എ.കെ. കോഡൂര്‍: ഗവേഷകനായ എഴുത്തുകാരന്‍
മാപ്പിള സംസ്‌കാരവും സാഹിത്യവും ഒരു ഗവേഷണവിഷയമായി കാണുകയും അതിന്റെ വസ്തുതകള്‍ ജനങ്ങള്‍ക്കെത്തിക്കാന്‍ തല്‍പര്യപ്പെടുകയും ചെയ്ത ഒരു വലിയ എഴുത്തുകാരനെയാണ് എ.കെ കോഡൂരിന്റെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായത്. മാധ്യമ പ്രവര്‍ത്തനത്തിന്റെ യോഗ്യതകളിലൊന്നായി 'യൗവ്വനം' ഗണിക്കപ്പെടുന്ന വര്‍ത്തമാന ചുറ്റുപാടില്‍ ഏറെ ഊര്‍ജ്ജസ്വലതയോടെ മലപ്പുറത്തെ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ഓടിനടന്നിരുന്ന ഈ കാരണവര്‍ വേറിട്ടുനിന്നത് ഗവേഷകനായ ഒരു എഴുത്തുകാരനും പത്രപ്രവര്‍ത്തകനും എന്നതുകൊണ്ടായിരുന്നു. തൊള്ളായിരത്തി ഇരുപത്തിയൊന്നിലെ മലബാര്‍ കലാപത്തിന്റെ 75-ാം വാര്‍ഷികത്തില്‍ പുറത്തിറക്കിയ ആഗ്ലോ മാപ്പിള യുദ്ധം എന്ന പുസ്തകം മതി ഈ പത്രപ്രവര്‍ത്തക കാരണവരെ എന്നെന്നും ഓര്‍മിക്കാന്‍. 'ആംഗ്ലോ-മാപ്പിള യുദ്ധം' എന്ന തലക്കെട്ടുകൊണ്ട് തന്നെ, മലബാര്‍ കലാപത്തിന്റെ സവര്‍ണ-ഇടതുപക്ഷ വായനകള്‍ അപ്രസക്തമാക്കി ഗ്രന്ഥകാരന്‍.
അത് ഒരു വര്‍ഗീയ ലഹളയായിരുന്നുവെന്നും അതല്ല ഒരു ജന്മി-കുടിയാന്‍ പ്രശ്‌നമായിരുന്നുവെന്നുമുള്ള അവരുടെ വാദങ്ങളെ എ.കെ കോഡൂര്‍ ഏറെ അന്വേഷണങ്ങള്‍ നടത്തിയാണ് നേരിട്ടത്. കലാപം ഏറെ ബാധിച്ച ഏറനാട്, വള്ളുവനാട് താലൂക്കുകളിലൂടെ സഞ്ചരിച്ച് വിവിധ ആളുകളെ കണ്ട് വസ്തുതകള്‍ എഴുതിയെടുക്കുകയും രേഖകള്‍ തപ്പിയെടുത്ത് പുനരവതരിപ്പിക്കുകയും ചെയ്ത ഈ ഗവേഷണം ഏതെങ്കിലും ഒരു യൂണിവേഴ്‌സിറ്റിയിലായിരുന്നു നടന്നിരുന്നതെങ്കില്‍ ഒരു എ ഗ്രേഡ് പി.എച്ച്.ഡി പ്രബന്ധമാകുമായിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതുമായി ബന്ധപ്പെട്ട പില്‍കാല ഗവേഷണങ്ങള്‍ക്ക് ഒരു മികച്ച റഫറന്‍സാകുന്ന ഈ പുസ്തകത്തെ മലബാര്‍ കലാപത്തിലെ പെണ്‍സാന്നിധ്യത്തെ കുറിച്ച് അന്വേഷിക്കുന്ന ഡോ. ഗീത ഏറെ ഉപയോഗിച്ചിട്ടുണ്ട്. എഴുതിവന്നപ്പോള്‍ 1500-ഓളം പേജുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇതെല്ലാം ഒരൊറ്റ പുസ്തകമാക്കാനുള്ള അസൗകര്യം പ്രസിദ്ധീകരണ സമിതി അറിയിച്ചപ്പോള്‍ ഏറെ ചുരുക്കി അവതരിപ്പിക്കുകയായിരുന്നുവത്രെ. ഈ പുസ്തകത്തില്‍ ചേര്‍ക്കാന്‍ കഴിയാതെ പുറത്തുകിടക്കുന്ന വിവരങ്ങളുടെ വലിയൊരു ശേഖരം അച്ചടിച്ചുവന്നാല്‍ ഉപകാരമായിരിക്കുമെന്ന് ഉറപ്പാണ്. സുന്നി അഫ്കാറുമായും അതിന്റെ പ്രസ്ഥാനവുമായും മരണം വരെ നല്ല ബന്ധവും അടുപ്പവും സൂക്ഷിച്ചിരുന്നു എ.കെ. കോഡൂര്‍. മലപ്പുറം സുന്നി മഹലില്‍ ഓഫീസായിരുന്ന സമയത്ത് പലപ്പോഴും അവിടെ കയറിവന്ന് വിശേഷങ്ങള്‍ പറയുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുമായിരുന്നു.
വിവിധ പത്ര-പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിരുന്ന എ.കെ ഒരു പക്ഷേ ഏറ്റവും അധികം എഴുതിത്തന്നിട്ടുണ്ടാവുക സുന്നി അഫ്കാറിനു വേണ്ടിയായിരിക്കും. അന്തര്‍ദേശീയ വിഷയങ്ങളിലും പ്രാദേശിക രാഷ്ട്രീയത്തിലും കൃത്യമായ കാഴ്ചപ്പാട് അവതരിപ്പിച്ചിരുന്ന അദ്ദേഹം സമസ്ത നേതാക്കളുമായുള്ള ബന്ധങ്ങളും സാമുദായിക വിഷയങ്ങളിലെ സൂക്ഷ്മ വേര്‍തിരിവുകളും തന്റെ ലേഖനങ്ങളിലൂടെ അവതരിപ്പിച്ചിരുന്നു. ഐക്യസംഘത്തിന്റെ യുക്തിവാദ സമീപനങ്ങളെ ചരിത്രപരമായി വിമര്‍ശിക്കാന്‍ അദ്ദേഹത്തിനു നന്നായി കഴിയുമായിരുന്നു. സുന്നി അഫ്കാറിനുവേണ്ടി ഏറ്റവും അവസാനമായി എഴുതിത്തന്ന ലേഖനം ജമാഅത്തെ ഇസ്‌ലലാമി കുറ്റിപ്പുറത്ത് നടത്തിയ വനിതാ സമ്മേളനത്തെ കുറിച്ചായിരുന്നു. ശൈഖുനാ പറവണ്ണയുടെയും ശൈഖുനാ പാങ്ങിന്റെയും മാനു മുസ്‌ലിയാരുടെയും ചരിത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്ന ഒരു എഴുത്തുകാരന്‍.
അഫ്കാറിലെ ഒരു ലേഖനത്തില്‍ സിറാജ് പത്രത്തെ പരാമര്‍ശിക്കേണ്ടിവന്നപ്പോള്‍ 'വിയോജിത സുന്നി പത്രം' എന്നാണ് എ.കെ എഴുതിയത്. കോഡൂര്‍ പഞ്ചായത്തില്‍ മുസ്‌ലിംലീഗ് ടിക്കറ്റില്‍ മത്സരിച്ച് ലീഗ് മെമ്പറായിരുന്ന എ.കെ ലീഗ് ചരിത്രത്തിന്റെ നാള്‍വഴികള്‍ നന്നായി പാഠമാക്കിയിരുന്നു. ലീഗ് ടൈംസിലും മലപ്പുറം ടൈംസിലും മാപ്പിളനാടിലുമൊക്കെ പ്രവര്‍ത്തിച്ച അദ്ദേഹം അടിയന്തിരാവസ്ഥക്കാലത്തെ സാമുദായ രാഷ്ട്രീയത്തിന്റെ തീക്ഷ്ണരാത്രികളെ നേരില്‍ കണ്ടയാളാണ്. പാണക്കാട് കൊടപ്പനക്കലുമായുള്ള ഉറ്റബന്ധം മരണംവരെ കാത്തു. എഴുത്തിലെന്നപോലെ ജീവിത നടപ്പുകളിലും ഒറ്റയാനായി നടന്നുനീങ്ങിയ എ.കെ കോഡൂര്‍ എന്ന 'അലവിക്കുട്ടികാക്ക' എല്ലാ വര്‍ക്കും നിശ്ചയമായും ജീവിതത്തില്‍ സംഭവിക്കുന്ന ആ യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. നിസ്വാര്‍ത്ഥമായ അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥന. <img alt=" width=" 1"="" height="1">
Leave A Comment