ഇന്ത്യയിലെ ഇസ്‍ലാമിക വിദ്യാഭ്യാസം: മുഗള്‍ ഭരണത്തിന് മുമ്പും ശേഷവും
ഇസ്‍ലാം മതത്തിന്റെ ആവിർഭാവത്തിനും അതിന്റെ ദ്രുതവും ചലനാത്മകവുമായ ലോകമെമ്പാടുമുള്ള വളർച്ചക്കും വ്യാപനത്തിനും ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും മധ്യകാലഘട്ടത്തിൽ. തുടർച്ചയായ മുസ്‍ലിം ഭരണങ്ങള്‍ക്ക് ശേഷം ഇന്ത്യാ മഹാരാജ്യവും ഇസ്‍ലാം മതവുമായി പരിചിതമായി.
മധ്യ കാലഘട്ടത്തിൽ ഇന്ത്യൻ മുസ്‍ലിം ഭരണാധികാരികൾ ഖുര്‍ആനും ഹദീസും അടിസ്ഥാനമാക്കിയുള്ള പുതിയ വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങി വെച്ചു. അതിനു വേണ്ടി രാജ്യത്തുടനീളം മദ്രസ്സകളും മക്തബുകളും പള്ളികളും തുടങ്ങി വിദ്യാഭ്യാസ കേന്ദ്രങ്ങൾക്ക് അസ്ഥിവാരമിട്ടു. സുൽത്താന്മാരുടെ ഭരണത്തിനു കീഴിലും മുഗളന്മാരുടെ കീഴിലും മുസ്‍ലിം വൈജ്ഞാനിക വിപ്ലവത്തിന് തിരികൊളുത്തി. മൻഖൂലാത്ത് (Transmitted Knowledge), മഅ്ഖൂലാത്ത് (Rational Sciences) എന്നീ രണ്ട് വിദ്യാഭ്യാസ മേഖലയെ ഒരുമിച്ച് കൊണ്ടുപോവുന്നതായിരുന്നു അന്നത്തെ രീതി. പുതിയ ആശയങ്ങളും നയങ്ങളും കൊണ്ടുവരികയും വിജ്ഞാന സമ്പ്രദായം, പാഠ്യ പദ്ധതി, വിജ്ഞാനശാഖ എന്നിവയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വിജ്ഞാന വിസ്ഫോടനം തീർത്ത ഇന്ത്യൻ മുസ്‍ലിം രാജാക്കന്മാരുടെ ചരിത്രം നമുക്കൊന്ന് പരിചയപ്പെടാം.
മുഗൾ കാലഘട്ടത്തിനു മുമ്പുള്ള മുസ്‍ലിം വിദ്യാഭ്യാസം
ഏകദേശം എ.ഡി പത്താം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യ ഒരു മുസ്‍ലിം ഭരണ പ്രദേശമെന്ന നിലയില്‍ ലോകത്ത് പ്രശസ്തമായി. മറ്റു മുസ്‍ലിം രാജ്യങ്ങളിൽ നിലനിന്നിരുന്ന അസ്ഥിര സാഹചര്യങ്ങൾ കൊണ്ട് ധാരാളം ജനങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്തി. വടക്ക് പടിഞ്ഞാർ ഭാഗത്തു നിന്ന് കച്ചവടക്കാർ, സാധാരണ ജനങ്ങൾ, പണ്ഡിതന്മാർ, സൂഫികൾ, സന്യാസിമാർ എന്നിവരുടെ ഒരു വിഭാഗം തന്നെ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. അത് കൊണ്ട് തന്നെ പുതിയ മുസ്‍ലിം സാമ്രാജ്യത്തിന്റെ ഓരോ ദിക്കിലും മൂലയിലും മുസ്‍ലിം ജനസംഖ്യയിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. ഇക്കാരണത്താൽ മുസ്‍ലിം യുവതലമുറക്ക് ഇസ്‍ലാമിക വൈജ്ഞാനിക പാഠങ്ങൾ പകർന്നു നൽകേണ്ട ആവശ്യകത ഉയർന്നുവരികയും ചെയ്തു.
എ.ഡി 711 ൽ മുഹമ്മദ് ബിൻ ഖാസിം ഇന്ത്യയുടെ വടക്കൻ പ്രവിശ്യയായ സിന്ധ് കീഴടക്കിയതിന് ശേഷം ധാരാളം മുസ്‍ലിം പണ്ഡിതന്മാർ വരുകയും പല പ്രദേശങ്ങളിൽ തമ്പടിക്കുകയും ചെയ്തു. ഈ കാലത്ത് ഇസ്‍ലാമിക പാഠങ്ങൾ നൽകാൻ മദ്രസ സംവിധാനം അനൗപചാരിക സജ്ജീകരണത്തോടെ ടൈബൽ, മുൻസൂറ, മുൾട്ടാണ്‍ എന്നീ സ്ഥലങ്ങളിൽ തുടങ്ങിയതായി കാണാം. പതിനൊന്നാം നൂറ്റാണ്ടിലെ മഹ്മൂദ് ഗസ്‌നിയുടെ കടന്നുവരവോടെ ഈ സ്ഥലങ്ങളിൽ ഇസ്‍ലാം വ്യാപിച്ചു. മദ്റസകളിൽ ഖുർആൻ പാരായണം, തഫ്സീർ, ഹദീസ്, അറബി സാഹിത്യം എന്നിവയായിരുന്നു പാഠ്യ വിഷയങ്ങൾ. A.D 1191-ൽ മുഹമ്മദ് ഗോറി വ്യവസ്ഥാപിതവും ഔദ്യോഗികവുമായ മദ്റസ സംവിധാനം അജ്മീറിൽ സ്ഥാപിച്ചു. ഇതാണ് ഇന്ത്യാ രാജ്യത്ത് ഒരു മുസ്‍ലിം ഭരണാധികാരി സ്ഥാപിച്ച ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായി കണക്കാക്കപ്പെടുന്നത്.
1206 മുതൽ 1526 വരെ ഇന്ത്യ ഉപഭൂഖണ്ഡം ഭരിച്ച ഡൽഹി സുൽത്താന്മാരും വിദ്യാഭ്യാസ മേഖലയിൽ ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. പരമ്പരാഗത മുസ്‍ലിം വിദ്യാഭാസത്തിന്റെ ഉന്നമനത്തിനും ശാക്തീകരണത്തിനും ധാരാളം മദ്രസകൾ സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ നടന്നുകൊണ്ടിരുന്ന മദ്രസകൾ വ്യവസ്ഥാപിതമായ രൂപത്തിൽ മുന്നോട്ട് പോവാനും അവയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളും അവതരിപ്പിക്കപ്പെട്ടിരുന്നു. രാജകീയ രക്ഷാകർകൃത്വത്തിന്റെ കീഴിൽ ആദ്യമായി ഒരു ഔപചാരിക മുസ്‍ലിം വിദ്യാഭ്യാസ സ്ഥാപനം ശംസുദ്ധീൻ ഇൽത്തുമിഷ് (ഡൽഹി ഭരണകൂടത്തിലെ മൂന്നാമത്തെ ഭരണാധികാരി, 1211 മുതൽ 1236 വരെയായിരുന്നു ഭരണകാലം) ഡൽഹിയിൽ സ്ഥാപിച്ചതായിരുന്നു. അടിമ രാജവംശത്തിന്റെ (1206-1286) സ്ഥാപകൻ ഖുതുബുദ്ധീൻ ഐബക് (1206-1210) ധാരാളം പള്ളികൾ സ്ഥാപിക്കുകയും അവിടെ മതപരവും മതേതരവുമായ ധാരാളം വിഷയങ്ങൾ ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു. മുൻ ഭരണാധികാരികൾ കൊണ്ട് വന്ന മുസ്‍ലിം വിദ്യാഭ്യാസ പ്രക്രിയകൾ തുഗ്ലക്ക് രാജവംശത്തിന്റെ കീഴിലും തുടർന്ന് പോന്നു.
രാജകീയ രക്ഷാകർകൃത്വ വിദ്യാഭ്യാസ പ്രക്രിയക്ക് കീഴിൽ (Royal patronage education system) ഡൽഹിയിലെ മദ്രസകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടായി. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് ഡൽഹിയിൽ ആയിരത്തോളം മദ്രസകളുണ്ടായിരുന്നു എന്ന് ചരിത്രകാരന്മാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മദ്രസയിൽ പഠനം നടത്തിയവർ ശേഷം രാജകീയ കോടതിയിലും മറ്റു സംസ്ഥാന ഭരണവകുപ്പുകളിലും ജോലി ചെയ്തിരുന്നതായും കാണാം.
മുസ്‍ലിം ഭരണ കാലത്ത് രാജ്യത്തുടനീളം മുസ്‍ലിം വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും അതിനെ തുടർന്ന് ക്രമേണ ഇസ്‌ലാമിക നിയമങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ വ്യാപിക്കുകയും ചെയ്തു. ഡൽഹിയിലെ മുഇസ്സി കോളേജ് സുൽത്താൻ റസിയ ബീഗത്തിന്റെ (1236-1242) ഭരണകാലത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. അടിമ രാജവംശത്തിലെ എട്ടാമത്തെ ഭരണാധികാരിയായിരുന്ന നാസിറുദ്ധീൻ മഹ്മൂദ് ഷാഹ് (1246-1266) വിദ്യാഭ്യാസ സമ്പ്രദായങ്ങളോട് ഏറെ പ്രിയം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. പരിശുദ്ധ ഖുർആൻ പകർത്തി എഴുതിയും തൊപ്പി തുന്നിയുമായിരുന്നു അദ്ദേഹം ഉപജീവനം കണ്ടെത്തിയിരുന്നത്. വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും അവർക്കുവേണ്ട വിദ്യാഭാസ സ്കോളർഷിപ്പുകള്‍ നൽകുകയും ചെയ്തിരുന്നു.
അടിമ രാജവംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്ന ബാൽബൻ സുൽത്താൻ (1266-1286) ഒരു കടുത്ത സാഹിത്യ പ്രേമിയായിരുന്നു. അദ്ദേഹം വിദ്യാഭ്യാസ ശാക്തീകരണത്തിനു വേണ്ടിയുള്ള ധാരാളം പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും അനേകം പണ്ഡിതന്മാരെ അധ്യാപനത്തിന് വേണ്ടി നിയമിക്കുകയും ചെയ്തു. പണ്ഡിതന്മാരുടെ രചനകൾക്കും വിദ്യാഭ്യാസ മേഖലക്കുള്ള വിലപ്പെട്ട സംഭവനകൾക്കും അദ്ദേഹം സമ്മാനങ്ങൾ നൽകൽ പതിവായിരുന്നു.
ഖിൽജി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന ജലാലുദ്ധീൻ അൽഖിൽജി (1290-1296) യുടെ കാലത്തായിരുന്നു ഏഴിലധികം ഡൽഹി സുൽത്താന്മാരുടെ കൊട്ടാര കവിയായിരുന്ന അമീർ ഖുസ്രുവിന്റെ കടന്നുവരവ്. അദ്ദേഹത്തിനായിരുന്നു കൊട്ടാര ലൈബ്രറിയുടെ അധികാരം ഏല്പിക്കപ്പെട്ടിരുന്നത്. സുൽത്താൻ അദ്ദേഹത്തിന് ഉയർന്ന ബഹുമാനം നൽകുകയും രാജകൊട്ടാരത്തിലെ അംഗങ്ങൾക്കും ഉയർന്ന ശ്രേണിയിലുള്ള പ്രഭുക്കന്മാർക്കും മാത്രം ധരിക്കാവുന്ന വെളുത്ത വസ്ത്രം ധരിക്കാനുള്ള ബഹുമതി നൽകുകയും ചെയ്തു. രാജ്യത്തിന്റെ പുരോഗമനത്തിന് സ്ത്രീകളുടെ വിദ്യാഭ്യാസം അനിവാര്യമാണെന്ന് മനസ്സിലാക്കിയിരുന്ന സുൽത്താൻ ഗിയാസുദ്ദിൻ ഖിൽജി (1469-1500) സ്ത്രീകൾക്ക് മാത്രമായി ഒരു മദ്രസ സ്ഥാപിച്ചിരുന്നു.
വടക്കൻ ഡെക്കാൻ ഭാഗത്ത് ബഹ്മനിദ് സാമ്രാജ്യത്തിന്റെ കീഴിൽ ധാരാളം മദ്രസകൾ സ്ഥാപിച്ചിരുന്നു. സമൂഹത്തിന്റെ മതപരവും കാലികവുമായ ആവശ്യങ്ങൾക്ക് അനുസൃതമായ കോഴ്സുകളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. സൂഫി സന്യാസിമാർ സ്ഥാപിച്ച ഖാൻഖാഹുകൾ മുതിർന്ന വിദ്യാർത്ഥികൾക്ക് ആധ്യാത്മിക പഠനത്തിനുവേണ്ടി അനൗപചാരികമായി തുറന്നുകൊടുത്തു. സാധാരണയായി ഇത്തരം ഖാൻഖാഹുകളിൽ ചെറിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സംവിധാനമുണ്ടായിരുന്നില്ല. ചില ഖാൻഖാഹുകളിൽ കുട്ടികൾക്ക് ഖുർആൻ പാരായണം പഠിപ്പിക്കാൻ വേണ്ടി മക്തബുകൾ സ്ഥാപിച്ചതായും ചരിത്രത്തില്‍ കാണാം. എല്ലാ ഖാൻഖാഹുകളിലും ഒരു ഹൽഖയും വട്ട ചർച്ചകളും നടന്നിരുന്നു. പൊതു ജനങ്ങളടക്കം ഈ ചർച്ചകളിലും ഹൽഖയിലും പങ്കെടുക്കൽ പതിവായിരുന്നു. ഖുർആൻ, തഫ്സീർ, ഹദീസ്, ഫിലോസഫി, സൂഫിസം എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ.
ഡൽഹി സുൽത്താന്മാരുടെ ഭരണകാലത്തോട് കൂടെ മുസ്‍ലിം വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാര്യമായ മാറ്റങ്ങളും പരിണാമവും സംഭവിച്ചു. പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മതിയായ മുസ്‍ലിം ജനസഖ്യമുള്ള എല്ലാ പ്രദേശത്തും മക്തബുകൾ നിലനിന്നിരുന്നു. ഭൂരിഭാഗ മക്തബുകളുടെയും നടത്തിപ്പുകാർ ആ പ്രദേശത്തെ മുസ്‍ലിം ജനങ്ങൾ തന്നെയായിരുന്നു. അധിക മക്തബുകളും പള്ളിയിൽ തന്നെയായിരുന്നു സ്ഥാപിച്ചിരുന്നത്. അത് കൊണ്ട് തന്നെ പള്ളി ഇമാമുകളായിരുന്നു മക്തബുകളിൽ അധ്യാപനം നടത്തിയിരുന്നത്.
ബംഗാളിൽ ധാരാളം മദ്രസകളും മക്തബുകളും പ്രാദേശിക പിന്തുണയോട് കൂടെ സ്ഥാപിച്ചിരുന്നു. ഇത്തരം സ്ഥാപനങ്ങൾ സംസ്ഥാന രക്ഷാകർകൃത്വം (state patronage) ലഭിക്കുന്നത് വരെ സ്വന്തം സമൂഹത്തിന്റെ ആശ്രയത്തിത്തിലായിരുന്നു നടന്നിരുന്നത്. ബംഗാളിന്റെ ചില ഭാഗങ്ങൾ ഖിൽജി ഭരണാധികാരികള്‍ കീഴടക്കിയതോടെ, അവിടെ നടന്നുകൊണ്ടിരുന്ന മദ്രസുകൾക്കും മക്തബുകൾക്കും അവര്‍ പിന്തുണ നല്കുകയും സ്ഥാപനങ്ങൾ വർദ്ധിക്കുകയും ചെയ്തു. അറേബ്യ, ബുഖാറ, പേർഷ്യ എന്നിവടങ്ങളിൽ നിന്ന് ധാരാളം പണ്ഡിതന്മാർ അക്കാലത്ത് ആഗ്രയിലേക്ക് കുടിയേറിപ്പാർത്തു. പതിനാറാം നൂറ്റാണ്ടിൽ മുഗൾ ഭരണം തുടക്കം കുറിക്കുമ്പോഴേക്കും ഇന്ത്യാ രാജ്യത്ത് മുസ്‍ലിം വിദ്യാഭ്യാസം വളെരയധികം പരിഷ്കാരങ്ങൾക്കും മാറ്റങ്ങൾക്കും വിധേയമായിരുന്നു.
മുഗൾ ഭരണാധികാരികളുടെ കീഴിലെ മുസ്‍ലിം വിദ്യാഭ്യാസം
മുഗൾ രാജാക്കന്മാർ ഇന്ത്യൻ ഉപഭൂഖണ്ഡം മുന്നൂറ് വർഷക്കാലമാണ് ഭരിച്ചത്. അവര്‍ മത-ഭൗതിക വിദ്യാഭ്യാസത്തിന് വളരെയേറെ പ്രാമുഖ്യം നൽകിയിരുന്നു. അവർ പണ്ഡിതന്മാരെയും വിദ്യാർത്ഥികളെയും സ്വീകരിക്കുകയും കലാ സാഹിത്യ പഠനങ്ങൾക്ക് സമാനതകളില്ലാത്ത പിന്തുണ നൽകിയിരുന്നതിനാല്‍, അവരുടെ കൊട്ടാരത്തിൽ നിരവധി പ്രമുഖ പണ്ഡിതന്മാരുണ്ടായിരുന്നു.
രണ്ട് വ്യത്യസ്ത ചിന്താഗതിക്കാർക്കിടയിൽ നടന്ന ഒരു സംവാദമാണ് മുഗൾ ഭരണകാലത്തെ വിദ്യാഭാസ മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കും കാരണമായത്. ഒന്നാം വിഭാഗത്തിന്റെ വാദം, മതവിദ്യാഭ്യാസ പാരമ്പര്യത്തിന് പ്രാധാന്യം കല്പിക്കണമെന്നും "മൻഖൂലാത്തിൽ" (Transmitted Knowledge) ഖുർആൻ, ഹദീസ്, മറ്റു മത വിഷയങ്ങൾ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നുമായിരുന്നു. അതേ സമയം, ആധുനികവും സമകാലികവുമായ വിദ്യാഭ്യാസം ഉൾപ്പെടത്തുക, മത വിഷയങ്ങൾക്ക് പുറമെ “മഅ്ഖൂലാത്തിൽ” (Rational Sciences) (യുക്തി, തത്വശാസ്ത്രം, റീസണിങ്, ശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം) എന്നിവയുൾപ്പെടെയുള്ള മതേതര വിഷയങ്ങൾക്കും പ്രാമുഖ്യം നൽകണമെന്ന് വാദിക്കുന്ന രണ്ടാമതൊരു വിഭാഗവുമുണ്ടായിരുന്നു. മൻഖൂലാത്തിന് (Transmitted Knowledge) പ്രാമുഖ്യം നൽകുകയും മഅ്ഖൂലാതിനെ (Rational Sciences) അരിക് വൽകരിക്കുക എന്നതായിരുന്നു രണ്ട് വ്യത്യസ്ത ചിന്താഗതിക്കാർക്കിടയിൽ നടന്ന സംവാദത്തിന്റെ പര്യവസാനം.
മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബർ വിദ്യാഭ്യാസ മേഖലയിൽ വളരെ തല്പരനായിരുന്നു. അദ്ദേഹം അറബി, പേർഷ്യൻ, ടർക്കിഷ് എന്നീ ഭാഷകളിൽ നിപുണനും സാഹിത്യ നിരൂപകനും കവിയുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ tuzuki-i-baburi (Bāburnāma)യിലൂടെ അദ്ദേഹത്തിന്റെ പുതിയ എഴുത്ത് ലിപിയായ kathu-i-baburi ആവിഷ്കരിക്കുന്നുണ്ട്. മുഗൾ സാമ്രാജ്യം ഭരണം തുടങ്ങുമ്പോൾ ഇന്ത്യയിൽ നല്ലൊരു വിദ്യാഭ്യാസ സംവിധാനമില്ലെന്നും അതിനാൽ ഭരണത്തിന് കീഴിലെ പൊതു പ്രവർത്തന വകുപ്പ് മുന്നിട്ടിറങ്ങി ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചെന്നും ബാബറിന്റെ ആത്മകഥയായ tuzuki-i-baburi യിൽ പരാമർശിക്കുന്നുണ്ട്.
സർക്കാർ രേഖകൾ പ്രസിദ്ധീകരിക്കുന്നതും അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതും ബാബറിന്റെ ഭരണത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. വലിയൊരു പുസ്തകപ്പുഴുവായ അദ്ദേഹം ഒരു കൊട്ടാര ലൈബ്രറി തന്നെ സ്ഥാപിക്കുന്നുണ്ട്. A.D 1525-ൽ അഫ്ഘാൻ പ്രഭുവായ ഖാസി ഖാനെ കീഴടക്കി കൊണ്ട് അദ്ദേഹത്തിന്റെ വലിയൊരു ലൈബ്രറി കൈക്കലാക്കിയ സംഭവം ബാബർനാമയിൽ പ്രതിപാദിക്കുന്നുണ്ട്.
മുഗൾ സാമ്രാജ്യത്തിലെ മൂന്നാം ചക്രവർത്തി അക്ബറിന്റെ കാലത്ത് ആഗ്ര, ലാഹോർ, ഫതേഹ്പൂർ സിക്രി എന്നീ പ്രവിശ്യകൾ വിദ്യാഭ്യാസ സിരാകേന്ദ്രങ്ങളായി പ്രവർത്തിച്ചു. ധാരാളം മദ്രസകളും കോളേജുകളും സ്ഥാപിക്കുകയും പ്രശസ്ത പണ്ഡിതന്മാരുടെ അധ്യാപനങ്ങൾ കേൾക്കാൻ വേണ്ടി വിദൂര ദിക്കുകളിൽ നിന്ന് പോലും വിദ്യാർത്ഥികൾ വന്നുതുടങ്ങുകയും ചെയ്തു. തന്റെ കീഴിലുള്ള എല്ലാ പൗരന്മാർക്കും അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും ലഭ്യമാക്കുക, മത വിഷയങ്ങൾക്ക് പുറമെ മറ്റു മതേതര വിഷയങ്ങളും പഠിപ്പിക്കുക എന്നതായിരുന്നു അക്ബറിന്റെ നയം. സമകാലിക വിഷയങ്ങളും മതേതര വിഷയങ്ങളും മദ്രസകളിൽ ഹിന്ദു-മുസ്‍ലിം എന്ന വ്യത്യാസമില്ലാതെ എല്ലാവരും ഒപ്പമിരുന്ന് പഠിച്ചിരുന്നു. മദ്രസ പാഠ്യപദ്ധതിയുടെ പുനരവലോകനത്തിന്റെ ചുമതല അക്ബർ തന്റെ കാലത്തെ പ്രശസ്ത പണ്ഡിതനായ മിർ ഫത്ഹുല്ല ഷെറാസിയെ (ഇന്തോപേർഷ്യൻ പണ്ഡിതൻ, വിവിധ തരം വിദ്യാഭ്യാസ മേഖലകളിൽ അഗ്രഗണ്യൻ, 1588-89 ൽ രോഗബാധിതനായി മരണപ്പെട്ടു) ആയിരുന്നു ഏൽപ്പിച്ചത്. മദ്രസ്സ പാഠ്യപദ്ധതികൾ പുതുക്കി മാറ്റങ്ങൾക്ക് വിധേയമാക്കുകയും ധാർമികത, ഗണിതം, കൃഷി, ജ്യോതിശാസ്ത്രം, യുക്തിചിന്ത, ഭരണ കാര്യങ്ങൾ, സംസ്‌കൃതം, വ്യാകരണം, ത്വത്ത്വശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ പുതിയ വിഷയങ്ങൾ പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തു അദ്ദേഹം. അടിസ്ഥാന പാഠ്യപദ്ധതിയിൽ യുക്തിസഹമായ ശാസ്ത്രങ്ങൾ (യുക്തി, തത്ത്വചിന്ത, സ്കോളസ്റ്റിക് ദൈവശാസ്ത്രം) ഉൾപ്പെടുത്തുക എന്നതായിരുന്നു അക്ബറിന്റെ വിദ്യാഭ്യാസ നയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. പണ്ഡിതന്മാരെ തന്റെ തന്നെ ചെലവില്‍ താമസിപ്പിച്ച്, ചരിത്രം, തത്ത്വചിന്ത, മതം, മറ്റ് ശാസ്ത്രങ്ങൾ എന്നിവയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ എഴുതിപ്പിക്കുകയും സമാഹരിക്കുകയും വിവർത്തനം ചെയ്യുകയും ചെയ്തിരുന്നു അക്ബര്‍.
ധാരാളം വിദ്യാഭ്യാസ വിപ്ലവങ്ങൾ കൊണ്ടുവന്നങ്കിലും അക്ബര്‍ നിരക്ഷരനായിരുന്നു എന്നാണ് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നത്. tuzuki-i-jahangiri യിലും ain-i-akbari യിലും ഇതിനെ സംബന്ധിച്ചുള്ള വിവരണങ്ങൾ കാണാം. എല്ലാ ദിവസവും പുസ്തകങ്ങൾ വായിച്ച് കേൾപ്പിക്കാനായി അദ്ദേഹം പ്രത്യേകം ആളുകളെ ഏര്‍പ്പാട് ചെയ്തിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ അബുൽ ഫസൽ സൂചിപ്പിക്കുന്നുണ്ട്.
നാലാം ചക്രവർത്തിയായ ജഹാൻഗീർ പേർഷ്യ, ടർക്കിഷ് എന്നീ രണ്ട് ഭാഷകളിലും നിപുണനായിരുന്നു. അറിയപ്പെട്ടൊരു കവി കൂടിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ വേണ്ടി ഖജനാവിൽ നിന്ന് ധാരാളം പണം അദ്ദേഹം ചെലവഴിച്ചു. വ്യത്യസ്ത വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള ധാരാളം പുതിയ പുസ്തകങ്ങൾ കൊണ്ടുവന്ന് കൊട്ടാര ലൈബ്രറി അദ്ദേഹം വികസിപ്പിച്ചു. വളരെ വിലപിടിച്ചതും അപൂർവുമായ കൈയെഴുത്തുപ്രതികളും ഇതിൽ ഉൾപ്പെട്ടിരുന്നു. കൊട്ടാര ലൈബ്രറിക്ക് പുറമെ അദ്ദേഹത്തിന് സ്വന്തം ലൈബ്രറി വേറെയും ഉണ്ടായിരുന്നു. എവിടേക്കെങ്കിലും യാത്രപോവുകയാണെങ്കിൽ വായിക്കാൻ പുസ്തകങ്ങൾ കൂടെ കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നു അദ്ദേഹത്തിന്.
ജഹാൻഗീർ തന്റെ ഭരണ കാലത്ത് പുതിയ ഒരു നിയമം പ്രഖ്യാപിച്ചു, ഒരു ധനികനോ അല്ലെങ്കിൽ യാത്ര ചെയ്യുന്ന ധനികനോ അനന്തരവകാശികൾ ഇല്ലാതെ മരണപ്പെടുകയാണെങ്കിൽ അവരുടെ സമ്പത്തല്ലാം ഖജനാവിലേക്ക് എടുക്കുകയും അത് മദ്രസകൾ, ആശ്രമങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും അറ്റകുറ്റ പണികൾക്കും ഉപയോഗിക്കപ്പെടുകയും ചെയ്യും എന്നതായിരുന്നു ആ നിയമം.
ഷാജഹാൻ ചക്രവർത്തി ഡൽഹി ജുമാ മസ്ജിദിന്റെ ചാരത്ത് തന്നെ ഒരു മദ്രസ പണികഴിപ്പിച്ചിരുന്നു. ദാറുൽ ബഖാ (abode of eternity) എന്ന നാമകരണത്തിൽ ഒരു മദ്രസ നിർമിക്കുകയും ഖാളി സദ്‌റുദ്ധീൻ ഖാനെ (1649-1710) അതിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. ഡൽഹിക്ക് പുറമെ ലാഹോർ, സിയാൽ കോട്ട്, അഹമ്മദാബാദ്, ജോണ്‍പൂർ എന്നീ വിദ്യാഭ്യാസ കേന്ദ്രങ്ങൾ നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും രണ്ട് പ്രശസ്തമായ മദ്രസകൾ അക്ബറാബാദി, ഫത്തേഹ്പൂർ എന്നീ മസ്ജിദുകളുടെ ചാരത്തായി പണികഴിപ്പിക്കുകയും ചെയ്തു അദ്ദേഹം. ഫത്തേഹ്പൂർ മസ്ജിദിന്റെ ചാരത്തുള്ള മദ്രസയിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും ധാരാളം വിദ്യാർത്ഥികൾ വന്നിരുന്നു.
മുഗൾ സാമ്രാജ്യത്തിലെ മഹാചക്രവർത്തി ഔറംഗസേബ് ഇസ്‍ലാമിക വിജ്ഞാന വിപ്ലവത്തിന് ധാരാളം സംഭാവനകൾ ചെയ്തിട്ടുണ്ട്. ലക്‌നൗ, അഹമ്മദാബാദ്, ആഗ്ര, സിയാൽകോട്ട് എന്നിവിടങ്ങളിൽ ധാരാളം മദ്രസകളും കോളേജുകളും അദ്ദേഹം സ്ഥാപിച്ചു. ഡൽഹിയിൽ നിലനിന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പണം ചെലവഴിക്കുകയും ഡൽഹി എന്ന പട്ടണത്തെ പരമ്പരാഗത മുസ്‍ലിം വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു.
ഗുജറാത്തിലുള്ള പല മദ്രസകളും മക്തബുകളും നവീകരിക്കുകയും പുതുക്കിപ്പണികയും ചെയ്തതും അദ്ദേഹമായിരുന്നു. ലക്‌നൗവിലെ ഡച്ച് പുരാതന ചരിത്രനിർമിതികൾ തന്റെ അധീനതയിലാക്കുകയും അവ വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തു അദ്ദേഹം. 1693-ൽ മുല്ല നിസാമുദ്ദീൻ സിഹാൽ സ്ഥാപിച്ച ലക്നൌവിലെ മദ്രസ ‘ഫരംഗി മഹൽ’, ഡൽഹിയിലെ ‘മദ്രസ റഹീമിയ’ എന്നീ രണ്ട് പ്രശസ്ത മദ്രസകൾ നിർമ്മിക്കപ്പെട്ടതും അദ്ദേഹത്തിന്റെ കാലത്താണ്. പിന്നീട് അദ്ദേഹം ഡയറക്ടറായി നിയമിക്കപ്പെടുകയും ആ മദ്രസയിൽ പഠിക്കാനും പഠിപ്പിക്കാനും വേണ്ടി തന്റെ ജീവിതം സമർപ്പിക്കുകയും ചെയ്തു. ഈ മദ്രസയുടെ പ്രാധാന്യം വിദ്യാർത്ഥികളെ ഹദീസുകളും ഇസ്‍ലാമിക മതശാസ്ത്രവും പഠിപ്പിക്കുക എന്നതായിരുന്നു. അതേ സമയം, ഖാദി ((judge) മുഫ്തി ((Islamic religious lawyer) എന്നിവരെ വാര്‍ത്തെടുക്കുന്നതിനും അക്കാലത്തെ കോടതികളുടെ ആവശ്യങ്ങൾക്കനുസരിച്ച് മറ്റ് നിയമ വിദഗ്ധരെ തയ്യാറാക്കുന്നതിനും മദ്രസ-ഇ-ഫറംഗിമഹൽ പ്രശസ്തമായിരുന്നു. ഈ സ്ഥാപനം ഡൽഹിയിലെ മുഗൾ കൊട്ടാരവുമായി നേരിട്ട് ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
ലക്നൌവിലെ മറ്റൊരു പ്രശസ്ത മദ്രസയായ 'മദ്രസാ നിസാമിയ' അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഒരു പ്രധാന നിർമിതി ആയിരുന്നു. അദ്ദേഹം നഗരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പുറമെ പുറത്തുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിരവധി മദ്രസകൾ നിർമ്മിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അനന്തമായ പരിശ്രമത്തിന്റെ ഫലമായി, ഓരോ നഗരവും പട്ടണവും ഗ്രാമവും അറിവിന്റെ വെളിച്ചത്തില്‍ പ്രകാശിച്ചു എന്ന് പറയാം.
സംഗ്രഹം
മുസ്‍ലിം ഭരണാധികാരികളുടെ വിദ്യാഭ്യാസ സംഭാവനകൾ കൊണ്ട് ഇന്ത്യൻ സംസ്കാരം മാത്രമല്ല പ്രകാശിച്ചത്, മറിച്ച് ആഗോള മുസ്‍ലിം വിദ്യാഭ്യാസ മേഖലയിൽ പോലും ഇന്ത്യയിലെ മുസ്‍ലിം ഭരണം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ മാത്രം മത, ധാർമിക, ആധ്യാത്മിക ബോധം അല്ല ഉയർന്നത്, മറിച്ച് ഒരു സമൂഹത്തെ ഒന്നടങ്കം അത് സ്വാധീനിച്ചു. മദ്രസ്സ സംവിധാനം വരേണ്യ വിഭാഗത്തിനും ഉന്നതകുല ജാതർക്കും മാത്രം അടിയറവു വെച്ചതായിരുന്നില്ല. ജാതി, മത, വർണ ഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസമെന്ന അടിസ്ഥാന സാമൂഹിക അവകാശം അനുവദിക്കപ്പെട്ടിരുന്നു.
മദ്രസ്സ വിദ്യാഭ്യാസം കൊണ്ട് സമൂഹത്തിന് ഉറച്ച സാംസ്‌കാരിക പശ്ചാത്തലം ഉണ്ടാക്കിക്കൊടുക്കുകയും ബൗദ്ധിക ശേഷി സൃഷ്‌ടിക്കുകയും സാമൂഹിക ഐക്യം രൂപപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം, ആത്മീയത വളർത്തുകയും മതപരമായ ആചാരങ്ങൾ അനുവർത്തിക്കുന്നതോടൊപ്പം രാഷ്ട്രീയ ബോധം ശാക്തീകരിക്കുകയും ചെയ്തു. ഇന്ത്യൻ ചരിത്രത്തിൽ കല, സാഹിത്യം, ശാസ്ത്രം, മറ്റു വിഷയങ്ങൾ എന്നിവയൊക്കെ ഇത്രയധികം പുഷ്പിച്ചത് മുസ്‍ലിം ഭരണാധികാരികളുടെ കീഴിലാണെന്ന് നിസ്സംശയം പറയാം.
References:
● Telwani AA. Muslim Education in India: Historical Perspective. J Emerg Technol Innov Res. 2019;6(2):690–700.
● Farooq MA, Hussain M. A Brief Survey of Muslim Education in Pre-Colonial India (1206-1857). J Soc Sci Humanity Res. 2017;5(2):12–15.
● Al-Hasani SMA. Madrasah education under Muslim rulers in India: A study of Mughal emperors. Daffodil Int Univ J Sci Technol. 2023;18(1):1–5.
● Mandal B. Educational Opportunities During Mughal Dynasty. Int J Creat Res Thoughts. 2022;10(1):c773–c787.
● Shit A. Education during the Mughal Period in India. Dogo Rangsang Res J. 2020;10(12):56-62
● Shakir SA, Mohsin ASM. Mughal Education System in India
ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി, ഡിഗ്രി വിദ്യാര്‍ത്ഥിയാണ് ലേഖകന്‍
Leave A Comment