വിഷയം: ‍ സർപ്രൈസ് വിസിറ്റ്

ഭാര്യയെയും വീട്ടുകാരെയും മുൻകൂട്ടി അറിയിക്കാതെ നാട്ടിലേക്ക് വരുന്ന രീതി (സർപ്രൈസ് വിസിറ്റ് ) പുതിയ ഒരു ട്രെൻഡായി (പ്രത്യേകിച്ച് പ്രവാസികൾക്കിടയിൽ ) കാണുന്നു. ഇതിന്റെ ഇസ്‌ലാമികവിധി എന്താണ്? അവിവാഹിതനാണെങ്കിൽ വിധിയിൽ വ്യത്യാസമുണ്ടോ ?

ചോദ്യകർത്താവ്

സാലിം കുഴിമണ്ണ

Aug 2, 2026

CODE :Abo16428

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

പ്രവാസികൾക്കിടയിലും മറ്റും ട്രെൻഡായി മാറിയിട്ടുള്ള, വീട്ടുകാരെയും ഭാര്യയെയും മുൻകൂട്ടി അറിയിക്കാതെയുള്ള അപ്രതീക്ഷിത മടങ്ങിവരവിൻ്റെ (സർപ്രൈസ് വിസിറ്റ്) ഉദ്ദിഷ്ട ലക്ഷ്യം വീട്ടുകാരെ ഹാപ്പിയാക്കുക എന്നതാണെങ്കിലും പരിപൂർണമായ ഇസ്‌ലാമിക മര്യാദകൾക്ക് യോജിച്ചതല്ല അത്. വിവാഹിതനായാലും അവിവാഹിതനായാലും മുൻകൂട്ടി അറിയിച്ചു വരൽ തന്നെയാണ് മര്യാദ. ആശയവിനിമയ സംവിധാനങ്ങൾ ഇത്രയേറെ വളർന്ന ഇക്കാലത്ത് പ്രത്യേകിച്ചും.

ദീർഘയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്നവർ മുൻകൂട്ടി വിവരം നൽകാതെ രാത്രികാലങ്ങളിൽ പെട്ടെന്ന് വീട്ടിൽ (ഭാര്യയുടെ അടുത്ത്) കയറിവരുന്നതിനെ തിരുനബി (സ) വിലക്കിയിട്ടുണ്ട്. യാത്രക്കാരനായ ഭർത്താവ് വരുമ്പോൾ ഭാര്യയ്ക്ക് ശരീരവും വസ്ത്രവും വൃത്തിയാക്കി നല്ല രൂപത്തിൽ പ്രത്യക്ഷപ്പെടാനുള്ള സമയം ലഭിക്കുക, കുടുംബത്തിന് സന്തോഷത്തോടെ വരവേൽക്കാൻ മാനസികവും ഭൗതികവുമായ തയ്യാറെടുപ്പുകൾ നടത്താൻ അവസരം നൽകുക എന്നിവയാണ് ഈ വിലക്കിന് പിന്നിലെ പ്രധാന ഇസ്‌ലാമിക യുക്തി.

അവിവാഹിതരായ ആളുകളും ഇത്തരം സർപ്രൈസ് വിസിറ്റുകൾ ഒഴിവാക്കി മുൻകൂട്ടി അറിയിച്ചു തന്നെ വരലാണ് ഉത്തമം. ആതിഥ്യമര്യാദ ഒരുക്കാൻ വീട്ടുകാർക്ക് നല്ലതും ഇതുതന്നെയാണ്.

ചുരുക്കത്തിൽ, വീട്ടുകാർക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ സർപ്രൈസുകൾ അനുവദനീയമാണെങ്കിലും, സർപ്രൈസുകൾ ഒഴിവാക്കി വരുന്ന വിവരം മുൻകൂട്ടി അറിയിക്കുന്നതാണ് സുന്നത്തും അതാണ് ഏറെ ഉത്തമവും.

കൂടുതൽ അനുയോജ്യവും.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter