ശീഇസം
”അലീ, താങ്കള്‍ പ്രവാചകനായ ഈസയെപ്പോലെയാണ്. ജൂതന്മാര്‍ അദ്ദേഹത്തെ വെറുത്തു. അദ്ദേഹത്തിന്റെ മാതാവിനു നേരെ വ്യഭിചാരാരോപണം നടത്തി. ക്രിസ്ത്യാനികള്‍ ഈസാ നബിയെ അതിരുകവിഞ്ഞു സ്‌നേഹിച്ചു. അദ്ദേഹത്തിനില്ലാത്ത പദവികള്‍ ചാര്‍ത്തി ദൈവിക വിതാനത്തിലേക്കുയര്‍ത്തി. ഈ രണ്ടു സ്ഥിതി വിശേഷങ്ങളും താങ്കളിലും സംഭവിക്കും. രണ്ടു വിഭാഗം ജനങ്ങള്‍ താങ്കളുടെ പേരില്‍ നശിക്കും. താങ്കളിലില്ലാത്ത ഗുണഗണങ്ങള്‍ ഉണ്ടാക്കിയും അതിരുകവിഞ്ഞ സ്‌നേഹം പ്രകടിപ്പിച്ചും ഒരു വിഭാഗം നശിക്കും. താങ്കളെ കുറിച്ച് അപവാദങ്ങളും ആരോപണങ്ങളും അഴിച്ചുവിട്ടു മറ്റൊരു വിഭാഗവും…” (ഹാകിം, അബൂയഅ്‌ല)
ജുഹ്ഫയുടെ പ്രാന്ത പ്രദേശമായ ‘ഗദീര്‍ഖമ്മി’ല്‍ വെച്ചു നബി (സ), അലി(റ)യോടു പറഞ്ഞ വാക്കുകളാണിത്. അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ ഇതു പുലര്‍ന്നു. അലി(റ)ക്കെതിരെ വിപ്ലവത്തിനു ശ്രമിച്ചും അദ്ദേഹത്തെ മതഭ്രഷ്ടനാക്കി ചിത്രീകരിച്ചും ഖവാരിജുകള്‍ രംഗ പ്രവേശം ചെയ്തു. അതിന്റെ റിയാക്ഷനെന്നോണം അദ്ദേഹത്തെ അതിമാനുഷനും അതുല്യനുമാക്കി കൊണ്ട് ശീഇകളും ഇറങ്ങിത്തിരിച്ചു.
ശീഅത്തു അലി (അലിയുടെ കക്ഷി) എന്നതില്‍ നിന്നാണ് ശീഇസം ഉടലെടുത്തത്. സ്വിഫ്ഫീന്‍, ജമല്‍ സംഘട്ടനങ്ങളില്‍ അലി (റ)യുടെ പക്ഷത്തുനില്‍ക്കുകയും അദ്ദേഹത്തിനുവേണ്ടി പോരാടുകയും ചെയ്തവവരാണ് ശീഅത്തുഅലി. ഇവര്‍ മാര്‍ഗഭ്രംശം സംഭവിച്ചവരോ പുത്തന്‍വാദികളോ അല്ല. ശീഇകള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതും ഇവരെയല്ല. മറിച്ച് അലി(റ)യുടെ പക്ഷക്കാരാണെന്നു പറഞ്ഞു രംഗത്തുവരികയും നബികുടുംബത്തോടുള്ള വിശ്വാസികളുടെ ആദരവ് ചൂഷണം ചെയ്ത് അലി(റ)യെ അതിമാനുഷനാക്കി ഉയര്‍ത്തുകയും ചെയ്തവരാണ്. ഇസ്‌ലാമിന്റെ വേഷം കെട്ടി സമുദായത്തിലേക്കു നുഴഞ്ഞുകയറിയ അബ്ദുല്ലാഹിബിന്‍ സബഅ് ആയിരുന്നു വാസ്തവത്തില്‍ ശീഇസത്തിന്റെ ഉപജ്ഞാതാവ്.
ഉസ്മാന്‍(റ)ന്റെ കാലത്ത് പ്രത്യക്ഷത്തില്‍ ഇസ്‌ലാം സ്വീകരിച്ച ജൂതനായിരുന്നു ഇബ്‌നു സബഅ്. പേര്‍ഷ്യന്‍ വംശജനായ ഇയാള്‍, പുതുതായി ഇസ്‌ലാമിലേക്കു വന്ന പാമരന്മാര്‍ക്കിടയിലാണ് തന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചത്. മുഹമ്മദ് നബി(സ) മരണപ്പെട്ടിട്ടില്ലെന്നും അപ്രത്യക്ഷനായിരിക്കുക മാത്രമാണെന്നും വാദിച്ചുകൊണ്ട് ഇയാള്‍ തുടങ്ങി. ഈസാ(അ)യുടെ പുനരാഗമനത്തില്‍ വിശ്വസിക്കുകയും മുഹമ്മദ് നബി(സ)യുടെ മരണം അംഗീകരിക്കുകയും ചെയ്ത മുസ്‌ലിം നിലപാടിനെ ചോദ്യം ചെയ്തു. ഈസാ(അ)യെക്കാള്‍ ഉത്തമനാണ് മുഹമ്മദ് നബി(സ)യെങ്കില്‍, തീര്‍ച്ചയായും മുഹമ്മദ് (സ) ഭൂമിയില്‍ വീണ്ടും പ്രത്യക്ഷപ്പെടുമെന്നു വാദിച്ചു.
ഈ പുത്തന്‍വാദങ്ങള്‍ ഈജിപ്തിലായിരുന്നു ഇബ്‌നുസബഅ് അവതരിപ്പിച്ചിരുന്നത്. അവിടെ പല നവവിശ്വാസികളെയും അത് ആകര്‍ഷിച്ചു. അതോടെ അയാള്‍ അടുത്ത തന്ത്രം പ്രയോഗിച്ചു: ”എല്ലാ പ്രവാചകന്മാര്‍ക്കും അവര്‍ വസ്വിയ്യത്തു ചെയ്ത ഓരോ പിന്‍ഗാമികളുണ്ടായിട്ടുണ്ട്. മുഹമ്മദ് (സ) വസ്വിയ്യത്തു ചെയ്ത പിന്‍ഗാമി അലിയാണ്. മുഹമ്മദ് ഏറ്റവും ഉത്തമനും അവസാനത്തെവനുമായ പ്രവാചകനായതുപോലെ അലി ഏറ്റവും ഉത്തമനും അവസാനത്തെവനുമായ പിന്‍ഗാമിയുമാണ്.” അഹ്‌ലുല്‍ ബൈത്തിനെയും അലി(റ)യെയും നിഷ്‌കളങ്കമായി സ്‌നേഹിച്ച ഈജിപ്തിലെ പല പാമരന്മാരും ഈ പൊളിവചനം വിശ്വസിച്ചു.
തന്നെ അതിമാനുഷനാക്കി ചിത്രീകരിക്കാനുള്ള ഇബ്‌നു സബഇന്റെ ശ്രമം തിരിച്ചറിഞ്ഞ അലി(റ) അവനെ ഇറാഖിലെ ടെസ്‌ഫോണിലേക്കു നാടുകടത്തി. പക്ഷേ, അവന്‍ അടങ്ങിയിരുന്നില്ല. തന്റെ വിഷലിപ്തമായ ആശയങ്ങള്‍ അവിടെയും പരത്താന്‍ തുടങ്ങി. ഇബ്‌നുമുല്‍ജിമിന്റെ കുത്തേറ്റ് അലി(റ) വധിക്കപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞു: വധിക്കപ്പെട്ടത് അലി അല്ല. അലിയുടെ ആകൃതിയിലുള്ള പിശാചാണ്. ഈസാ പ്രവാചകന്‍ ആകാശത്തേക്കു ഉയര്‍ത്തപ്പെട്ടതു പോലെ അലിയും ആകാശത്തേക്കു ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. ഈസയെ വധിച്ചുവെന്നു ജൂത ക്രിസ്ത്യാനികള്‍ പറഞ്ഞതുപോലെ അലിയെ വധിച്ചുവെന്നു ഖവാരിജുകള്‍ പറയുകയാണ്. ഇടിനാദം അലിയുടെ ശബ്ദവും മിന്നല്‍പിണരുകള്‍ ചാട്ടവാറുമാണ്. ശത്രുക്കളെ നിഗ്രഹിക്കാന്‍ ഈസയെപോലെ അലിയും ഒരുനാള്‍ ഇറങ്ങിവരും….”
ഇബ്‌നു സബഇന്റെ തന്ത്രങ്ങള്‍ വിജയിച്ചു. ഒരുപറ്റം പാമരന്‍മാര്‍ അയാളുടെ വാക്കുകള്‍ അക്ഷരം പ്രതിസ്വീകരിച്ചു. ആ വാദങ്ങളെല്ലാം വേദ വചനങ്ങളായി അവര്‍ ഏറ്റെടുത്തു. ഇവരാണ് പിന്നീട് ‘സബഇയ്യാക്കള്‍’ എന്നറിയപ്പെട്ടത്. ആധുനിക ശിയാക്കള്‍ പൊതുവില്‍ ഇബ്‌നു സബഇനെ തള്ളിപ്പറയുകയും അയാളുടെ ശീഈ ബന്ധത്തെ മറച്ചുവെക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ശീഇസത്തിനു ബൗദ്ധികവും സൈദ്ധാന്തികവുമായ അടിത്തറ പാകിയത് ഇബ്‌നു സബഅ് ആണെന്നത് വസ്തുതയായി തന്നെ അവശേഷിക്കുന്നു. ധാരാളം തെളിവുകള്‍ അതിനുണ്ട്. ചില ശീഈ പണ്ഡിതന്മാര്‍ തന്നെ ഇബ്‌നു സബഇന്റെ ഈ ഇടപെടല്‍ അംഗീകരിച്ചിട്ടുമുണ്ട്.
അലി(റ)യുടെയും അഹ്‌ലുല്‍ ബൈത്ത് എന്നറിയപ്പെടുന്ന പ്രവാചക കുടുംബത്തിന്റെയും മഹത്വവും പദവിയും വ്യക്തമാക്കുന്ന ധാരാളം വചനങ്ങള്‍ നബി(സ)യില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ മുസ്‌ലിം സമുദായം അവരെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു. എന്നാല്‍ ഈ സ്‌നേഹവും ആദരവും ചൂഷണം ചെയ്തു തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുകയായിരുന്നു ശീഇകള്‍. അലി(റ)യോടുള്ള സ്‌നേഹത്തിന്റെ പേരില്‍ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, ആയിശ, ഇബ്‌നു സുബൈര്‍ തുടങ്ങിയ സ്വഹാബീ പ്രമുഖരെ നിന്ദിക്കുകയും അസഭ്യം പറയുകയും മതഭ്രഷ്ടരാണെന്നു വിധിയെഴുതുകയുമായിരുന്നു അവര്‍. അലി(റ)യും അഹ്‌ലുല്‍ ബൈത്തും ഒരിക്കലും ഇഷ്ടപ്പെടാത്ത രീതിയില്‍ അവരെ അതിമാനുഷരും സര്‍വ്വജ്ഞാനികളുമാക്കി വാഴ്ത്തി. പ്രവാചക കുടുംബത്തോടുള്ള സ്‌നേഹം ചൂഷണം ചെയ്ത് രാഷ്ട്രീയ ലാഭത്തിനുപയോഗിക്കുകയും സമുദായത്തെ ഭിന്നിപ്പിക്കുകയുമായിരുന്നു ഇതിന്റെ ആത്യന്തിക ലക്ഷ്യം.
അടിസ്ഥാന ആശയം
ഇമാമത്ത് വാദമാണ് മുഴുവന്‍ ശിയാ വിഭാഗങ്ങളുടെയും ആശയാടിത്തറ. ”പ്രവാചകനു ശേഷമുള്ള മുസ്‌ലിം സമുദായത്തിന്റെയ നായകന്‍ (ഇമാം) അല്ലാഹു നേരിട്ടു നിശ്ചയിക്കുന്ന വ്യക്തിയാണ്. നുബുവ്വത്ത് പോലെ തന്നെയാണ് ഇമാമത്തും. പ്രവാചകനെ തിരഞ്ഞെടുക്കാന്‍ സമൂഹത്തിന് അധികാരമില്ലാത്തതുപോലെ ഇമാമിനെ തിരഞ്ഞെടുക്കാനും അവര്‍ക്ക് അധികാരമില്ല. അല്ലാഹു നിശ്ചയിച്ച ഇമാമിനെ നബി(സ) ജനങ്ങള്‍ക്കു നിര്‍ണ്ണയിച്ചു കൊടുക്കേണ്ടതാണ്. അതു മറച്ചുവെക്കാനോ ജനങ്ങളുടെ ഇഷ്ടത്തിനു വിടാനോ പ്രവാചകന് അധികാരമില്ല. ശരീഅത്ത് വ്യാഖ്യാനിക്കാനും വിശദീകരിക്കാനും അധികാരമുള്ള ഇമാം പാപസുരക്ഷിതനും പരിശുദ്ധനുമായിരിക്കും.” ഇതാണ് ഇമാമത്ത് വാദത്തിന്റെ കാതല്‍.
ഇതനുസരിച്ച്, മുഹമ്മദ് നബി(സ) തന്റെ പിന്‍ഗാമിയായി അലി (റ)യെ നിശ്ചയിച്ചു. അത് നബി(സ) സമുദായത്തോട് തുറന്നുപറഞ്ഞു. അതുകൊണ്ട് പ്രഥമ ഖലീഫയും ഇമാമും അലി(റ)യാണ്. അദ്ദേഹം സ്വഹാബികളില്‍ വെച്ച് എറ്റവും ഉന്നതനും നബിയുടെ വസ്വിയ്യുമാണ്… എന്നിങ്ങനെ മുഴുവന്‍ ശിയാ വിഭാഗങ്ങളും വാദിക്കുന്നു. ഈ വാദം അവരെ അബൂബക്കര്‍, ഉമര്‍ എന്നിവരെക്കാള്‍ അലി(റ)യെ ഉത്തമനാക്കി ചിത്രീകരിക്കാനും ഒന്നാം ഖലീഫയാകാന്‍ അര്‍ഹന്‍ അദ്ദേഹം മാത്രമാണെന്നു വിശ്വസിക്കാനും പ്രേരിപ്പിച്ചു. ശീഇകളിലെ മിതവാദികള്‍ പോലും ഈ വീക്ഷണത്തില്‍ നിന്നു മുക്തരല്ല. മിതവാദികളില്‍ പെട്ട ഇബ്‌നു അബ്ദില്‍ ഹദീദ് ‘നഹ്ജുല്‍ ബലാഗ’യുടെ വ്യാഖ്യാനത്തില്‍ ഇങ്ങനെ പറയുന്നു:
”ഇമാമത്തിന്റെ വിഷയത്തില്‍ രക്ഷയുടെയും വിജയത്തിന്റെയും വക്താക്കള്‍ നാം ആകുന്നു. അത് മിതമായ മാര്‍ഗ്ഗവുമാണ്. എന്തെന്നാല്‍, അലി പരലോകത്ത് ഏറ്റവും ശ്രേഷ്ഠനും സ്വര്‍ഗ്ഗത്തില്‍ ഉന്നതസ്ഥാനീയനും ഇഹലോകത്ത് ഏറ്റവും വലിയ മഹാനുമാണ്. മറ്റുള്ളവരെക്കാള്‍ മഹത്വവും പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തോട് ശത്രുത പുലര്‍ത്തുകയോ യുദ്ധം ചെയ്യുകയോ ചെയ്തവര്‍ അല്ലാഹുവിന്റെ ശത്രുക്കളും നരകത്തില്‍ അവിശ്വാസികളുടെയും മുനാഫിഖുകളുടെയും കൂടെ ശാശ്വതമായി ജീവിക്കുന്നവരുമാണ്. പക്ഷേ, പിന്നീട് പശ്ചാതപിക്കുകയും അദ്ദേഹത്തെ രക്ഷാകര്‍ത്താവായി അംഗീകരിക്കുകയും സ്‌നേഹത്തില്‍ മരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാണ്.
എന്നാല്‍ അദ്ദേഹത്തിനു മുമ്പ് ഭരണാധികാരികളായിന്ന ഉല്‍കൃഷ്ടരായ മുഹാജിറുകളുടെ ഭരണത്തെ അദ്ദേഹം എതിര്‍ക്കുകയും അവരോട് ദേഷ്യപ്പെടുകയും അവരുടെ പ്രവര്‍ത്തനങ്ങളെ വെറുക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരും നാശത്തിനു വിധേയരാകുന്നവരാണെന്നു നാം പറയുമായിരുന്നു. അവര്‍ക്കെതിരെ വാളൂരുകയോ അവരെ കയ്യൊഴിച്ച് തന്നെ ഭരണാധികാരിയാക്കണമെന്ന് പറയുകയോ ചെയ്തിരുന്നുവെങ്കില്‍ പ്രത്യേകിച്ചും. നബി(സ) ദേഷ്യം വെച്ചവരെ പോലെയായിരിക്കും അപ്പോള്‍ അവര്‍. കാരണം നബി(സ) അലിയോട് ഇങ്ങനെ പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടുണ്ട്. നിന്നോടുള്ള എതിര്‍പ്പ്എന്നോടുള്ള എതിര്‍പ്പും നിന്നോടുള്ള സന്ധി എന്നോടുള്ള സന്ധിയുമാണ്. അല്ലാഹുവേ, അദ്ദേഹത്തോട് കൂറുള്ളവരെ എന്നോട് കൂറുള്ളവരാക്കേണമേ.. അദ്ദേഹത്തോട് ശത്രുത പുലര്‍ത്തുന്നവരെ എന്നോട് ശത്രുത പുലര്‍ത്തുന്നവരും ആക്കേണമേ.’
നബി(സ) പറഞ്ഞു: സത്യവിശ്വാസിയല്ലാതെ നിന്നെ സ്‌നേഹിക്കുകയില്ല. കപട വിശ്വാസിയല്ലാതെ നിന്നെ വെറുക്കുകയുമില്ല” എന്നാല്‍ തന്റെ മുന്‍ഗാമികളുടെ ഇമാമത്ത് അദ്ദേഹം അംഗീകരിക്കുകയും അവരോട് ബൈഅത്ത് ചെയ്യുകയും അവരുടെ പിന്നില്‍ നിസ്‌കരിക്കുകയും അവര്‍ക്ക് നികാഹ് ചെയ്തുകൊടുക്കുകയും ചെയ്തതു നാം കണ്ടു. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ക്കപ്പുറം വിട്ടുകടക്കാനോ അദ്ദേഹത്തിന്റെ നടപടികള്‍ അതിലംഘിക്കാനോ നമുക്ക് പാടില്ല. അതേസമയം മുആവിയയെ തൊട്ട് അലി ഉത്തരവാദിത്തം ഒഴിയുകയും ശപിക്കുകയും ചെയ്തപ്പോള്‍ നമ്മളും അതു ചെയ്തു. സിറിയക്കാര്‍, അവരിലെ അംറ്ബിന്‍ ആസ്വ്, മകന്‍ അബ്ദുല്ല തുടങ്ങിയ സ്വഹാബികളെ പിഴച്ചവരാണെന്ന് അദ്ദേഹം വിധിച്ചപ്പോള്‍ നമ്മളും അങ്ങനെ വിധിച്ചു. ചുരുക്കത്തില്‍ അലിയുടെയും നബിയുടെയും ഇടയില്‍ നുബുവ്വത്ത് എന്ന പദവി അല്ലാതെ മറ്റൊരു വ്യത്യാസവും നാം കാണുന്നില്ല. ബാക്കിയെല്ലാം സ്ഥാനമാനങ്ങളിലും അലിയും നബിയും സമ പങ്കാളികളാണ്. അലി ആക്ഷേപിച്ചതായി തെളിഞ്ഞിട്ടില്ലാത്ത ഒരു പ്രമുഖ സ്വഹാബിയെയും നാം ആക്ഷേപിക്കുകയില്ല.” (ശറഹു നഹ്ജില്‍ ബലാഗ 4/520)
ശീഇകളിലെ മിതവാദികള്‍ അലി(റ)യെ സംബന്ധിച്ചു വിശ്വസിക്കുന്ന ആശയമാണിത്. ഇവിടെ നിന്നു തുടങ്ങുന്നു ശീഇസത്തിന്റെ ആദര്‍ശ വ്യതിയാനം. അലി(റ)യുടെയും നബി(സ)യുടെയും ഇടയിലുള്ള വ്യത്യാസം നുബുവ്വത്തു മാത്രമാണെന്നു മിതവാദികള്‍ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ തീവ്രവാദികള്‍ അവിടെ നിന്നും വിട്ട് നബി (സ)യും അലി(റ)യും ഒരുപോലെ ആണെന്നും യാതൊരു വ്യത്യാസവും അവര്‍ക്കിടയിലില്ലെന്നും ജല്‍പ്പിക്കുന്നു. മറ്റു ചിലര്‍ അലി ദൈവമാണെന്നു പോലും പറഞ്ഞുപരത്തി.
വഴിയടയാളങ്ങള്‍
പേര്‍ഷ്യന്‍ വംശജനും ജൂത മതക്കാരനുമായിരുന്ന ഇബ്‌നു സബഇന്റെ തന്ത്രങ്ങളാണല്ലോ വാസ്തവത്തില്‍ ശീഇസത്തിനു വഴിയൊരുക്കിയത്. പേര്‍ഷ്യന്‍ സംസ്‌കാരവും ജൂത വിശ്വാസങ്ങളുമാണ് ശിയാക്കളെ കൂടുതലും സ്വാധീനിച്ചതെന്നു അവരുടെ വിശ്വാസാദര്‍ശങ്ങളും ആചാര നടപടികളും പരിശോധിച്ചാല്‍ വ്യക്തമാകും.
ഇസ്‌ലാമിക കേന്ദ്രങ്ങളിലോ സ്വഹാബികളുടെ സാന്നിധ്യം ഉള്ളയിടങ്ങളിലോ ആയിരുന്നില്ല ശീഇസം വളര്‍ന്നുപന്തലിച്ചത്. ഇറാഖായിരുന്നു അതിന്റെ മുഖ്യകേന്ദ്രം. പ്രാചീന സംസ്‌കാരങ്ങളും ചിന്താ പ്രസ്ഥാനങ്ങളും നിറഞ്ഞുനിന്നിരുന്ന നാടാണ് ഇറാഖ്. ഗ്രീക്ക് ഫിലോസഫിയും ഹൈന്ദവ ദാര്‍ശനിക ചിന്തകളും പേര്‍ഷ്യന്‍ മിത്തോളജിയുമെല്ലാം അവിടെ നിറഞ്ഞുനിന്നിരുന്നു. ജൂത-ക്രൈസ്തവ മതങ്ങളുടെ ഇടപെടലുകള്‍ വേറെയും. പുതുതായി ഇസ്‌ലാം സ്വീകരിച്ച ഇറാഖികളില്‍ പലരും ഇസ്‌ലാമിന്റെ ആശയാദര്‍ശങ്ങള്‍ ആഴത്തില്‍ പഠിച്ചവരായിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു മതമെന്ന നിലക്ക് ഇസ്‌ലാമിനെ അംഗീകരിച്ചപ്പോഴും അവരുടെ മനസ്സില്‍ പഴയ സിംബലുകള്‍ മായാതെ നിലകൊണ്ടു. പിന്നീട് ഇവ ഇസ്‌ലാമിക വിശ്വാസങ്ങളുടെ ചെലവിലാണ് ഗണിക്കപ്പെട്ടത്. ഇബ്‌നു സബഇന്റെ ഇടപെടലുകള്‍ ഇവിടെ ശക്തമായ പങ്കുവഹിച്ചു. അങ്ങനെയാണ് ജൂത-പേര്‍ഷ്യന്‍ ചിന്തകള്‍ ഇസ്‌ലാമിന്റെ പേരില്‍ ശീഇസമായി രംഗപ്രവേശം ചെയ്തത്.
ശിയാക്കളുടെ ഇമാമത്ത് വാദം തന്നെ പരിശോധിക്കാം. വാസ്തവത്തില്‍ അതൊരു പേര്‍ഷ്യന്‍ ചിന്തയാണ്. ഒരു രാജാവിന്റെ കാലശേഷം അയാളുടെ മക്കളോ മരുമക്കളോ രാജാധികാരം ഏറ്റെടുക്കുന്നതാണ് പേര്‍ഷ്യന്‍ പാരമ്പര്യം. അറബികളിലേതു പോലെ തെരഞ്ഞെടുപ്പ് സംവിധാനം അവര്‍ക്ക് പരിചയമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ നബി(സ)യുടെ ശേഷം പിന്‍ഗാമിയായി മക്കളില്ലാത്തതുകൊണ്ട് മരുമകനായ അലി(റ)യാണ് ഖലീഫയാകാന്‍ ഏറ്റവും യോഗ്യന്‍ എന്നു ജല്‍പ്പിക്കാന്‍ അവര്‍ക്ക് പ്രയാസമുണ്ടായില്ല. പേര്‍ഷ്യക്കാര്‍ രാജാക്കന്മാരെ പരിശുദ്ധരും ദൈവത്തിന്റെ പ്രതിപുരുഷന്‍മാരായിട്ടാണ് കണ്ടിരുന്നത്. ഈ നിലപാട് തന്നെയാണ് പിന്നീട് ശിയാക്കള്‍ അലി(റ)യുടെയും സന്താനങ്ങളുടെ വിഷയത്തിലും സ്വീകരിച്ചത്. ഇമാമുകള്‍ പരിശുദ്ധരും പാപസുരക്ഷിതരും ദൈവത്തിന്റെ പ്രതിപുരുഷന്മാരുമാണെന്നും ശിയാക്കള്‍ വാദിച്ചു.
ഹൈന്ദവ ദര്‍ശനങ്ങളിലും ഗ്രീക്കു മിത്തോളജിയിലും കുടികൊണ്ടിരുന്ന പുനര്‍ജന്മ സിദ്ധാന്തവും അവതാര സങ്കല്‍പ്പവുമെല്ലാം ശീഇസത്തില്‍ കടന്നുകൂടിയതു കണ്ടെത്താനാകും. ഇമാമുകളെല്ലാം ഭൂമിയിലേക്കു തിരിച്ചുവരും. അവര്‍ ഇവിടെ നേരത്തെ ഇമാമത്തിലിരുന്ന അത്രയും കാലം ഭരണം നടത്തും. മുന്‍ ജീവിതത്തില്‍ നേടാന്‍ കഴിയാതെ പോയ അധികാരത്തിനും ഖിലാഫത്തിനും പകരമായിരിക്കും അത്. ഇപ്രകാരം അവരുടെ പഴയ ശത്രുക്കളെയും പുനര്‍ജനിപ്പിക്കപ്പെടും. ഇമാമുമാര്‍ അവരോട് പ്രതികാര നടപടി സ്വീകരിക്കും. ഇതാണ് ശീഈ വിശ്വാസത്തിലെ റജ്അ: മിക്ക ശീഈ വിഭാഗങ്ങളും തങ്ങളുടെ ഇമാം ഇപ്പോള്‍ വാനലോകത്താണെന്നും പിന്നീട് മടങ്ങിവരും എന്നും വാദിക്കുന്നവരാണ്.
വാസ്തവത്തില്‍ ഈ വിശ്വാസം പൈതഗോറസ് ആവിഷ്‌കരിച്ചതും ഹിന്ദു മിത്തോളജിയില്‍ സ്ഥാനം പിടിച്ചതുമായ പുനര്‍ജന്മ വാദത്തോട് സാമ്യതയുള്ളതാണ്. മരിച്ചുപോയ ഒരു വ്യക്തിയുടെ ആത്മാവ് മറ്റൊരു ശരീരത്തില്‍ പ്രവേശിക്കുകയും ജന്മമെടുക്കുകയും ചെയ്യുന്നു എന്നാണ് ഹിന്ദുക്കളും പൈതഗോറിയന്മാരും വിശ്വസിക്കുന്നത്. എന്നാല്‍ ശീഇകള്‍ പറയുന്നത് മരിച്ചുപോയ അതേ വ്യക്തി തന്നെ ആത്മാവോടും ശരീരത്തോടും കൂടി പുനര്‍ജനിക്കുെമന്നാണ്. ഇസ്‌ലാമിക ആദര്‍ശങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വിശ്വാസത്തെ മഹാവിഡ്ഢിത്തമെന്നു ചില ശീഈ പണ്ഡിതന്മാര്‍ തന്നെ നിരൂപിച്ചിട്ടുണ്ട്. ഇറാഖിലെ സങ്കര സംസ്‌കാരത്തില്‍ നിന്നു ശീഇസത്തിലേക്കു അല്‍പ്പം വ്യത്യാസത്തോടെ കടന്നുവന്നതാണ് ‘റജ്അ’ എന്നു വ്യക്തം.
ശീഇസം വളര്‍ന്നതും അധികാരാരോഹണം നടത്തിയതും പേര്‍ഷ്യന്‍ സമൂഹത്തിലായിരുന്നു. ഇന്നും പേര്‍ഷ്യ (ഇറാന്‍, ഇറാഖ്) യിലാണ് അവര്‍ക്ക് ഭൂരിപക്ഷം.
(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)
Leave A Comment