പഴയകാല പണ്ഡിതരുടെ പാത പിന്തുടരുക:അബ്ദുല്‍ ഖാദിര്‍ ബാഖവി ഫള്ഫരി /അബ് ദുല്‍ ഹഖ് മുളയങ്കാവ്

നാല് പതിറ്റാണ്ടുകാലം പടിഞ്ഞാറ്റുമുറി ഖത്തീബായ അബ്ദുല്‍ ഖാദിര്‍ ബാഖവി ഉസ്താദുമായി ഇസ്‍ലാം ഓണ്‍വെബ് നടത്തിയ പ്രത്യേക അഭിമുഖം

അബ്ദുല്‍ ഖാദിര്‍ ബാഖവി ഫള്ഫരി /അബ് ദുല്‍ ഹഖ് മുളയങ്കാവ്

ഉസ്താദിന്റെ ജനനം, കുടുംബം എന്നിവ വിശദീകരിക്കാമോ
1952 ലാണ് എന്റെ ജനനം, പിതാവ് അബ്ദുറഹ്മാന്‍ ഫള്ഫരി വലിയ പണ്ഡിതനായിരുന്നു. ബാഖിയാത്തിലെ പ്രിന്‍സിപ്പളായിരുന്നു. കുട്ടിമുസ്‌ലിയാര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സമസ്ത വൈസ് പ്രസിഡണ്ടായിരുന്ന അബ്ദുല്‍ ഖാദര്‍ ഫള്ഫരിയുടെ മകള്‍ റുഖിയ്യയാണ് മാതാവ്. ഞങ്ങള്‍ 12 പേരായിരുന്നു മക്കള്‍, രണ്ട് പേര്‍ നേരത്തെ മരണപ്പെട്ടു,  അതില്‍  4  പേരായിരുന്നു ആണ്‍ മക്കള്‍, ഒന്ന് സാലിം മൗലവി അദ്ധേഹമാണ് ഫള്ഫരി കോംപ്ലക്‌സിന്റെ സ്ഥാപകരിലൊരാള്‍. പിന്നെ ഗ്രന്ഥ രചയിതാവായ അന്‍വര്‍ അബ്ദുല്ല ഫള്ഫരി അദ്ദേഹം വിവിധ വിഷയങ്ങളില്‍ ഒരുപാട് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പിന്നെ ഞാനും മറ്റൊരു സഹോദരനുമാണ് ഉളളത്. 

മൌലാന അബ്ദുറഹ്മാന്‍ ഫദ്ഫരി,കുട്ടിമുസ് ലിയാര്‍

ഫള്ഫരി കുടുംബത്തിന്റെ ചരിത്രം വേരുകള്‍ എന്നിവയെ കുറിച്ച്
കേരളീയ വൈജ്ഞാനിക കര്‍മ്മ മണ്ഡലത്തെ പണ്ഡിത ജ്യോതിസ്സുകൊണ്ടും രചനാവൈഭവം കൊണ്ടും പ്രഫുല്ലമാക്കിയ പണ്ഡിത പരമ്പരയാണ് ഫള്ഫരികള്‍. യമനില്‍ നിന്ന് ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെത്തിയ ഫള്ഫരി കുടുംബം മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുമുറിക്കടുത്ത പള്ളിപ്പുറത്താണ് താമസം. നിരവധി രചനകളും അനേകം പണ്ഡിതന്മാരെയും സംഭാവന ചെയ്ത ഈ കുടുംബം ഇന്നും നിരവധി പണ്ഡിതന്മാരാല്‍ അറിയപ്പെട്ടതാണ്. ശൈഖ് യൂസുഫുല്‍ ഫള്ഫരി പണ്ഡിതനും സാഹിത്യകാരനും വലിയ സൂഫിവര്യനുമായിരുന്നു. 1921 ലെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അക്രമങ്ങളെയും മറ്റും വിമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഫത്‌വ ശ്രദ്ധേയമായിരുന്നു. ബദ്‌രീങ്ങളുടെ നാമങ്ങള്‍ ചേര്‍ത്ത് അറബി അക്ഷരമാല ക്രമത്തില്‍ കോര്‍ത്തിണക്കിയ ബദ്ര്‍ പടപ്പാട്ട്, ഉഹ്ദിലെ രക്തസാക്ഷികളെ കുറിച്ചുള്ള കവിതകള്‍ നഹ്സിനെ കുറിച്ചുള്ള കവിത തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളില്‍ പെടുന്നതാണ്. 


അബ്ദുല്‍ ഖാദര്‍ ഫള്ഫരി പ്രസിദ്ധ പണ്ഡിതനും ഗ്രന്ഥകാരനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡണ്ടുമായിരുന്നു. നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചുണ്ട്. മജ്മഉല്‍ ഫവാഇദ്, സഹ്‌ലു സ്സ്വബിയ്യ ബി മദ്‌റസത്തില്‍ ഖാസിമിയ്യ, മജ്മൂഉല്‍ ഫതാവാ, ഖസീദ ലാമിയ്യ, ഖൈറുദ്ദാറൈന്‍, ഹാശിയതുന്‍ അലാ ശര്‍ഹി ഖഥറുന്നദാ തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളില്‍ പെട്ടതാണ്. 
എന്റെ പിതാവ് കുട്ടി മുസ്‌ലിയാര്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്ന അബ്ദുറഹ്മാന്‍ ഫള്ഫരി പ്രസിദ്ധ പണ്ഡിതനും വെല്ലൂര്‍ ബാഖിയാത്ത് പ്രിന്‍സിപ്പളുമായിരുന്നു. നിരവധി കിതാബുകള്‍ സംഭാവനകളര്‍പ്പിച്ച അന്‍വര്‍ അബ്ദുള്ള ഫള്ഫരി എന്റെ സഹോദരനും ഈ കുടുംബത്തിലെ പ്രശസ്തനുമാണ്. അല്‍ ഫുസൂസുല്‍ ഹമ്പലിയ്യ, അല്‍ മന്‍ളൂമാത്തുല്‍ ഫള്ഫരിയ്യ, അല്‍ ഖലാഇദുല്‍ ജലിയ്യ, അനന്തരാവകാശ നിയമം ഇസ്‌ലാമില്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളില്‍ ചിലതാണ്. 


പടിഞ്ഞാറ്റുമുറി പ്രദേശത്തെ കണ്യാല ഉസ്താദിന്റെ ഖലീഫ കൂടിയായ സൂഫിവര്യനായ മൗലയെ കുറിച്ച് കേട്ടിട്ടുണ്ട്, അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാമോ

മൗലയുടെ പേര് അബ്ദുറഹ്മാന്‍ എന്നായിരുന്നു. പിതാവ് അബ്ദുറഹ്മാന്‍ ഫള്ഫരിയുടെ ദര്‍സിലാണ് അവര്‍ ഓതിയിരുന്നത്. നാട്ടില്‍  കുഞ്ഞാന്‍ മുസ്‌ലിയാര്‍ എന്ന പേരിലാണ് മൗല അറിയപ്പെട്ടിരുന്നത്. ഉസ്താദ് കണ്യാല മൗലയുടെ നാല് ഖലീഫമാരില്‍ ഒരാളായത് കൊണ്ടാണ് മൗല എന്ന പേര് വിളിച്ചു തുടങ്ങിയത്. പഠനത്തില്‍ വലിയ അവഗാഹം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും നല്ല വറഉം തഖ്‌വയും സൂക്ഷ്മതയുള്ള വ്യക്തിത്വമായിരുന്നു മൗല. അതുകൊണ്ട് തന്നെയാവും അദ്ദേഹത്തിന് ഉയരങ്ങളിലേക്ക് എത്താനായതും. ദര്‍സ് പഠനത്തിന് ശേഷം വെല്ലൂര്‍ ബാഖിയാത്തിലേക്ക് പോയ അദ്ദേഹം ബാഖവി ബിരുദം നേടി, ശേഷം നാട്ടില്‍ വന്ന് മുണ്ടുപറമ്പ്, പുല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദര്‍സ് നടത്തി.

ഉസ്താദിന്റെ പഠനകാലം
നാലാം ക്ലാസ് വരെ നാട്ടിലെ സ്‌കൂളില്‍ തന്നെയായിരുന്നു പഠനം. അബ്ദുല്‍ ഖാദര്‍ ഫള്ഫരിയുടെ സഹോദരന്‍ നിര്‍മ്മിച്ച സ്‌കൂള്‍ ആയിരുന്നു അത്. ശേഷം ആലത്തൂര്‍പടി ദര്‍സില്‍ അഞ്ച് വര്‍ഷത്തോളം പഠിച്ചു. അന്ന് 75 ഓളം കുട്ടികള്‍ ദര്‍സില്‍ പഠിച്ചിരുന്നു. ഫത്ഹുല്‍ മുഈന്‍, അല്‍ഫിയ തുടങ്ങിയ കിതാബുകള്‍ക്ക് മുകളിലുള്ള കിതാബുകളായിരുന്നു അവിടെ പഠിപ്പിച്ചിരുന്നത്. ഉപ്പ തന്നെയായിരുന്നു മുദരിസ്. 

1967 ലാണ് വെല്ലൂര്‍ ബാഖിയാത്തിലേക്ക് പോവുന്നത്. അത് അനൗദ്യോഗിക പഠന കാലമായിരുന്നു. അഥവാ ഉപ്പ അവിടെ ഉസ്താദായ കാലത്ത് അദ്ദേഹത്തിന്റെ ഖാദിമായി പോയതായിരുന്നു. ഉര്‍ദു, തമിഴ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ അവിടെനിന്ന് അനൗദ്യോഗികമായി പഠിച്ചെടുത്തു. ഉര്‍ദു, അറബി ഖത്വ് (പ്രത്യേക എഴുത്ത് രീതി) പഠിച്ചതും അന്നായിരുന്നു.ഒരു വര്‍ഷത്തെ ബാഖിയാത്ത് ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി. ശേഷം, ഓമച്ചപ്പുഴ ദര്‍സില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. ചാവക്കാട് ഒരുമനയൂര്‍ യൂസുഫ് മുസ്‌ലിയാരായിരുന്നു അന്ന് ഉസ്താദ്. മൂന്ന് വര്‍ഷത്തോളം ഓമച്ചപ്പുഴയില്‍ നിന്നു. പിന്നീട് പൂക്കോട്ടൂരിനടുത്ത് പാപ്പാട്ടുങ്കല്‍ പള്ളിയിലേക്ക് ഉസ്താദിന്റെ കൂടെ ദര്‍സ് മാറി, അതിന് ശേഷമാണ് ഔദ്യോഗിക പഠനത്തിനായി ബാഖിയാത്തിലേക്ക് പോകുന്നത്. 1972 ലായിരുന്നു അത്. ശൈഖ് ഹസന്‍ ഹസ്രത്തുമായൊക്കെ കൂടുതല്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അന്ന് കഴിഞ്ഞു. 1974 ല്‍, ഒന്നാം റാങ്കോടെ ബാഖവി ബിരുദം നേടി പുറത്തിറങ്ങി. 

ബാഖിയാത്തിലെ ഉസ്താദുമാര്‍
പിതാവ് അബ്ദുറഹ്മാന്‍ ഫള്ഫരി, കുട്ടി മുസ്‌ലിയാര്‍ (ബാഖിയാത്ത് മുന്‍ പ്രിന്‍സിപ്പള്‍), ശൈഖ് ഹസന്‍ ഹസ്രത്ത്, മുസ്തഫ ആലിം സാഹിബ്, സിബ്ഗതുല്ലാഹ് ബഖ്തിയാര്‍, അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത് തുടങ്ങിയവരായിരുന്നു ബാഖിയാത്ത് അക്കാലത്തെ പ്രധാന ഉസ്താദുമാര്‍.

അക്കാലത്തെ പണ്ഡിതരുടെ ശൈലികളും നിഷ്ഠകളും ഒന്ന് പറയാമോ
അന്നത്തെ ഉലമാക്കള്‍ മൂന്ന് മണിക്ക് എണീക്കും. കിതാബ് മുതാലഅയില്‍ മുഴുകും. കേവല അധ്യാപനം എന്നതിലുപരി, തസ്‌കിയത്തുല്‍ ഖല്‍ബ് (ഹൃദയ ശുദ്ധീകരണം) ആണ് അന്ന് നടത്തിയിരുന്നത് എന്ന് പറയാം. ഇന്നത്തെ പോലെ മതില്‍ കെട്ടലുകളായിരുന്നില്ല കുട്ടികളെ നിയന്ത്രിച്ചിരുന്നത്. 

ബാഖിയാത്തിലെ സഹപാഠികള്‍
പാനായിക്കുളം അബ്ദുറഹ്മാന്‍  മുസ്‌ലിയാര്‍ (അദ്ദേഹം പിന്നീട് ബാഖിയാത്ത് മുദരിസായിട്ടുണ്ട്), തൊടിയൂര്‍ കുഞ്ഞ് മുഹമ്മദ് മൗലവി (മുന്‍ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍), ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, മാഹീന്‍ മുസ്‌ലിയാര്‍ പല്ലാര്‍( കടമേരി മുദരിസായിരുന്നു), പട്ടുവം ഹംസ (ഹംസ മലൈബാരി എന്ന പേരിലും അദ്ധേഹം അറിയപ്പെട്ടിരുന്നു), ഇരിക്കൂര്‍ സലാം മുസ്‌ലിയാര്‍, ഹസ്സന്‍ കുട്ടി ബാഖവി ( ദാറുല്‍ ഹുദ അധ്യാപകന്‍) തുടങ്ങിയവരെല്ലാം അന്നത്തെ സഹപാഠികളായിരുന്നു.

സേവനരംഗത്ത്
ബാഖിയാതില്‍നിന്ന് തിരിച്ചെത്തിയ, ആദ്യം ദര്‍സ് നടത്തിയത് കരുവാരക്കുണ്ടിലായിരുന്നു. 60 ഓളം കുട്ടികള്‍ ഉണ്ടായിരുന്നു. അന്ന് മര്‍ഹൂം കെ.ടി മാനു മുസ്‌ലിയാരൊക്കെ നാട്ടിലെ നേതൃനിരയിലുള്ള കാലമാണ്. ഏതാനും കുറഞ്ഞ കാലം മാത്രമേ അവിടെ നിന്നുള്ളൂ, പിന്നെ ബിസിനസ് രംഗത്തേക്ക് ഇറങ്ങുകയായിരുന്നു. ആറേഴ് വര്‍ഷം കച്ചവടം നടത്തി. കൂട്ടിലങ്ങാടി, പാലക്കാട് ഭാഗങ്ങളിലായി പലചരക്ക് കച്ചവടമായിരുന്നു പ്രധാനമായും നടത്തിയത്. 1980 കള്‍ക്ക് ശേഷം വീണ്ടും അധ്യാപനത്തിലേക്ക് തിരിച്ചുവന്നു. ഫള്ഫരി യതീംഖാനയില്‍ അധ്യാപകനായെങ്കിലും അത് അധിക കാലം നീണ്ട് നിന്നില്ല. പിന്നീട് ബോംബെയിലായിരുന്നു കുറച്ച് കാലം. 1984 ലാണ് ബോംബെയില്‍ എത്തുന്നത്. ആളുകള്‍ക്ക് വിസ അടിച്ചുകൊടുക്കുകയായിരുന്നു അവിടത്തെ ജോലി. അന്നത്തെ ട്രാവല്‍ ഏജന്‍സിയെന്ന് പറയാം.

പടിറ്റാഞ്ഞുമുറി ഖത്തീബായത് എന്ന് മുതലാണ്
1986 ല്‍ ബോംബെയില്‍നിന്ന് തിരിച്ച് വന്നു. നാട്ടിലെത്തി പടിഞ്ഞാറ്റുമുറി ഖത്തീബ് സ്ഥാനം ഏറ്റെടുക്കുന്നത് അന്ന് മുതലാണ്. ബാപ്പുട്ടിയാക്ക, അലവി ഹാജി തുടങ്ങി നാട്ടിലെ കാരണവന്മാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അത് ഏറ്റെടുക്കുന്നത്. വീടുപണിയും മറ്റുമായി നാട്ടില്‍ ഇരിക്കുന്ന സമയമായിരുന്നു അത്. 40 ഓളം വര്‍ഷത്തോളമായി, ഇന്നും ആ സേവനം തുടരുന്നു. 250 ഓളം വീടുകളാണ് ഈ മഹല്ലില്‍ ഉള്ളത്. പിതാവ് അബ്ദുറഹ്മാന്‍ ഫള്ഫരി നിര്‍മ്മിച്ച പള്ളിയാണ് ഇത്. 

ആത്മീയ ചികില്‍സാരംഗത്തും സജീവമാണല്ലോ അല്ലേ, അതിന് പിന്നില്‍
ആത്മീയത ഒഴിച്ച് കൂടാനാവാത്തതാണല്ലോ. പിതാവ് അബ്ദുറഹ്മാന്‍ ഫള്ഫരിയില്‍നിന്ന് രിഫാഇ ത്വരീഖത്തിന്റെ ഇജാസത്ത് ലഭിച്ചിരുന്നു. ശേഷം,  കണ്യാല ഉസ്താദ്, അത്തിപ്പറ്റ ഉസ്താദ് എന്നിവരില്‍നിന്ന് വിവിധ ഇജാസതുകള്‍ ലഭിച്ചു. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കിടിപ്പുറം ഉസ്താദ് തുടങ്ങിയവരുമായി ബന്ധം ഉണ്ടായിരുന്നു. ഉപ്പയും കണ്യാല ഉസ്താദുമാണ് ചികിത്സക്ക് അനുവാദം നല്‍കിയത്. മുഹമ്മദ് കുട്ടി എന്ന ഒരു പ്രമുഖനില്‍നിന്നാണ് ത്വല്‍സമാത്തിന്റെ ഇജാസത്ത് ലഭിക്കുന്നത്. ജനങ്ങളുടെ പ്രയാസങ്ങള്‍ കേള്‍ക്കുന്നതും അവക്ക് സാധ്യമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും ഒരു നല്ല കാര്യമാണല്ലോ. ചികില്‍സാ രംഗത്ത് തുടരാന്‍ പ്രേരിപ്പിക്കുന്നതും ആ ചിന്ത തന്നെയാണ്.

പഠനകാലത്തോ ശേഷമോ സംഘടന രംഗത്ത് താത്പര്യമുണ്ടായിരുന്നോ
സംഘടനാ രംഗത്ത് പൊതുവെ താല്‍പര്യമില്ല. ഒതുങ്ങി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. കുറച്ച് കാലം നാട്ടിലെ  സ്കൂള്‍ പിടിഎ പ്രസിഡണ്ട് ആയിരുന്നു. 1988 മുതല്‍ മദ്രസ റൈഞ്ച് പ്രസിഡണ്ടാണ്. സി.എച്ച് ഉസ്താദ് ഒക്കെയുള്ള കാലത്ത് മൂന്ന് വര്‍ഷം മദ്രസ റൈഞ്ചുകളുടെ  മലപ്പുറം ജില്ലാ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

രചനകള്‍ വല്ലതും

മുമ്പ് ലേഖനങ്ങളൊക്കൊ എഴുതിയിരുന്നു, ഗ്രന്ഥ മേഖലയിലേക്ക് കടന്നിട്ടില്ല,പഠന കാലത്തൊക്കെ ഉസ്താദുമാര്‍ പറയുന്ന (ശൈഖ് ഹസന്‍ ഹസ്രത്തും മറ്റും) പോയന്റുകളൊക്കൊ കുറിച്ച് വെച്ചിരുന്നു എന്ന് മാത്രം.  സഹോദരനുമൊക്കെയായി (സഹോദരന്‍ സാലിം മൌലവി ഫള്ഫരി) ചേര്‍ന്ന് ജംഇയ്യത്ത്, ജിഹാദ് തുടങ്ങിയ പേരുകളില്‍ പ്രസിദ്ധീകരണങ്ങള്‍ നടത്തിയിരുന്നു. 

പുതുതലമുറയോടുള്ള നിര്‍ദേശം
പുതുതലമുറയിലെ പണ്ഡിതര്‍ പഴയ പണ്ഡിതന്മാരുടെ രീതി പിന്തുടരുകയാണ് വേണ്ടത്. പഠിച്ചതിന് അനുസരിച്ച് പ്രവര്‍ത്തിക്കുക, ളുഹയും തഹജ്ജുദുമെല്ലാം പതിവാക്കുക. പ്രസംഗത്തിലേറെ പ്രവര്‍ത്തിക്കുക, മാലിക്ബ്‌നു ദീനാറും കുട്ടരും കാണിച്ചുതന്ന പാത അതായിരുന്നുവല്ലോ. സര്‍വ്വോപരി, എല്ലാവരോടും ഗുണകാംക്ഷയോടെ പെരുമാറുക. ആരെയും തകര്‍ക്കാനാവരുത് നമ്മുടെ ശ്രമങ്ങള്‍. എല്ലാവരെയും ഉള്‍ക്കൊള്ളാനും സമുദായത്തിന് ഉപകാരമുള്ളതെല്ലാം വളര്‍ത്താനും കൂടെ നില്‍ക്കുക. പ്രവൃത്തി കൊണ്ട് സാധിച്ചില്ലെങ്കില്‍ വാക്ക് കൊണ്ടെങ്കിലും, അതുമായില്ലെങ്കില്‍ മാനസിക പിന്തുണയെങ്കിലും നല്കുക.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter