വിഷയം: വജ്ജഹ്‌തു ഓതല്‍
നിസ്കാരത്തിൽ വജ്ജഹ്‌തു ഓതൽ സുന്നത്താണല്ലോ .. അപ്പോൾ അത് ഒഴിവാക്കുന്നത് കറാഹതാണോ? അത് പോലെ സുന്നത് നിസ്കാരത്തിൽ വജ്ജഹ്‌തു ഓതാതിരുന്നാൽ അതിന്റെ വിധിയെന്താണ് ?
ചോദ്യകർത്താവ്
Farhan
May 30, 2021
CODE :Pra10116
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ജനാസ നിസ്കാരമല്ലാത്ത എല്ലാ ഫര്‍ള് നിസ്കാരങ്ങളിലും സുന്നത്ത് നിസ്കാരങ്ങളിലും ദുആഉല്‍ ഇഫ്തിതാഹ് ഓതല്‍ സുന്നത്താണ്. ദുആഉല്‍ഇഫ്തിതാഹിന്‍റെ പലരീതിയിലുള്ള ദുആകളും ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിലേറ്റവും സ്രേഷ്ടമായ ദുആ ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത വജ്ജഹ്തു വജ്ഹിയ എന്ന് തുടങ്ങി വഅന മിനല്‍മുസ്ലിമീന്‍ എന്നവസാനിക്കുന്ന ദുആയാണ്. സാധാരണ എല്ലാവരും ഓതാറുള്ളത് ഈ ദുആ ആയതിനാല്‍ ദുആഉല്‍ ഇഫ്തിതാഹിന് വജ്ജഹ്തു എന്ന പേര് ഉപയോഗിച്ചു വരുന്നു.
ഫര്‍ള് നിസ്കാരമാകട്ടെ സുന്നത്ത് നിസ്കാരമാകട്ടെ, തക്ബീറതുല്‍ഇഹ്റാം ചൊല്ലിയ ഉടനെ ദുആഉല്‍ ഇഫ്തിതാഹ് സുന്നത്താണെന്നാണ് പ്രബലമായ അഭിപ്രായം. നിര്‍ബന്ധമാണെന്ന അഭിപ്രായക്കാരുമുണ്ട് (ഫത്ഹുല്‍മുഈന്‍)
ഉപേക്ഷിക്കല്‍ നിരോധം വന്നതോ നിര്‍ബന്ധമാണെന്ന അഭിപ്രായമുള്ളതോ ആയ സുന്നത്തുകള്‍ ഒഴിവാക്കുന്നത് കറാഹത്താണ് (ഫത്ഹുല്‍മുഈന്‍).
ദുആഉല്‍ഇഫ്തിതാഹ് ഓതല്‍ നിര്‍ബന്ധമാണെന്ന അഭിപ്രായമുള്ളതിനാല്‍ അത് ഉപേക്ഷിക്കല്‍ കറാഹത്താണ്. ഫര്‍ള് നിസ്കാരമാണെങ്കിലും സുന്നത്ത് നിസ്കാരമാണെങ്കിലും വിധി ഇതു തന്നെ.
ദുആഉല്‍ഇഫതിതാഹ് ന്‍റെ വിവിധരൂപങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിലേറ്റവും സ്രേഷ്ടമായതാണ് വജ്ജഹ്തു വജ്ഹിയ എന്ന് തുടങ്ങുന്ന ദുആ. മറ്റു ദുആകള്‍ ഓതിയാലും സുന്നത്ത് ലഭിക്കുന്നതാണ്. ഹദീസുകളില്‍ വന്ന ദുആഉല്‍ഇഫ്തിതാഹിന്‍റെ മറ്റുചില രൂപങ്ങള്‍ താഴെ ചേര്‍ക്കുന്നു.
الله أكبر كبيرا ، وسبحان الله بكرة وأصيلا
الحمد لله حمدا كثيرا طبيا مباركا فيه
اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنْ الدَّنَسِ، اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.