പ്രബോധനത്തിന്റെ നീതി ശാസ്ത്രം

 width=

മനുഷ്യനെ അള്ളാഹു സൃഷ്ടിച്ചു. ജീവനും ജീവിതവും നല്‍കി. ജീവിക്കാനാവശ്യമായ എല്ലാ വിഭവങ്ങളും പ്രപഞ്ചത്തില്‍ സംവിധാനിച്ചു. നന്മ തിന്മകള്‍ വകതിരിച്ചു കാണിച്ചു കൊടുത്തു. മനസ്സിലാക്കാന്‍ വിവേചന ശക്തി നല്‍കി. ജീവിതത്തില്‍ നന്മ പിന്തുടര്‍ന്നാല്‍ മോക്ഷം ലഭിക്കുമെന്നും തിന്മയുടെ മാര്‍ഗം അനുധാവനം ചെയ്‌താല്‍ ശിക്ഷിക്കപെടുമെന്നും മുന്നറിയിപ്പ് നല്‍കി.
അള്ളാഹു മനുഷ്യന് നല്‍കിയ ഈ മാര്‍ഗ്ഗ ദര്‍ശനത്തിന്റെ സാങ്കേതിക സംജ്ഞയാണ് ‘ഇസ്ലാം’ എന്നത്. തന്റെ അടിമകള്‍ക്ക് വേണ്ടി സൃഷ്ടാവായ അള്ളാഹു ഇഷ്ടപ്പെട്ട മതമാണത്. “ഇസ്ലാമിനെ ഞാന്‍ നിങ്ങള്ക്ക് മതമായി തൃപ്തിപ്പെട്ടിരിക്കുന്നു.” (5:3)
സൃഷ്ടാവ് നിര്‍ദേശിച്ച മതം ‘ഇസ്ലാം’ ആയതിനാല്‍ മറ്റൊന്ന് സ്വീകരിക്കുന്നത് മനുഷ്യര്‍ക്ക്‌ അഭികാമ്യമല്ല. ജീവിത സരണിയായി വേറെ വല്ല മാര്‍ഗവും ഒരാള്‍ സ്വീകരിക്കുന്നത് അള്ളാഹു തൃപ്തിപ്പെടുന്നതുമല്ല. “ഇസ്ലാമിനെയല്ലാതെ ഒരാള്‍ അന്വേഷിക്കുന്നു(സ്വീകരിക്കുന്നു)വെങ്കില്‍ അവനില്‍ നിന്ന് അള്ളാഹു അത് സ്വീകരിക്കുകയില്ല. അവന്‍ പരലോകത്ത്‌ പരാജിതരില്‍ പെട്ടവനായി തീരുന്നതാണ്.” (3:85)

സന്മാര്‍ഗദര്‍ശനവും അതുള്‍ക്കൊള്ളനുള്ള വിവേചന ശക്തിയും നല്‍കപ്പെട്ട മനുഷ്യന്‍ പ്രസ്തുത മാര്‍ഗം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. എന്നാല്‍ സ്വേച്ഛാനുസൃതം ഇതു മാര്‍ഗ്ഗം അവലംബിക്കാനും ഐഹിക ജീവിതത്തില്‍ മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. പ്രസ്തുത സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി തിന്മയുടെ മാര്‍ഗമാണ് ഒരാള്‍ സ്വീകരിക്കുന്നതെങ്കില്‍ അതിന്റെ ഭവിഷ്യത്ത് തിക്തവും ഭയനകവുമായിരിക്കുമെന്നു മാത്രം. സന്മാര്‍ഗത്തെ അഥവാ ഇസ്ലാമിനെ ഒരാളിലും അള്ളാഹു അടിച്ചേല്പിക്കുന്നില്ല. “ദുര്മാര്ഗ്ഗത്ത്തില്‍ നിന്നു സന്മാര്‍ഗ്ഗം വ്യക്തമായ സ്ഥിതിക്ക് ദീനില്‍ നിര്‍ബന്ധമേ ഇല്ല” (അല്‍ബഖറ ) എന്നാണ് അള്ളാഹു വ്യക്തമാക്കിയത്. അങ്ങനെ നിര്‍ബന്ധമുണ്ടായിരുന്നുവെങ്കില്‍ എല്ലാ മനുഷ്യരെയും മുസ്ലിമ്കളായി സൃഷ്ടിക്കാനും ജീവിപ്പിക്കുവാനും അല്ലാഹുവിനു സാധിക്കുമായിരുന്നു. പക്ഷെ, മനുഷ്യനെ പരീക്ഷണ വിധേയനാക്കുക എന്നാ ലക്‌ഷ്യം അപ്പോള്‍ സാക്ഷല്‍കരിക്കപ്പെടുന്നില്ല.

അള്ളാഹു പറയുന്നത് കാണുക: “നിന്റെ രക്ഷിതാവ് ഉദ്ധെശിച്ചിരുന്നുവെന്കില്‍ സകല മനുഷ്യരെയും അവന്‍ ഒരൊറ്റ സമൂഹമാക്കുമായിരുന്നു” (ഹൂദ്‌ 118)

ഇതില്‍ നിന്ന് വ്യക്തമാകുന്നത് സകല മനുഷ്യരെയും ഇസ്ലാം മതാനുയായികളായി മാറ്റാന്‍ അള്ളാഹു തന്നെ ഉദ്ധെശിച്ചിട്ടില്ലെന്നാണ്. അള്ളാഹു ഉദ്ധെഷിക്കാത്ത കാര്യം പ്രവാചകര്‍ക്കോ പ്രബോധകര്‍ക്കോ സാധിക്കുകയില്ലല്ലോ. പ്രവാചക പ്രഭു(സ)വിനോട് അള്ളാഹു തന്നെ പറയുന്നത് കാണുക. “അധിക ജനങ്ങളും – നീ അത്യാഗ്രഹം വെച്ചാലും – വിശ്വാസികളാകയില്ല” (യൂസുഫ്‌ 103)
വിശുദ്ധ ഖുര്‍ആന്‍ ഇവ്വിധം വ്യക്തമാക്കിയ സ്ഥിത്ക്ക് നബി(സ)യോ, യഥാര്‍ത്ഥ അനുയായികളോ മറ്റു മതക്കാരെ നിര്‍ബന്ധിച്ചു ഇസ്ലാം സ്വീകരിപ്പിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. അത് കൊണ്ടു തന്നെ, ഇസ്ലാമിക പ്രബോധകരെ കുറിച്ച് ബലം പ്രയോഗിച്ചു മത പരിവര്‍ത്തനം ചെയ്യിക്കുന്നവരാണെന്ന ആരോപണം ബാലിശവും വസ്തുതകള്‍ക്ക്‌ നിരക്കാത്തതുമാണ്. “വിശ്വാസികളാകാന്‍ ജനങ്ങളെ നീ നിര്‍ബന്ധിക്കുകയാണോ?” (യൂനുസ്‌ 99) എന്ന നിഷേധാര്‍ത: ചോദ്യം നബി തിരുമേനി(സ)യോട് അള്ളാഹു ഉന്നയിച്ചതില്‍ നിന്ന്‍, അങ്ങനെ ചെയ്യുന്നത് പ്രവാചക ദൌത്യത്തില്‍പെട്ട കാര്യമല്ലെന്നും ചെയ്‌താല്‍ തന്നെ അക്കാര്യം സാധ്യമല്ലെന്നും ദ്യോതിപ്പിക്കുന്നുണ്ട്.

സത്യ വിശ്വാസം അഥവാ ‘ഈമാന്‍’ എന്നാ സംഞ്ജ തന്നെ വ്യക്തമാക്കുന്നത് നിര്‍ബന്ധിച്ചു ചെയ്യിപ്പിക്കാന്‍ പറ്റുന്ന കാര്യമല്ല അതെന്നാണ്. മനസിന്റെ അംഗീകാരം ആവശ്യമുള്ള കാര്യമാണത്. മനസ്സ്‌ ഇഷ്ടപ്പെടാതെ വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ മാത്രം ഒരാള്‍ വിശ്വാസിയുടെത് പോലെ പെരുമാറുന്നുവെങ്കില്‍ അത് കേവലം ഉപരിപ്ലവമായ കാപട്യമാണ്. അതൊരിക്കലും വിശ്വസമാകുന്നില്ല. ഇസ്ലാമിന്‍റെ കാഴ്ചപ്പാടാണത്. അത് കൊണ്ടു തന്നെ മനസ്സ് ഇഷ്ടപ്പെടാത്ത വ്യക്തിയെ നിര്‍ബന്ധിച്ച് മുസ്ലിമാക്കുക എന്നാ പാഴ്വേല ഇസ്ലാമിക പ്രബോധകന്മാരുടെ മാര്‍ഗമല്ല.

അല്ലാഹുവിന്റെ മാര്‍ഗ്ഗം സ്വയം തെരഞ്ഞെടുത്ത വ്യക്തിക്ക് പ്രസ്തുത മാര്‍ഗത്തിലേക്ക് മറ്റുള്ളവരെ പ്രബോധനം ചെയ്യാന്‍ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. അടിചെല്പിക്കാനല്ല; സമാധാന പരമായ മാര്‍ഗ്ഗത്തിലൂടെ മാത്രം. അങ്ങനെ പ്രബോധനം ചെയ്യുന്നത് വിശ്വാസിയുടെ ധാര്‍മിക ബാധ്യത കൂടിയാണ്. കാരണം; ഇസ്ലാം എല്ലാ ജനങ്ങള്‍ക്കും ഗുണകാംക്ഷിയാകുന്നു. അതിനാല്‍ വിശ്വാസിയും ഗുണകാംക്ഷിയാകണം. സ്വയം സന്മാര്‍ഗിയായാല്‍ പോരാ, മറ്റുള്ളവരും നന്മയുടെ വക്താക്കളായിത്തീരണമെന്ന ഉത്ക്കടമായ ആഗ്രഹം വിശ്വാസിക്കുണ്ടാകണം. അതിനാല്‍ സത്യാ വിശ്വാസം പ്രചരിപ്പിക്കാനും പ്രബോധനം ചെയ്യാനും വിശ്വാസി കടപ്പെട്ടിരിക്കുന്നു. അള്ളാഹു പറയുന്നു “നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് യുക്തി പൂര്വവും നല്ല ഉപദേശത്തോടെയും നീ ക്ഷണിക്കുക.” (അന്നഹല്‍ 125)

സത്യ വിശ്വാസത്തിലേക്കുള്ള ക്ഷണം സ്വീകരിക്കുന്നതും നിരാകരിക്കുന്നതും ഓരോരുത്തരുടെയും വ്യക്തി പരമായ സ്വാതന്ത്ര്യമാണ്. പ്രബോധകന്‍ അക്കാര്യത്തില്‍ നിര്‍ബന്ധം ചെലുത്തെണ്ടതില്ല. അതൊട്ട്‌ അവന്റെ ബാധ്യതയുമല്ല. പ്രവാചക തിരുമേനിയുടെ അനുച്രന്മാരില്‍ ചിലര്‍ തങ്ങളുടെ കുടുംബത്തില്‍ പെട്ടവരെ നിര്‍ബന്ധിച്ചു ഇസ്ലാമില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച പശ്ചാത്തലത്തിലാണ് “മതത്തില്‍ ബലാല്‍ക്കരമില്ല” (2:256) എന്ന സൂക്തം അവതരിച്ചത്. നന്മയിലേക്കുള്ള ക്ഷണം സ്വീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും ക്ഷണിച്ച വ്യക്തിക്ക് അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുന്നു. നിരാകരിച്ചവരെ അവരുടെ പാട്ടിനു വിടുക. ദുരന്ത ഫലം അള്ളാഹു അവരെ അനുഭവിപ്പിക്കും തീര്‍ച്ച. അള്ളാഹു പറയുന്നു “ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ; അല്ലാത്തവര്‍ അവിശ്വസിക്കട്ടെ” (അല്കഹ്ഫ്‌ 29)

ഐഹിക ജീവിതത്തില്‍ സന്മാര്‍ഗ ദര്‍ശനം ലഭിക്കാതെ പോകുന്ന സാഹചര്യം മനുഷ്യര്‍ക്കുണ്ടായിക്കൂടാ. അത് കൊണ്ടത്രേ കാലാകാലങ്ങളായി ജീവിച്ചു പോന്ന എല്ലാ തലമുറകളിലെക്കും അല്ലാഹു സത്യ പ്രബോധകരായ പ്രവാചകന്മാരെ നിയോഗിച്ചത്. പ്രസ്തുത പ്രവാചകന്മാരാരും തന്നെ അവരുടെ സന്ദേശം ജനങ്ങളെ അടിചെല്പിക്കുകയോ ബലാല്‍ക്കരേണ അമ്ഗീകരിപ്പിക്കുകയോ ചെയ്തിട്ടില്ല. പ്രാസ്ഥാനികമായ വര്‍ദ്ധിച്ച ജനപിന്തുണ നേടിയപ്പോഴും അധികാരം കരതലാമലകമായപ്പോഴും നിര്‍ബന്ധിച്ച് മതത്തില്‍ ചേര്‍ക്കുകയോ അംഗീകരിക്കാത്തവരെ കൊല ചെയ്യുകയോ പ്രവാചകന്മാര്‍ ചെയ്തിട്ടില്ല. നിഷേധികളെ നിഷ്കാസനം ചെയ്യാന്‍ അല്ലാഹു അവരോടു കല്പിക്കാതിരുന്നത് തന്നെ കാരണം.

വിശ്വാസപരമായ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു കൂച്ച് വിലങ്ങിടുക, വിശ്വാസികളെ കയ്യൂക്കും അധികാരവും ഉപയോഗിച്ച് സത്യ മാര്‍ഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മര്‍ദ്ദന മുറകള്‍ അഴിച്ചു വിടുക, അവരെ കൊല ചെയ്യുക, നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കാതിരിക്കുക, കരാര്‍ ലംഘനം നടത്തി ശത്രുക്കളുമായി കൂട്ട് ചേര്‍ന്ന് സത്യ പ്രസ്ഥാനത്തെ ഉന്മൂലനം വരുത്താന്‍ ഗൂഡ ശ്രമങ്ങള്‍ നടത്തുക, പരസ്യമായ കൊലവിളി നടത്തി യുദ്ധത്തിന് ഒരുമ്പെടുക പോലുള്ള വൈരനിര്യാതന ശ്രമങ്ങളുമായി ഇറങ്ങിത്തിരിച്ച അവിശ്വാസികളെ പ്രതിരോധിക്കാനും അത്തരക്കാരില്‍ നിന്നുള്ള ആത്മരക്ഷാര്‍ത്ഥവുമാണ് ഇസ്ലാം യുദ്ധത്തിനുള്ള അനുവാദം അതിന്റെ അനുയായികള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇത്തരം പ്രതിരോധ സംവിധാനം തന്നെ വ്യക്തികള്‍ സ്വന്തമായി നടത്തുകയല്ല വേണ്ടത്. മറിച്ച് സുശക്തമായ നെത്ര്ത്വവും ആസൂത്രണവും ആവശ്യമായ കാര്യമാണത്. വ്യക്തികള്‍ നിയമം കയ്യിലെടുക്കുന്ന പ്രവണത ഇസ്ലാം ഒരിക്കലും അനുവദിക്കുന്ന കാര്യമല്ല. അത് കൊണ്ട് തന്നെ മനുഷ്യ മനസ്സിന്റെ ദൌര്‍ബല്യമായ തീവ്രതാ ഭാവത്തെ ഇസ്ലാം പ്രായോഗിക ബുദ്ധിയായി കണക്കാക്കുന്നുമില്ല.

സത്യ വിശ്വാസം സ്വീകരിക്കുന്നില്ല എന്ന കാരണത്താല്‍ ഒരാളോടും ശത്രുതാഭവം വെച്ച് പുലര്‍ത്തണമെന്ന് ഇസ്ലാം നിര്‍ദേശിച്ചിട്ടില്ല. മറിച്ച് അത്തരക്കരോടും നീതി പുലര്ത്തനമെന്നാണ് ഇസ്ലാമികാധ്യാപനം. ഖുര്‍ആന്‍ പറയുന്നു: “മത കാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയോ നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ നാട് കടത്തുകയോ ചെയ്യാത്തവര്‍ക്ക് ഗുണം ചെയ്തു കൊടുക്കുന്നതും അവരോടു നീതി പാലിക്കുന്നതും അല്ലാഹു നിങ്ങളോട് വിലക്കുന്നില്ല. അല്ലാഹു നീതി പാലിക്കുന്നവരെ സ്നേഹിക്കുന്നു; തീര്‍ച്ച. മത കാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ വീടുകളില്‍ നിന്ന്‍ പുറത്താക്കുകയും നിങ്ങളെ നാട് കടത്താന്‍ സഹായിക്കുകയും ചെയ്തവരോട് നിങ്ങള്‍ സഹകരണം കാണിക്കുന്നത് മാത്രമേ അള്ളാഹു നിങ്ങളോട് വിലക്കുന്നുള്ളൂ. ആരെങ്കിലും അവരോടു സഹകരണം കാണിച്ചാല്‍ അവര്‍ തന്നെയാണ് ദ്രോഹികള്‍” (അല്‍ മുംതഹിന 8,9)

അവിശ്വാസികളോട് നബി(സ) സ്വീകരിച്ച സമീപന രീതി തന്നെയാണ് നമുക്കേറ്റവും കരണീയമായ മാതൃക. മദീനയിലുണ്ടായിരുന്ന ജൂതരുമായി നല്ല സഹവര്ത്തിത്വത്തിലായിരുന്നു നബി തിരുമേനി(സ). അവരുടെ കല്യാണങ്ങളില്‍ നബി(സ) സംബന്ധിച്ചിരുന്നു. രോഗികളെ സന്ദര്‍ശിച്ചിരുന്നു. അവരുമായി കടമിടപാടുകള്‍ നടത്തിയിരുന്നു. തിരുമേനി വഫാത്താകുമ്പോള്‍ തന്റെ ഒരു പടയങ്കി ഒരു ജൂതന്റെ പക്കല്‍ പണയത്തിലായിരുന്നു. അയാള്‍ക്ക് നബി(സ) കൊടുത്തു വീട്ടാനുള്ള കടത്തിന്റെ പേരിലായിരുന്നു പ്രസ്തുത പണയം സ്വഹാബികളില്‍ പലരും സമ്പന്നരും അവര്‍ നബിക്ക് കടം നല്‍കാന്‍ സന്നദ്ദരും ആയിരുന്നിട്ടും ജൂതന്റെ പക്കല്‍ നിന്നും കടം വാങ്ങിയത് തന്റെ അനുയായികള്‍ ഇതരന്മാരുമായി എങ്ങനെ വര്ത്തിക്കണമെന്ന ഗുണപാടത്തിനു വേണ്ടിയായിരുന്നുവെന്ന് നമുക്ക്‌ മനസ്സിലാക്കാം.

നജ്രാന്കാരായ ഏതാനും ക്രിസ്തീയര്‍ നബി(സ) യുടെ അടുക്കല്‍ വന്നപ്പോള്‍ തന്റെ ഒരു പുതപ്പ് വിരിച്ചു കൊടുത്തു കൊണ്ടാണ് നബി തിരുമേനി(സ) അവരെ സ്വീകരിച്ചിരുത്തിയത്.

നബി(സ) യില്‍ നിന്ന് ഇസ്ലാമികാദ്ധ്യാപനങ്ങള്‍ നേരിട്ട് ഉള്‍കൊണ്ട സ്വഹാബികളും അന്യമതസ്തരോട് സൌഹാര്‍ദ്ദപരമായി തന്നെയായിരുന്നു വര്‍ത്തിച്ചിരുന്നത്. ഒരിക്കല്‍ അബ്ദുല്ലാഹിബ്നു അബ്ബാസ്‌(റ)വിന്റെ ഒരടിമ ആടിനെ അറുത്തു സദ്യയുണ്ടാക്കി. ഇബ്നു അബ്ബാസ്‌(റ) അടിമയെ വിളിച്ചു പറഞ്ഞു: “നമ്മുടെ ജൂതനായ അയല്‍വാസിയെ നീ മറക്കരുത്.” ഈ വാക്ക് പല പ്രാവശ്യം ആവര്ത്തിച്ചപ്പോള്‍ അടിമ യജമാനനോട് പറഞ്ഞു: “താങ്കള്‍ എത്ര പ്രാവശ്യം ഇതാവര്ത്തിക്കണം?” ഇബ്നു അബ്ബാസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു “നബി തിരുമേനി(സ) ഞങ്ങളോട് അയല്‍വാസികളുടെ കാര്യം വസ്വിയ്യത് ചെയ്തപ്പോള്‍ സ്വത്തവകാശം പോലും അയല്‍വാസിക്ക് നല്‍കേണ്ടി വരുമോ എന്ന് ഞങ്ങള്‍ ഭയപ്പെട്ടിരുന്നു” സ്വന്തം വീട്ടില്‍ പ്രത്യേക വിഭവം ഉണ്ടാക്കുമ്പോള്‍ അതില്‍ നിന്ന് അയല്‍വാസിക്കും നല്‍കണമെന്ന ഇസ്ലാമിന്റെ വിശാല മനസ്കതയില്‍ അന്യ മതക്കാരനും ഒഴിവല്ല എന്നാണല്ലോ ഈ സംഭവം വ്യക്തമാക്കുന്നത്.

ചുരുക്കത്തില്‍ പ്രാസ്ഥാനിക പ്രചാരണത്തിനു ആയുധ ബലമോ അധികാരമോ ഉപയോഗപ്പെടുത്തുന്നതും ആദര്‍ശം ഉള്കൊള്ളാത്തവരോട് വൈരനിര്യാതന സമീപനം വെച്ച് പുലര്‍ത്തുന്നതും ഇസ്ലാമിന്റെ വഴിയല്ല. പ്രവാചകരോ അനുയായികളോ അങ്ങനെ ചെയ്തിട്ടുമില്ല. ശത്രു ജനതയോട് പോലും നീതി പുലര്‍ത്താന്‍ കല്പിക്കപ്പെട്ടവരാണ്‌ മുസ്ലിംകള്‍. “ഒരു സമൂഹത്തോടുള്ള വിദ്വേഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങളെ പ്രേരിതരാക്കരുത്” ( : ) എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌.

വിശ്വാസം മനുഷ്യന്റെ ജന്മപരമായ അവകാശവും സ്വാതന്ത്ര്യവുമാണ്. ഏതു തെറ്റായ കാര്യവും വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം. ശരി ഏതാണെന്ന് മനുഷ്യര്‍ക്ക്‌ സ്രഷ്ടാവ്‌ തന്നെ കാണിച്ചു കൊടുത്തിട്ടുണ്ട്. അത് പിന്തുടര്‍ന്നവര്‍ക്ക് ശാശ്വതമായ പ്രതിഫലം അവന്‍ തന്നെ നല്‍കുകയും ചെയ്യും. അല്ല്ലാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സൃഷ്ടാവിന് അധികാരവും അവകാശവും യോഗ്യതയും ഉണ്ട്. സൃഷ്ടാവിന്റെ മാര്‍ഗം പിന്തുടരുന്നവര്‍ പ്രസ്തുത മാര്‍ഗം പ്രബോധനം ചെയ്യാന്‍ ബാധ്യസ്ഥരാണ്. സമാധാനത്തിന്റെയും നീതിയുടെയും മാര്‍ഗ്ഗേണ പ്രസ്തുത ബാധ്യത നിരവേറ്റുമ്പോള്‍ മറ്റുള്ളവര്‍ക്ക്‌ അരോചകമായി തോന്നേണ്ട കാര്യമൊട്ടുമില്ല. പ്രായോഗിക ബുദ്ധിയും തന്റെടവുമുള്ളവര്‍ സത്യം ഉള്‍കൊണ്ട് അതിനെ വാരിപുണരാന്‍ മുന്നോട്ട് വരുന്നതില്‍ ആശങ്കാകുലരാകേണ്ടതുമില്ല. സത്യം വ്യക്തമായിട്ടും സ്വീകരിക്കാന്‍ സന്നദ്ധരാകാതെ അവഗണിക്കുന്നവരോട് അക്രമത്തിന്റെയും ബലാല്‍ക്കാരത്തിന്റെയും മാര്‍ഗ്ഗം അവലംബിക്കാന്‍ ഇസ്ലാമിക പ്രബോധകര്‍ ആജ്ഞാപിക്കപ്പെട്ടിട്ടുമില്ല. ഇതാണ് ഇസ്ലാമിക പ്രബോധന വീക്ഷണം.

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter