ഇന്ന് സമൂഹത്തില്‍ വ്യാപകമായി കണ്ടു വരുന്ന ഒരു ദുരാചാരമാണല്ലോ സ്ത്രീധനം. സ്ത്രീധനം വാങ്ങുന്നതിന്റെയും കൊടുക്കുന്നതിന്റെയും ഇസ്‌ലാമിക വിധിയെന്ത്‌? പ്രവാചകന്റെയോ സഹാബതിന്റെയോ കാലത്ത് ഇത്തരം ഒരു സമ്പ്രദായം നില നിന്നിരുന്നോ? വിവാഹ സമയത്തോ അല്ലെങ്കില്‍ സല്കാരതിനോ പുതിയാപ്പിളയെ സ്വര്‍ണം (മോതിരം ......മുതലായവ) അണിയിക്കുന്നതിന്റെ ഇസ്‌ലാമിക മാനം എന്ത്?

ചോദ്യകർത്താവ്

BIJLY-GREEN CITY

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ വിവാഹം ഒരു പരിപാവന കര്‍മ്മമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അതിനു അതിന്റെതായ നിയമങ്ങള്‍ ഇസ്‌ലാം കല്പിച്ചിട്ടുണ്ട്. വിവാഹം കഴിക്കപ്പെടുന്ന സ്ത്രീക്ക് പുരുഷന്‍ മഹ്ര്‍ നല്‍കി വിവഹം കഴിക്കുന്നതാണ് ഇസ്‌ലാമിന്റെ രീതി.  ഖുര്‍ആന്‍ പറയുന്നു “ സ്ത്രീകള്‍ക്ക് അവരുടെ 'മഹ്ര്‍' നിര്‍ബന്ധമായും കൊടുക്കുക. എന്നാല്‍ അതില്‍ നിന്ന് വല്ലതും സ്വമേധയാ അവര്‍ നിങ്ങള്‍ക്ക് പൊരുത്തപ്പെട്ടുതന്നാല്‍ അത് സന്തോഷമായും സുഖമായും ഭക്ഷിക്കാവുന്നതാണ്.(അന്നിസാഅ് – 4) സ്ത്രീകള്‍ അവമതിക്കപ്പെട്ട ഒരു സാമൂഹ്യ വ്യവസ്ഥയില്‍ നിന്നും മാറി അവരെ ആദരിക്കുന്ന അവസ്ഥയിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന്റെ ഭാഗം കൂടിയാണിത്.  മഹര്‍ തോത് നിശ്ചയിക്കാന്‍ സ്ത്രീക്ക്‌ അവകാശമുണ്ടെങ്കിലും അത് അമിതാവുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല.  ‘സ്ത്രീകളില്‍ ഏറ്റവും ഉത്തമര്‍ മഹര്‍ കുറഞ്ഞവരാണ്’ എന്ന് ഇബ്നു അബ്ബാസ്‌ (റ) നിന്നും ഇബ്നു ഹിബ്ബാന്‍ ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. വിവാഹം ഏറ്റവും ലളിതമായിരിക്കണമെന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ആഇശ (റ) യില്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞു “ഏറ്റവും അനുഗ്രഹം (ബറകത്ത്) നിറഞ്ഞ വിവാഹം ഏറ്റവും ചെലവുകുറഞ്ഞ വിവാഹമാണ്” (മുസ്നദു അഹമദ്‌ ബിന്‍ ഹന്ബല്‍). വരനും വധുവും തമ്മിലോ അവരുടെ കുടുംബങ്ങള്‍ തമ്മിലെ സമ്മാനങ്ങള്‍ കൈമാറുന്നതിനെ ഇസ്‌ലാം എതിര്‍ക്കുന്നില്ല. പരസ്പര സ്നേഹം വര്‍ധിപ്പിക്കാന്‍ അത് ഉത്തമമാണ്. നബി (സ) പറയുന്നു “നിങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുക; നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നവരാകും” (ബുഖാരി – അദബുല്‍ മുഫ്‌റദ്) എന്നാല്‍ ഒരാചാരം എന്ന നിലയിലോ അല്ലെങ്കില്‍ നിര്‍ബന്ധിതമായോ അവ വാങ്ങുന്നത് ഇസ്‌ലാം ഒരു നിലക്കും പ്രോത്സാഹിപ്പിക്കുന്നില്ല. ഇസ്‌ലാമിന്റെ വിവാഹ രീതിയെ അപ്രസക്തമാക്കുന്ന രീതിയിലാണ് ഇന്ന് നമ്മുടെ നാടുകളില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ടും മറ്റും കാര്യങ്ങള്‍ മുന്നോട്ടു പോവുന്നത്. മറ്റു ജനവിഭാഗങ്ങളില്‍ നിന്ന് കടംകൊള്ളുന്ന ഇത്തരം രീതികള്‍ തീര്‍ച്ചയായും ഒഴിവക്കപ്പെടെണ്ടാതാണ്. ഇമാം ഗസാലി (റ) ഇഹയാ ഉലൂമുദ്ദീനില്‍ പറയുന്നത് ഇങ്ങനെ സംഗ്രഹിക്കാം. “സ്ത്രീയുടെ ഭാഗത്ത് നിന്ന് മഹ്റില്‍ അമിത വര്‍ദ്ധനവ്‌ കറാഹത്താവുന്നതുപോലെ, പുരുഷന്റെ ഭാഗത്ത്‌ നിന്ന് അവളുടെ ധനത്തെ കുറിച്ച് ചോദിക്കുന്നത് കറാഹത്ത് ആക്കപ്പെടും. ധനം ആഗ്രഹിച്ചുകൊണ്ട് വിവഹം കഴിക്കരുത്. സുഫ്‌യാന്‍ സൌരി (റ) പറഞ്ഞു : സ്ത്രീക്ക് എന്താണ് (ധനം) ഉള്ളതെന്ന് ചോദിച്ച് ആരെങ്കിലും വിവാഹം ചെയ്‌താല്‍ അവന്‍ കള്ളനാണ്. ഇമാം ഗസാലി തുടരുന്നു “അവന്‍ (വരന്‍) അവര്‍ക്ക്‌ സമ്മാനം നല്‍കുമ്പോള്‍ കൂടുതല്‍ തിരിച്ചു നല്‍കാന്‍ വേണ്ടി അവരെ നിര്‍ബന്ധിക്കാന്‍ വേണ്ടിയാവരുത്. അവര്‍ തിരിച്ചു നല്‍കുമ്പോഴും. കൂടുതല്‍ ആഗ്രഹിക്കുന്നത് തെറ്റായ ഉദ്ദേശ്യമാണ്. എന്നാല്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുന്നത് നല്ലകാര്യമാണ്; അത് സ്നേഹത്തിനു കാരണവുമാണ്. നബി (സ) പറഞ്ഞു: (നിങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുക; നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നവരാകും) എന്നാല്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്  (കൂടുതല്‍ ആവശ്യപ്പെടാന്‍ വേണ്ടി നിങ്ങള്‍ നല്‍കരുത്‌) എന്ന അല്ലാഹുവിന്റെ വചനത്തിലും (ജനങ്ങളുടെ സ്വത്തുക്കളില്‍ വര്‍ധനവുണ്ടാകുവാനായി നിങ്ങള്‍ പലിശ കൊടുത്താല്‍ അല്ലാഹുവിങ്കല്‍ അത് വര്‍ധിക്കുകയില്ല.) എന്ന വചനത്തിനും കീഴില്‍ വരുന്നതാണ്. കാരണം പലിശ വര്‍ദ്ധനവാണ്. ഇവിടെയുള്ളതും വര്‍ദ്ധനവ് തേടല്‍ തന്നെ അത് പലിശ ധനത്തില്‍ പെട്ടതല്ലെങ്കിലും. ഇവയെല്ലാം അഭിലഷണീയമല്ലാത്തതും വിവാഹത്തിലെ അനാചാരവുമാണ്. അവ വിവാഹത്തിന്റെ ലക്ഷ്യങ്ങളെ ഇല്ലാതാക്കുന്നതും കച്ചവടത്തിനും ചൂതാട്ടതിനും സമാനവുമാണ്” (ഇഹയാ ഉലൂമിദ്ദീന്‍ - കിതാബ് ആദാബില്‍ നികാഹ്) ഇമാം ഗസാലി മേല്‍ ഉദ്ധരണിയില്‍ സൂചിപ്പിച്ചത് പോലെ ഇന്ന് വിവഹം തികച്ചും ഒരു കച്ചവടവും ചൂതാട്ടവുമായി മാറിയിരിക്കുകയാണ്. എന്ന് മാത്രമല്ല അതിന്റെ പേരില്‍ എത്രയോ കുടുംബങ്ങള്‍ കണ്ണീര്‍ കുടിക്കുന്നു. മഹറിന്റെ കണക്ക്‌ നിശ്ചയിക്കുന്നതു പോലും ആവശ്യപ്പെടുന്ന അല്ലെങ്കില്‍ പ്രതീക്ഷിക്കുന്ന സ്ത്രീധനത്തിന്റെ തോതനുസരിച്ചാണ്. ഇങ്ങനെ തേടുന്നത് പലിശക്ക് സമാനമാണെന്നു  ഇമാം ഗസാലിയുടെ ഉദ്ധരണിയില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. വിവാഹത്തിന്റെ രീതി തന്നെ ഇതോടെ കീഴ്മേല്‍ മറിക്കപ്പെട്ടിരിക്കുന്നു. വിവാഹം ചെയ്യാന്‍ കഴിവില്ലാത്ത  പുരുഷന്മാരോട് പ്രവാചകര്‍ (സ) കല്‍പിച്ചത് നോമ്പ് അനുഷ്ഠിക്കാനാണ്, എന്നാല്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ നോമ്പ് അനുഷ്ഠിക്കേണ്ടിവരുന്നത് പെണ്‍കുട്ടികളാണ്. പെണ്‍കുട്ടിയുടെ വീട്ടിലെ വിവാഹ ചെലവുകള്‍ക്ക് പുറമെ, പുരുഷന്‍ സ്ത്രീക്ക് നല്‍കേണ്ട മഹ്റും അവന്റെ വീട്ടിലെ കല്യാണ ചെലവകളുമെല്ലാം ഇന്ന് സ്ത്രീധനം എന്ന ദുരാചാരത്തിലൂടെ വഹിക്കുന്നത് പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം. നബി (സ)യുടെയോ സഹാബയുടെയോ കാലത്ത്‌ മാത്രമല്ല ഇപ്പോഴും അറബ് സമൂഹങ്ങളില്‍ സ്ത്രീധന സമ്പ്രദായം കാണാനാവില്ല. നമ്മുടെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്കായി സമൂഹവിവാഹങ്ങള്‍ സംഘടിപ്പിക്കുന്നത് പോലെ ഗള്‍ഫ് നാടുകളില്‍ അത്തരം സമൂഹ വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നത് മഹ്റ് കണ്ടെത്താന്‍ കഴിവില്ലാത്ത പുരുഷന്മാര്‍ക്ക് വേണ്ടിയാണെന്നതും ശ്രദ്ധേയമാണ്. കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കി ഈ ദുരാചാരത്തെ സമൂഹത്തില്‍നിന്ന് പിഴുതെറിയാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ പെണ്‍മക്കള്‍ക്ക് അവര്‍ ഭര്‍ത്താവുമൊത്ത് താമസം തുടങ്ങുമ്പോള്‍ ചില സമ്മാനങ്ങള്‍ നല്‍കിയതായി ഹദീസില്‍ കാണാം ഫാത്തിമ ബീവിക്ക്‌ കട്ടിലും തലയിണയും പാത്രവും നബി (സ) നല്‍കിയതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വന്തമിഷ്ട പ്രകാരം മാതാപിതാക്കള്‍ക് തങ്ങളുടെ മക്കളുടെ വിവാഹ സമയത്തു ആവശ്യ വസ്തുക്കളോ സമ്മാനങ്ങളോ നല്‍കാവുന്നതാണ്. പുരുഷന് സ്വര്‍ണമോതിരം ധരിപ്പിക്കുന്നത് ഹറാമാണ്. വിവാഹ വേളയിലും മറ്റുമൊക്കെ അത് തന്നെയാണ് വിധി. നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter