മതേതര ഇന്ത്യയെ സംരക്ഷിക്കേണ്ടത് മുസ്‍ലിംകളുടെ മാത്രം ബാധ്യതയല്ല
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേരത്വ രാഷ്ട്രമായ ഇന്ത്യ, ഏതാനും വര്‍ഷങ്ങളായി ഫാഷിസ്റ്റുകളുടെ കൈയ്യിലാണ്. മതേരത്വമെന്ന സംജ്ഞയോട് തന്നെ വിദ്വേഷം വെച്ചുപുലര്‍ത്തുന്നിടത്താണ് ഫാഷിസം ജനിക്കുന്നത്. വര്‍ഗ്ഗീയ വിദ്വേഷപ്രചാരണങ്ങളായിരുന്നു അധികാരത്തിലേക്കുള്ള കോണികളായി അവര്‍ ഉപയോഗിച്ചത്.
മതേതരത്വം ഏറെ ആഴ്ന്നിറങ്ങിയിരുന്ന ഇന്ത്യന്‍ ബഹുജന മനസ്സിനെ അത് അത്രയൊന്നും സ്വാധീനിച്ചില്ലെന്നതായിരുന്നു സത്യം. പക്ഷെ, അധികാരവും പണവും ഉപയോഗിച്ച്, എതിരെ നില്‍ക്കുന്ന ഓരോ ശബ്ദങ്ങളെയും ഇല്ലായ്മ ചെയ്ത് മുന്നേറിയ അവര്‍ അവസാനം വോട്ടിംഗ് മെഷീനുകളെപ്പോലും വരുതിയിലാക്കിയാണ് പാര്‍ലമെന്റിലേക്ക് ചുവടുകള്‍ വെച്ചത് എന്നത് സാമാന്യ ബുദ്ധിയുള്ള ഇന്ത്യക്കാര്‍ക്കെല്ലാം അറിയാവുന്നതാണ്.
ശേഷം ഇന്ത്യയുടെ ഓരോ പ്രഭാതവും പൊട്ടിവിടര്‍ന്നത്, ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്ന വാര്‍ത്തകളുമായായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും പത്രത്താളുകളിലും അവയുടെ ദൃശ്യങ്ങളും ചിത്രങ്ങളും നിറഞ്ഞുനിന്നു. പൊതുജനം നടത്തുന്ന അത്തരം ക്രൂരകൃത്യങ്ങള്‍ക്ക് അധികാരികള്‍ മൌനാനുവാദവും ഒത്താശയും നല്കി. അതേ സമയം, ഇതര മതസ്ഥരുടെ നിയമങ്ങളുടെ മേല്‍, അധികാര കേന്ദ്രങ്ങളും നീതിന്യായ വ്യവസ്ഥകളും ഉപയോഗപ്പെടുത്തി കടന്നു കയറാനുള്ള ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ തന്നെ നടത്തി. ചരിത്രത്തിന്റെ കാവിവല്‍കരണവും വിദ്യാഭ്യാസ-സാമ്പത്തിക-രാഷ്ട്രീയ നയങ്ങളുടെയെല്ലാം മാറ്റിയെഴുത്തും മറ്റൊരു ഭാഗത്ത് തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഇത് കൊണ്ടൊന്നും മതി വരാതെ, ഇതര മതസ്ഥരെ, വിശിഷ്യാ മുസ്‍ലിം സമുദായത്തെ നാടു കടത്താനായി പൌരത്വ നിയമവും പയറ്റി നോക്കി.
എല്ലാം നടക്കുമ്പോഴും രാജ്യത്തിന്റെ മൂല്യങ്ങളില്‍ വിശ്വാസവും നീതിന്യായ വ്യവസ്ഥയില്‍ പ്രതീക്ഷയും വെച്ച് പുലര്‍ത്തി, സംയമനത്തിന്റെ അങ്ങേയറ്റം വരെ പോകുകയായിരുന്നു ന്യൂനപക്ഷം. ആ അവസാന പ്രതീക്ഷകളിലും ഇടിത്തീയായാണ്, ബാബരിമസ്ജിദ്-രാമജന്മഭൂമി കേസില്‍ പരമോന്നത കോടതി വിധിയുടെ ഒത്ത് തീര്‍പ്പ് വിധി വരുന്നത്. ഇനിയും രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങളും രക്തച്ചൊരിച്ചിലുകളും ഒഴിവാക്കുന്നതിനും സമുദായങ്ങള്‍ക്കിടയില്‍ കൂടുതല്‍ അകല്‍ച്ചയുണ്ടാവാതിരിക്കുന്നതിനുമായുള്ള സാധ്യമായ പരിഹാരമായിരിക്കാം അതെന്ന് കരുതി, അതും ന്യൂനപക്ഷം സംയമനത്തോടെ കേട്ട് നിന്നു. ഇനിയെങ്കിലും മതേതര ഇന്ത്യ സുരക്ഷിതമായിരിക്കട്ടെ എന്നതായിരുന്നു അവരുടെ ചിന്ത.
എന്നാല്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ സ്നേഹത്തോടെ തലോടി വെറുതെ വിട്ട കോടതി, ഈ സമുദായത്തിന് നേരെ വീണ്ടും കൊഞ്ഞനം കുത്തുകയാണ്. ഇത് സഹിക്കാവുന്നതിലപ്പുറമാണ്. ഇതോടെ ന്യൂന പക്ഷത്തിന്റെ പ്രതീക്ഷകളുടെ അവസാന മുളയും നശിച്ചിരിക്കുകയാണ്.
മതേതര ഇന്ത്യ ബാക്കിയാവേണ്ടത് മുസ്‍ലിംകളുടെ മാത്രം ബാധ്യതയല്ല. ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന, ലോകത്തെ ഏറ്റവും വലിയ മതേതര രാജ്യമാണ് തങ്ങളുടേതെന്ന് പറയുന്ന ഓരോ ഇന്ത്യക്കാരനും ഈ ബാധ്യതയുണ്ട്. അത് നിര്‍വ്വഹിക്കാന്‍ ഇനിയും വൈകിയാല്‍, ഇന്ത്യക്കൊരു ചരമഗീതം കുറിച്ച് വെക്കുന്നതാവും നല്ലതെന്ന് പറയാതെ വയ്യ.
Leave A Comment