വിഷയം: ‍ തിലാവതിന്‍റെ സുജൂദ്

തിലാവത്തിന്‍റെ സുജൂദിനെ പറ്റി ഒന്ന് വിശദീകരിക്കാമോ? ഇരുന്ന് ഓതുമ്പോള്‍ ഖിയാമില്‍ വന്നശേഷം സുജൂദില്‍ പ്രവേശിക്കേണ്ടതുണ്ടോ? സുജൂദുകളുടെ എണ്ണം? പ്രത്യേകം പ്രാര്‍ത്ഥനകള്‍ ഉണ്ടോ?

ചോദ്യകർത്താവ്

Shihabudheen

May 13, 2020

CODE :Qur9805

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വിശുദ്ധഖുര്‍ആനിലെ ആയത്തുകള്‍ക്കിടയില്‍ സുജൂദിനെ കുറിച്ചുള്ള പരാമര്‍ശം വരുന്ന  ചില പ്രത്യേക ആയതുകളെ സജ്ദയുടെ ആയതുകള്‍ എന്ന് പറയുന്നു. ഈ ആയതുകള്‍ പൂര്‍ണ്ണമായി ഓതുമ്പോഴോ കേള്‍ക്കുമ്പോഴോ ആണ് തിലാവതിന്‍റെ സുജൂദ് സുന്നതുള്ളത്. ഇത്തരം 15 സ്ഥലങ്ങളാണ് ഉള്ളത്. നിസ്കാരത്തിലും നിസ്കാരത്തിന് പുറത്തും ഇത് സുന്നതാണ്.

ഇമാമോട് കൂടെയാണ് സ്കരിക്കുന്നതെങ്കില്‍, ഇമാം സുജൂദ് ചെയ്തില്ലെങ്കില്‍ മഅ്മൂം സുജൂദ് ചെയ്യാന്‍ പാടില്ല.  ഇമാം സുജൂദ് ചെയ്താല്‍ മഅ്മൂം സുജൂദ് ചെയ്യാതിരിക്കാനും പാടില്ല. ഇമാമിന്‍റെ പ്രവര്‍ത്തനങ്ങളോട് എതിരാകുന്ന ഈ രണ്ടുരൂപത്തിലും മഅ്മൂമിന്‍റെ നിസ്കാരം  ബാത്വിലാകുന്നതാണ്. സുജൂദ് ചെയ്യുക എന്ന ലക്ഷ്യത്തോടെ മാത്രം സജ്ദയുടെ ആയതുകളോ അവ അടങ്ങുന്ന സൂറതുകളോ നിസ്കാരത്തില്‍ ഓതല്‍ ഹറാം ആണെന്നും അങ്ങനെ ചെയ്യുന്നതിലൂടെ നിസ്കാരം ബാതിലാവുമെന്നും പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.

തിലാവതിന്‍റെ സുജൂദിന് നിയ്യത്ത്, തക്ബീറതുല്‍ ഇഹ്റാം, നിസ്കാരത്തിലേതു പോലെയുള്ള സുജൂദ്, സലാം വീട്ടല്‍ എന്നിവ നിര്‍ബന്ധമാണ്.

നിസ്കാരത്തിലെ സുജൂദ് പോലെത്തന്നെയാണ് തിലാവതിന്‍റെ സുജൂദും. ഒരു സുജൂദ് മാത്രമാണ് തിലാവതിന് സുന്നതുള്ളത്. നിസ്കാരത്തിലാണ് സജ്ദയുടെ ആയത് ഓതിയതെങ്കില്‍ നേരെ സുജൂദിലേക്ക് പോയി ഒരു സുജൂദ് ചെയ്ത് തിരിച്ച് നിര്‍ത്തത്തിലേക്ക് തന്നെ വരേണ്ടതും നിസ്കാരം തുടരേണ്ടതുമാണ്. നിസ്കാരത്തിന് പുറത്താണെങ്കില്‍, ഞാന്‍ തിലാവതിന്‍റെ സുജൂദ് ചെയ്യുന്നു എന്ന് നിയ്യത് ചെയ്ത് തക്ബീറതുല്‍ ഇഹ്റാം ചെയ്ത് നിസ്കാരത്തിലെ സുജൂദ് പോലെ ഒരു സുജൂദ് ചെയ്യുകയും സലാം വീട്ടുകയും ചെയ്യുകയാണ് വേണ്ടത്.

സാധാരണ സുജൂദില്‍ ചൊല്ലുന്ന ദിക്റിനോട് കൂടെ

     سَجَدَ وَجْهِيَ لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ، فتَبَارَكَ اللهُ أَحْسَنُ اْلخَالِقِينْ

എന്ന ദുആയും അധികരിപ്പിക്കാവുന്നതാണ്. (ഫത്ഹുല്‍മുഈന്‍)

ഇരുന്ന് നിസ്കരിക്കുന്നവന് സുജൂദ് ചെയ്യാനുള്ള സാഹചര്യമുണ്ടാകുമ്പോള്‍ എണീറ്റു നിന്ന് തക്ബീര്‍ കെട്ടി സുജൂദ് ചെയ്യല്‍ സുന്നത്തുണ്ടോ അതോ ഇരുന്നുതന്നെ ചെയ്താല്‍മതിയോ എന്നതില്‍ പണ്ഡിതന്മാര്‍ രണ്ടഭിപ്രായക്കാരാണ്. അതിനായി പ്രത്യേകം നില്‍ക്കേല്‍ സുന്നത്തില്ല എന്നതാണ് പ്രബലമായ അഭിപ്രായം (മജ്മൂഅ് 5-77)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter