അബ്സാര്‍ ദ മുസ്‍ലിം കാര്‍ട്ടൂണിസ്റ്റ്: ഒന്ന്
ജീവിതാഭിലാഷമായി കൊണ്ടുനടന്നിരുന്ന ചിത്രരചനയില്‍ വിദഗ്ദനായെന്നതില്‍ കവിഞ്ഞ് അബ്‌സാര്‍ കാസിമിക്ക് മുസ്‍ലിം ലോകത്തും മൊത്തം പൊതുസമൂഹത്തില്‍ തന്നെ വേറിട്ടൊരുപ്രസക്തിയുണ്ട്. തന്റെ കലാപാടവങ്ങളിലൂടെ വിശ്വാസ, ധാര്‍മിക, നൈതിക വിഷയങ്ങള്‍ ശക്തമായി കൈകാര്യം ചെയ്യുന്ന അപൂര്‍വം വ്യക്തികളിലൊരാളാണ് അദ്ദേഹം. രാജ്യാന്തര തലത്തില്‍ ഇതിനകം ഹിറ്റായിക്കഴിഞ്ഞ, Life With the Ahmad’s Family എന്ന മികച്ച ഹാസ്യപരമ്പരയുടെ കര്‍ത്താവ് എന്ന നിലയിലാണ് അബ്‌സാര്‍ കാസിമി ഇന്ന് ഇസ്‍ലാമിക ലോകത്ത് സുപരിചിതനായിരിക്കുന്നത്. എല്ലാ വിശ്വാസക്കാര്‍ക്കും പ്രായക്കാര്‍ക്കും സാമൂഹിക പശ്ചാത്തലക്കാര്‍ക്കും ഉള്‍ക്കൊള്ളാവുന്ന തരത്തിലുള്ള മുസ്‍ലിം സാമൂഹിക വിഷയങ്ങളാണ് അദ്ദേഹത്തിന്‍റെ ഹാസ്യപരമ്പരകള്‍ അവതരപ്പിന്നക്കുത്. അഹ്മദ് ഫാമിലി പരമ്പരയെ കുറിച്ച് അദ്ദേഹം പറയുന്നത്, പ്രാക്ടീസിങ് മുസ്‍ലിം കുടുംബങ്ങള്‍ യഥാര്‍ഥവും സാധാരണവുമായ ജീവിതം തന്നെയാണ് നയിക്കുന്നതെന്ന് കാണിച്ചുകൊടുക്കുകയാണ് അതിലൂടെ താന്‍ ലക്ഷ്യംവെച്ചത് എന്നാണ്. തീര്‍ച്ചയായും, നിസ്‌കരിക്കുക, നോമ്പു നോല്‍ക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നതൊക്കെ വളരെ പ്രധാനം തന്നെയാണ്. എന്നാല്‍ അതോടൊപ്പം പരസ്പരം തമാശ പറയുകയും ഫുട്ബാള്‍ കളിക്കുകയും വിനോദയാത്രകള്‍ നടത്തുകയും ജനറല്‍ പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യുന്നുണ്ട് അവര്‍.' അബ്‌സാര്‍ പാക്കിസ്ഥാനിലാണ് ജനിച്ചത്. പിന്നീട് യൗവനം മുഴുവന്‍ ലോകം ചുറ്റിസഞ്ചരിക്കുകയായിരുന്നു. കെനിയയിലെ വനാന്തരങ്ങളില്‍ വരെ. തന്റെ ചിത്രങ്ങള്‍ക്ക് കഥാപാത്രങ്ങളെ കണ്ടെത്താനുള്ള യാത്രയായിരുന്നു അതൊക്കെ. പെട്ടെന്നൊരു ദിനം അതെല്ലാം ഒഴിവാക്കി. സര്‍വകലാശാലാ ജീവിതത്തിനും ദാമ്പത്യ ജീവിതത്തിനുമിടക്കാണ് അബ്‌സാര്‍ വീണ്ടും ചിത്രീകരണ രംഗത്തേക്ക് മടങ്ങിവരുന്നത്. അതിനായി വിശ്വാസവും ഭൌതികജീവിതതവും ഇണക്കിച്ചേര്‍ത്ത് പുതിയൊരു പാത അദ്ദേഹം സ്വയം തന്നെ വെട്ടിയുണ്ടാക്കുകയായിരുന്നു. പരമ്പരാഗ ഹാസ്യകഥാപാത്രങ്ങള്‍ മുസ്‍ലിം യുവതക്കിടയില്‍ ജനപ്രിയമാകുന്നത് കണ്ട്, ഇസ്‍ലാമികമികവും അതേസമയം യുവതലമുറക്ക് പൊരുത്തപ്പെട്ടുപോകാവുന്നതുമായ ടൂളുകള്‍ വെച്ച് പുതിയ ഹാസ്യകഥാപാത്രങ്ങള്‍ സൃഷടിക്കുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിക്കുകയായിരുന്നു. 2011ല്‍ ഹിബാ മാഗസിനിലൂടെയാണ് അബ്‌സാര്‍ പൊതുമാധ്യമ രംഗത്തേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്. അതോടെ Life With the Ahmad’s Family ക്ലിക്കായി.
സൂഫികോമിക്‌സ് ഡോട്ട് കോമിന് വേണ്ടി കഴിഞ്ഞ മാസം തമന്നാ അലി, അബ്സാര്‍ കാസിമിയുമായി നടത്തിയ അഭിമുഖമാണ് ചുവടെ: എങ്ങനെയാണ് Life With the Ahmad’s Family പുറത്തുവരുന്നത്? ഈ പരമ്പര സൃഷ്ടിക്കാന്‍ താങ്കളെ എന്താണ് പ്രേരിപ്പിച്ചത്? എന്തുകൊണ്ട് അത്തരമൊന്നിനെ കുറിച്ച് ആലോചിച്ചു? അതൊരു രസമുള്ള കഥയാണ്... ഏകദേശം ഏഴെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഉറങ്ങാന്‍ വേണ്ടി ബെഡില്‍ കിടക്കുകയായിരുന്നു. അന്നേരം ഒരു കഥ എന്റെ മനസ്സിലുദിച്ചു. തന്‍റെ വളരെ മോശപ്പെട്ടൊരു ദിവസത്തിലൂടെ കടന്നുപോയ പയ്യനെ കുറിച്ചുള്ള കഥ. ഉറങ്ങാന്‍ കഴിയാതായതോടെ ഞാനത് നേരെ ടൈപ്പ് ചെയ്യാന്‍ തുടങ്ങി. അവന്റെ ജീവിതം മോശമായി തുടങ്ങുകയും വഷളായിത്തുടരുകയും വളരെ പെട്ടെന്നു തന്നെ പേടിപ്പെടുത്തുന്ന തരത്തിലും ഭീതികരമായും അവസാനം വളരെ നിന്ദ്യകരമായി അവസാനിക്കുകയുമായിരുന്നു. ഞാന്‍ കഥയെ a bad time tale(ഒരു കഷ്ടകാലത്തെ കഥ) എന്നു വിളിച്ചു. ആ കുട്ടിക്ക് ജമാല്‍ എന്ന് പേരുനല്‍കുകയും ചെയ്തു. അധികം വൈകാതെ, ഞാനൊരു അന്താരാഷ്ട്ര കഥാരചനാ മത്സരത്തെ കുറിച്ച് കേട്ടു. വളരെ പ്രശസ്തമായൊരു ഇസ്‌ലാമിക പ്രസാധനശാലയുടെ ആഭിമുഖ്യത്തിലായിരുന്നു അത്. അതൊരു നല്ല അവസരമാണെന്നു കണ്ട്, കഥ വേഗം അവര്‍ക്ക് അയച്ചുകൊടുത്തു. അല്‍ഹംദു ലില്ലാഹ്! അതെനിക്ക് ഒന്നാം സ്ഥാനം നേടിത്തന്നു! അതോടെ സ്വന്തം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കാണാനുള്ള താല്‍പര്യമായി എനിക്ക്. ആര്‍ക്കും പരിചയം തന്നെയില്ലാത്ത ഒരു എഴുത്തുകാരന്റെ ബാലസാഹിത്യ പുസ്തകം ആര്‍ക്കുമിവിടെ വേണ്ടാത്തതെന്തു കൊണ്ടാണെന്ന് സ്വയം ആലോചിച്ചിരുന്നു. എങ്ങനെ പിടിച്ചുകയറാനാകുമെന്ന ആലോചനയില്‍ വര്‍ഷങ്ങളോളം ഞാന്‍ കുന്തിച്ചിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം 2001ല്‍ ഹിബ മാഗസിന്‍ യുവപ്രേക്ഷകരെ ആകര്‍ഷിക്കാനെന്ന പേരില്‍ ഒരു കാര്‍ട്ടൂണോ കഥാപാത്രമോ അവര്‍ക്ക് തയ്യാറാക്കികൊടുക്കാനാവശ്യപ്പെട്ടു. ഞാന്‍ ഏറ്റെടുത്തു. പക്ഷെ, എവിടെ തുടങ്ങണം എന്നതിനെ കുറിച്ച് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. അപ്പോഴാണ് അത് എന്‍റെ മനസ്സിലുദിക്കുന്നത്...ജമാലിനെ ലോകമൊട്ടുക്കും പരിചയപ്പെടുത്താനുള്ള അവസരമായിരിക്കുമതെന്ന്. അങ്ങനെ ജമാലിനെയും അവന്‍രെ കുടുംബത്തേയും കുറിച്ച് ഞാനൊരു ഹാസ്യകഥയുണ്ടാക്കി.Life With the Ahmad’s Family എന്ന് അതിന് പേരുവെക്കുകയും ചെയ്തു. ഈ കോമിക്കോടെ അഹ്മദ് കുടുംബത്തെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും തുടര്‍ന്ന് എ ബാഡ് ടൈം ടൈല്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യാമെന്ന് ഞാന്‍ കരുതി. വാര്‍പ്പുമാതൃകയിലുള്ള മുസ്‍ലിം കുടുംബ പശ്ചാത്തലങ്ങളില്‍ നിന്ന് പുറത്തുകടക്കണമെന്നു കരുതി ഞാന്‍. മുസ്‍ലിം കുടുംബങ്ങളില്‍ പൊതുവെ, പിതാവ് ഉരുക്കുമുഷ്ടി കൊണ്ട് കുടുംബത്തെ ഭരിക്കുകയും എല്ലാവരും അയാളെ അനുസരിക്കുകയും ചെയ്യുന്ന പ്രായം കൂടി, ഉറച്ചനിലപാടുകാരനായ മനുഷ്യനായിരിക്കും. അവിടെ വിദ്യാസമ്പന്നയും ബുദ്ധിമതിയും അച്ചടക്കമുള്ള സ്വഭാവക്കാരിയും സമര്‍ഥയുമായ ഉമ്മു ജമാലിനെ ഞാന്‍ മന:പൂര്‍വം കൊണ്ടുവന്നു. മറുവശത്ത്, അബൂജമാല്‍, ദയാവത്സലനും സ്‌നേഹമതിയും പലപ്പോഴും തമാശകള്‍ പൊട്ടിക്കുകയും അതേസമയം തന്നെ അത്യാവശ്യ ഘട്ടങ്ങളിലൊക്കെ ഉറച്ചനിലപാടെടുക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെ പ്രായഭേദമന്യേ എല്ലാവരും അഹ്മദ് ഫാമിലി ആസ്വദിക്കുമെന്ന് എനിക്കു തോന്നി. അഹ്മദ് ഫാമിലി പരമ്പരയിലെ പല കഥാപാത്രങ്ങളും എനിക്കു പരിചയമുള്ളവരോ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയവരോ ആയിരുന്നു. ജമാലിന്റെ ഉറ്റമിത്രം ഉമര്‍ രൂപപ്പെടുന്നത് ഉമര്‍ എന്നു തന്നെ പേരുള്ള എന്റെ സഹോദരനെ അടിസ്ഥാനമാക്കിയായിരുന്നു. ഉമ്മു ജമാല്‍ എന്റെ ഭാര്യയെയും. The Secret of Jamal's Courage ല്‍ വരുന്ന സെന്‍സി ജമീല്‍ ശരിക്കും എന്റെ ജൂജിത്സു ടീച്ചറായിരുന്നു. തുടക്കത്തില്‍ കോമിക്കുകള്‍ ഹിബ ബ്ലോഗില്‍ പോസ്റ്റുകയായിരുന്നു. അതിലുള്ള ആകര്‍ഷകരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണന്നു കണ്ടതോടെ Life With the Ahmad’s Family എന്ന ഫേസ്ബുക്ക് പേജുമാരംഭിച്ചു. പുതിയ ഹാസ്യരചനകള്‍ വായനക്കാര്‍ക്ക് അവിടെയും ആസ്വദിക്കാന്‍ ഇപ്പോള്‍ സാധിക്കും.
ഇതിനുള്ള ആശയങ്ങളും പ്രേരണകളും എവിടെ നിന്നാണ് താങ്കള്‍ക്ക് ലഭിച്ചത്? ഒരു പ്രേരകം മാത്രമല്ല എനിക്ക് അതിന് ഉണ്ടായിരുന്നത്. ഹാസ്യരചനകള്‍ അവതരിപ്പിക്കാനായി ഒരുപാട് ആശയങ്ങളുടെയും വിഷയങ്ങളുടെയും ലിസ്റ്റ് തന്നെ മനസ്സില്‍ ഉണ്ടാക്കിവെച്ചു. പ്രത്യേകിച്ചും മുസ്‍ലിം സമുദായത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ട ധാര്‍മികപരമായ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു. ദുരഭിമാനവും അഹങ്കാരവും വംശീയതയും വിശ്വസ്താരാഹിത്യവുമൊക്കെ. സാംസ്‌കാരിക വിഷയങ്ങളും അവതരിപ്പിക്കാന്‍ ശ്രമിച്ചു. ഇസ്‍ലാമുമായി കൂട്ടിച്ചേര്‍ക്കാന്‍ പല മുസ്‍ലിംകളും ശ്രമിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരിക ആചാരങ്ങളെപോലെ. പല വിഷയങ്ങളും അപ്പപ്പോഴത്തെ പ്രത്യേകമായ സാഹചര്യങ്ങളും വിശേഷങ്ങളും ആശ്രയിച്ചായിരുന്നു. എന്റെ കുട്ടികളുടെ അടുത്തു നിന്നു വരെ ഞാന്‍ ആശയങ്ങള്‍ സ്വീകരിച്ചു. എനിക്ക് മൊത്തം നാല് പെണ്‍കുട്ടികളുണ്ടായിരുന്നു. ഏറ്റവും മൂത്തതും ഇളയതും തമ്മില്‍ വലിയൊരു പ്രായാന്തരം തന്നെയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഹാസ്യരചനയില്‍ ഉള്‍പെടുത്താവുന്ന തരത്തില്‍ വളരെ രസകരമായ കാര്യങ്ങള്‍ അവര്‍ക്കിടയില്‍ സംഭവിച്ചിരുന്നു. ഒരു ദിവസം. വീട്ടില്‍ കുട്ടികള്‍ കൂട്ടംകൂടിയിരിക്കുകയായിരുന്നു. അതിനിടക്ക് അവരിലൊരാള്‍ ചോദിച്ചു. എന്താണ് semet...semmitry എന്ന്. ഉടനെ, ഏറ്റവും മുതിര്‍ന്നവള്‍ പറഞ്ഞു: ഓ..സെമിത്തേരിയോ..അത് മരിച്ചവരെ അടക്കം ചെയ്യുന്ന സ്ഥലമല്ലേ..?! സത്യത്തിലവള്‍ symmetry യുടെ അര്‍ഥം ചോദിച്ചതായിരുന്നു. അത് അവിടെ ആകെ ചിരിപടര്‍ത്തി. എനിക്ക് കാര്‍ട്ടൂണിനുള്ള ആശയവും കിട്ടി. ഇപ്പഴും അപ്പഴും എന്റെ സുഹൃത്തുക്കളില്‍ നിന്നും അഹ്മദ് ഫാമിലി ഫാന്‍സില്‍ നിന്നും ഒരുപാട് മികച്ച ആശയങ്ങള്‍ എനിക്ക് കിട്ടുന്നുണ്ട്.
ചിത്രീകരിക്കാന്‍ താങ്കള്‍ താല്‍പര്യപ്പെടുന്ന വിഷയങ്ങള്‍ ഏതൊക്കെയാണ്? എന്തുകൊണ്ട് അവ? നല്ല ചോദ്യം. ഏറ്റവും പ്രധാനപ്പെട്ട പ്രേരകം ദഅ്‌വത്തായിരുന്നു. അമുസ്‍ലിംകള്‍ക്ക് മാത്രമല്ല, മുസ്‍ലിംകള്‍ക്കു കൂടി. അതുകൊണ്ടു തന്നെ മുസ്‍ലിംകളുടെ നിലവിലുള്ള സ്ഥിതി മെച്ചപ്പെടുത്താവുന്ന തരത്തിലുള്ള സുപ്രധാനമായ വിഷയങ്ങളെ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. ധാര്‍മികവും മൂല്യപരവുമായ വിഷയങ്ങളില്‍ കേന്ദ്രീകരിക്കാന്‍ ഞാന്‍ കഴിവതും ശ്രമിക്കുന്നു. ഉദാരഹരണത്തിന് നിസ്‌കാരം, റമദാനിലെ നോമ്പ്....ഇതൊക്കെ നിര്‍ബന്ധിത ബാധ്യതകളാണ്. എന്നിട്ടും വളരെ പ്രശസ്തമായൊരു ഹദീസില്‍ റസൂല്‍ സ്വല്ലല്ലഹു അലൈഹി വസല്ലം പറയുന്നത്, ഉത്തമ സ്വഭാവങ്ങളെ പൂര്‍ത്തീകരിക്കാനാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത് എന്നാണ്. അപ്പോള്‍ നാമൊക്കെ ഏറ്റെടുത്ത കരാറുകള്‍ പുലര്‍ത്താറുണ്ടോ? ബിസിനസ് സംരംഭങ്ങളില്‍ സത്യസന്ധത പുലര്‍ത്താറുണ്ടോ? കുട്ടികളോടും സന്താനങ്ങളോടും നല്ല നിലയില്‍ പെരുമാറാറുണ്ടോ? അയല്‍വാസികളോട് ദയയും പരിഗണയുമൊക്കെ കാണിക്കാറുണ്ടോ?
ഹാസ്യരചനകള്‍ നിര്‍വഹിക്കാനുള്ള വെല്ലുവിളികള്‍ എന്തൊക്കെയാണ്? എങ്ങനെയാണ് താങ്കള്‍ അതിനെ മറികടക്കുന്നത്? പ്രധാനപ്പെട്ട വെല്ലുവിളി ആശയങ്ങള്‍ തന്നെയാണ്. ഒരു ഇതിവൃത്തമുണ്ടാക്കാന്‍ നല്ല ആശയങ്ങള്‍ കൊണ്ടുവരികയെന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. കാര്‍ട്ടൂണുകള്‍ ചിത്രീകരിക്കാന്‍ മണിക്കൂറുകള്‍ മാത്രം മതി. പക്ഷെ, ഹാസ്യകരവും ആസ്വാദ്യവും കൂടിയായ ഹിറ്റ് ആശയങ്ങള്‍ കണ്ടെത്താന്‍ പല്ലപ്പോഴും ദിവസങ്ങളെടുക്കും. അതിനൊക്കെ പുറമെ, മറ്റുകലാകാരന്മാരെ അപേക്ഷിച്ച് കുറച്ച് പ്രതികൂലാവസ്ഥകള്‍ കൂടിയുണ്ടെനിക്ക്. ഔദ്യോഗികമായ ഒരു ട്രൈനിങും എനിക്ക് കിട്ടിയിട്ടില്ല. അതുകൊണ്ട്, ഓരോ ദിവസവും എന്റെ സൃഷ്ടികള്‍ മെച്ചപ്പെടുത്തണമെന്ന വെല്ലുവിളി എനിക്കു മുന്നിലുണ്ട്. ഓരോ ദിവിസവും പുതിയതെന്തെങ്കിലും പഠിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്.
Privacy എന്ന താങ്കളുടെ ഹാസ്യരചന സൈബര്‍ ഇടങ്ങളിലെ ജനങ്ങളുടെ പരസ്പര ഇടപെടലുകളെ മുഖാമുഖമുള്ള സാമൂഹിക ഇടപെടലുകളുമായി തട്ടിച്ച് ഒരു താരതമ്മ്യത്തിന് ശ്രമിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍, സാങ്കേതികരംഗത്ത് നാമിപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെന്തൊക്കെയാണ്? മുസ്‍ലിംകളും മുസ്‍ലിമിതരരുമായ എല്ലാ സോഷ്യല്‍ മീഡിയാ ഉപയോക്താക്കളും സോഷ്യല്‍ മീഡിയയില്‍ കൊണ്ടുവന്ന പുതിയ സാമൂഹിക ട്രന്‍ഡുകള്‍ക്കുള്ള പ്രതികരണമായി ചെയ്തതാണത്. മറ്റേതൊരു ടെക്‌നോളജിയെയും പോലെ, സോഷ്യല്‍ മീഡിയയില്‍ മുസ്‍ലിംകള്‍ ഇടപെടുമ്പോഴും അതിന്റെതായ നന്മയും തിന്മയുമൊക്കെയുണ്ടെന്ന് നമ്മളിലധികവും അംഗീകരിക്കുമെന്ന് എനിക്കുറപ്പാണ്. ഈ ടൂളുകള്‍ ഉപയോഗപ്പെടുത്തിയുള്ള ദഅ്‌വത്തിന് വലിയ തോതില്‍ തന്നെ സാധ്യതയുണ്ട്. സൂഫികോമിക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അതിന് തെളിവാണ്. ഇസ്‍ലാമിനെ കുറിച്ചുള്ള അപധാരണ തിരുത്താനും ഇസ്‍ലാമിക ജീവിതരീതി പുല്‍കാനും ജനങ്ങളെ പ്രേരിപ്പിക്കാനും ആത്മാര്‍ഥമായി ശ്രമിക്കുന്ന ലൈഫ് വിഥ് അഹ്മ്ദ് ഫാമിലി പോലുള്ള ഒരുപാട് വലിയ സംരംഭങ്ങള്‍ അതിന് ഉദാഹരണമാണ്. സോഷ്യല്‍ മീഡിയയില്‍ ചില നല്ല മുസ്‍ലിംകളോട് സമ്പര്‍ക്കപ്പെട്ടും അതേ മാധ്യമങ്ങളിലൂടെയുളള ഇസ്‍ലാമികമായ പ്രഭാഷണങ്ങളും ലേഖനങ്ങളും വായിച്ചും ഒരുപാടു പേര്‍ ഇസ്‍ലാം സ്വീകരിച്ചിട്ടുണ്ട്. അല്‍ഹംദുലില്ലാഹ്! എന്നാലും, നാമുപയോഗിക്കുന്ന ഏതൊരു മാധ്യമവും പോലെ അതിനൊക്കെ കൃത്യമായ പരിധിവെക്കണം. യുവസമൂഹത്തിനിടയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന, അവനവന്‍ ചെയ്യുന്നതെല്ലാം ലോകത്തെ മുഴുവന്‍ കാണിക്കുന്ന ഈ പുതിയ സെല്‍ഫി സംസ്‌കാരത്തെ കുറിച്ച് ഉത്കണ്ഠാകുലനാണ് ഞാന്‍. താനെന്തൊക്കെ ചെയ്യുന്നുവെന്ന് എല്ലാവരെയും അറിയിച്ചുകൊണ്ടിരിക്കണമെന്ന് എപ്പോഴും തോന്നുന്ന തരത്തില്‍ ‘ഞാന്‍, ഞാന്‍’ എന്നൊരു സ്വാര്‍ഥനിലപാടിലേക്ക് തന്നെ അത് നയിക്കുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനെക്കാളേറെ, നാം പോസ്റ്റുചെയ്ത 'സെല്‍ഫി'ക്ക് എത്ര ലൈക്ക് ലഭിക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കുന്നു നമ്മുടെ മനോനിലകളുടെ അവസ്ഥകള്‍. തന്റെ ഫോട്ടോ ലൈക്കു ചെയ്യാന്‍ ആരുമില്ലാതാകുന്നതോടെ പലരും ശരിക്കും നിരാശാഭരിതരായിപ്പോകുക പോലും ചെയ്യുന്നു. ഇത് വളരെ അപകടകരമാണെന്നാണ് എനിക്ക് തോന്നുന്നത്. എന്നെ സംബന്ധിച്ചേടത്തോളം, ഞാനൊരു ആക്ടീവ് ഫെയ്‌സ്ബുക്ക് ഉപയോക്താവാണെങ്കിലും എന്റെ പോസ്റ്റുകളൊക്കെയും അഹ്മദ് ഫാമിലി ഹാസ്യകഥകളുമായോ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കു കൂടി വായിക്കുകയോ ഉപകാരപ്പെടുകയോ ചെയ്യുന്നതായി ഞാന്‍ കാണുന്ന വീഡിയോകളോ പ്രസംഗങ്ങളോ മാത്രമാണ്. എന്റെയോ എന്റെ കുടുംബത്തിന്റെയോ ഒരു ഫോട്ടോയും ഞാന്‍ പോസ്റ്റ് ചെയ്യാറില്ല. വളരെ സമ്പന്നമായൊരു ഓഫ്‌ലൈന്‍ ജീവിതം അതുകൊണ്ടു തന്നെ എനിക്കുണ്ട്, അല്‍ഹംദുലില്ലാഹ്! അപരിചിതരുമായി എന്റെ വ്യക്തിപരമായ അനുഭവങ്ങളോ വിവരങ്ങളോ ഷെയര്‍ചെയ്യേണ്ട ഒരാവശ്യവും എനിക്ക് അനുഭവപ്പെടുന്നില്ല. എന്നെ സംബന്ധിച്ചേടത്തോളം അപകടകരവും തീര്‍ത്തും അനാവശ്യവുമാണത്. അഭിമുഖത്തിന്റെ രണ്ടാം ഭാഗം
തയ്യാറാക്കിയത്: മുഹമ്മദ് ശഹീര്‍
Leave A Comment