എനിക്ക് മുഹറം മാസം മുതൽ 3 മാസം ശമ്പളം Rs50000/- വെച്ച് Rs.1, 50, 000 സേവ് ചെയ്തു 4 ആം മാസം Rs. 65000 ചിലവാക്കി . ഇത് പോലേ ശമ്പളത്തിൽ നിന്ന് സേവ് ആകുന്ന തുക. ചെലവാക്കുന്നു. എന്നാൽ മുഹറം മുതൽ അടുത്ത മുഹർറം വരെ സകാത് കൊടുക്കേണ്ട അളവ് അനുസരിച്ചു പൈസ സേവ് ആണ്. സകാത് എങ്ങനെ കണക്കാക്കും.
ചോദ്യകർത്താവ്
Thayyib
Apr 28, 2019
CODE :Fin9253
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ശമ്പളത്തിന് പ്രത്യേകമായി മാസാമാസമോ ഒരു വര്‍ഷം കിട്ടിയ മൊത്തം ശമ്പളത്തിനോ പ്രത്യേക സകാത്ത് ഇല്ല. ശമ്പളം കിട്ടിയ തുക എന്ത് ചെയ്തു, എത്ര ചെലവായിപ്പോയി, ഇനി എത്ര മിച്ചമുണ്ട് എന്നീ കാര്യങ്ങള്‍ പരിശോധിക്കലാണ് പ്രധാനം. ശമ്പളമായി കിട്ടിയ പൈസ ഒരിടത്ത് നിക്ഷേപിക്കുകയാണെങ്കിൽ ആ നിക്ഷേപത്തിനാണ് സകാത്ത് കണക്കാക്കുക. അത് കൊണ്ട് കച്ചവടം ചെയ്യുന്നുവെങ്കിൽ കച്ചവടത്തിന്റെ സകാത്താണ് പരിഗണിക്കപ്പെടുക. എന്നാൽ ഒരാൾക്ക് ശമ്പളം കിട്ടുന്ന തുക പലവകയിലായി ചെലവായിപ്പോകുന്നുവെങ്കിൽ ആ ചെലവായിപ്പോയതിനൊന്നും സകാത്ത് നിർബ്ബന്ധമാകില്ല. മിച്ചം വല്ലതുമുണ്ടെങ്കിൽ അത് സകാത്തിന്റെ നിസ്വാബ് എത്തുകയും തുടര്‍ന്ന് അതില്‍ കുറവ് വരാതെ ഒരു വർഷം പൂർത്തിയാവുകയും ചെയ്താലാണ് സകാത്ത് നിർബ്ബന്ധമാവുക.
ചുരുക്കത്തിൽ വലിയ ശമ്പളക്കാരനായാലും ചെറിയ ശമ്പളക്കാരനായാലും ശമ്പളയിനത്തിൽ കിട്ടിയ തുകയിൽ നിന്ന് എത്ര വലിയ സംഖ്യ ചെലവായിപ്പോയാലും ചെലവായിപ്പോയതിന് സകാത്തില്ല. മറിച്ച് മാസാമാസമോ അല്ലാതെയോ നിക്ഷേപമായോ അല്ലാതെയോ മിച്ചമാക്കി വല്ലതും സൂക്ഷിച്ചു വെച്ചാൽ അതില്‍ സകാത്ത് കൊടുക്കാനുള്ള നിശ്ചിത കണക്ക് (നിസ്വാബ്) എത്തിയത് മുതല്‍ (ആ നിസ്വാബില്‍ കുറവ് വരാതെ) വർഷം തികയുമ്പോഴാണ് സകാത്ത് നിർബന്ധമാകുക. വര്‍ഷാവസാനം മിച്ചമുള്ളതിന്റെ 2.5 ശതമാനമാണ് സകാത്ത് കൊടുക്കേണ്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.