ഇസ്‍ലാമിക വിശ്വാസവും ഭാരതവും തമ്മില്‍ ഏറെ ബന്ധങ്ങളുണ്ട്. പൊക്കിള്‍ കൊടി ബന്ധം തന്നെയാണ് അവ തമ്മിലുള്ളത് എന്ന് പറഞ്ഞാല്‍ പോലും അത് തെറ്റാവില്ല. ആദിമ മനുഷ്യന്‍ ആദം നബി കാലുകുത്തിയത് ഇന്ത്യയിലായിരുന്നുവെന്നാണ് പ്രബലാഭിപ്രായം. അതുപോലെ അന്ത്യപ്രവാചകരായ മുഹമ്മദ് നബിയുടെ അനശ്വര പ്രകാശം ആദമില്‍ പ്രതിഫലിച്ചത് ഇന്ത്യയില്‍ വെച്ചായിരുന്നുവെന്ന്, പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച പ്രമുഖ ഇന്ത്യന്‍ പണ്ഡിതനായ ആസാദ് ബില്‍ഗ്രാമി അഭിപ്രായപ്പെടുന്നുമുണ്ട്. പ്രവാചകരുടെ കാലത്തിന് മുമ്പേ കടന്നു പോയ പല മഹാന്മാരുടെയും മഖ്ബറകള്‍ ഇന്ത്യയുടെ പല ഭാഗത്തുമുണ്ടെന്നും പറയപ്പെടുന്നു. ഒട്ടേറെ അറബി കവിതകളിലും പ്രവാചക വചനങ്ങളിലും വരെ ഇന്ത്യയുടെ പരാമര്‍ശമുണ്ട്. പ്രവാചകരുടെ കാലത്ത് തന്നെ ഇന്ത്യയില്‍ ഇസ്‍ലാമിക പ്രബോധനം എത്തി എന്നതും ചരിത്രവസ്തുത തന്നെ.
മാലിക് ദീനാര്‍ (റ)വിലൂടെ ഇന്ത്യയുടെ തെക്കേ ഭാഗത്തും അധികം വൈകാതെ മുഹമ്മദ് ബിന്‍ ഖാസിമിലൂടെയും ശേഷം വന്ന മുസ്‍ലിം ഭരണാധികാരികളിലൂടെയും മുഈനുദ്ദീന്‍ ചിശ്തിയെ പോലോത്ത സ്വൂഫീ വര്യരിലൂടെയും ഇന്ത്യയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇസ്‍ലാമിന്റെ വെള്ളിവെളിച്ചം എത്തിയിട്ടുണ്ട്.
ആഗമനകാലം മുതലേ ഏറെ സന്തോഷത്തോടെയാണ് ഇന്ത്യയിലൊട്ടുക്കും വിശുദ്ധ ഇസ്‍ലാം സ്വീകരിക്കപ്പെട്ടത്. വിദേശത്ത് നിന്ന് വന്നവര്‍ അംഗുലീപരിമിതരായിരുന്നുവല്ലോ. ഇന്ന് കാണുന്ന 170 മില്യണിലേറെ വരുന്ന ഇന്ത്യന്‍ മുസ്‍ലിംകള്‍ ഒരിക്കലും അവരുടെ പിന്മുറക്കാരാവാന്‍ വഴിയില്ല. മറിച്ച്, ആ മതത്തിന്റെ വിശ്വാസാശയങ്ങളിലും സാമൂഹ്യനീതി-സമത്വ സിദ്ധാന്തങ്ങളിലുമെല്ലാം ആകൃഷ്ടരായി അത് സ്വീകരിച്ച ഇന്ത്യക്കാരുടെ പിന്മുറക്കാര്‍ തന്നെയാണെന്നര്‍ത്ഥം. അഥവാ, ഇസ്‍ലാമും മുസ്‍ലിംകളും എക്കാലത്തും ഇന്ത്യയുടെ ഭാഗമായിരുന്നു. പുതിയ മതം സ്വീകരിച്ചെങ്കിലും പരസ്പര ബന്ധങ്ങളിലോ സഹവര്‍ത്തിത്വത്തിലോ അതൊരിക്കലും തടസ്സമേ ആയിരുന്നില്ല എന്നതാണ് ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്നത്.
ഇന്ത്യ മുസ്‍ലിം രാജാക്കന്മാരുടെ ഭരണത്തിന് കീഴിലായിരുന്നപ്പോള്‍ പോലും ഈ സഹവര്‍തിത്വത്തിന് യാതൊരു വിധ കോട്ടവും സംഭവിച്ചിട്ടില്ല. ഭൂരിഭാഗ രാജാക്കന്മാരുടെയും മന്ത്രിമാരും സൈനിക മേധാവികളുമൊക്കെ അമുസ്‍ലിംകളായിരുന്നു എന്നത് തന്നെ ഇതിന്റെ ഏറ്റവും പ്രകടമായ തെളിവ്.
ഇന്ത്യ ഭരിച്ചിരുന്ന മുഗള്‍ രാജാക്കന്മാരില്‍ ചിലര്‍, രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ഇസ്‍ലാമിന്റെ സംരക്ഷകരായി അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ ലോക മുസ്‌ലിംകളുടെ നേതാവായി അറിയപ്പെടാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ആഗോള മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഓട്ടോമന്‍ ഭരണാധികാരികളോട് ഏറ്റുമുട്ടാന്‍ വരെ സന്നദ്ധനായിരുന്നു അദ്ദേഹം. സൂഫി ദര്‍ഗകളെ സംരക്ഷിച്ച് അവര്‍ക്ക് വേണ്ട ധാര്‍മിക പിന്തുണ നല്‍കിയത് പോലും, സമൂഹത്തില്‍ സ്വാധീനമുള്ള പണ്ഡിതരും സ്വൂഫികളും തങ്ങളുടെ അധികാരങ്ങള്‍ക്കെതിരെ തിരിയരുത് എന്നത് ലക്ഷ്യത്തിലായിരുന്നു പലപ്പോഴും.
അതേസമയം, അവരെല്ലാം ഹിന്ദു-മുസ്‌ലിം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നു. ഇരു വിഭാഗങ്ങള്‍ക്കും സസന്തോഷം സഹവസിക്കാന്‍ മാത്രമല്ല ഉന്നതമായ പൊതുധാര്‍മിക മൂല്യങ്ങളും ആചാരങ്ങളും രൂപീകരിക്കാന്‍ കൂടി ഇത് വഴിവെച്ചു. അക്ബറിന്റെ ദീനെ ഇലാഹി പോലും ഈ പാരസ്പര്യത്തിന്റെ സൃഷ്ടിയായിരുന്നു എന്ന് വേണം പറയാന്‍.
1206 മുതല്‍ ആറര നൂറ്റാണ്ടിലേറെ ഇന്ത്യ ഭരിച്ച മുസ്‌ലിം ഭരണാധികാരികളില്‍ ഒരാള്‍ പോലും ഭാരതത്തെ ഒരു ഇസ്‍ലാമിക രാജ്യമായി പ്രഖ്യാപിക്കാനോ പൂര്‍ണമായും ശരീഅത്ത് നിയമങ്ങള്‍ നടപ്പിലാക്കാനോ ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനങ്ങളില്‍ പോലും ഹൈന്ദവരുടെ വിശ്വാസങ്ങളെ സംരക്ഷിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. പശുവിറച്ചി കഴിക്കുന്നത് അനുവദനീയമാക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ അടുക്കല്‍ വന്ന മുസ്‌ലിം പ്രതിനിധികളോട് 'ഇസ്‍ലാമിക വിശ്വാസം പശുവിറച്ചിയില്‍ അധിഷ്ഠിതമല്ല' എന്ന് പറഞ്ഞ ബഹദൂര്‍ഷാ സഫറിന്റെ കഥ പ്രസിദ്ധമാണ്.
എന്നാല്‍, 1857 ലെ ഒന്നാം സ്വാതന്ത്ര്യ പോരാട്ടത്തിലെ ദയനീയ പരാജയത്തോടെയാണ് കാര്യങ്ങള്‍ കീഴ്‍മേല്‍ മറിയുന്നത്. രാഷ്ട്രീയ പരാജയം എന്നതിലേറെ, ഇന്ത്യന്‍ സഹവര്‍ത്തിത്തത്തിന്റെ തലക്കേറ്റ വന്‍ പ്രഹരമായിരുന്നു അത് എന്ന് വേണം പറയാന്‍. ബഹദൂര്‍ഷാ സഫറിന്റെ 'നേതൃത്വത്തില്‍' മുസ്‌ലിംകളും ഹിന്ദുക്കളും അണിനിരന്ന ഒരു യുദ്ധമായിരുന്നു അതെങ്കിലും അധികം വൈകാതെ ബ്രട്ടീഷ് - മുസ്‌ലിം പോരാട്ടമായി മാറുകയായിരുന്നു അതെന്ന് പറയാം. ഏഴ് നൂറ്റാണ്ടുകളായി പരസ്പര സഹവര്‍ത്തത്തോടെയും പരസ്പര ആശ്രയത്വത്തിലൂടെയും മുസ്‌ലിംകളും ഹൈന്ദവരും ഉണ്ടാക്കിയെടുത്ത സാമൂഹിക സന്തുലിതത്വത്തെ തകര്‍ക്കാന്‍ പോന്നതായിരുന്നു അതിന് മുമ്പും ശേഷവും നടന്ന സംഭവവികാസങ്ങള്‍. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഇത്തരമൊരു ഭയാനക സാമൂഹികാന്തരീഷത്തിലേക്ക് ഇന്ത്യയെ തള്ളി വിട്ടത്.
ഒന്ന്: 1857 ലെ സമരം ശിപായിമാരുടെ മത ഭേദമന്യേയുള്ള പ്രതികരണങ്ങളില്‍ നിന്നും പൊടുന്നനെ ഉയര്‍ന്നു വന്നത് ആയിരുന്നുവെങ്കിലും നഷ്ടപ്പെട്ട അധികാരം വീണ്ടെടുക്കാനുള്ള അവസരമായി അതിനെ ചില മുസ്‌ലിം നേതാക്കള്‍ കണ്ടു. മുസ്‌ലിംകളെ ജിഹാദിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ഫത്‌വകള്‍ ഇറങ്ങിക്കൊണ്ടിരുന്നത് ഇതിന്റെ ഭാഗമായി വേണം കാണാന്‍. നിരന്തരം ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഈ ജിഹാദ് വിളികള്‍ സ്വാഭാവികമായും ഹൈന്ദവ ശിപായിമാരില്‍ അസ്വസ്ഥതയും അവിശ്വാസവും സൃഷ്ടിച്ചിരിക്കാന്‍ സാധ്യതകളേറെയാണ്.
രണ്ട്: നഷ്ടപ്രതാപത്തെ കുറിച്ചുള്ള ഓര്‍മകള്‍ മുസ്‌ലിംകളെ പ്രക്ഷോഭത്തിലേക്ക് എടുത്ത് ചാടാന്‍ പ്രേരിപ്പിച്ചതിനാല്‍ പണ്ഡിതരും നേതാക്കളും അടക്കം സര്‍വരും അതില്‍ പങ്കാളികളായി. അതേ സമയം, ഈ സമരം കേവലം മുസ്‌ലിം ബ്രിട്ടീഷ് കലാപമായി കണ്ട ഹൈന്ദവ നേതാക്കള്‍ പരോക്ഷമായി ബ്രിട്ടീഷുകാരെ സഹായിക്കുകയോ വിട്ടു നില്‍ക്കുകയോ ചെയ്തു.
മൂന്ന്: ഈ അസ്വസ്ഥതകള്‍ പെട്ടന്ന് മണത്തറിഞ്ഞ ബ്രിട്ടീഷ് അധികാരികള്‍ ആ വിടവ് വലുതാക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ നടത്തി. കുരിശ് യുദ്ധങ്ങളും നോര്‍ത്ത് ആഫ്രിക്ക മുതല്‍ ഇന്ത്യ വരെയുള്ള മുസ്‍ലിം ചെറുത്ത് നില്‍പിന്റെ തിക്താനുഭവങ്ങളും അവരെ അതിന് പ്രേരിപ്പിച്ചു.
എണ്ണമറ്റ മുസ്‌ലിം കൂട്ടക്കൊലകള്‍ക്കൊപ്പം നൂറ്റാണ്ടുകളായി ഹൈന്ദവരെ മുസ്‍ലിംകള്‍ പീഡിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന്, കേവല രാഷ്ട്രീയ ലാഭത്തിന് വേണ്ടി, ബ്രിട്ടീഷ് കുബുദ്ധികള്‍ പ്രചരിപ്പിച്ച് കൊണ്ടേയിരുന്നു. 1857 ലെ സംഭവങ്ങള്‍ കത്തിച്ച് വിട്ട വര്‍ഗീയ വളത്തില്‍ നിന്ന് ജീവന്‍ കൊണ്ട തീവ്ര ഹൈന്ദവ വലതു പക്ഷ പാര്‍ട്ടികളുടെ കടന്ന് വരവോടെ ഈ കുപ്രചരണത്തിന് കൂടുതല്‍ ജനസമ്മതി കിട്ടി. അതോടെ, മുസ്‌ലിംകള്‍ക്ക് അര്‍ഹിച്ച ശിക്ഷ തന്നെയാണ് ഇപ്പോള്‍ ബ്രിട്ടീഷുകാരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് ശരാശരി ഹിന്ദുക്കള്‍ വിശ്വസിച്ചു തുടങ്ങി.
മറുവശത്ത്, സാമാന്യ മുസ്‍ലിം ജനത പാടേ നിരാശരായിരുന്നു. അവരുടെ നേതാക്കള്‍ തന്നെയും ഭാവിയെ കുറിച്ച് ഹതാശരായിരുന്നു. അവരുടെ ഹൈന്ദവ സുഹൃത്തുക്കള്‍ അവരെ കയ്യൊഴിഞ്ഞു. പണ്ഡിതര്‍ പറഞ്ഞ പോലെ, ബദ്‌റ് യുദ്ധത്തിലിറങ്ങിയ മലക്കുകള്‍ അവരെ യുദ്ധത്തില്‍ സഹായിച്ചതുമില്ല. മുസ്‍ലിം പണ്ഡിതര്‍ വളരെ പെട്ടന്ന് തന്നെ അവരുടെ 'വിശ്വാസ ക്ഷയത്തെ' കുറ്റപ്പെടുത്തി. നഷ്ടപ്പെട്ട ഈമാനിക ചൈതന്യം വീണ്ടെടുക്കാന്‍ എന്ന പേരിലാണ് ബറേല്‍വികളെയും ദയൂബന്ദികളെയും പോലുള്ള പണ്ഡിത സംഘടനകള്‍ ഉയര്‍ന്ന് വരുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ 'പാന്‍ ഇസ്‍ലാമിസം' ഒരു ആഗോള മുസ്‌ലിം പ്രതിഭാസം ആയി മാറിയിരുന്നു. സാമ്രജ്യത്വത്തിന് എതിരെ ലോക മുസ്‌ലിം ജനത ഒരുമിക്കണമെന്നായിരുന്നു പാന്‍ ഇസ്‌ലാമിസത്തിന്റെ ആശയങ്ങളുടെ കാതല്‍. തല്‍ഫലമായി ശരാശരി മുസ്‍ലിംകള്‍ ദേശീയ പ്രശ്‌നങ്ങളെക്കാള്‍ ആഗോള മുസ്‌ലിം പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.
ശേഷമുള്ല ഇന്ത്യന്‍ രാഷ്ട്രീയ ചര്‍ച്ചകളിലും സംസാരങ്ങളിലുമെല്ലാം ഹിന്ദുക്കളും മുസ്‍ലിംകളും രണ്ടായി ഗണിക്കപ്പെടുന്നതാണ് നാം കാണുന്നത്. സ്വാതന്ത്ര്യത്തെ തുടര്‍ന്നുണ്ടായ ഇന്ത്യാവിഭജനം അതിന്റെ സൃഷ്ടിയും അതോടൊപ്പം കൂടുതല്‍ കൂടുതല്‍ അകല്‍ച്ചയുടെ സ്രഷ്ടാവും കൂടിയായി മാറി. ആ അകല്‍ച്ച ഇല്ലാതാക്കാന്‍ പിന്നീടങ്ങോട്ട് കാര്യമാത്രപ്രസക്തമായ ശ്രമങ്ങള്‍ നടന്നില്ലെന്ന് മാത്രമല്ല, സ്വാതന്ത്ര്യത്തിന് മുമ്പേ രൂപം കൊണ്ട തീവ്ര ഹൈന്ദവതയുടെ വക്താക്കള്‍ അതിന് പരമാവധി ആക്കം കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്തു. മതേതര ഇന്ത്യയുടെ ഭരണസാരഥ്യമേറ്റെടുത്ത പല പ്രമുഖര്‍ പോലും, അവരുടെ ഇത്തരം ശ്രമങ്ങള്‍ കാരണം, രാഷ്ട്രീയ നഷ്ടങ്ങള്‍ ഭയന്ന് മൃദു ഹിന്ദുത്വത്തിലേക്ക് നീങ്ങിയെന്നതാണ് സത്യം.
മതേതര-ജനാധിപത്യ ഇന്ത്യക്ക് ഊടും പാവും നല്കിയ അതിന്റെ സ്രഷ്ടാക്കളെന്ന് തന്നെ പറയാവുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഏറ്റവും വലിയ മതേതര പാര്‍ട്ടി പോലും ഇന്നും ആ നിസ്സഹായാവസ്ഥയിലാണ് എന്ന് പറയാതെ വയ്യ. ഹിന്ദുക്കളും മുസ്‍ലിംകളും സര്‍വ്വ മതസ്ഥരും ഒന്നായി ചേര്‍ന്ന് നില്‍ക്കുന്ന, എല്ലാവരും തുല്യനീതിയും സമത്വവും ആസ്വദിക്കുന്ന യഥാര്‍ത്ഥ മതേതര രാഷ്ട്രമാണ് ഞങ്ങളുടെ സങ്കല്‍പമെന്ന് ഉറക്കെ പറയാന്‍ ഇന്നും അവര്‍ മടിക്കുക തന്നെയാണ്. കൃത്യമായ ഈ നിലപാടില്ലായ്മ തന്നെയാണ് ആ പാര്‍ട്ടിയെ കൂടുതല്‍ കൂടുതല്‍ ക്ഷീണിപ്പിക്കുന്നതും. ഇനിയും അത് തിരിച്ചറിഞ്ഞ്, ജന്മലക്ഷ്യത്തിലേക്ക് ശക്തമായി തിരിച്ചുവന്നില്ലെങ്കില്‍, പിന്തുണക്കാന്‍ ആരുമില്ലാതെ, തീവ്ര ഹിന്ദുത്വയുടെയും മുസ്‍ലിം പ്രീണനത്തിന്റെയും ഇടയില്‍ കിടന്ന് ചക്രശ്വാസം വലിക്കാനായിരിക്കും അതിന്റെ വിധി. അതോടെ, ചക്ര ശ്വാസം വലിക്കുന്നത് നമ്മുടെ ഭാരതം കൂടിയായിരിക്കും.
കടപ്പാട് :അല്‍ജസീറ
Leave A Comment