തഹ്‍രീദ്: ഉലമാ ആക്ടിവിസത്തിന്റെ ഉത്തമ ഉദാഹരണം

ആദ്യകാല മലബാറിലെ, ഏറെ പ്രസിദ്ധി ആർജിച്ച പദ്യകൃതിയാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്‍ രചിച്ച "തഹ്‍രീദ് അഹ്‌ലിൽ ഈമാൻ അലാ ജിഹാദി അബദതി സുൽബാൻ" എന്ന ഗ്രന്ഥം. 

പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്. ഈ കാലഘട്ടത്തിൽ മലബാറിലേക്ക് എത്തിച്ചേർന്ന പോർച്ചുഗീസ് അധിനിവേശ ശക്തികളോടുള്ള തദ്ദേശീയമായ പ്രതികരണങ്ങളെ കൃത്യമായി ഈ കൃതി രേഖപ്പെടുത്തുന്നുണ്ട്. പ്രസ്തുത കൃതിക്ക് സമാനമായി ധാരാളം കൃതികൾ ഈ കാലഘട്ടത്തിൽ തന്നെ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനൊക്കെ ദശകങ്ങൾക്ക് മുമ്പ് തന്നെ തഹരീദ് രചിക്കപ്പെട്ടിട്ടുണ്ട് എന്നത് ഈ കൃതിയെ കൂടുതൽ പ്രസക്തിയുള്ളതാക്കുന്നു. 

ഒട്ടേറെ വൈദേശിക ഇടപെടലുകൾക്ക് സാക്ഷിയായ പ്രദേശമാണ് മലബാർ. വാണിജ്യപരവും സാംസ്കാരികവുമായ വ്യാപനങ്ങൾ സമൂഹത്തെയും സാഹിത്യത്തെയും പ്രതിഫലിച്ചിരുന്നു എന്നത് ചരിത്ര ഗ്രന്ഥങ്ങളിൽ നിന്ന് വ്യക്തമാണ്. ആദ്യകാലം മുതലുള്ള ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നും മറ്റു പ്രാദേശിക ശേഖരങ്ങളില്‍ നിന്നും മലബാറിന്റെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കാൻ സാധിക്കും. എങ്കിലും ഇന്ത്യൻ മഹാസമുദ്ര പഠനങ്ങളിൽ മറ്റു പ്രദേശങ്ങളെപ്പോലെ അത്ര വലിയ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്ന ഒരു പ്രദേശമായി മാറാൻ മലബാറിനു സാധിച്ചിരുന്നില്ല.

ആദ്യകാല മലബാറിൽ അമൂല്യമായ ധാരാളം കൃതികൾ ഈ സമൂഹത്തിന് സംഭാവന ചെയ്ത പ്രസിദ്ധ ഇസ്‍ലാമിക പണ്ഡിതനാണ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ. പോർച്ചുഗീസ് അധിനിവേശ കാലത്ത് ജീവിച്ചിരുന്ന ഇദ്ദേഹം പോർച്ചുഗീസുകാർക്കെതിരെ രംഗത്ത് ഇറങ്ങിയെന്നത് അവിതർക്കിതമാണ്. അറബി ഭാഷയിൽ എഴുതപ്പെട്ട ഈ കൃതി മറ്റു ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടാത്തത് കൃതിയുടെ ലഭ്യത കുറയാന്‍ കാരണമായിട്ടുണ്ട്.

എസ്റ്റാഡോ ഡി കമ്പനിയും 1503 ലെ ഉടമ്പടിയും

1467ൽ കൊച്ചിയിലാണ് സൈനുദ്ധീൻ മഖ്ദൂം ഒന്നാമൻ ജനിക്കുന്നത്. ആത്മീയമായി ഉന്നതിയിലുള്ള കുടുംബ പശ്ചാത്തലം ആയിരുന്നു അദ്ദേഹത്തിന്റേത്. തന്റെ മാതൃസഹോദരനായ ഖാളി സൈനുദ്ധീൻ ഇബ്ൻ അഹ്മദ് എന്നിവരുടെ തീരുമാനമനുസരിച്ച് ചെറുപ്രായത്തിൽ തന്നെ കുടുംബത്തോടൊപ്പം അദ്ദേഹം പൊന്നാനിയിലേക്ക് താമസം മാറുകയുണ്ടായി. അതേസമയത്ത് തന്നെ മരക്കാരിൽ ഒന്നാമനായ കുഞ്ഞാലിമരക്കാരും വ്യാപാരാവശ്യത്തിന് വേണ്ടി പൊന്നാനിയിലേക്ക് താമസം മാറുന്നുണ്ട്. പിന്നീടാണ് 1498ൽ പോർച്ചുഗീസുകാരനായ വാസ്കോഡഗാമയും സംഘവും കാപ്പാട് തീരത്ത് നങ്കൂരമിടുന്നതും തുടർന്ന് 1503 ൽ കൊച്ചി, പോർച്ചുഗീസ് കമ്പനിയായ എസ്റ്റാഡോ ഡി കമ്പനിയുടെ കീഴിലായി മാറുന്നതും. തത്ഫലമായി മുസ്‍ലിം വ്യാപാരികൾക്കും അവരുടെ ആശ്രിത സമൂഹങ്ങൾക്കും ഈ പ്രദേശം വിട്ടു പോകേണ്ടി വന്നു.

കുറച്ചു വർഷങ്ങൾ സമാധാനപരമായ അന്തരീക്ഷത്തിൽ കടന്നു പോയി. അപ്പോഴാണ് പോർച്ചുഗീസ് പട്ടാളം പ്രധാന പ്രദേശത്തെ പട്ടണം ആക്രമിക്കുന്നതും പ്രദേശവാസികൾ ഭയചികതരായി മാറുന്നതും. മലബാറിലെ മുഖ്യ കച്ചവടക്കാർ മുസ്‍ലിംകൾ ആയതുകൊണ്ടും കുരിശു യുദ്ധം മൂലം ഉടലെടുത്ത ഒരു തെറ്റിദ്ധാരണ മൂലവും മുസ്‍ലിംകളെ തങ്ങളുടെ ശത്രുക്കളാക്കി പോർച്ചുഗീസുകാർ പ്രതിഷ്ഠിക്കുകയുണ്ടായി. അതിനാൽ ഈ വൈദേശികരെ നശിപ്പിക്കാതെ മലബാറിലെയും മറ്റു അയൽ പ്രദേശങ്ങളിലെയും വാണിജ്യ മേഖലകളിൽ സക്രിയമായി ഇടപെടാൻ കഴിയില്ല എന്ന് അവർ മനസ്സിലാക്കി.

ഇത്തരത്തിലുള്ള വൈദേശിക ആക്രമണങ്ങൾക്കെതിരായ ചെറുത്തുനിൽപ്പുകൾക്ക് സൈനുദ്ദീൻ മഖ്ദൂം, കുഞ്ഞാലിമരക്കാർ, ഖാളി മുഹമ്മദ് എന്നിവർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അധിനിവേശ ശക്തികളിൽ നിന്ന് തങ്ങളുടെ പ്രദേശത്തെ മോചിപ്പിക്കാൻ ശ്രമകരമായ പ്രവർത്തനം തന്നെ ഇത്തരത്തിലുള്ള നേതൃത്വങ്ങളുടെ കീഴിൽ നടന്നിട്ടുണ്ട് എന്നത് തഹ്‍രീദ് പോലുള്ള കൃതികൾ വ്യക്തമാക്കുന്നു. കയ്യേറ്റം ചെയ്യപ്പെട്ട പ്രദേശത്തെ ജനങ്ങളുടെ പ്രതികരണങ്ങളെ രേഖപ്പെടുത്തുന്ന യൂറോപ്പ്യൻ ചരിത്രകാരന്മാരും അവരുടെ വിവരണങ്ങളും ഇന്ന് യഥേഷ്ടം ലഭ്യമാണ്. എന്നാൽ തദ്ദേശീയമായതും തനത് രൂപത്തിലുള്ളതുമായ വിവരണങ്ങളുടെ ഒരു സ്വദേശി സംഭാവന എന്ന നിലക്ക് ഈ കൃതി എന്ന നിലയിലാണ് ഈ കൃതിയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്.


തഹ്‍രീദ്: ഘടന, ആശയം

രചനയുടെ കാലഘട്ടം പരിശോധിക്കുമ്പോൾ മറ്റു ചില സുപ്രധാന കൃതികളോടൊപ്പമാണ് ഈ കൃതി രചിക്കപ്പെടുന്നത്. തുഹ്ഫത്തുൽ ഇഖ്‌വാനും ഖാളി മുഹമ്മദിന്റെ ഫത്ഹുൽമുബീനും തഹ്‍രീദിനോട് സമാനമായ കൃതികളാണ്. ഇത്തരം കൃതികൾ ഭരണ വിഭാഗത്തിന്റെയും മതത്തിന്റെയും പരസ്പരബന്ധം കാണിച്ചുതരുന്നതോടൊപ്പം വിദേശികളോടുള്ള ജനങ്ങളുടെ മാനസികാവസ്ഥയും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

തഹ്‍രീദ് എന്ന കൃതി 175 വരികളാൽ സമ്പുഷ്ടമാണ്. 14 ഉപ ശീർഷകങ്ങളായി കൃതിയെ തരം തിരിച്ചിരിക്കുന്നു. പ്രാർത്ഥനയാൽ ആരംഭിച്ച് ശുഭാപ്തി വിശ്വാസത്തോട് കൂടെ അവസാനിക്കുന്ന രീതിയാണ് പ്രസ്തുത ഗ്രന്ഥത്തിൽ രചയിതാവ് സ്വീകരിച്ചിട്ടുള്ളത്. തഹ്‍രീദ് എന്നതിന്റെ അർത്ഥം തന്നെ പ്രേരിപ്പിക്കല്‍, ഇളക്കിവിടല്‍ എന്നൊക്കെയാണ്. ഈ കൃതിയിൽ ജിഹാദ് എന്നത് വിശ്വാസികളുടെ ഒരു കടമയായി (Responsibility) അവതരിപ്പിക്കുന്നു, അത്തരത്തിലാണ് ആദ്യത്തെ ഉപഷീർഷകവും. വൈദേശികര്‍ക്കെതിരെ രചയിതാവും മറ്റു നേതാക്കളും അണിനിരന്നതിന്റെ തെളിവുകൾ ഈ കൃതിയിൽ നിന്നും വ്യക്തമാകുന്നുണ്ട്. "ജിഹാദുഹും ഫർളുൻ അലാ കുല്ലി മുസ്‍ലിമിൻ" എന്ന ഈ കൃതിയിലെ 26-ാം വരിയിൽ എല്ലാ മുസ്‍ലിമിനും യുദ്ധം നിർബന്ധമാണെന്ന പരാമർശം കാണാൻ കഴിയും. 

ഈ കൃതിയുടെ മറ്റൊരു ഭാഗത്ത് പോർച്ചുഗീസ് ശക്തികൾ മുസ്‍ലിംകള്‍ക്കെതിരെ നടത്തിയ ക്രൂരതകളെ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്. മസ്ജിദുകൾ തകർക്കുക, ഖുർആൻ കത്തിക്കുക, ഹജ്ജ് തീർത്ഥാടകരെ ആക്രമിക്കുക, കുരിശിൽ വണങ്ങാൻ നിർബന്ധിക്കുക എന്നിങ്ങനെ തുടങ്ങിയുള്ള ധാരാളം ക്രൂരതകള്‍ ഈ പ്രദേശത്തെ മുസ്‍ലിംകൾ നേരിട്ടിരുന്നു. പോർച്ചുഗീസുകാർക്കെതിരെ പോരാടുക എന്ന ആശയത്തിലേക്ക് ഇവരെ നയിച്ചത് ഇത്തരം ക്രൂരതകളാണ്‌. ഉമർ ഖാളി വെള്ളിയാഴ്ച ദിവസം ജുമുഅ യുടെ ഖുതുബക്ക് ശേഷം വിദേശ ശക്തികൾക്ക് എതിരെ പോരാടണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തതായി അദ്ദേഹത്തിന്റെ കൃതികളിൽ കാണാൻ കഴിയും. ഇത്തരം അധിനിവേശ ശക്തികളുടെ പ്രവർത്തനങ്ങളും അവർക്കെതിരെയുള്ള തദ്ദേശീയ പ്രതികരണങ്ങളും കൃത്യമായി വരച്ചു കാട്ടുകയാണ് തഹരീദ് പോലെയുള്ള ഗ്രന്ഥങ്ങൾ. കേവലം യുദ്ധങ്ങൾക്ക് ആഹ്വാനം ചെയ്യുന്നു എന്നതിലുപരി രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായ പല തലങ്ങളെയും പരിഗണിച്ചുള്ള ശക്തമായ പണ്ഡിതോചിത ഇടപെടലുകളായി വേണം ഇവയെ വിലയിരുത്താന്‍.

മറ്റു കൃതികളുമായി താരതമ്യം ചെയ്യുമ്പോൾ തഹരീദ് എന്ന കൃതി ചരിത്രവിവരണങ്ങളുടെ ഒരു സംയോജകമെന്നതിലുപരി, മലബാറിലെ പോർച്ചുഗീസ് കയ്യേറ്റങ്ങൾക്കെതിരായ പ്രാദേശിക പ്രതികരണങ്ങളുടെ വിവിധ തലങ്ങളുടെ വിവരണമാണെന്ന് പറയാം. സാധാരണക്കാരായ മുസ്‍ലിംകളെയും അധികാരികളെയും ശക്തമായ നീക്കത്തിന് പ്രേരിപ്പിച്ചുകൊണ്ട് അന്നത്തെ പണ്ഡിതര്‍ അവരുടെ ഉത്തരവാദിത്തം നിര്‍വ്വഹിച്ചത് എങ്ങനെയാണെന്നും ഈ കൃതി രേഖപ്പെടുത്തുന്നുണ്ട്. 

പ്രസിദ്ധീകരിക്കപ്പെടാത്തതോ ഇന്ന് ലഭ്യമല്ലാത്തതോ ആയി ഇനിയും ഇത്തരം അനേകം കൃതികളുണ്ടെന്ന് ന്യായമായും നമുക്ക് അനുമാനിക്കാം. അത്തരം കൃതികളെ വീണ്ടെടുക്കാനും സമൂഹസൃഷ്ടിയില്‍ അതത് കാലങ്ങളില്‍ പണ്ഡിതര്‍ വഹിച്ച് ചരിത്രപരമായി രേഖപ്പെടുത്താനും ഇനിയും ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter