വീടും വീട്ടുകാരിയും ഒരു വാഹനവും
സന്തോഷത്തിന്റെയുംവിജയത്തിന്റെയും നാലു ഘടകങ്ങള്‍ തിരുദൂതര്‍ (സ്വ) പരിചയപ്പെടുത്തി: നാലുവിജയ ഘടകങ്ങളുണ്ട്. പതിവ്രതയായ ഭാര്യ, വിശാല ഭവനം, നല്ല അയല്‍ക്കാരന്‍, മേന്മയുള്ള വാഹനം (ഇബ്‌നു ഹിബ്ബാന്‍). അഥവാ വ്യക്തിയുടെ വിജയം സുനിശ്ചിതമാക്കുന്നതില്‍ അവന്റെ കെട്ടുബന്ധങ്ങള്‍ക്കും ചുറ്റുപാടുകള്‍ക്കും അവയുടേതായ പങ്കുണ്ട് എന്നര്‍ത്ഥം. പ്രചോദനം പകരുന്ന സഹധര്‍മ്മിണി, പ്രസന്നത നല്‍കുന്ന ഗൃഹാന്തരീക്ഷം, കാര്യങ്ങള്‍ സുഗമമാക്കുന്ന വാഹനം. എല്ലാം ഒത്തുചേരുന്ന സമൂഹത്തിന്റെ സഹവര്‍ത്തിത്വത്തിലാണ്‌ സന്തോഷത്തിന്റെ കൊള്ളക്കൊടുക്കലുകളും അതുവഴി സമാധാനാന്തരീക്ഷവും സാധ്യമാകുന്നത്.
ആവാസത്തിന്റെ സുതാര്യതക്ക് അല്ലാഹുവില്‍ ഏല്‍പ്പിച്ച് ഇലാഹീ സ്മരണയില്‍ ആരംഭിക്കേണ്ട കാര്യമാണ് വീടുനിര്‍മാണം. മലക്കുകളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കപ്പെടാനുതകുന്ന അന്തരീക്ഷം അവിടെ നിലനിൽക്കണം. വിശ്വാസത്തെ സംരക്ഷിക്കാനുതകുന്ന സാഹചര്യങ്ങൾ വേണം. തന്റെ ജനതക്ക് ഈജിപ്തിൽ വീടുകളൊരുക്കാൻ മൂസാ(അ)മിനോടും സഹോദരനോടും നിര്‍ദേശിച്ച ശേഷം വിശ്വാസം മുറുകെ പിടിക്കുന്നവരെ ശ്ലാഘിച്ചത് വിശുദ്ധ ഖുര്‍ആൻ യൂനുസ് അദ്ധ്യായം വചനം 87 ൽ കാണാം. 
ലോകത്തിന്റെ ഏത് കോണില്‍ പോയാലും സുരക്ഷിതത്വവും സമാധാനവും ആനന്ദവും നല്കുന്ന ഒരിടമായി വീട് കരുതപ്പെടുന്നു. അതിനാല്‍ തന്നെയാണ് എന്നെങ്കിലും ഒരിക്കല്‍ പിറന്നമണ്ണിലേക്ക് മടങ്ങണം എന്ന് എന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നത്. അവരുടെ മനസില്‍ വീട് കല്ലിലും മണ്ണിലും കെട്ടിപ്പൊക്കിയ വെറും കെട്ടിടങ്ങള്‍ മാത്രമല്ല, സ്‌നേഹം നിറയുന്ന സന്തോഷങ്ങള്‍ വിളയുന്ന ഇടമാണ്. വീട് നമുക്ക് സാന്ത്വനം പകരണം. കുളിരേകണം. തണലാവണം. കുടുംബത്തിന്റെ അംഗബലവും സാമ്പത്തിക ഭദ്രതയും ആശ്രയിച്ചുള്ളതാവണം. അയല്പക്ക വീടുകളെ കടത്തിവെട്ടാനോ ആവേശപ്പുറത്തുള്ള സ്വപ്നങ്ങൾ പൂവണിയിക്കാനോ പ്ലാൻ ചെയ്‌താൽ അതിൻ്റെ സുഖം നീളം നിൽക്കണമെന്നില്ല. ബാധ്യതകൾ വരുത്തി നിർമ്മിക്കുന്നവയിൽ ഇരിക്കപ്പൊറുതിയുണ്ടാവില്ല. എരിപൊരികൊള്ളുന്ന മനസ്സകങ്ങളെ തണുപ്പിക്കാൻ എയർ കണ്ടീഷൻ മതിയാവില്ല. സംതൃപ്ത ജീവിതങ്ങളെക്കാളേറെ ഇന്ന് പുകച്ചിലുകൾ നിലനിൽക്കുന്ന കുടുംബകങ്ങളാണെന്ന ദുഃഖസത്യത്തിന് പിന്നിൽ പര്യാലോചനകളില്ലാത്ത കുടുംബ ബഡ്ജറ്റുകൾക്ക് വലിയ പങ്കുണ്ട്. പരിസരങ്ങളുടെ പ്രലോഭനങ്ങളിൽ വീഴാതെ, പലിശ സ്ഥാപനങ്ങളുടെ പരസ്യങ്ങളിൽ പെട്ടുപോവാതെ കൃത്യമായ ആസൂത്രണത്തിലൂടെയാവണം നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവേണ്ടത്. ഓർക്കുക. മാളികകളിലുറങ്ങുന്നവന്റെ പേടിസ്വപ്നങ്ങളേക്കാൾ നല്ലത് കുടിലുകളിലുറങ്ങുന്നവൻ്റെ മധുരകിനാക്കളാണ്.   
വീടിന്റെ വിശാലത പ്രവാചകന്‍ ഇഷ്ടപ്പെട്ടിരുന്നു. ദുർവ്യയമില്ലാത്ത വിധം മോടി പിടിപ്പിക്കലും നല്ലതുതന്നെ. എന്നാൽ ഇന്നധികവും അമിതമായ കാട്ടിക്കൂട്ടലുകളായും ആസൂത്രണമില്ലായ്‌മയായും വഴിവിടുന്നുണ്ട്.
പാർപ്പിടം എന്നതിലപ്പുറം വീട് അലങ്കാരത്തിന്റെയും അഹങ്കാരത്തിന്റെയും ചിഹ്നങ്ങളായി മാറുന്നു. അവനവന്റെ ആവശ്യത്തിനല്ല അന്യരെ കാണിക്കാനും അവർ നൽകുന്ന അഭിപ്രായങ്ങളിൽ സായൂജ്യം കൊള്ളാനും മാത്രം ആയുഷ്ക്കാലം പണയപ്പെടുത്തി മാളിക പണിയുന്ന മണ്ടന്മാരായി മാറിയിരിക്കുന്നു. താങ്ങാനാവുന്നതിലും വലിയ കിനാവുകളാണ് ഉള്ളിൽപ്പേറുന്നത്. കണക്കു കൂട്ടലുകൾ പിഴച്ചും കടം കേറിയും മോഹം സാക്ഷാൽക്കരിക്കപ്പെടുമ്പോഴേക്ക് അതിൽ അന്തിമയങ്ങാനുള്ള സമയം കിട്ടാതെ അന്ത്യയാത്രയാകേണ്ടി വരുന്ന അനുഭവങ്ങളും ഉണ്ടാകുന്നു. 
കോവിഡാനന്തര ലോകം കണ്ടറിഞ്ഞു ജീവിക്കാൻ മനുഷ്യനെ പ്രചോദിപ്പിക്കുന്നുണ്ട്. വറുതിയുടെ ലോകത്തിന്റെ വരവറിയിച്ചുകൊണ്ട് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും നീങ്ങിക്കഴിഞ്ഞാൽ ഈ കോൺക്രീറ്റ് വൃക്ഷങ്ങൾ ഒരു ആശ്വാസവും നൽകില്ല. 
വീട് നിര്‍മ്മിക്കുന്നതും ഡിസൈന്‍ ചെയ്യുന്നതുമെല്ലാം പ്രകൃതിയുമായി ഇണങ്ങുന്ന രീതിയിലാവാൻ ശ്രമിക്കണം. പ്രകൃതിക്കനുയോജ്യമായി മണ്ണും മരവും മറ്റ് പ്രകൃതിദത്ത വിഭവങ്ങളും ഉപയോഗിക്കാനായാൽ നല്ലത്. ഏറെ ഗുണകരമായ പ്രഭാതരശ്മികള്‍ വീട്ടിലെത്താന്‍ വടക്ക് കിഴക്ക് ഭാഗങ്ങളില്‍നിന്ന് തടസ്സങ്ങൾ ഒഴിവാക്കണം. പ്രതികൂല ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന സായാഹ്ന രശ്മികളെ പ്രതിരോധിക്കാന്‍ പടിഞ്ഞാറ് മരം വച്ച് പിടിപ്പിക്കണം. അത്യാവശ്യം വേണ്ട പച്ചക്കറികളെങ്കിലും വിളയിക്കാൻ അടുക്കളത്തോട്ടത്തിനു സാഹചര്യമൊരുക്കണം. കൂടെ വളർത്തുമൃഗങ്ങൾക്ക് കൂടി സൗകര്യമൊരുക്കാനായാൽ ആരോഗ്യമുള്ള കുടുംബ ജീവിതം അകലെയാവില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter