പലിശ നിഷിദ്ധമാണെന്ന് പറയാനും അതിനെതിരെ ഉപദേശം നല്‍കാനും ബോധവല്‍ക്കരണം നടത്താനും വളരെ എളുപ്പമാണ്. എന്നാല്‍, ഗത്യന്തരമില്ലാതെ പലിശസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നവരാണ് അധികവും. അത്തരം സാഹചര്യങ്ങളില്‍ ആശ്രയിക്കാന്‍ പകരം സംവിധാനമൊരുക്കേണ്ടത് സമൂഹത്തിലെ സമ്പന്നരുടെയും മഹല്ല് ഭാരവാഹികളുടെയും ചുമതലയാണ്. ഇസ്‍ലാമിക് ബേങ്കിംഗും മൈക്രോ ഫൈനാന്‍സിംഗുമെല്ലാം ചര്‍ച്ച ചെയ്യാന്‍ നാം ഏറെ ആവേശം കാണിക്കുമെങ്കിലും, ഇവ നടപ്പിലാക്കുന്നതില്‍ നമ്മുടെ പല മഹല്ലുകളും ഏറെ പിന്നിലാണെന്ന് പറയാം. ഇവിടെയാണ്, തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം മഹല്ല് ശ്രദ്ധേയമാവുന്നത്. 11 വര്‍ഷം മുമ്പ് തുടക്കം കുറിച്ച പലിശ രഹിത വായ്പാപദ്ധതിയിലൂടെ, പലിശയെ ആശ്രയിക്കാതിരിക്കാനുള്ള അവസരമൊരുക്കുകയാണ് അവര്‍. പദ്ധതിയുമായി ബന്ധപ്പെട്ട് മഹല്ല് ജന. സെക്രട്ടറി കെ.ബി അബ്ദുല്‍ ഖാദിര്‍ സാഹിബുമായി നടത്തിയ പ്രത്യേക അഭിമുഖം.
കെ.ബി അബ്ദുല്‍ ഖാദിര്‍ സാഹിബ്/അബ്ദുല്‍ ഹഖ് മുളയങ്കാവ് (ഇസ്‍ലാംഓണ്‍വെബ്)
നിങ്ങള്‍ വിജയകരമായി നടത്തി വരുന്ന ഈ പദ്ധതിയെകുറിച്ച് ഒന്ന് ചുരുക്കി വിവരിക്കാമോ?
പലിശ രഹിത വായ്പാ പദ്ധതിയാണ് ഇത്. മെസേജ് എന്നാണ് ഇതിന് ഞങ്ങള്‍ പേരിട്ടിരിക്കുന്നത്. 2009 ലാണ് ഇതിന് തുടക്കം കുറിക്കുന്നത്. പലിശയില്ലാതെ ജനങ്ങള്‍ക്ക് വായ്പനല്‍കുക എന്ന ലക്ഷ്യവുമായാണ് ഇത് ആരംഭിച്ചിട്ടുള്ളത്. പദ്ധതിയില്‍ അംഗത്വമെടുക്കുന്നവര്‍ക്കാണ് വായ്പ നല്‍കുന്നത്. പതിനായിരം മുതല്‍ 25,000 രൂപ വരെ ലോണ്‍ ആയി നല്‍കാറുണ്ട്. ഓരോ ആഴ്ചയും ഒരു ലക്ഷത്തിലേറെ രൂപ ഇത്തരത്തില്‍ നല്‍കി വരുന്നു, അല്‍ഹംദുലില്ലാഹ്. മഹല്ലിലെ പത്ത് വാര്‍ഡുകളിലും ഇതിന്റെ സേവനം ലഭ്യമാണ്.
മഹല്ലുകാരായ ആര്‍ക്കും ലോണിന് അപേക്ഷിക്കാമോ, അതോ പ്രത്യേക വല്ല മാനദണ്ഡവും ഉണ്ടോ?
പദ്ധതിയില്‍ അംഗത്വമെടുത്തവര്‍ക്ക് മാത്രമാണ് ലോണ്‍ അനവദിക്കുക. ഒരു ദിവസം ഒരു രൂപ എന്ന രീതിയില്‍ 365 രൂപ പ്രതിവര്‍ഷം നല്‍കുക എന്നതാണ് അംഗത്വത്തിനുള്ള മാനദണ്ഡം. ഇത് സ്വദഖയായാണ് സ്വീകരിക്കുന്നത്. ഇത് ഓര്‍ഡിനറി മെമ്പര്‍ഷിപ്പാണ്. ഇപ്പോള്‍ ഇത് പ്രതിവര്‍ഷം 500 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ലൈറ്റ് മെമ്പര്‍ഷിപ്പ് എന്ന പേരില്‍ മറ്റൊരു തരം അംഗത്വം കൂടിയുണ്ട്. അതിന് 3,000 രൂപയാണ്, ഇത് വര്‍ഷാവര്‍ഷം പുതുക്കേണ്ടതില്ല.
ലോണ്‍ നല്‍കാനാവശ്യമായ തുക എങ്ങനെയാണ് കണ്ടെത്തുന്നത്?
മേല്‍ പറഞ്ഞ രീതിയിലുള്ള അംഗത്വ ഫീസ് ആണ് പ്രധാനമായും ഇതിന്റെ വരുമാനം. അതോടൊപ്പം, വെല്‍വിഷേഴ്‌സ് ലോണ്‍ എന്ന പേരില്‍ മറ്റൊന്ന് കൂടിയുണ്ട്. അഥവാ, താല്‍പര്യമുള്ളവര്‍ നിശ്ചിത തുക, ആവശ്യക്കാര്‍ക്ക് കടം നല്‍കാമെന്ന അനുവാദത്തോടെ പദ്ധതിയില്‍ നിക്ഷേപിക്കും. ഇത്തരത്തില്‍ 50,000 ഉം ഒരു ലക്ഷവുമൊക്കെ നിക്ഷേപിച്ച ഏറെ ആളുകളുണ്ട്. ഇങ്ങനെ ശേഖരിക്കപ്പെടുന്ന തുകകളില്‍നിന്നാണ് ആവശ്യക്കാര്‍ക്ക് ലോണ്‍ അനുവദിക്കുന്നത്.
പദ്ധതിക്ക് ചെലവുകള്‍ എന്തെല്ലാമാണ് വരുന്നത്, അവ എങ്ങനെ കണ്ടെത്തുന്നു?
ഓഫീസ് സ്റ്റാഫ്, റൂം വാടക ഇതിനൊക്കെയാണ് കാര്യമായ ചെലവ് വരുന്നത്. മെമ്പര്‍ഷിപ്പ് തുകയില്‍ നിന്നാണ് ഈ ചെലവുകള്‍ കണ്ടെത്തുന്നത്. 560 മെമ്പര്‍മാരാണ് നിലവില്‍ ഈ പദ്ധതിയില്‍ അംഗമായിട്ടുള്ളത്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ട് എല്ലാം ഭംയിയായി നടന്നുവരുന്നുണ്ട്.
എങ്ങനയാണ് ഇത് വിജയകരമായി നടപ്പിലാക്കുന്നത്?
മെസേജിന് കൃത്യമായ നിയമാവലിയും സ്വതന്ത്രമായ കമ്മിറ്റിയും ഉണ്ട്. മഹല്ല് കമ്മിറ്റിയിലുള്ള പലരും ഇതില്‍ അംഗങ്ങളാണെങ്കിലും ഔദ്യോഗികമായി മഹല്ല് കമ്മിറ്റിയുടെ കീഴിലല്ല ഇത്. ഓരോ വാര്‍ഡിലും കമ്മിറ്റിക്ക് രണ്ട് മെമ്പര്‍മാര്‍ വീതം ഉണ്ടാകും, അവരായിരിക്കും അംഗങ്ങളുമായുള്ള കോണ്ടാക്റ്റ് പോയിന്റ്. മെമ്പര്‍ഷിപ്പിനുള്ള അപേക്ഷയിലും ലോണ്‍ അപേക്ഷയിലുമെല്ലാം ഇവരുടെ അംഗീകാരം ആവശ്യമാണ്.
എല്ലാ ശനിയാഴ്ചയും കമ്മിറ്റി യോഗം ചേരും. ഓരോ ആഴ്ചയും വരുന്ന അപേക്ഷകളെല്ലാം പരിഗണിച്ച്, ആവശ്യമായ തീരുമാനങ്ങളെടുക്കുന്നത്, ഈ യോഗത്തിലാണ്. ലോണ്‍ പാസ്സാക്കുന്നതോടെ, നിശ്ചിത ഫോമില്‍ എഴുതി, ജാമ്യക്കാരനായി ഒരാളുടെയും (അപേക്ഷിക്കുന്നയാളുടെ കുടുംബാംഗം) വാര്‍ഡ്‌മെമ്പറുടെയും ഒപ്പ് വാങ്ങി സമര്‍പ്പിക്കുന്നതോടെ, പണം കൈമാറുന്നതാണ് രീതി.
മൂന്ന് വര്‍ഷം കൂടുമ്പോള്‍ എല്ലാ അംഗങ്ങളും പങ്കെടുക്കുന്ന ജനറല്‍ബോഡി ചേരുകയും പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കയും ചെയ്യും. സുന്നി-മുജാഹിദ്-ജമാഅത്ത് തുടങ്ങി എല്ലാവരും ഉള്‍ക്കൊള്ളുതായിരിക്കും കമ്മിറ്റി, എല്ലാവരും ഇതുമായി നന്നായി സഹകരിക്കുന്നു. അത് കൊണ്ട് തന്നെയാണ് ഈ ദൗത്യം വിജയകരമായി മുന്നോട്ട് പോവുന്നതും.
ഇത് തുടങ്ങാനുണ്ടായ പ്രത്യേക കാരണം വല്ലതും?
വിവിധ ലോണുകളെടുത്ത് പലിശയില്‍ കുടുങ്ങി കിടപ്പാടം പോലും നഷ്ടപ്പെടുന്ന പലരും ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. അതില്‍ നമുക്കും പങ്കില്ലേ എന്ന ചിന്തയില്‍നിന്നാണ് ഈ പദ്ധതി ജന്മം കൊള്ളുന്നത്. പ്രയാസപ്പെടുന്നവര്‍ക്ക് ഒരു ആശ്വാസമവട്ടെ എന്ന് കരുതിയാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്. അത്തരം ആളുകളെ പലിശയില്‍ നിന്ന് രക്ഷിക്കുകയും നാഥന്‍ അനുവദിച്ച രീതിയില്‍ സഹായിക്കുകയും ചെയ്യാമല്ലോ എന്ന നിസ്വാര്‍ത്ഥ ചിന്തയാണ് ഇതിന് പിന്നിലെന്ന് പറയാം. പലരെയും ഇതിലൂടെ അത്തരം പലിശയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ സാധിച്ചിട്ടുമുണ്ട്, അല്‍ഹംദുലില്ലാഹ്.
ഈ രംഗത്ത് എന്തെങ്കിലും വെല്ലുവിളികള്‍? ലോണെടുക്കുന്നവര്‍ കൃത്യമായി തിരിച്ചടക്കാതെ വരാറുണ്ടോ?
പലിശ രഹിത വായ്പപദ്ധതി തുടങ്ങിയ സമയത്ത് ഒരുപാട് വെല്ലുവിളികള്‍ ഉണ്ടായിരുന്നു. തുടക്കത്തില്‍ ജനങ്ങള്‍ ഇത് മനസ്സിലാക്കി വരുന്നേയുണ്ടായിരുന്നുള്ളൂ, അത് കൊണ്ട് തന്നെ അംഗത്വമെടുക്കാനും ഡെപോസിറ്റ് ചെയ്യാനുമൊക്കെ വളരെ ചുരുക്കം ആളുകളേ തയ്യാറായിരുന്നുള്ളൂ. ലോണ്‍ നല്‍കാന്‍ പറ്റാത്ത അവസ്ഥയൊക്കെ അന്ന് ഉണ്ടായിരുന്നു.
അര്‍പ്പണ ബോധവും ആത്മാര്‍ത്ഥതയുമുള്ള പ്രവര്‍ത്തകരുണ്ടാവുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. അല്‍ഹംദുലില്ലാഹ്, ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അത്തരം ആളുകളെ കണ്ടെത്താന്‍ കമ്മറ്റിക്ക് ആയിട്ടുണ്ട്. ഞങ്ങളുടെ അംഗങ്ങളും വാര്‍ഡ് മെമ്പര്‍മാരുമെല്ലാം ഈ രംഗത്ത് വളരെ സജീവമാണ്.
ലോണ്‍ എടുത്തവരധികവും കൃത്യമായി തിരിച്ചടക്കുന്നവരാണ്. അവശ്യസമയത്ത് സഹായമായി കൂടെ നിന്ന പദ്ധതി പരാജയപ്പെടണമെന്ന് ആരും ആഗ്രഹിക്കില്ലല്ലോ. പ്രത്യേക സാഹചര്യങ്ങളെ കൊണ്ട് അടക്കാന്‍ സാധിക്കാത്തവര്‍ ഉണ്ടായേക്കാം. വാര്‍ഡ് മെമ്പര്‍മാരാണ് അത്തരം കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത്. അവര്‍ സാക്ഷ്യപ്പെടുത്തുന്ന പക്ഷം, ആവശ്യമായ മുറക്ക് ഇളവുകളും അനുവദിക്കാറുണ്ട്.
വേറെ എന്തെങ്കിലും പദ്ധതികള്‍ ആലോചനയിലുണ്ടോ?
നിലവിലെ പദ്ധതി വിപുലീകരിക്കുകയാണ് ഇപ്പോഴുള്ള ആലോചന. നേരത്തെ ഈ പദ്ധതിക്ക് കീഴില്‍, കൂടുതല്‍ വരുമാനം ലക്ഷ്യമാക്കി, അരിപ്പൊടി യൂണിറ്റും മററും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ അവയൊക്കെ നിലച്ചു പോയി. ഇത് ജനകീയമാക്കാന്‍ നേരത്തെ കുടുംബസംഗമങ്ങളും നോമ്പുതുറകളും ഇഫ്താര്‍ പാര്‍ട്ടിയുമൊക്കെ പദ്ധതിയുടെ കീഴില്‍ തന്നെ സംഘടിപ്പിച്ചിരുന്നു. ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഇതിന്റെ കീഴില്‍ തുടങ്ങണമെന്ന ആലോചനയുണ്ട്, അതെല്ലാം ഭാവിപദ്ധതിയുടെ ഭാഗമാണ്.
ഇതുമായി ബന്ധപ്പെട്ട പ്രത്യേക അനുഭവങ്ങളോ ഓര്‍മ്മകളോ വല്ലതും?
നാട്ടിലെ ഒരുപാട് പേരെ പലിശയില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞുവെന്നത് തന്നെ നല്ല അനുഭവങ്ങളാണ്. പ്രയാസപ്പെടുന്ന വേളയില്‍ പലരെയും സഹായിക്കാനായി എന്നത് വലിയ സംതൃപ്തി നല്‍കുന്നു. കഴിഞ്ഞ പതിനൊന്ന് വര്‍ത്തിനിടയില്‍ ആയിരക്കണക്കിന് പേരെ ഇത്തരത്തില്‍ സഹായിക്കാന്‍ സാധിച്ചിട്ടുണ്ട്. ആവശ്യസമയത്ത് തുക ലഭിക്കുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന ആശ്വാസത്തിന്റെ പുഞ്ചിരി വല്ലാത്ത ഊര്‍ജ്ജമാണ് നമുക്ക് നല്‍കുന്നത്. അവര്‍ മനസ്സറിഞ്ഞ് പറയുന്ന അല്‍ഹംദുലില്ലാഹ് മാത്രം മതിയാവും നമ്മുടെ പ്രയത്നങ്ങള്‍ സഫലമാവാന്‍ എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. നാഥന്‍ സ്വീകരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള പദ്ധതി തുടങ്ങാന്‍ ഉദ്ദേശിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
നമ്മുടെ മഹല്ലുകളില്‍ ഏറെ ആവശ്യമുള്ല പദ്ധതിയാണ് ഇത്. ഓരോ മഹല്ലിലും ഇത്തരം മൈക്രോഫൈനാന്‍സിംഗ് സംവിധാനങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ തയ്യാറുള്ള എത്രയോ ആളുകള്‍ ഇന്നും സമൂഹത്തിലുണ്ട്. അവരെല്ലാം ഇത്തരം പദ്ധതിയുമായി സഹകരിക്കാതിരിക്കില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി കടം എടുത്ത ആളുകളെ കണ്ടെത്തി സകാത് വിഹിതം നല്‍കാന്‍ പോലും പലര്‍ക്കും ഇതിനെ ആശ്രയിക്കാനാവും. അത് കൊണ്ട് ധൈര്യമായി, ഇത്തരം പദ്ധതികള്‍ തുടങ്ങാവുന്നതാണ്, തുടങ്ങേണ്ടതുമാണ്.
നിങ്ങളുടെ മഹല്ലുകളിലും ഇത്തരം പദ്ധതികള്‍ ആലോചിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളെ ബന്ധപ്പെടുക
Leave A Comment