മുസ്‍ലിം ഭരണം ലോകത്തിന് നല്‍കിയ മാതൃകകള്‍ ഭാഗം 02: വസീറും ദവാവീനും നിരീക്ഷണവും

01. വസീര്‍
ഭരണാധിപന്റെ ഏറ്റവും അടുത്ത സഹായി ആയാണ് മന്ത്രി അറിയപ്പെടുന്നത്. ഇസ്‍ലാമിക ഭരണത്തില്‍ വസീര്‍ ഇന്നാണ് ഈ സ്ഥാനം അറിയപ്പെടുന്നത്. രാജാവിന്റെ ഭാരത്തെ ചുമക്കാനുള്ള വ്യക്തിയെന്ന നിലയിൽ വിസ്ർ എന്ന അറബി പദത്തിൽ നിന്നാണ് ഈ പദം വന്നതെന്നും, ജനങ്ങളുടെയെല്ലാം അഭയസ്ഥാനം എന്ന നിലയില്‍ ആ അര്‍ത്ഥം വരുന്ന വസർ എന്ന അറബി പദത്തിൽ നിന്നാണെന്നും, താങ്ങ്, കൂട്ട് എന്നെല്ലാം അര്‍ത്ഥം വരുന്ന അസർ എന്ന അറബി പദത്തിൽ നിന്നാണെന്നും മൂന്ന് തരത്തില്‍ ഇതിനെ വ്യാഖ്യാനിക്കാറുണ്ട്. ഭരണം എന്നത് കേവലം അധികാരം കൈയ്യാളുകയെന്നതിനപ്പുറം സത്യസന്ധത, ഔദാര്യം, സഹനം, ചാരിത്ര്യശുദ്ധി, ധൈര്യം എന്നിവയെല്ലാം ഒത്തിണങ്ങി നിര്‍വ്വഹിക്കേണ്ട വലിയൊരു ഉത്തരവാദിത്തമാണ് ഇസ്‍ലാമിന്റെ ദൃഷ്ടിയില്‍. അത് യഥാവിധി നിര്‍വ്വഹിക്കേണ്ടവന്‍ എന്നതിലേക്കാണ്, വസീര്‍ എന്നതിന്റെ ഈ അര്‍ത്ഥങ്ങളെല്ലാം സൂചിപ്പിക്കുന്നത്.

അബൂബക്കർ(റ)വിന്റെ കാലഘട്ടത്തിൽ, നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം ഭരണകാര്യങ്ങളിൽ നിർദേശം നൽകി ഒരു വസീറിനെപോലെ കൂടെ നിന്നത് ഉമർ(റ)ആയിരുന്നു. പിന്നീട് അമവി കാലഘട്ടത്തിൽ രാജ്യവികസനത്തിന്റെ ഭാഗമായി മുആവിയതുബ്നു അബീസുഫിയാൻ(റ) അംറുബ്നു ആസ്(റ)നെ നിയമിച്ചെങ്കിലും മന്ത്രിയെന്ന പദത്തിന് പകരം സഹായിയെന്ന നിലയിലാണ് നിർവ്വചിക്കപ്പെട്ടത്. ശേഷം അബ്ബാസി കാലത്താണ് മന്ത്രിയെന്ന സാങ്കേതിക പദം രൂപപ്പെട്ടു വരുന്നതും ഇസ്‌ലാമിക ചരിത്രത്തിൽ ആദ്യ മന്ത്രിയായി ഹഫ്സുബ്നു സുലൈമാൻ(റ) എന്ന അബൂസലമ അൽഹിലാൽ പ്രസിദ്ധിയാർജിക്കുന്നതും. അബ്ബാസി കാലത്തെ മന്ത്രിമാർ രാജ്യവികസനത്തിന് കാരണഭൂതരായെന്ന് മാത്രമല്ല പ്രജാക്ഷേമ തൽപ്പരരുമായിരുന്നു. ദുല്‍രിയാസതൈന്‍ എന്നറിയപ്പെട്ട മഅ്മൂനിന്റെ മന്ത്രിയായ ഫള്‌ലുബ്നു സഹലും ദുൽകിഫായതൈനി എന്ന പേരിൽ പ്രസിദ്ധനായ അലിയ്യുബ്നു മുഹമ്മദ്ബ്നു ഹുസൈനും സ്വാഇദുബ്നു മുഖല്ലദും സൽജൂക്കി ഭരണ കാലത്ത്, തൂസിലും നൈസാബൂരിലും ബഗ്ദാദിലും പ്രത്യേക വിദ്യാലയങ്ങള്‍ തന്നെ പണിത് രാജ്യത്തിന്റെ വിജ്ഞാന പുരോഗതിയില്‍ മുഖ്യ പങ്ക് വഹിച്ച നിളാമുൽമുൽക്കും സുപ്രസിദ്ധരായ വസീറുമാരാണ്. രാജാവിന്റെ തീരുമാനങ്ങൾ നടപ്പാക്കുന്ന മന്ത്രിമാർക്കപ്പുറം സ്വയം തീരുമാനങ്ങളെടുത്ത് നടപ്പാക്കാൻ അധികാരമുള്ള മന്ത്രിമാരെയും ഇസ്‌ലാമിക ചരിത്രത്തില്‍ കാണാം.

02. ദവാവീൻ (ഡിപ്പാർട്ട്മെന്റുകൾ)


ഡിപ്പാർട്ട്മെന്റുകൾ എന്ന അർത്ഥം വരുന്ന ഈ സാങ്കേതിക പദം പേര്‍ഷ്യന്‍ ഭാഷയുടെ സംഭാവനയാണ്. ഭരണ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സൈന്യ-തൊഴിലാളികളുടെ രേഖകൾ ക്രോഡീകരിക്കാനുള്ള എളുപ്പത്തിനും കൃത്യതയ്ക്കും വേണ്ടിയാണ് വിവിധ ഡിപ്പാർട്മെന്റുകൾ രൂപപ്പെട്ടു വരുന്നത്. 

Read More:മുസ്‍ലിം ഭരണം ലോകത്തിന് നല്‍കിയ മാതൃകകള്‍ ഭാഗം 01: നീതിന്യായം, ബൈതുല്‍മാല്‍, വഖ്‍ഫ്

ഇസ്‌ലാമിക രാജ്യങ്ങളുടെ വിപുലീകരണം നിമിത്തം ഇങ്ങനെയൊരു ആശയത്തിലേക്ക് ഉമർ(റ)വിന്റെ കാലത്ത് തന്നെ എത്തിയിരുന്നു. ഇസ്‌ലാമിക രാജ്യങ്ങളുടെ വികാസത്തിനനുസൃതമായി ഓരോ കാലഘട്ടങ്ങളിലേയും ഭരണാധികാരികൾ ആവശ്യാനുസരണം ഉദ്യോഗങ്ങളിൽ പരിഷ്കരണങ്ങൾ വരുത്തി. യുദ്ധസമ്പത്തിന്റെ ആധിക്യമുണ്ടായപ്പോൾ കൃത്യമായ ക്രയവിക്രയം ലക്ഷീകരിച്ച്  ഉമർ(റ) 'ദീവാനുൽ അതാഅ്' എന്ന പേരിൽ ഡിപാർട്ട്മെന്റ് രൂപീകരിക്കുന്നുണ്ട്. 
 
03. നന്മ കല്‍പിക്കലും തിന്മ നിരോധിക്കലും


നന്മ കൊണ്ട് കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യന്ന ഒരു പ്രത്യേക വിഭാഗത്തെ തന്നെ ഇസ്‍ലാമിക ഭരണരംഗത്ത് കാണാം. റോഡുകളുടെ വൃത്തി, ഗതാഗതത്തിനും ചരക്കു മാർഗത്തിനും ഉപയോഗിക്കുന്ന മൃഗങ്ങളുടെ സുരക്ഷിതത്വം, ആരോഗ്യപരിപാലനത്തിലെ സൂക്ഷ്മത, നിഷിദ്ധമായ കാര്യങ്ങള്‍ എവിടെയെങ്കിലും നടക്കുന്നുണ്ടോ എന്ന പരിശോധന, സ്ത്രീ സുരക്ഷിതത്വം, ചരക്കുകളിലെ കൃത്രിമത്വം, അധ്യാപനങ്ങളിലെ കാര്യശേഷി അങ്ങനെ തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളും പരിശോധന നടത്തി ഉറപ്പ് വരുത്തിയിരുന്നത് ഈ വിഭാഗമായിരുന്നു. 

മക്കയിൽ സഈദുബ്നു സഈദുബ്നു ആസിനെയാണ് പ്രവാചകൻ ആദ്യമായി ഈ ചുമതല ഏൽപ്പിച്ചത്. ഉമർ(റ)വിന്റെ കാലത്ത് അദ്ദേഹം സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുകയും അമവികളുടെ കാലത്ത് ഇതിനൊരു രൂപം കൈവരികയും അബ്ബാസീ കാലത്ത് വ്യവസ്ഥാപിതമാവുകയും ചെയ്തു. ഖലീഫ അബൂജഅഫറുൽ മൻസൂറിന്റെ കാലത്ത് രാജാവിനെ വരെ പരിശോധിക്കാനുള്ള ധൈര്യവും സ്വാതന്ത്ര്യവും നൽകുകയും ചെയ്തു എന്നത് തന്നെയാണ് ഇസ്‌ലാമിന്റെ സൗന്ദര്യം. അധികാരിയുടെ മുമ്പില്‍ വരെ സത്യം വിളിച്ച് പറയണമെന്ന ഇസ്‍ലാമിക അധ്യാപനം തന്നെയാണ് ഇതിന് പ്രേരകമായത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter