ചില വിശ്വാസ കാര്യങ്ങള്‍
ഗുണവും ദോഷവുമായ കാര്യങ്ങള്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ് എന്ന് വിശ്വസിക്കല്‍ ഈമാന്‍ കാര്യങ്ങളില്‍ പെട്ടതാകുന്നു. അവരണ്ടും അല്ലാഹുവിന്റെ കഴിവ് കൊണ്ടും വേണ്ടുകകൊണ്ടും ഉണ്ടാകുന്നതുമാണ്. നല്ലതും ചീത്തയും തെരഞ്ഞെടുത്തു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന്ന് അല്ലാഹു നല്‍കിയിട്ടുണ്ട്. അത് കൊണ്ടാണ് അവന്‍ ശിക്ഷക്കും രക്ഷക്കും അര്‍ഹനായി ത്തീരുന്നത്. ഇപ്രാകാരമാണ് വിശ്വസിക്കല്‍ ഈമാന്റെ ഭാഗമാണ്. നാവ് കൊണ്ട് ഉച്ചരിക്കാന്‍ കഴിയാത്തവര്‍ക്ക് മൊഴിയല്‍ നിര്‍ബന്ധമില്ല. മനസ്സില്‍ വിശ്വാസമില്ലാതെ മൊഴിയുന്നതു കൊണ്ട് മുഅ്മിനാകുന്നതുമല്ല.
അല്ലാഹു ബഹുമാനിച്ചതിനെ ബഹുമാനിക്കേണ്ടതും അവന്‍ നിന്ദിച്ചതിനെ നിന്ദ്യമായി കരുതേണ്ടതുമാണ്. ഇതിന്നെതിരായി പ്രവര്‍ത്തിക്കല്‍ കൊണ്ടും ദോഷമായ കാര്യം അനുവദനീയമാണെന്ന് വിശ്വസിക്കല്‍ കൊണ്ടും കാഫിറാകുന്നതാണ്. ഒരമുസ്‌ലിം ഇസ്‌ലാം സ്വീകരിച്ചാല്‍ അവന്റെ സകല ദോഷങ്ങളും പൊറുക്കപ്പെടും. ഒരാള്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയാല്‍ അവന്‍ ചെയ്ത എല്ലാ നല്ല അമലുകളും പൊളിഞ്ഞു പോകുന്നതാണ്. ലോകമാന്യത, അഹന്ത മുതലായവകൊണ്ട് അമലുകള്‍ക്ക് പ്രതിഫലം നഷ്ടപ്പെടും.
ഔലിയാഇന്ന് കറാമത്തുണ്ടെന്നത് സത്യമാകുന്നു. നബിമാര്‍ക്ക് ശേഷം മനുഷ്യരില്‍ വെച്ചേറ്റവും ശ്രേഷ്ഠര്‍ നബിയുടെ അനുയായികളായ സ്വഹാബിമാരാണെന്നും അവരില്‍ നിന്ന് ശ്രേഷ്ഠന്മാര്‍ ‘അമീറുല്‍ മുഅ്മിനീന്‍'(ഭരണാധികാരി)കളായിരുന്ന നാല് സ്വഹാബികളാണെന്നും വിശ്വസിക്കേണ്ടതാണ്. അവര്‍ക്ക് ശേഷം സഅ്ദ്, സഈദ്, സുബൈര്‍, ത്വല്‍ഹ, അബൂ ഉബൈദ, അബ്ദുറഹ്മാനിബ്‌നു ഔഫ് (റ) എന്നിവരും പിന്നെ ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തവരും ശേഷം ബൈഅത്തുശ്ശജറ (മരച്ചുവട്ടില്‍ നബിയോട് ചെയ്ത ഉടമ്പടി)യില്‍ പങ്കെടുത്തവരും യഥാക്രമം മുന്‍ഗണന അര്‍ഹിക്കുന്നവരാണ്. അവരുടെ ശേഷം മറ്റുള്ള സ്വഹാബികള്‍ ശ്രേഷ്ഠതയില്‍ തുല്യരാകുന്നു.
സ്വഹാബി വനിതകളില്‍ അതി ശ്രേഷ്ഠ ഫാത്വിമ(റ)വും ശേഷം ഖദീജ(റ)യും പിന്നെ ആഇശ(റ)യും അനന്തരം നബിയുടെ മറ്റു ഭാര്യമാരും അവരെക്കഴിച്ചാല്‍ മറ്റു സ്വഹാബി സ്ത്രീകളുമാണ്. സ്വഹാബത്തിനു ശേഷം ‘താബിഉ’കള്‍ (അവരെ പിന്‍പറ്റിയവര്‍) താബിഉത്താബിഉകള്‍ (പിന്‍പറ്റിയവരെ പിന്‍പറ്റിയവര്‍) എന്നിവരാണ് ശ്രേഷ്ഠര്‍. ആഇശ, ഫാത്വിമ (റ) എന്നിവരെ സംബന്ധിച്ച് വ്യഭിചാരാരോപണം നടത്തുന്നതും അബൂബക്ര്‍സിദ്ദീഖ്, ഉമര്‍(റ) എന്നിവരുടെ ഖിലാഫത്തിന്നുള്ള അര്‍ഹതയെ നിഷേധിക്കുന്നതും മതഭ്രഷ്ടിന് കാരണമായിത്തീരും.
ഐഹിക കാര്യങ്ങളുമായി ബന്ധപ്പെട്ടവരും അല്ലാത്തവരുമായ സ്വഹാബികളെല്ലാം നീതിമാന്മാരാണ്. അവരെ സംബന്ധിച്ച് ഗുണമല്ലാത്തതൊന്നും പറയാന്‍ പാടുള്ളതല്ല. സ്വര്‍ഗ്ഗാവകാശികളാണെന്ന് നബി വ്യക്തമായിപ്പറഞ്ഞ നാല് ഭരണാധികാരികളായ സ്വഹാബികള്‍, ശേഷം മുമ്പ് പറഞ്ഞ ആറ് സ്വഹാബികള്‍, ഹസന്‍ ഹുസൈന്‍, അവരുടെ മാതാവായ ഫാത്വിമ ബീവി, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, ബിലാല്‍ മുഅദ്ദിന്‍, അബ്ദുല്ലാഹിബ്‌നു സലാം, സാബിത്തുബ്‌നു ഖൈസ് (റ) എന്നിവല്ലാത്ത മറ്റൊരാളെ സംബന്ധിച്ചും സ്വര്‍ഗ്ഗാവകാശിയാണെന്ന് ഉറപ്പിച്ചു പറയാന്‍ സാദ്ധ്യമല്ല.
ഇമാം ഹസന്‍, ഹുസൈന്‍ എന്നിവരുടെ സന്താനപരമ്പരകളായ അഹ്‌ലുബൈത്തിന്റെ ശ്രേഷ്ഠതയില്‍ ദൃഢമായി വിശ്വസിക്കേണ്ടതാണ്. നൂഹ് നബി(അ)യുടെ കപ്പല്‍ സത്യവിശ്വാസികളായ അവരുടെ സമുദായത്തിന്ന് സംരക്ഷണമായത് പോലെ നബിയുടെ സമുദായത്തിന്ന് അഹ്‌ലുബൈത്ത് സംരക്ഷണമാണെന്ന് ഹദീസില്‍ വന്നിരിക്കുന്നു.
മുഹമ്മദ് നബി യുടെ സമുദായമായ നാം മറ്റ് അമ്പിയാഇന്റെ സമുദായങ്ങളേക്കാള്‍ ശ്രേഷ്ഠരാണ്. ദുര്‍മാര്‍ഗ്ഗത്തിന്മേല്‍ അവരൊരിക്കലും ഏകപക്ഷീയരാവുകയില്ല. നബിമാരെല്ലാം ഖബ്‌റില്‍ ജീവിച്ചിരിക്കുന്നവരും അവിടെ വെച്ച് നമസ്‌കാരം, നോമ്പ്, ഹജ്ജ്, എന്നിവ നില്‍വ്വഹിക്കുന്നവരുമാണ്. മരിക്കുന്നതിന്ന് മുമ്പത്തേത് പോലെയുള്ള ചൈതന്യവത്തായ ജീവിതം അവര്‍ക്കവിടെയുണ്ട്. പക്ഷെ, നമ്മുടെ ദൃഷ്ടിക്കത് ഗോചരമല്ല. മലക്കുകളെപ്പോലെ നമ്മുടെ കാഴ്ചയില്‍ നിന്ന് അവര്‍ മറഞ്ഞവരാണ്.
നബി കുടുംബമായ അഹ്‌ലുബൈത്തിനേയും നബിയുടെ അനുയായികളായ സ്വഹാബിമാരേയും സ്‌നേഹിക്കുകക, ജുമുഅ നമസ്‌കാരം ഫര്‍ളാണെന്ന് വിശ്വസിക്കുക എന്നിവ നിര്‍ബന്ധമാണ്. ഔലിയാഅ് അമ്പിയാഇന്റെ പദവിയിലേക്കുയരുകയില്ല; നബിമാര്‍ ഔലിയാഇനെക്കാള്‍ സ്ഥാനമുള്ളവരാണ്. ബുദ്ധിയും പ്രായപൂര്‍ത്തിയുമുള്ള ഒരാള്‍ക്ക് നമസ്‌കാരം നോമ്പ് മുതലായവ ഉപേക്ഷിക്കിക്കാവുന്ന പദവി ഉണ്ടാവുകയില്ല. അങ്ങനെയൊരു പദവി കരസ്ഥമാക്കിയതായി ആരെങ്കിലും വാദിച്ചാല്‍ അവന്‍ കാഫിറാകുന്നു.
മരണപ്പെട്ടവര്‍ക്ക് വേണ്ടി ധര്‍മ്മം ചെയ്യല്‍ കൊണ്ടും പ്രാര്‍ത്ഥിക്കല്‍ കൊണ്ടും അവര്‍ക്ക് ഫലം ലഭിക്കുന്നതാണ്. നാല് മദ്ഹബിന്റെ ഇമാമുകള്‍- ശാഫിഈ, അബൂഹനീഫ, അഹ്മദ്, മാലികീ(റ)- എല്ലാം നബി പ്രബോധനം ചെയ്ത സന്മാര്‍ഗ്ഗ പാതയില്‍ നിന്ന് വ്യതിചലിക്കാത്തവരാകുന്നു. ഈ നാല് മദ്ഹബില്‍ നിന്ന് ഒരാള്‍ക്കും വ്യതിചലിക്കാന്‍ പാടുള്ളതല്ല. മരണം ആസന്നമായ സന്ദര്‍ഭത്തിലും പരലോകത്തിലെ ഭയാനകതകള്‍ കാണുന്ന ഘട്ടത്തിലുമുള്ള വിശ്വാസം പ്രയോജനപ്പെടാത്തതാണ്. മരണവേളയില്‍ പാപങ്ങലില്‍ നിന്നുള്ള പശ്ചാത്താപവും സ്വീകരിക്കപ്പെടുകയില്ല. അമ്പിയാഅല്ലാത്തവരെ സംബന്ധിച്ചു-അവര്‍ അഹ്‌ലുബൈത്ത് ആയാല്‍ പോലും- പാപവിമുക്തരാണെന്ന് പറഞ്ഞുകൂടാ. പക്ഷെ, അഹ്‌ലുബൈത്ത് പരിശുദ്ധരാണെന്ന് പറയവുന്നതാണ്. ഇപ്രകാരമെല്ലാം വിശ്വസിക്കല്‍ നിര്‍ബന്ധമാണെന്ന് മഹാ പണ്ഡിതനും മക്കാശരീഫിലെ മുഫ്തിയും ഇമാമുമായിരുന്ന മുഹമ്മദ് സ്വാലിഹുറഈസ് (റ) തന്റെ ശറഹുആമന്‍തുബില്ലാഹി എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്നാണ് അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസമെന്ന് പറയുന്നത്.
നബി യുടെ സമുദായം എഴുപത്തിമൂന്ന് പാര്‍ട്ടിയായിപ്പിരയുമെന്നും അതില്‍ ഒന്നുമാത്രം സ്വര്‍ഗ്ഗത്തിലും ബാക്കിയെല്ലാം നരകത്തിലുമാണെന്നും ഹദീസില്‍ വന്നിരിക്കുന്നു. അതിനാല്‍ യഥാര്‍ത്ഥ മുസ്‌ലിമാവണമെന്നാഗ്രഹമുള്ളവര്‍ മേല്‍പറഞ്ഞ കാര്യങ്ങളില്‍ വിശ്വസിക്കേണ്ടതും നമസ്‌കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് എന്നീ നാല് കാര്യങ്ങള്‍ കൃത്യമായി അനുഷ്ഠിക്കേണ്ടതുമാണ്. ഈ നാലില്‍ ഓരോന്നിനേയും നബി ശഹാദത്ത്കലിമയുടെ സ്ഥാനത്താണ് നിറുത്തിയിരിക്കുന്നത്. ഇവ ഉപേക്ഷിക്കുന്നതിനാണ് അധികമാളുകളും ദീനില്‍ നിന്ന് തെറ്റി മറിക്കാന്‍ കാരണമാകുന്നത്.
ശിര്‍ക്കല്ലാത്ത പാപങ്ങള്‍ ചെയ്തവരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നത് കൊണ്ടോ പാപം ചെയ്യാത്തവരെ നരഗത്തിലിടുന്നത് കൊണ്ടോ അല്ലാഹു സൃഷ്ടികളെ അക്രമിച്ചു എന്നു പറഞ്ഞുകൂടാ. അക്രമമെന്നാല്‍ ഒരാളുടെ അധീനതയിലുള്ള സാധനത്തില്‍ അവന്റെ സമ്മതമില്ലാതെ മറ്റൊരാള്‍ ക്രയവിക്രയം നടത്തലാകുന്നു. സര്‍വ്വ ചാരാചരങ്ങളും അല്ലാഹുവിന്റെ ഉടമയിലുള്ളതാകയാല്‍ അവന്‍ ചെയ്യുന്നത് ഒരിക്കലും അക്രമമാകുന്നതല്ല. മറിച്ച് അവന്റെ ഔദാര്യവും നീതിയുമാണ്. അല്ലാഹു പറയുന്നു: ‘അവന്‍ (അല്ലാഹു) പ്രവര്‍ത്തിച്ചതിനെസ്സംബന്ധിച്ചു അവന്‍ ചോദിക്കപ്പെടുകയില്ല. അവര്‍(സൃഷ്ടികള്‍) ചോദിക്കപ്പെടും. ജിന്നിനേയും മനുഷ്യനേയും എന്നെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.’ ‘എനിക്കു (അവരുടെ ശരീരങ്ങള്‍ക്ക് തന്നെയും) ഭക്ഷണം നല്‍കുന്നതിനെ അവരുടെ പക്കല്‍ നിന്ന് ഞാന്‍ ഉദ്ദേശിക്കുന്നില്ല.’ അല്ലാഹുവാണ് ഭക്ഷണം നല്‍കുന്നവനും അതിശക്തനും’.
സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്ന് ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ജിന്ന്, ഇന്‍സ് എന്നീ രണ്ട് വിഭാഗങ്ങളെ സൃഷ്ടിച്ചിട്ടില്ല. അതിനാല്‍ സദാസമയവും അവന്നു വഴിപ്പെട്ട് ജീവിക്കുവാന്‍ പരിശ്രമിക്കല്‍ ഓരോരുത്തരുടേയും കടമയാണ്. രഹസ്യമായും പരസ്യമായും അല്ലാഹുവിന്ന് നാം വഴിപ്പെടണം. അതിനെ മുടക്കുന്ന കാര്യങ്ങളിലൊന്നും ഏര്‍പ്പെടരുത്. അതാണ് അല്ലാഹുവിന്റെ കല്‍പന. ഇപ്രകാരം മേല്‍ പറഞ്ഞ ആയത്തിന്റെ വിശദീകരണത്തില്‍ പറയപ്പെട്ടിരിക്കുന്നു.
ഹ: മൂസാ നബി(അ)ന്ന് അല്ലാഹു ഇപ്രകാരം ദിവ്യ സന്ദേശം നല്‍കുകയുണ്ടായി:’മൂസാനബീ, എനിക്ക് എതില്‍ പ്രവരവര്‍ത്തികുന്നവരുമായി സഹവസിക്കരുത്. ഏകാകിയായ പക്ഷി പകല്‍ തിന്ന് കുടിച്ച് രാത്രി അതിന്റെ പൊത്തില്‍ താമസിക്കുന്നതു പോലെയാകുക താങ്കള്‍’. ഹ:ദാവൂദ് നബി(അ) ന്ന് അല്ലാഹു വഹ്‌യ് അറിയിക്കുകയുണ്ടായി: ‘ദാവൂദ് നബീ, എന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങളോട് യോജിക്കാത്തവരെ നിങ്ങള്‍ വിശ്വസിക്കരുത്. അവര്‍ നിങ്ങളുടെ ശത്രുക്കളാണ്. നിങ്ങളുടെ ഹൃദയത്തെ അവര്‍ കറുപ്പിക്കുന്നതും, എന്നില്‍ നിന്ന് നിങ്ങളെയവര്‍ അകറ്റുന്നതുമാണ്. സജ്ജനങ്ങളെ മാത്രം സ്‌നേഹിതന്മാരാക്കി നിതാന്ത ജാഗ്രത പുലല്‍ത്തിക്കൊള്ളുക’. ഇപ്രകാരം നമ്മുടെ നബി ക്കും ദിവ്യ സന്ദേശം ലഭിക്കുകയുണ്ടായിട്ടുണ്ട്. ബഹു: ഉത്ത്ബത്തുബ്‌നു ആമിര്‍ എന്ന സ്വഹാബി നബി തങ്ങളോട് രക്ഷാമാര്‍ഗ്ഗം എന്താണെന്ന് ചോദിക്കുകയുണ്ടായി. അതിന്ന് അവിടന്ന് ഇപ്രകാരം മറുപടി പറഞ്ഞു: അനാവശ്യ സംസാരങ്ങളില്‍ നിന്നു നാവിനെ സൂക്ഷിച്ചു വീട്ടില്‍ തന്നെ ഇരിക്കുക. ചെയ്തു പോയ പാപങ്ങളെക്കുറിച്ചോര്‍ത്ത് കരയുക. നാവുനിമിത്തമാണ് മനുഷ്യന്‍ നകരത്തില്‍ മുഖം കുത്തി വീഴ്ത്തപ്പെടുന്നത്. ആവശ്യമില്ലാത്ത സംസാരങ്ങളില്‍ നിന്ന് നാവിനെ സൂക്ഷിച്ചവന്‍ രക്ഷ പ്രാപിച്ചവനായി.
മനുഷ്യന്‍ ഭൗതിക ലോകത്ത് ഒരു സഞ്ചാരിയെപ്പോലെയാകണം. ത്വബ്‌റാനി റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘ധാരാളം സമ്പത്തും സന്താനങ്ങളുമുള്ള രണ്ട് മനുഷ്യരെ മരണ ശേഷം ഹാജരാക്കുന്നതും അതില്‍ ഒരാളോട് ഞാന്‍ നല്‍കിയ സമ്പത്ത് നീ എന്തു ചെയ്തു എന്ന് അല്ലാഹു ചോദിക്കുന്നതുമാണ്. എന്റെ സന്താനങ്ങള്‍ സാധുക്കളായിപ്പോകുന്നതിനെ ഭയപ്പെട്ടു അവര്‍ക്കുവേണ്ടി അതെല്ലാം ഞാന്‍ സുക്ഷിച്ചു എന്നയാള്‍ പറയും. ഇതിന്ന് അല്ലാഹുവിന്റെ മറുപടിയുണ്ടാകും: സമ്പത്ത് നിനക്ക് നല്‍കിയതു പോലെ നിന്റെ സന്താനങ്ങള്‍ക്കും നല്‍കാന്‍ കഴിവുള്ള എന്റെ കഴിവില്‍ നീ വിശ്വസിച്ചില്ലല്ലോ. അതുകൊണ്ട് നീ ഭയപ്പെട്ട കാര്യം നിന്റെ സന്താനങ്ങളില്‍ ഞാന്‍ സംജാതമാക്കുന്നതാണ്. മറ്റേയാളോട് സമ്പത്തിനെ സംബന്ധിച്ച് ചോദിക്കുമ്പോള്‍ അയാള്‍ അതിന്ന് മറുപടി പറയും: ‘നീ തന്ന സമ്പത്ത് നിന്റെ പ്രീതിക്കുവേണ്ടി ഞാന്‍ ചെലവഴിച്ചു. എന്റെ സന്താനങ്ങള്‍ക്ക് ആവശ്യമായ സമ്പത്ത് നീ നല്‍കുമെന്ന് ഞാന്‍ ഉറപ്പിച്ചു.’ ഈ സന്ദര്‍ഭത്തില്‍ അല്ലാഹു അതിന് ഉത്തരം നല്‍കും: നീ ഉറപ്പിച്ചത് പോലെ നിന്റെ സന്താനങ്ങള്‍ക്ക് ഞാന്‍ സമ്പത്ത് നല്‍കുന്നതാണ്.
Leave A Comment