പ്രവേശന ഫീസ്‌ കൊടുത്തു കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതും അതില്‍ നിന്ന് ലഭിക്കുന്ന കാശ് പ്രൈസ് വാങ്ങുന്നതിന്റെയും വിധി ?

ചോദ്യകർത്താവ്

ശുഐബ് സിഎച്ച്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇസ്‍ലാമിക ശരീഅതില്‍ മത്സരങ്ങളെ കുറിച്ച് വിശദമായ ചര്‍ച്ച നടക്കുന്നുണ്ട്. പ്രതിരോധത്തിന് സഹായകമാവുന്ന കുതിര പന്തയം, അമ്പെയ്ത്ത്, ഓട്ടം തുടങ്ങിയ മത്സരങ്ങള്‍ പ്രതിഫലത്തിന് പകരം തന്നെ അനുവദനീയമാണെന്നും അല്ലാത്ത ചെസ്സ് പോലെയുള്ള കളികള്‍ പ്രതിഫലത്തിന് പകരമല്ലെങ്കില്‍ അനുവദനീയമാണെന്നുമാണ് ശരീഅതിന്റെ കാഴ്ചപ്പാട്. (തുഹ്ഫ 9/399) പ്രതിഫലം വാങ്ങാന്‍ പറ്റിയ മത്സരങ്ങളില്‍ പ്രതിഫലം വാങ്ങല്‍ ഹലാലാവണമെങ്കില്‍ അത് മത്സരാര്‍ത്ഥികളല്ലാത്ത മറ്റൊരു കക്ഷി നല്‍കുന്നതായിരിക്കണം. രണ്ട് പേര്‍ മത്സരം നടക്കുമ്പോള്‍ അതിലൊരാള്‍ ജയിച്ച ആള്‍ക്ക് പ്രതിഫലം നല്‍കാന്‍ ഏറ്റെടുക്കുന്നതും അനുവദനീയമാണ്. ഞാന്‍ ജയിച്ചാല്‍ നീ എനിക്കും നീ ജയിച്ചാല്‍ ഞാന്‍ നിനക്കും ഇന്നത് നല്‍കാമെന്ന വ്യവസ്ഥയില്‍ നടക്കുന്ന മത്സരം നിഷിദ്ധമാണ്. അത് ചൂതാട്ടവുമാണ്. (തുഹ്ഫ 9/402) . ജയിച്ചവര്‍ക്ക് ഇത്ര നല്‍കാമെന്ന് പരസ്പരം വ്യവസ്ഥ ചെയ്ത് രണ്ടില്‍ കൂടുതല്‍ ആളുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതും ഇതു പോലെ നിഷിദ്ധമായതാണ്. എന്നാല്‍ ഇന്ന് സാധാരണയായി നടക്കുന്ന മത്സരങ്ങള്‍ക്ക് പ്രവേശന ഫീസ് അല്ലെങ്കില്‍ ഗ്രൌണ്ട് ഫീസ് നല്‍കി മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. അത് ഓരോരുത്തരും ജയിച്ചവര്‍ക്കുള്ള പ്രതിഫലം ഏറ്റെടുക്കലല്ല. നിഷിദ്ധവുമല്ല. മറിച്ച് ആ മത്സരം നടത്താനുള്ള ചെലവിലേക്ക് നാം പരീക്ഷകള്‍ക്ക്  പരീക്ഷ ഫീസ് നല്‍കുന്ന പോലെ അവര്‍ ഒരു സംഖ്യ നല്‍കുന്നു. മത്സരത്തിന് ശേഷം വിജയിച്ചവര്‍ക്ക് നല്‍കപ്പെടുന്നത് അതിന്റെ കൂലിയുമല്ല മറിച്ച് പ്രോത്സാഹന സമ്മാനം മാത്രമാണ്. അത് കൊണ്ട് അത്തരം മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter