വിഷയം: പ്രസവം
ഗർഭാവസ്ഥയിലും പ്രസവശേഷവും ഒരു സ്ത്രീയും ഭർത്താവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്? പ്രസവിച്ച ഉടനെ കുട്ടിയുടെ ചെവിയിൽ ബാങ്കും ഇഖാമത്തും കൊടുക്കുന്നതും മധുരം നൽകുന്നതും ഭർത്താവ് ചെയ്യുന്നതാണോ അതോ കുട്ടിയുടെ വലിയുപ്പ ചെയ്യുന്നതാണോ കൂടുതൽ ഉത്തമം? ഭാര്യ തന്റെ ഭർത്താവ് തന്നെ ഇത് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്?
ചോദ്യകർത്താവ്
Naseera
Jun 16, 2026
CODE :Par16331
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഗർഭകാലത്ത് സ്ത്രീ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താനും പ്രാർത്ഥനകളിൽ മുഴുകാനും ശ്രദ്ധിക്കണം. ദുആഉൽ കർബ് കൂടുതലായി ചൊല്ലുന്നതും നല്ലതാണ്. ഭർത്താവ് അവൾക്ക് പൂർണ്ണമായ പരിചരണവും മാനസിക പിന്തുണയും നൽകുകയും, പ്രസവച്ചെലവുകളും മറ്റും സ്രഷ്ടാവ് കൽപ്പിച്ച കടമയെന്നോണം നിർവഹിക്കുകയും വേണം. പ്രസവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മനസ്സിലാക്കാൻ ഇവിടെയും ഇവിടെയും ക്ലിക്ക് ചെയ്യുക
കുട്ടി ജനിച്ച ഉടനെ വലതുചെവിയിൽ ബാങ്കും ഇടതുചെവിയിൽ ഇഖാമത്തും കൊടുക്കലും, ഈന്തപ്പഴം പോലുള്ള മധുരം ചവച്ചരച്ച് കുട്ടിയുടെ നാവിൽ പുരട്ടലും (തഹ്‌നീക്) ശക്തമായ സുന്നത്തുള്ള കാര്യങ്ങളാണ്. ഈ കർമ്മങ്ങൾ ചെയ്യേണ്ടത് തഖ്‌വയും ഇഖ്ലാസുമുള്ള വ്യക്തികളാണ് (അഭികാമ്യം). കുടുംബത്തിൽ അങ്ങനെയുള്ള ആലിമീങ്ങളോ വലിയവരോ ഉണ്ടെങ്കിൽ അവരെക്കൊണ്ട് ചെയ്യിക്കുന്നതാണ് ഏറ്റവും ഉത്തമം. അങ്ങനെയെങ്കിൽ കുട്ടിയുടെ വലിയുപ്പ കൂടുതൽ അറിവും സൽസ്വഭാവവുമുള്ള വ്യക്തിയാണെങ്കിൽ അദ്ദേഹത്തെക്കൊണ്ട് ചെയ്യിക്കുന്നതാണ് കൂടുതൽ അനുയോജ്യം.
എന്നാൽ, ഈ സുന്നത്തുകൾ ചെയ്യാനുള്ള യഥാർഥ അവകാശം കുട്ടിയുടെ പിതാവിനാണ് ഉള്ളത്. ഭാര്യ തന്റെ ഭർത്താവിനോട് ഇത് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ഭർത്താവിന് തന്നെ പ്രസ്തുത കാര്യങ്ങൾ ചെയ്യാവുന്നതാണ്, ഭർത്താവിന്‍റെ അവകാശവുമാണല്ലോ. ഇത്തരം സന്ദർഭങ്ങളിൽ, വലിയുപ്പയെ ബഹുമാനിക്കുന്നതിനായി, ഭർത്താവ് ഈ കർമ്മങ്ങൾ നിർവഹിച്ചതിന് ശേഷം കുട്ടിയെ വലിയുപ്പയുടെ കൈകളിൽ നൽകി ദുആ ചെയ്യിപ്പിക്കാവുന്നതാണ്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


