വാരിയംകുന്നത്തും മലയാള രാജ്യവും: 1921 നെ ചരിത്രപരമായി അടയാളപ്പെടുത്തുന്ന പുസ്തകം 

കഴിഞ്ഞ ആഴ്ച പ്രകാശിതമായ ഡോ. മോയിൻ മലയമ്മയുടെ വാരിയംകുന്നത്തും മലയാള രാജ്യവും : മലബാർ പോരാട്ടങ്ങളുടെ കോളനിയനന്തര വായന എന്ന പുസ്തകം മലബാർ സമരങ്ങളുടെ നൂറാം വാർഷികത്തിൽ പുറത്തുവന്ന കൃതികളിൽ ഏറെ ശ്രദ്ധേയമാണ്. മലബാർ ചരിത്രത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട സംഭവങ്ങളാണ് 1921ലെ ബ്രിട്ടീഷ് വിരുദ്ധ കലാപവും അതിന്റെ നേതൃത്വത്തിലുണ്ടായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയും. 

പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും മലബാറിൽ വിശിഷ്യ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിൽ അരങ്ങേറിയ ബ്രിട്ടീഷ്- ബ്രിട്ടീഷ് അനുകൂല ജന്മി വിരുദ്ധ സമരങ്ങളുടെ മൂർദ്ധന്യതയാണ് 1921 ൽ വാരിയംകുന്നത്തിലൂടെ സംഭവിച്ചതും അവസാനം സമാനതകളില്ലാത്ത പ്രതികാര നടപടികളിലൂടെ ബ്രിട്ടീഷുകാർ അടിച്ചൊതുക്കിയതും.
 തീർത്തും ബ്രിട്ടീഷ് വിരുദ്ധവും ബ്രിട്ടീഷുകാരുടെ സഹായത്തോടുകൂടി മാപ്പിളമാരെയും കുടിയാന്മാരെയും ചൂഷണം ചെയ്തിരുന്ന ജന്മി വിരുദ്ധവുമായ ഈ പോരാട്ടങ്ങളെ തകർക്കാൻ ബ്രിട്ടീഷുകാർ നടത്തിയ വ്യാജ പ്രചാരണങ്ങളാണ് ഇത് മാപ്പിളമാരുടെ ഹിന്ദുവിരുദ്ധ കലാപങ്ങളാണെന്ന്. 

Also Read:രാജ്യസ്‌നേഹിയായ വാരിയന്‍കുന്നത്ത് കുഞ്ഞഹ്മദ് ഹാജി

ബ്രിട്ടീഷ് രചനകളെയും റിപ്പോർട്ടുകളുടെയും മാത്രം അവലംബിച്ച് ഈ സമരത്തെയും സമര നായകരെയും ഹിന്ദു വിരുദ്ധമാക്കാനുള്ള ശ്രമം ആദ്യകാലം തൊട്ടേ നടന്നുവന്നിരുന്നു. മലബാർ സമരത്തിന് നൂറു വർഷം പൂർത്തിയാകുന്ന ഈ സമയത്ത് അത്തരത്തിലുള്ള ചരിത്ര വായനക്ക് പ്രാമുഖ്യം ലഭിക്കുന്ന തരത്തിൽ നിരവധി പുസ്തകങ്ങളാണ് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മലബാറിൽ നിലനിൽക്കുന്ന സാമുദായിക സൗഹൃദങ്ങൾ തകർക്കുകയും തദ്വാര അധികാരം ഉറപ്പിക്കാനുള്ള കുൽസിത ശ്രമങ്ങളുമാണ് ഇതിലൂടെ തീവ്ര ഹിന്ദു  വലതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. 

ചരിത്ര വക്രീകരണത്തിന്റെ  ഈ ഘട്ടത്തിൽ നടത്തപ്പെട്ട സത്യസന്ധമായ ചരിത്ര രചനയാണ് ഡോ. മോയിൻ മലയമ്മയുടെ ഈ പുസ്തകം. കൊളോണിയൽ സോഴ്സുകളെയും തീവ്ര ഹിന്ദു വലതുപക്ഷ അനുഭാവത്തോടെ എഴുതപ്പെട്ട രചനകളെയും അവയുടെ രചന പരിസരവും ഉദ്ദേശശുദ്ധിയും പരിശോധിക്കുന്നതോടൊപ്പം സമരത്തിന്റെ നേർ സാക്ഷികളിൽ നിന്നും സമരത്തെ കേട്ട ഒന്നാം തലമുറയുടെ അനുഭവങ്ങളെയും ആസ്പദമാക്കി എഴുതപ്പെട്ട രചനകളെയും അവലംബിച്ചാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നത്.

 1857 ൽ ഡൽഹി ആസ്ഥാനമായി നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നടന്ന ഏറ്റവും വലിയ സായുധ മുന്നേറ്റങ്ങളെ ഹിന്ദുവിരുദ്ധ ലഹളയും അതിന് നേതൃത്വം നൽകിയ ആലി മുസ്‌ലിയാരെയും, വാരിയംകുന്നത്തിനെയും, ചെമ്പ്രശ്ശേരി തങ്ങളെയും, സീതിക്കോയ തങ്ങളെയും മറ്റും മതഭ്രാന്തന്മാരാക്കാൻ ശ്രമിക്കുന്നവർക്കും കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ഗ്രന്ഥകാരൻ മറുപടി നൽകുന്നു. മലബാർ സമരവുമായി ബന്ധപ്പെട്ട് വക്രീകൃത ചരിത്ര കൃതികൾ തീവ്ര ഹിന്ദു വലതുപക്ഷത്ത് നിന്നും നിരന്തരം പ്രസിദ്ധീകരിക്കപ്പെട്ട കൊണ്ടിരിക്കുമ്പോൾ സത്യസന്ധമായ ചരിത്രരചനയുടെ നേർരേഖ യായി സുഹൃത്ത് ഡോ. മോയിൻ മലയമ്മ യുടെ കൃതി വേറിട്ട് നിൽക്കും. ഗ്രന്ഥകാരനും പ്രസാധകരായ ബുക്ക് പ്ലസിനും അഭിനന്ദനങ്ങൾ...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter