വിഷയം: നബിദിന ഗാനത്തിലെ മ്യൂസിക് ഹലാലാണോ
പ്രവാസിയായ ഞാൻ കഴിഞ്ഞ നബിദിനത്തിൽ നാട്ടിലായിരുന്നു, നബിദിനത്തിലും അതുമായി ബന്ധപ്പെട്ട പല പരിപാടികളിലും നബിയുടെ മദ്ഹ് ഗാനങ്ങൾ കേൾക്കുകയുണ്ടായി പക്ഷെ ഒട്ടു മിക്ക ഗാനങ്ങളിലും ദഫ് എന്ന വ്യാചേന മറ്റു ഉപകരണമാണ് ഉപയോഗിച്ചിട്ടുള്ളത്. സിനിമ പാട്ടുകളൊക്കെ പോലെ മുട്ടുകൾ ഇട്ടു കൊണ്ടാണ് ഇപ്പോഴുള്ള പാട്ടുകൾ ഇറങ്ങുന്നത്. ദഫ് ആണെന്ന് പറയാതെ പറഞ്ഞ് മത പരിപാടികളിൽ വെക്കുന്നു. ദഫ് അല്ലാത്ത മറ്റു ഉപകരണങ്ങൾ കൊണ്ടുള്ള പാട്ടുകൾ ഇസ്ലാമിൽ അനുവദിനീയമാണോ ?
ചോദ്യകർത്താവ്
Mansoor Doha
Jan 14, 2020
CODE :Oth9567
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..
മ്യൂസിക്കിന്റ ഇസ്ലാമിക മാനത്തെക്കറിച്ച് വിശദമായ ചർച്ചകൾ കഴിഞ്ഞ കാലങ്ങളിൽ നടന്നതും പിൽക്കാല പണ്ഡിതർ അതിൽ ഖണ്ഡിതമായ അഭിപ്രായം രേഖപ്പെടുത്തിയതുമാണ്. നാല് മദ്ഹബിന്റേയും ഇമാമുമാർ അതിനെ ശക്തമായി എതിർത്തതാണ്. ഇമാം ഗസ്സാലി (റ), അബൂ ത്വാലിബിൽ മക്കി (റ), മുഹമ്മദു ബിൻ ത്വാഹിർ അൽ മഖ്ദസി (റ) തുടങ്ങിയ മഹാന്മാരുടേതായി വന്ന ഈ വിഷയത്തിലെ നിരീക്ഷണങ്ങളാണ് സംഗീതം അനുവദനീയമാണ് എന്ന് വാദിക്കുന്നവർ തെളിവായുദ്ധരിക്കുന്നത്. എന്നാൽ ഏതെങ്കിലും സ്വഹാബിയോ മുൻഗാമിയോ സംഗീതം അനുവദനീയമാണെന്ന് പറയുന്നതോ സംഗീതം ആസ്വദിച്ചതോ ആയി പറയപ്പെടുന്ന ഒരു റിപ്പോർട്ടും അടിസ്ഥാനമില്ലാത്തതും കെട്ടിച്ചമച്ചതും ആശയങ്ങൾ വക്രീകരിച്ചതുമാണെന്ന് ഇമാം അദ്റഈ(റ), ഇമാം ബഗ് വീ(റ), ഇമാം ഖുർത്വുബീ(റ), ഇമാം ഇബ്നു ഹജർ അൽ ഹൈത്തമീ(റ), തുടങ്ങിയ അനേകം പണ്ഡിതന്മാർ വിശദമായ പഠനങ്ങൾക്ക് ശേഷം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് മതധാർമ്മികതയില്ലാത്തവർ ഉപോയോഗിക്കുന്ന ഏത് തരം സംഗീത ഉപകരണവും ഉപയോഗിക്കൽ ഹറാമാണെന്ന കാര്യം ഇജ്മാഅ് ആണ് എന്ന് നാല് മദ്ഹബിലേയും പിൽക്കാല പണ്ഡിതർ സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രവുമല്ല ഈ വിഷയത്തിലെ നെല്ലും പതിരും വേർതിരിഞ്ഞ സ്ഥിതിക്ക് ഇന്നത്തെ കാലത്തെ പല പണ്ഡിതന്മാരും എങ്ങനെയെങ്കിലും സംഗീതം ഹലാലാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനെ അവർ ശക്തമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. ദഫ്ഫ് ഉപയോഗിക്കൽ ഹലാലാണ് എന്നത് ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. അതിന്റെ മറവിൽ മറ്റു സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നബിദിനാഘോഷം പോലുള്ള മഹത്തായ കർമ്മത്തിന്റെ പവിത്രതക്ക് കോട്ടം വരുത്തുകയേ ഉള്ളൂ. ഈ വിഷയം വിശദമായി മനസ്സിലാക്കാൻ FATWA CODE: Fat9036 എന്ന ഭാഗം ദയവായി വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.