ഭീകരവാദം പരിഹാരമല്ല
ഭീകരവാദത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട വഴികളെക്കുറിച്ചും ലോകം ഗൗരവത്തോടെ ചിന്തിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ലോക മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ ശക്തമായ ഭീകരാക്രമണമുണ്ടായിരിക്കുന്നത്. നൂറിലേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ച ആക്രമണത്തില്‍ അതിലേറെ പേര്‍ക്ക് ഗുരുതരമായ പരിക്കും എണ്ണിതിട്ടപ്പെടുത്താനാവാത്ത നാശനഷ്ടങ്ങളും സംഭവിച്ചു. ഒടുവില്‍ ഐസിസ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും മുന്നോട്ടു വന്നിരിക്കുന്നു. സിറിയയിലും ഇറാഖിലും അമേരിക്കന്‍, ഫ്രഞ്ച് പോര്‍വിമാനങ്ങള്‍ നടത്തുന്ന ആക്രമണത്തിനുള്ള പ്രതികാരമാണെന്നാണ് ഐസിസ് അയച്ച സന്ദേശത്തില്‍ പറയുന്നത്. മാര്‍ക്കറ്റില്‍ പോകാന്‍പോലും ഭയപ്പെടുന്ന കാലം വിദൂരമല്ലെന്ന ഭീഷണിയും ഐ.എസിന്റെ സന്ദേശത്തിലുണ്ട്. പോരാട്ടം എത്രകണ്ട് ശക്തിപ്പെടുത്തുന്നുവോ, അത്രകണ്ട് മുറുകുന്ന കുരുക്കായി ഭീകരവാദം മാറുന്നുവെന്നതാണ് ഇത് തെളിയിക്കുന്നത്. ഇപ്പോള്‍ പാരീസ്, ഇനിയെവിടെ എന്ന ചോദ്യം ഇതിനകം തന്നെ പാശ്ചാത്യ രാഷ്ട്രങ്ങളെ അലട്ടിത്തുടങ്ങിയിട്ടുണ്ട്. കൊന്ന പാപം തിന്നുതീര്‍ക്കുക എന്നൊരു പഴമൊഴിയുണ്ട്. അതാണിപ്പോള്‍ പാശ്ചാത്യ രാജ്യങ്ങള്‍ അനുഭവിക്കുന്നത്. ലോകം മുഴുവന്‍ മനസ്സുകൊണ്ട് വെറുക്കുകയും എതിരിട്ടു നില്‍ക്കുകയും ചെയ്യുന്ന ഐ.എസിന്റെ രൂപീകരണത്തിലേക്ക് നയിച്ചതുപോലും ഇറാഖിലെ അമേരിക്കന്‍ ഇടപെടല്‍ ആയിരുന്നുവെന്ന് സ്വന്തം നാടുകളില്‍നിന്നുതന്നെ ഉയര്‍ന്ന വിമര്‍ശനങ്ങളാണ്. സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശശ്രമം ചെറുക്കുന്നതിന് ശീതയുദ്ധാനന്തര കാലത്ത് അമേരിക്ക കൈക്കൊണ്ട ഇരട്ട നയത്തിന്റെ സൃഷ്ടിയായിരുന്നു ഉസാമാ ബിന്‍ലാദനും അല്‍ഖാഇദയും. ഒരുഭാഗത്ത് റഷ്യയെ നേരിട്ട് എതിര്‍ക്കുമ്പോള്‍തന്നെ, മറുവശത്ത് എല്ലാ സഹായവും നല്‍കി അല്‍ഖാഇദയെ മുന്നില്‍നിര്‍ത്തിയുള്ള ഒളിയുദ്ധവും. ഈജിപ്തില്‍ മുസ്്‌ലിംബ്രദര്‍ഹുഡിനെയും ഇന്തോനേഷ്യയില്‍ സുക്കാര്‍ണോക്കെതിരെ സരേകാത് ഇസ്്‌ലാമിനെയും ആയുധമണിയിച്ച് ഇതേ തന്ത്രം അമേരിക്ക പയറ്റിയിരുന്നു.
 
ഇറാഖ് അധിനിവേശത്തിലൂടെ സദ്ദാംഹുസൈന്റെ നേതൃത്വത്തിലുള്ള മതേതര ഭരണകൂടത്തെ ഇല്ലായ്മചെയ്ത്, പകരം ഷിയാ അനുകൂല ഭരണകൂടത്തെ പ്രതിഷ്ഠിച്ച അമേരിക്ക ഇറാഖിനെ കൂടുതല്‍ അസ്വസ്ഥമാക്കുകയായിരുന്നു. ഭൂരിപക്ഷം വരുന്ന സുന്നി വിഭാഗങ്ങള്‍ക്ക് ഷിയാ ഭരണകൂടത്തോടുള്ള എതിര്‍പ്പ്, നൂരി അല്‍ മാലികിയുടെ നേതൃത്വത്തിലുള്ള അസ്ഥിരമായ ഭരണകൂടം, സിറിയയില്‍ അസദിനെതിരെ ആരംഭിച്ച ആഭ്യന്തര കലഹം..., ഇവയെല്ലാം മുതലെടുത്താണ് അബുബക്കര്‍ അല്‍ ബഗ്ദാദി ഐ.എസിനെ വളര്‍ത്തിയത്. ഇറാഖില്‍നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം കൂടിയായതോടെ ഐ.എസ് കരുത്താര്‍ജ്ജിക്കുകയും ചെയ്തു. സിറിയയിലെ അസദ് ഭരണകൂടത്തെ പുറത്താക്കാന്‍ ഏറ്റവും ആദ്യം രംഗത്തെത്തിയത് ഫ്രാന്‍സ് ആയിരുന്നു. സിറിയയില്‍ നേരിട്ടുള്ള സൈനിക നടപടി വേണമെന്നായിരുന്നു ഫ്രാന്‍സിന്റെ ആവശ്യം.
 
എന്നാല്‍ ഇറാഖ് നല്‍കിയ വലിയ പാഠം മുന്നിലുള്ളതുകൊണ്ട്, അത്തരമൊരു ആത്മഹത്യക്ക് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ തയ്യാറല്ലായിരുന്നു. പകരം വ്യോമാക്രമണത്തിന് തുടക്കമിട്ടു. സഊദി കൂടി അമേരിക്കക്കും ഫ്രാന്‍സിനും ഒപ്പം ചേര്‍ന്നു. സിറിയയില്‍ ഏറ്റവും ശക്തമായ ആക്രമണത്തിന് മുതിര്‍ന്നത് ഫ്രാന്‍സ് ആയിരുന്നു. ഇതാണ് ഐ.എസ് ഫ്രാന്‍സിനെതന്നെ ലക്ഷ്യം വെക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. സ്വയം കുഴിച്ച കുഴികളില്‍ തന്നെയാണ് പാശ്ചാത്യ ഭരണകൂടങ്ങള്‍ വീഴുന്നതെന്ന് ചുരുക്കം. എന്നാല്‍ അതിന് നല്‍കേണ്ടി വരുന്ന വില നിരപരാധികളുടെ ജീവനാണ്. അഭിമാന സ്തംഭമായി അമേരിക്ക ഉയര്‍ത്തിപ്പിടിച്ച വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടടവറിലും പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും വിമാനം ഇടിച്ചിറക്കി അല്‍ഖാഇദ നടത്തിയ ഭീകരാക്രമണത്തില്‍ 2975 ജീവനുകളാണ് പൊലിഞ്ഞത്. 19 തീവ്രവാദികളും കൊല്ലപ്പെട്ടു.
 
2008ലെ മുംബൈ ആക്രമണത്തില്‍ മരിച്ചത് 166 പേര്‍. 300ലധികം പേര്‍ക്ക് പരിക്കേറ്റു. രണ്ട് രാത്രിയും മൂന്നു പകലും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ തീവ്രവാദികള്‍ക്ക് കഴിഞ്ഞു. പാരീസ് മറ്റൊരു മുംബൈ ആയി മാറുകയായിരുന്നു. അതേ രീതിയിലും സ്വഭാവത്തിലും ഉള്ള ആക്രമണം. വെടിവെപ്പും സ്‌ഫോടനങ്ങളും കൊണ്ട് ഭീകരത മുറ്റിയ രാത്രി. 128 പേര്‍ മരിക്കുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷക്കുവേണ്ടിയുള്ള സൈനിക നടപടികള്‍ ലോകത്തെ കൂടുതല്‍ അരക്ഷിതമാക്കിക്കൊണ്ടേയിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter