പൊന്നുരുന്നി കുഞ്ഞ് മുഹമ്മദ് മൗലവിയുമായി അഭിമുഖം

ദര്‍സ് രംഗത്തെ സേവനവുമായി മറ്റൊരു നാട്ടിലെത്തി, ശേഷം ആ നാടിന്റെ പേരില്‍ തന്നെ അറിയപ്പെട്ട പണ്ഡിതന്മാര്‍ കേരള സമൂഹത്തിന് പരിചിതമാണ്. നാട്ടിക മൂസ മൌലവിയും കോട്ടുമല അബൂബക്റ് മുസ്‍ലിയാരുമെല്ലാം അവരിലെ ചില ഉദാഹരണങ്ങളാണ്. ആ ശ്രേണിയിലെ മറ്റൊരു പണ്ഡിതനാണ് ഇന്നും ജീവിച്ചിരിക്കുന്ന പൊന്നുരുന്നി കുഞ്ഞുമുഹമ്മദ് മൌലവി. പാലക്കാട് ജില്ലയില്‍ ജനിച്ച അദ്ദേഹം ഇന്ന് അറിയപ്പെടുന്നത് തന്നെ, എറണാകുളം ജില്ലയിലെ പൊന്നുരുന്നിയുടെ പേരിലാണ്. തന്റെ കര്‍മ്മ തട്ടകമായ, എറണാകുളം ജില്ലയിലെയും ചുറ്റുവട്ടത്തെയും പഴയകാല ദര്‍സുകള്‍, വൈജ്ഞാനിക പാരമ്പര്യം, സ്വൂഫീ സാന്നിധ്യങ്ങള്‍, തുടങ്ങി അരനൂറ്റാണ്ടുകാലത്തെ തെക്കന്‍ കേരളത്തിന്റെ ചരിത്രം അയവിറക്കുകയാണ് കുഞ്ഞുമുഹമ്മദ് മൌലവി.  

പൊന്നുരുന്നി കുഞ്ഞ് മുഹമ്മദ് മൗലവി/അബ്ദുല്‍ ഹഖ് മുളയങ്കാവ്

ജനനവും പ്രാഥമിക പഠനവും
പാലക്കാട് ചെര്‍പ്പുളശ്ശേരിക്കടുത്ത് തൂത എന്ന ഗ്രാമത്തില്‍ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ 1939 ലാണ് എന്റെ ജനനം. എന്റെ ദര്‍സ് പഠനം ആരംഭിക്കുന്നത് തൂത പള്ളിയിലാണ്, അഞ്ചാം ക്ലാസ് വരെ സ്‌കൂള്‍ പഠിച്ച ശേഷം ഞാന്‍ ദര്‍സില്‍ ഓതാന്‍ പോവുകയായിരുന്നു. തൂതപ്പള്ളിയില്‍ കദായി മുഹമ്മദ് മുസ്‌ലിയാരും തങ്കയത്തില്‍ കുഞ്ഞാപ്പു മുസ്‌ലിയാരുമായിരുന്നു മുദരിസുമാര്‍. പിന്നീട് വെട്ടിക്കാട്ടിരി പള്ളിയില്‍ കുറച്ചുകാലം ഓതി. ആദ്യകാല സമസ്ത മുശാവറ അംഗം പി.എം ഇമ്പിച്ചി മുസ്‌ലിയാര്‍ ആയിരുന്നു അവിടുത്തെ മുദരിസ്. ഉസ്താദിന്റെ അടുത്ത് നിന്നാണ് അല്‍ഫിയ, ഫത്ഹുല്‍ മുഈന്‍ തുടങ്ങിയ കിതാബുകള്‍ ഓതിയത്. പിന്നീട് കൊടുങ്ങല്ലൂര്‍ അഴീക്കോട് ഇര്‍ഷാദില്‍ പോയി, അവിടെ നിന്നാണ് കൊച്ചി ഇടപ്പള്ളി ദര്‍സില്‍ എത്തിയത്. ഇടപള്ളി ഉസ്താദ് എന്ന് അറിയപ്പെട്ടിരുന്ന അബൂക്കര്‍ മുസ്‌ലിയാര്‍ ആണ് എന്റെ പ്രധാന ഉസ്താദ്. അഞ്ചു വര്‍ഷം വിദ്യ നുകര്‍ന്നത് അദ്ദേഹത്തില്‍ നിന്നാണ്. 
ഉപരിപഠന കാല ഓര്‍മ്മകള്‍
ഉപരിപഠനത്തിനായി പോയത് ദയൂബന്ദിലേക്കായിരുന്നു. അക്കാലത്തെ ഉന്നത പഠനകേന്ദ്രം ദാറുല്‍ ഉലൂം ആയിരുന്നുവല്ലോ. അന്ന് രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ അവിടെയുണ്ടായിരുന്നു. ഞങ്ങള്‍ മലയാളികളായി 26 പേര്‍ ഉണ്ടായിരുന്നു. കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍, ചിത്താരി ഹംസ മുസ്‌ലിയാര്‍ തുടങ്ങിയവരൊക്കെ എന്റെ സഹപാഠികളായിരുന്നു. വിവിധരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അക്കാലത്ത് അവിടെ പഠിക്കാനെത്തിയിരുന്നു.
പൊന്നുരുന്നി ദര്‍സിലേക്ക്
1964 ലാണ് ഞാന്‍ പൊന്നുരുന്നി ദര്‍സിലെത്തുന്നത്. ശേഷം 56 വര്‍ഷം ഇവിടെ തന്നെയായിരുന്നു. ആദ്യവര്‍ഷം മുദരിസ് മാത്രമായിരുന്നു, തൊട്ടടുത്ത വര്‍ഷം ഖത്തീബ് കൂടി ആയി നിയമിക്കപ്പെട്ടു. ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, വെളിമുക്ക് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരും ഇവിടെ ദര്‍സ് നടത്തിയിട്ടുണ്ട്. 
അക്കാലത്ത് പരിസരത്തെ മറ്റു ദര്‍സുകള്‍
കൊച്ചി മഹ്‌ളറപള്ളിയില്‍ ദര്‍സുണ്ടായിരുന്നു, ചാവക്കാട് മുഹമ്മദ് മുസ്‌ലിയാരായിരുന്നു മുദരിസ്. മഹ്‌ളറ ഉസ്താദെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് തന്നെ.
ആലുവ കുഞ്ഞുണ്ണിക്കരയിലാണ് മറ്റൊരു ദര്‍സുണ്ടായിരുന്നത്, ഹൈദര്‍ മുസ്‌ലിയാര്‍ എന്ന മഹാനായിരുന്നു നേരത്തെ അവിടെ ദര്‍സ് നടത്തിയിരുന്നത്, അവര്‍ക്ക് ശേഷം മുസ്തഫ ആലിം സാഹിബ്, നൂര്‍ മുസ്ലിയാര്‍ എന്നിവര്‍ ദര്‍സ് നടത്തി. ഇടപ്പള്ളി ഉസ്താദിന്റെ ശിഷ്യന്‍ ശഅ്‌റാനി കുഞ്ഞുമുഹമ്മദ് മൗലവിയും ദര്‍സ് നടത്തിയിട്ടുണ്ട്.
പിന്നെ ഉണ്ടായിരുന്നത്, വടുതലയിലെ മൂസ മുസ്‌ലിയാരുടെ ദര്‍സ് ആയിരുന്നു. അദ്ധേഹമാണ് പിന്നീട് അബ്‌റാര്‍ കോളേജ് സ്ഥാപിച്ചത്.
പെരുമ്പാവൂര്‍, ഞാലകം പള്ളികളിലും പ്രസിദ്ധമായ ദര്‍സുകളുണ്ടായിരുന്നു. എറണാകുളത്തെ ഹസന്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത്തിന്റെ ശിഷ്യനായ കൊച്ചിയിലെ ക്ലാപ്പന മഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ ദര്‍സുകളും പ്രസിദ്ധമായിരുന്നു.
സമസ്ത മുശവാറ മെമ്പര്‍ കൂടിയായിരുന്നു ഇടപ്പള്ളി അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ചെമ്പിട്ടപ്പള്ളിയിലെ ദര്‍സും ഏറെ അറിയപ്പെട്ടിരുന്നു. പട്ടിക്കാട് കുട്ടിഹസന്‍ ഹാജി, അഞ്ചരക്കണ്ടി ഹസൈനാര്‍ മൗലവി തുടങ്ങിയവരും ഇടപ്പള്ളിയില്‍ മുദരിസുമാരായിട്ടുണ്ട്. പിന്നെയുണ്ടായിരുന്നത് ആലപ്പുഴ ജില്ലയിലെ എറണാകുളത്തോട് ചേര്‍ന്നുനില്‍ക്കുന്ന പ്രദേശമായ ചന്തിരൂരില്‍ ആണ്.

എറണാകുളത്തെ സൂഫി പാരമ്പര്യത്തെ കുറിച്ച് വിശദീകരിക്കാമോ,
നിരവധി മഹാന്മാരുടെ സൂഫി പാരമ്പര്യം നിറഞ്ഞ മണ്ണാണ് എറണാകുളം. പെരുമ്പടപ്പ് പുത്തന്‍പള്ളി ജാറത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ പെരുമ്പടപ്പ് കുഞ്ഞുമുഹമ്മദ് മുസ്‌ലിയാരുടെ ശിഷ്യനായ ഹൈദര്‍ മുസ്‌ലിയാര്‍ കുഞ്ഞുണ്ണിക്കര വലിയ സൂഫിവര്യനായിരുന്നു, അദ്ദേഹം എറണാകുളത്ത് ദര്‍സും നടത്തിയിരുന്നു. അദ്ദേഹത്തെ കുറിച്ച് പഴമക്കാര്‍ പറയുന്നത് ധാരാളം കേട്ടിട്ടുണ്ട്. സൂഫിവര്യനായ പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ നാട് എറണാകുളത്താണ്. ഇടപ്പള്ളി ഉസ്താദ്, കെ.കെ അബൂബക്കര്‍ ഹസ്രത്ത് ഇവരൊക്കെ തികഞ്ഞ സൂഫിവര്യന്മാര്‍ കൂടിയായിരുന്നു.
പിന്നെ ആലുവായ് മാടവന അബൂബക്കര്‍ മുസ്‌ലിയാര്‍, കണിയാപുരം അബ്ദുറസാഖ് മസ്താന്‍ തുടങ്ങിയവര്‍ ഏറെ പ്രസിദ്ധരാണല്ലോ. ആലുവയിലെ മുടിക്കല്‍ ഇന്നും വലിയ തീര്‍ത്ഥാടന കേന്ദ്രമാണ്. പള്ളിപ്പടി അഹ്മദ് കുട്ടി മുസ്‌ലിയാര്‍ വലിയ സൂഫിവര്യനായിരുന്നു, അദ്ദേഹത്തിന്റെ മഖ്ബറ പൊന്നുരുന്നി മഹല്ലില്‍ തന്നെയാണ്. എറണാകുളത്ത് ചപ്പുകളൊക്കെ കൂട്ടിയിടുന്ന കുളത്തില്‍ ചിലപ്പോഴൊക്കെ അദ്ധേഹം കുളിക്കാനിറങ്ങാറുണ്ട്, കുളിച്ച് കഴിഞ്ഞാലും അദ്ധേഹത്തില്‍ നിന്ന് സുഗന്ധം വാസനിച്ചിരുന്നു. മജദൂബായ വലിയ്യാണെന്ന് അദ്ധേഹത്തെ കുറിച്ച് പറയാറുണ്ട്.
പഴയകാല പ്രഭാഷണങ്ങളെ കുറിച്ചുള്ള ഓര്‍മകള്‍ 
നിരവധി സ്ഥാപനങ്ങളില്‍ പ്രസംഗിക്കാന്‍ പോയ അനുഭവങ്ങളുണ്ട്. അക്കാലത്ത് അറിയപ്പെട്ട അറബിക് കോളേജുകളുടെ വാര്‍ഷിക പരിപാടികള്‍ക്കൊക്കെ പ്രസംഗിക്കാന്‍ പോയിരുന്നു. പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളേജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ദാറുസ്സലാം അറബിക് കോളേജ്, മര്‍ക്കസ് തുടങ്ങിയ എല്ലാ സ്ഥാപനങ്ങളഇലും പ്രസംഗിച്ചിട്ടുണ്ട്. ശംസുല്‍ ഉലമയോടൊപ്പം നന്തിയില്‍ ക്ലാസെടുത്തിട്ടുമുണ്ട്. 
യുക്തിവാദവും ഇസ്‌ലാമും എന്ന വിഷയത്തിലായിരുന്നു പ്രധാനമായും പ്രഭാഷണങ്ങള്‍ നടത്തിയിരുന്നത്. ഇന്ന് യുക്തിവാദമൊക്കെ വീണ്ടും സജീവമായ കാലമാണല്ലോ, അക്കാലത്ത് ഒരിടത്ത് പ്രസംഗിക്കാന്‍ ഇതേവിഷയത്തില്‍ തലേന്ന് വൈലിത്തറയും പിറ്റേന്ന് ഞാനുമായിരുന്നത് ഇന്നും ഓര്‍ക്കുന്നു.
വിദേശയാത്രകളെ കുറിച്ച്
ടി.എസ്.കെ തങ്ങള്‍ക്കൊപ്പം അശ്അരിയ്യ അറബിക് കോളേജിന്റെ ധനസമാഹരണത്തിന് വേണ്ടി ഒരിക്കല്‍ വിദേശത്തേക്ക് പോയിട്ടുണ്ട്. കുറച്ച് കാലം അശ്അരിയ്യ അറബിക് കോളേജിന്റെ പ്രസിഡണ്ടുമായിരുന്നു. അതല്ലാതെ വേറെ യാത്രകളൊന്നും നടത്തിയിട്ടില്ല.
രചനകള്‍
അങ്ങനെ വലിയ രചനകളൊന്നുമില്ല, ജുമുഅക്ക് മുമ്പുള്ള പ്രസംഗത്തെ കുറിച്ച് (തറപ്രസംഗം) ആണ് ഒരു ലഘുലേഖ എഴുതിയിട്ടുള്ളത്. ജുമുഅക്ക് മുമ്പ് പ്രസംഗം പറ്റുമെന്ന് പറഞ്ഞപ്പോള്‍ അതിനെതിരെ ചില കോണുകളില്‍ നിന്ന് എതിര്‍പ്പുകളുണ്ടായി, അപ്പോള്‍ ആ വിഷയകമായി വിശാലമായി തന്നെ ഒരു പഠനം തയ്യാറാക്കി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. പൊന്നുരുന്നി ജുമുഅത്ത് മഹല്ല് കമ്മിറ്റിതന്നെയാണ് അതിന്റെ പ്രസാധകര്‍.

83ലെത്തിയതിന്റെ ശാരീരിക അസ്വസ്ഥതകള്‍ സ്വാഭാവികമായുണ്ടെങ്കിലും ആ ഓര്‍മ്മകള്‍ക്ക് ഇപ്പോഴും നല്ല തിളക്കമായിരുന്നു. അര നൂറ്റാണ്ടിലേറെ കാലം തെക്കന്‍ കേരളത്തിന്റെ മതവിദ്യാഭ്യാസ മേഖലയില്‍ ചെലവഴിച്ചതിന്റെ ഒരു പിടി അനുഭവങ്ങള്‍ ഇനിയും ആ ചെപ്പില്‍ ബാക്കിയുണ്ടെന്ന് മുഖം വിളിച്ച് പറയുന്നുണ്ടായിരുന്നു.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter