മരിച്ചവര്‍ക്കുവേണ്ടിയുള്ള സല്‍കര്‍മങ്ങള്‍
നൂറ്റാണ്ടുകളായി മുസ്‌ലിം ലോകത്ത് നിരാക്ഷേപം നടന്നുവരുന്ന ഒരു ആചാരമാണ് മരണപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം. പ്രമാണങ്ങളും പണ്ഡിത വചനങ്ങളും ഇതിന്റെ സാധുതയെ സ്ഥിരീകരിക്കുന്നു. എങ്കിലും പരിഷ്‌കരണ ചിന്ത തലയില്‍ കയറിയ ചില നവീനവാദികള്‍ ഇത് ബിദ്അത്താണെന്ന വാദവുമായി ഇപ്പോഴും കുപ്രചാരണം നടത്തുകയാണ്.
അന്തരിച്ച മുന്‍ യു.എ.ഇ പ്രസിഡണ്ട് ശൈഖ് സായിദിന്റെ ഖബറിടത്തില്‍ നിത്യവും അനേകായിരം വിശ്വാസികള്‍ വന്ന് ഖുര്‍ആന്‍ പാരായണം നടത്തുന്നതും പ്രാര്‍ത്ഥിക്കുന്നതും ലോക മാധ്യമങ്ങളില്‍ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മരണപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണത്തിന്റെ ഇസ്‌ലാമിക മാനം വീണ്ടും ചര്‍ച്ചയായി. ഈ പശ്ചാത്തലത്തില്‍ ”ഖുര്‍ആന്‍ പാരായണംകൊണ്ട് മരണപ്പെട്ടവര്‍ക്ക് ഗുണം ലഭിക്കുമോ?” എന്ന തലക്കെട്ടില്‍ ചോദ്യോത്തര രൂപത്തിലുള്ള ഒരു ലഘുലേഖ യു.എ.ഇയിലെ ഔഖാഫ് ഔദ്യോഗികമായി പുറത്തിറക്കി. പ്രസ്തുത ലഘുലേഖയിലെ ആവര്‍ത്തനമായി അനുഭവപ്പെടുന്ന ചില ഭാഗങ്ങള്‍ മാത്രം ഒഴിവാക്കിയുള്ള മലയാള ഭാഷാന്തരമാണിത്.
ചോദ്യം : ജീവിച്ചിരിക്കുന്നവരുടെ ഏതെങ്കിലും പ്രവര്‍ത്തനം കൊണ്ട് മരിച്ചവര്‍ക്ക് ഗുണം ലഭിക്കുമോ?
ഉത്തരം: അതെ, ജീവിച്ചിരിക്കുന്നവരുടെ നിരവധി പ്രവര്‍ത്തനങ്ങള്‍കൊണ്ട് മരിച്ചവര്‍ക്ക് ഗുണം ലഭിക്കും.
? : അതിനുള്ള തെളിവെന്ത്?
8 : ധാരാളം തെളിവുകളുണ്ട്. ചിലത് താഴെ പറയുന്നു.
1. മയ്യിത്ത് നിസ്‌കാരം: മയ്യിത്ത് നിസ്‌കാരമെന്നാല്‍ ഖുര്‍ആന്‍ പാരായണവും സ്വലാത്തും പ്രാര്‍ത്ഥനയുമെല്ലാം ചേര്‍ന്നതാണല്ലോ. അതൊക്കെയും ജീവിച്ചിരിക്കുന്നവരുടെ പ്രവൃത്തിയാണ്. അതുകൊണ്ട് മയ്യിത്തിന് ഗുണം ലഭിക്കുകയും ചെയ്യുന്നു.
2. സ്വദഖകളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുന്നതിനെക്കുറിച്ചുള്ള അധ്യായത്തില്‍ ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ്: അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: ഒരാള്‍ നബി (സ)യോട് ചോദിച്ചു: ”നിശ്ചയം എന്റെ പിതാവ് മരണപ്പെട്ടിരിക്കുന്നു. കുറെ മുതല്‍ അദ്ദേഹം അനന്തര സ്വത്തായി ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു. അതില്‍ അദ്ദേഹം വസ്വിയ്യത്ത് ചെയ്തിട്ടില്ല. അദ്ദേഹത്തിനു വേണ്ടി ഞാന്‍ സ്വദഖ ചെയ്താല്‍ അത് അദ്ദേഹത്തിന്റെ പാപങ്ങള്‍ പൊറുപ്പിക്കുമോ?” നബി (സ) ഉത്തരം പറഞ്ഞു: ”അതെ” (മുസ്‌ലിം 3:1254).
ഇവിടെ ജീവിച്ചിരിക്കുന്ന മകന്‍ ചെയ്യുന്ന സ്വദഖ കൊണ്ട് മരണപ്പെട്ട പിതാവിന് ഗുണം ലഭിക്കുന്നു. മയ്യിത്തിന് സ്വദഖ കൊണ്ട് ഗുണം ലഭിക്കുമെന്ന് ഈ ഹദീസ് സ്ഥിരീകരിക്കുന്നു. ”നല്ല വാക്ക് (അല്‍ കലിമത്തുത്ത്വയ്യിബ) സ്വദഖയാണെന്ന് സ്വഹീഹായ ഹദീസില്‍ വന്നിരിക്കുന്നു. (ബുഖാരി 5:1254) നല്ല വാക്ക് എന്ന ഗണത്തില്‍ ഖുര്‍ആന്‍ ഉള്‍പ്പെടുമെന്നതില്‍ ഒരു മുസ്‌ലിമിന് സംശയമുണ്ടാകില്ലല്ലോ. അപ്പോള്‍ ഖുര്‍ആന്‍ പാരായണം സ്വദഖയാണ്. അതുകൊണ്ട് മയ്യിത്തിന് ഗുണം ലഭിക്കുകയും ചെയ്യും.
3. ‘ഖബറിടത്തില്‍ പ്രവേശിക്കുമ്പോള്‍ പറയേണ്ടതും ഖബറാളികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയും’ എന്ന അധ്യായത്തില്‍ ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ്: ആയിശ (റ)യില്‍ നിന്ന് നിവേദനം: നബി (സ) ആയിശ ബീവി (റ)യുടെ കൂടെ കഴിയുന്ന എല്ലാ രാത്രിയിലും അവിടന്ന് രാത്രിയുടെ അന്ത്യയാമങ്ങളില്‍ ജന്നത്തുല്‍ ബഖീഇലേക്ക് പോകാറുണ്ടായിരുന്നു. എന്നിട്ട് നബി (സ) പറയും.
”വിശ്വാസി സമൂഹത്തിന്റെ ഭവനമേ, നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ. നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ഒരു കാര്യം നിങ്ങള്‍ക്കു വന്നെത്തിയിരിക്കുന്നു. നിങ്ങള്‍ (നിങ്ങളുടെ പ്രതിഫലം ലഭിക്കാന്‍) നാളേക്ക് അവധിവെക്കപ്പെട്ടവരാണ്. ഇന്‍ശാഅല്ലാ… ഞങ്ങളും നിങ്ങളോടൊപ്പം വന്നു ചേരുന്നവരാണ്. അല്ലാഹുവേ! ബഖീഇലെ ഖബറാളികള്‍ക്ക് നീ പൊറുത്തുകൊടുക്കണേ!” (മിസ്‌ലിം 2:669).
അപ്പോള്‍ നബി (സ) ഖബര്‍ സിയാറത്ത് അധികരിപ്പിക്കുകയും ഖബറാളികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും, അവര്‍ക്കു അതുകൊണ്ട് ഗുണം ലഭിക്കുകയും ചെയ്തിരുന്നുവെന്ന് ഇതില്‍ നിന്നു മനസിലാക്കാം.
ഖബര്‍ സിയാറത്ത് ചെയ്യാന്‍ നബി (സ) സ്വഹാബികളെ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. ”ഖബര്‍ സിയാറത്ത് ചെയ്യുന്നതില്‍ നിന്നു നിങ്ങളെ ഞാന്‍ വിലക്കിയിരുന്നു. ഇനി നിങ്ങള്‍ ഖബര്‍ സിയാറത്ത് ചെയ്യുക. നിശ്ചയം അതു പരലോകത്തെ ഓര്‍മിപ്പിക്കും”. എന്ന് നബി (സ) പറയാറുണ്ടായിരുന്നു. (മുസ്‌ലിം 2:672).
മയ്യിത്തിനു വേണ്ടി പ്രാര്‍ത്ഥന നടത്തുന്നതും നബി (സ) അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കാറുണ്ടായിരുന്നു. ഖബറാളികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയെക്കുറിച്ച് ആയിശ (റ) നബി (സ) യോട് ചോദിച്ചുവെന്നും, അപ്പോള്‍ അവര്‍ക്കു വേണ്ടി എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നു നബി (സ) പഠിപ്പിച്ചുകൊടുത്തുവെന്നും ഇമാം മുസ്‌ലിം (റ) നിവേദനം ചെയ്തിട്ടുണ്ട്.
4. ഇബ്‌നു അബ്ബാസി (റ)ല്‍ നിന്ന് ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ്: അദ്ദേഹം പറഞ്ഞു: നബി (സ) രണ്ട് ഖബ്‌റുകളുടെ അരികിലൂടെ നടന്നുപോയി. അപ്പോള്‍ അവിടന്ന് പറഞ്ഞു: ”നിശ്ചയം അവര്‍ രണ്ടാളും ശിക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ വലിയൊരു കാര്യത്തിലല്ല അവര്‍ ശിക്ഷിക്കപ്പെടുന്നത്. അവരിലൊരാള്‍ മൂത്രത്തെതൊട്ട് പൂര്‍ണമായി ശുദ്ധിവരുത്താത്തവനായിരുന്നു. മറ്റെയാള്‍ പരദൂഷണവുമായി നടന്നിരുന്നവനാണ്”. എന്നിട്ട് നബി (സ) ഉണങ്ങാത്ത ഒരു ഈത്തപ്പന മട്ടല്‍ എടുത്തു. അതിനെ രണ്ടു പകുതിയായി ചീന്തി. ഓരോ ഖബറിലും ഓരോന്ന് വീതം നാട്ടിവെച്ചു. അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ! എന്തിനാണ് ഇങ്ങനെ ചെയ്തത്?” നബി (സ) പറഞ്ഞു: ”അതവര്‍ക്ക് ആശ്വാസം നല്‍കിയേക്കാം. അതു രണ്ടും ഉണങ്ങാത്ത കാലത്തോളം”. (ബുഖാരി 1:88).
ജീവിച്ചിരിക്കുന്നവരുടെ പ്രവര്‍ത്തനംകൊണ്ട് മയ്യിത്തിന് ഗുണം ലഭിക്കുമെന്ന് നബി (സ) തങ്ങളുടെ ഈ വാക്ക് അറിയിക്കുന്നു. ഇമാം ബത്ത്വാബി (റ) രേഖപ്പെടുത്തുന്നു: ഖബറിങ്ങല്‍ ഖുര്‍ആന്‍ പാരായണം സുന്നത്താണെന്നതിന് ഈ ഹദീസ് തെളിവാണ്. കാരണം, മരത്തിന്റെ തസ്ബീഹ് കൊണ്ട് മയ്യിത്തിന് ആശ്വാസം പ്രതീക്ഷിക്കാമെങ്കില്‍, ഖുര്‍ആന്‍ പാരായണം കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതും കൂടുതല്‍ ബര്‍ക്കത്തുള്ളതുമാണ്”. (ഉംദതുല്‍ ഖാരി 3:118).
5. ഇബ്‌നു അബ്ബാസ് (റ)വിന്റെ ഹദീസ്: ജുഹൈനത്ത് ഗോത്രത്തില്‍പ്പെട്ട ഒരു സ്ത്രീ നബി (സ) യുടെ അടുക്കല്‍ വന്ന് പറഞ്ഞു: ”എന്റെ ഉമ്മ ഹജ്ജ് ചെയ്യാന്‍ നേര്‍ച്ചയാക്കി. പക്ഷേ, ഹജ്ജ് ചെയ്യുന്നതിനു മുമ്പ് തന്നെ മരണപ്പെട്ടു. ഉമ്മാക്കു വേണ്ടി ഞാന്‍ ഹജ്ജ് ചെയ്യാമോ?” അപ്പോള്‍ നബി (സ) പറഞ്ഞു: ”അതെ, ഉമ്മാക്കു വേണ്ടി നീ ഹജ്ജ് ചെയ്യുക, നിന്റെ ഉമ്മയുടെ മേല്‍ ഒരു കടമുണ്ടെങ്കില്‍ അതു നീ വീട്ടുമോ? എങ്കില്‍ അല്ലാഹുവിന്റെ കടം നിങ്ങള്‍ വീട്ടുക. അല്ലാഹുവാണ് കടം വീട്ടപ്പെടാന്‍ ഏറ്റവും അര്‍ഹന്‍”. (ബുഖാരി 2:656).
? ”ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ അവന്റെ അമലുകള്‍ മുറിഞ്ഞുപോകും; മൂന്നെണ്ണമൊഴികെ നിലനില്‍ക്കുന്ന സ്വദഖ, ഇപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വാലിഹായ സന്താനം” എന്ന ഹദീസും മുകളില്‍ പറഞ്ഞ സ്വഹീഹായ സദീസുകളും തമ്മില്‍ എങ്ങനെ യോജിപ്പിക്കും?.
= മുകളില്‍ പറഞ്ഞ ഹദീസുകളും ഈ ഹദീസും തമ്മില്‍ യാതൊരു വൈരുദ്ധ്യവുമില്ല. അവന്റെ അമല്‍ മുറിഞ്ഞുപോകുമെന്നാണ് ഈ ഹദീസില്‍ പറയുന്നത്. ജനങ്ങള്‍ അവനുവേണ്ടി ചെയ്യുന്ന അമല്‍ അല്ല. അല്ലെങ്കില്‍ പിന്നെ മയ്യിത്ത് നിസ്‌ക്കാരം കൊണ്ട് എന്തു പ്രയോജനമാണുള്ളത്? മയ്യിത്ത് നിസ്‌കാരം ഈ മൂന്നിലും പെട്ടതല്ലല്ലോ. മയ്യിത്തിന് ഗുണം ലഭിക്കില്ലെങ്കില്‍ മയ്യിത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന കൊണ്ട് എന്തു ഫലം?
? ”നിശ്ചയം ഒരു മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല” എന്ന് അല്ലാഹു തആല ഖുര്‍ആനില്‍ പറയുന്നുണ്ടല്ലോ. പിന്നെ മറ്റുള്ളവരുടെ പ്രവര്‍ത്തനം കൊണ്ട് എങ്ങനെയാണ് അവന് ഗുണം ലഭിക്കുക?
= മനുഷ്യന് അവകാശപ്പെട്ടത് അവന്റെ പ്രവര്‍ത്തനത്തിന്റെ പ്രതിഫലം മാത്രമാണെന്നാണ് ഈ ആയത്തില്‍ പറയുന്നത്. അഥവാ, അവന്റെ പ്രവര്‍ത്തനം ഒരിക്കലും വ്യഥാവിലാകില്ലെന്നും, അതിനു പ്രതിഫലം ലഭിക്കുക തന്നെ ചെയ്യുമെന്നും അല്ലാഹുവിന്റെ അദ്ല്‍ (നീതി) സ്വയം ഏറ്റെടുത്തിരിക്കുന്നു. (അല്ലാഹുവിന്റെ മേലിലുള്ള ബാധ്യതയല്ല; പ്രത്യുത അല്ലാഹു സ്വയം ഏറ്റെടുത്തത്) അതിനാല്‍ അവന്‍ ചെയ്ത പ്രവര്‍ത്തനത്തിന്റെ പ്രതിഫലം മാത്രമാണ് ഈ നിലയില്‍ അവന് അവകാശപ്പെട്ടത്.
ഇതിന്റെ ശേഷമുള്ള ആയത്ത് പരിശോധിച്ചാല്‍ കാര്യം വളരെ വ്യക്തമാകും. ”നിശ്ചയം അവന്റെ പ്രവര്‍ത്തനം (അതിന്റെ പ്രതിഫലം) പിന്നീട് കാണപ്പെടുക തന്നെ ചെയ്യും” എന്നാണ് അടുത്ത ആയത്തില്‍ പറയുന്നത്.
മറ്റുള്ളവരുടെ പ്രവര്‍ത്തനം കൊണ്ട് ഗുണം ലഭിക്കുമെന്നതിനെ ഈ ആയത്തില്‍ നിഷേധിച്ചിട്ടില്ല. ”അല്ലാഹുവിന്റെ അടുക്കല്‍ അവന്റെ അനുമതിയോടുകൂടിയല്ലാതെ ആരാണ് ശഫാഅത്ത് ചെയ്യുക?” എന്ന ആയത്ത് ഇതിനു തെളിവാണ്. അല്ലാഹുവിന്റെ അനുമതിയോടെ ശഫാഅത്ത് ഉണ്ടാകുമെന്ന് ഈ ആയത്ത് സ്ഥിരീകരിക്കുന്നു. ശഫാഅത്ത് എന്നത് ഒരു മനുഷ്യന്‍ അവനു വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനമല്ലല്ലോ. മറിച്ച് അവനുവേണ്ടി മറ്റുള്ളവര്‍ ചെയ്യുന്ന പ്രവര്‍ത്തനമാണ്. മറ്റുള്ളവര്‍ ചെയ്യുന്ന ഈ പ്രവര്‍ത്തനത്തെ അല്ലാഹു സ്വീകരിക്കുന്നത് അവന്റെ ‘ഫള്ല്‍’ (ഔദാര്യം) കൊണ്ട് മാത്രമാണ്.
അതോടൊപ്പം മുസ്‌ലിമായി മരണപ്പെട്ട ഏതൊരാളും അവന്‍ മുസ്‌ലിമായി മരണപ്പെട്ടുവെന്നത് അവന്റെ പ്രവര്‍ത്തനമാണ്. ഈ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് മറ്റുള്ളവര്‍ അവനു വേണ്ടി ചെയ്യുന്ന ‘അമല്‍’ കൊണ്ട് അവനു പ്രയോജനം ലഭിക്കുന്നത്. മരണപ്പെടുന്ന സമയത്ത് അവന്‍ മുസ്‌ലിമായിരുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ ചെയ്യുന്ന ‘അമല്‍’ കൊണ്ട് അവനു ഒരു പ്രയോജനവും ലഭിക്കില്ലായിരുന്നു.
ഇമാം അഹ്മദ് (റ) തന്റെ ‘മുസ്‌നദി’ലും ഇമാം ഇബ്‌നു അബീ ശൈബ (റ) തന്റെ ‘മുസ്വന്നഫി’ലും അംറുബ്‌നു ശുഐബി (റ)ല്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് ഇതിനു തെളിവാണ്. അദ്ദേഹത്തിന്റെ പിതാമഹന്‍ അംറുബിനുല്‍ ആസ് (റ) നബി (സ) യോട് ചോദിച്ചു. ”അല്ലാഹുവിന്റെ റസൂലേ! ആസ്വിബ്‌നു വാഇല്‍ ജാഹിലിയ്യ കാലത്ത് 100 ഒട്ടകങ്ങളെ അറുക്കാന്‍ കല്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഹിശാം അതില്‍ നിന്നു 50 എണ്ണം അറുത്തു. ഇനി അദ്ദേഹത്തിനു വേണ്ടി ഞാന്‍ അറുക്കാമോ? നബി (സ) പറഞ്ഞു: ”നിന്റെ പിതാവ് തൗഹീദ് അംഗീകരിച്ചിരുന്നുവെങ്കില്‍ നീ അദ്ദേഹത്തിനുവേണ്ടി നോമ്പ് നോറ്റാലും സ്വദഖ ചെയ്താലും അടിമയെ മോചിപ്പിച്ചാലും അതിന്റെ പ്രതിഫലം അദ്ദേഹത്തിന് ലഭിക്കുമായിരുന്നു”. (മുസ്വന്നഫു ഇബ്‌നി അബീ ശൈബ: 3:58).
ഇമാം ഇബ്‌നുസ്വലാഹ് (റ) വിനോട് ഈ ആയത്തിനെക്കുറിച്ചും, ”ഒരാള്‍ മരിച്ചാല്‍ അവന്റെ അമലുകള്‍ മുറിഞ്ഞുപോകും; മൂന്നെണ്ണമൊഴികെ” എന്ന ഹദീസിനെക്കുറിച്ചും ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ശ്രദ്ധിക്കുക:
”ഈ വിഷയത്തില്‍ അഭിപ്രായ ഭിന്നതയുണ്ട്. മരിച്ചവരുടെ പേരില്‍ ഖുര്‍ആന്‍ ഓതുന്നതില്‍ ബറകത്ത് ഉണ്ടെന്ന് ശ്രേഷ്ഠരായ ആളുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ വിഷയത്തിലുള്ള അഭിപ്രായ ഭിന്നത, അടിസ്ഥാനപരമായ കാര്യങ്ങളില്‍ (ഉസൂല്‍) ഉള്ള ഭിന്നതപോലെയല്ല; പ്രത്യുത ശാഖാപരമായ വിഷയങ്ങളിലുള്ള ഭിന്നതയാണ്. മയ്യിത്തിനു വേണ്ടി മറ്റുള്ളവര്‍ ചെയ്യുന്ന അമലിന്റെ പ്രതിഫലം അവന് ലഭിക്കുമെന്ന അഭിപ്രായം ബാത്വിലാണെന്ന് ഉപര്യുക്ത ആയത്ത് അറിയിക്കുന്നില്ല. മനുഷ്യന്, അവന്‍ പ്രവര്‍ത്തിച്ചതിലല്ലാതെ അവകാശമില്ലെന്നും, അതിനല്ലാതെ പ്രതിഫലം ലഭിക്കില്ലെന്നുമാണ് ആയത്തിന്റെ ഉദ്ദേശ്യം. മറ്റുള്ളവര്‍ അവന്റെ പേരില്‍ ഹദ്‌യ ചെയ്യുന്ന ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും ഇതില്‍ പെടുന്നില്ല. അതൊന്നും അവനു അവകാശപ്പെട്ടതോ, അവനു ലഭിക്കുന്ന പ്രതിഫലമോ അല്ല. പ്രത്യുത മറ്റുള്ളവര്‍ അവനു ഹദ്‌യ നല്‍കിയതാണ്.
അപ്രകാരം ഉപര്യുക്ത ഹദീസും മരിച്ചവര്‍ക്ക് ഗുണം ലഭിക്കുമെന്ന അഭിപ്രായം ബാത്വിലാണെന്ന് തെളിയിക്കുന്നില്ല. ഹദീസില്‍ പറഞ്ഞത് അവന്റെ അമലിനെക്കുറിച്ചാണ്. ഇത് മറ്റുള്ളവരുടെ അമലാണ്”. (ഫതാവാ ഇബ്‌നുസ്വലാഹ് 1:149).
? അപ്പോള്‍ ഖബറിങ്ങല്‍ ഖുര്‍ആന്‍ ഓതല്‍, അല്ലെങ്കില്‍ ഖുര്‍ആന്‍ ഓതിയതിന്റെ കൂലി മരിച്ചവര്‍ക്കു വേണ്ടി ഹദ്‌യ ചെയ്യല്‍ അനുവദനീയമാണോ?
=അതെ, അനുവദനീയമാണെന്ന് മാത്രമല്ല, സുന്നത്താണ്.
? സ്വഹാബികളില്‍പ്പെട്ട ആരെങ്കിലും അങ്ങനെ ചെയ്യുകയോ, അതിനെ അംഗീകരിക്കുകയോ ചെയ്തിട്ടുണ്ടോ?
=ഉണ്ട്. സ്വഹാബികളില്‍പെട്ട അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) അങ്ങനെ ചെയ്യുകയും, അതിനെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹമ്പലി മദ്ഹബുകാരനായ ഇബ്‌നു ബുദാമ (റ) മുഗ്‌നിയില്‍ എഴുതുന്നു: അഹ്മദുബ്‌നു ഹമ്പല്‍ (റ) ഒരു അന്ധനെ ഖബറിങ്ങല്‍ ഓതുന്നതില്‍ നിന്നു വിലക്കി. അപ്പോള്‍ മുഹമ്മദ്ബിനു ഖുദാമ അല്‍ ജൗഹരി (റ) അദ്ദേഹത്തോട് ചോദിച്ചു: ”അല്ലയോ അബൂഅബ്ദില്ലാ! മുബശ്ശിറുല്‍ ഹലബിയെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു?” അദ്ദേഹം പറഞ്ഞു: ”വിശ്വസ്തനാണ്”. അപ്പോള്‍ മുഹമ്മദ്ബിനു ഖുദാമ (റ) പറഞ്ഞു: ”എന്നാല്‍ മുബശ്ശിറുല്‍ ഹലബി (റ)യുടെ പിതാവ്, താന്‍ മറവ് ചെയ്യപ്പെട്ടാല്‍ തന്റെ അടുക്കല്‍ അല്‍ബഖറ സൂറത്തിന്റെ തുടക്കവും അവസാനവും ഓതണമെന്ന് വസ്വിയ്യത്ത് ചെയ്യുകയും, ഇബ്‌നു ഉമര്‍ (റ) ഇങ്ങനെ വസ്വിയ്യത്ത് ചെയ്യുന്നത് ഞാന്‍ കേട്ടുവെന്ന് പറയുകയും ചെയ്തുവെന്ന് മുബശ്ശിര്‍ (റ) എന്നോട് പറഞ്ഞിരിക്കുന്നു. അപ്പോള്‍ അഹ്മദ്ബ്‌നു ഹമ്പല്‍ (റ) പറഞ്ഞു: ”നീ പോയി അയാളോട് വീണ്ടും ഓതാന്‍ പറയൂ”. (മുഗ്‌നി 2:224).
അഹ്‌ലുസ്സുന്നയുടെ ഇമാം അഹ്മദുബ്‌നു ഹമ്പല്‍ (റ) വിന് അല്ലാഹു റഹ്മത്ത് ചെയ്യട്ടെ, ഹഖ് ബോധ്യമായപ്പോള്‍ അതിലേക്ക് അദ്ദേഹം മടങ്ങി. ഇന്നത്തെ ജനങ്ങളും അദ്ദേഹത്തിന്റെ മാര്‍ഗം പിന്തുടര്‍ന്നിരുന്നെങ്കില്‍!
അന്‍സാരികളില്‍പെട്ട ആരെങ്കിലും മരണപ്പെട്ടാല്‍ അവര്‍ ഖബറിടത്തില്‍പോയി ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നുവെന്ന് ശഅ്ബി(റ) നിന്നു ഖല്ലാല്‍ (റ) നിവേദനം ചെയ്തിരിക്കുന്നു. (അര്‍റൂഹ്: 13).
വിവ: അബ്ദുര്‍റഹ്മാന്‍ ഫൈസി മുല്ലപ്പള്ളി
Leave A Comment