സൂഫീനവോത്ഥാനത്തിന്‍റെ ഭാരതീയ മുഖം
സൂഫികളും ആത്മീക പ്രസ്ഥാനങ്ങളുമാണ് ഇന്ത്യയില്‍ ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അരുതായ്മകള്‍ കെട്ടുപിണഞ്ഞ് കിടന്ന ഈ മണ്ണില്‍ വിശുദ്ധമതത്തിന്റെ പ്രഭാപ്രഭവം സാധ്യമായതോടെ ഇതിന്റെ മുന്നൊരുക്കങ്ങള്‍ നടന്നു കഴിഞ്ഞു. പിന്നീടിങ്ങോട്ട് നൂറ്റാണ്ടുകളോളം ഭാരതത്തിന്റെ ഇസ്‌ലാമിക മുഖം അണയാതെ സൂക്ഷിച്ചത് കാലാന്തരങ്ങളിലായി കടന്നുവന്ന ദിവ്യജ്ഞാനികളാണ്.
മഹാനായ ഖാജാ മുഹ്‌യുദ്ദീന്‍ ചിശ്തി മുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ സമുദ്ധാരകന്‍ ശാഹ് വലിയുല്ലാഹി ദഹ്‌ലവി വരെ ഈ ചലനാത്മകത തുടര്‍ന്നുകൊണ്ടിരുന്നു. ദൈവിക നിഘണ്ഡുവിലെ അംഗീകാരമായിരുന്നു ഇവര്‍ക്കെല്ലാം മുമ്പില്‍ പ്രസക്ത ചിന്താവിഷയമായി കടന്നുവന്നത്. പലപ്പോഴും ശ്രമങ്ങളുടെ ഗണ്യഭാഗവും സഫലീകരിക്കപ്പെട്ടത് ഉദ്യമങ്ങള്‍ സാര്‍ത്ഥകമായി ത്വരിതപ്പെടുത്തുന്നതിന്റെ ആവശ്യകത വര്‍ദ്ധിപ്പിച്ചു.
സത്യത്തില്‍ സക്രിയമായ ഇസ്‌ലാമിന്റെ ആത്മാവിലേക്കുള്ള തിരിച്ചുപോക്കാണ് നവോത്ഥാനം. ഒരുനാള്‍ ഹിറയുടെ ഗര്‍ഭത്തില്‍ നിന്നും തീപന്തം കണക്കെ പ്രകടനഭാവത്തോടെ ഉയിര്‍കൊണ്ട ഇത് ഒരു നവജാഗരണ മാധ്യമമായി ശേഷിക്കുകയായിരുന്നു. അതിനിടെ അറിവില്ലായ്മയുടെ അറേബ്യന്‍ മരുഭൂമി ജ്ഞാനദീപ്തമായി. ഉദയ സൂര്യന്‍ കണക്കെ ഇസ്‌ലാം സര്‍വ്വലോക അംഗീകാരം നേടുന്നത് അങ്ങനെയാണ്. ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഇന്ത്യയിലും സ്വാധീനത്തിന്റെ വേരുകളിറക്കി. കേവലം ഭൗതിക ചോദകങ്ങള്‍ക്കപ്പുറം ആദ്ധ്യാത്മിക പ്രസരണമായിരുന്നു ഇവിടെ ലക്ഷീകരിക്കപ്പെട്ടത്.
ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ആധാരശില തൗഹീദാണ്. വിശ്വാസത്തിന്റെ അളവുകോലായ ഇത് മനുഷ്യ പരിഗണനീയതയെ പ്രതിഫലിപ്പിക്കുന്നു. ഭാരത മണ്ണിലും അതുതന്നെയാണ് സംഭവിച്ചത്. സുപ്രസിദ്ധ ചരിത്രകാരന്‍ കെ.എം. പണിക്കര്‍ തന്റെ ''എ സര്‍വ്വേ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി''എന്ന പുസ്തകത്തില്‍ പറയുന്നത്‌പോലെ ഇസ്‌ലാം ഇന്ത്യന്‍ വംശജരില്‍ അലിഞ്ഞ് ചേരുകയായിരുന്നു. വ്യത്യസ്ഥ നാമങ്ങളും ഭാവങ്ങളും കല്‍പ്പിക്കപ്പെട്ടിരുന്നുവെങ്കിലും ദൈവം ഏകനാെണന്ന ബോധം അവരില്‍ ആവാഹിക്കപ്പെട്ടു. പിന്നീട് കടന്നുവന്ന ദര്‍ശനങ്ങളും ഇതിനോട് കടപ്പെട്ടിരിക്കുന്നു. (പേ: 132). സത്യത്തില്‍ അന്നേവരെ ഇന്ത്യന്‍ അന്തേവാസികള്‍ക്ക് ചിരകാല പരിചയം പോലുമില്ലാത്ത സമഭാവനാ സിദ്ധാന്തവുമായാണ് ഇസ്‌ലാം കടന്നുവന്നത്. ജന്മത്തില്‍ തന്നെപ്പോലെ മനുഷ്യനാണെങ്കിലും ജീവിതത്തില്‍ മനുഷ്യത്വമൂല്യങ്ങള്‍ പോലും വകെവച്ച് നല്‍കാതെ പരസ്പരം പഴിചാരി നടക്കുന്നവര്‍ക്ക് മുമ്പില്‍ ഇതൊരു വിസ്മയത്തിന് നിമിത്തമായി.
ജവഹര്‍ലാല്‍ നെഹ്‌റു തന്റെ 'ഇന്ത്യയെ കണ്ടെത്തല്‍' എന്ന പുസ്തകത്തില്‍ ഈ സത്യം സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: നിശ്ചയം ഇസ്‌ലാമിന്റെ രംഗപ്രവേശം ഇന്ത്യന്‍ ചരിത്രത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം ഇവിടെ പ്രചാരം നേടിയ പല അന്ധവിശ്വാസങ്ങളും അവര്‍ എടുത്തുമാറ്റി. കൂടാതെ ഇസ്‌ലാമിലെ സാഹോദര്യവും സഹവര്‍ത്തിത്വവും ഹൈന്ദവരുടെ ഹൃദയങ്ങളില്‍ ചലനം സൃഷ്ടിക്കുന്നതാണ്.
ഇങ്ങനെ അന്വേഷിക്കുമ്പോള്‍ ഇന്ത്യ ദര്‍ശിച്ച ഇസ്‌ലാമിക നവോത്ഥാനത്തിന്റെ തുടക്കം ശൂന്യതയില്‍ നിന്നാണ്. മൗലികത ഇല്ലാത്ത ഭാരതീയ ദര്‍ശനങ്ങള്‍ക്ക് മുമ്പില്‍ ധൈഷണിക പിന്‍ബലമുള്ള ഒരു പ്രസ്ഥാനമായിരുന്നു കാലത്തിന്റെ ആവശ്യം. ഐതിഹ്യങ്ങളില്‍ വിശ്വാസത്തെ ഒതുക്കിനിര്‍ത്താന്‍ പാടുപെടുമ്പോള്‍ ശരാശരി ബുദ്ധിയുള്ള ഒരാള്‍ക്ക് ദിവ്യകല്‍പനകള്‍ക്ക് അധീതമായി സ്വതന്ത്ര വിഹാരം നടത്താന്‍ ആഗ്രഹം ജനിക്കുക സ്വാഭാവികം. വാസ്തവത്തില്‍ ഈ ദാഹം ശമിപ്പിക്കാനാണ് തിരുമേനി ഈ ലോകത്തേക്ക് കടന്നുവന്നത്. പില്‍കാലത്ത് ഈ ഔലിയാ ധര്‍മ്മം ഭാരതമണ്ണില്‍ ഒരു അനുഗ്രഹമായി വര്‍ഷിക്കുകയായിരുന്നു. അങ്ങനെയാണ് തത്വചിന്തകളുടെയും നാസ്തിക വാദങ്ങളുടെയും ഉപാസകരായിരുന്ന മുഴുവന്‍ ജനാവലിയെ സമുദ്ദാരണ നടത്താനായി അല്ലാഹുവിന്റെ ഇഷ്ടദാസന്‍മാരായ ഒരു വൃന്ദം കടന്നുവരുന്നത്. ഒരേ സമയം സൂഫിസത്തിന്റെ പരമകോടിയില്‍ വിരാചിച്ചിരുന്ന ഇവര്‍ ഭൗതികമേന്മ വരിച്ച ലോകത്തെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിവുള്ളവരായിരുന്നു. വിശ്വ ചരിത്രത്തില്‍ ഭാരതത്തിനൊരു ഇസ്‌ലാമിക ആത്മാവ് നല്‍കുന്നത് ഇവരുടെ ഇടപെടലുകളാണ്.
സമൂഹം ധാര്‍മ്മികമായി അധഃപതിക്കുമ്പോള്‍ പൈതൃകബോധം തിരിച്ചുകൊണ്ടു വരലായിരുന്നു സൂഫികളുടെ കര്‍ത്തവ്യം. പരിസര ചിന്തകളില്‍ വശംവദനായി മനുഷ്യന്‍ വഴിമാറി സഞ്ചരിക്കുമ്പോള്‍ വിശുദ്ധഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങിവരാന്‍ അവര്‍ ആഹ്വാനം ചെയ്തു. അന്യ സംസ്‌കാരങ്ങളേക്കാളും ജീവിത രീതികളേക്കാളും ഇസ്‌ലാമിക ദര്‍ശനത്തിനുള്ള അപ്രമാദിത്വവും അദ്വിതീയതയും വ്യക്തമാക്കി. മാറുന്ന പരിസ്ഥിതിക്കനുസരിച്ച് തല ഉയര്‍ത്തുന്ന സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരെ സന്ധിയില്ലാ സമരവുമായി രംഗത്ത് വരികയായിരുന്നു പിന്നീട്. അപക്വതകള്‍ക്കെതിരെയുള്ള ഈ നിതാന്ത ജിഹാദാണ് നവോത്ഥാനങ്ങളായി പില്‍കാലത്ത് അറിയപ്പെട്ടത്.
ഇറാനിലെ സിജസ്താനില്‍ ജനിച്ചു വളര്‍ന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തി ഇന്ത്യയിലെ ഇസ്‌ലാമിക നവ ജാഗരണ രംഗത്ത് ചെയ്ത സംഭാവനകള്‍ ചെറുതൊന്നുമല്ല. ഹൈന്ദവതയുടെ പരമാത്മാവ് മൂര്‍ത്തീഭവിച്ചുനിന്ന ഡല്‍ഹി പ്രവിശ്യകളില്‍ ഒരു സമര്‍ത്ഥനായ സൈന്യാധിപന്റേതെന്ന് തോന്നിക്കുന്ന ഭാവഹാവാദികളോടെയായിരുന്നു അദ്ദേഹത്തിന്റെ കടന്നു വരവ്. സ്വയം തിരിച്ചറിവ് നഷ്ടമായ ഇന്ത്യക്കാരെ മതസാന്‍മാര്‍ഗികതയിലേക്ക് വഴി നടത്താന്‍ പ്രവാചകന്റെ നേരിട്ടുള്ള കല്‍പ്പനയുണ്ടായിരുന്നത് കൊണ്ട് തന്നെ ഏറെ വിസ്മയാവഹമായിരുന്നു ഇവിടത്തെ പ്രബോധന പ്രതിഫലനങ്ങള്‍. ഇന്ത്യന്‍ ഭാഷയും ഹൈന്ദവരുടെ വേദങ്ങളും ഹൃദിസ്ഥമാക്കിയുള്ള ചിശ്തിയുടെ അരങ്ങേറ്റം സമൂഹത്തില്‍ സമൂലമായ പരിവര്‍ത്തനത്തിന് വേദിയൊരുക്കി. അജ്മീര്‍ ദേശം വിശ്വാസികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. പതിനായിരങ്ങളായിരുന്നു അവരുടെ പ്രഭാഷണ സദസ്സുകളില്‍ സംഗമിച്ചിരുന്നത്. ഇസ്‌ലാമിക വെളിച്ചം ഇടതടവില്ലാതെ അന്ന് പ്രസരിച്ചുകൊണ്ടിരുന്നു. 1235-ല്‍ മഹാനവര്‍കള്‍ ലോകത്തോട് വിട പറഞ്ഞെങ്കിലും നവോത്ഥാന തരംഗം അസ്തമിക്കാതെ തുടര്‍ന്നു കൊണ്ടിരുന്നു. തന്റെ പ്രിയ ശിഷ്യനും ഖലീഫയുമായ ബാബാ ഫരീദുദ്ദീന്‍ ശകര്‍ഗഞ്ചി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയി.
അതേസമയം, ഖുതുബുദ്ദീന്‍ ബക്തിയാര്‍ കാക്കി തന്റെ കര്‍മ്മോല്‍സുകമായ പ്രവര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുത്തത് ഇന്നത്തെ ആസ്ഥാന നഗരിയായ ഡല്‍ഹിയാണ്. പ്രബോധിത വര്‍ഗ്ഗം ചിന്താ ശൂന്യതയിലേക്ക് പ്രപതിച്ചവരായതിനാല്‍ ചില ക്ലേശങ്ങളൊക്കെ സഹിക്കേണ്ടി വന്നെങ്കിലും അദ്ദേഹമതില്‍ ഒട്ടും നിരാശനായിരുന്നില്ല. വിശ്വാസ കാര്യങ്ങളില്‍ നിന്നും അകന്നുപോയ തന്റെ സമൂഹത്തെ അവര്‍ നിരന്തരം ഖുര്‍ആനിലേക്കും സുന്നത്തിലേക്കും ക്ഷണിച്ചുകൊണ്ടിരുന്നു. പാവങ്ങളെ മേനി മറന്ന് സഹായിച്ചു. ഉത്തരേന്ത്യയിലെ പ്രസിദ്ധനായ ചിശ്തി പ്രവാചകരായി മാറി.
ഉത്തര്‍പ്രദേശിലെ ബദായൂനില്‍ ജനിച്ച നിസാമുദ്ദീന്‍ ഔലിയയുടെ സമുദ്ധാരണ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. ഹബിയാസ്പൂര്‍ കേന്ദ്രമാക്കിയുള്ള പങ്ക്‌വെക്കലുകള്‍ പതിനായിരങ്ങളുടെ ആശയും പ്രതീക്ഷയുമായിരുന്നു. സൂഫിസത്തിന്റെ ആത്മാവ് ഇന്ത്യാ ഉപഭൂഖണ്ഡത്തിനാകമാനം സുപരിചിതമാക്കി മാറ്റിയ അവര്‍ ഇവിടത്തെ ഇസ്‌ലാമിക ചൈതന്യങ്ങളില്‍ ചാരിതാര്‍ത്ഥ്യം കൊള്ളാന്‍ കടപ്പെട്ടിരിക്കുന്നു.
എന്നാല്‍ ഇവരില്‍ നിന്നും തുലോം ഭിന്നമായിരുന്നു മഹാനായ ശൈഖ് അഹ്മദ് സര്‍ഹിന്ദിയുടെ രംഗപ്രവേശം. ദാര്‍ശനികമായി അസ്തിത്വമില്ലാതെപ്പോയ ഒരു സമൂഹത്തിന്റെ മുമ്പില്‍ രണ്ടാം സഹസ്രാബ്ദത്തിന്റെ സമുദ്ധാരകരായിട്ടാണ് അദ്ദേഹത്തിന്റെ കടന്നുവരവ്. അന്ധവിശ്വാസങ്ങള്‍ കൊടികുത്തിവാണ ഭൗതിക പരിസ്ഥിതിയില്‍ അവര്‍ ഇസ്‌ലാമിക ദീപം തെളിയിച്ചു. ചിന്താശൂന്യതക്കു മുമ്പില്‍ മതത്തിന്റെ ബാരിക്കേഡുകളുണ്ടാക്കി. ഇവിടെ ആ മഹാ മനീഷിയുടെ സംഭവസമൃദ്ധമായ ജീവിതം അനാവൃതമാവുകയാണ്. നവോത്ഥാനത്തിന്റെ സാധ്യത തേടി നമുക്കതൊന്ന് മുഖവിലക്കെടുക്കാം.
മോയിന്‍ ഹുദവി മലയമ്മ
Leave A Comment