ബറാഅത് രാവിനെ സംബന്ധിച്ചു ഹദീസിലോ ഖുര്‍ആനിലോ വന്നിട്ടുണ്ടോ

ചോദ്യകർത്താവ്

സാബിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ശഅ്ബാന്‍ -ശറഅ് പ്രാധാന്യം കല്‍പിക്കുന്ന മാസങ്ങളിലൊന്നാണ്. പുണ്യ റസൂല്‍ (സ) ഇതിന്‍റെ ദിന രാത്രങ്ങളില്‍ പ്രത്യേകം ആരാധനാ കര്‍മ്മങ്ങള്‍ക്ക് പ്രേരിപ്പിച്ചതായി പ്രബലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ശഅ്ബാന്‍ പതിനഞ്ചിന്‍റെ രാവിനു വളരെയേറെ ശ്രേഷ്ഠതകളുണ്ട്. ഇവ വിവിരിക്കുന്ന അനേകം ഹദീസുകളുണ്ട്. സജ്ജനങ്ങളായ മുന്ഗാമികളുടെ വാക്കുകളും പ്രവൃത്തികളുമുണ്ട്. ഈ ഹദീസുകളില്‍ നിന്ന് ചിലത് അടര്‍ത്തിയെടുത്ത് അവയുടെ പ്രബലതയിലും പ്രാമാണികതയിലും സംശയം ജനിപ്പിച്ച് ഈ രാത്രിയുടെ ശ്രേഷ്ഠതയെ നിരാകരിക്കുന്നവര്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഒരു ദഈഫായ ഹദീസിനു ഉപോല്‍ബലകമായി മറ്റുവിധത്തില്‍ ഹദീസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അതിനെ പ്രാമാണികമായി ഗണിക്കണമെന്നും ദഈഫായ ഹദീസുകള്‍ ശ്രേഷ്ഠതകളില്‍ അംഗീകരിക്കണമെന്നുമുള്ള കര്‍മ്മശാസ്ത്രത്തിന്‍റെയും ഹദീസ് നിവേദന ശാസ്ത്രത്തിന്‍റെയും അടിസ്ഥാന തത്ത്വം അവര്‍ സൌകര്യപൂര്‍വ്വം വിസ്മരിച്ച് പോകുന്നു. റസൂല്‍ (സ) പറഞ്ഞു ((ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു തന്‍റെ സൃഷ്ടികളിലേക്ക് പ്രത്യേകമായി പ്രത്യക്ഷപ്പെടുന്നു. എന്നിട്ട് മുശ്‍രികിനും പിണങ്ങി നില്‍ക്കുന്നവനും (ആത്മഹത്യ ചെയ്യുന്നവനും) ഒഴികെ തന്‍രെ സൃഷ്ടികള്‍ക്കെല്ലാവര്‍ക്കും അവന്‍ പൊറുത്തു കൊടുക്കുന്നു.)) - ഇബ്നു ഹിബാന്‍, അഹ്‍മദ്, തിര്‍മിദി ഇബ്നു മാജ റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് കാണുക. ((ശഅ്ബാന്‍ പകുതിയുടെ രാത്രിയായാല്‍ നിങ്ങള്‍ സുന്നത്ത് നിസ്കരിക്കുക. അതിന്‍റെ പകലില്‍ നോമ്പു നോല്‍ക്കുക. കാരണം അല്ലാഹു തആലാ അന്ന് സൂര്യാസ്തമയത്തോടെ താഴെ ആകാശത്തേക്ക് ഇറങ്ങി വന്നു ഫജ്റ് ഉദിക്കുന്നത് വരെ വിളിച്ചു പറയുന്നു. ആരെങ്കിലും പാപമോചനത്തിനായി പ്രാര്‍ഥിക്കുന്നവരുണ്ടോ അവനു ഞാന്‍ പൊറുത്തു കൊടുക്കും. ആരെങ്കിലും റിസ്ഖ് ചോദിക്കുന്നവരുണ്ടോ അവനു നാം റിസ്ഖ് നല്‍കും. ആരെങ്കിലും കഷ്ടപ്പെടുന്നവരുണ്ടോ അവനു നാം അവയില്‍ നിന്ന് മോചനം നല്‍കും. ആരെങ്കിലും.... ആരെങ്കിലും.....)) ചില ഹദീസ് പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ മാത്രമായി ഗ്രന്ഥ രചന തന്നെ നടത്തിയിട്ടുണ്ട്. അല്‍ ഹാഫിദ് ഇബ്നു ദുബൈസി (മരണം - ഹിജ്റ 637) ഈ ഗണത്തില്‍ പെടുന്നു. അതുപോലെ അബ്ദുല്ലാഹിബ്നു മുഹമ്മദ് ബ്നു സ്വിദ്ദീഖ് അല്‍ ഗമാരി എന്നവര്‍ക്ക് (ഹുസ്നുല്‍ ബയാന് ഫീ ലൈലത്തിന്നിസ്വഫി മിന് ശഅ്ബാന്‍) എന്ന ഒരു ഗ്രന്ഥം തന്നെയുണ്ട്. ഹിജ്റ 275 ല്‍ വഫാത്തായ മക്കയുടെ ചരിത്രകാരന്‍ മുഹമ്മദ് ബിന്‍ ഇസ്‍ഹാഖ് അല്‍ ഫാകിഹി തന്‍റെ മക്കാ ചരിത്രത്തില്‍ (ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ മക്കക്കാരുടെ അമലുകള്‍) എന്ന പ്രത്യേക അധ്യായം തന്നെ ചേര്‍ത്തിട്ടുണ്ട്. ഇമാം ബൈഹഖി (റ)വും തന്‍റെ ഫദാഇലുല്‍ അയ്യാമില്‍ പ്രത്യേകം അധ്യായം തന്നെ ഈ രാത്രിക്കു വേണ്ടി വിനിയോഗിച്ചിട്ടുണ്ട്. ദുഖാന്‍ സൂറതിലെ അനുഗ്രഹീത രാവു കൊണ്ടുദ്ദേശിക്കുന്നത് ഈ രാത്രിയാണെന്ന് ചില മുഫസ്സിറുകള്‍ക്ക് അഭിപ്രായമുണ്ട്. മാത്രമല്ല മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനി, ഇബ്നു തീമിയ്യ തുടങ്ങിയവര്‍ വരെ ഈ രാത്രിയുടെ പ്രാധാന്യത്തെ അംഗീകരിക്കുകയും അതില്‍ പ്രത്യേകം ആരാധകര്‍മ്മങ്ങള്‍ക്കായി പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter