ളുഹരിനും അസരിനും ഫാതിഹയും സൂറത്തും പതുക്കെ ഓതുന്നത്തിന്റെ വിശദീകരണം
ചോദ്യകർത്താവ്
മുജീബ് റഹ്മാന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അഞ്ചു നേരത്തെ നിസ്കാരങ്ങളില്‍ പകല്‍ സമയത്തുള്ള ളുഹ്റ്, അസ്റ് എന്നിവ പതുക്കെ ഓതിയും രാത്രിയിലുള്ള മഗ്റിബ്, ഇശാഅ്, സുബ്ഹ് എന്നിവ ഉറക്കെ ഓതിയും നിസ്കരിക്കലാണ് സുന്നത്. ഇത് ഇമാമിനും ഒറ്റക്കു നിസ്കരിക്കുന്നവര്‍ക്കും സുന്നതാണ്. ഇങ്ങനെ ചില നിസ്കാരങ്ങളില്‍ പതുക്കെയും മറ്റു ചിലതില്‍ ഉറക്കെയും ആയി നിസ്കരിക്കുന്നത് റസൂല്‍(സ)യുടെ നിര്‍ദ്ദേശവും ചര്യയുമനുസരിച്ചാണ്. ഇബാദതുകളുടെ എണ്ണവും രീതികളും സമയങ്ങളുമെല്ലാം അല്ലാഹു നിര്‍ണ്ണയിച്ചതാണ്. അതിന്‍റെ പിന്നിലുള്ള ഹിക്മത് ഏറ്റവും നന്നായി അറിയുന്നവനും അവന്‍ തന്നെ. നമ്മുടെ ബാധ്യത ആ കല്‍പനകള്‍ അനുസരിക്കുക എന്നതാണ്. എങ്കിലും ചിലര്‍ ഇതിന്‍റെ പിന്നിലെ ഹിക്മതിനെ കുറിച്ച് ആലോചിക്കുകയും അവ രേഖപെടുത്തുകയും ചെയ്തിട്ടുണ്ട്. അവയില്‍ പെട്ടതാണ്.
1) ജനങ്ങള്‍ പൊതുവേ പകല്‍ സമയങ്ങളില്‍ ജോലികളിലും മറ്റും കൂടുതല്‍ വ്യാപൃതരായതിനാല്‍ ഇമാമിന്‍റെ ഖിറാഅത് ശ്രദ്ധിക്കാന്‍ മനസ്സു ഏകാഗ്രമാകുകയില്ല. പക്ഷേ, രാത്രി ഒഴിഞ്ഞ മനസ്സുമായി നിസ്കരിക്കുമ്പോള്‍ ഇമാമിന്‍റെ ഓത്ത് ശ്രദ്ധാപൂര്‍വ്വം ശ്രവിക്കാനാകും.
2) പകല്‍ സമയത് ഉറക്കെ ഓതുന്നത് കൂടുതല്‍ പേര്‍ കേള്‍ക്കാനിടയാവുകയും അത് റിയാഇലേക്ക് നയിക്കുകയും ചെയ്യും.
3) നിസ്കാരം നിര്‍ബന്ധമായ ഉടനെ എല്ലാ നിസ്കാരത്തിലും ഉറക്കെ ഓതാറായിരുന്നു പതിവ്. പക്ഷേ, ഓതുന്ന ശബ്ദം കേട്ട് ശത്രുക്കള്‍ നിസ്കരിക്കുന്നവരെ ഉപദ്രവിക്കുന്നത് പതിവാക്കിയപ്പോള്‍ പകല്‍ സമയം പതുക്കെയും ശത്രുക്കള്‍ ശ്രദ്ധിക്കാന്‍ സാധ്യത കുറഞ്ഞ രാത്രിയില്‍ ഉറക്കെയും ഓതാന്‍ തുടങ്ങി.
4) ജുമുഅ, ഈദ് നിസ്കാരങ്ങള്‍ മുസ്‍ലിംകളുടെ ഒരു ശക്തി പ്രകടനം കൂടി ആയതിനാല്‍ അവിടെ ഉറക്കെ ഓതുന്നു.
ഇവയെല്ലാം ചില വീക്ഷണങ്ങള്‍ മാത്രമാണ്. നാം അല്ലാഹുവിന്‍റെ റസൂല്‍ (സ) എങ്ങനെ നിസ്കരിച്ചു കാണിച്ചു തന്നുവോ അതു പോലെ നിസ്കരിക്കുക. ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ഇവയെല്ലാം കണ്ടെത്താമായിരുന്നുവെങ്കില്‍ നുബുവ്വതിന്‍റെയും രിസാലതിന്‍റെയും ആവശ്യമുണ്ടാകുമായിരുന്നില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.