മലയാളിക്ക് ഖുര്‍ആന്‍ പഠിപ്പിച്ച പണ്ഡിതനെ ഓര്‍ക്കുമ്പോള്‍

(മുഹര്‍റം 12. കൂറ്റനാട് കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ വഫാത്ത് ദിനം)

ഒരു ഗ്രന്ഥത്തെയും മറ്റൊരു ഭാഷയിലേക്ക് അതേപടി മാറ്റിയെഴുതാനാവില്ല. അങ്ങനെ ഭാഷാന്തരം ചെയ്യുമ്പോള്‍ അതിന്റെ ഭാഷാസൗന്ദര്യം മാത്രമല്ല, ചിലപ്പോള്‍ ആശയ സൗന്ദര്യവും ചോര്‍ന്നുപോകും. പരിഭാഷകരുടെ ചിന്തകളും താല്‍പര്യങ്ങളും പലപ്പോഴും വിവര്‍ത്തനങ്ങളെ സ്വാധീനിക്കും. ഇത് ഒരു സാധാരണ സാഹിത്യകൃതിയുടെ അവസ്ഥയാണ്. എങ്കില്‍ ഖുര്‍ആന്‍ പോലുള്ള ഒരു വേദഗ്രന്ഥത്തെ ഭാഷാന്തരം ചെയ്യുമ്പോഴുണ്ടാകുന്ന അപകടം എത്രവലുതായിരിക്കും? ഖുര്‍ആന്‍ പരിഭാഷ സംബന്ധിച്ചു മുസ്‌ലിംലോകത്തുണ്ടായ ആശങ്കകളുടെയും സംവാദങ്ങളുടെയും അടിസ്ഥാന കാരണമിതാണ്. ഈ ആശങ്കകളെയും കാരണങ്ങളെയും ശരിവയ്ക്കുന്ന വിധത്തിലാണ് ഖുര്‍ആന്‍ പരിഭാഷയെന്ന പേരില്‍ പുറത്തിറങ്ങിയ പലതും. ഖുര്‍ആനുമായി പുലബന്ധം പോലുമില്ലാത്ത ആശയങ്ങളെ വരികള്‍ക്കിടയില്‍ എഴുതിപ്പിടിപ്പിച്ചു ഖുര്‍ആന്‍ പരിഭാഷകളെന്ന പേരില്‍ പുറത്തിറക്കുമ്പോള്‍, തെറ്റിദ്ധരിക്കപ്പെടുന്നത് ഒരു ദൈവികമതവും അതിന്റെ ആശയസംഹിതകളുമാണ്. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഇറങ്ങിയ പല ഖുര്‍ആന്‍ പരിഭാഷകളിലും ഇത്തരം അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. അവയെ പ്രതിരോധിക്കുകയും തിരുത്തേണ്ടതിനെ തിരുത്തുകയും തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്യുന്ന മലയാളത്തിലെ മനോഹരമായ ഖുര്‍ആന്‍ വ്യാഖ്യാനമാണ് കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് (1915-2000) തയാറാക്കിയ 'ഫത്ഹുര്‍റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍' എന്ന ഗ്രന്ഥം.

മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യത്തെ സമ്പൂര്‍ണ ഖുര്‍ആന്‍ പരിഭാഷ സി.എന്‍ അഹ്മദ് മൗലവി(1905-1993)യുടേതാണ്. 1961 ല്‍ കേന്ദ്ര സര്‍ക്കാറിന്റെ ധന സഹായത്തോടെ അഞ്ചു വാള്യങ്ങളിലായി പുറത്തിങ്ങിയ ഈ ഗ്രന്ഥം, വൈകല്യങ്ങളുടെ കലവറയാണ്. പ്രവാചകാനുയായികളായ സ്വഹാബികള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിംലോകത്തെ പ്രാമാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍, വിശുദ്ധ വേദഗ്രന്ഥത്തിനു നല്‍കിയ വ്യാഖ്യാന വിശദീകരണങ്ങളെല്ലാം അവഗണിച്ചുകൊണ്ടുള്ളതായിരുന്നു ആ ഗ്രന്ഥം. ലോകത്തുടനീളം ഭൗതികവാദം മേല്‍ക്കൈ നേടിയിരുന്ന അന്‍പതുകളില്‍, ഭൗതികവാദികളെ തൃപ്തിപ്പെടുത്താന്‍ ഖുര്‍ആനിലെ അഭൗതികവും അമാനുഷികവുമായ കാര്യങ്ങളെ മുഴുവന്‍ അതില്‍ വളച്ചൊടിച്ച് അവതരിപ്പിച്ചു. പിന്നീട് മുജാഹിദ് പണ്ഡിതനായ കെ ഉമര്‍ മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ പുറത്തിറങ്ങി. ആറു വാള്യങ്ങളിലായി രചിക്കപ്പെട്ട ഈ കൃതി ഉന്നം വച്ചത് പാരമ്പര്യ ഇസ്‌ലാമിനെ ആയിരുന്നു. മതത്തിന്റെ പൈതൃകങ്ങളെ അത് ചോദ്യം ചെയ്തു. പരമ്പരാഗതമായി മുസ്‌ലിംകള്‍ ആചരിച്ചുവരുന്ന നേര്‍ച്ച, ഖബ്ര്‍ സിയാറത്ത് തുടങ്ങിയവയെ അനിസ്‌ലാമികമെന്ന് അപഹസിച്ചു. സ്വന്തം സംഘടനയുടെ നിലപാടുകള്‍ സ്ഥാപിച്ചെടുക്കാന്‍ വേണ്ടി പൂര്‍വകാല ഖുര്‍ആന്‍വ്യാഖ്യാതക്കളെ പലയിടങ്ങളിലും തള്ളി പറഞ്ഞു. പരിഭാഷകളെ ആശ്രയിച്ചുകൊണ്ടെങ്കിലും ഖുര്‍ആന്‍ പഠിക്കണമെന്ന് ആഗ്രഹിച്ച പല അഭ്യസ്ത വിദ്യരെയും വികല ചിന്താധാരകളിലേക്ക് നയിക്കുകയായിരുന്നു ഈ പരിഭാഷകള്‍. വിശുദ്ധ വേദഗ്രന്ഥത്തിന്റെ ആശയങ്ങളെ അട്ടിമറിക്കാനുള്ള അത്തരം ശ്രമങ്ങളെ പ്രതിരോധിക്കുന്ന ഒരു ഖുര്‍ആന്‍ പരിഭാഷ ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ 1980ലാണ് കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാടിന്റെ ഖുര്‍ആന്‍ വ്യാഖ്യാനം ഫത്ഹുര്‍റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍ പുറത്തിറങ്ങുന്നത്. 1981ല്‍ രണ്ടാം വാള്യവും 83ല്‍ മൂന്നാം വാള്യവും 85ല്‍ നാലാം വാള്യവും പുറത്തിറങ്ങി.

പ്രവാചക കാലഘട്ടം മുതല്‍ മുസ്‌ലിംലോകത്തെ പ്രാമാണിക പണ്ഡിതന്മാര്‍ ഖുര്‍ആനിനെ വ്യാഖ്യാനിച്ച രീതിയും ശൈലിയും പിന്തുടര്‍ന്നുകൊണ്ട്, ഖുര്‍ആനിന്റെ കാലിക വായന സാധ്യമാക്കുകയാണ് ഈ വ്യാഖ്യാനം. ഒന്നാം വാള്യത്തിന്റെ മുഖവുരയില്‍ വിശുദ്ധ ഖുര്‍ആന്‍ സംബന്ധിച്ച നിരവധി കാര്യങ്ങള്‍, വിശ്വാസ കാര്യങ്ങള്‍, ഖുര്‍ആന്‍ വ്യാഖ്യാനം, തര്‍ജമ നിരുപാധികം നിഷിദ്ധമോ, പരിഭാഷയുടെ കാര്യത്തില്‍ സമസ്തയുടെ നിലപാടെന്ത്... തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ഈ ഗ്രന്ഥത്തില്‍ ഓരോ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്കും വ്യാഖ്യാന വിശദീകരണങ്ങള്‍ നല്‍കുമ്പോള്‍, മുസ്‌ലിം ലോകത്തെ ആധുനികരും അല്ലാത്തവരുമായ മിക്ക വ്യാഖ്യാതാക്കളെയും അവലംബിക്കുന്നുണ്ട്. ക്ലാസിക്കല്‍ വ്യാഖ്യാനങ്ങളില്‍ ശ്രദ്ധേയമായ ഇമാം ഇബ്‌നുജരീറി ത്വബരി(ഹി:224-310)യുടെ തഫ്‌സീറു ത്വബരി മുതല്‍ അടുത്തകാലക്കാരനായ ത്വന്‍ത്വാവിയുടെ ജവാഹിര്‍ വരെ അതില്‍ കടന്നുവരുന്നുണ്ട്. അബുല്‍അഅ്‌ലാ മൗദൂദിയുടെ തര്‍ജുമാനില്‍ ഖുര്‍ആനിലെ ആശയങ്ങളെ ഖണ്ഡിക്കുമ്പോള്‍, ഇസ്‌ലാമിസ്റ്റുകള്‍ക്കും ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്കും സ്വീകാര്യനായ സയ്യിദ് ഖുത്വുബിനെയും അദ്ദേഹത്തിന്റെ ഫീ ള്വിലാലില്‍ ഖുര്‍ആനിനെയുമാണ് കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ധരിക്കുന്നത്. മൗദൂദിയന്‍ വീക്ഷങ്ങളോട് അദ്ദേഹത്തിന്റെ സമാന ചിന്താഗതിക്കാരനാണെന്നു പറയപ്പെടുന്ന സയ്യിദ് ഖുത്വുബിനു പോലും യോജിപ്പില്ലെന്ന് അതിലൂടെ അദ്ദേഹം സമര്‍ഥിക്കുന്നു. ഖുര്‍ആന്‍ 13:17 ന്റെ വ്യാഖ്യാനം അതിന്റെ ഉദാഹരണമാണ്. ആദമിനു മാലഖമാര്‍ പ്രണാമമര്‍പ്പിച്ച സംഭവം വിശദീകരിക്കുന്ന ഖുര്‍ആന്‍ 2:34 ന്റെ വ്യാഖ്യാനം, 2:35 ല്‍ പറയുന്ന ഏദന്‍തോട്ടം സ്വര്‍ഗത്തിലോ ഭൂമിയിലോ എന്ന ചര്‍ച്ച, ശബാത്ത് ദിനത്തില്‍ മത്സ്യബന്ധനത്തിനിറങ്ങിയവരെ കുരങ്ങുകളാക്കി മാറ്റി എന്ന പരാമര്‍ശം(5:60) യാഥാര്‍ഥ്യമോ ആലങ്കാരികമോ എന്ന തര്‍ക്കം, സ്വാലിഹ് നബിയുടെ ഒട്ടകത്തിനു ദിവ്യാത്ഭുതമുണ്ടായിരുന്നു എന്ന വിവരണം(7:77), കണ്ണേറ് സംബന്ധിച്ച യാഥാര്‍ഥ്യം(12:56), മൂസാനബി വടികൊണ്ട് അടിച്ചു കടല്‍ പിളര്‍ത്തി അതു മുറിച്ചുകടന്ന സംഭവം(16:17), സുലൈമാന്‍ നബി ഉറുമ്പുകളോടു സംസാരിച്ചെന്ന പരാമര്‍ശം(27:18) തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍, ഖുര്‍ആനു ഭൗതിക വ്യാഖ്യാനം നല്‍കാനുള്ള ശ്രമങ്ങളെ ബൗദ്ധികവും പ്രാമാണികവുമായ തെളിവുകള്‍ വച്ച് വിശദീകരിക്കുന്നുണ്ട് ഈ വ്യാഖ്യാനം. സി.എന്‍ അഹ്മദ് മൗലവി, കെ.ഉമര്‍ മൗലവി, അബുല്‍ അഅ്‌ലാമൗദൂദി തുടങ്ങിയവരുടെ പരിഭാഷകളെല്ലാം മൗലാനാ കെ.വിയുടെ പ്രഹരമേറ്റ് പുളയുന്നുണ്ടിവിടെ.

പത്തിലധികം എഡിഷനുകളിലായി ചെമ്മാട് സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം, ഇപ്പോള്‍ പുറത്തിറങ്ങുന്നത് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എഡിറ്റിംഗും വിപുലീകരണവും നിര്‍വഹിച്ച രീതിയിലാണ്. വിപുലീകരിച്ച പതിപ്പിന്റെ ഒന്നാം ഭാഗം 1988ലും രണ്ടാം ഭാഗം 1990ലും മൂന്നാം ഭാഗം 92ലും പുറത്തിറങ്ങി. ഖുര്‍ആനില്‍ പരാമര്‍ശിച്ച സ്ഥലങ്ങളുടെയും മറ്റും മാപ്പുകളും തുടക്കത്തില്‍ ഓരോ അദ്ധ്യായത്തിലെയും വിഷയ വിവരണങ്ങളും കൊടുത്ത് റഫര്‍ ചെയ്യാന്‍ കൂടുതല്‍ സഹായകമായ രീതിയില്‍ ഇപ്പോള്‍ അഞ്ചുഭാഗങ്ങളായാണ് ഫത്ഹുര്‍റഹ്മാന്‍ പുറത്തിറങ്ങുന്നത്. ഗ്രന്ഥകര്‍ത്താവ് കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് കേരളത്തിലെ മതസാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്ന പണ്ഡിതനും പ്രഭാഷകനും മികച്ച സംഘാടകനുമൊക്കെയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന ശിഹാബുദ്ദീന്‍ അഹ്മദ്‌കോയ ശാലിയാത്തിയുടെ നിര്യാണത്തോടെ 'സമസ്ത'യുടെ കേന്ദ്രമുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.വി, 1954 മുതല്‍ മരണം വരെ, നാലര പതിറ്റാണ്ടുകാലം സമസ്തയുടെ ജോ.സെക്രട്ടറിയായി മതരംഗത്ത് ജ്വലിച്ചുനിന്നു. സുന്നി യുവജന സംഘത്തിന്റെ പ്രസിഡണ്ടും പട്ടിക്കാട് ജാമിഅ:നൂരിയ്യ പോലുള്ള നിരവധി സ്ഥാപനങ്ങളുടെ ജനറല്‍സെക്രട്ടറിയുമൊക്കെയായിരുന്ന അദ്ദേഹം, കേരള വഖ്ഫ് ബോര്‍ഡിലും ഹജ്ജുകമ്മറ്റിയിലുമെല്ലാം സജീവമായുണ്ടായിരുന്നു. ഔപചാരിക വിദ്യാഭ്യാസം കൂടുതലൊന്നും നേടിയില്ലെങ്കിലും സ്വപ്രയത്‌നത്തിലൂടെ ഭാഷയിലും എഴുത്തിലുമെല്ലാം അദ്ദേഹം സ്വന്തമായി ഒരിടം സൃഷ്ടിച്ചു. 2000 ഏപ്രില്‍ 16 നു ആ സൂര്യതേജസ് അസ്തമിച്ചെങ്കിലും അതിന്റെ വെളിച്ചം ഫത്ഹുര്‍റഹ്മാനിലൂടെ എക്കലാവും നിലനില്‍ക്കുമെന്നുറപ്പ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter