ഭിന്നത വന്ന വഴി
പരസ്പരം ഭിന്നിച്ചുകഴിയുന്ന മനുഷ്യരെ ഒന്നിപ്പിക്കാന്‍ വന്ന മതമാണ് ഇസ്‌ലാം. വിവിധ ദൈവങ്ങളിലേക്കും സിംബലുകളിലേക്കും തിരിഞ്ഞുനിന്നവരെ ഒരു ദൈവത്തിലേക്കും ഖിബ്‌ലയിലേക്കും തിരിച്ചുനിര്‍ത്തി. ഒരു വിശ്വാസവും വേദഗ്രന്ഥവും സംസ്‌കാരവും സമ്മാനിച്ചു. പാരസ്പര്യത്തിന്റെ ഇഷ്ടികകളില്‍ ബന്ധിതമായ സുന്ദരസൗധമായി മുസ്‌ലിം ഉമ്മത്ത് വാഴ്ത്തപ്പെട്ടു. ഒരു ശരീരത്തിന്റെ വിവിധ അവയവങ്ങള്‍ പോലെ സുഖ ദു:ഖങ്ങളും നിലപാടുകളുമെല്ലാം പങ്കുവെച്ചു. ഇത് കണ്ട് ശത്രുക്കള്‍ പോലും പറഞ്ഞു: മുസ്‌ലിംകള്‍ ഒരു ഏകശിലാ രൂപം തന്നെ!.
ഈ സമുദായത്തിലാണ് പിന്നീട് ശൈഥില്യത്തിന്റെ വിഷവിത്തുകള്‍ പൊട്ടിമുളച്ചതും കെട്ടുറപ്പുള്ള ഈ സമുഛയത്തിനു വിള്ളല്‍ വീഴ്ത്തിയതും. ഏറെ ആശ്ചര്യവും ദു:ഖവും കലര്‍ന്ന രംഗമാണിത്. ഛിദ്രശക്തികള്‍ നുഴഞ്ഞുകയറി സമുദായത്തെ ഛിന്നിഭിന്നമാക്കാന്‍ ശ്രമിക്കുമെന്ന യാഥാര്‍ത്ഥ്യം മുന്നില്‍ കണ്ടുകൊണ്ട് തന്നെ വിശുദ്ധ ഖുര്‍ആനും തിരുനബി(സ)യും ഭിന്നിപ്പിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കി. അതിന്റെ വക്താക്കളെക്കുറിച്ചും ഭവിഷത്തുകളെക്കുറിച്ചും സമുദായത്തെ ഉണര്‍ത്തി. അല്ലാഹു പറയുന്നു: ‘നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു.” (ഖുര്‍ആന്‍ 3:103)
അല്ലാഹുവിന്റെ പാശം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് മുസ്‌ലിംകളുടെ പൊതു കൂട്ടായ്മ (അല്‍ജമാഅ) യാണെന്ന് ഇബ്‌നു മസ്ഊദ്(റ) വ്യക്തമാക്കിയിട്ടുണ്ട്. (തഫ്‌സീര്‍ ദുര്‍റുല്‍ മന്‍സൂര്‍). മുസ്‌ലിം മുഖ്യധാരയുടെ കൂടെ നില്‍ക്കണമെന്നും അതില്‍ നിന്നു ഭിന്നിച്ചു പോകരുതെന്നുമുള്ള ആഹ്വാനമാണ് ഖുര്‍ആന്‍ നടത്തുന്നത്. ഈ ആശയം ശരിക്കും ഉള്‍ക്കൊണ്ടവരായിരുന്നു ഇസ്‌ലാമിന്റെ ഒന്നാം തലമുറ. പ്രവാചക ശിക്ഷണത്തില്‍ വളര്‍ന്ന അവര്‍ ഒരു മെയ്യും മനസ്സും പോലെ പ്രവര്‍ത്തിച്ചു. പ്രവാചകനു ശേഷം രാഷ്ട്രീയ നിലപാടുകളില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതവരുടെ വിശ്വാസാദര്‍ശങ്ങളെ ബാധിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. പരസ്പരം മതഭ്രഷ്ടും മാര്‍ഗ്ഗഭ്രംശവും, ആരോപിക്കുന്ന ഒരവസ്ഥ അവരില്‍ ഉണ്ടായില്ല.
മുഹമ്മദ് നബി(സ) പരലോകം പ്രാപിച്ച സന്ദര്‍ഭം! ആ വാര്‍ത്ത ഉള്‍ക്കൊള്ളാനാകാത്ത സ്വഹാബികളില്‍ ചിലര്‍ രംഗത്തുവന്നുകൊണ്ട് പറഞ്ഞു: ‘നബി(സ) മരണപ്പെട്ടിട്ടില്ല’. അഭിപ്രായ ഭിന്നതക്ക് സാധ്യത തെളിഞ്ഞ ആ സമയത്ത് അബൂബക്കര്‍(റ) പരസ്യമായി പ്രഖ്യാപിച്ചു: ”ആരെങ്കിലും മുഹമ്മദി(സ)നെയാണ് ആരാധിച്ചിരുന്നതെങ്കില്‍ മുഹമ്മദ് നബി(സ) മരണപ്പെട്ടിരിക്കുന്നു. ആരെങ്കിലും മുഹമ്മദി(സ)ന്റെ രക്ഷിതാവിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും അവന്‍ അന്ത്യമില്ലാത്തവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമാണ്.” അബൂബക്കര്‍(റ)ന്റെ വാക്കുകളെ അനുസരണയോടെ അംഗീകരിക്കുന്ന സ്വഹാബികളെയാണിവിടെ ചരിത്രം വരച്ചുകാട്ടുന്നത്. പിന്നീട് നബി (സ)യെ എവിടെ മറവ് ചെയ്യണം എന്നതിലുള്ള അഭിപ്രായാന്തരങ്ങളുയര്‍ന്നു വന്നു. മക്കക്കാര്‍ പറഞ്ഞു മക്കയില്‍ വേണമെന്ന്. നബിയുടെ ജനനവും പ്രവാചകത്വ നിയോഗവും കുടുംബങ്ങളും പ്രപിതാവ് ഇസ്മാഈല്‍(അ)ന്റെ ഖബ്‌റും മക്കയിലാണെന്ന ന്യായം അവരതിനു ഉന്നയിച്ചു. മറ്റു ചിലര്‍ പറഞ്ഞു ബൈത്തുല്‍ മുഖദ്ദസിലാകണമെന്ന്. പിതാമഹന്‍ ഇബ്‌റാഹീം (അ)ന്റെ സമീപത്താകുന്നതാണ് നല്ലതെന്ന് അവര്‍ ന്യായം പറഞ്ഞു. അവര്‍ക്കിടയിലേക്കാണ് ‘പ്രവാചകന്മാര്‍ എവിടെയാണോ മരണപ്പെടുന്നത് അവിടെ തന്നെയാണ് അവരെ മറവുചെയ്യുക’ എന്ന തിരുവചനം ഉദ്ധരിച്ചുകൊണ്ട് അബൂബക്കര്‍(റ) കടന്നുവന്നത്. അതോടെ ആയിശ(റ)യുടെ വീട്ടില്‍ നബി(സ)യെ ഖബറടക്കാന്‍ എല്ലാവരും ഒരുങ്ങുന്ന രംഗമാണ് നാം കാണുന്നത്.
പുതിയ നേതാവിനെ തെരഞ്ഞെടുക്കാന്‍ സ്വഹാബികള്‍ ബനൂസാഇദയുടെ പന്തലില്‍ സമ്മേളിച്ച സന്ദര്‍ഭം. അന്‍സ്വാറുകള്‍ക്ക് ഒരു അമീറിനെയും മുഹാജിറുകള്‍ക്ക് വേറൊരു അമീറിനെയും നിശ്ചയിക്കാം എന്ന അഭിപ്രായമാണ് അന്‍സ്വാറുകള്‍ ഉയര്‍ത്തിയത്. സഅ്ദുബിന്‍ ഉബാദ(റ)യെ പുതിയ ഭരണാധികാരിയായി തെരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. എല്ലാവരുടെയും പൊതു അമീറായി മുഹാജിറുകളെതന്നെ തിരഞ്ഞെടുക്കണമെന്ന് അബൂബക്കറും ഉമറും അബൂഉബൈദ(റ)യും അടങ്ങുന്ന പ്രമുഖ മുഹാജിറുകള്‍ അവരോട് ആവശ്യപ്പെട്ടു. അവരുടെ ആവശ്യങ്ങളെ മാനിച്ച് അന്‍സ്വാറുകള്‍ സ്വന്തം തീരുമാനമുപേക്ഷിച്ച് മുഹാജിറുകളെ ബൈഅത്ത് ചെയ്യാന്‍ വരുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. ഈ ഐക്യവും ഒരുമയുമാണ് ഇസ്‌ലാമിക സമൂഹം അബൂബക്കര്‍(റ)ന്റെയും ഉമര്‍(റ) ന്റെയും കാലത്ത് ഉയര്‍ത്തിപ്പിടിച്ചത്. അതിലൂടെയാണവര്‍ റോമും പേര്‍ഷ്യയും അടങ്ങുന്ന പ്രവിശാലമായ ഭൂപ്രദേശങ്ങള്‍ ഇസ്‌ലാമിന്റെ പരിധിയിലേക്ക് കൊണ്ടുവന്നത്.
ഇസ്‌ലാമിന്റെ അഭൂതപൂര്‍വ്വമായ ഈ വളര്‍ച്ച ആശങ്കയോടെ നോക്കിക്കാണുകയായിരുന്നു ശത്രുക്കള്‍. സ്വന്തം കാലിനടിയിലെ മണ്ണൊലിപ്പ് അവരെ പരിഭ്രാന്തരാക്കി. മുസ്‌ലിംകള്‍ക്കിടയില്‍ അഭ്യന്തര പ്രശ്‌നങ്ങളും അധികാര വടംവലികളും ആദര്‍ശ വ്യതിയാനങ്ങളും സൃഷ്ടിച്ചുകൊണ്ട് ഇസ്‌ലാമിക മുന്നേറ്റത്തെ തടയിടാന്‍ കഴിയുമെന്നവര്‍ കണക്കുകൂട്ടി. നിലവിലെ ഐക്യവും കെട്ടുറപ്പും തകര്‍ക്കുന്നതിലൂടെ മുസ്‌ലിംകളുടെ ശ്രദ്ധ മുഴുവന്‍ അകത്തേക്കു തന്നെ തിരിയുമെന്നവര്‍ മനസ്സിലാക്കി. അങ്ങനെയാണവര്‍ മുസ്‌ലിം ഉമ്മത്തിനെ ഭിന്നിപ്പിക്കാനുള്ള വഴികളന്വേഷിച്ചതും കുതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതും.
ഈ ശിഥിലീകരണ പ്രക്രിയയില്‍ മറ്റാരെക്കാളും മുന്നില്‍ നിന്നത് ജൂതന്മാരായിരുന്നു. പേര്‍ഷ്യന്‍ വംശജനായ അബ്ദുല്ലാഹിബിന്‍ സബഇന്റെ നേതൃത്വത്തിലായിരുന്നു ജൂതന്മാര്‍ തങ്ങളുടെ പദ്ധതികള്‍ പരീക്ഷിക്കാനിറങ്ങിയത്. പ്രത്യക്ഷത്തില്‍ ഇസ്‌ലാം സ്വീകരിച്ച ഈ വിഭാഗം മുസ്‌ലിംകളില്‍ അനൈക്യവും അഭ്യന്തര പ്രശ്‌നങ്ങളും ഉയര്‍ത്തിവിടാന്‍ പരമാവധി പണിയെടുത്തു. മൂന്നാം ഖലീഫ ഉസ്മാന്‍(റ)വിന്റെ ഭരണകാലത്തായിരുന്നു അത് ശക്തിപ്രാപിച്ചത്. ഖലീഫയുടെ മറവില്‍ ഭരണകൂടത്തിലെ ചിലര്‍ നടത്തിയ അഴിമതിയും സ്വജനപക്ഷപാതവും ആയുധമാക്കി ഖലീഫക്കെതിരെ ജനവികാരം ഇളക്കിവിടുകയായിരുന്നു അവര്‍. ഉസ്മാന്‍(റ)നെതിരെ ഇവര്‍ നടത്തിയ കള്ളപ്രചരണം മുസ്‌ലിംകളിലെ നിഷ്‌കളങ്കരായ ഒരു വിഭാഗത്തെ സ്വാധീനിച്ചത് ശിഥിലീകരണ ലോബിക്ക് കൂടുതല്‍ ശക്തിപകര്‍ന്നു. ബൈസന്റിയന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഖലീഫ ഉസ്മാന്‍(റ) മുസ്‌ലിം സമൂഹത്തെ സജ്ജമാക്കിക്കൊണ്ടിരിക്കുമ്പോഴാണ് അവര്‍ ഈ വേല ഒപ്പിച്ചത്. അതിന്റെ ദുരന്തഫലമായിരുന്നു ഉസ്മാന്‍(റ)ന്റെ വധം.
ഖലീഫക്കെതിരെ മുസ്‌ലിംകളിലൊരു വിഭാഗത്തെ ഇളക്കിവിട്ട ശിഥിലീകരണ ലോബി അദ്ദേഹത്തിന്റെ വധത്തിനു ശേഷവും അടങ്ങിയിരുന്നില്ല. ഉസ്മാന്‍(റ)വിന്റെ ശരീരത്തില്‍ നിന്നും തെറിച്ചുവീണ രക്തതുള്ളികളെ വീണ്ടും ആയുധമാക്കുകയായിരുന്നു അവര്‍. അതിന്റെ പേരില്‍ ഖലീഫയായി സ്ഥാനമേറ്റെടുത്ത അലി(റ)ക്കെതിരെ അവര്‍ രംഗത്തുവന്നു. ഉസ്മാന്‍(റ)ന്റെ ഘാതകരെ അന്വേഷിക്കുന്നതില്‍ ഖലീഫ വീഴ്ചവരുത്തി എന്നു പ്രചരിപ്പിച്ചു വിശ്വാസികളിലൊരു വിഭാഗത്തെ അലി(റ)ക്കെതിരെ തിരിച്ചുവിട്ടു. അതുമായി ബന്ധപ്പെട്ട് അലി(റ)യും മുആവിയ(റ)യും സിഫ്ഫീനില്‍ ഏറ്റുമുട്ടേണ്ടി വന്നു. പ്രസ്തുത സംഘട്ടനത്തില്‍ അലി പക്ഷത്തിനു ഊര്‍ജ്ജം പകര്‍ന്നവര്‍ പിന്നീട് അദ്ദേഹത്തെ വഞ്ചകനാക്കി ചിത്രീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെയൊക്കെ ശേഷവിശേഷങ്ങളായിട്ടാണ് ഖവാരിജിസവും ശീഇസവും മുളച്ചുപൊങ്ങിയത്.
വാസ്തവത്തില്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പിന്നില്‍ ചരടുവലികള്‍ നടത്തിയത് ജൂത ലോബിയായിരുന്നു. മുസ്‌ലിംകളുടെ വേഷം കെട്ടിയ ഈ ചാരസംഘം ദുര്‍ബല വിശ്വാസികള്‍ക്കിടയില്‍ കള്ളക്കഥകളും വികല വിശ്വാസങ്ങളും പ്രചരിപ്പിച്ചു. ഖലീഫമാര്‍ക്കെതിരെ അവരെ തിരിച്ചുവിട്ടു. ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കെതിരെയുള്ള പ്രതിരോധ നിരയെ ദുര്‍ബലപ്പെടുത്താന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. നേതൃത്വത്തിനെതിരെ ദുരാരോപണങ്ങളും ഊഹാപോഹങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന് അവരെക്കുറിച്ചുള്ള മതിപ്പും ബഹുമാനവും ഇടിച്ചുതാഴ്ത്തി. മുഖ്യധാരയില്‍ നിന്നു വിഘടിച്ചുനിന്നവരെ സര്‍വ്വ പ്രോത്സാഹനവും നല്‍കി സംഘടിപ്പിച്ചു വിവിധ വിഭാഗങ്ങളാക്കി മാറ്റി. പിന്നീട് വിഘടന വാദത്തിന്റെ കുത്തൊഴുക്കായിരുന്നു.
(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)
Leave A Comment