മൂട്ട രക്തം നജസാണോ

ചോദ്യകർത്താവ്

ജുനൈദ് അയനിക്കുന്നത്ത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

മൂട്ടയുടെ രക്തം നജസാണ്.  അത് ചില സന്ദര്‍ഭങ്ങളില്‍ പൊറുക്കപ്പെടും. നജസ് എന്ന നിലക്ക് ചര്‍ച്ച ചെയ്യുമ്പോള്‍ മൂട്ടയുടെ രക്തത്തിന്‍റെ മൂന്നു അവസ്ഥകള്‍ വിശദീകരിക്കണം.

  1. സാധാരണ നിലക്ക് നഗ്ന നേത്രങ്ങള്‍ക്ക് കാണാനാവാത്തത്ര ചെറിയ അംശം
    1. ഇത് കുറഞ്ഞോ കൂടുതലോ ഉള്ള വെള്ളം, പാനീയങ്ങള്‍, ദ്രാവകങ്ങള്‍ എന്നിവയില്‍ ചേര്‍ന്നാല്‍ നജസാവുകയില്ല. നിസ്കരിക്കുന്നവന്‍റെ വസ്ത്രത്തിലോ ദേഹത്തോ സ്ഥലത്തോ ആയാലും ഇത് നജസായി പരിഗണിക്കപ്പെടുകയില്ല.
  2. സാധാരണ നിലക്ക് നഗ്ന നേത്രങ്ങള്‍ക്ക് കാണാനാവുന്നതും എന്നാല്‍ കുറഞ്ഞതുമായ രക്തം
    1. രണ്ടു ഖുല്ലത്തില്‍ കുറവുള്ള വെള്ളത്തില്‍ ഇത് ചേര്‍ന്നാല്‍ നജസാകും
    2. വെള്ളമല്ലാത്ത മറ്റു ദ്രാവകങ്ങളില്‍ ചേര്‍ന്നാലും നജസാകും. രണ്ടു ഖുല്ലത്തില്‍ കൂടുതലുണ്ടെങ്കിലും.
    3. രണ്ടു ഖുല്ലത്തില്‍ കൂടുതലുള്ള വെള്ളത്തില്‍ ചേര്‍ന്നാല്‍ നജസാവുകയില്ല. എന്നാല്‍ ഇതുമൂലം വെള്ളത്തിന്‍റെ രുചി, മണം, നിറം എന്നിവയിലേതെങ്കിലും പകര്‍ച്ചയായാല്‍ ആ വെള്ളം നജസാകും.
    4. നിസ്കരിക്കുന്നവന്‍റെ വസ്ത്രത്തിലോ ദേഹത്തോ സ്ഥലത്തോ ആയാല്‍ അതിനു നിസ്കാരത്തില്‍ ഇളവുണ്ട്. നിസ്കാരം ശരിയാകുകയും ചെയ്യും. അത് അവന്റെ പ്രവൃത്തിമൂലമായാലും ശരി.
  3. കൂടുതലുള്ള രക്തം
    1. രണ്ടു ഖുല്ലത്തില്‍ താഴെയുള്ള വെള്ളം ഇതു ചേരല്‍ കൊണ്ടു നജസാകും
    2. രണ്ടു ഖുല്ലത്തോ അതില്‍ കൂടുതലോ ഉള്ള വെള്ളം ഇവ ചേര്‍ന്ന് പകര്‍ച്ചയായാല്‍ മാത്രം നജസാകും. ഒരു പകര്‍ച്ചയും ഇല്ലെങ്കില്‍ നജസാകുകയില്ല.
    3. വെള്ളമല്ലാത്ത മറ്റു ദ്രാവകങ്ങള്‍ അത് രണ്ടു ഖുല്ലത്തുണ്ടെങ്കിലും നജസാകും.
    4. സ്വന്തം പ്രവൃത്തി മൂലമല്ലാതെ വസ്ത്രത്തിലോ ദേഹത്തോ സ്ഥലത്തോ ആയാല്‍ നിസ്കാരത്തില്‍ ഇളവുണ്ട്. നിസ്കാരം ശരിയാവുകയും ചെയ്യും.
    5. സ്വന്തം പ്രവൃത്തി മൂലമാണെങ്കില്‍ നിസ്കാരത്തില്‍ ഇളവില്ല. ഉദാഹരണത്തിനു അവനു അതിനെ വസ്ത്രത്തിലോ സ്ഥലത്തോ ദേഹത്തോ വെച്ച് നെക്കി കൊന്നു. ധാരാളം രക്തമുണ്ടാവുകയും ചെയ്തു. അല്ലെങ്കില്‍ വളരെയധികം മൂട്ട രക്തമുള്ള ഒരു വസ്ത്രമെടുത്തണിഞ്ഞു. അല്ലെങ്കില്‍ അത്തരം ഒരു വസ്ത്രം വിരിച്ചു നിസ്കരിച്ചു. അല്ലെങ്കില്‍ അനാവശ്യമായി ധരിച്ച ഒരു വസ്ത്രത്തിലാണ് ഇത്രയധികം മൂട്ടരക്തമുണ്ടാകാനിടയുണ്ടായത്. ഇവിടെയെല്ലാം കൂടുതല്‍ രക്തമുണ്ടെങ്കില്‍ നിസ്കാരത്തില്‍ ഇളവു ലഭിക്കുകയില്ല. അത്തരം രക്തത്തോടെ നിസ്കരിച്ചാല്‍ നിസ്കാരം ശരിയാവുകയും ഇല്ല. കുറഞ്ഞ രക്തത്തിനു് നിസ്കാരത്തിനു ഇളവുണ്ട്. ഏതു അവസരത്തിലും.

മുകളില്‍ പറഞ്ഞ പത്തു മസ്അലകള്‍ക്കു പുറമെ ശ്രദ്ധിക്കേണ്ടതാണ് താഴെ കൊടുത്ത രണ്ടെണ്ണവും

1) രക്തത്തിന്‍റെ കുറവ്, കൂടുതല്‍ എന്നിവക്ക് സാധാരണ നടപ്പാണു മാനദണ്ഢം.

2) രക്തം കൂടുതലാണോ കുറവാണോ എന്നു സംശയിച്ചാല്‍ അതു കുറവാണെന്നു വെക്കണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter