സാഹിത്യകാവടങ്ങളും തുറക്കപ്പെട്ടു.
ഉദ്യാനത്തിൽ വിരിഞ്ഞ വസന്തം
ഉത്തരേന്ത്യയിൽ സംസാരിച്ചിരുന്നതും ഖുസ്രു പുരോഗതി പ്രവചിച്ചതുമായ ഉർദു ഭാഷ വിന്ധ്യാപർവതത്തിന്റെ തെക്ക് എത്തിയതോടെ സൂര്യതേജസോടെ ശക്തിയാർജ്ജിച്ചു. വസന്ത കാലത്ത് പുഷ്പങ്ങളുടെ സുഗന്ധം വ്യാപിക്കും പോലെ ഗസലുകൾ ഉർദു ഭാഷയുടെ സ്വീകര്യതക്ക് മാറ്റ് കൂട്ടി. ഉദാത്ത ഭാവനകളുടെ ഗിരിശൃംഗങ്ങളാണ് അനുഗ്രഹീത കവി ഹൃദയങ്ങളുടെ സഞ്ചാരപഥങ്ങളെങ്കിൽ, ഗസലിന്റെ ഭാവന, ഖാഫിയ, റദീഫ് എന്നിവയ്ക്ക് മുമ്പിൽ ഇതര ഭാഷകൾ പുതിയകാലത്ത് പോലും തോറ്റുപോകുന്നത് കാണാനാകും.
അനുയോജ്യമായ കാലത്ത് മുഹമ്മദ് ഖുലി ഖുത്തുബ് ശാ, വലി ദഖ്നി തുടങ്ങിയ നിരവധിപേർ വെള്ളവും വളവും നൽകി ഈ ഭാഷയെ പരിപോഷിപ്പിച്ചു. വിടർന്ന പൂവിന്റെ പരിമളം ദില്ലിയിലെത്തിയപ്പോൾ മുമ്പ് ഷാജഹാൻ "ഉർദൂയെ-മുഅല്ല" എന്ന നാമത്തിൽ കൊട്ടാരത്തിലൊരിടം നൽകിയ അതേ ഭാഷയെ 1821ൽ മുഹമ്മദ് ഷാ രംഗീല രാജസദസ്സിൽ ഔദ്യോഗിക ഭാഷാപദവി അലങ്കരിച്ചിരുന്ന പേർഷ്യന്നും മുകളിൽ പ്രതിഷ്ഠിച്ചു. ബഹാദുർഷയുടെയും (1707-12) മുഹമ്മദ് ഷാ രംഗീലയുടെയും രാജസന്നിധിയിൽ നടന്ന മുശാഅറ ശ്രവിക്കാൻ എത്തിയവർക്ക് ജാതിയും മതവുമില്ലായിരുന്നു, അവർ ശ്രവിച്ചതിൽ വർഗീയ്യത ലവലേശമില്ലായിരുന്നു. ഇതേ കാലത്താണ് ഡെക്കാനിൽ നിന്നുള്ള പരിമളം കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ മേഖലകളിലേക്കും അടിച്ചുവീശിയിരുന്നത്.
ഉദ്യാനത്തിന് വേലിയൊരുക്കിയ ഭാഷ
വിശ്വകവി അല്ലാമ മുഹമ്മദ് ഇഖ്ബാൽ ഇന്ത്യയെ "ഗുലിസ്ഥാൻ"എന്ന് വിളിച്ചത് വ്യത്യസ്ത പൂക്കൾചേർന്ന ഒരു പൂന്തോട്ടത്തിന്റെ മനോഹാരിത പരിചയപ്പെടുത്താനായിരിക്കണം. പൂന്തോട്ടത്തെ സംരക്ഷിക്കുവാൻ വേലി കെട്ടാറാണ് പതിവെങ്കിൽ ഇന്ത്യയിൽ ബാഹ്യ ഇടപെടലുകൾ രൂക്ഷമായപ്പോൾ ആദ്യം വേലിതീർത്തത് ഉർദുവായിരുന്നു. ഏകദേശം 1757 മുതൽ ബ്രിട്ടീഷുകാർ ഇന്ത്യൻ രാഷ്ട്രീയ-സാമ്പത്തികരംഗങ്ങളിൽ സജീവത കൈവരിക്കുമ്പോൾ അതില്‍ ആശങ്കപ്പെട്ടത് ഒരേയൊരു ഭാഷ മാത്രമായിരുന്നു. ഉറുദുവും ഹിന്ദിയും ചേർന്ന പരിതസ്ഥിതി തങ്ങളുടെ ഭരണമേധാവിത്വത്തിന്നെതിരാണെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ അന്നുതന്നെ ഭാഷാപഠനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള വിവരവും ഭാഷാ പരിജ്ഞാനവും നേടണമെന്ന ഉദ്ദേശ്യത്തിൽ കൽക്കട്ടയിൽ ജോൺ ഗിൽഗ്രിസ്റ്റിന്റെ നേതൃത്വത്തിൽ 1800ൽ സ്ഥാപിച്ച ഫോർട്ട് വില്യം കോളേജ് അതിനൊരുദാഹരണമാണ്. ഹിന്ദു-മുസ്‍ലിം ഐക്യത്തിന്റെ വേരറുക്കുവാനാണ് അവർ ശ്രമിച്ചിരുന്നതെങ്കിൽ, അതിന്നവർ കണ്ടെത്തിയ വലിയ മാർഗമാണ് ഉറുദു- ഹിന്ദി വേർതിരിവന്നതാണ് സത്യം. അതത്രത്തോളം സമൂഹത്തെ ഹിന്ദുസ്ഥാനി ഐക്യപ്പെടുത്തുന്നുവെന്നവർ തിരിച്ചറിഞ്ഞിരുന്നു. അച്ചടി മേഖലയിലടക്കം ത്വരിതഗതിയിലുള്ള പുരോഗമനം കോളേജ് മുഖാന്തരം നടന്നത് ഭാഷാ പുരോഗതിയെ സഹായിച്ചുവെങ്കിലും, മറുവശത്ത് ഉറുദു-ഹിന്ദി ഭാഷയിലെ സങ്കുചിത ചിന്താഗതി ഇന്ത്യൻ മതമൈത്രിക്കെതിരാണെന്നത് തിരിച്ചറിഞ്ഞവർ ഒരുപാടുണ്ട്. മതമൈത്രിയെ കെട്ടുറപ്പുള്ളതാക്കുവാനുള്ള വിഷയങ്ങളായിരുന്നു അന്ന് കാലം തേടിയിരുന്നതെങ്കിൽ അത് കൃത്യമായി നിർവഹിക്കാൻ ഭാരത മാതാവ് ചിലർക്ക് ജന്മം കൊടുത്തുവെന്ന് പറയേണ്ടിവരും. ദില്ലിയിൽ ഗാലിബ്, ദൗഖ്, മൂമിൻ,എന്നവർ കവിയും രാജ്യസ്നേഹിയുമായ ബഹാദുർഷാ സഫറിന്റെ കൊട്ടാരത്തിലും, ആതിശും നാസിഖുമെല്ലാം ലക്നൗവിലും ഉരുവിട്ട വരികൾ സങ്കുചിത ചിന്തകളെ ഭേദിച്ചുകൊണ്ട് മതമൈത്രിയെ പടുത്തുയർത്തുന്നവയായിരുന്നു. ഇവ മുന്നോട്ടു സഞ്ചരിച്ചപ്പോൾ കാലം ദർശിച്ചത് ബ്രിട്ടീഷുകാരെ ആട്ടിയോടിച്ച ഒന്നാം സ്വാതന്ത്ര്യസമരത്തിൽ (1857) രൂപപ്പെട്ട ദേശീയതയിലേക്കാണ്.
പട്ടാളക്കാരിൽ രൂപപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ വികാരത്തെ ഹിന്ദു-മുസ്‍ലിം പൊതുവികാരമാക്കിയതിലും ഐക്യം നിലനിർത്താൻ സഹായിച്ചതിലും അക്കാലത്തെ ഉർദു പത്രങ്ങൾക്ക് വലിയ പങ്കുണ്ട്. മുഹമ്മദ് ബാകിറിന്റെ "ദില്ലി ഉറുദു അക്ബർ", "സ്വാദിഖുൽ അഖ്ബാർ" തുടങ്ങിയ പത്രങ്ങളും ഇതിന്റെ പിന്നിലുണ്ട്. സമരത്തിന്റെ അന്ത്യത്തിൽ തിരിച്ചുവന്ന ബ്രിട്ടീഷുകാർ ബഹാദുർഷായെ റങ്കൂണിലേക്ക് നാടുകടത്തിയപ്പോൾ അദ്ദേഹം ഉരുവിട്ട ഉർദു വരികൾ നോവോടെയല്ലാതെ ഇന്ത്യക്കാരാരും ശ്രവിച്ചിട്ടില്ല. അവയിന്നും ഇന്ത്യൻ ജനതയുടെ കർണപുടങ്ങളിൽ പ്രകമ്പനം സൃഷ്ടിച്ച്കൊണ്ടിരിക്കുന്നു.
മറുഭാഗത്ത് ബ്രിട്ടീഷ് അധിനിവേശം ഒരുപാട് സാധാരണക്കാരുടെ ജനജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിൽ അവരുടെ പ്രശ്നങ്ങൾ ഈരടികളായി ദീപം കൊളുത്തിയത്, നസീർ അക്ബറാബാദി അടക്കമുള്ള ഉർദു കവികളാണെന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. ഇങ്ങനെ രാജ്യത്തിന്റെയും സാധാരണക്കാരുടെയും പ്രശ്നങ്ങളിൽ നിരന്തരം ഉൾച്ചേർന്നുകൊണ്ട് ജനങ്ങളോട് ഇഴുകിച്ചേർന്ന ഭാഷയായിരുന്നു ഉർദുവെന്ന് നിസ്സംശയം പറയാൻ സാധിക്കും.
സർ സയ്യിദിന്റെ പടവാളായ ഭാഷ
ഹിന്ദുക്കളെയും മുസ്‍ലിംകളെയും നവ വധുവിന്റെ രണ്ട് മിഴികളോടുപമിച്ച സർ സയ്യിദ് അഹമ്മദ് ഖാൻ 1857ന് ശേഷം ഇന്ത്യൻ ജനത നേരിട്ട പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത മഹാപുരുഷനാണ്. ബ്രിട്ടൻ ഏതു വിധേനയാണ് ഇന്ത്യൻ ജനതയുടെ ഐക്യത്തെ തല്ലി തകർക്കാൻ ശ്രമിക്കുന്നതെന്ന് ഇന്ത്യക്കാരെ വിദ്യാഭ്യാസത്തിലൂടെ ബോധമുള്ളവരാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം തന്നെ. അതിന് അദ്ദേഹം തിരഞ്ഞെടുത്തത് ഭാരത മാതാവ് രൂപകല്പന ചെയ്ത ഉർദുഭാഷയെ തന്നെയാണ്.
1857ൽ രചിച്ച "അസ്ബാബെ -ബഗാവതേ ഹിന്ദ്" തുറന്നുകാട്ടിയത് പൂന്തോട്ടത്തെ തല്ലി തകർക്കാൻ ശ്രമിച്ച ബ്രിട്ടീഷുകാരുടെ ഇരട്ട മുഖമാണ്. വിദ്യാഭ്യാസം മാത്രമാണ് ഇതിന്റെ പരിഹാരമെന്ന് തിരിച്ചറിഞ്ഞ് സയന്റിഫിക് സൊസൈറ്റിയിലൂടെ ഉർദുവിലും നൂതനമായ വിദ്യകൾ അദ്ദേഹം ആവിഷ്കരിച്ചു. കൂടാതെ അദ്ദേഹത്തിന്റെ വിഖ്യാതമായ "തഹ്സീബുൽ അഖ്‍ലാഖിൽ" ഉറുദുവും ഹിന്ദിയും ചേർന്നു നിൽക്കേണ്ടതിന്റെ ആവശ്യകതയെ ചൊല്ലി ഒരുപാട് ലേഖനങ്ങളുമെഴുതി. സാമ്രാജ്യ ശാക്തീകരണത്തിനും ഐക്യ ശിഥിലീകരണത്തിനുമെതിരാണ് ഉർദുവെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ ഇതിനെതിരെ തിരിഞ്ഞ സമയത്ത് 1852 ൽ "അഞ്ചുമൻ ഹിമായത്തെ ഉർദു" സ്ഥാപിച്ച് അതിനെ ഭദ്രമാക്കാൻ അദ്ദേഹം മുമ്പോട്ട് വന്നത് അതിന്റെ മതേതര സ്വഭാവത്തെ തുറന്നുകാട്ടുവാനാണ്. ജാതി മതങ്ങൾക്കതീതമായി ഇന്ത്യയെന്ന പൊതു ദേശീയത രൂപപ്പെടുത്തുക എന്നതാണ് ഉർദുവിന്റെ ലക്ഷ്യമെന്നതിനാൽ ബ്രിട്ടീഷുകാർ ഭാഷക്കും എതിരായെന്നത് യാഥാർത്ഥ്യമാണ്. ഇതിന്റെ അലയൊലികളെന്നോണം ബ്രിട്ടീഷുകാർ തുടർച്ചയായി ഉറുദുവിനെ നോവിച്ചപ്പോൾ നവാബ് മുഹ്സിനുൽ മുൽക്കിനെ പോലെയുള്ളവർ UDA (Urdu deffence association) രൂപീകരിച്ച് സങ്കുചിത നീക്കത്തെ തടയാൻ നിലകൊണ്ടതും പിന്നീട് 1903ൽ എല്ലാ സംരക്ഷണ സമിതിയെയും ഏകോപിപ്പിച്ച് "അഞ്ചുമൻ തർഖി ഉറുദു" ആയി രൂപാന്തരപ്പെടുത്തിയതിനും പിന്നിലെ മഹത്തായ ലക്ഷ്യവും ഐക്യ പുനസ്ഥാപനമായിരുന്നു.
സ്വതന്ത്ര്യസമരത്തിൽ വീര്യം പകർന്ന ഭാഷ
ബംഗാൾ വിഭജനത്തോടെ "വിഭജിച്ചു ഭരിക്കുക" എന്ന ബ്രിട്ടൻ തന്ത്രം തീവ്രതയേറിത്തുടങ്ങിയപ്പോൾ, ഉർദു കവിതകളിലും ഗദ്യങ്ങളിലുമെല്ലാം അതേ തീവ്രത കണ്ടുതുടങ്ങി. അല്ലെങ്കിലും ആശിഖും മഅ‍്ശൂഖും നിറഞ്ഞുനിന്നിരുന്നതും, ഇന്ത്യ എന്ന ഉദ്യാനത്തെ കൂടുതൽ ചേർത്ത്പിടിച്ചിരുന്നതുമായ ഒരു ഭാഷ എങ്ങനെയാണ് ഭാരത മാതാവിന്റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതിരിക്കുക.
ജനങ്ങൾക്കിടയിൽ നിന്ന് രൂപപ്പെട്ട് പിൽക്കാലത്ത് കൊട്ടാരപ്രവേശനം നേടിയ ഭാഷ ജനങ്ങൾക്ക് പ്രശ്നം വന്നപ്പോൾ അവരിലേക്ക് തന്നെ കച്ചയുംകെട്ടി ഇറങ്ങിവന്ന കാഴ്ചയാണ് പിന്നീട് നാം കാണുന്നത്. സ്നേഹം മാത്രമല്ല, ദേഷ്യം വന്നാൽ വാളിലേറെ മൂർച്ചയുള്ളതാണോരോ വാക്കുമെന്ന് ബ്രിട്ടീഷുകാരെ അത് ബോധ്യപ്പെടുത്തി. അക്ബർ അലഹാബാദി, അല്ലാമ ഇഖ്ബാൽ, ജിഗർ മുറാദ് ആബാദി, പ്രേംചന്ദ്, അബ്ദുൽ ഹലീം ഷറർ, ഹുസൈൻ ആസാദ്, കൃഷ്ണചന്ദൻ തുടങ്ങിയ നിരവധിപേർ പദ്യ-ഗദ്യ സാഹിത്യത്തിലൂടെ ബംഗാൾ ക്ഷാമത്തിന്റെ കെടുതികളും ദാരിദ്ര്യാവസ്ഥയും വരച്ച് കാട്ടുന്നതും ദേശീയത തുളുമ്പുന്നതുമായ രചനകൾ നടത്തി. 1920ൽ ലേബർ തൊഴിലാളി പ്രക്ഷോഭത്തിൽ ഹസ്രത്ത് മൊഹാനി ഉയർത്തിയ "ഇങ്ക്വിലാബ് സിന്ദാബാദ്"ഉം പണ്ഡിറ്റ് രാംപ്രസാദ് ബിസ്മൽ രചിച്ച "സർഫറോഷി കി തമന്ന"യുമെല്ലാം പ്രതിഷേധത്തിന്റെ അലയൊലികൾ തീർത്തെന്ന് മാത്രമല്ല, അതിന്നും ഒരു തെളിവായി ജനങ്ങൾക്കിടയിൽ അവശേഷിക്കുന്നുമുണ്ട്. കൂടാതെ അബുൽ കലാം ആസാദിന്റെ പത്രങ്ങളായ അൽഹിലാൽ, അൽബലാഗ് തുടങ്ങിയവ ദേശീയ ബോധം വളർത്തിയെടുക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. കേരളത്തിലടക്കമുള്ള ഖിലാഫത്ത് നേതാക്കന്മാർക്ക് ഉർദു അറിഞ്ഞിരിക്കണമെന്ന നിബന്ധനവെക്കാൻ കാരണവും അത് ജനകീയമായിരുന്നുവെന്നതിലേക്കാണ് വിരൽചൂണ്ടുന്നത്.
ഇന്ത്യാ വിമോചനത്തിന് കാലം തേടിയിരുന്ന പല പ്രസ്ഥാനങ്ങളും നിലവിൽ വന്നപ്പോൾ ഉർദു അവിടെയെല്ലാം വേണ്ടത് ചെയ്തിട്ടുണ്ട്. അലിഗഡ് പ്രസ്ഥാനത്തിനുശേഷം 1936 ഏപ്രിൽ 15ന് പ്രേംചന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന ലഖ്നൗ യോഗത്തിൽ, ഹിന്ദുക്കളും മുസ്‍ലിംകളുമായ സാഹിത്യകാരന്മാർ അംഗങ്ങളായ കൂട്ടായ്മയായിരുന്നു പുരോഗമന പ്രസ്ഥാനമെന്ന നാമത്തിൽ ഇന്ത്യ ദർശിച്ചത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ ധാരാളമായി അഭിസംബോധനം ചെയ്യുക, ഭാവി കെട്ടിപ്പടുക്കാനുള്ള മാർഗം അന്വേഷിക്കുക, കൂടാതെ അജ്ഞത, സാമൂഹിക അധപതനം, അടിമത്തം, സാമ്രാജ്യത്വം എന്നിവക്കെതിരെ പൊരുതി ഐക്യപുന:സ്ഥാപനം നടത്തുക എന്നിവയെല്ലാം അതിന്റെ പ്രഥമ ലക്ഷ്യങ്ങളായിരുന്നു. ഇത്തരത്തിൽ പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്ത് കേവലം മത-രാഷ്ട്രീയ്യാതിർത്തികൾക്കപ്പുറം വിശാലമായ ഒരു ലോകമാണ് ഉർദുഭാഷയുടെ കാഴ്ച്ചയിലുണ്ടായിരുന്നത്. ഭാരത മാതാവിന്റെ മോചനം എന്ന ലക്ഷ്യം പൂവണിയും വരെ വിപ്ലവസ്വരമായി അത് ഉദിച്ച് നിൽക്കുകയും ചെയ്തു.
സ്വാതന്ത്ര്യം കൈവരിച്ചപ്പോഴും ജനങ്ങൾ നേരിട്ടിരുന്ന പ്രശ്നങ്ങളെ വികാരഭരിതമായി അഭിസംബോധന ചെയ്യാൻ ഉർദു ഭാഷ മുന്നിലുണ്ടായിരുന്നു. വിഭജനാനന്തരം ജനങ്ങൾ അനുഭവിച്ച പ്രശ്നങ്ങൾ കഥകളും നോവലുകളും കവിതകളുമായി തുളുമ്പിനിന്നു. ഖുർറത്തുൽ ഐൻ ഹൈദറിന്റെ "ആഗ് കാ ദരിയ" യും കൃഷ്ണചന്ദ്രന്റെ "ഗദ്ദാർ" ഉമെല്ലാം രക്തരൂക്ഷിതമായ കലാപങ്ങളിൽ ജനങ്ങൾ അനുഭവിച്ച ദുരിതങ്ങളെ തുറന്നുകാട്ടുന്നവയാണ്. കൂടാതെ രാമാനന്ദ് സാഗറിന്റെ "ഓർ ഇൻസാൻ മർഗയ" എന്ന നോവൽ ജാതി മതങ്ങൾക്കതീതമായി മനുഷ്യകണ്ണീരിനാണ് വിലകല്പിച്ചിരുന്നത്.
പാക്കിസ്ഥാൻ വിരോധം ഉർദു വിരോധമായി മാറിയ കാലത്ത് കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി തയ്യാറാക്കിയ ഭാഷകളുടെ പട്ടികയിൽ ഉർദു ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്ന് ചിലര്‍ സംശയമുന്നയിച്ചപ്പോള്‍, തീര്‍ച്ചയായും വേണമെന്ന് പറയാന്‍ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന് ഒട്ടും ആലോചിക്കേണ്ടിവന്നില്ല. പക്ഷേ, ശേഷം അവിടുന്നിങ്ങോട്ട് ഉർദു ഭാഷയ്ക്ക് പറയാനുള്ളത് അവഗണയനയുടെ കഥകളാണ്. എന്നിരുന്നാലും ഒരുകാലത്ത് ജനങ്ങൾക്ക് വേണ്ടി പോരാടിയ ഭാഷയെ ഹൃദയമുള്ളവർ കൈവിടാൻ തയ്യാറല്ലായിരുന്നു.
ഹൃദയമുള്ളവർ ചേർത്തുനിർത്തിയ ഭാഷ
നൂറ്റാണ്ടുകളോളം ജനങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തൊരു ഭാഷയെ പിന്നീട് വർഗീയ്യ മനോഭാവത്തോടെ ദർശിക്കുന്നതെത്ര വേദനാജനകമാണ്..! എന്നിരുന്നാലും ഉർദു ഭാഷയെ പുണരുവാൻ ഹൃദയമുള്ളവരെ കാലം കാത്തുവെച്ചിട്ടുണ്ടായിരുന്നു. അവർ അഞ്ചുമൻ തർഖി ഉർദുവിന്റെ ശാഖകൾ വ്യാപിപ്പിച്ചും സംഘടനകൾ ഏകോപിപ്പിച്ചും ദൗത്യം തുടർന്നു. തൂണിലും തുരുമ്പിലും പാക്കിസ്ഥാൻ ചിത്രം പ്രദർശിപ്പിക്കുന്നവർക്കെതിരെ ഭാഷക്കായി സംസാരിക്കാൻ പ്രാദേശിക തലങ്ങളിൽ ചിലരുണ്ടായതാണ് വഴിമാറിയത്. കേരളത്തിൽ ആ ദൗത്യം നേരിടാൻ വിശാലഹൃദയനായ എസ് എം സർവർ സാഹിബായിരുന്നു മുന്നോട്ടു വന്നത്. മഞ്ഞ കണ്ണടയണിഞ്ഞ് ഉർദുവിനെ വീക്ഷിച്ചവർക്ക് മുമ്പിൽ ഉർദുവിന് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. 1967ൽ മന്ത്രിസഭയിലേറിയ സി എച്ചിനെയും കുരിക്കളെയും കാണാൻ തിരുവനന്തപുരത്തേക്ക് വണ്ടികയറിയത് പോലും ആ ഭാഷയോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രമായിരുന്നു. യഥാർത്ഥ ഇന്ത്യൻ സംസ്കാരത്തെയും മതേതരത്വത്തെയും നെഞ്ചേറ്റിയ ഒരുപറ്റം മനക്കരുത്തും ആത്മവിശ്വാസവുമുള്ള പ്രാദേശിക വ്യക്തിത്വങ്ങൾ തന്നെയാണ് ഉർദു ഭാഷക്ക് തണലൊരുക്കിയത്.
ആധുനിക കാലത്തെ ആശങ്കകൾക്കുള്ള പരിഹാരം
ഉർദു ഭാഷയുടെ വ്യാപ്തിയും മതങ്ങൾക്കതീതമായ അതിന്റെ സ്വീകാര്യതയുമെല്ലാം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നതാണ് സത്യം. 2024 ഡിസംബർ 13, 14, 15 തിയ്യതികളിൽ രേഖ്തയുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച അവസാന പരിപാടിയിൽ പോലും ആയിരങ്ങളാണ് അതിർത്തികള്‍ പോലും കടന്ന് സംബന്ധിച്ചത്. എന്നാൽ ഇന്നും മനസ്സാക്ഷിയെ പിടിച്ചു കുലുക്കുന്ന നിരവധി മറുചോദ്യങ്ങളുണ്ട്, ആധുനിക ഇന്ത്യയിൽ ഇന്നും മതേതര ഭാഷയായി തന്നെയാണോ ഉറുദുവിനെ നോക്കികാണുന്നത്..?! രണ്ടാം ഭാഷയായി തിരഞ്ഞെടുത്ത സംസ്ഥാനങ്ങൾ കേവലമത് കടലാസിൽ ഒതുക്കുന്നുണ്ടോ..? ഇങ്ങനെ നീണ്ടുപോവുന്നു ആ ചോദ്യങ്ങള്‍.
മതേതരമാണെന്ന് തെളിവുകൾ നിരത്തി പ്രഖ്യാപിക്കുമ്പോഴും ഈ ചോദ്യങ്ങൾക്ക് മുമ്പിൽ ഉർദു സ്നേഹികൾ പലപ്പോഴും കണ്ണീർ പൊഴിച്ചിട്ടുണ്ടാകണം. ഈയടുത്ത് രാജസ്ഥാനിലെ ബിജെപി ആഭ്യന്തരമന്ത്രിയായ ജൗഹർ സിംഗ് ബെഥാം ഡിജിപിക്ക് നൽകിയ കത്തിൽ പോലീസ് പ്രൊസീജിയറിലും ഡോക്യുമെന്റിലുമുള്ള ഉർദു വാക്കുകൾക്ക് പകരം ശുദ്ധ ഹിന്ദി ഉൾപ്പെടുത്താൻ ആഹ്വാനം ചെയ്തിരുന്നു. ഉർദു ജനനം കൊണ്ടിടത്ത് തന്നെ അതിനെ കുഴിച്ചുമൂടുമോ എന്ന സംശയമുയർത്തുന്നവർക്ക് മുമ്പിൽ കേരളത്തെ ചൂണ്ടിക്കാണിച്ച് പരിഹാരം നിർദ്ദേശിക്കാനാവുമെന്നത് തീർച്ചയാണ്.
"കേരളത്തിലെ നിലവിലെ ഉർദു സംഘടനകളുടെ കഴിവും പ്രവർത്തനപരിധിയും പരിമിതമാണ്" എന്ന് കേരള സംസ്ഥാന മുസ്ലിം ലീഗ് സുവിനീരിൽ (1959) സർവർ സാഹിബ് ആശങ്ക പ്രകടിപ്പിച്ചിരുന്ന അതേ കേരളത്തിൽ അരനൂറ്റാണ്ടുകൾക്കിപ്പുറം വന്നിട്ടുള്ള മാറ്റങ്ങൾ ഉജ്ജ്വലമാണ്. സ്വാതന്ത്ര്യത്തിനുശേഷം ഇന്നും ഹിന്ദുക്കളും ക്രൈസ്തവരുമടങ്ങുന്ന 30 ശതമാനത്തോളം വരുന്ന ഉർദു അധ്യാപകർ സർവീസിലിരിക്കുമ്പോൾ ഏതെങ്കിലും ഒരു മതത്തോട് ചേർത്ത് അതിനെ വായിക്കാനാവില്ല തന്നെ.
കേവലം ആറിടങ്ങളിൽ മാത്രം ഉർദു പഠിപ്പിച്ചിടത്ത് ഇപ്പോൾ ഒരു ലക്ഷത്തിൽപരം വിദ്യാർത്ഥികൾ ഉർദു പഠിക്കുന്നുവെങ്കിൽ അതിന്റെ വളർച്ചയെ സ്വാധീനിച്ചത് ഭാഷാ സ്നേഹികളുടെ കൂട്ടായ്മയായ KUTA യുടെ അഹോരാത്ര പരിശ്രമങ്ങളാണ്. സങ്കുചിത മനോഭാവങ്ങളെയെല്ലാം വിട്ടുപിടിച്ച് നിയമവഴിയിൽ സഞ്ചരിച്ചതിന്റെ അനന്തരഫലമാണ് നിലവിലുള്ള ഡിഗ്രി കോളേജുകളും ഡിഎൽഎഡ് & ബിഎഡ് സൗകര്യങ്ങളുമെല്ലാമെന്ന് പറയാതെ വയ്യ. സങ്കുചിത മനോഭാവവും വർഗീയ്യ ചെറുത്ത് നിൽപ്പുകളുമാണ് മറ്റു സംസ്ഥാനങ്ങൾ നേരിടുന്ന പ്രശ്നമെങ്കിൽ 1980ല്‍ കേരളം കൈകോർത്ത "ഭാഷാസമരത്തിന്ന്" പറയാനുള്ളത് രക്തസാക്ഷികളുടെ വീര കഥകളാണ്.
ഒരു കാര്യം ഇപ്പോഴുമുറപ്പാണ്, ഉർദുവിലും ഹിന്ദിയുലുമെഴുതുകയും അവ ഭാരത മാതാവിന്റെ ഉദരത്തിൽ ജന്മമെടുത്തതണെന്ന് ഓര്‍ക്കുകയും സദാ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം എഴുത്തുകാരും ഭാഷാ സ്നേഹികളും ഇന്നുമുണ്ട്. അലിഗഡ് പ്രസ്ഥാനത്തിനും പുരോഗമന പ്രസ്ഥാനത്തിന്നും ശേഷം ഒരു "ഹിന്ദുസ്ഥാനി പ്രസ്ഥാനം" അവതരിപ്പിച്ചാൽ നിലവിലെ ഇന്ത്യൻ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാവുമെന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്. ജാതിമതങ്ങൾക്കതീതമായി ജനങ്ങളെ ചേർത്തുപിടിക്കുന്ന, സാരേ ജഹാന്‍ സേ അച്ചാ പോലോത്ത ഗീതികളിലൂടെ ദേശീയത തുളുമ്പുന്ന, ഗസലുകളിലൂടെ ഏവരെയും ഉന്മത്തരാക്കുന്ന ഉർദു ഭാഷയെ സഹൃദയരായ ഏതൊരാളും അംഗീകരിക്കാതിരിക്കില്ല. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സാമുദായിക ഐക്യവും മതസൗഹാര്‍ദ്ദവും തിരിച്ച് കൊണ്ടുവരാന്‍ അതേക്കാള്‍ വലിയ രീതിശാസ്ത്രം വേറെയുണ്ടെന്ന് തോന്നുന്നില്ല. അതിനായിരിക്കട്ടെ നമ്മുടെ ശ്രമങ്ങള്‍.
അവലംബം
اردو تصانیف
کردار ( محمد علی ساحل, صفحہ 44)
اردو زبان کا آغاز (خورشید حمرا صدیقی, صفحہ 35,41,93)
اردو زبان کا آغاز وارتقا
(BUDC 133)
امیر خسرو (وحید مرزا,صفحہ 203-207)
امیر خسرو اور ہندستان ( تاراچند, صفحہ 14-20)
اردو اور ہندوستان کی مشترکہ تہذیبی وراثت (شہزاد انجم)
1857 پاک وہند کی پہلی جنگ آزادی (غلام رسول مہر)
اردو صحافت اور جنگ آزادی 1857 (معصوم مرادآبادی, صفحہ 33)
ترقی پسند تحریک (علی احمد فاطمی , صفحہ 11- 15)
اردو ناول اورتقسیم ہند (ڈاکٹر عقیل احمد ,صفحہ 46,126,136 )
کیرلا میں اردو کی ترقی وترویج میں ملیالیوں کا حصہ (ڈ. شمس الدین ترورکاڈ, مضمون)
മലയാളത്തിലെ ലേഖനങ്ങൾ
ഉർദു ഭാഷ കേരളത്തിൽ
( സർവർ സാഹിബ്, ഉർദു ബുള്ളറ്റിൻ - കേരള സംസ്ഥാന മുസ്ലിം ലീഗ് സുവിനീര് 1959)
ഡോ. കെ പി ശംസുദ്ധീൻ തിരൂർക്കാടിന്റെ ലേഖനങ്ങളൾ
* ഉർദുവിലെ ഖുർആൻ വിവർത്തന ചരിത്രം
* ഉർദുവും സർ സയ്യിദും
* നെഹ്‌റുവിന്റെ ഇഷ്ട ഭാഷ
* സ്വതന്ത്ര സമരത്തിലെ ഉർദു കവിതകൾ
* മതേതര ഭൂമിയിൽ വികസിച്ച മലപ്പുറത്തെ ഉർദു ഭാഷ
* സർവർ സാഹിബ്, കേരളത്തിലെ ഉർദു പിതാവ്
Leave A Comment