കെഎംസിസി വെല്‍ഫയര്‍ സെല്ലിന്റെ ഭാഗമായി അതിലുള്ള മെമ്പര്‍മാര്‍ ചേര്‍ന്ന് എല്ലാ വര്‍ഷവും 100 ദിര്‍ഹംസ് വെച്ച് എടുക്കുകയും ആരെങ്കിലും മരിച്ചാല്‍ 3 ലക്ഷവും അപകടം പറ്റിയാല്‍ ഒന്നര ലക്ഷവും ലഭിക്കും ഇതൊരു സഹായ നിധി എന്ന് പറയുന്നു ഇത് അനുവദനീയമാണോ?

ചോദ്യകർത്താവ്

ശുഐബ് സിഎച്ച്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്‍ഷൂറന്‍സിനെ കുറിച്ച് ഇവിടെ വായിക്കാവുന്നതാണ്. സഹായനിധിയെന്ന പേരിലറിയപ്പെട്ടാലും ഇടപാടുകളില്‍ ശരീഅതിന്റെ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ഇസ്‍ലാമില്‍ അതിന് സാധുത കല്‍പിക്കപ്പെടില്ല. അറബികളുടെ ചൂതാട്ടം യഥാര്‍ത്ഥത്തില്‍ ഒരു സഹായ നിധിതന്നെയായിരുന്നല്ലോ. എന്നിട്ടും ഖുര്‍ആന്‍ രൂക്ഷമായ ഭാഷയിലാണതിനെ വിമര്‍ശിച്ചത്. ഇന്‍ഷുറന്‍സ് ഇടപാടില്‍ നാണയവും നാണയവും തമ്മിലുള്ള വില്‍പനയാണ്. നീ എനിക്ക് 100 തന്നാല്‍ ഞാന്‍ നിനക്ക് മൂന്ന് ലക്ഷം തരാം എന്ന് പറയുന്നത് പോലെത്തന്നെയാണല്ലോ ഈ ഇടപാടും. അത്തരത്തിലുള്ള ഇടപാടുകളില്‍ മൂന്ന് നിബന്ധനകള്‍ പാലിച്ചിരിക്കല്‍ നിര്‍ബന്ധമാണ്. രണ്ടും തുല്യമായിരിക്കുക,  കച്ചവടം റൊക്കമായിരിക്കുക, സദസ്സില്‍ വെച്ച് തന്നെ കൈമാറ്റം പൂര്‍ത്തിയാക്കുക. എന്നിവയാണവ. ഈ മൂന്ന് നിബന്ധനകളും ഈ ഇന്‍ഷൂറന്‍സ് രീതിയില്‍ പാലിക്കപ്പെടുന്നില്ലല്ലോ. കാരണം 1600 രൂപ അടച്ച ആള്‍ക്കാണ് 3 ലക്ഷമോ 1.5 ലക്ഷമോ നല്‍കാമെന്ന് നിബന്ധന വെക്കപ്പെടുന്നത്. അത് തന്നെ സദസ്സില്‍ വെച്ച് നല്‍കപ്പെടുന്നുമില്ല. അടച്ച പണം മാത്രമേ സ്വീകരിക്കുന്നുള്ളൂവെങ്കില്‍ തന്നെ കൈമാറ്റം വൈകിപ്പിക്കല്‍ വന്നു ചേരുന്നുണ്ട്. അതും ഇസ്‍ലാം നിരോധിച്ച പലിശയിനം തന്നെയാണ്. എന്നാല്‍ ഇത്തരം പദ്ധതികള്‍ ഇസ്‍ലാം അനുവദിച്ച രീതിയില്‍ തന്നെ നടപ്പാക്കാനാണ് ശ്രമിക്കേണ്ടത്. ഇന്ന് നിലവിലുള്ള തകാഫുല്‍ സംവിധാനം പോലെ. അഥവാ തകാഫുലില്‍ അംഗത്വമുള്ളവര്‍ അതിലേക്ക് സ്വദഖ ചെയ്യുക. ഈ സംഖ്യ ഏതെങ്കിലും കച്ചവടത്തില്‍ നിക്ഷേപിക്കുന്നുവെങ്കില്‍ ഹലാലായ ബിസിനസില്‍ തന്നെ നിക്ഷേപിക്കാന്‍ ശ്രദ്ധിക്കണം. എന്നിട്ട് അംഗങ്ങളില്‍ ആര്‍ക്കെങ്കിലും അപകടം മൂലമോ മറ്റോ ആവശ്യമായി വരുമ്പോള്‍ അവന്റെ ആവശ്യത്തിനനുസരിച്ച് സംഭാവന നല്‍കുക. വ്യക്തമായ സംഭാവനയുടെ രീതിതന്നെ ഈ ഇടപാടിനുണ്ടായിരിക്കണം. അതിന് താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 1) 100 ദിര്‍ഹം തന്ന് പദ്ധതിയില്‍ ചേര്‍ന്നവന് ഇത്ര 200 ദിര്‍ഹം നല്‍കി ചേര്‍ന്നവന് ഇത്ര തുടങ്ങി സംഖ്യകള്‍ നിശ്ചയിക്കാതിരിക്കുക. അഥവാ അംഗത്വത്തിന് നല്‍കിയ സംഖ്യക്ക് പകരമാവരുത് നല്‍കുന്നത്. എത്ര സംഖ്യ തന്നെ തന്നാലും അവന്റെ ആവശ്യത്തിനനുസരിച്ചുള്ള സ്വദഖയാവണം. 2) അംഗങ്ങളില്‍ നിന്ന് സംഖ്യ സ്വീകരിക്കുന്നവരും സ്വദഖ എന്ന നിലയില്‍ തന്നെ സ്വീകരിക്കണം. അഥവാ ഞാന്‍ 200 ദിര്‍ഹം തന്നതിനാല്‍ എനിക്ക് നാല് ലക്ഷം വേണം തുടങ്ങിയുള്ള നിബന്ധന വെക്കരുത്. അവന് മറ്റുള്ളവരോട് സ്വദഖ ചോദിക്കുന്നത് പോലെ എത്രയും ചോദിക്കാം പക്ഷെ ലഭിക്കുന്നത് മാത്രം സ്വീകരിക്കുക. ഇങ്ങനെയൊക്കെയാല്‍ തകാഫുല്‍ ശരിയാവും മാത്രമല്ല പരസ്പരം നന്മയുടെ മേല്‍ സഹകരിച്ചതിനുള്ള പ്രതിഫലവും ലഭിക്കും. മേല്‍ പറയപ്പെട്ട നിബന്ധനകള്‍ പാലിക്കുന്ന സാഹായ നിധിയാണ് ചോദ്യത്തില്‍  പറയപ്പെട്ട കെഎംസിസി ഇന്‍ഷൂറന്‍സെങ്കില്‍ അത് അനുവദിനീയവും അല്ലെങ്കില്‍ നിഷിദ്ധവുമാണ്. ഹലാലായത് മാത്രം സമ്പാദിക്കാനുള്ള തൌഫീഖും ഉള്ള സമ്പാദ്യത്തില്‍ ബര്‍കതും നാഥന്‍ നല്‍കുമാറാവാട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter