പാണക്കാട്ടെ പെരുന്നാള്‍ പുലരി
സൈനുല്‍ ആബിദീന്‍
ഓരോ വിശ്വാസിയുടെയും ജീവിതത്തില്‍ സജീവ ഓര്‍മകള്‍ നിലനില്‍ക്കുന്ന അസുലഭ മുഹൂര്‍ത്തങ്ങളാണ് പെരുന്നാളുകള്‍. അതുകൊണ്ടുതന്നെ, ആ ദിനം ധന്യതയോടെ ചെലവഴിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നു. ജീവിതത്തിന്റെ വിവിധ കോണുകളില്‍ കഴിഞ്ഞുപോകുന്നവര്‍ പല നിലക്കാണ് പെരുന്നാള്‍ ദിനം കൊണ്ടാടുന്നത്. മലബാറിന്റെ തരീമായ പാണക്കാട്ടെ പെരുന്നാള്‍ ഓര്‍മകളാണ് ഇവിടെ സയ്യിദ് മുന്നവ്വറലി ശിഹാബ് തങ്ങള്‍ പങ്ക് വെക്കുന്നത്. ഒപ്പം തന്റെ യാത്രകളിലെ പെരുന്നാള്‍ നിനവുകളും അദ്ദേഹം അയവിറക്കുന്നു.
*കുട്ടിക്കാലത്തെ പെരുന്നാളുകളെ എങ്ങനെ ഓര്‍ക്കുന്നു? പിതാവുള്ള കാലത്ത് എങ്ങനെയായിരുന്നു പെരുന്നാള്‍ ദിവസങ്ങള്‍?
-കുട്ടിക്കാലത്തൊക്കെ പെരുന്നാളുകള്‍ വലിയ ഹരമായിരുന്നു. നോമ്പ് ഇരുപത് ആകുമ്പോഴേക്കും ഞങ്ങള്‍ കുട്ടികള്‍ പെരുന്നാള്‍ കാത്തിരിക്കാന്‍ തുടങ്ങും. പിന്നെ, ഓരോ ദിവസവും കഴിഞ്ഞുകിട്ടാന്‍ വലിയ പാടാണ്. ആ പെരുന്നാള്‍ സുദിനം വന്നണഞ്ഞിരുന്നെങ്കില്‍... എന്നതു മാത്രമായിരിക്കും ഞങ്ങളുടെ പ്രാര്‍ത്ഥന.
ഉമ്മ പുതിയ വസ്ത്രങ്ങള്‍ വാങ്ങിത്തരും. അത് ഉടുത്ത് പള്ളിയില്‍ പോകുന്നതും കുടുംബ വീടുകളില്‍ പോകുന്നതും വലിയ സന്തോഷമാണ്. പെരുന്നാളിനെ ഓര്‍ക്കുമ്പോഴേക്കും ആ ഓര്‍മകളാണ് മനസ്സിലേക്ക് ഓടി വരിക.
രാവിലെ പിതാവിനോടൊപ്പമാണ് പള്ളിയില്‍ പോയിരുന്നത്. പിന്നെ, പെരുന്നാള്‍ നിസ്‌കാരമാണ്. സുഹൃത്തുക്കളെയും സഹപാഠികളെയുമെല്ലാം പള്ളിയില്‍വെച്ച് കണ്ടുമുട്ടും. അവരെല്ലാം പുതിയ പുതിയ വസ്ത്രങ്ങളാണ് ധരിച്ചിട്ടുണ്ടാവുക. അതു കണ്ട് പരസ്പരം അഭിപ്രായം പറയും. വഴിയില്‍ കാണുന്നവര്‍ക്കെല്ലാം ഹസ്തദാനം ചെയ്യും. ചിലര്‍ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യും. വല്ലാത്തൊരു സന്തോഷ മുഹൂര്‍ത്തമാണത്. എല്ലാവരും സ്‌നേഹ ലാളനയില്‍ പൊതിയുന്ന നേരം.
പെരുന്നാള്‍ പുലരികളാണ് ഏറെ മനോഹരം. നൂറ് പ്രതീക്ഷകളോടെയാണ് ഓരോ പെരുന്നാള്‍ പുലരിയും വിടരുന്നത്. എന്തൊക്കെയോ പദ്ധതികളുണ്ടായിരിക്കും മനസ്സില്‍. ഓരോന്നും സാക്ഷാല്‍കരിക്കപ്പെടുമ്പോള്‍ വലിയ സാഫല്യമായി അത് അനുഭവപ്പെടും.
*പെരുന്നാള്‍ ദിവസത്തിലെ പിതാവ് എങ്ങനെയായിരുന്നു? പതിവു ചര്യകളില്‍നിന്നും മാറി, അന്നത്തെ ഷെഡ്യൂള്‍ എന്തൊക്കെയാണ്?
-പിതാവ് തന്നെയായിരുന്നു ഞങ്ങളുടെ പെരുന്നാള്‍ സന്തോഷത്തിന്റെ കേന്ദ്രബിന്ദു. അന്ന് മറ്റെല്ലാ തിരക്കില്‍നിന്നും മാറി പിതാവിനെ ഞങ്ങള്‍ക്ക് വീട്ടില്‍ കിട്ടും. അനിവാര്യമായ പരിപാടികളോ മറ്റോ ഉണ്ടെങ്കില്‍ മാത്രമേ അന്ന് പുറത്ത് പോകുമായിരുന്നുള്ളൂ. അല്ലെങ്കില്‍, ഞങ്ങളോടൊപ്പംതന്നെ ഉണ്ടാകും. കുടുംബക്കാരും ബന്ധുക്കളുമെല്ലാം വീട്ടില്‍ ഒത്തുകൂടും. അത് വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന കാര്യമാണ്. പ്രത്യേകിച്ചും പെരുന്നാള്‍ ദിനത്തിലാണ് ഇങ്ങനെ കൂടിയിരുന്നത്. പിന്നെ, ഞങ്ങള്‍ കുട്ടികളെയെല്ലാം കൂട്ടി അടുത്ത കുടുംബ വീടുകള്‍ സന്ദര്‍ശിക്കും. എല്ലാവരുമായി ബന്ധം പുതുക്കുകയും സ്‌നേഹം അറിയിക്കുകയും ചെയ്യും.
അപ്പോഴേക്കും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം തറവാട്ടില്‍ ഉപ്പയെ കാണാനായി എത്തിയിരിക്കും. അവര്‍ കുശലം പറയുകയും മധുരം കഴിക്കുകയും ചെയ്യും. സാധാരണക്കാര്‍ മുതല്‍ പ്രമുഖര്‍ വരെ സന്ദര്‍ശകരിലുണ്ടാകും. അന്നേദിവസം വീട്ടിലൊരു മഹാ ആഘോഷ പ്രതീതിയാണ്. അതിഥികളെ സ്വീകരിക്കാനും അവരുമായി സന്തോഷം പങ്കിടാനുംതന്നെയായിരിക്കും പിതാവ് അധികം സമയവും ചിലവഴിക്കുക.
വീട്ടിലുണ്ടാക്കുന്ന നല്ല വെറൈറ്റി ഭക്ഷണങ്ങളും അന്ന് ഞങ്ങള്‍ കുട്ടികളുടെ വലിയ പ്രതീക്ഷയാണ്. കുടുംബക്കാരുടെ വീടുകളില്‍നിന്നും ഭക്ഷണം ലഭിക്കുമായിരുന്നു.
*വിദേശത്തുവെച്ച് വല്ലപ്പോഴും പെരുന്നാള്‍ ആഘോഷിക്കാന്‍ അവസരമുണ്ടായിട്ടുണ്ടോ?
-തീര്‍ച്ചയായും. ധാരളം അനുഭവങ്ങളുണ്ട്. മലേഷ്യല്‍ വെച്ചാണ് അതിലൊന്ന്. പഠനകാലത്ത് പലതവണ അവിടെനിന്നും പെരുന്നാള്‍ ആഘോഷിച്ചിട്ടുണ്ട്. കുഞ്ഞി മുഹമ്മദ് എന്നൊരു മലയാളി കുടുംബമുണ്ടവിടെ. അവര്‍ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് ഞങ്ങളെ കണ്ടിരുന്നത്. അവരുടെ അവിടത്തെ വീട്ടില്‍ വെച്ചാണ് പലപ്പോഴും മലേഷ്യയിലെ പെരുന്നാള്‍ ആഘോഷിച്ചിരുന്നത്. മുമ്പത്തെ ദിവസം വൈകുന്നേരം തന്നെ അവരുടെ വീട്ടിലെത്തും. അന്ന് രാത്രി അവിടെ താമസിക്കും. രാവിലെ എഴുന്നേറ്റ് കുളിച്ച് അവരോടൊപ്പം തന്നെ പള്ളിയില്‍ പോകും. ഇതായിരുന്നു അവിടത്തെ പതിവ്. അത്രമാത്രം സ്‌നേഹത്തിലും അടുപ്പത്തിലുമായിരുന്നു അവരുമായിട്ട്. പെരുന്നാളിന് ധരിക്കാനുള്ള വസ്ത്രം പോലും അവരാണ് എടുത്തുതന്നിരുന്നത്. ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഓര്‍മകളാണിതെല്ലാം.
അവിടത്തെ മലയാളികളെ കണ്ട് സംസാരിക്കുക എന്നതാണ് മലേഷ്യയിലെ പെരുന്നാളിന്റെ മറ്റൊരു രുചി. പള്ളിയില്‍നിന്നും മറ്റുമായി ധാരാളം ആളുകളെ കണ്ട് സംസാരിക്കും. ബന്ധം പുതുക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കുടിയേറി താമസിക്കുന്ന ആളുകള്‍ അവിടെ പലയിടങ്ങളിലായി ഉണ്ട്.
*ചെറിയ പെരുന്നാളാണോ അതോ ബലിപെരുന്നാളാണോ മലേഷ്യയില്‍ വലിയ നിലയില്‍ ആഘോഷിക്കപ്പെടുന്നത്?
-ചെറിയ പെരുന്നാളാണ് മലേഷ്യയിലെ വലിയ ആഘോഷം. അത് പലപ്പോഴും ദിവസങ്ങളോളം നീണ്ടു നില്‍ക്കും. ഇതിനോടനുബന്ധിച്ച് ഓപ്പണ്‍ ഹൗസ് എന്നൊരു സംവിധാനമുണ്ട്. എല്ലാ വീട്ടിലും അത്തരം പാര്‍ട്ടികളുണ്ടാകും. പ്രധാനമന്ത്രി, മന്ത്രിമാര്‍ പോലെയുള്ള പ്രധാനികളെ പോലും ഇത്തരം ഓപ്പണ്‍ ഹൗസുകളില്‍ കണ്ടുമുട്ടാം. അവരെ കാണാനും അവരോടൊപ്പം ഭക്ഷണം കഴിക്കാനുമെല്ലാം ഇതില്‍ അവസരമുണ്ടാകും.
പെരുന്നാള്‍ ദിവസം വലിയവര്‍ ചെറിയ കുട്ടികള്‍ക്ക് കാഷ് നല്‍കുന്ന ഒരു സമ്പ്രദായമുണ്ട് അവിടെ. അതിനായി പ്രത്യേകം സംവിധാനിച്ച ഒരു കവര്‍ ഉണ്ട്. പെരുന്നാളിനോടനുബന്ധിച്ച് കടകളില്‍നിന്ന് സാധനം വാങ്ങുമ്പോള്‍ ഇത്തരം കവറുകള്‍ ലഭിക്കും. ബാങ്കുകളില്‍നിന്നു വരേ കവറുകള്‍ ലഭിക്കും. ഹരി റായ എന്നാണ് അത് അറിയപ്പെട്ടിരുന്നത്. ഹരി റായ എന്നാല്‍ വലിയ ദിവസം എന്നാണ് അര്‍ത്ഥം. സലാമത് ഹരി റായ എന്നാണ് മലായില്‍ അവര്‍ ഈദ് മുബാറകിന് പറയുക. ഇതവര്‍ പരസ്പരം നേര്‍ന്നുകൊണ്ടേയിരിക്കും. മനോഹരമായൊരു കാഴ്ച്ചയാണത്.
പെരുന്നാള്‍ ദിവസമുള്ള ഖബര്‍ സിയാറത്താണ് അവിടത്തെ മറ്റൊരു കാഴ്ച്ച. തങ്ങളുടെ ബന്ധുക്കളില്‍നിന്നും മരിച്ചുപോയവരെ പെരുന്നാള്‍ ദിവസം അവര്‍ സന്ദര്‍ശിക്കും. ഒറ്റയായും കൂട്ടമായും. അവിടെവെച്ച് പ്രാര്‍ത്ഥനകള്‍ നടത്തും. ഖബര്‍ വൃത്തിയാക്കും. വ്യാപകമായി കാണപ്പെടുന്ന നല്ലൊരു കാഴ്ച്ചയാണിത്. പെരുന്നാള്‍ നിസ്‌കാരത്തിനു ശേഷമാണ് സാധാരണ അവരിതിന് ഇറങ്ങാറുള്ളത്. ചിലപ്പോള്‍, ഉച്ചക്കും വൈകുന്നേരവുമെല്ലാം അവരിത് ചെയ്യുന്നത് കാണാം. ഖബര്‍ സിയാറത്തും മരിച്ചവര്‍ക്കുള്ള പ്രാര്‍ത്ഥനയും പെരുന്നാള്‍ ദിവസത്തിലെ അവരുടെ ഒരു അനിവാര്യ കാര്യമാണെന്നു ചുരുക്കം.
പെരുന്നാളിനോടനുബന്ധിച്ച് വീടുകള്‍ മനോഹരമായി അലങ്കരിക്കുന്ന പതിവ് മലേഷ്യയില്‍ കാണാം. ഗ്രീറ്റിംങ് കാര്‍ഡുകള്‍കൊണ്ടോ മറ്റോ ആണ് അലങ്കരിക്കുക. വരുന്നവര്‍ക്ക് നല്‍കാന്‍ മധുരപലഹാരങ്ങളും മിഠായികളും വീട്ടിലുണ്ടായിരിക്കും. ദിവസങ്ങളോളം ഇത് കാണാം. വീട്ടില്‍ വരുന്നവര്‍ക്കെല്ലാം ഇത് നല്‍കും. വല്ലാത്തൊരു സ്‌നേഹോഷ്മളതയുടെ കാഴ്ച്ചയാണത്. പരസ്പര സന്ദര്‍ശനം ധാരാളമായി അവിടെ കാണാം. കൊടുത്തും വാങ്ങിയും ചിരിച്ചും സ്‌നേഹം പങ്കിടുന്ന മനോഹര കാഴ്ച്ചകള്‍.
*മലേഷ്യയിലെ പെരുന്നാള്‍ ഫുഡ് എങ്ങനെയാണ്? നമ്മുടെ നാട്ടിലുള്ളതു പോലെ വല്ല വെറൈറ്റികളുമുണ്ടോ?
-മലേയ് ഭക്ഷണം വളരെ സ്വാദുള്ളതാണ്. മലേയ് ബിരിയാണി, ചോറ്, കറിത്തരങ്ങള്‍ എല്ലാമുണ്ടാകും. ഇന്ത്യന്‍ ഭക്ഷണ ഇനങ്ങളും ലഭ്യമാണ്.
*മലേഷ്യ അല്ലാതെ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളില്‍ പെരുന്നാള്‍ കൂടിയിട്ടുണ്ടോ?
-ലണ്ടനില്‍ ഒരു പെരുന്നാള്‍ കൂടിയിട്ടുണ്ട്. ലണ്ടന്‍ സെന്‍ട്രല്‍ മോസ്ഖിലായിരുന്നു പരിപാടികള്‍. അവിടെനിന്നാണ് നിസ്‌കരിച്ചത്. അതും ഒരു ചെറിയ പെരുന്നാള്‍ ദിനം തന്നെയായിരുന്നു. ധാരാളം പള്ളികള്‍ ഉണ്ട് അവിടെ. തറാവീഹും മറ്റുമായി നല്ല സജീവത അവിടെ കാണാം. പെരുന്നാള്‍ നിസ്‌കാരത്തിനായി സെന്‍ട്രല്‍ പള്ളിയിലേക്കാണ് അവര്‍ വരിക. വന്‍ ജനാവലിയുണ്ടാകുന്നതിനാല്‍ അഞ്ചു ഘട്ടങ്ങളിലായാണ് അവിടെ പെരുന്നാള്‍ നിസ്‌കാരം നടന്നിരുന്നത്. രാവിടെ ഏഴര മുതല്‍ തുടങ്ങും ഒന്നാം ഘട്ട പെരുന്നാള്‍ നിസ്‌കാരം. ഒന്നിനു പിറകെ മറ്റൊന്നായി പത്തു മണി വരേ ഇത് തുടരും. സമയങ്ങള്‍ രേഖപ്പെടുത്തി നേരത്തെത്തന്നെ നോട്ടീസ് വിതരണം ചെയ്തിരിക്കും. ആയതിനാല്‍ ആളുകള്‍ കൃത്യ സമയങ്ങളിലാണ് എത്തിയിരുന്നത്. തിരക്ക് ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. ലണ്ടന്‍ മുസ്‌ലിംകളുടെ ആവേശം ഇവിടെനിന്നും കാണാന്‍ സാധിച്ചു.
പാകിസ്താനി, ഇന്ത്യന്‍ ജനങ്ങളെല്ലാം ഇവിടെ ധാരാളമായി താമസിക്കുന്നുണ്ട്. അവരാണ് കൂടുതലായും പള്ളിയില്‍ കാണപ്പെടുന്നത്. ജോലി ആവശ്യാര്‍ത്ഥവും അല്ലാതെയും ഇവിടെ വന്ന് താമസിക്കുന്നവരാണവര്‍. മലയാളികളും ഇവിടെയുണ്ട്. കൊടുങ്ങല്ലൂര്‍കാരനായ ഒരു യൂസുഫ് എന്ന സഹോദരനുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു അന്ന് ഞങ്ങളുടെ ഭക്ഷണം. അത് കഴിഞ്ഞ് അവിടത്തെ മറ്റു ചില മലയാളി സംഗമങ്ങളിലും പങ്കെടുത്തിരുന്നു. 2004 ലായിരുന്നു ഈ യാത്ര.
2014 ല്‍ മറ്റൊരിക്കല്‍ക്കൂടി ലണ്ടനില്‍ പോയിരുന്നു. അന്ന് അവിടെ വെച്ച് ബലിപെരുന്നാളിലും സംഗമിക്കാന്‍ അവസരമുണ്ടായി. ഒരുപാട് കെ.എം.സി.സി സുഹൃത്തുക്കളും അന്ന് കൂടെയുണ്ടായിരുന്നു. നുജൂം എന്ന എന്റെ ഒരു പഴയ ക്ലാസ്‌മേറ്റിന്റ വീട്ടിലാണ് ഞങ്ങള്‍ അന്ന് താമസിച്ചിരുന്നത്. എന്റെ ഭാര്യയുടെ അയല്‍വാസിയായിരുന്നു അവരുടെ ഭാര്യ. അതിനാല്‍, നല്ല കൊയിലാണ്ടി ഭക്ഷണമാണ് അവിടെവെച്ച് ഞങ്ങള്‍ക്ക് ലഭിച്ചത്. അന്ന് വൈകുന്നേരം അവിടെ മലയാളികളുടെ പെരുന്നാള്‍ സംഗമത്തിലും പങ്കെടുത്തു. വലിയ അനുഭവമായിരുന്നു അത്.
*ജി.സി.സിയില്‍ എവിടെയെങ്കിലും പെരുന്നാള്‍ കാലത്ത് പോയിട്ടുണ്ടോ?
-സൗദിയില്‍ ഒരു പെരുന്നാളിന് കൂടാന്‍ പറ്റിയിട്ടുണ്ട്. ഉംറക്ക് പോയ സമയത്തായിരുന്നു ഇത്. സൗദിയിലെ ഒരിടത്താണ് അമ്മോശന്‍ ഉണ്ടായിരുന്നത്. അദ്ദേഹത്തിനടുത്തായിരുന്നു പെരുന്നാള്‍. അന്ന് അവിടെ ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു. വളരെ രാവിലെത്തന്നെ നിസ്‌കാരം കഴിയും. പിന്നെ, കുടുംബങ്ങളോടൊപ്പമുള്ള ഭക്ഷണവും. അറബ് നാടുകളിലെ പെരുന്നാള്‍ ദിവസം മറ്റൊരു നിലക്കാണ് അനുഭവപ്പെട്ടത്. സാധാരണ മലയാളി സുഹൃത്തുക്കള്‍ ഉറങ്ങിത്തീര്‍ക്കുകയാണ് ആ ദിവസം ചെയ്യുന്നത്. സുഹൃത്തുക്കളോടൊപ്പം യാത്രകള്‍ സംഘടിപ്പിക്കുന്നവരെയും കാണാം.
*പഠന കാലത്തോ മറ്റോ പെരുന്നാളിന് ടൂര്‍ നടത്തിയതായി ഓര്‍മയുണ്ടോ?
-പണ്ട് സുഹൃത്തുക്കളോടൊപ്പം ഒരു മദ്രാസ് യാത്ര നടത്തിയതായി ഓര്‍മയുണ്ട്. വലിയ പെരുന്നാളിനായിരുന്നു അത്. ബൈക്കിലായിരുന്നു യാത്ര. ഉപ്പയും ഉമ്മയും ഹജ്ജിന് പോയ സമയം. മദ്രാസില്‍ നിന്നും ഭക്ഷണവും നിസ്‌കാരവും കഴിച്ചു. നേരത്തെ പോയിരുന്നു. പെരുന്നാളിന് വീട്ടിലെത്താനായില്ല. അവിടെനിന്നും മഹാബലിപുരം പോയി. കുറേ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
പിന്നീട്, പെരുന്നാളിന് അങ്ങനെയുള്ള യാത്രകള്‍ ചെയ്യാറില്ല. വൈകുന്നേരം കുടുംബസമേതം കൊയിലാണ്ടിയിലേക്കു പോകും. അത് ഉമ്മയുടെ നാടാണ്. അമ്മാവന്മാരുടെ കുടുംബം അവിടെയുണ്ട്. അവരോടൊപ്പം സമയം ചെലവഴിക്കും. അതാണ് ഇപ്പോഴത്തെ പെരുന്നാള്‍ യാത്ര. കുട്ടികള്‍ക്ക് അവധിയുള്ള സമയമാണെങ്കില്‍ കുടുംബത്തിലേക്കും മറ്റുമുള്ള ചെറിയ യാത്രകളെല്ലാം ചെയ്യും. വലിയ യാത്രകള്‍ക്ക് മറ്റുള്ള ദിവസങ്ങളാണ് തെരഞ്ഞെടുക്കാറ്.
*പെരുന്നാള്‍ ദിവസം ശ്രദ്ധേയമായി തോന്നിയ അനുഭവങ്ങള്‍?
കുറച്ചു മുമ്പ് ഒരു പെരുന്നാള്‍ ദിവസം. പെരിന്തല്‍മണ്ണ സ്‌നേഹതീരം ഫൗണ്ടേഷന്റെ കീഴില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിക്കാന്‍ പോയിരുന്നു. അത് വല്ലാത്തൊരു അനുഭവമായിരുന്നു. അവരോടൊപ്പം പെരുന്നാളില്‍ പങ്ക് ചേരുക എന്നതായിരുന്നു ലക്ഷ്യം. ഇത്തവണയും പെരുന്നാളിന് മലപ്പുറത്തിനടുത്ത ഒരു ശിശുക്ഷേമ കേന്ദ്രത്തില്‍ ആരാരുമില്ല കുട്ടികളോടൊത്ത് പെരുന്നാള്‍ ആഘോഷിക്കാനാണ് ഉദ്ദേശിക്കുന്നത്. മനസ്സിന് കുളിരും നനവും പകരുന്ന അവസരങ്ങളായിരിക്കും ഇത്തരം സംഗമങ്ങള്‍ സമ്മാനിക്കുക. നമ്മുടെ പെരുന്നാള്‍ ദിനങ്ങളില്‍ നമ്മള്‍ മാത്രം സന്തോഷിച്ചാല്‍ പോരല്ലോ. മറ്റുള്ളവരുടെ കൂടി സന്തോഷത്തില്‍ പങ്ക് ചേരാന്‍ നമുക്ക് കഴിയാണം. അപ്പോഴേ നമ്മുടെ ആഘോഷം സാര്‍ത്ഥകമാകുന്നുള്ളൂ.
പകര്‍ത്തിയെഴുത്ത്: മോയിന്‍ മലയമ്മ, ഹഖ് മുളയങ്കാവ്
Leave A Comment