എന്‍.ആര്‍.സി:
ആസാമിലെ ബാര്‍പേട്ട ജില്ലയിലെ ബൈശഗ്രാമത്തലവന്‍ ഇംറാന്‍ ഹുസൈന്‍, ആസാം നിവാസി മുജീബുര്‍ഹ്മാന്‍ എന്നിവര്‍ സംസാരിക്കുന്നു:
ഞങ്ങള്‍ ഇനി എങ്ങോട്ടു പോകും
ഓണ്‍വെബ് എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ


പത്തൊമ്പത് ലക്ഷത്തി ആറായിരത്തി അറുനൂറ്റിഅമ്പത്തിയേഴ് മനുഷ്യര്‍ രേഖകളില്‍ രാജ്യത്തിന്റെ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്നു, അവരില്‍ മുപ്പത്തിയാറ് വര്‍ഷത്തോളം രാജ്യത്തെ സേവിച്ച സനാഉല്ല എന്ന പട്ടാളക്കാരനുണ്ട്, മുന്‍ രാഷ്ട്രപതി ഫക്രുദ്ധീന്‍ അലി അഹമ്മദിന്റെ മക്കളുണ്ട്, അസം മുന്‍മുഖ്യമന്ത്രിയുംഎം.എല്‍.എയുമുണ്ട്, അനീതിയുടെ നിഴലാട്ടങ്ങള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കെ  എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട തങ്ങളും ആസാമിലെ ബൈശഗ്രാമവും നേരിടുന്ന പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും കുറിച്ച് ഇംറാന്‍ ഹുസൈന്‍, മുജീബുര്‍ഹ്മാന്‍ എന്നിവര്‍ തങ്ങളുടെ വേദനകളെ  ഓണ്‍ വെബിനോട് പങ്കുവെക്കുന്നു.


ഇംറാന്‍ ഹുസൈന്‍,മുജീബുര്‍ഹ്മാന്‍/സയ്യിദ് മുഈന്‍,അബ്ദുല്‍ ഹഖ്


ദേശീയ പൗരത്വ രജിസ്ട്രര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പുറത്തായ 19 ലക്ഷത്തോളം പേരില്‍ നിങ്ങളുടെ ബന്ധുക്കളും ഉള്‍പ്പെടുന്നു, എങ്ങനെ പ്രതികരിക്കുന്നു ഈ അനീതിയോട്?


ഞാന്‍ ബാര്‍പ്പെട്ട ജില്ലയിലെ  ബൈശ ഗ്രാമത്തലവനാണ്, എന്റെ പേര് ഇംറാന്‍ ഹുസൈന്‍,(ഗാവൊംപുറ എന്നാണ് ഇവിടുത്തെ ഭാഷയില്‍ ഗ്രാമത്തലവനെ വിളിക്കാറ്,ഇത് സര്‍ക്കാറിന്റെ തന്നെ നേരിട്ടുള്ള നിയമനമാണ്, ആ നിയമനത്തിന് സര്‍ക്കാര്‍ തന്നെയാണ് വേതനം നല്‍കുന്നതും,ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ (എന്‍.ആര്‍.സി) തയ്യാറാക്കുന്നതിന്  ഈ ഗ്രാമത്തിലെ ജനങ്ങള്‍ക്ക വേണ്ടി ഫോമുകളും രേഖകളുമെല്ലാം എത്തിക്കുന്നതിന് സഹായിച്ചിരുന്നതും ഇംറാന്‍ ഹുസൈന്‍ എന്ന ഗ്രാമത്തലവനായിരുന്നു). എന്‍.ആര്‍.സി തയ്യാറാക്കാന്‍ വേണ്ടി ഈ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് വേണ്ടി മുന്നില്‍ നിന്നവനാണ് ഞാന്‍, എന്നാല്‍ എന്റെ വേദന പറയട്ടെ, എന്നിട്ടും ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യ ലിസ്റ്റില്‍ എന്റെ മൂന്ന് പെങ്ങന്മാര്‍ ഉള്‍പെട്ടിരുന്നില്ല, രണ്ടാമത്തെ ലിസ്റ്റ് പുനപ്രസിദ്ദീകരിച്ചപ്പോള്‍ ഒരു പെങ്ങള്‍ മാത്രം ഉള്‍പ്പെട്ടു, മറ്റു രണ്ടു പെങ്ങന്മാര്‍ ഇപ്പോഴും ലിസ്റ്റില്‍ നിന്ന് പുറത്താണ്, ഇവിടെ ജനിച്ച് വളര്‍ന്ന് ഒരു സുപ്രഭാതത്തില്‍ ഞങ്ങള്‍ ഈ നാട്ടുകാരല്ലെന്ന് മുദ്രകുത്തുമ്പോള്‍ ഞങ്ങളെന്താണ് ചെയ്യുക.


ഞാന്‍ മുജീബുര്‍ഹാന്‍, അഘ്ഡിയയിലാണ് എന്റെ വീട്,എനിക്ക് അഞ്ച്മക്കളാണ്, അഞ്ച്മക്കളില്‍ മൂന്ന് പേരുടെ പേരുകള്‍ ലിസ്റ്റില്‍ വന്നു,ഭാര്യയുടെ പേര് വന്നു, മറ്റു രണ്ടു മക്കളുടെ പേരുകള്‍ ഇപ്പോഴും ഉള്‍പ്പെട്ടിട്ടില്ല,എന്റെ ഉമ്മയുടെ പേരും വന്നിട്ടില്ല, അഞ്ചു മക്കള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നത് ഒരേ രേഖ തന്നെയാണ്. ഒരേ പാരമ്പര്യവും ഒരേ ഡോക്യമെന്റുകളും ഒരേ മാതാപിതാക്കളുടെ പേരുകളും തന്നെയാണ് രേഖകളില്‍ നല്‍കിയിട്ടുള്ളത്, എന്നിട്ടും എന്റെ രണ്ട് മക്കളും ഉമ്മയുടെ പേരും എങ്ങനെ  ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ടു,
ഞങ്ങള്‍ ചെയ്യാനുള്ളത് പരമാവധി ചെയ്തിട്ടുണ്ട്, ഇനിയും എന്താണ് ചെയ്യുക, ഇനി ഭരണകൂടം എന്താണ് പറയുന്നതെന്ന് നോക്കുകയാണ് ഞങ്ങള്‍.


രേഖകളിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയെ കുറിച്ച് എന്ത് പറയുന്നു, ഭരണാധികാരികളുടെ ഉന്മൂലന പ്രക്രിയയുടെ ഭാഗമാണോ ഇത്?

ഞങ്ങള്‍ക്കാവുംവിധം രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്,
ഇവിടെ ഈ ബൈശ ഗ്രാമത്തില്‍ 146ഓളം പേരാണ് ഇങ്ങനെ രാജ്യത്ത് നിന്ന് തന്നെ മാറ്റിനിര്‍ത്തപ്പെട്ടിട്ടുള്ളത്, അവരുടെ പേരുകള്‍ ലിസ്റ്റുകളില്‍ വന്നിട്ടില്ല,തൊട്ടടുത്ത ഗ്രാമമായ ബെര്‍മറയില്‍ 126 പേരാണ് ലിസ്റ്റില്‍ നിന്നും പുറത്തായിട്ടുള്ളത്, പലപ്രശ്‌നങ്ങളാലും അനീതിയുടെ ഭാഗമായവരാണ് ഞങ്ങള്‍. പാരമ്പര്യത്തിന്റെ പേരിലും രേഖകളിലെ അക്ഷരത്തെറ്റുകളുടെ പേരിലും തുടങ്ങി  പല നിലക്ക് മാറ്റിനിര്‍ത്തപ്പെട്ടവരാണ് ഞങ്ങള്‍.അലി, ഇസ്‌ലാം, ഖാന്‍,മിയ തുടങ്ങിയ പാരമ്പര്യ പൈതൃക പേരുകള്‍ രേഖകളില്‍ അങ്ങോട്ടുമിങ്ങോട്ടും ചിലപ്പോള്‍ മാറും, ഉദാഹരണത്തിന് ഇംറാന്‍ അലി എന്നുള്ളത് ഇംറാന്‍ ഖാന്‍ ആവും, ഇത് ഉദ്യോഗസ്ഥരുടെ അടുത്ത് നിന്ന് മാറുന്നതുമുണ്ട്, ശ്രദ്ധയില്ലാത്തതിന്റെ പേരില്‍ മാറുന്നതുമുണ്ട്.രേഖകളിലെ അശ്രദ്ധയും സാരമായി ബാധിച്ചുവെന്ന് പറയാം,ഇത്തരം തെറ്റുകളുടെ പേരിലാണ് പലരും രേഖകളില്‍ രാജ്യത്തിന്റെ പൗരന്മാരല്ലാതാകുന്നത്.

 

ബംഗ്ലാദേശിലെ കുടിയേററവുമായി ബന്ധപ്പെട്ട 1951 ലാണ് ആദ്യമായി അസമില്‍ എന്‍.ആര്‍.സി തയ്യാറാക്കുന്നത്, ഈ ഗ്രാമത്തില്‍ നിന്നുള്ളവരുടെ പിതാക്കളോമറ്റോ കുടിയേറിയുന്നവരായിരുന്നോ?


ഞങ്ങളുടെ അറിവില്‍ ബംഗ്ലാദേശില്‍ നിന്നോ മറ്റോ കുടിയേറിയവരായി ഇവിടെ ആരുമില്ല.  വിഭജനത്തിന് മുമ്പ് തന്നെ ഞങ്ങള്‍ ഈ മണ്ണില്‍ തന്നെ ജനിച്ച് ജീവിച്ച് വളര്‍ന്നവരാണ്, രേഖകളിലും സര്‍ട്ടിഫിക്കറ്റുകളിലും സ്‌പെല്ലിംഗും അക്ഷരത്തെറ്റുകളും തെളിവായി പിടിച്ചാണ് ഞങ്ങളില്‍ പെട്ട പലരെയും രാജ്യത്ത് നിന്ന് പുറന്തളളുന്നത്.
ബംഗ്ലാദേശികളല്ലെന്നതിനും കുടിയേറിയവര്‍ അല്ലെന്നതിനും 1951 ലെയും 1971 കളിലെയും പേപ്പറുകളാണ് അവര്‍ ആവശ്യപ്പെടുന്നത്.
ഞങ്ങളുടെ പലരുടെയും കാര്യത്തില്‍ 1993 മുതലുള്ള പേപ്പറുകളും രേഖകളും(വോട്ടര്‍ ലിസ്റ്റില്‍ എന്നാണോ പേര് വന്നിട്ടുള്ളത് അന്നു മുതലുള്ള രേഖകള്‍) ഓരോന്ന് നോക്കി ഉറപ്പുവരുത്തി കോടതിയിലും മജിസ്‌ട്രേറ്റിന്റെ അടുത്തുനിന്നും രേഖകള്‍ ഉണ്ടാക്കി സാക്ഷ്യപത്രവുമായി സമര്‍പ്പിക്കണം എന്നതാണ് മുതിര്‍ന്ന ആളുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പരിഹാരം.കുടിയേറിയവര്‍ അല്ലാതിരുന്നിട്ടും ഞങ്ങളില്‍ പെട്ട പലരെയും പുറന്തള്ളുകയാണ്.


വീണ്ടും ട്രിബൂണലിനെ കാണാമെന്നാണ് പറഞ്ഞത്, പ്രതീക്ഷ എത്രമാത്രമാണ്?


നമ്മള്‍ ചെയ്യാനുള്ളത് പരമാവധി ചെയ്തിട്ടുണ്ട്, സെപതംബര്‍ 15 മുതലാണ് ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത ആളുകള്‍ക്ക് ഫോമുകള്‍ സമര്‍പ്പിക്കാനുള്ള തിയ്യതി നല്‍കിയിരിക്കുന്നത്.
ഞങ്ങള്‍ ഇത്രയൊക്കെ ചെയ്തിട്ടും ഈ മണ്ണിന്റെ മക്കളല്ലെന്ന് പറയുകയാണെങ്കില്‍ ഇനിയും ഇവിടെ ജീവിച്ചിരിക്കുന്നതെന്തിനാണ്, സര്‍ക്കാര്‍ ഇനിയും പ്രയാസപ്പെടുത്തുകയാണെങ്കില്‍ ഞങ്ങളുടെ മുമ്പില്‍ ആത്മഹത്യമാത്രമാണ് വഴി, ഈ നാട്ടുകാരല്ലെന്ന് പറയുകയാണെങ്കില്‍ ഇനിയും ഞങ്ങള്‍ എങ്ങോട്ടു പോകും, ഇവിടെ പാവങ്ങളായ പലരും എന്‍.ആര്‍.സി ലിസ്റ്റില്‍ വരാത്തത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു, ഇതൊക്കെ തന്നെയല്ലെ ഞങ്ങള്‍ക്കും ചെയ്യാനുള്ളത്.

ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ ഹിയറിങ്ങിലും ഞങ്ങള്‍ ഏറെ പ്രയാസങ്ങള്‍ നേരിട്ടുണ്ട്,ഞങ്ങളില്‍ പലര്‍ക്കും കുടുംബം മൊത്തം പോകേണ്ടി വന്നിട്ടുണ്ട്, ഒരു കുടുംബത്തില്‍ നിന്ന് തന്നെ പലര്‍ക്കും പല കേന്ദ്രങ്ങളിലാണുണ്ടാവുക. നൂറു കിലോമീറററും നൂറ്റി അമ്പത് കിലോമീറററുകളും താണ്ടിയാണ് പല കേന്ദ്രങ്ങളിലും എത്തിപ്പെടുക, ഏത് കേന്ദ്രത്തിലാണ് ആര്‍ക്കൊക്കെ വരിക എന്നത് നമുക്ക തന്നെ അറിയില്ല, പോകാനും വരാനും തന്നെ സാമ്പത്തിക ബാധ്യത നേരിടുന്ന ഞങ്ങള്‍ക്ക് അന്നത്തെ ജോലിയും നഷ്ടപ്പെടുത്തിയാണ് ഞങ്ങള്‍ ഫോമുകളും രേഖകളുമായി നാടിന്റെ മക്കളാണെന്ന് സാക്ഷ്യപ്പെടുത്താന്‍ അലഞ്ഞത്, ഇനിയും ഞങ്ങള്‍ എന്ത് ചെയ്യാന്‍. (അത് പറയുമ്പോള്‍ അവരുടെ മുഖത്ത് കടുത്ത നിരാശ പ്രകടമാകുന്നു).

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter