മുസ്‌ലിംകളുടെ പതനം :കാരണങ്ങളും പ്രതിവിധികളും; ഷാക്കിബ് അര്‍സലാന്റെ പുസ്തകത്തിലൂടെ

  ' ഭൂമിയില്‍ നിന്ന് മുസ്‌ലിംകള്‍ നാമാവശേ
       ഷമായെന്ന് നിങ്ങള്‍ അലമുറ കൂട്ടുന്നു
       എങ്കില്‍ ഞാനൊന്ന് ചോദിക്കട്ടെ :

നിങ്ങളില്‍ യഥാര്‍ഥ മുസ്‌ലിംകള്‍ ഉണ്ടോ'
                -അല്ലാമാ ഇഖ്ബാല്‍

 സര്‍വ്വമേഖലകളിലും മറ്റാരേക്കാളും മുന്‍പന്തിയിലായിരുന്ന മുസ്‌ലിം വിഭാഗം എന്തുകൊണ്ട് അധ:പതനത്തിലേക്ക് കൂപ്പുകുത്തി? അവരില്‍ വ്യാപകമായി കാണപ്പെടുന്ന മൂല്യച്യുതിയുടെ അടിസ്ഥാന ഹേതുവെന്താണ് ? പൂര്‍വ്വകാല പ്രതാപത്തിലേക്ക്  അവര്‍ക്കിനി തിരിച്ചു വരാനാകുമോ? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് പ്രമുഖ പാന്‍ ഇസ്‌ലാമിക് ചിന്തകനും പൊളിറ്റീഷനുമായ ഷാക്കിബ് അര്‍സലാന്‍ തന്റെ പുസ്തകമായ അവര്‍ ഡിക്ലൈന്‍ ആന്‍ഡ് ഇറ്റ്‌സ് കോസസ് ആന്‍ഡ് റെമിഡീസിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. ലി മാദാ തഅഖറൂനല്‍ മുസ്ലിമൂന്‍ എന്ന പേരില്‍ അറബി ഭാഷയിലാണ് മൂലകൃതിയെങ്കിലും പിന്നീടുവന്ന ഇംഗ്ലീഷ് പരിഭാഷയിലൂടെയാണ് ഈ ഗ്രന്ഥം അക്കാദമിക വ്യവഹാരങ്ങളില്‍ ജനകീയമായത്.

ഈജ്പിത്‌ലെ പ്രമുഖ മാസികയായ അല്‍ മനാറിലൂടെ ഖണ്ഡശ്ശെ പ്രസിദ്ധീകരിക്കപ്പെടുകയും പിന്നീട് ലേഖനസമാഹാരമായി പുറത്തിറങ്ങുകയും ചെയ്ത ഈ പുസ്തകത്തിനു പിന്നിലെ മോട്ടീവ് പ്രസക്തമായ രണ്ട് ചോദ്യങ്ങളായിരുന്നു. ജാവയിലെ സിംബാസി കോടതി ജഡ്ജിയായിരുന്ന ശൈഖ് മുഹമ്മദ് ബിസ്യൂനി അല്‍ മനാറില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഷാക്കിബ് അര്‍സലാനോടായ് ഉന്നയിക്കുന്ന രണ്ട് ചോദ്യങ്ങളുണ്ട് .ഒന്ന് : ലോക മുസ്‌ലിംകളുടെ പതനത്തിന്റെ കാരണങ്ങളെന്തൊക്കെയാണ്?  സുപ്രധാന മേഖലകളില്‍ (പ്രത്യേകിച്ച് ആത്മീയ ഇടങ്ങളില്‍ )മുസ്‌ലിംകള്‍ക്കേറ്റ ആഘാതങ്ങള്‍ക്കു പിന്നിലെന്താണ് ? രണ്ട്: ഇസ്‌ലാമെന്ന മഹിത മതത്തിലൂന്നിക്കൊണ്ടു തന്നെ മുസ്‌ലിംകള്‍ക്ക് യുറോപ്യന്‍ രാജ്യങ്ങളെപ്പോലെ  പുരോഗതിയുടെ ഔന്നിത്യത്തിലേക്ക് ചേക്കേറാനാവുമോ?
മേല്‍ പറഞ്ഞ ചോദ്യങ്ങള്‍ക്കുള്ള സ്പഷ്ടമായ ഉത്തരങ്ങളാണ് ഈ പുസ്തകത്തിലുടനീളം കാണാനാകുക.

മുന്‍ഗാമികളുടെ വിജയം
പതനത്തിന്റെ മുഖ്യ കാരണങ്ങള്‍ പറയും  മുന്‍പ് , മുന്‍ഗാമികളെ വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങളാണ് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നത്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവത്തിന്റെ പ്രധാന പ്രചോദനവും ഉയര്‍ച്ചയിലേക്കുള്ള നിദാനവും പരിശുദ്ധ ഖുര്‍ആന്‍ ആണ്. മുന്‍ഗാമികളുടെ ചരിത്രത്തിന്റെ വിവിധ സന്ദര്‍ഭങ്ങള്‍ ഇഴകീറി പരിശോധിച്ചാല്‍ നമുക്ക് വ്യക്തമാകുന്ന ഒരു ചിത്രമുണ്ട്. അത് പരിശുദ്ധ ഖുര്‍ആന്റെ കിരണങ്ങളേറ്റ് പ്രശോഭിച്ച ഈമാനിക സ്വത്വത്തിന്റെ മനോഹരമായ ചിത്രമാണ്. പ്രവാചകാധ്യാപനങ്ങളെ കടുകിട വ്യത്യാസമില്ലാതെ അവര്‍ പിന്തുടര്‍ന്നു. നന്മകളെ പ്രോത്സാഹിപ്പിച്ചും തിന്മകളെ നിരുത്സാഹപ്പെടുത്തിയും സമുദായത്തിന് ശരിയായ ധാര്‍മികതയ്ക്ക് രൂപം കൊടുത്തു. മേല്‍ പറഞ്ഞ ഒരു മുസ്‌ലമിനു വേണ്ട അടിസ്ഥാന വിശേഷണങ്ങള്‍ പോയിട്ട്, അതിന്റെ നിഴല്‍ പോലുമേല്‍ക്കാത്ത പിന്‍ഗാമികളായ് മുസ്‌ലിംകള്‍ മാറി. അതാണ് അവരുടെ തകര്‍ച്ചയുടെ പ്രധാന കാരണം.

സുപ്രധാന കാരണങ്ങള്‍
അഭിനവ മുസ്‌ലിംകളുടെ തകര്‍ച്ചയുടെ സുപ്രധാന കാരണങ്ങളെ രണ്ടായ് ചുരുക്കാം.
ഒന്ന്: മുസ്‌ലിം എന്ന സ്വത്വബോധത്തെ ബോധപൂര്‍വുമോ അബോധപൂര്‍വ്വമോ നിരാകരിച്ച് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സാമൂഹിക മൂല്യങ്ങളെ നിരന്തരം നിരാകരിച്ചു കൊണ്ടുള്ള മുന്നോട്ടുപോക്ക്. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ട ഒരു മതം പ്രാകൃതവും സമകാലികവുമല്ലായെന്ന മിഥ്യാബോധം പലരെയും നിര്‍ബാധം വേട്ടയാടുന്നുണ്ട്. പക്ഷെ, തദ്വിഷയകമായി പഠനം നടത്താന്‍ ഇക്കൂട്ടര്‍ തയ്യാറല്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. പാശ്ചാത്യരെയും അവര്‍ മുന്നോട്ടു വെക്കുന്ന ലിബറല്‍ സിദ്ധാന്തങ്ങളെയും പുരോഗതിയുടെ മൂര്‍ത്തിയായി പ്രതിഷ്ഠിച്ച് മറ്റുള്ളവയെ പ്രാകൃതമെന്ന് മുദ്രണം ചെയ്യുന്ന പ്രവണത മുസ്ലിംകള്‍ക്കിടയില്‍ പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ടെന്ന് ഗ്രന്ഥകാരന്‍ ഖേദപൂര്‍വ്വം പ്രസ്താവിക്കുന്നുണ്ട്.
മുസ്‌ലിം സാഹോദര്യം (Muslim brotherhood) എന്ന ആശയത്തിലൂന്നിയ പരസ്പര സഹകരണ മനോഭാവം നമുക്കിടയില്‍ നിന്ന് അറ്റുപോയിട്ടുണ്ടെന്ന് ചരിത്രത്തിന്റെ വെളിച്ചത്തില്‍ എഴുത്തുകാരന്‍ സമര്‍ഥിക്കുന്നുണ്ട്.

മുസലിം സാഹോദര്യത്തിന്റെ അര്‍ഥതലങ്ങള്‍ മനസ്സിലാക്കി ഒരുമിച്ചു നിന്നുള്ള പോരാട്ടങ്ങള്‍ ഫലം കണ്ടതായി ചരിത്രത്തിലെമ്പാടുമുണ്ട്. 1911 മുതല്‍ 1912 വരെ നീണ്ടു നിന്ന ഇറ്റലിയുടെ ട്രിപ്പോളി അധിനിവേശം കേവലം ഒരു വര്‍ഷം കൊണ്ട് അധിനിവേശക്കാരെ തറപറ്റിച്ചത് തുര്‍ക്കിയും ഈജിപ്തും ട്രിപ്പോളിക്കൊപ്പം നിന്നപ്പോഴാണ്. എണ്ണത്തിലല്ല ചെറുതാണെങ്കില്‍ പോലും ശത്രുവിനെതിരെ ഐക്യത്തോടെയുള്ള ചെറുത്തു നില്‍പിലാണ് കാര്യം. ക്ഷമയും സാഹോദര്യവും അഞ്ചലമായ ഈമാനികാവേശവും സംയോജിക്കുപ്പോള്‍ വിജയം സുനിശ്ചിതമായിരിക്കും.
അല്ലാഹു പറയുന്നു: ഓ നബീ, താങ്കള്‍ സത്യവിശ്വാസികളെ പോരാട്ടത്തിനു പ്രോസാഹിപ്പിക്കുക. ക്ഷമാശീലരായ ഇരുപതാളുകള്‍ നിങ്ങളിലുണ്ടെങ്കില്‍ ഇരുന്നൂറ് പേരെ ജയിച്ചടക്കാന്‍ അവര്‍ക്കു കഴിയും. നൂറു പേരുണ്ടെങ്കില്‍ സത്യനിഷേധികളില്‍ നിന്നും ആയിരത്തെ അവര്‍ക്ക് അതിജീവിക്കാവുന്നതാണ് - യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്ത ഒരു വിഭാഗമാണവര്‍ ( 8:65)

രണ്ട്: ഇസ്‌ലാമിക ലോകം എക്കാലവും നേരിട്ടിരുന്ന ഭീഷണിയായിരുന്നു മുസ്‌ലിംകളിലിലെ തന്നെയുള്ള ഒറ്റുകാര്‍. പ്രവാചക കാലഘട്ടം മുതല്‌ക്കേ മാറാവ്യാധിയായിരുന്ന ഈ വിഭാഗം ഇന്നും പൂര്‍വ്വാധികം ഊര്‍ജ്ജത്തോടെ നിലകൊള്ളുന്നുണ്ട്. കേവലം സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടി സ്വന്തം വിശ്വാസങ്ങളെ വരെ അടിയറവെക്കുന്ന ഈ വിഭാഗം മുസ്‌ലിംകള്‍ക്ക് തെല്ലൊന്നുമല്ല തലവേദന സൃഷ്ടിച്ചിട്ടുള്ളത്. ഫ്രാന്‍സിന്റെ അധിനിവിഷ്ട പ്രദേശമായ് പ്രസിദ്ധ ഇസ്‌ലാമിക നഗരം മൊറോക്കോ മാറിയപ്പോള്‍, ഫ്രഞ്ച് ഗവണ്‍മെന്റിന്റെ തീട്ടൂരങ്ങള്‍ക്ക് വഴങ്ങിക്കൊടുത്തവരായിരുന്നു അന്നത്തെ മൊറോകോ മന്ത്രിയായിരുന്ന മക്രീയും (Maqree)  ബഗ്ദാദി പാഷാ ഫെസ് എന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥനും. അവിടുത്തെ മുസ്‌ലിംകളെ ക്രിസ്റ്റ്യാനിറ്റിയിലേക്ക് നിര്‍ബന്ധിതമത പരിവര്‍ത്തനം നടത്തിയതും ഖുര്‍ആന്‍ പ്രതികള്‍ നശിപ്പിച്ചു കളഞ്ഞതും ഒരു ഞെട്ടലോടെയാണ് ഗ്രന്ഥകാരന്‍ വിവരിക്കുന്നത്.

ചിന്തനീയം
പ്രമുഖ ദാര്‍ശനിക കവിയും തത്വജ്ഞാനിയുമായ അല്ലാമാ ഇഖ്ബാല്‍ തന്റെ ഏ നോ ജവാന്‍ മുസ്‌ലിം എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്: കബീ ഏ നോ ജവാന്‍ മുസലിം  തദബ്ബുര്‍ ബീ കിയാ തൂനേ
വൊ ക്യാ ഗര്‍ഭൂന്‍ ഥാ തൂ ജിസ് കാ ഹെ ഇഷ് ടൂട്ടാ ഹുവാ താരാ
മുസ്ലിം യുവത്വമേ, ഈ ലോകമെന്ന ആകാശത്ത് നീ വെറും പൊട്ടിയ നക്ഷത്രമായ് മാറുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ എന്നതാണ് മേല്‍ വരികളുടെ സാരം. മുസ്‌ലിം സമുദായത്തിനിടയില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ട നവോത്ഥാനത്തെയാണ് ഇഖ്ബാല്‍ മുന്നോട്ടുവെക്കുന്നത്. ഈയൊരു നവോത്ഥാനത്തിന്റെ , ഉയര്‍ത്തെഴുനേല്പിന്റെ ( awakening) പ്രതിഫലനങ്ങള്‍ ഈ പുസ്തകത്തില്‍ അങ്ങിങ്ങായി കാണാവുന്നതാണ്.

അല്ലാമാ ഇഖ്ബാല്‍ ശിക്‌വയിലൂടെ ദൈവത്തോട് പരിഭവപ്പെടുകയും അതിന്റെ പ്രത്യുത്തരമായി ജവാബെ ജിഷ്വയിലൂടെ തന്റെ തിരിച്ചറിവുകളെ(realisations) വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ഇതിനോട് സാമ്യതയുള്ള ഒത്തിരി അവസരങ്ങള്‍ ഈ പുസ്തകത്തില്‍ വന്നിട്ടുണ്ട്. അല്ലാഹുവിനും അവന്റെ റസൂലിനും സത്യവിശ്വാസികള്‍ക്കുമാണ് സര്‍വ്വ ഇസ്സതും (63.8 ) എന്ന അര്‍ഥം വരുന്ന സൂക്തത്തെ ഗ്രന്ഥകാരന്‍ വ്യാഖ്യാനിക്കാന്‍ മുതിരുന്നത് ഇങ്ങനെയാണ്:- മുഅ്മിനീങ്ങള്‍ക്ക് ഇസ്സത്തുണ്ടെന്ന് പറയുമ്പോഴും നമ്മള്‍ കാണുന്ന മുസ്‌ലിംകള്‍ സ്വയം ദുരഭിമാനിതരാവുകയാണല്ലോ. ഒന്നുകില്‍ ഖുര്‍ആന്‍ പറഞ്ഞത് തെറ്റായിരിക്കണം. അത് അസംഭവ്യമാണ്. സ്രഷ്ടാവിന്റെ കലാം തെറ്റുകള്‍ക്കതീതമാണ്. അപ്പോള്‍ ഇവിടെ ഒരൊറ്റ സാധ്യതയേ നിലനില്ക്കുന്നുള്ളൂ. സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ട  വിശ്വാസികളില്‍ അഭിനവ മുസ്‌ലിംകളിലെ ഭൂരിപക്ഷവും ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.യഥാര്‍ത്ഥ മുസ്‌ലിം സെല്‍ഫ് ഇന്‍ട്രോസ്‌പെക്ഷന് തയ്യാറാവുന്ന മതത്തിലെ ജീവിതസപര്യയുടെ പ്രധാന ഘട്ടമാണിത്.
ദൈവത്തിന്റെ സഹായം വിശ്വാസികള്‍ക്കുണ്ടാകുമെന്ന ഖുര്‍ആന്‍ സൂക്ത (30:47) ത്തില്‍ വിശ്വാസികള്‍ എന്ന് പരാമര്‍ശിക്കുന്നതെന്ന് നമ്മളെ സംബന്ധിച്ചു തന്നെയാണോ എന്ന് പുനരാലോചിക്കേണ്ടതുണ്ടെന്ന് പുസ്തകം പറയാതെ പറയുന്നു.

പ്രതിവിധികള്‍
മുസ്‌ലിം ലോകത്തിന് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഗ്രന്ഥകാരന്‍ മൂന്ന് മറു ചോദ്യങ്ങളാണ് മുന്നോട്ടു വെക്കുന്നത് :
1) വിജ്ഞാനമെന്ന മഹാദീപത്തിലേക്ക് പ്രചോദിപ്പിക്കുന്ന ഖുര്‍ആനിലേക്ക് തന്നെ നന്മള്‍ തിരിച്ചു പോകേണ്ടതില്ലേ ?
2) മതത്തിലൂന്നിയ നവോത്ഥാനമാകേണ്ടതില്ലേ നമ്മുടേത്?
3) യുക്തിയ്ക്ക് മാത്രം പ്രധാന്യം കല്പിച്ചു കൊണ്ടുള്ള യുറോപ്യന്‍ നവോത്ഥാനത്തിന്റെ പാതകള്‍ നമ്മള്‍ അക്ഷരം പ്രതി അനുസരിക്കേണ്ടതുണ്ടോ ?
ഈ മൂന്ന് ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കണ്ടെത്തുന്നതോടെ 'പ്രതിവിധികള്‍' ( remedies) എന്ന അധ്യായം പൂര്‍ണ്ണമാകുന്നു. ഇസ്‌ലാമിക് ഗോള്‍ഡന്‍ ഇറ എന്ന് അറിയപ്പെടുന്ന മധ്യകാലഘട്ടത്തിലെ വൈജ്ഞാനിക മുന്നേറ്റത്തം  യൂറോപ്യന്‍ നവോത്ഥാന നിര്‍മിതിയില്‍ അനിഷേധ്യ ഘടകമായിട്ടുണ്ടെന്ന് പ്രമുഖ ചരിത്രകാരന്‍ ജോര്‍ജ്ജ് സലീബ തന്റെ Islamic Science and the Making of the European Renaissance - Transformations എന്ന പുസ്തകത്തില്‍ സമര്‍ഥിക്കുന്നുണ്ട്. ഖുര്‍ആന്‍ എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഇതൊക്കെ അവര്‍ കൈവരിച്ചതെന്ന് ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്.
 
പുസ്തകം അവസാനിക്കുന്നത് ജമാലുദ്ദീന്‍ അഫ്ഗാനിയുടെ ഒരു കഥയോടെയാണ് : തന്റെ മകനെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരു പിതാവ്. ഒരിക്കല്‍ മകന് ഒരു മാറാരോഗത്തിനു അടിമപ്പെട്ട് കിടപ്പിലായി. ഇതുകണ്ട് പരിഭ്രാന്തനായ പിതാവ് എന്തന്നില്ലാത്ത പരിഭ്രാന്തിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു. ഒരു രോഗിയ്ക്ക് നല്‌കേണ്ട പ്രാഥമിക ശുശ്രൂഷയെന്താണെന്ന് പോലുമറിയാത്ത വിഡ്ഢിയാണ് ഇയാളെങ്കിലും തന്റെ മകനെ ജീവനുതുല്യം സ്‌നേഹിക്കുന്നുണ്ട്. അങ്ങനെ സ്‌നേഹിച്ചതു കൊണ്ട് ആ കുട്ടിയുടെ അസുഖം ഭേദമാകണമെന്നുണ്ടോ? ശരിയായ സമയത്തുള്ള പരിരക്ഷ കൊണ്ടു മാത്രമോ അവന് സുന്ദരമായ ജീവത്തിലേയ്ക്ക് കടന്നുവരാനാകൂ എന്ന യഥാര്‍ത്ഥ്യം ഇയാള്‍ മനസ്സിലാക്കുന്നില്ല.

സ്വയംപര്യപ്തത കൈവരിക്കാത്ത  മുസ്‌ലിം സമൂഹത്തെ ഉദ്‌ബോധിപ്പിക്കുക എന്ന ദൗത്യമാണ്  ഈ കഥ നിര്‍വഹിക്കുന്നതെന്ന് ഗ്രന്ഥകാരന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter