ബഹുസ്വര സമൂഹത്തിലെ മതവിദ്യാഭ്യാസം: പുനര്‍ചിന്തകളുടെ ആവശ്യകത
സ്വന്തം ജീവിതത്തിന്റെ സംസ്‌കരണവും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലെ സഹവര്‍ത്തിത്വവും സാധ്യമാക്കുന്നതായിരിക്കണം വിദ്യാഭ്യാസം. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളോ സമയത്തിലോ കാലത്തിലോ വരുന്ന പകര്‍ച്ചകളോ ഇതിനെ ഒരുനിലക്കും ബാധിക്കുന്നില്ല. രീതികളും ഉള്ളടക്കങ്ങളും മാറാമെങ്കിലും ലക്ഷ്യവും അര്‍ത്ഥവും എന്നും ഒന്നുതന്നെയാണ് വിദ്യാഭ്യാസത്തിന്. സമൂഹത്തെ ഉള്‍കൊള്ളാനുള്ള മനസ്സും സ്വന്തത്തെക്കുറിച്ച മതിയായ ബോധവും ഇസ്‌ലാമിക വിദ്യാഭ്യാസ രീതിയിലും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. താന്‍ ജീവിക്കുന്ന സമൂഹം ബഹുസ്വരമായാലും മതാത്മകമായാലും ഈയൊരു ദൗത്യം നിര്‍വഹിക്കപ്പെടുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ ധര്‍മം ഏറ്റെടുക്കുന്നത്. മനുഷ്യന് മനുഷ്യത്വവും സംസ്‌കാരവും പകരുന്ന ഒരു മൂല്യരീതി എന്ന നിലക്ക് മനുഷ്യനെ ജീവിതം പരിശീലിപ്പിക്കുന്ന പ്രക്രിയയാണ് ഇവിടെ വിദ്യാഭ്യാസം. കൂടുതല്‍ പാശ്ചാത്യന്‍ രീതികള്‍ പിന്തുടര്‍ന്ന് അങ്ങേയറ്റം മതേതരനാവാനോ ആഴത്തിലുള്ള മത രീതികള്‍ നീക്കുപോക്കുകളേതുമില്ലാതെ, അത്യാവേശത്തില്‍ സ്വീകരിച്ച് മത തീവ്രവാദിയാവാനോ ഒരു നിയമ വ്യവസ്ഥയും നിഷ്‌കര്‍ഷിക്കുന്നില്ല. മനുഷ്യത്വമുള്ള ഒരു ജനതതിയുടെ രൂപീകരണമാണ് ഇതിലൂടെ അടിസ്ഥാനപരമായും ലക്ഷീകരിക്കപ്പെടുന്നതെന്നു ചുരുക്കം.
ഇന്ത്യ പോലെയുള്ള മതേതര ഭൂമികയില്‍ ജീവിക്കുമ്പോഴാണ് മതങ്ങള്‍ക്കുള്ളിലെ മതേതര സമീപനങ്ങളും മതങ്ങള്‍ക്കിടയിലെ മതാത്മക സ്‌നേഹബന്ധവും ചര്‍ച്ചയാവുന്നത്. ഓരോ മത വിശ്വാസിയും തങ്ങളുടെ ആദര്‍ശങ്ങളില്‍ നിലനിന്നുകൊണ്ടുതന്നെ, എല്ലാവരെയും ഏകോപിപ്പിക്കുന്ന വിശാല പ്ലാറ്റ്‌ഫോമെന്ന നിലയില്‍ സ്‌നേഹമതത്തില്‍ അംഗമാകുമ്പോഴാണ് ബഹുസ്വരതയിലെ ഈയൊരു സാധ്യത സാക്ഷാല്‍കരിക്കപ്പെടുക. ഏതൊരു മതവും പ്രത്യയ ശാസ്ത്രവും ഇത്തരമൊരു സ്‌നേഹക്കൂട്ടായ്മക്ക് അര്‍ഹിക്കുന്ന പ്രാധാന്യവും ഇടവും നല്‍കുന്നുണ്ട്.
ഇസ്‌ലാമിന്റെ ആദര്‍ശ പരിസരത്തുനിന്നും ചിന്തിക്കുമ്പോള്‍ ഏതു ഭൂമികയിലും വളരാനും പന്തലിക്കാനും സാധിക്കുംവിധമാണ് അത് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ അവതരണവും പ്രവാചക പ്രബോധനത്തിന്റെ വലിയൊരു ഭാഗവും മക്കയെന്ന വിവിധ മതങ്ങളും ചിന്തകളും നിലനിന്ന പശ്ചാത്തലത്തിലായിരുന്നുവല്ലോ. ആദ്യ പലായന ഘട്ടത്തില്‍ വിശ്വാസികള്‍ അബ്‌സീനിയയിലേക്കു പോയപ്പോള്‍ അവിടെ നജാശി എന്ന ക്രൈസ്തവ രാജാവിനു കീഴിലാണ് ജഅ്ഫര്‍ ബിന്‍ അബീഥാലിബിന്റെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ താമസിച്ചിരുന്നത്. തികച്ചും ബഹുസ്വരമായ പരിസരങ്ങളിലായിരുന്നു ഇസ്‌ലാമിക ചിന്ത വളര്‍ന്നതും വികസിച്ചതുമെന്നു ചുരുക്കം. പില്‍ക്കാല ചരിത്രത്തിലും മുഴുക്കെ ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്നു. ആയതുകൊണ്ടുതന്നെ, ഇ്‌സ്‌ലാമിക ചിന്തയും അറിവു വ്യവസ്ഥയും രൂപപ്പെട്ടതും ഇത്തരമൊരു പരിസരത്തില്‍നിന്നുതന്നെയായിരുന്നുവെന്നുവേണം മനസ്സിലാക്കാന്‍. ആരെയും ഉള്‍കൊള്ളാനും പരിഗണിക്കാനുമുള്ള മാനസികാവസ്ഥ ഇസ്‌ലാമിക ചിന്തയിലും നിലനിര്‍ത്തപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം എന്ന സൂറത്തുല്‍ കാഫിറൂനയിലെ പ്രസ്താവം ഈയൊരു പശ്ചാത്തലത്തില്‍ വേണം വായിച്ചെടുക്കാന്‍.
സൂഫീജീവിതത്തിന്റെ ബഹുസ്വര പ്രകാശനം
സൂഫീ ജീവിതങ്ങള്‍ ബഹുസ്വരതയിലെ ഇസ്‌ലാമിക സിലബസുകളായിരുന്നുവെന്നു വേണമെങ്കില്‍ പറയാം. അത്രമാത്രം, ആരെയും ഉള്‍കൊള്ളാനും മാനിക്കാനും സ്‌നേഹംകൊണ്ട് കീഴടക്കാനും മടിയില്ലാത്തവരായിരുന്നു അവര്‍. അവരുടെ ഇസ്‌ലാമിക പ്രബോധനത്തിന്റെ മാന്യമായൊരു രീതികൂടിയായിരുന്നു ഇത്. അതുകൊണ്ടുതന്നെ, ജീവിത കാലത്തും ജീവിതത്തിനു ശേഷവും അവരുടെ ദര്‍ബാറുകളും മസാറുകളും അമുസ്‌ലിംകളുടെ സാന്നിധ്യംകൊണ്ടും നിറഞ്ഞുനിന്നു. ഉത്തരേന്ത്യയിലെ ഏതു സൂഫിയുടെ ചരിത്രമെടുത്താലും ഇക്കാര്യം എളുപ്പത്തില്‍ മനസ്സിലാകും. അജ്മീറില്‍ അന്ത്യവിശ്രമംകൊള്ളുന്ന ശൈഖ് ചിശ്തിയുടെയും ഡല്‍ഹിയില്‍ അന്ത്യവിശ്രമംകൊള്ളുന്ന നിസാമുദ്ദീന്‍ ഔലിയുടെയും ബഖ്തിയാറുല്‍ കാക്കിയുടെയുമെല്ലാം മസാറുകള്‍ ഇതിനു ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ആയിരങ്ങളാണ് ദൈനംദിനം ഇവിടെ വന്നുപോകുന്നത്. തങ്ങളുടെ ജീവിത കാലത്ത് സൂഫികള്‍ നിലനിര്‍ത്തിയിരുന്ന വ്യക്തി ബന്ധങ്ങളുടെയും സ്‌നേഹ ലാളനകളുടെയും പ്രതിഫലനങ്ങളായിരുന്നു ഇതെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ബഹുസ്വര സമൂഹങ്ങളില്‍ സൂഫികള്‍ കാത്ത ഈയൊരു രീതി ഏറെ ചിന്തോദ്ദീപകവും അനുകരണീയവുമാണ്. കേരളത്തിലെത്തുമ്പോഴും ഇതിനു ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്നു. മഖ്ദൂമുമാരും കുഞ്ഞായിന്‍ മുസ്‌ലിയാരും മമ്പുറം തങ്ങന്മാരും സഹസമുദായങ്ങളെ കൂടെ നിര്‍ത്തിയാണ് പ്രവര്‍ത്തിച്ചിരുന്നത്. സാമൂതിരിമാരും കോന്തു നായരും മങ്ങാട്ടച്ചനുമെല്ലാം കേവലം വ്യക്തികളല്ല; വ്യത്യസ്ത സമുദായങ്ങളെ പ്രതിനിധീകരിച്ചവരായിരുന്നു. അവരോടുള്ള സഹവര്‍ത്തിത്വവും പെരുമാറ്റവും കേരളത്തിനു നല്‍കുന്ന ഒരു സന്ദേശമുണ്ട്. അതോടൊപ്പം, ഈയൊരു പരിസരത്തില്‍ സൂഫികളും പണ്ഡിതന്മാരും തങ്ങളുടെ ശിഷ്യന്മാരെ വളര്‍ത്തിക്കൊണ്ടുവരാന്‍ തയ്യാറാക്കിയ ഒരു പാഠ്യപദ്ധതിയുമുണ്ട് പഠന വിധേയമാക്കേണ്ടതായിട്ട്. ആ ഒരു പാഠ്യപദ്ധതിയാണ് മാറുന്ന വര്‍ത്തമാന കാല പരിസരത്തില്‍ ഏറെ ഊന്നലോടെ പഠിപ്പിക്കപ്പെടേണ്ടത്. മമ്പുറം പോലെയുള്ള കേരളത്തിലെ മുസ്‌ലിം സന്ദര്‍ശന കേന്ദ്രങ്ങളില്‍ ഹൈന്ദവ സഹോദരങ്ങളടക്കമുള്ളവര്‍ ഇ്ന്നും വന്നുകൊണ്ടിരിക്കുന്നതിന്റെ സാംഗത്യവും ഇവിടെ അടിവര നല്‍കപ്പെടേണ്ടതായിട്ടുണ്ട്.
വിദ്യാഭ്യാസത്തിന്റെ ചരിത്രവും വായനയും
ഹിന്ദു രാജാക്കന്മാരെ ഇഷ്ട നായകരായി മാനിക്കുകയും അവരുടെ അനുസരണയുള്ള പ്രജകളായി വര്‍ത്തിക്കുകയും ചെയ്ത ഒരു പാരമ്പര്യം കേരളത്തിലെ മുസ്‌ലിംകള്‍ക്കുണ്ട്. മുസ്‌ലിം പണ്ഡിതന്മാരെ ബഹുമാനിക്കുകയും നാടിന്റെ സൗഹാര്‍ദ്ദാന്തരീക്ഷം നിലനിര്‍ത്താനും അറബ് ലോകവുമായുള്ള കച്ചവട ബന്ധങ്ങള്‍ അണയാതെ സൂക്ഷിക്കാനും അവരെ ഉപയോഗപ്പെടുത്തുകയും ചെയ്ത ഒരു ശീലം കേരളത്തിലെ തദ്ദേശീയ രാജാക്കള്‍ക്കുമുണ്ടായിരുന്നു. ഈ രണ്ടു തുറന്ന മനസ്സുകള്‍ക്കിടയിലാണ് കേരളത്തിന്റെ സൗഹാര്‍ദ്ദപൂര്‍ണമായ സംസ്‌കാരവും അന്തരീക്ഷവും രൂപംകൊണ്ടത്. സൈനുദ്ദീന്‍ മഖ്ദൂം തന്റെ തുഹ്ഫയുടെ വലിയൊരു അദ്ധ്യായം തന്നെ ഇവിടത്തെ ഹിന്ദു രാജാക്കന്മാരെ പരിചയപ്പെടുത്താന്‍ മാറ്റിവെച്ചത് ഒരു കാലത്തെ സൗഹാര്‍ദ മനസ്സിനെ പ്രതിഫലിപ്പിക്കാനായിരുന്നു. ഇവിടത്തെ ഹിന്ദു ഭരണവും മുസ്‌ലിം സംസ്‌കാരവും അതിന്റെ സുവര്‍ണ കാലം ആസ്വദിച്ചതും ഈയൊരു സൗഹാര്‍ദാന്തരീക്ഷത്തില്‍ മാത്രമായിരുന്നുവെന്നുവേണം മനസ്സിലാക്കാന്‍.
ഹിന്ദു സുഹൃത്തുക്കളെ കൂടെ നിര്‍ത്തിയും അവരെക്കുറിച്ച് ഗ്രന്ഥങ്ങളെഴുതിയും പണ്ഡിതന്മാര്‍ കാണിച്ചുതന്ന മഹനീയ പാതയാണ് ബഹുസ്വരതയിലെ മതം ചര്‍ച്ചയാവുമ്പോള്‍ കേരളീയ മുസ്‌ലിമിന് ഓര്‍ത്തെടുക്കാനുള്ളത്. കേരളത്തിലെ പല മുസ്‌ലിം ദേവാലയങ്ങള്‍ നിര്‍മിക്കാന്‍ സ്ഥലം നല്‍കിയത് ഹിന്ദുക്കളായിരുന്നതുപോലെ അവിടങ്ങളില്‍ പള്ളികള്‍ നിര്‍മിച്ചതും ഹിന്ദു തച്ചു ശാസ്ത്രപ്രകാരമായിരുന്നു. ഹിന്ദു-മുസ്‌ലിം സൗഹൃദത്തിന്റെ അലിഖിതമായൊരു പാഠം ഇവിടെ സജീവമായി പഠിപ്പിക്കപ്പെട്ടിരുന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്. അഷ്ടാംഗഹൃദയ പോലെയുള്ള സംസ്‌കൃതത്തിലെ വൈദ്യ രചനകള്‍ക്ക് അറബി മലയാള ഭാഷാന്തരങ്ങള്‍ വന്ന കാലമായിരുന്നു ഇത്.
ഇസ്‌ലാമികമായ ബോധം, വിദ്യാഭ്യാസം തുടങ്ങിയ ചിന്തകള്‍ തങ്ങളുടെ പ്രതാപത്തെയും അസ്തിത്വത്തെയും മാത്രം ആശ്രയിച്ചിരിക്കുന്നതല്ലെന്നും സഹസമുദായങ്ങളുടെ കൂടി സുഖാവസ്ഥ അതില്‍ കാര്യമായിവരുന്നുണ്ടെന്നുമുള്ള ചിന്ത പ്രധാനമായിവരുന്നുണ്ട് ഇവിടെ. സര്‍വ്വവും തല്ലിത്തകര്‍ത്തുള്ള വിജയമല്ല ഇസ്‌ലാമിക യുദ്ധങ്ങളിലെ വിജയമെന്നും അതില്‍ നിരപരാധികളും സ്ത്രീകളും കുട്ടികളുമൊന്നും ആക്രമിക്കപ്പെടുകപോലുമരുതെന്ന പ്രവാചക പാഠം കൂടി സാക്ഷാത്കരിക്കപ്പെടേണ്ടതുണ്ടെന്ന വസ്തുത വലിയൊരു സാധ്യതയുടെ വാതില്‍ തുറക്കുന്നുണ്ട്. അയല്‍ക്കാരന്‍ സത്യനിഷേധിയാണെങ്കിലും ശരി, ഒരു മുസ്‌ലിം അവനെ ബഹുമാനിക്കണമെന്ന് പ്രവാചകന്‍ പറഞ്ഞത് അതുകൊണ്ടാണ്. ഇസ്‌ലാമിന്റെ മതതത്ത്വങ്ങള്‍ക്കുള്ളില്‍തന്നെ ഇതര മതസ്തരോടുള്ള സ്‌നേഹ ബന്ധത്തിന്റെ വലിയൊരു ലോകം ശരീഅത്ത് തുറന്നുതരുന്നുണ്ടെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും ഈയൊരു സാധ്യത വായിച്ചെടുക്കാനാവുകയെന്നത് പാണ്ഡിത്യത്തിന്റെ വലിയൊരു ധര്‍മം കൂടിയാണ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍നിന്നുള്ള ഇസ്‌ലാമിക പ്രമാണങ്ങളുടെ സാധാരണ വ്യാഖ്യാനങ്ങളോടൊപ്പംതന്നെ, ഇന്ത്യ പോലെയുള്ള മുസ്‌ലിം ന്യൂനപക്ഷ പ്രദേശങ്ങളില്‍നിന്നുള്ള പുതിയ വായനകള്‍ കൂടി ഉണ്ടാവേണ്ടതുണ്ട്. പൂര്‍ണമായും ഇസ്‌ലാമിക ചിന്തയുടെ ഉള്ളില്‍നിന്നുകൊണ്ടുതന്നെ ഇത്തരമൊരു വായനക്ക് കൂടുതല്‍ പ്രസക്തിയും പ്രാധാന്യവും കാണാം. പ്രവാചകരുടെ മക്കാജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഇത്തരം വായനകള്‍ ഉണ്ടാകുമ്പോഴേ ഇന്ത്യപോലെയുള്ള ഒരു ദേശത്ത് മുസ്‌ലിംകള്‍ എങ്ങനെ ജീവിക്കണമെന്നതിനുള്ള കര്‍മശാസ്ത്രവും രീതിശാസ്ത്രവും വ്യവസ്ഥാപിതമായി വികസിച്ചുവരുകയുള്ളൂ. ഫിഖ്ഹുല്‍ അഖല്ലിയ്യാത്ത് പോലെയുള്ള ചിന്തകള്‍ ഇത്തരം സാധ്യതകള്‍ ഉപയോഗപ്പെടുത്തി വികസിച്ചുവന്ന പോസിറ്റീവായ മാറ്റങ്ങളാണ്. മതേതര പശ്ചാത്തലത്തില്‍ ജീവിക്കുന്ന പണ്ഡിതന്മാരില്‍നിന്നും സജീവവും സക്രിയവുമായ ചിന്തകളും ഇടപെടലുകളും ഉണരേണ്ട മേഖലകളാണിവ. രക്തരൂക്ഷിത വിപ്ലവങ്ങളല്ല; സഹവര്‍ത്തിത്വപൂര്‍ണമായ പുനരവതരണങ്ങളാണ് ഇസ്‌ലാമെന്ന ചിന്ത പുതിയ കാലത്ത് എല്ലാവരിലും ഉണ്ടാക്കേണ്ടതുണ്ട്. ഈ ബോധം പലര്‍ക്കും നഷ്ടപ്പെടുമ്പോഴാണ് തീവ്രവാദവും ഭീകരവാദവും ജന്മമെടുക്കുന്നത്. അത് യഥാര്‍ത്ഥ ഇസ്‌ലാമല്ലെന്നും ചിലരുടെ തെറ്റിദ്ധാരണകള്‍ മാത്രമാണെന്നുമുള്ള വസ്തുത ഈ പണ്ഡിത ഇടപെടലുകളിലൂടെ ലോകം തിരിച്ചറിയേണ്ടതുണ്ട്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് എല്ലാ നിലക്കും മുസ്‌ലിം ജീവിതം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. മുസ്‌ലിം രാജ്യങ്ങളില്‍പോലും ഈയൊരു ഭീഷണി ശക്തമാണ്. മുസ്‌ലിം ന്യൂനപക്ഷ രാജ്യങ്ങളിലാവട്ടെ ഇതിന്റെ ദാരുണാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഈയൊരു ഘട്ടത്തില്‍ ഇവിടങ്ങളിലെ മതപഠനത്തിന്റെ രീതിതന്നെ പുന:പരിശോധനക്കു വിധേയമാക്കാന്‍ സമയമധിക്രമിച്ചിരിക്കുന്നു. എല്ലാവരോടും സ്‌നേഹവും സഹവര്‍ത്തിത്വബോധവും വര്‍ദ്ധിപ്പിക്കുംവിധം ഹദീസുകളും ചരിത്രത്തിലെ സംഭവങ്ങളും പ്രത്യേകമായി ക്രോഡീകരിച്ച് പഠിപ്പിക്കപ്പെടേണ്ടതായിട്ടുണ്ടെന്നു തോന്നുന്നു. ചുറ്റു ഭാഗത്തുമുള്ള ആളുകളെയും സഹോദര സമുദായങ്ങളെയും ശരിക്കും മനസ്സിലാക്കിയിട്ടായിരിക്കണം മുസ്‌ലിംകളുടെ ഭാഗത്തുനിന്നും ഓരോ ഇടപെടലുകളും ഉണ്ടാവേണ്ടത്. മതത്തെ തെറ്റിദ്ധരിപ്പിക്കുംവിധം ഒരു പ്രവൃത്തിപോലും അവന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ. അവരെ എല്ലാ അര്‍ത്ഥത്തിലും കാര്യത്തിലെടുത്തുകൊണ്ടുള്ള ജീവിതമായിരിക്കും മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇ്ക്കാലത്ത് അവരുടെ പ്രബോധനം തന്നെ.
വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണത്തിന്റെ വര്‍ത്തമാനം
പുതിയ കാലത്തിന്റെ തേട്ടങ്ങള്‍ മനസ്സിലാക്കി മത വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരുമ്പോഴേ മുസ്‌ലിംകള്‍ക്ക് ഇന്ത്യപോലെയുള്ള ഒരു ബഹുസ്വര പശ്ചാത്തലത്തില്‍ നല്ല നാളെകളെക്കുറിച്ച് സ്വപ്‌നം കാണാന്‍ സാധിക്കുകയുള്ളൂ. ഒരു യഥാര്‍ത്ഥ മുസ്‌ലിമിന്റെ ജീവിതം ഈയൊരു പശ്ചാത്തലത്തില്‍ എങ്ങനെയായിരിക്കണമെന്നും ആ ഒരു ആശയം എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും ശക്തമായ ചിന്തകള്‍ നടക്കേണ്ട ഏരിയയാണ്. മുസ്‌ലിംകള്‍ക്കെതിരെ കുത്സിതമായോ അല്ലാതെയോ പല ആക്രമണങ്ങളും ഉണ്ടാകുന്ന വേളകളില്‍, ഇടവും വലവും നോക്കാതെ പലരും ഇതിനെതിരെ ഉറഞ്ഞുതുള്ളുന്നത് കാണാം. ഇത് പലപ്പോഴും മത പ്രമാണങ്ങളുടെ നാലഴലത്ത് പോലും എത്താത്ത പ്രതികരണങ്ങളാവാം. ഏതു ദുര്‍ഘട ഘട്ടങ്ങളില്‍പോലും സഹനത്തിന്റെയും ക്ഷമയുടെയും പാത പിന്തുടരാനാണ് വിശുദ്ധ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്. ഖുര്‍ആനില്‍ സമാനമായ ധാരാളം പ്രസ്താവങ്ങള്‍ കാണാന്‍ സാധിക്കുന്നതാണ്.
രാജ്യ സ്‌നേഹവും പരസ്പര സാഹോദര്യവും സഹവര്‍ത്തിത്വ ബോധവും ഒരു പാഠ വിഷയമായി തന്നെ മദ്‌റസകളിലും അറബിക് കോളേജുകളിലും പഠിപ്പിക്കപ്പെടേണ്ടതായിട്ടുണ്ട് ഇന്ന്. പണ്ടു കാലങ്ങളിലെല്ലാം മത ജാതി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പരസ്പരം ബന്ധവും അടുപ്പവും ഉണ്ടായിരുന്നതിനാല്‍ പലപ്പോഴും ഇത്തരം ബോധനങ്ങളുടെ ആവശ്യമുണ്ടായിരുന്നില്ല. പ്രായം ചെന്നവരുടെ നിത്യജീവിതം തന്നെയായിരുന്നു പുതിയ തലമുറക്ക് ഈ വിഷയത്തിലുള്ള ഏറ്റവും വലിയ വഴികാട്ടി. ഹിന്ദു വീടുകളില്‍ ജോലി ചെയ്തും മുസ്‌ലിം വീടുകളില്‍നിന്ന് ഭക്ഷണം കഴിച്ചുമുള്ള അന്നത്തെ ജീവിതം വലിയൊരു സ്‌നേഹ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. കാരണം, നാം മനുഷ്യര്‍ ഒന്ന് എന്നൊരു ബോധമാണ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്. ആയതുകൊണ്ടുതന്നെ മതം മാറ്റം അന്ന് പ്രശ്‌നമായിരുന്നില്ല. ജാതീയതയുടെ കൂച്ചുവിലങ്ങുകളില്‍പെട്ട് വിഷമിച്ചിരുന്ന വലിയൊരു വിഭാഗം ഇസ്‌ലാമിലേക്കു കടന്നുവന്നിരുന്നു അന്ന്. എന്നാല്‍, ഇന്നത്തെ സാഹചര്യങ്ങള്‍ മാറി. ബദ്‌രിയ്യാ നഗറും അയോധ്യാ നഗറുമായി മതത്തിന്റെ പേരില്‍ കേരളം പോലും വിഭജിക്കപ്പെട്ടു. ഹിന്ദുവിന് മുസ്‌ലിമിനെയും മുസ്‌ലിമിന് ഹിന്ദുവിനെയും അറിയാത്ത സാഹചര്യം വന്നു. മാധ്യമങ്ങളില്‍ നിന്നോ മറ്റോ മാത്രം തീക്ഷ്ണതയേറിയ ഒരു വികാര മതത്തെയാണ് പലരും യാഥാര്‍ത്ഥ്യമായി മനസ്സിലാക്കുന്നത്. ഇതാവട്ടെ പലവിധ പ്രശ്‌നങ്ങള്‍ക്കും വഴി തുറക്കുന്നു. മറ്റു മതക്കാരുടെ കാര്യമെടുത്താലും വസ്തുത ഇതുതന്നെയാണ്. പലരുടെയും തെറ്റായ വ്യാഖ്യാനങ്ങളും ദുര്‍ചെയ്തികളുമാണ് പലപ്പോഴും പര്‍വതീകരിക്കപ്പെടുന്നതും ഹൈലൈറ്റ് ചെയ്യപ്പെടുന്നതും. ഈയൊരു ഘട്ടത്തില്‍ ഓരോ മതത്തെയും അതിന്റെ സ്‌നേഹ പ്രവഞ്ചത്തെയും മനസ്സിലാക്കാന്‍ പൊതു വിദ്യാഭ്യാസ രംഗത്തെ പാഠ്യ പദ്ധതിയില്‍തന്നെ സത്യസന്തമായി ഇവയെക്കുറിച്ച വിവരണങ്ങള്‍ വരേണ്ടതായിട്ടുണ്ട്. അത് ആഴത്തില്‍തന്നെ സമൂഹത്തില്‍ വര്‍ക്ക് ചെയ്യുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
പൊതു വിദ്യാഭ്യാസ മേഖലയെയും മതത്തെക്കുറിച്ച തെറ്റിദ്ധാരണകള്‍ തിരുത്താനുള്ള പൊതുവായ വഴിയെയും കുറിച്ചാണ് ഇപ്പോള്‍ പറഞ്ഞത്. എന്നാല്‍, മത വിദ്യാഭ്യാസ മേഖലയിലെ അനിവാര്യ പുനര്‍ചിന്തകളെക്കുറിച്ചാണല്ലോ നമ്മുടെ അന്വേഷണം. മദ്‌റസകളിലും പള്ളിദര്‍സുകളിലും അറബിക് കോളേജുകളിലും ഇത്തരം ആശയങ്ങളിലൂന്നിയുള്ള പുതിയ പാഠ്യ വിഷയങ്ങള്‍ ജനിക്കുന്നത് വലിയൊരു അളവോളം ഇന്ന് ഉപകാരം ചെയ്യുമെന്നാണ് തോന്നുന്നത്. കാരണം, ഈ മൂന്നു വേദികളിലും വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് കൂടുതല്‍ പുറം ലോകവുമായി ഇടപഴകാന്‍ അവസരങ്ങള്‍ ലഭിക്കാതെ പോകുന്നു. പലപ്പോഴും പഠിച്ചു പുറത്തിറങ്ങി, നേരെ സമൂഹ സേവന മേഖലയിലേക്കു തിരിയുന്നതിനാല്‍ സാമൂഹിക ഇടപെടലുകളില്‍നിന്നും അവര്‍ക്ക് ലഭിക്കേണ്ടതായ പലതും ലഭിക്കാതെ പോകുന്നു. പുറംലോകവുമായി നേരിട്ടു ബന്ധപ്പെടുന്ന പള്ളികള്‍ പോലെയുള്ള സ്ഥാപനങ്ങളില്‍ സേവനം ചെയ്യുമ്പോള്‍ പല അപ്രിയ സമീപനങ്ങളും ഉണ്ടായേക്കാന്‍ ഇവ വഴിവെച്ചേക്കും. ഖുര്‍ആനിലും ഹദീസിലുമെല്ലാം ഈ സഹവര്‍ത്തനത്തെക്കുറിച്ച് പൊതുവായി ബോധം നല്‍കുന്നുണ്ടെങ്കിലും അവ മാത്രം ക്രോഡീകരിച്ച് ഒരു പാഠ്യ വിഷയമൊരുക്കുന്നത് പുതിയൊരു അനുഭവമായിരിക്കും. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അത് വളരെ നല്ലതുമാണ്. ഐസിസ് പോലെയുള്ള തീവ്രവാദ കൂട്ടായ്മകള്‍ ഇസ്‌ലാമിന്റെ പേര് ദുരുപയോഗം ചെയ്തു ഉയര്‍ന്നുവരന്ന ഇക്കാലത്ത് നമ്മുടെ കുട്ടികള്‍ അക്രമ ചിന്തയിലേക്കും അരാജകത്വത്തിലേക്കും തെന്നിമാറാതിരിക്കാന്‍ ഇത്തരം ഉദ്ദ്യമങ്ങള്‍ ഉപകാരം ചെയ്‌തേക്കും. എല്ലാ മതക്കാര്‍ക്കിടയിലും ഇത്തരം കൂട്ടായ ശ്രമങ്ങളുണ്ടാവുമ്പോള്‍ രാജ്യം തന്നെ എല്ലാ നിലക്കും സുരക്ഷിതമായി മാറും.
ചുരുക്കത്തില്‍, വിവിധ മത വിശ്വാസികള്‍ക്കിടയിലെ മുസ്‌ലിം ജീവിതം അതിസൂക്ഷ്മവും മതത്തെ ഒരു നിലക്കും തെറ്റിദ്ധരിപ്പിക്കാത്ത നിലക്കുമാവേണ്ടതുണ്ട്. വളര്‍ന്നുവരുന്ന ഓരോ മുസ്‌ലിമിനും രാജ്യസ്‌നേഹത്തെക്കുറിച്ചും ഇതര മതസ്തരായ സഹലോകത്തെക്കുറിച്ചും വ്യക്തമായ ബോധവും അടുപ്പവും നല്‍കുകയെന്നതാണ് ഇതിന് അടിസ്ഥാന പരമായും ആവശ്യമായി വരുന്നത്. മദ്‌റസ തലം മുതല്‍തന്നെ ഇതര മതസ്തരോടുള്ള സ്‌നേഹ പെരുമാറ്റവും ഒരു പാഠ വിഷയമായി നല്‍കപ്പെടുന്ന പക്ഷം ബഹുസ്വര പശ്ചാത്തലത്തില്‍ തിരിച്ചറിവുള്ള പുതിയൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയും. യഥാര്‍ത്ഥ മുസ്‌ലിമായി ജീവിക്കെത്തന്നെ, മറ്റുള്ളവരെ - ഏതു മതക്കാരനാണെങ്കിലും ശരി- സഹവര്‍ത്തിത്വത്തോടെ ഉള്‍കൊള്ളാനുള്ള മനസ്സ് സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ വലിയൊരു സാമൂഹിക ധര്‍മമായിരിക്കും അതിലൂടെ സാക്ഷാല്‍കരിക്കപ്പെടുന്നത്.
Leave A Comment