തിന്മയോട് രാജിയാവാതിരിക്കുക..

ഇന്ന് മുഹറം 10..

പ്രവാചകരുടെ പുത്രീപുത്രനായ ഹസ്റത് ഹുസൈന്‍(റ) രക്തസാക്ഷിത്വം വരിച്ചത് ഈ ദിനത്തിലായിരുന്നു. ഹിജ്റ 61, മുഹറം 10, വെള്ളിയാഴ്ചയായിരുന്നു അത്.
സ്വര്‍ഗ്ഗവാസികളിലെ യുവാക്കളുടെ നേതാവെന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത് പുണ്യ പ്രവാചകര്‍(സ്വ)യായിരുന്നു. നബി തങ്ങള്‍ മദീനയിലെത്തി നാലാം വര്‍ഷം ശഅ്ബാന്‍ മാസത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പ്രസവ ശേഷം ഇരുചെവികളില്‍ ബാങ്കും ഇഖാമതും കൊടുത്തതും അഖീഖത് അറുത്തതുമെല്ലാം നബി തങ്ങള്‍ തന്നെ. കുട്ടിക്കാലം മുഴുവന്‍ പ്രവാചകരോടൊപ്പം ചെലവഴിച്ച അവര്‍, നിസ്കാരസമയങ്ങളില്‍ നബി തങ്ങളോടൊപ്പം പള്ളിയിലെത്തിയിരുന്നതും സുജൂദില്‍ പ്രവാചകരുടെ മുതുകില്‍ കയറി ഇരിക്കാറുണ്ടായിരുന്നതും പലപ്പോഴും ആ കുട്ടിക്ക് പ്രയാസം വരരുതെന്ന് കരുതി നബി തങ്ങള്‍ ദീര്‍ഘനേരം സുജൂദില്‍ തന്നെ കിടക്കാറുണ്ടായിരുന്നതുമെല്ലാം ചരിത്ര ഗ്രന്ഥങ്ങള്‍ നമുക്ക് പറഞ്ഞ് തരുന്നു. സ്നേഹനിധിയായ ആ വല്യുപ്പ വിടപറയുമ്പോള്‍ ആ കുട്ടിക്ക് 7 വയസ്സായിരുന്നു പ്രായം. അതേ വര്‍ഷം തന്നെ മാതാവും യാത്രയായതും ചരിത്രം. 
ശേഷം, അല്ലാഹുവിന്റെ സിംഹമെന്നറിയപ്പെടുന്ന പിതാവിന്റെയും മൂന്ന് ഖലീഫമാരടക്കമുള്ള പ്രവാചകാനുയായികളുടെയും സ്നേഹവായ്പുകളിലൂടെ വളര്‍ന്ന അവര്‍ അസത്യങ്ങളോട് ഒരിക്കലും രാജിയാവാനാത്ത ധീര യോദ്ധാവായി മാറുകയായിരുന്നു. ഉസ്മാന്‍(റ)ന്റെ കാലത്ത് നടന്ന, ത്വബ്രിസ്താന്‍, ജുര്‍ജാന്‍ വിജയങ്ങള്‍ക്ക് പുറമെ ആഫ്രിക്കന്‍ വിജയങ്ങളിലും അദ്ദേഹം ഭാഗമായിരുന്നു. ജമല്‍, സ്വഫ്ഫീന്‍ പോരാട്ടങ്ങളിലും പിതാവിനോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.
തനിക്ക് ശരിയാണെന്ന് ബോധ്യപ്പെട്ടതിന് വേണ്ടി നിലകൊള്ളാനും ശരിയല്ലെന്ന് ബോധ്യപ്പെട്ടതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും അദ്ദേഹം ആരെയും കാത്ത് നിന്നില്ല. കര്‍ബലയിലേക്കുള്ള യാത്ര മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടവരോട് അദ്ദേഹം നല്‍കിയ മറുപടി അതാണ് വ്യക്തമാക്കുന്നത്, അതിങ്ങനെ വായിക്കാം,
 ഞാന്‍ പുറപ്പെടുന്നത് അഹംഭാവമോ അഹന്തയോ നിമിത്തമല്ല, കലാപമോ അക്രമമോ എന്റെ ലക്ഷ്യമല്ല. മറിച്ച്, എന്റെ പിതാമഹന്റെ സമുദായം സച്ചരിതമായി തുടരണമെന്ന ആഗ്രഹം മാത്രമാണ് ഇതിന് പിന്നില്‍. നന്മ കല്‍പിക്കുക, തിന്മയോട് അരുതെന്ന് പറയുക എന്ന ഉത്തരവാദിത്തം നിര്‍വ്വഹിക്കുക മാത്രമാണ് ഞാന്‍ ഇതിലൂടെ ചെയ്യുന്നത്. എന്നെ ആരെങ്കിലും സ്വീകരിക്കുന്നുവെങ്കില്‍ അല്ലാഹുവും അവരെ സ്വീകരിക്കട്ടെ. എന്നെ കൈവിടുന്നുവെങ്കില്‍, അല്ലാഹുവിന്റെ വിധി ഞാന്‍ ക്ഷമാപൂര്‍വ്വം സ്വീകരിക്കും, അവനാണല്ലോ ഏറ്റവും നല്ല വിധി കര്‍ത്താവ്. 
മുന്‍കൂട്ടി കണ്ട പോലെത്തന്നെ, അല്ലാഹുവിന്റെ വിധി സന്തോഷത്തോടെ സ്വീകരിച്ച് രക്തസാക്ഷിത്വം വഹിച്ച് ആ ആത്മാവ് അല്ലാഹുവിലേക്ക് യാത്രയായി.
നന്മയുടെ പക്ഷം ചേരുക, തിന്മയോട് ഒരിക്കലും രാജിയാവാതിരിക്കുക, ഹുസൈന്‍(റ) നമുക്ക് നല്‍കുന്ന സന്ദേശം അതാണ്. അധര്‍മ്മവും അനീതിയും പത്തിവിടര്‍ത്തിയാടുന്ന ഇക്കാലത്ത്, ഇത് കൂടുതല്‍ കൂടുതല്‍ പ്രസക്തമാവുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter