പാങ്ങില്‍ അഹ്മദ് കുട്ടി മുസ് ലിയാര്‍

പാങ്ങില്‍ അഹ്മദ് കുട്ടി മുസ് ലിയാര്‍
റാശിദ് വി പുതുപ്പള്ളി


പ്രവാചകര്‍(സ)യുടെ കാലത്ത് തന്നെ പരിശുദ്ധ ഇസ്‌ലാമിന്റെ സംസ്ഥാപനത്തിനും പ്രചരണത്തിനും ഭാഗ്യം ലഭിച്ച നാടാണ് കേരളം. പ്രബോധനമെന്ന മഹാദൗത്യമേറ്റെടുത്തുകൊണ്ട് പ്രവാചകരുടെ അനുഗ്രഹാശീര്‍വാദങ്ങളോടെ ഇറങ്ങിത്തിരിച്ച മാലിക്ബ്‌നു ദീനാ(റ)റും സംഘവുമാണ് കേരളത്തില്‍ ഇസ്‌ലാമിന്റെ വെന്നിക്കൊടിയുമായി കടന്നുവന്നത്. ഇവരുടെ സന്താനപരമ്പരയില്‍പെട്ട ഹബീബുബ്‌നു മാലികില്‍ അന്‍സ്വാരി(റ)യുടെ പരമ്പരയിലാണ് മൗലാന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കടന്നുവരുന്നത്.
വള്ളുവനാട് താലൂക്കിലെ പാങ്ങ് എന്ന കുഗ്രാമത്തില്‍ ഹി: 1305 ശവ്വാല്‍ 11-ന് വെള്ളിയാഴ്ചയാണ് (ക്രിസ്താബ്ദം 1885) നൂറുദ്ദീന്‍-തിത്തു ദമ്പതികളുടെ മകനായി മൗലാന ജനിക്കുന്നത്. ആത്മീയതയും പാണ്ഡിത്യവും പാരമ്പര്യമായിക്കിട്ടിയ കുടുംബത്തില്‍ തികഞ്ഞ ദീനീബോധവും മതചിട്ടയുമുള്ള അന്തരീക്ഷമായിരുന്നു. മൗലാനായുടെ പൂര്‍വ്വീകനും മമ്പുറം തങ്ങളുടെ ഭാര്യ ഫാത്വിമ എന്നവരുടെ വലിയുപ്പയുമായിരുന്ന ഖാജാ മുഹമ്മദുല്‍ ഖാരി എന്ന കമ്മുമൊല്ലയിലൂടെയാണ് കുടുംബം പാങ്ങിലെത്തുന്നത്. ആദ്യം തിരൂരങ്ങാടിയില്‍ നിന്ന് മമ്പുറത്തെ തറമ്മല്‍ എന്ന സ്ഥലത്തേക്കും അവിടെ നിന്ന് പാങ്ങിലെ ആറംകോട്ട് എന്ന സ്ഥലത്തേക്കും അവര്‍ താമസം മാറി. പുത്തന്‍പീടിയേക്കല്‍ എന്നായിരുന്നു തറവാട്ടുപേര്. പിന്നീടത് സ്ഥലനാമത്തിലേക്കു ചേര്‍ത്ത് ആറംകോട്ട് പുത്തന്‍പീടിയേക്കല്‍ എന്നാക്കി മാറ്റി. തികഞ്ഞ ദീനീ കുടുംബമായിരുന്നതിനാല്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്നത് സ്വന്തം മാതാവില്‍ നിന്നും പിതാവില്‍ നിന്നുമായിരുന്നു. അതിനു ശേഷം സ്വദേശത്തെ ദര്‍സില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. ഒരു കാലത്ത് പുത്തന്‍ പ്രസ്ഥാനക്കാരുടെ ജല്‍പനങ്ങള്‍ക്കെതിരെ ധീരശബ്ദം മുഴക്കിയ മൗലാന ഉപരിപഠനം നടത്തിയത് വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിലും ലത്വീഫിയ്യ അറബിക് കോളേജിലുമായിരുന്നു. ദര്‍സ് ജീവിതത്തിലെ അനുഭവങ്ങള്‍ ഉസ്താദിന്റെ ജീവിതത്തെ വലിയ തോതില്‍ സ്വാധീനിച്ചിരുന്നു. പൊന്നാനി ദര്‍സിലെ അധ്യാപകനായിരുന്ന കട്ടിലശ്ശേരി അലി മുസ്‌ലിയാര്‍ (അലിയ്യുത്തൂരി) മൗലാനയെ സ്വാധീനിച്ചിരുന്നു.
കര്‍മ്മശാസ്ത്രം, തഫ്‌സീര്‍, അറബി സാഹിത്യം, അറബി വ്യാകരണം, അറബി കാവ്യശാസ്ത്രം, തര്‍ക്കശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹം നേടിയ മൗലാനയുടെ പ്രധാന ഗുരുവര്യര്‍ കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, കാപ്പാട് മുഹമ്മദ് മുസ്‌ലിയാര്‍, കട്ടിലശ്ശേരി അലി മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു. ബാഖിയാത്ത് പഠനകാലത്ത് തമിഴ്, ഉര്‍ദു, ഫാര്‍സി ഭാഷകള്‍ സ്വായത്തമാക്കുകയും, ഉര്‍ദു പത്രങ്ങള്‍ വരുത്തി ആനുകാലിക വിഷയങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. മുഫ്തി, കവി, പ്രഭാഷകന്‍, സംഘാടകന്‍, തികഞ്ഞ പണ്ഡിതന്‍, ഗ്രന്ഥകര്‍ത്താവ് തുടങ്ങിയ നിലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മൗലാനക്ക് ഗ്രന്ഥരചനയില്‍ പ്രചോദനം ലഭിച്ചത് ബാഖിയാത്തിലെ ഉസ്താദായിരുന്ന മൗലാന മുഹമ്മദ് സൈനില്‍ നിന്നായിരുന്നു.
1912-ല്‍ ലത്വീഫിയ്യയിലെയും ബാഖിയാത്തിലെയും പഠനം കഴിഞ്ഞ് മൗലാനാ നാട്ടിലേക്ക് തിരിച്ചു. മൗലാനയെ വരവേറ്റത് പുത്തന്‍വാദികളെയും ബിദഈ പ്രസ്ഥാനക്കാരെയും കൊണ്ട് പ്രക്ഷുബ്ധമായ അന്തരീക്ഷമായിരുന്നു. ആദ്യകാലത്ത് സ്വന്തം നാടായ പാങ്ങില്‍ തന്നെ ദര്‍സ് തുടങ്ങുകയും 1915-ല്‍ ദര്‍സ് മണ്ണാര്‍ക്കാട്ടേക്ക് മാറ്റുകയും ചെയ്തു. ഈ കാലത്ത് തന്നെ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമറിയിച്ചു. തുക്ക്ടി കച്ചേരി കൊള്ളയടിക്കാന്‍ വന്ന മാപ്പിളമാരെ അഭിസംബോധനം ചെയ്ത് മലപ്പുറം കുന്നമ്മലില്‍ നടത്തിയ പ്രസംഗം ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ മാപ്പിളമാരുടെ ഭാഗധേയം കുറിക്കുന്നതാണ്. മാപ്പിളമാരുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന ദേശഭക്തിയും വികാരവും ചൂഷണം ചെയ്തിരുന്ന ബിദഇകളോട് അതിശക്തമായി പ്രതികരിക്കാന്‍ മൗലാനാ അല്‍ബയാനിന്റെ ഏടുകളെ ഉപയോഗപ്പെടുത്തി. ബിദഇകളെ സമൂഹമധ്യത്തില്‍ തുറന്നുകാണിക്കാന്‍ ഇറങ്ങിത്തിരിച്ച മൗലാനയുടെ നിലപാടുകള്‍ ശരിയായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു.
സമസ്തയുടെ രൂപീകരണത്തില്‍ അനിഷേധ്യമായ പങ്കുവഹിച്ച മഹാപണ്ഡിതന്‍ കൂടിയായിരുന്നു മൗലാന. പഠനശേഷം നാട്ടിലേക്കു തിരിച്ച മൗലാനക്ക് അതിദയനീയമായ കാഴ്ചയാണ് കേരളക്കരയില്‍ കാണാന്‍ സാധിച്ചത്. പരിശുദ്ധ ഇസ്‌ലാമിന്റെ തനതുശൈലി നിലനിര്‍ത്തിപ്പോരാന്‍ അനുവദിക്കാതെ വികൃതമാക്കാന്‍ ശ്രമിച്ചിരുന്ന ബിദഇകള്‍ക്കെതിരെ പലരും രംഗത്തിറങ്ങാന്‍ മടിച്ചു നിന്ന സാഹചര്യത്തില്‍ സയ്യിദ് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ അനുഗ്രഹാശീര്‍വ്വാദങ്ങളോടെ മൗലാന അവര്‍ക്കെതിരെ സധൈര്യം രംഗത്തിറങ്ങുകയും സ്റ്റേജിലും പേജിലും നിറഞ്ഞു നില്‍ക്കുകയും ചെയ്തു. ഹഖിന്റെ വിരോധികള്‍ ആ വാഗ്വീലാസത്തിനു മുമ്പില്‍ അടിതെറ്റിവീഴുകയും മുട്ടുവിറക്കുകയും ചെയ്തു. സമസ്ത രൂപീകരണത്തിനു നേതൃത്വപരമായ പങ്കുവഹിക്കുകയും പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ സാദാത്തുക്കളെ മാനിച്ചു വരക്കല്‍ മുല്ലക്കോയ തങ്ങളെ പ്രസിഡന്റാക്കി പിന്മാറുകയുമായിരുന്നു മൗലാന. പിന്നീട് വിദ്യാഭ്യാസ ബോര്‍ഡിന്റെ രൂപീകരണത്തിനു പിന്നിലും ശൈഖുനായുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. സമൂഹത്തില്‍ ബിദഈ ചിന്തകള്‍ മുളപൊട്ടാന്‍ കാരണം മതവിദ്യാഭ്യാസ മേഖലയുടെ അപര്യാപ്തതയാണെന്ന് മൗലാനയടക്കം ഒരുകൂട്ടം പണ്ഡിതര്‍ അഭിപ്രായപ്പെടുകയും തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കപ്പെടുകയും ചെയ്തു. സമസ്തയുടെ നേതൃത്വത്തില്‍ ത്വരിതപ്പെട്ടുവന്ന ഈ വൈജ്ഞാനിക വിപ്ലവത്തിന്റെ ആദ്യചുവടെന്നോണം മൗലാനയുടെ നിതാന്തശ്രമഫലമായി സ്ഥാപിതമായവയാണ് താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ്, വടകര മനാറുല്‍ ഉലൂം മദ്‌റസ, അരീക്കോട് മദ്‌റസ, വാണിയന്നൂര്‍ മദ്‌റസ തുടങ്ങിയ സ്ഥാപനങ്ങള്‍. കാല്‍നടയായി വിദൂര സ്ഥലങ്ങള്‍ വരെ സഞ്ചരിച്ചും രാത്രി മുഴുവന്‍ പ്രസംഗിച്ചും കിട്ടുന്ന പിടിയരിയും നാണയത്തുട്ടുകളും ശേഖരിച്ചുകൊണ്ടാണ് ഈ സ്ഥാപനങ്ങളൊക്കെയും പടുത്തുയര്‍ത്തിയത്. അക്കാദമിക-സാമ്പത്തിക-ക്രയവിക്രയ കാര്യങ്ങളിലൊക്കെ ഒരുപോലെ ഇടപെട്ട മൗലാനയുടെ പ്രവര്‍ത്തനമികവ് കാരണം ഈ സ്ഥാപനങ്ങളെല്ലാം വൈജ്ഞാനിക ഗോദയില്‍ വെള്ളിനക്ഷത്രങ്ങളായി തിളങ്ങി. സമസ്തക്ക് ആദ്യമായി ഒരു മുഖപത്രം തുടങ്ങിയ മൗലാന പത്രപ്രവര്‍ത്തന രംഗത്തിറങ്ങിയ ആദ്യ സുന്നി പണ്ഡിതന്‍ എന്ന ബഹുമതിക്ക് അര്‍ഹരാണ്. മദ്‌റസകളിലെ പാഠ്യപദ്ധതിയില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തി വാര്‍ഷിക പരീക്ഷകളും മറ്റു പരിഷ്‌കാരങ്ങളും കൊണ്ടുവന്നതില്‍ ഉസ്താദവര്‍കളുടെ പങ്ക് നിസ്തുലമായിരുന്നു. സമസ്തയുടെ രൂപീകരണ കാലഘട്ടം മുതല്‍ 1944 വരെയുള്ള സകല സമ്മേളനങ്ങളും ജനനിബിഢമാക്കാനും വന്‍വിജയമാക്കാനും അതികഠിനശ്രമം നടത്തിയവരില്‍ പ്രധാനിയായിരുന്നു മൗലാന. വരക്കല്‍ മുല്ലക്കോയ തങ്ങളുടെ കാലശേഷം 1932-ല്‍ പ്രസിഡന്റായി ചുമതലയേറ്റു.  സ്റ്റേജിലും പേജിലും നിരന്തരം ബിദഇകള്‍ക്കെതിരെ ആഞ്ഞടിച്ച മൗലാനയെ കള്ളക്കേസില്‍ കുടുക്കാന്‍ വരെ അവര്‍ ശ്രമം നടത്തി. ഒരിക്കല്‍ തിരുവനന്തപുരത്ത് പ്രസംഗിക്കാന്‍ ചെന്ന മൗലാനയെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. എന്നാല്‍, അന്ന് പ്രസംഗിക്കുവാനുള്ള വിഷയം എഴുതി തയ്യാറാക്കി കൊണ്ടുപോയിരുന്നു. മൗലാന ഇത് കലക്ടര്‍ക്ക് കാണിച്ചു കൊടുത്തു. പ്രസംഗം മുഴുവന്‍ വായിച്ചു നോക്കിയ കലക്ടര്‍ മൗലാനയെ പ്രശംസിക്കുകയും പ്രസംഗിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. കാരണം, പരസ്പര സ്‌നേഹവും സൗഹാര്‍ദ്ധവും കാത്തുസൂക്ഷിക്കണമെന്ന മഹത്തായ പാഠമായിരുന്നു മൗലാനക്ക് അന്ന് പ്രസംഗത്തിലൂടെ നല്‍കാനുണ്ടായിരുന്നത്.

മൗലാനയും ഇസ്വ്‌ലാഹുല്‍ ഉലൂമും
ഹി: 675-ല്‍ ശൈഖുല്‍ ഇമാം മുഹമ്മദ് അബ്ദുല്ലാഹില്‍ ഹള്‌റമി(റ)യാണ് താനൂര്‍ വലിയകുളങ്ങര പള്ളിയില്‍ ദര്‍സിന് തുടക്കം കുറിച്ചത്. അക്കാലത്ത് അവിടെ ഈജിപ്തില്‍ നിന്നും യമനിലെ ഹളര്‍മൗതില്‍ നിന്നും വിജ്ഞാനത്തിന്റെ മധുനുകരാന്‍ വിദ്യാര്‍ത്ഥികള്‍ വന്നിരുന്നു. ഉമര്‍ ഖാളി(റ)(1237), അവുക്കോയ മുസ്‌ലിയാര്‍(1265) ശൈഖ് അബ്ദുറഹ്മാന്‍ നഖ്ശബന്തി(റ)(1293), യൂസുഫല്‍ ഫള്ഫരി, പരീക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരുടെ പിന്‍ഗാമിയായി 1921-ലാണ് മൗലാനയെ താനൂരിലേക്ക് കൊണ്ടുവരാന്‍ തീരുമാനിക്കുന്നത്. മൗലാന പാങ്ങില്‍ ഈ ദര്‍സ് ഏറ്റെടുത്തതോടെ താനൂരിലേക്ക് വിജ്ഞാന ദാഹികളുടെ ഒഴുക്കായി. 1924 ഒക്‌ടോബര്‍ 26ന് വലിയകുളങ്ങര പള്ളിയില്‍ വച്ച് ചേര്‍ന്ന യോഗം അസാസുല്‍ ഇസ്‌ലാം സഭ രൂപീകരിക്കുകയും ദര്‍സിന് ഇസ്വ്‌ലാഹുല്‍ ഉലൂം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ ആധിക്യം കാരണം 1926-ല്‍ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിന്റെ രൂപത്തില്‍ പുതിയ കെട്ടിടമുണ്ടാക്കാന്‍ തീരുമാനിക്കുന്നത്. ഇക്കാരണത്താല്‍ 'കേരളത്തിലെ ബാഖിയാത്ത്' എന്ന അപരനാമത്തില്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറിയപ്പെട്ടത് അങ്ങനെയാണ്.
പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം ബര്‍മ്മ, സിലോണ്‍, സിംഗപ്പൂര്‍, കോലാര്‍, ബോംബെ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഹൈദരാബാദ് നൈസാമിന് മെമ്മോറാണ്ടം അയക്കാനും കണ്ണൂര്‍ അറക്കല്‍ സുല്‍ത്താന ആയിഷാ ബീവിയോട് സഹായമഭ്യര്‍ത്ഥിക്കാനുമൊക്കെയുള്ള പക്വമായ തീരുമാനങ്ങള്‍ ശൈഖുനായുടെ അഭിപ്രായ പ്രകാരമായിരുന്നു. സ്ഥാപന നിര്‍മാണാര്‍ത്ഥം 1926-ലും 1927-ലും മഹാസമ്മേളനങ്ങള്‍ നടത്തുകയും 1928-ല്‍ സ്ഥാപനത്തിന്റെ പണിതുടങ്ങുകയും ചെയ്തു. 1931-ല്‍ പണി പൂര്‍ത്തിയാക്കിയെങ്കിലും കാലപ്പഴക്കം മൂലമുണ്ടായ സ്ഥാപനത്തിന്റെ ജീര്‍ണ്ണാവസ്ഥയും അസൗകര്യവും പരിഗണിച്ച് 2004-ല്‍ പഴയ കെട്ടിടം പൊളിക്കുകയും പുതിയ കെട്ടിടം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ചെലവില്‍ നിര്‍മിക്കുകയും ചെയ്തു.
1954-ല്‍ താനൂരില്‍ വച്ച് നടന്ന സമസ്തയുടെ 20-ാം സമ്മേളനത്തില്‍ സ്ഥാപനം സമസ്ത ഏറ്റെടുത്തു നടത്താന്‍ തീരുമാനമായി.  ശേഷം ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ശൈഖുനാ ശംസുല്‍ ഉലമ, കെ.കെ.അബൂബകര്‍ ഹസ്‌റത്ത് തുടങ്ങിയവര്‍ ഇവിടെ അധ്യാപനം നടത്തി.
ഇന്ന് ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ ബൃഹത്തായ പാഠ്യപദ്ധതിയുമായി പുരോഗമനത്തിന്റെ പുതിയ പടവുകളിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ് താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ്.
മൗലാനക്ക് വിവിധ ഭാര്യമാരില്‍ നിന്ന് മുഹമ്മദ് ബാഖവിയടക്കം അഞ്ചോളം സന്താനങ്ങളുണ്ട്. ചരിത്രത്തിന്റെ സുവര്‍ണതാളുകളില്‍ മായാമുദ്രകള്‍ പതിപ്പിച്ച മൗലാനയുടെ വീരേതിഹാസ ജീവിതത്തിന് അന്ത്യമാവുന്നത് ഹി: 1365 ദുല്‍ഹിജ്ജ 25-നാണ്. പാങ്ങിലെ ജുമാമസ്ജിദിന്റെ തിരുമുറ്റത്ത് അന്ത്യവിശ്രമം കൊള്ളുമ്പോഴും നീണ്ട ആറരപ്പതിറ്റാണ്ടിനു ശേഷവും കേരള മുസ്‌ലിംകളുടെ ഹൃദയാന്തരങ്ങളില്‍ അമരജ്യോതിസ്സായി വിളങ്ങുന്നു മൗലാന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍(ന:മ).
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter