നിദാനശാസ്ത്ര വളര്‍ച്ചയില്‍ ഇല്‍മുല്‍ കലാമിന്റെ സ്വാധീനം
ഇസ്‌ലാമിക വിജ്ഞാന മേഖലയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന രണ്ട് അടിസ്ഥാന ശാസ്ത്രശാഖകളാണ് ഉസ്വൂലുദ്ദീനും ഉസ്വൂലുല്‍ ഫിഖ്ഹും. വിശ്വാസ കാര്യങ്ങള്‍ തെളിവ് സഹിതം വിവരിക്കുന്ന ഉസ്വൂലുദ്ദീന്‍ അതിന്റെ രചനാ ശൈലിയും സമര്‍ത്ഥന രീതിയും പരിഗണിച്ച് ഇല്‍മുല്‍ കലാം എന്ന പേരിലാണ് കൂടുതല്‍ പ്രസിദ്ധമായത്. അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് മത നിയമങ്ങള്‍ കണ്ടത്താനുള്ള ഗവേഷണ മാനദണ്ഡങ്ങള്‍ വിവരിക്കുന്ന ജ്ഞാനശാഖയാണ് നിദാനശാസ്ത്രം.
പേരിലെ സാമ്യതക്കുപുറമെ ഇരു വിഷയങ്ങളിലെയും പ്രതിപാദ്യ വിഷയങ്ങളിലും രചനാ ശൈലിയിലും ഗ്രന്ഥകര്‍ത്താക്കളിലും മറ്റും നിവരധി സാമ്യതകള്‍ കാണാന്‍ കഴിയും. എന്നാല്‍ ചരിത്രത്തിലുടനീളം കാണുന്ന ഈ സ്വാധീനത്തെ ചില പണ്ഡിതര്‍ വിമര്‍ശിക്കുകയും അനാവശ്യ ചര്‍ച്ചകളില്‍ നിന്ന്് നിദാനശാസ്ത്രത്തെ മുക്തമാക്കണമെന്ന് വാദിക്കുകയും ചെയ്തു. പല ആധുനിക പണ്ഡിതരും ഈ വിഷയത്തില്‍ ഗവേഷണ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിദാനശാസ്ത്ര വളര്‍ച്ചയില്‍ കലാമിന്റെ പങ്ക് എന്തൊക്കെ, ഇതിന്റെ കാരണം എന്ത്, ഏതൊക്കെ വിഷയങ്ങളിലാണ് കലാമിന്റ സ്വാധിനം, ഇതിനെതിരെ വന്ന പ്രധാന വിമര്‍ശനങ്ങള്‍ എന്നിവ ഹ്രസ്വമായി വിവരിക്കുകയാണിവിടെ.
പ്രചോദനം
നിദാന ശാസ്ത്രം എന്ത്‌കൊണ്ട് ഇല്‍മുല്‍ കലാമിന്റെ സ്വാധീനത്തിന് വിധേയമായി എന്നതിന് ചരിത്രം പരിശോധിക്കുമ്പാള്‍ നിരവധി കാരണങ്ങള്‍ കണ്ടത്താന്‍ സാധിക്കും. ദൈവിക നിയമങ്ങള്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് നിദാന ശാസ്ത്രം. ഇതിന് ദൈവിക അസ്തിത്വം, പ്രവാചകത്വം, അടിസ്ഥാന പ്രമാണങ്ങളുടെ ആധികാരികത, പ്രവാചകരുടെ പാപ മുക്തി എന്നിവ സ്ഥിരപ്പെടണം. ഇവ തെളിവ് സഹിതം സ്ഥാപിക്കുകയാണ് ഇല്‍മുല്‍ കലാം. ഇക്കാരണത്താലാണ് നിദാനശാസ്ത്രത്തിന്റെ മൂന്ന് പ്രധാന അവലംബങ്ങളില്‍ ഒന്നായി ഇല്‍മുല്‍ കലാമിനെ ഇമാം ജുവൈനി, ആമുദി, സുബ്കി പോലോത്തവര്‍ എണ്ണിയത്. അറബി ഭാഷയും കര്‍മ ശാസ്ത്രവുമാണ് മറ്റ് രണ്ട് മേഖലകള്‍. അടിസ്ഥാനപരമായ ഈ കാര്യങ്ങളെല്ലാം ഇമാം ശാഫിഈ (റ) തന്റെ രിസാലയില്‍ വിവരിച്ചതായി കാണാം.
എന്നാല്‍ ഇതിനപ്പുറം നദാന ശാസ്ത്രത്തിലെ മറ്റു ചര്‍ച്ചകളില്‍ വിശ്വാസപരമായ തര്‍ക്കള്‍ക്ക് കാര്യമായ സ്വാധീനമില്ലായിരുന്നു. മുഅ്തസലി പണ്ഡിതരുടെ നിലപാടുകളാണ് തര്‍ക്ക ശാസ്ത്രത്തിന്റെ സ്വാധീന മേഖല വിപുലമാക്കിയത്. തങ്ങളുടെ അഭിപ്രായങ്ങളെ സാധൂകരിക്കാന്‍ ഗ്രീക് ലോജിക്കിന്റെയും ഫിലോസഫിയുടെയും രീതികള്‍ അവലംബിക്കുകയായിരുന്നു മുഅ്തസിലികള്‍. ഖലീഫമാരുടെ പിന്‍ബലം ഇവരുടെ വാദഗതികള്‍ക്ക് സമൂഹത്തില്‍ സ്വാധീനം സ്യഷ്ടിക്കാനിടയാക്കി. അശ്അരി പണ്ഡിതരായിരുന്നു ഇവര്‍ക്ക് തടയിട്ടത്. നിദാന ശാസ്ത്ര തത്വങ്ങള്‍ അടിസ്ഥാനമാക്കി അവരുടെ വാദങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു അശ്അരികള്‍. ഗത്യന്തരമില്ലാതെ മുഅ്തസിലുകളും നിദാന ശാസ്ത്ര മേഖലയിലേക്ക് കടന്ന് വരുകയും തങ്ങളുടെ വാദങ്ങളെ ആ ചര്‍ച്ചകളുലേക്കു കൂടി വലിച്ചിഴക്കുകയും ചെയ്തു. സ്വാഭാവികമായും അശ്അരികള്‍ തങ്ങളുടെ നിദാന ശാസ്ത്ര ഗ്രന്ഥങ്ങളില്‍ മുഅ്തസലി വാദങ്ങളെ ഗണ്ഡച്ചു. ഇങ്ങനെയാണ് പിന്നീട് നിദാന ശ്‌സ്ത്ര ചര്‍ച്ചകളിലും രചനാ ശൈലിയിലും സമര്‍ത്ഥന രീതിയിലുമെല്ലാം കലാമിന്റെ സ്വാധീനം പ്രകടമായത് (സാനു ഖുഥുബ്, അല്‍ മുതകല്ലിമൂന വ ഉസ്വൂലുല്‍ ഫിഖ്ഹ്).
രൂപീകരണ പശ്ചാത്തലം
ഇരു വിജ്ഞാന മേഖലകളും രൂപം കൊള്ളാനുണ്ടായ സാഹചര്യങ്ങളില്‍ ഏറെ സാദ്യശ്യങ്ങള്‍ കാണാന്‍ സാധിക്കും. അടിസ്ഥാന പ്രമാണങ്ങളെ ഗവേഷണാത്മകമായി സമീപിക്കാനുള്ള മാനദണ്ഡങ്ങളില്‍ അവ്യക്തതകള്‍ വരികയും വ്യതിചലനങ്ങള്‍ക്ക് സാധ്യത വരികയും ചെയ്തപ്പോഴാണ് നിദാനശാസ്ത്രം ക്രോഢീകരിക്കപ്പെട്ടത്. കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ നിവേദനത്തിന് പ്രാധാന്യം നല്‍കുന്നവരും (അസ്വഹാബുല്‍ ഹദീസ്) അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരുമായി (അസ്വഹാബുറഅയ്) തരംതിരിയുകയും പരസ്പരം ആരോപണ-പ്രത്യാരോപണങ്ങള്‍ നടത്തുകയും ചെയ്തു. ഇരു വിഭാഗം പണ്ഡിതരുടെയും സമീപനങ്ങളെ കൃത്യമായി മനസ്സിലാക്കിയ ഇമാം ശാഫിഈ (റ) ഗവേഷണത്തിന് കണിശമായ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച തന്റെ രിസാലയിലൂടെ നിദാനശാസ്ത്രത്തിന് അടിത്തറ പാകി.
അതേസമയം, വിശ്വാസാദര്‍ശങ്ങളിലെ വ്യതിചലനങ്ങളെ പ്രതിരോധിക്കല്‍ ഇല്‍മുല്‍ കലാമിന്റെ രൂപീകരണ ലക്ഷ്യമായിരുന്നു. ഇസ്‌ലാമിക സമൂഹം വിശ്വാസപരമായി വിവിധ വിഭാഗങ്ങളായി പരസ്പരം പോരടിച്ച ഒരു കാലമുണ്ടായിരുന്നു. കേവല യുക്തിയുടെ പിന്‍ബലത്തില്‍ ചില അബ്ബാസി ഭരണാധിപന്‍മാരുടെ പിന്തുണയോടെ മുഅ്തസിലിസം മുസ്‌ലിം ചിന്താമണ്ഡലത്തെ സ്വാധീനിച്ച ആ പ്രതിസന്ധി ഘട്ടത്തിലാണ് സുന്നീ വിശ്വാസ സരണിയുടെ സ്ഥാപകനായ ഇമാം അശ്അരി (റ) കടന്നുവരുന്നത്. യുക്തിയുടെ പിന്‍ബലത്തില്‍ നിവേദനങ്ങളെ ശരിയായി വ്യാഖ്യാനിക്കാനുള്ള മാനദണ്ഡങ്ങള്‍ അദ്ദേഹം വ്യകതമാക്കി. ഇങ്ങനെ അതതു മേഖലയിലുമുള്ള വ്യതിചലനങ്ങളെ പ്രതിരോധിക്കാനും സത്യ സരണിയെ സംരക്ഷിക്കാനുമാണ് ഇരു ശാസ്ത്ര ശാഖകളും രൂപം കൊണ്ടത്.
പ്രധാന പ്രതിപാദ്യ വിഷയങ്ങള്‍
രചനാ ശൈലിയിലെ സ്വാധീനത്തിനു പുറമെ ഇല്‍മുല്‍ കലാമിലെ പല ചര്‍ച്ചകളും നിദാനശാസ്ത്ര ഗ്രന്ഥങ്ങളില്‍, പ്രത്യേകിച്ച് മുതകല്ലിമീങ്ങളായ മുഅ്തസലി-അശ്അരി പണ്ഡിതരുടെ രചനകളില്‍ ഇടം പിടിച്ചതായി കാണാന്‍ സാധിക്കും. ഗ്രന്ഥകര്‍ത്താവിന്റെ അഭിരുചി, കാലഘട്ടം തുടങ്ങിയവക്കനുസരിച്ച് ഇതില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. ഇമാം റാസി (ഹി. 543-606) യുടെ മഹ്‌സ്വൂല്‍, ആമിദി (ഹി. 551-631) യുടെ ഇഹ്കാം എന്നിവയില്‍ ഈ സ്വാധീനം ഏറെ പ്രകടമാണ്. കേരളത്തില്‍ ഏറെ പരിചിതമായ താജുസ്സുബ്കി (ഹി. 728-771) യുടെ ജംഉല്‍ ജവാമിഇല്‍ പോലും ഇത്തരം പല വിഷയങ്ങളും
പ്രതിപാദിച്ചിട്ടുണ്ട്.
ഹുസ്‌ന്, ഖുബ്ഹ്:
കാര്യങ്ങളുടെ നന്മ (ഹുസ്‌ന്), തിന്മ (ഖുബ്ഹ്) എങ്ങനെ തീരുമാനിക്കാം എന്നത് ഏറെ തര്‍ക്കങ്ങള്‍ക്ക് വഴിവെക്കുകയും നിദാനശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിരന്തരം ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത വിഷയമാണ്. നന്മ-തിന്മ എന്നത് ഓരോ വസ്തുവിന്റെയും സഹചമായ സ്വഭാവമാണ് എന്നാണ് മുഅ്തസിലികള്‍ അഭിപ്രായപ്പെടുന്നത്. ഇത് പരിഗണിച്ചാണ് നല്ലകാര്യങ്ങളെ അല്ലാഹു അനുവദിക്കുന്നതും ചീത്ത കാര്യങ്ങളെ വിലക്കുന്നതും. ഇവ ശരീഅത്തിലില്ലെങ്കിലും ബുദ്ധികൊണ്ട് സ്വയം ഗ്രഹിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ പ്രവാചകര്‍ വന്നില്ലെങ്കിലും അല്ലാഹുവില്‍ വിശ്വസിക്കലും അനുഗ്രഹദാതാവിന് നന്ദി പ്രകടിപ്പിക്കലും നിര്‍ബന്ധമാണ്. ഇങ്ങനെ നന്മ ചെയ്താല്‍ നിര്‍ബന്ധമായും കൂലി ലഭിക്കുന്നതും തിന്മകള്‍ക്ക് ശിക്ഷ ലഭിക്കുന്നതുമാണ്. ഏറ്റവും നല്ലത് ചെയ്യല്‍ അല്ലാഹുവിന്റെ ബാധ്യതയാണ് എന്ന അവരുടെ വാദമാണിതിന്ന് അടിസ്ഥാനം.
ഈ വാദങ്ങളെയെല്ലാം നിശിതമായി വിമര്‍ശിക്കുകയും തെളിവുകളുടെ പിന്‍ബലത്തില്‍ തള്ളിക്കളയുകയുമായിരുന്നു അശ്അരികള്‍. അല്ലാഹു കല്‍പിച്ചതല്ലാം നന്മയും വിലക്കിയതെല്ലാം തിന്മയുമണ്; ശരീഅത്തിലൂടെ മാത്രമേ പരലോകത്തെ വിജയ-പരാജയങ്ങളുടെ മാനദണ്ഡങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കൂ; പ്രവാചക നിയോഗമില്ലാത്ത സമൂഹങ്ങളെ അല്ലാഹു ശിക്ഷിക്കണമെന്നില്ല എന്നെല്ലാം അവര്‍ ഊന്നിപ്പറഞ്ഞു.
ഇഹലോകത്തിന്റെ മാനദണ്ഡങ്ങളനുസരിച്ച് സ്രഷ്ടാവായ അല്ലാഹുവിനെ മനസ്സിലാക്കാന്‍ ശ്രമിച്ചതാണ് മുഅ്തസിലികള്‍ ചെയ്ത അബദ്ധം. ഇബ്‌നു തൈമിയ്യയെപ്പോലോത്ത സലഫി പണ്ഡിതര്‍ നന്മ-തിന്മകള്‍ ഏതൊരുകാര്യത്തിന്റെയും സഹച സ്വഭാവമാണെന്ന മുഅ്തസലി വാദഗതി സ്വീകരിച്ചവരും ഇവ നിരാകരിക്കുന്ന അശ്അരി നിലപാട് സ്വാഭാവിക ബുദ്ധിക്ക് നിരക്കാത്തതും നിവേദനങ്ങള്‍ക്ക് വിരുദ്ധവുമാണ് എന്ന നിലപാടുകാരുമാണ്. എന്നാല്‍ പ്രതിഫലവും ശിക്ഷയും ലഭിക്കുന്നത് ശരീഅത്തിനനുസ്യതമായാണ് എന്ന അശ്അരി നലപാട് അവര്‍ അംഗീകരിക്കുകയും ചെയ്യുന്നു. സത്യത്തില്‍ അശ്അരി നിലപാട് ക്യത്യമായി അപഗ്രഥിക്കാതെ ഉന്നയിച്ച ഉപരിതല സ്പര്‍ശിയായ വിമര്‍ശമാണ് സലഫികളുടേത്.
നന്മ-തിന്മകള്‍ക്ക് മൂന്ന് അര്‍ത്ഥ തലങ്ങള്‍ നല്‍കിയാണ് അശ്അരികള്‍ വിശദീകരിച്ചത്. ഒന്ന്, മനുഷ്യ പ്രക്യതിക്ക് അനുകൂലവും പ്രതികൂലവുമെന്ന അര്‍ത്ഥം. ഉദാഹരണമായി കയ്പ് അരോചകവും മധുരം രുചികരവുമാകുക. രണ്ട്, പൂര്‍ണ്ണതയുടെയും ന്യൂനതയുടെയും മാനദണ്ഡം എന്ന രീതിയില്‍. വിജ്ഞാനത്തിന്റെ മഹത്വവും അജ്ഞതയുടെ മോശത്തരവും ഉദാഹരണം. ഇവ രണ്ടും യുക്തിസഹമാണ് എന്ന് അശ്അരികള്‍ അംഗീകരിക്കുന്നു. മൂന്ന്, ഇഹലോകത്ത് സ്തുത്യര്‍ഹം, വിമര്‍ശന വിധേയമായത് എന്നും പരലോകത്ത് പ്രതിഫലം ലഭിക്കുന്നത്, ശിക്ഷിക്കപ്പെടുന്നത് എന്നും അര്‍ത്ഥം കല്പ്പിക്കാവുന്നത്. ഇവ ദൈവികമായ വെളിപാടിലൂടെ മാത്രം മനസ്സിലാകുന്നതാണ്. എല്ലാം പടച്ച സര്‍വശക്തനായ സ്രഷ്ടാവിനെ കേവല യുക്തിക്കനുസരിച്ച് വ്യാഖ്യാനിക്കുന്ന തത്വചിന്തകരുടെയും അവരുടെ സ്വാധീനത്തിലകപ്പെട്ട മുഅ്തസലികളുടെയും വാദങ്ങളെ നിവേദനങ്ങളുടെയും യുക്തിയുടെയും പിന്‍ബലത്തില്‍ നിരര്‍ത്ഥകമാക്കാനായിരുന്നു അശ്അരികള്‍ ഈ രീതി സ്വീകരിച്ചത്. സാധാരണക്കാര്‍ക്ക് ഇത് ഗ്രഹിക്കാന്‍ പ്രയാസകരമായേക്കാം.
ഇല്‍മുല്‍ കലാമിലെ ഈ ചര്‍ച്ചകള്‍ സ്വാഭാവികമായും നിദാനശാസ്ത്രത്തിലേക്ക് വലിച്ചിഴക്കപ്പെടുകയും മറ്റു പല ചര്‍ച്ചകളെയും സ്വാധീനിക്കുകയുമായിരുന്നു. അനുഗ്രഹദാതാവിന് നന്ദി ചെയ്യുക, പ്രവാചക നിയോഗമല്ലാത്ത സമൂഹങ്ങളുടെ അവസ്ഥ, ശരീഅത്തിന്റെ മുമ്പുള്ള മതവിധി, നസ്ഖിന്റെ വ്യാഖ്യാനം, അസാധ്യമായത് കൊണ്ടുള്ള കീര്‍ത്തനം, പ്രഥമ നിര്‍ബദ്ധ ബാധ്യത തുടങ്ങിയവ ചില ഉദാഹരണം.
അസാധ്യമായവ കല്‍പിക്കപ്പെടല്‍
തക്‌ലീഫു മാലാ യുത്വാഖു എന്ന ശീര്‍ഷകത്തില്‍ പല ഉസ്വൂലീ പണ്ഡിതരും സവിസ്തരം പ്രതിപാദിച്ച വിഷയമാണിത്. അസംഭവ്യമായവ (മുഹാല്‍) കാര്യങ്ങള്‍ മൂന്ന് ഇനങ്ങളാണ്. 1) സ്വയം അസംഭവ്യമായവ. അഥവാ ബുദ്ധിപരമായി അസാധ്യവും സാധാരണഗതിയില്‍ നടക്കാത്തതുമായ കാര്യങ്ങള്‍. ഉദാഹരണമായി രാവും പകലും ഒന്നിച്ച് വരിക. 2) ബാഹ്യ കാരണങ്ങളാല്‍ അസംഭവ്യമായവ. അഥവാ ബുദ്ധിക്ക് ഉള്‍കൊള്ളാന്‍ പറ്റുന്നതും എന്നാല്‍ സാധാരണഗതിയില്‍ നടക്കാത്തതുമായ കാര്യങ്ങള്‍. ഉദാഹരണത്തിന് മനുഷ്യന്‍ പറക്കുക എന്നത്. 3) സംഭവിക്കുകയില്ല എന്ന് അല്ലാഹു തീരുമാനിച്ചതിനാല്‍ അസാധ്യമായത്. ഉദാഹരണമായി അബൂ ജഹ്ല്‍ മുസ്‌ലിമാവുകയില്ല എന്ന് നേരത്തേ അറിയുന്ന അല്ലാഹു അവനോട് ഇസ്‌ലാം സ്വീകരിക്കാന്‍ കല്‍പിക്കുന്നത്. മൂന്നാമത്തേത് കൊണ്ടുള്ള കല്‍പന സാധ്യവും യാഥാര്‍ത്ഥ്യവുമാണ് എന്ന് എല്ലാവരും അംഗീകരിക്കും. മറ്റു രണ്ട് കാര്യങ്ങളും കല്പിക്കപ്പെടാന്‍ പറ്റുമോ എന്നത് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ തര്‍ക്കവിഷയമാണ്. എല്ലാം സാധ്യമാണ് എന്നാണ് ഇമാം അശ്അരി (ഹി. 260-324) യുടെ അഭിപ്രായം. ഇമാം റാസി (റ), ബൈദാവി (മ. ഹി. 685), താജുസ്സുബ്കി (റ) തുടങ്ങിയ അശ്അരി പണ്ഡിതരും അദ്ദേഹത്തോട് യോജിച്ചു.
എന്നാല്‍ ഇത് യുക്തിരഹിതവും അല്ലാഹുവിനോട് യോജിക്കാത്തതുമാണ് എന്നാണ് മുഅ്തസലികളുടെ നിലപാട്. അബൂ ഹാമിദ് അല്‍ ഇസ്ഫറായീനി (മ. ഹി. 406), അല്‍ ഗസാലി (ഹി. 450-505), ഇബ്‌നു ദഖീഖ് അല്‍ ഈദ് (ഹി. 625-702) തുടങ്ങിയ അശ്അരി പണ്ഡിതരും ഇതിനോട് യോജിച്ചു. അസാധ്യമായവ കല്‍പിക്കപ്പെടുന്നത് കൊണ്ട് പ്രത്യേകിച്ച് ഉപകാരമില്ല എന്നാണ് അവരുടെ ന്യായം. പ്രത്യക്ഷത്തില്‍ സാധ്യമല്ലെങ്കിലും അതിനായി പരിശ്രമിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് ഉദ്ദേശ്യമെന്നും പരിശ്രമത്തിന് പ്രതിഫലം ലഭിക്കുമെന്നും അശ്അരികള്‍ വിശദീകരിക്കുന്നു. സ്വയം അസാധ്യമായവ കല്‍പിക്കപ്പെടില്ലെന്നും എന്നാല്‍ ബാഹ്യ കാരണങ്ങളാല്‍ അസാധ്യമായവ കല്‍പിക്കപ്പെടാമെന്നുമാണ് ചില മുഅ്തസലി പണ്ഡിതരുടെയും ആമിദിയെപ്പോലോത്ത ചില അശ്അരികളുടെയും അഭിപ്രായം. സലഫികള്‍ ഈ വര്‍ഗീകരണത്തെ തന്നെ തള്ളിക്കളയുകയും അസാധ്യമായത് കല്‍പിക്കുക എന്നത് ഖൂര്‍ആനിനും തിരുചര്യക്കുമെതിരാണെന്നും സമര്‍ത്ഥിക്കുന്നു.
സത്യത്തില്‍ നിദാനശാസ്ത്ര ചര്‍ച്ചകളില്‍ അപ്രസക്തമായ ഒരു തര്‍ക്കമാണിത്. മനുഷ്യന്റെ സര്‍വ കഴിവുകളെയും നിഷേധിക്കുകയും ദൈവവിധിക്കനുസ്യതമായി യാന്ത്രികമായി ചലിക്കുക മാത്രമാണ് മനുഷ്യന്‍ എന്ന് വാദിക്കുകയും ചെയ്യുന്ന ജബരിയ്യാക്കളാണ് ഈ വാദം ആദ്യമായി അവതരിപ്പിക്കുന്നത്. ഇതിന് നേര്‍വിപരീതമായി പ്രവൃത്തികളല്ലാം മനുഷ്യന്‍ സ്വയം സ്യഷ്ടിക്കുകയാണെന്നും അതിനാല്‍ ചെയ്യാന്‍ സാധിക്കാത്തത് കല്‍പിക്കപ്പെടില്ലെന്നുമായി മുഅ്തസിലികള്‍. കാലക്രമേണ നിദാനശാസ്ത്രത്തിലേക്ക് വലിച്ചിഴക്കപ്പെട്ട ഈ ചര്‍ച്ചയില്‍ ഇരു വാദഗതിയെയും ഖണ്ഡിക്കുകയും മധ്യനിലപാട് സ്വീകരിക്കുകയുമായിരുന്നു അശ്അരികള്‍.
പക്ഷെ, സുദീര്‍ഘമായ വാദമുഖങ്ങള്‍ക്കൊടുവില്‍ പലരും രണ്ടാലൊരു ചേരിയിലേക്ക് മാറുന്നതായി നമുക്ക് കാണാന്‍ സാധിക്കും. അസംഭവ്യമായവ കല്പ്പിക്കപ്പെടല്‍ സാധ്യവും യാഥാര്‍ത്ഥ്യവുമാണെന്ന് സ്ഥാപിക്കാനുള്ള വിഫലശ്രമത്തിന് ഇമാം റാസി (റ) മഹ്‌സ്വൂല്‍ എന്ന തന്റെ ഗ്രന്ഥത്തിലെ നിരവധി പേജുകള്‍ നീക്കിവച്ചതായി കാണാം. അദ്ദേഹത്തോട് താത്വികമായി യോജിക്കുന്ന താജുസ്സുബ്കി (റ) പോലും സ്വയം അസംഭ്യവ്യമായത് കൊണ്ടുള്ള കല്‍പന ശരീഅത്തില്‍ കാണാന്‍ സാധിക്കുകയില്ല എന്ന് അര്‍ഥശങ്കക്കിടയില്ലാതെ പറയുന്നു. എന്നാല്‍ അസംഭവ്യമായതൊന്നും കല്‍പിക്കപ്പെട്ടിട്ടില്ല എന്നതാണ് പൊതു നിലപാട് എന്നും അല്ലാഹുവിന്റെ അറിവ് കാരണത്താല്‍ അസംഭവ്യമായവ യഥാര്‍ത്ഥത്തില്‍ സാധ്യമാണെന്നും ഇമാം മഹല്ലി (റ) യും രേഖപ്പെടുത്തുന്നു.
മതവിധി: നിര്‍വചനം, വര്‍ഗീകരണം
നിര്‍വചനങ്ങള്‍ എന്നും സുദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് കളമൊരുക്കിയിട്ടുണ്ട്. ക്യത്യമായ നിര്‍വചനങ്ങളിലൂടെ മാത്രമേ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയൂ എന്നാണ് മുതകല്ലിം പണ്ഡിതരുടെ നിലപാട്. മതവിധിയെ (ഹുകും ശര്‍ഈ) നിര്‍വചിക്കുന്നതിലുള്ള അഭിപ്രായാന്തരങ്ങള്‍ ഈ ഗണത്തില്‍ പെട്ടതാണ്. ഒരു മുകല്ലഫ് (വകതിരിവുള്ളവന്‍) എന്ന രീതിയില്‍ അവന്റെ പ്രവര്‍ത്തനങ്ങളോട് ബന്ധപ്പെട്ട അല്ലാഹുവിന്റെ സംബോധന (ഖിത്വാബ്) യായാണ് ഹുകുമിനെ അശ്അരികള്‍ നിര്‍വചിച്ചത്. ഇത് നിരവധി ചോദ്യങ്ങള്‍ക്ക് വഴിവെക്കുന്നു. അല്ലാഹുവിന്റെ സംസാരത്തില്‍ (കലാം) പെട്ടതാണ് സംബോധനവും. പക്ഷെ, ആദിയില്‍ അഭിസംബോധകരില്ലാത്തതിനാല്‍ ഇതിനെ യഥാര്‍ത്ഥത്തില്‍ സംബോധനം എന്ന് വിളിക്കാന്‍ പറ്റുമോ? ശരിയായ അര്‍ത്ഥത്തില്‍ പറ്റില്ല എന്നാണ് ബാഖില്ലാനി (റ), അല്‍ ഗസാലി (റ) തുടങ്ങിയ പണ്ഡിതരുടെ അഭിപ്രായം. വാക്കുകള്‍ മുഖേനയോ അല്ലാതെയോ ഇത് കേള്‍ക്കാനും മനസ്സിലാക്കാനും സാധിക്കുന്നവരുണ്ടാകുമ്പോഴേ ഇതിനെ സംബോധനം എന്ന് വിളിക്കാന്‍ പറ്റുകയുള്ളൂ. എന്നാല്‍ തല്‍സമയം ഇല്ലാത്തവരെ ഭാവിയില്‍ ഉണ്ടാകുമെന്ന് അല്ലാഹുവിന് അറിയാവുന്നതിനാല്‍ ഉള്ളവരായി പരിഗണിച്ച് ഇതിനെ സംബോധനം എന്ന് വിളിക്കാമെന്ന് ഭൂരിഭാഗം പണ്ഡിതരും അഭിപ്രായപ്പെടുന്നു.
അപ്പോള്‍ പുതുതായി വരുന്ന മുകല്ലഫിന്റെ പ്രവര്‍ത്തനങ്ങളോട് ആദ്യമേ ഉള്ള സംബോധന എങ്ങനെ ബന്ധപ്പെട്ട് കിടക്കും? ബന്ധങ്ങളെ രണ്ടായി തരംതിരിച്ചാണ് ഈ പ്രശ്‌നം പരിഹരിക്കുന്നത്. ആദ്യ ബന്ധം സാങ്കല്‍പികവും പിന്നീട് പ്രവാചകത്വ ലബ്ധിക്ക് ശേഷം തക്‌ലീഫിനുള്ള നിബന്ധനകള്‍ പൂര്‍ത്തിയാകുമ്പോള്‍ യഥാര്‍ഥ ബന്ധവും സ്ഥാപിക്കപ്പെടുന്നു. കുട്ടികള്‍, ബുദ്ധിശൂന്യര്‍ എന്നിവര്‍ വരുത്തിവെക്കുന്ന ബാധ്യതകളുടെ ഉത്തരവാദിത്വം, അജ്ഞന്‍; നിര്‍ബന്ധിതന്‍ എന്നിവരോടുള്ള കല്‍പന എന്നിവ ഇവിടെ കടന്ന് വരുന്ന അനുബന്ധ ചര്‍ച്ചകളാണ്.
ആദിയിലുള്ള സംബോധന കല്‍പന, നിരോധനം തുടങ്ങിയ വര്‍ഗീകരണത്തിന് വിധേയമാകുമോ എന്ന ചര്‍ച്ചയിലും ഈ തര്‍ക്കങ്ങളൊക്കെയും വീണ്ടും കടന്ന് വരുന്നു.
നിര്‍ബന്ധിതനോടുള്ള കല്‍പന
ഉറങ്ങിയോ മറന്നോ മറ്റോ കാര്യങ്ങള്‍ അറിയാത്തവന്‍, അപകടങ്ങളിലോ മറ്റോ പെട്ട് നിര്‍ബന്ധിത സാഹചര്യങ്ങളിലുള്ളവന്‍, ഭീഷണികൊണ്ട് ഒരു കാര്യം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടവന്‍ എന്നിവര്‍ക്ക് ഇസ്‌ലാമിക വിധിവിലക്കുകള്‍കൊണ്ട് കല്‍പനയുണ്ടോ എന്നതും വിശ്വാസശാസ്ത്രസംബന്ധിയായ ചര്‍ച്ചകളാണ്. അസാധ്യമായവ കൊണ്ട് കല്‍പന പറ്റുമെന്നതിനാല്‍ ഇതും ബുദ്ധിപരമായി സാധ്യമാണെന്നും എന്നാല്‍ ശരീഅത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ല എന്നുമാണ് ഇമാം അശ്അരി (റ) യുടെ അഭിപ്രായമായി അറിയപ്പെടുന്നത്. എന്നാല്‍ പ്രമുഖ അശ്അരി പണ്ഡിതര്‍ ഇതിനോട് വിയോജിക്കുന്നു. കാരണം അസാധ്യമായവ കൊണ്ട് കല്‍പിക്കപ്പെട്ടാല്‍ അവന്‍ അതിന് പരിശ്രമിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം. ഇവിടെ ആ ഉപകാരവും ഇല്ല. കല്‍പന അറിഞ്ഞാലേ അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. ഉറങ്ങുന്നവനെപ്പോലോത്തവര്‍ കല്‍പന അറിയുന്നേ ഇല്ല. അതിനാല്‍ അവര്‍ കല്‍പിക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നില്ല. എന്നിരുന്നാലും ഉറക്കത്തില്‍ നഷ്ടപ്പെട്ടത് ഖദാ വീട്ടണമെന്ന് എല്ലാവരും സമ്മതിക്കുന്നു.
അപകടത്തില്‍ പെട്ട് നിര്‍ബന്ധിത സാഹചര്യങ്ങളിലുള്ളവന്റേതും ഇതിനോട് സമാനമായ അവസ്ഥയാണ്. ഉദാഹരണമായി ഒരാള്‍ ബില്‍ഡിംഗിന്റെ മുകളില്‍ നിന്ന് മറ്റൊരാളുടെ മുകളിലേക്ക് പതിക്കുയും തദരേണ അയാള്‍ കൊല്ലപ്പെടുകയും ചെയ്യുന്ന അവസ്ഥ. ഇവിടെ അയാളുടെ മുകളില്‍ പതിക്കൂകയെന്നത് നിര്‍ബന്ധമായും സംഭവിക്കുന്നതും അതില്‍ നിന്ന് തെന്നിമാറുക എന്നത് അസാധ്യവുമാണ്.
ഭീഷണികൊണ്ട് ഒരു കാര്യം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടവനെക്കുറിച്ചുള്ള നിലപാടില്‍ അശ്അരി പണ്ഡിതര്‍ക്കിടയില്‍ തന്നെ അഭിപ്രായാന്തരമുണ്ട്. അവന്‍ കല്‍പനക്ക് വിധേയനാണ് എന്നാണ് ഭൂരിപക്ഷ മതം. കാരണം അവന്‍ ഇസ്‌ലാമിക കല്‍പനകള്‍ മനസ്സിലാക്കാന്‍ കഴിയുന്നവനും ഭീഷണിക്ക് വിധേയമായോ അതിനെ അവഗണിച്ചോ കാര്യങ്ങള്‍ ചെയ്യാന്‍ ചെറുതായെങ്കിലും സ്വാതന്ത്ര്യം ഉള്ളവനുമാണ്. എന്നാല്‍ മുഅ്തസിലികള്‍ ഇതിനോട് വിയോജിച്ചു. കാരണം ഭീഷണി ഭയന്ന് ചെയ്ത കാര്യങ്ങള്‍ അല്ലാഹുവിനെ അനുസരിച്ചാണെന്ന് പറയാന്‍ കഴിയില്ല. ഭീഷണി നിലനില്‍ക്കെ അതിനെ അവഗണിക്കാനും സാധ്യമല്ല.
പ്രമുഖ അശ്അരി പണ്ഡിതനായ താജുസ്സൂബ്കി (റ) തന്റെ ജംഉല്‍ ജവാമിഇല്‍ ഇവിടെ മുഅ്തസലി പക്ഷത്തെയാണ് അംഗീകരിക്കുന്നത്. മന്‍ഉല്‍ മവാനിഇല്‍ തന്റ നിലപാടിനെ ശക്തിയുക്തം ന്യായീകരിക്കുക കൂടി ചെയ്‌തെങ്കിലും തന്റെ മറ്റൊരു ഗ്രന്ഥമായ അശ്ബാഹില്‍ അശ്അരി നിലപാടിനെ ശരിവെക്കുന്നുണ്ട്. മുഅ്തസലി അഭിപ്രായമാണ് കൂടുതല്‍ ക്യത്യമായ നിലപാടെന്ന് ഇമാം മഹല്ലി (റ) യും അടിവരയിടുന്നു. എന്നാല്‍ കൊല്ലുമെന്ന ഭീഷണി കാരണം മറ്റൊരാളെ കൊന്നാല്‍ അവന് കുറ്റമുണ്ട് എന്നത് തര്‍ക്കരഹിതമാണ്. അവന്‍ മുകല്ലഫാണ് എന്നതിന്റെ തെളിവാണിതെന്ന് ഒന്നാം വിഭാഗക്കാരും, അല്ല സുഹ്യത്തിന്റെ ജീവനക്കാള്‍ തന്റെ ജീവനെ മുന്തിച്ചതിനാണ് അവന് ശിക്ഷ എന്ന് രണ്ടാം വിഭാഗക്കാരും ന്യായീകരിക്കും.
ഖിയാസും ഇല്ലത്തും
തര്‍ക്കശാസ്ത്ര ചര്‍ച്ചകള്‍ ഏറെ കടന്നുവന്ന മേഖലയാണ് ഖിയാസ്. അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യകാരണങ്ങള്‍ക്ക് അതീതമാണെന്നും സര്‍വ സൃഷ്ടാവായ ദൈവത്തിന് താനുദ്ദേശിക്കുന്നതെന്തും ഏതുരീയിലും എപ്പോള്‍ വേണമേങ്കിലും ചെയ്യാമെന്നും അശ്അരികള്‍ സമര്‍ത്ഥിക്കുന്നു. അല്ലാഹു കാര്യകാരണങ്ങള്‍ക്കനുസൃതമായേ പ്രവര്‍ത്തിക്കൂ എന്നാണ് മുഅ്തസലി നിലപാട്. ഈ ചര്‍ച്ചയാണ് വിധിവിലക്കുകള്‍ക്ക് കാരണങ്ങളുണ്ടോ എന്ന നിദാന ശാസ്ത്ര ചര്‍ച്ചയില്‍ കടന്ന് വരുന്നത്. ളാഹിരകളല്ലാത്തവരെല്ലാം ഇവിടെ ഏകാഭിപ്രായക്കാരാണ്. എന്നാല്‍ മതവിധിയുടെ കാരണത്തെ (ഇല്ലത്) നിര്‍വചക്കുന്നതില്‍ അശ്അരികള്‍ക്കിടയിലെ അഭിപ്രായാന്തരം സുപ്രസിദ്ധമാണ്. ഇല്ലത് സ്വമേധയാ മതവിധിയെ ഉണ്ടാക്കുന്ന ഘടകമാണെന്ന് മുഅ്തസിലികളും, ദൈവ തീരുമാനപ്രകാരം മതവിധിയില്‍ സ്വാധീനം ചെലുത്തുന്നതാണന്ന് അല്‍ ഗസാലിയും, മതവിധിയുടെ പ്രേരകമാണിതെന്ന് ആമിദിയും നിര്‍വചിക്കുന്നു.
കാരണങ്ങളെ മതവിധിയുടെ കേവല അടയാങ്ങളായി മാത്രം പരിചയപ്പെടുത്തുന്ന അശ്അരി നിലപാടുതറയില്‍ നിന്ന് ഇവ അസ്വീകാര്യമാണെന്നാണ് താജുസ്സുബ്കിയെപ്പോലോത്തവരുടെ വിമര്‍ശനം. സുദീര്‍ഘമായ താത്വിക സംവാദങ്ങള്‍ക്ക് കാരണമായ ഈ അഭിപ്രായാന്തരങ്ങള്‍ കാര്യമാത്ര പ്രസക്തമല്ലെന്നും ഭിന്ന നിലപാടകള്‍ക്കിടയില്‍ വൈരൂദ്ധ്യങ്ങളില്ലെന്നും ആധുനിക അശ്അരി പണ്ഡതനായ സഈദ് റമദാന്‍ ബൂഥിയുടെ നിരീക്ഷണം.
ഉപസംഹാരം
ഇരു ശാഖകളിലെയും പ്രതിപാദ്യ വിഷയങ്ങളില്‍ സാമ്യതകളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് മുകളില്‍ ചര്‍ച്ച ചെയ്തത്. കലാമീ രചനാ ശൈലിയുടെ സ്വാധീനം പില്‍ക്കാല നിദാന ശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഏറെ പ്രകടമാണ്. പ്രമുഖ പണ്ഡിതരല്ലാം ഇരു മേഖലയിലും പ്രാവീണ്യം നേടുകയും ഗ്രന്ഥ രചന നടത്തുകയും ചെയ്തതാണിതിന് കാരണം. എന്നാല്‍ ഇല്‍മുല്‍കലാമിന്റെ ഈ സ്വാധീനത്തെ ഇബ്‌നു തെയ്മിയ്യയെപ്പോലോത്ത പലരും വിമര്‍ശിച്ചിട്ടുണ്ട്. ഇമാം ശാഥിബി തന്റെ വിശ്വ വിഖ്യാത രചനയായ മുവാഫഖാതില്‍ നടത്തിയ വിമര്‍ശനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. കര്‍മശാസ്ത്ര നിയമങ്ങള്‍ കൈകൊള്ളാന്‍ സഹായകരമല്ലാത്ത മുഴുവന്‍ ചര്‍ച്ചകളും നിദാനശാസ്ത്ര രചനകളില്‍ അനാവശ്യമാണ്. ഭാഷയുടെ ഉല്‍പത്തി, ഇല്ലാത്തവരോടുള്ള കല്‍പന, അനുവദിനീയമായവ കല്‍പനകളില്‍ പെട്ടതാണോ, പ്രവാചകന്‍ മുന്‍ നിയമവ്യവസ്ഥിതിക്ക് വിധേയനാണോ തുടങ്ങിയ ചര്‍ച്ചകള്‍ ഇത്തരത്തില്‍ ഒഴിവാക്കേണ്ടതാണ്. വ്യാകരണം, പദശാസ്ത്രം തുടങ്ങിയവയും അതതു ശാഖകളില്‍ ചര്‍ച്ചചെയതാല്‍ മതി എന്ന അദ്ദേഹത്തിന്റെ അഭിപ്രായവും ഇതിനോട് ചേര്‍ത്ത് വായിക്കണം.
ആധുനിക ഗ്രന്ഥകാരന്‍മാര്‍ വ്യാപകമായി ഈ വിമര്‍ശനങ്ങളെ ഏറ്റുപിടിക്കുന്നുണ്ട്. കലാമീ ചര്‍ച്ചകളില്‍ നിന്ന് മുക്തമായ നിരവധി ഗ്രന്ഥങ്ങള്‍ നിദാന ശാസ്ത്ര മേഖലയില്‍ ഇന്നു ലഭ്യമാണ്. എന്നാല്‍ ഈ വിമര്‍ശനങ്ങളെ തള്ളിക്കളയുകയും എന്ത്‌കൊണ്ട് കലാമി ചര്‍ച്ചകള്‍ നിദാനശാസ്ത്രത്തിന് അനിവര്യമാണെന്ന് സമര്‍ത്ഥിക്കുകയുമാണ് സൈഫുദ്ദീന്‍ ആമിദിയുടെ സംഭാവനകളെക്കുറിച്ച് പഠിച്ച ഓറിയന്റലിസ്റ്റ് പണ്ഡിതനായ ബെര്‍നാട് വൈസ് തന്റെ ദ സേര്‍ച്ച് ഫോര്‍ ഗോഡ്‌സ് ലോ എന്ന ഗ്രന്ഥത്തില്‍. അക്കാലത്തെ തത്വചിന്തകരുടെ വെല്ലുവിളികളെ നേരിടാന്‍ നമ്മുടെ മുന്‍ഗാമികള്‍ നടത്തിയ ഇടപെടലുകളില്‍ നിന്ന് പാഠമുള്‍കൊണ്ട് ആധുനിക പ്രശ്‌നങ്ങളെ നേരിടാന്‍ നിദാന ശാസ്ത്ര ഗ്രന്ഥങ്ങളെ പുനരാവിഷ്‌കരിക്കുകയാണ് നമ്മുടെ ഉത്തരവാദിത്തം.
അവലംബങ്ങള്‍
താജുദ്ദീന്‍ അബ്ദുല്‍ വഹ്ഹാബ് അസ്സുബ്കി, ജംഉല്‍ ജവാമിഅ്.
ഡോ. ഖാലിദ് അബ്ദുലഥീഫ്, മസാഇലു ഉസ്വൂലുദ്ധീനില്‍ മബ്ഹൂസ ഫീ ഇല്‍മി ഉസ്വൂലുല്‍ ഫിഖ്ഹ്.
ഡോ. മുസ്ഥഫാ സാനൂ ഖുഥുബ്, അല്‍ മുതകല്ലുമൂന വ ഉസ്വൂലുല്‍ ഫീഖ്ഹ്.
ഡോ. മുഹമ്മദ് അറൂസി അബ്ദുല്‍ ഖാദിര്‍, അല്‍ മസാഇലുല്‍ മുശ്തറക ബൈന ഉസ്വൂലില്‍ ഫീഖ്ഹി വ ഉസ്വൂലുദ്ദീന്‍.
ബെര്‍നാഡ് ജി. വൈസ്, ദ സേര്‍ച് ഫോര്‍ ഗോഡ്‌സ് ലോ: ഇസ്‌ലാമിക് ജൂറിസ്പ്രൂഡന്‍സ് ഇന്‍ ദ റൈറ്റിംഗ്‌സ് ഓഫ് സൈഫുദ്ദീന്‍ ആമിദി.
സഈദ് റമദാന്‍ ബൂഥി, ളവാബിഥുല്‍ മസ്വലഹ ഫിശ്ശരീഅല്‍ ഇസ്‌ലാമിയ്യ.
അബൂ ഇസ്ഹാഖ് ശാഥിബി, കിതാബുല്‍ മുവാഫഖാത്.
Leave A Comment