ഹാദിയയെ  'തുറുങ്കി'ലടച്ചവര്‍ മമ്പുറം തങ്ങളെ വായിക്കട്ടെ

'നിങ്ങളെന്തിനാണ് ഇരുമ്പുലക്കകള്‍ വച്ച് ഞങ്ങളുടെ നെഞ്ച് കുത്തികീറുന്നത്?'

ഹാദിയക്ക് ആതിരയോടും ആയിഷക്ക് അഖിലയോടും മിണ്ടാന്‍ കഴിയാത്ത ഈ കെട്ട കാലത്ത് ഒരു പഴയ കഥ പറയാം.

ചിരുത അനാഥയായിരുന്നു. വെന്നിയൂരിലെ സാമൂതിരി പടനായകനായിരുന്ന ജന്മി കപ്രാട്ട് കൃഷ്ണപ്പണിക്കരുടെ അയിത്തവും മാമൂലുകളും സഹിച്ച് അടുക്കള ജോലി ചെയ്തിരുന്ന ഒരു ദലിത് സ്ത്രീ. ചക്കിയാണോ ചിരുതയാണോ പേര് എന്ന് പോലും ചരിത്രകാരന്‍മാര്‍ക്ക് ഉറപ്പിക്കാന്‍ കഴിയാത്തത്ര അദൃശ്യയാക്കപ്പെട്ടവള്‍. 

വിട്ടുമാറാത്ത ഒരു തരം ചൊറി പിടിപ്പെട്ട്, തന്നാലാവുന്ന ചികിത്സകളൊക്കെ പയറ്റി പരാജയപ്പെട്ട ചിരുതയോടാരോ മമ്പുറത്തൊരു സിദ്ധനുണ്ടെന്നും  ചെന്ന് കണ്ടാല്‍ ചികിത്സിച്ച്മാറ്റുമെന്നും പറഞ്ഞു.

'ആദരിക്കപ്പെട്ടവരില്‍നിന്നെല്ലാം' മുപ്പത്തിയാറ് അടിയെങ്കിലും അകന്ന് നടക്കാന്‍ ശീലിക്കപ്പെട്ട ചിരുത ഭയത്തോടെയും സംശയത്തോടെയും മമ്പുറത്തെത്തി. ചുറ്റും കൂടിയ തിരക്കിനിടയില്‍നിന്ന് മാറിനില്‍ക്കുന്ന ചിരുതയോട് ഒട്ടും കൂസാതെ ഖുത്തുബുസ്സമാന്‍ മമ്പുറം സയ്യിദലവി മൗലദ്ദവീല തങ്ങള്‍ ചോദിച്ചു:
'എന്താ കാര്യം ?'' 
പേടിച്ച് മടിച്ച് കാര്യം പറഞ്ഞ ചിരുതയുടെ മുന്നില്‍ വച്ച്തന്നെ തങ്ങള്‍ കൈകള്‍ മുകളിലോട്ടുയര്‍ത്തി. പൊന്നു സഹോദരിയുടെ രോഗം മാറാന്‍ റബ്ബിനോട് കേണു. പൊന്നാന്‍ തകരയുടെ കുരു ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി പുരട്ടാന്‍ നിര്‍ദേശിച്ച് മടക്കിയയച്ചു. 

രണ്ടാഴ്ച്ചക്കകം രോഗം മുഴുവന്‍ സുഖപ്പെട്ട ചിരുത തന്നോടൊപ്പം ജോലിചെയ്യുന്ന രണ്ട് സ്ത്രീകളും മുന്ന് പുരുഷന്‍മാരുമായിട്ടാണ് മമ്പുറത്തേക്ക് മടങ്ങി വന്നത്. തങ്ങളുടെ മുന്നില്‍ വന്ന് ഞങ്ങള്‍ക്കും  മുസ്ലിമാവണമെന്ന്  പ്രഖ്യാപിച്ചു. പുഞ്ചിരിയോടെ തങ്ങള്‍ അവര്‍ക്ക് ശഹാദത്ത് കലിമ ചൊല്ലി കൊടുത്തു. പുരുഷന്‍മാരെ തൊപ്പി ധരിപ്പിച്ചു. അവരെ അഹ്മദ്, ഹുസൈന്‍, സാലിം എന്നിങ്ങനെ പേരിട്ട് വിളിച്ചു. ചിരുതക്കും കൂട്ടുകാരികള്‍ക്കും മേല്‍കുപ്പായം നല്‍കി. ചിരുതക്ക് ആയിഷയെന്നും മറ്റ് രണ്ട് പേര്‍ക്ക് ഖദീജ, ഹലീമ എന്നും പേരുകള്‍ നല്‍കി. അവരെ മുസ്ലിംകളോടൊപ്പം കൂട്ടി.

ആയിഷയായി മാറിയ ചിരുതയെയും മുസ്ലിംകളായ കൂട്ടുകാരെയും കപ്രാട്ട് പണിക്കര്‍ക്ക് അത്രക്കങ്ങ് ദഹിച്ചില്ല. ഒരു ദിവസം മേല്‍കുപ്പായം ധരിച്ച്  ജോലിയില്‍ വ്യാപൃതയായ ആയിഷയെ കണ്ട പണിക്കര്‍ അവര്‍ക്ക് നേരെ കലിതുള്ളി ചീറിയടുത്തു. വസ്ത്രം വലിച്ചുകീറി. മുലയില്‍ കുത്തി മുറിവേല്‍പ്പിച്ചു. ക്രൂരമായി മര്‍ദ്ദിച്ചു. ഭയന്ന് വിറച്ച, സഹായിക്കാനാരുമില്ലാത്ത ആയിഷ അഭയം തേടി മമ്പുറത്തെ തങ്ങളുപ്പാപ്പയിലേക്ക് ഓടി. 

താന്‍ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന, സ്‌നേഹിച്ചിരുന്ന കൃഷ്ണപ്പണികരില്‍നിന്ന് മമ്പുറം തങ്ങള്‍ ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. യാഥാര്‍ത്ഥ്യങ്ങള്‍ അറിഞ്ഞ തങ്ങള്‍ ഏറേ വേദനിച്ചു. കാരുണ്യത്തിന്റെ കടലായ സൂഫീ ജ്ഞാനലോകത്തിന്റെ രഹസ്യങ്ങളൊക്കെ അറിയുന്ന, ആ കാലഘട്ടത്തിലെ ഔലിയാക്കളുടെയൊക്കെ നേതാവായ 'ഖുത്ത്ബ്' എന്ന സ്ഥാനം അലങ്കരിക്കുന്ന സയ്യിദ് അലവി തങ്ങളുടെ നെഞ്ഞ് നീറി. അതോടൊപ്പം തന്നെ കപ്രാട്ട് തമ്പ്രാന്റെ ചെയ്തി മലബാറിലുടനീളം കാട്ടുതീപോലെ വാര്‍ത്ത പരന്നു. ജന്മിത്വ താന്തോന്നിത്തരങ്ങളില്‍ ആദ്യമേ മനം മടുത്ത മുസ്ലിം സമുദായത്തെ ഈ വാര്‍ത്ത വല്ലാതെ പ്രകോപിപ്പിച്ചു.

സാമൂതിരിയുടെ ഭരണ സംവിധാനത്തിലും  ബ്രിട്ടീഷ് പട്ടാള കോടതിയിലും പ്രതീക്ഷ നഷ്ടപ്പെട്ട സമുദായം നിസ്സഹായരായിരിക്കുന്ന സമയത്താണ് കച്ചവടകാരിലൂടെ വാര്‍ത്ത പൊന്‍മളയില്‍  എത്തുന്നത്. മുസ്ലിം സമുദായത്തിന്റെ ആത്മാഭിമാനത്തിനേറ്റ മുറിവിന് പ്രതികാരം ചെയ്യാന്‍  ആരും  മുന്നോട്ട് വരാത്ത അവസ്ഥയില്‍ ആ ദൗത്യം ഏറ്റെടുക്കാന്‍ ദൃഢനിശ്ചയം ചെയ്ത് അവിടുന്ന് പൂവാടന്‍ മൊഹ്യുദ്ദീന്‍, പട്ടര്‍കടവ് ഹുസൈന്‍ എന്നിവര്‍ മമ്പുറം തങ്ങളെ കാണാന്‍ പുറപ്പെട്ടു. പലസമയങ്ങളിലായി കുന്നാഞ്ചേരി അലി ഹസ്സന്‍, പുന്തിരുത്തി ഇസ്മാഈല്‍, പൂനതക്കപ്പുറം മരക്കാര്‍ മുഹ്യുദ്ദീന്‍, ചേലക്കല്‍ ബുഖാരി, കുട്ടി മൂസകുട്ടി എന്നിവര്‍ സംഘത്തില്‍ ചേര്‍ന്നു. പൊന്‍മളക്കാര്‍ സംഘത്തിന് ആവേശ്വജ്വലമായ യാത്രയയപ്പ് നല്‍കി. സംഘത്തിന്റെ മനോവീര്യത്തില്‍ സംതൃപ്തനായ, കേരളം കണ്ടതില്‍വച്ച് എക്കാലത്തേയും ഉയര്‍ന്ന പദവിയിലുള്ള സൂഫിയായ മമ്പുറം സയ്യിദ് അലവി തങ്ങള്‍ അവരെ ആശീര്‍വദിച്ചു. 

ദൗത്യം നിര്‍വഹിക്കാനാവശ്യമായ മുഴുവന്‍ സംവിധാനങ്ങളും ഒരുക്കി കൊടുത്തു. റംസാന്‍ മാസത്തില്‍ ബദ്റ് ദിനത്തില്‍ ബദ്റ് മൗലീദ് ഓതി തങ്ങള്‍ അവര്‍ക്ക് വേണ്ടി ദുആ ചെയ്ത് കപ്രാട്ട് പണിക്കരുടെ വീട്ടിലേക്ക് പറഞ്ഞയച്ചു. ബദര്‍ പടയുടെ വീരോജ്വലമായ ഓര്‍മകളോടെ സംഘം കപ്രാട്ട് കൃഷ്ണപ്പണിക്കരെ വധിച്ചു. അദ്ദേഹത്തിന്റെ പടയാളികളെ പോരിന് വെല്ലുവിളിച്ചു. നായര്‍പട ഭയചികിതരായി ഓടിയൊളിച്ചു. ഇതിന്റെ പേരില്‍ ഒരു നിരപരാധിയും ഉപദ്രവിക്കപെടരുത് എന്നതിനാല്‍ തന്നെ പടയാളികള്‍ കൊന്നത് ഞങ്ങളാണന്ന് പേര് പരസ്യപ്പെടുത്തി മറ്റൊരു സൂഫീ വര്യനായ മാളിയേക്കല്‍ സയ്യിദ് അബ്ദുറഹ്മാന്‍ എന്ന അകത്തെ കോയത്തങ്ങളെ കാണാന്‍ പുറപ്പെട്ടു. ഏത് സമയത്തും പ്രത്യാക്രമണമുണ്ടാവാം എന്നതിനാല്‍ ബന്ധുമിത്രാദികളോട് അവസാന യാത്രപറഞ്ഞ് ഇറങ്ങിപുറപ്പെട്ട ആ സംഘത്തിന്  വഴിയിലുടനീളമുള്ള മുസ്ലിം സമുദായം ആഘോഷപൂര്‍വമായ സ്വീകരണങ്ങള്‍ നല്‍കി. മാളിയേക്കല്‍ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ സ്വീകരിച്ച് ആദരിച്ചു. അവരുടെ ആയുധങ്ങള്‍ മന്ത്രിച്ചു നല്‍കി. 

ധീര യോദ്ധാക്കളുടെ ഈ ചെറു സംഘത്തിന്റെ ആര്‍ജവം മലബാറിലുടനീളം  ജന്മിത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് തിരികൊളുത്തി. ജന്മിത്വത്തിന് കീഴില്‍ ജീവിതം ഞെരിഞ്ഞമര്‍ന്നിരുന്ന കീഴ്ജാതി ജനവിഭാഗങ്ങള്‍ കൂട്ടം കൂട്ടമായി ഇസ്ലാം സ്വീകരിച്ച് പോരട്ടത്തിന്റെ ഭാഗമായി. മലബാറിലുടനീളം വലിയ ആവേശം പകര്‍ന്ന ഈ എഴാള്‍ സംഘം തിരിച്ച് മമ്പുറം തങ്ങളുടെ അടുത്തെത്തുമ്പോഴേക്ക് അവര്‍ക്കെതിരെ ബ്രിട്ടീഷ് പട്ടാളത്തിന്റെ സഹായത്തോടെ നായര്‍ പട സൈനിക നീക്കം ആരംഭിച്ചിരുന്നു. ബ്രിട്ടീഷ് നാറ്റിവ് ഇന്‍ഫെന്റ്രി അഞ്ചാം റെജിമെന്റിന്റെ ഒരു വലിയ പട അവര്‍ക്കെതിരെ ചേറൂരില്‍ തമ്പടിച്ചിട്ടുണ്ടന്ന് അറിഞ്ഞ മമ്പുറം തങ്ങള്‍ അവരോട് ശത്രുവിന്റെ സങ്കേതമായ ചേറൂരില്‍ ചെന്ന് യുദ്ധം ചെയ്യാന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ നിര്‍ദേശാനുസരണം ചേറൂരിലേക്ക് പുറപ്പെട്ട അവര്‍ വഴിയില്‍ ബ്രിട്ടീഷ് സൈന്യത്തിന് സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്ന രാവുക്കപ്പണിക്കരുടെ വീട് ആക്രമിച്ചു. ഹിജ്റ 1252, റമദാന്‍ 29ന് ബ്രിട്ടിഷ് സൈന്യവുമായി ഏറ്റ്മുട്ടിയ സംഘത്തിന് മുന്നില്‍ തുടക്കത്തില്‍ പതറിപോയ ബ്രിട്ടീഷ സൈന്യം കൂടുതല്‍ സന്നാഹങ്ങളുമായി തിരിച്ചടിക്കുകയും ആ പോരാട്ടത്തില്‍ ഏഴ് മുസ്ലിം യോദ്ധാക്കളും രക്തസാക്ഷികളാവുകയും ചെയ്തു.

1843 ഒക്ടോബറില്‍നിന്ന് 2017 സെപ്റ്റമ്പറിലേക്ക് അതികം ദൂരമൊന്നും ഇല്ല എന്നത് നമ്മള്‍ മറന്ന് പോവുകയാണോ? മുസ്ലിം രാഷ്ട്രീയ നേതൃത്വത്തെ മറന്നേക്കുക. ഈ അനുഭവങ്ങളുടെ വിലയറിയാത്ത പാവങ്ങളെയും വിട്ടേക്കുക. മമ്പുറം തങ്ങളുടെ മഖാം ഇന്നും മലബാറിലെ മുസ്ലിം ജീവിതത്തിന്റെ കേന്ദ്രമാവുമ്പോള്‍ നമ്മുക്കെങ്ങിനെയാണ് നാം അവരുടെ പിന്‍മുറക്കാരാണന്ന് പറയാനാവുക? ഇസ്ലാം സ്വീകരിച്ച രണ്ട് പെണ്‍കുട്ടികളുടെ വേദന എങ്ങനെയാണ് കാണാതിരിക്കാനാവുക? 

ശുഹദാക്കളുടെ ശരീരം തിരൂരങ്ങാടി പട്ടാള ക്യാമ്പിലിട്ട് പെട്രൊളോഴിച്ച് കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ തീയേല്‍ക്കാത്ത പരിശുദ്ധ ശരീരങ്ങള്‍ കണ്ട് പട്ടാളക്കാര്‍ ഭയചികിതരായി ഓടിയില്ലെ? ശേഷം മുസ്ലിംകള്‍ ആ മയ്യത്തുകള്‍ ഏറ്റെടുത്ത് ചെമ്മാട് ഖബറടക്കിയിട്ടും ദീര്‍ഘകാലം പട്ടാളം സന്ദര്‍ശനം നിരോധിച്ചില്ലേ? നിരോധനകാലത്ത് സ്ഥലം വിസ്മരിച്ച് പോയ മുസ്ലിം സമുദായത്തോട് ഒരു പാവം കര്‍ഷകന്‍ അറിയാതെ ആ മണ്ണില്‍ കലപ്പയിറക്കിയപ്പോള്‍ നിങ്ങളെന്തിനാണ് ഇരുമ്പ് ദണ്ഡുകളുപയോഗിച്ച് ഞങ്ങളുടെ നെഞ്ചുകള്‍ കുത്തികീറുന്നത് എന്ന് ശുഹദാക്കള്‍ ചോദിച്ചില്ലേ ? രണ്ട് സഹോദരിമാരുടെ നിസ്സഹായതക്ക് മുന്നില്‍ നിഷ്‌ക്രിയരായിരിക്കുന്ന നമ്മളോടല്ലേ ആ ചോദ്യങ്ങള്‍? നമ്മളെന്തിനാണ് ഇനിയും ശുഹദാക്കളുടെ നെഞ്ചുകള്‍ കുത്തികീറുന്നത്?

ഈദ് ആഘോഷങ്ങള്‍ കഴിഞ്ഞുള്ള ഈ ദിനങ്ങളില്‍ ഇബ്രാഹീമും ഇസ്മാഈലും (അലൈഹുമസ്സലാം) കേവലം ചരിത്ര വസ്തുതകള്‍ മാത്രമല്ല എന്നത്‌പോലെ തന്നെ ഹാദിയയും ആയിഷയും കേവലം സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളും അല്ല. തങ്ങളെയും ശുഹദാക്കളെയും പോലെ ഹാദിയയും ആയിഷയുമൊക്കെ നമ്മുടെ ഓരോരുത്തരുടെയും ഖല്‍ബിന് അകത്താണ്. ആ ഖല്‍ബ് കാണാനുള്ള തുറവിയുണ്ടാക്കണം. എന്നിട്ട് തങ്ങളെ പോയി കണ്ട്, ചേറൂര്‍ ശുഹദാക്കളെ സിയാറത്ത് ചെയ്ത് ഹാദിയയുടെയും ആയിഷയുടെയും അച്ചനമ്മമാരെപോയി കാണണം. മക്കളെ ദ്രോഹിക്കരുതേ എന്ന് പറയണം. അവരെ നമ്മോടൊപ്പം ചേര്‍ത്താല്‍ ഞങ്ങളെപോലെ അനേകായിരം സഹോദരീ സഹോദരന്മാര്‍ നിങ്ങളോടൊപ്പം ഉണ്ടാവുമെന്ന് പറയണം. ദുഖങ്ങളും വേദനകളും ഒരുപോലെ പങ്കിട്ട് ഒരു സമുദായമായി തന്നെ നമുക്കൊക്കെ ഒരുമിച്ച് ജീവിക്കാനാവുമെന്ന ഉറപ്പ് കൊടുക്കണം. 

അതില്‍നിന്ന് മാത്രമാണ് വൈക്കത്തെയും കാസര്‍ക്കോട്ടെയും ജന്മിത്വങ്ങള്‍ തകരാനുള്ള സമരങ്ങള്‍ രൂപപ്പെടുകയുള്ളൂ. ശുഹദാക്കളോട് നമുക്ക് നീതി പുലര്‍ത്താനാവൂ. ഖുത്തുബുസമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങള്‍ നമ്മളെ നോക്കി പുഞ്ചിരിക്കയുള്ളു.. അല്ലാതെ ഇനിയും നാം നമ്മുടെ ഇരുമ്പുലക്കകള്‍ വച്ച് ശുഹദാക്കളുടെ നെഞ്ച് കുത്തികീറരുത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter