മരിച്ചവരോട് സഹായം തേടല്‍

മരിച്ചുപോയ മഹാന്‍മാരെക്കുറിച്ച്  സഹായം തേടുക എന്ന ഇസ്തിഗാസക്ക് ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവുണ്ടോ?  ഉണ്ടെങ്കില്‍ അതൊന്ന് വിശദീകരിക്കാമോ?

ഉത്തരം: സുന്നികളും മുബ്തദിഉകളും  തമ്മിലുള്ള അടിസ്ഥാനപരാമയ അഭിപ്രായ വ്യത്യാസങ്ങളില്‍പെട്ടതാണ് തവസ്സുലും ഇസ്തിഗാസയും.  നബിമാരുടെയോ, ഔലിയാഇന്റെയോ  ഹഖ് ജാഹ് ബര്‍ക്കത്ത് കൊണ്ട് എന്റെ പാപങ്ങള്‍ പൊറുക്കേണമേ, എന്റെ രോഗം സുഖപ്പെടുത്തേണമേ, ഇന്ന മുറാദ് ഹാസ്വിലാക്കണമേ എന്നിങ്ങനെ അല്ലാഹുവിനോട്  ദുആ ചെയ്യുന്നതിനാണ്  തവസ്സുല്‍ എന്നു പറയുക. ആപല്‍ഘട്ടങ്ങളില്‍ ‘ബദ്‌രീങ്ങളേ കാക്കണേ’, ‘മുഹ്‌യദ്ദീന്‍ ശൈഖേ രക്ഷിക്കണേ’ എന്നെല്ലാം പറയുന്നതാണ് ഇസ്തിഗാസഃ. തവസ്സുല്‍ അനുവദനീയവും സുന്നത്തും പുണ്യകര്‍മവുമാണ്. തവസ്സ്വുലിന്റെ ഒരു ഭാഗം തന്നെയാണ് ഇസ്തിഗാസഃ. അതിനാല്‍ തവസ്സ്വുലിന്റെ വിധി തന്നെയാണ് ഇസ്തിഗാസക്കുമുള്ളത്. ഇതാണ് ഈ വിഷത്തില്‍ സുന്നികളുടെ നിലപാട്.
തവസ്സുലും ഇസ്തിഗാസയും പാടില്ലാത്തതും ശിര്‍ക്കുമാണെന്നാണ് ബിദഇകളുടെ നിലപാട്. വഹാബി പ്രസ്ഥാനം ഉടലെടുത്തതു മുതല്‍ സ്റ്റേജുകളിലും  താളുകളിലും മറ്റുമായി നിരവധി തവണ ചര്‍വ്വിതചര്‍വണം നടത്തിയ വിഷയമാണിത്. അതിനാലിവിടെ കൂടുതല്‍ പരത്തി പറയുന്നില്ല.
ആദിമ മനുഷ്യനായ ആദം നബി(അ)ന്റെ കാലം മുതല്‍ ഇന്നുവരെ മനുഷ്യവര്‍ഗം തവസ്സ്വുല്‍ ചെയ്തുവരുന്നുണ്ട്. ആദം നബി(അ)ന് ഇജ്തിഹാദില്‍ സംഭവിച്ച ചെറിയൊരു ഇടര്‍ച്ചയായിരുന്നല്ലോ വിലക്കപ്പെട്ട കനി ഭക്ഷിച്ചു എന്നത്.  ഈ കൈപ്പിഴ പൊറുത്തുകൊടുക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ച കൂട്ടത്തില്‍ അദ്ദേഹം മുഹമ്മദ് നബി (സ)യെക്കൊണ്ട് തവസ്സ്വുല്‍ ചെയ്ത സംഭവം സ്വഹീഹായ പരമ്പരയോടെ ബൈഹഖീ നിവേദനം ചെയ്തിട്ടുണ്ട്. ബൈഹഖീ തന്റെ ‘ദലാഇലുന്നുബുവ്വ’ എന്ന കൃതിയിലാണ് ഇത് നിവേദനം ചെയ്തിട്ടുള്ളത്. ഈ ഗ്രന്ഥം മുഴുവനും നേര്‍മാര്‍ഗവും പ്രകാശവുമാണെന്നും അത് എല്ലാവരും സ്വീകരിക്കണമെന്നും ഹാഫിള് ദഹബി പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. ബൈഹഖിക്കു പുറമെ ഹാകിം, ത്വബ്‌റാനി, ഇബ്‌നു അസാകിര്‍ തുടങ്ങിയവരും ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.  നബി(സ)യെക്കൊണ്ട് ആദം നബി ഇടതേടിയ വസ്തുത ഇമാം മാലിക്(റ) അംഗീകരിച്ചതിന് താഴെ പറയുന്ന സംഭവം തെളിവാണ്.  ഖലീഫ മന്‍സ്വൂര്‍ ഹജ്ജിന് വന്നപ്പോള്‍ സിയാറത്തിനായി മദീനയിലെത്തി.  മസ്ജിദുന്നബവിയില്‍ ഇമാം മാലികുണ്ടായിരുന്നു. ദുആ ചെയ്യുമ്പോള്‍ ഖിബ്‌ലക്കാണോ നബിതിരുമേനിയിലേക്കാണോ താന്‍ തിരിയേണ്ടതെന്ന ഖലീഫയുടെ ചോദ്യത്തിന് ‘താങ്കള്‍ എന്തിനു തിരുമേനിയില്‍നിന്നും മുഖംതിരിക്കണം. തിരുമേനി നിങ്ങളുടെയും നിങ്ങളുടെ പിതാവ് ആദമിന്റെയും വസ്വീലയാണല്ലോ.അതിനാല്‍ തിരുമേനിയിലേക്ക് തിരിഞ്ഞുനിന്ന് തിരുമേനിയോട് ശുപാര്‍ശ തേടുക’ എന്നായിരുന്നു ഇമാം മാലികിന്റെ മറുപടി.
പൂര്‍വ്വ സമുദായക്കാര്‍ നബി(സ)യെക്കൊണ്ട് ഇടതേടി യുദ്ധത്തില്‍ വിജയിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നുവെന്നതിന് സൂറത്തുല്‍ ബഖായിലെ 90-ാം ആയത്ത് തെളിവാണ്.
നബി(സ) തന്നെ തവസ്സ്വുല്‍ ചെയ്തതിനും ചെയ്യാന്‍ പ്രേരിപ്പിച്ചതിനും ധാരാളം തെളിവുകളുണ്ട്. സ്വഹാബാക്കള്‍ തവസ്സ്വുല്‍ ചെയ്ത് പ്രാര്‍ത്ഥിച്ച നിരവധി സംഭവങ്ങള്‍ ഹദീസുകളില്‍ കാണാം.
‘അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ബിഹഖി സാഇലിന അലൈക്ക’ എന്നത് നബി(സ)യുടെ പ്രാര്‍ത്ഥനയില്‍  പെട്ടതായിരുന്നു. തിരുമേനി ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്ന് ഇബ്‌നുസ്സുന്നി, അബൂ നുഅയ്മ്, ബൈഹഖീ തുടങ്ങിയവര്‍ നിവേദനം ചെയ്തിട്ടുണ്ട്.
അബൂസഈദുല്‍ ഖുദ്‌രീ(റ) എന്ന സ്വഹാബി പറയുന്നു: ”ഒരാള്‍ വീട്ടില്‍നിന്ന് നിസ്‌കാരത്തിലേക്ക് പുറപ്പെടുകയും ‘അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ബിഹഖി സാഇലിനാ അലൈക്’ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്താല്‍ അല്ലാഹു അവനിലേക്ക് മുന്നിടുന്നതും 70000 മലക്കുകള്‍ അവനുവേണ്ടി പൊറുക്കലിനെ തേടുന്നതുമാണ്”(ഇബ്‌നുമാജ).
നബി(സ)യുടെ പോറ്റുമ്മയും അലി(റ)വിന്റെ മാതാവുമായ ഫാത്വിമ ബിന്‍ത് അസദ്(റ) മരണമടഞ്ഞ ശേഷം മഹതിക്കു വേണ്ടി നബി(സ) പ്രാര്‍ത്ഥിച്ച കൂട്ടത്തില്‍ ഇങ്ങനെയുണ്ടായിരുന്നു: ”അല്ലാഹുവേ, നിന്റെ പ്രവാചകനായ എന്റെയും എനിക്കു മുമ്പ് കഴിഞ്ഞു പോയ നബിമാരുടെയും ഹഖ്‌കൊണ്ട് എന്റെ മാതാവിനുശേഷം എന്നെ വളര്‍ത്തിയ എന്റെ വളര്‍ത്തുമ്മയുടെ പാപങ്ങള്‍ നീ പൊറുക്കുകയും അവരുടെ ഖബ്‌റിനെ വിശാലമാക്കുകയും  ചെയ്യേണമേ…” (ത്വബ്‌റാനി, ഹാകിം, ഇബ്‌നുഹിബ്ബാന്‍ തുടങ്ങിയവര്‍ സ്വഹീഹായ സനദ് കൊണ്ട് നിവേദനം ചെയ്തതാണിത്.)
ഉമര്‍(റ)വിന്റെ ഭരണകാലത്ത് ക്ഷാമം നേരിട്ടപ്പോള്‍ അദ്ദേഹം മഹാനായ അബ്ബാസ്(റ)വിനെ കൊണ്ട് ഇട തേടിയ സംഭവം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തത് പ്രസിദ്ധമാണല്ലോ.
ഇത്തരം സംഭവങ്ങള്‍ നിരവധി വേറെയുമുണ്ട്. ദൈര്‍ഘ്യം ഭയന്ന് ഇവിടെ കുറിക്കുന്നില്ല. ഇസ്തിഗാസഃ തവസ്സ്വുലിന്റെ ഇനത്തില്‍ പെട്ടതു തന്നെയാണ്. ഇമാമുകള്‍ അത് വ്യക്തമാക്കിയിട്ടുണ്ട്.
അമ്പിയാഅ്, ഔലിയാഅ് മുതലായ മഹാന്‍മാരോട് നേരിട്ട് സഹായമഭ്യാര്‍ത്ഥിക്കല്‍ (ഇസ്തിഗാസഃ) അവരെക്കൊണ്ട് ഇട തേടുന്ന (തവസ്സ്വുല്‍)തിന്റെ അര്‍ത്ഥത്തിലാണെന്ന് ഇബ്‌നു ഹജര്‍(റ) ഹാശിയാത്തുല്‍ ഈളാഹിലും ജൗഹുല്‍ മുനള്ളമിലും പ്രസ്താവിച്ചിട്ടുണ്ട്.
ഇസ്തിഗാസക്കു മാത്രമുള്ള തെളിവുകള്‍ ഹദീസില്‍ ധാരാളമുണ്ട്. ഉമര്‍(റ)വിന്റെ ഭരണകാലത്ത്  വലിയ ക്ഷാമം നേരിട്ടു. സ്വഹാബികളില്‍ പെട്ട ബിലാലുബ്‌നു ഹാരിസ്(റ) നബി(സ)യുടെ ഖബ്‌റിന്നരികെ വന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു: ”’യാ റസൂലല്ലാഹ്, ഇസ്തസ്ഖിലി ഉമ്മത്തിക ഫഇന്നഹും ഖദ് ഹലകൂ’ (അല്ലാഹുവിന്റെ റസൂലേ, താങ്കളുടെ ഉമ്മത്തിനുവേണ്ടി വെള്ളം തേടുക. അവര്‍ നശിച്ചിരിക്കുന്നു). പ്രസ്തുത സ്വഹാബി ഉറങ്ങിയപ്പോള്‍ തിരുമേനി(സ) സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും മഴ ലഭിക്കുമെന്ന് അറിയിക്കുകയും  ആ വിവരം ഉമര്‍(റ)വിനോട് പറയാന്‍ കല്‍പിക്കുകയും ചെയ്തു. (ഫത്ഹുല്‍ ബാരി 2ഛ495, അല്‍ബിദായത്തു വന്നിഹായഃ 7:41. ഇത് വഫാതായ നബിയോടുള്ള ഇസ്തിഗാസാണ്).
സ്വഹീഹായ പരമ്പരയോടെ തിര്‍മുദിയും നസാഇയും നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: കണ്ണുകാണാത്ത ഒരാള്‍ നബി(സ)യോട് സുഖമാവാന്‍ വേണ്ടി  പ്രാര്‍ത്ഥിക്കാനാവശ്യപ്പെട്ടു.  തിരുമേനി പറഞ്ഞു: ”’നീ ഉദ്ദേശിക്കുകയാണെങ്കില്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം. നിനക്ക് താത്പര്യമുണ്ടെങ്കില്‍ ക്ഷമിക്കുക. അതാണ് നിനക്കുത്തമം”. അദ്ദേഹം വീണ്ടും ദുആ ചെയ്യാനാവശ്യപ്പെട്ടപ്പോള്‍  തിരുമേനി അദ്ദേഹത്തോട് വുളൂഅ് ചെയ്യാനും വുളു നന്നാക്കിയെടുക്കാനും ഈ പ്രാര്‍ത്ഥന ചൊല്ലാനും കല്‍പിച്ചു: ”അല്ലാഹുമ്മ ഇന്നീ അസ്അലുക്ക വഅതവജ്ജഹു ഇലയ്ക ബിനബിയ്യിക മുഹമ്മദിന്‍(സ) നബിയ്യിറഹ്മ യാ മുഹമ്മദു ഇന്നീ അതവജ്ജഹു ബിക ഇലാ റബ്ബി ഫീ ഖളാഇ ഹാജതീ…’ അദ്ദേഹം വുളൂഅ് എടുത്ത്   ഈ പ്രാര്‍ത്ഥന ചൊല്ലുകയും  കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. ഈ ദുആയില്‍ തവസ്സ്വുലും ഇസ്തിഗാസയും  ഉണ്ടല്ലോ.
തിരുമേനി(സ)യുടെ വഫാതിനു ശേഷം ഈ ദുആ പലരും കാര്യസാധ്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തിയിരുന്നു. ഖലീഫ ഉസ്മാന്‍(റ)ല്‍നിന്ന് എന്തോ ആവശ്യം നേടാന്‍ വേണ്ടി സ്വഹാബിയായ ഉസ്മാനുബ്‌നു ഹുനൈഫ്(റ) ഈ പ്രാര്‍ത്ഥന ചൊല്ലിയതായും കാര്യം സാധിച്ചതായും ത്വബ്‌റാനീ, ബൈഹഖീ തുടങ്ങിയവര്‍ നിവേദനം ചെയ്തിട്ടുണ്ട്.
കള്ളപ്രവാചകനായ മുസൈലിമത്തുല്‍കദ്ദാബുമായുള്ള യുദ്ധത്തില്‍ സ്വഹാബികളുടെ ശിആര്‍ (അടയാളം) തന്നെ ‘വാ മുഹമ്മദാഹ്, വാ മുഹമ്മദാഹ്’ എന്ന വിളിയായിരുന്നുവെന്നു മഹാനായ ഇബ്‌നു കസീര്‍(റ) ‘അല്‍ബിദായത്തുവന്നിഹായഃ’യില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (6:324).
ആളില്ലാത്ത സ്ഥലത്ത് ഒറ്റപ്പെട്ടാല്‍ ‘യാ ഇബാദല്ലാഹ് അഗ്‌സുനീ’ ( അല്ലാഹുവിന്റെ ദാസന്‍മാരേ, എന്നെ സഹായിക്കുക) എന്നു പറയാന്‍ നബി (സ) പഠിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ കാണാത്ത അടിമകള്‍ അല്ലാഹുവിനുണ്ട് എന്നാണ് തിരുമേനി കാരണമായി പറഞ്ഞത്. (ത്വബ്‌റാനി, ഹാകിം, ബസ്സാര്‍, അബൂഅവാന).
അബ്ദുറഹ്മാനുബ്‌നു സഅ്ദ്(റ) പറയുന്നു: ”ഒരിക്കല്‍ ഞാന്‍ ഇബ്‌നുഉമര്‍(റ)വിന്റെ കൂടെയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കാല്‍ വഴുതി. മസില്‍സ് മേലോട്ടു കയറി. വലിയ വേദന. അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആളെ വിളിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ‘യാ മുഹമ്മദ്’ എന്നു പറഞ്ഞു. കാല്‍ സുഖപ്പെടുകയും ചെയ്തു. (ഇമാം ബുഖാരി ‘അദബുല്‍ മുഫ്‌റദി’ല്‍ -പേജ് 142- ഇത് നിവേദനം ചെയ്തിട്ടുണ്ട്.)
മരണാനന്തരം പരലോകത്തുവെച്ചും തവസ്സ്വുലും ഇസ്തിഗാസയും ഉണ്ടാവുമെന്ന് ഹദീസുകളില്‍നിന്ന് മനസ്സിലാവുന്നു. മഹ്ശറയിലെ യാതനയില്‍നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഹിസാബ് തുടങ്ങാന്‍ പല നബിമാരെയും സമീപിക്കുകയും  അവസാനം നമ്മുടെ നബിയുടെ അടുത്തെത്തുകയും ചെയ്യുന്ന സംഭവം ബുഖാരി അടക്കമുള്ളവര്‍ നിവേദനം ചെയ്തിട്ടുണ്ട്. പലരും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതും നരകത്തില്‍നിന്ന് മോചിപ്പിക്കപ്പെടുന്നതും ശിക്ഷയില്‍ ഇളവു നല്‍കപ്പെടുന്നതും  സ്വര്‍ഗത്തില്‍ പദവി ഉയര്‍ത്തപ്പെടുന്നതും  സ്വന്തം കര്‍മം കൊണ്ടു മാത്രമല്ല, പലരുടെയും ശഫാഅത്തു കൊണ്ടും കൂടിയാണ്.
പ്രമാണങ്ങള്‍കൊണ്ട് സ്ഥിരപ്പെട്ടതും അനുവദനീയവും സുന്നത്തുമായ പുണ്യകര്‍മമാണ് തവസ്സ്വുലും ഇസ്തിഗാസയുമെന്ന് ഇതുവരെ പറഞ്ഞതില്‍നിന്ന് വ്യക്തമാണല്ലോ. ലക്ഷ്യങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ട സുന്നത്തിനെ അംഗീകരിക്കാത്തതു കൊണ്ടാണ്  തലസ്സ്വുലും ഇസ്തിഗാസയും എതിര്‍ക്കുന്നവരെ നാം ‘മുബ്തദിഉകള്‍’ (പുത്തന്‍ പ്രസ്ഥാനക്കാര്‍) എന്നു പറയുന്നത്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter