ജബ്‌രിയ്യ: വിഭാഗം

മുസ്‌ലിംകളിലെ യാന്ത്രിക വാദികളാണ് ജബ്‌രിയ്യാക്കള്‍. മനുഷ്യനു യാതൊരു പ്രവര്‍ത്തനശേഷിയും ഇല്ലെന്നും എല്ലാം അല്ലാഹുവാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ വാദിക്കുന്നു. മനുഷ്യപ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ സ്രഷ്ടാവ് മനുഷ്യന്‍ തന്നെയാണെന്നും അതില്‍ അല്ലാഹുവിന്റെ യാതൊരു ഇടപെടലും ഇല്ലെന്നുമുള്ള മുഅ്തസിലീ വാദത്തിന്റെ നേര്‍ വിപരീതമാണിത്. മുര്‍ജിഅ:യുടെ പല വാദങ്ങളും ജബ്‌രിയ്യത്തിനുള്ളതുകൊണ്ട് തന്നെ ഇവ രണ്ടും ഒന്നാണെന്നു പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ജഅ്ദ്ബിന്‍ദിര്‍ഹം ആണ് ജബ്‌രീ വാദത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്.
‘ജബ്‌രിയ്യ’ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ നിര്‍ബന്ധിക്കുക എന്നാണ്. മനുഷ്യന്‍ സ്വതന്ത്ര്യനല്ല; നിര്‍ബന്ധിതനാണ് എന്നു വിവക്ഷ. ഇവരുടെ വാദം ‘ശഹ്‌റസ്താനി’ തന്റെ ‘അല്‍ മിലലു വന്നിഹലി’ല്‍ വിവരിക്കുന്നതിങ്ങനെ: ”അടിമക്ക് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തന ശേഷിയില്ല. കഴിവും വേണ്ടുകയും ഇഛാസ്വാതന്ത്ര്യവും അവനില്ല. തന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം അവന്‍ മജ്ബൂര്‍ (നിര്‍ബന്ധിതന്‍) മാത്രമാണ്. നിര്‍ജ്ജീവ വസ്തുക്കളില്‍ അല്ലാഹു പലതും സൃഷ്ടിക്കുന്നതു പോലെ ഇവനിലും സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്. പ്രവര്‍ത്തനങ്ങളെ അവയിലേക്ക് ആലങ്കാരികമായി ചേര്‍ത്തുപറയുന്നതു പോലെ ഈ മനുഷ്യനിലേക്കും ചേര്‍ത്തു പറയുന്നുവെന്നു മാത്രം. വെള്ളം ഒഴുകി, മരം പുഷ്ടിച്ചു, കല്ല് ഉരുണ്ടു, സൂര്യന്‍ ഉദിച്ചു, അത് അസ്തമിച്ചു, ആകാശം മേഘാവൃതമായി, മേഘം മഴ വര്‍ഷിച്ചു, ഭൂമി പച്ചപിടിച്ചു എന്നെല്ലാം പറയുന്നതുപോലുള്ള ഒരു പ്രയോഗം മാത്രമാണത്. മനുഷ്യന്റെ രക്ഷയും ശിക്ഷയുമെല്ലാം നിര്‍ബന്ധിതം തന്നെയാണ്.”
മനുഷ്യനെ നിഷ്‌ക്രിയനും നിരുത്തരവാദിയുമാക്കിത്തീര്‍ക്കുന്ന ഒരു തരം യാന്ത്രിക വാദമാണിത്. ഇസ്‌ലാമിന് മുമ്പ് അവിശ്വാസികളില്‍ പലരും ഈ വിശ്വാസം വെച്ചുപുലര്‍ത്തുകയും ‘വിധി’യെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തത് ഖുര്‍ആന്‍ (16:35,43:20,6:148) ഉദ്ധരിക്കുന്നുണ്ട്. മുസ്‌ലിംകളിലേക്ക് ഈ വാദം കടന്നുവന്നത് ഉമവീ ഭരണകാലത്തായിരുന്നു. പ്രമുഖ സ്വഹാബിയായ ഇബ്‌നു അബ്ബാസ് (റ)വും താബിഉകളില്‍ പ്രസിദ്ധനായ ഹസനുല്‍ ബസ്വരി(റ)യും അക്കാലത്ത് ജബ്‌രീ വാദം ഉന്നയിച്ചവര്‍ക്കെതിരെ ശബ്ദിച്ചതിനു തെളിവുകളുണ്ട്.
ഇബ്‌നു അബ്ബാസ് (റ)ന്റെ പുത്രനില്‍ നിന്നുദ്ധരിക്കപ്പെട്ട ഒരു സംഭവം കാണുക: ഞാന്‍ എന്റെ പിതാവിന്റെ അടുക്കല്‍ ഇരിക്കുകയായിരുന്നു. അന്നേരം ഒരാള്‍ വന്നുകൊണ്ട് പറഞ്ഞു. ‘ഇബ്‌നു അബ്ബാസ്, അവിടെ ഒരു വിഭാഗം ജനങ്ങള്‍ അല്ലാഹുവില്‍ നിന്നു വന്നവരാണ് തങ്ങളെന്നും അല്ലാഹു അവരെകൊണ്ട് തെറ്റുകുറ്റങ്ങള്‍ ചെയ്യിക്കുകയാണെന്നും വാദിക്കുന്നു’. ഇബ്‌നു അബ്ബാസ് പറഞ്ഞു: അങ്ങനെ വാദിക്കുന്ന ഒരാളെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാനവന്റെ ജീവന്‍ പോകുന്നതുവരെ കഴുത്തു ഞെരുക്കികളയും. തെറ്റുകുറ്റങ്ങളുടെ മേല്‍ അല്ലാഹു നിര്‍ബന്ധിച്ചുവെന്ന് നിങ്ങളൊരിക്കലും പറയരുത്. ജനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങളെക്കുറിച്ച് അല്ലാഹുവിനു മുന്‍കൂട്ടി അറിയില്ല എന്നും നിങ്ങള്‍ പറയരുത്” (അല്‍ മുന്‍യത്തു വല്‍ അമല്‍. ഉദ്ധരണി: താരീഖുല്‍ മദാഹിബ്: 104).
ജബരീ വാദങ്ങളുമായി ബസ്വറയില്‍ പ്രത്യക്ഷപ്പെട്ട ഒരു സംഘത്തിനു ഇമാം ഹസനുല്‍ ബസ്വരി(റ) കൊടുത്തയച്ച സന്ദേശത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: ”അല്ലാഹുവിലും അവന്റെ ഖളാഅ് – ഖദ്‌റിലും വിശ്വസിക്കാത്തവര്‍ കാഫിറുകളാണ്. തെറ്റുകുറ്റങ്ങള്‍ ചെയ്ത് അത് അല്ലാഹുവന്റെ മേല്‍ ആരോപിക്കുന്നവനും കാഫിറാണ്. നിര്‍ബന്ധിതനായി അല്ലാഹുവിനു വഴിപ്പെടലോ സമ്മര്‍ദ്ദിതനായി തെറ്റുകള്‍ ചെയ്യലോ ഉണ്ടാകുന്നില്ല. ജനങ്ങള്‍ക്കു നല്‍കപ്പെട്ട എല്ലാ കഴിവുകളുടെയും ഉടമസ്ഥനും എല്ലാത്തിനും സാധിക്കുന്നവനും അല്ലാഹുവാണ്. അവര്‍ പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് അല്ലാഹുവിനു വഴിപ്പെടുമ്പോള്‍ അവര്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഇടയില്‍ അവന്‍ തടസ്സം സൃഷ്ടിക്കുന്നില്ല. തെറ്റുകുറ്റങ്ങള്‍ ചെയ്യുമ്പോള്‍, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുമിടയില്‍ തടസ്സം സൃഷ്ടിക്കുമായിരുന്നു. ജനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അവരെ നിഷ്‌ക്രിയരാക്കിയത് അല്ലാഹുവല്ല. വഴിപ്പെടാന്‍ വേണ്ടി സൃഷ്ടികളെ അവന്‍ നിര്‍ബന്ധിച്ചിരുന്നുവെങ്കില്‍ പ്രതിഫലം ഒഴിവാക്കപ്പെടുമായിരുന്നു. തെറ്റുകുറ്റങ്ങള്‍ ചെയ്യാന്‍ അവരെ അവന്‍ നിര്‍ബന്ധിച്ചിരുന്നുവെങ്കില്‍, ശിക്ഷയും ഇല്ലാതെയാക്കുമായിരുന്നു. എന്നാല്‍ ജനങ്ങളെ അവന്‍ സര്‍വ്വ സ്വതന്ത്രരായി വിട്ടിട്ടുമില്ല. അപ്പോള്‍ അതവന്റെ ഖുദ്‌റത്തിനു ഭംഗമാകുകയുംചെയ്യും. മറിച്ച് സൃഷ്ടികളില്‍ അവനു പ്രത്യേക വേണ്ടുകയും ഉദ്ദേശ്യവുമുണ്ട്. അതവന്‍ അവരില്‍ നിന്നു മറച്ചുവെച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ പുണ്യകര്‍മ്മങ്ങള്‍ ചെയ്ത് അല്ലാഹുവിനു വഴിപ്പെടുമ്പോള്‍ അവന്റെ ഔദാര്യം അവരിലുണ്ടാകും.” (അതേ ഗ്രന്ഥം)
മനുഷ്യര്‍ സര്‍വ്വ സ്വതന്ത്രരാണെന്ന ഖദ്‌രിയ്യാക്കളുടെ വാദത്തെയും നിര്‍ബന്ധിതരാണെന്ന ജബ്‌രിയ്യാക്കളുടെ വാദത്തെയും എതിര്‍ത്തുകൊണ്ട് അതു രണ്ടിനും ഇടയ്ക്കുള്ളതാണ് സത്യവിശ്വാസമെന്നു സ്ഥാപിക്കുകയാണിവിടെ ഇമാം ഹസനുല്‍ ബസ്വരി (റ). അലംഭാവ (തഫ്‌രീത്) വും അതിരുകവിയ (ഇഫ്‌റാത്)ലും ഇല്ലാത്ത മധ്യസരണിയാണ് വിധിവിശ്വാസവുമായി ബന്ധപ്പെട്ട ഈ വിഷയത്തില്‍ അഹ്‌ലുസ്സുന്ന: സ്വീകരിക്കുന്നത്. എന്നാല്‍ ഇത് ജബരിയ്യത്തിന്റെ മറ്റൊരു മുഖം തന്നെയാണെന്നു വിമര്‍ശകര്‍ ആരോപിക്കാറുണ്ട്. അഹ്സ്സുന്നയുടെയും ജബ്‌രിയ്യത്തിന്റെയും ഇടയിലുള്ള അടിസ്ഥാന അന്തരം തിരിച്ചറിയാത്തതുകൊണ്ടുള്ള വിമര്‍ശനം മാത്രമാണിത്.
വാസ്തവത്തില്‍ ഒരു തരം യാന്ത്രിക വാദമാണ് ജബ്‌രികളുടേത്. എല്ലാം ദൈവേഛ. മനുഷ്യന്‍ നിര്‍ബന്ധിതനാണ്. അവനു പ്രവര്‍ത്തന ശേഷിയോ സ്വാതന്ത്ര്യമോ ഇല്ല. അവന്‍ മൈതാനത്തെ തൂവല്‍ പോലെയാണ്. കാറ്റ് ഇഷ്ടമുള്ളയിടത്തേക്ക് അതിനെ അടിച്ചുകൊണ്ടുപോകുന്നു. ഇതുപോലെ ദൈവം ഇഷ്ടമുള്ളത് മനുഷ്യനിലൂടെ പ്രകടമാക്കുന്നു. അവനു ശക്തിയോ തിരഞ്ഞെടുക്കാനുള്ള കഴിവോ തീരുമാനിക്കാനുള്ള ശേഷിയോ ഇല്ല. അനുഷ്ഠാന കര്‍മ്മങ്ങളല്ല അവനെ മോക്ഷത്തിനും നാശത്തിനും കാരണക്കാരനാക്കുന്നത്. എല്ലാം ദൈവം തീരുമാനിക്കുന്നവമാത്രം. പ്രവര്‍ത്തനങ്ങളെ മനുഷ്യരുടേതെന്നു വിശേഷിപ്പിക്കുന്നത് തീര്‍ത്തും ആലങ്കാരികം മാത്രവും.
ഈ വാദങ്ങളൊന്നും അഹ്‌ലുസുന്ന: അംഗീകരിക്കുന്നില്ല. ഇവിടെ മനുഷ്യന്‍ നിര്‍ബന്ധിതനല്ല. അവന്‍ ഇഛാ സ്വാതന്ത്ര്യവും പ്രവര്‍ത്തന ശേഷിയും ഉള്ളവനാണ്. നന്മയെ തെരഞ്ഞെടുക്കാനും തിന്മയെ തിരസ്‌കരിക്കാനുമുള്ള കഴിവ് അല്ലാഹു അവനു നല്‍കുന്നുണ്ട്. അതുപയോഗപ്പെടുത്തിയാണ് അവന്റെ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട് തന്നെ സ്വന്തം തീരുമാനങ്ങളും നിലപാടുകളും അനുഷ്ഠാനങ്ങളുമാണ് മനുഷ്യനെ മോക്ഷത്തിനും നാശത്തിനും കാരണക്കാരനാക്കുന്നത്. ഏതൊരു പ്രവര്‍ത്തിയുമായും ബന്ധപ്പെടാനുള്ള തീരുമാനം മനുഷ്യന്റേതാണ്. അതുകൊണ്ട് പ്രവര്‍ത്തനങ്ങളെ മനുഷ്യരുടേതെന്നു വിശേഷിപ്പിക്കാം.
ജബ്‌രീ വാദപ്രകാരം പരലോകവും വിചാരണയും നരകവും സ്വര്‍ഗ്ഗവുമെല്ലാം നിരര്‍ത്ഥകമാണെന്നു പറയേണ്ടിവരും. ഏതൊരു കുറ്റവാളിക്കും തന്റെ അപരാധങ്ങള്‍ ‘വിധി’യില്‍ കെട്ടിവെച്ചു രക്ഷപ്പെടാം. കോടതിയും ശിക്ഷാമുറകളുമെല്ലാം അവിടെ പ്രഹസനമാകും. കൊലക്കുറ്റത്തിനു വിചാരണ നേരിടുന്ന പ്രതിക്ക് ‘ആ കൊലപാതകം അല്ലാഹു എന്നെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ചെയ്യിച്ചതാണല്ലോ ഞാനെന്തു ചെയ്യാന്‍’ എന്ന ‘ന്യായം’ ഉയര്‍ത്തി വിജയിക്കാം. ഇങ്ങനെ മതശാസനകളെയും കല്‍പ്പനകളെയും അപ്രസക്തമാണെന്നു വരുത്തിത്തീര്‍ക്കുകയും എല്ലാം അല്ലാഹുവിന്റെ ഒരു ‘നാടകം കളി’ മാത്രമാണെന്നു സ്ഥാപിക്കുകയുമാണ് ജബ്‌രിയ്യ. അതുകൊണ്ട് അവരുടെ നിലപാട് അബദ്ധജഢിലവും അപകടകരവുമാണെന്നു സൂര്യപ്രകാശം പോലെ വ്യക്തമാണ്.

(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter