ഉമറയില്‍ സഅ്‍യ് വരെ കഴിഞ്ഞു. മുടി നീക്കല്‍ വീട്ടിലെത്തിയ ശേഷമാവാം എന്ന് കരുതി. പക്ഷെ വീട്ടിലെത്തിയ ശേഷം അറിയാതെ തോര്‍ത്ത് മുണ്ട് തലയില ചുറ്റി. പൂര്ണമായും തല മറഞ്ഞിരുന്നില്ല. ഇപ്പോള്‍ ഞാന്‍ അബുദാബിയില്‍ തിരിച്ചെത്തി. ഞാന്‍ എന്ത് ചെയ്യണം. സഅ്‍യിനു ശേഷം ഞാന്‍ ഹജറുല്‍ അസ്‍വദ് മുത്തി. ആ കാര്യം ഞാന്‍ ഭാര്യയോട് പറഞ്ഞു. ഉടനെ തന്നെ അവളെന്റെ ചുണ്ടില്‍ മുത്തി. അതൊരു വികാരത്തോടെയായിരുന്നില്ല. ഇത് രണ്ടും സംഭവിച്ചത് ഒരേ ഉമ്രയിലയിരിക്കുമ്പോള്‍ ആയിരുന്നു. ഞാന്‍ എന്ത് ചെയ്യണം ?
ചോദ്യകർത്താവ്
മുജീബ് റഹ്‍മാന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
ഹജ്ജ്, ഉംറ എന്നിവക്ക് ഇഹ്‍റാം ചെയ്തവനു മുടി നീക്കി തഹല്ലുലാവുന്നതു വരെ തല മറക്കല്‍ (അത് അല്പമാണെങ്കിലും), വികാരത്തോടെയുള്ള ചുംബനം എന്നിവ നിഷിദ്ധമാണ്. അത്തരം നിഷിദ്ധമായത് ചെയ്തവന്‍ അതിനു പ്രായിശ്ചിത്യം ചെയ്യണം. ഉദ്ഹിയ്യത്തിന്‍റെ നിബന്ധനകളൊത്ത ഒരാടിനെ അറവ് നടത്തുക, ഹറമിലെ ആറു മിസ്കീന്മാര്‍ക്ക് അര സാഉ വീതം (മൊത്തം മൂന്നു സാഅ്) ധര്‍മ്മം ചെയ്യുക, മൂന്നു ദിവസം നോമ്പനുഷ്ഠിക്കുക എന്നിവയിലേതെങ്കിലും ചെയ്താല്‍ മതി. നാട്ടിലെത്തിയവര്‍ക്ക് ഏറ്റവും സൌകര്യം നോമ്പ നോല്‍ക്കലാണല്ലോ.
ചോദ്യത്തിലെ വിശദീകരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത് തലമറക്കല്‍ കല്‍പിച്ചു കൂട്ടി ചെയ്തതല്ലെന്നാണ്. അറിയാതെയോ മറന്നോ ആസ്വാദന ഇനത്തില്‍ പെട്ട നിഷിദ്ധങ്ങള്‍ ചെയ്തു പോയാല്‍ അത് പൊറുക്കപ്പെടുന്നതാണ്. അതിനു പകരമായി പ്രായിശ്ചിത്യം ചെയ്യേണ്ടതില്ല. അതു പോലെ ചുംബനവും അറിയാതെ സംഭവിച്ചതും വികാരമില്ലാതെയുമായിരുന്നതിനാല്‍ അത് നിഷിദ്ധങ്ങളില്‍ പെടുകയില്ല. അതിനും പ്രായിശ്ചിത്യം നല്‍കേണ്ടതില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.