സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
എ.ഡി. 1288 മുതല്‍ മുസ്‌ലിം ലോകത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വം ഉസ്മാനിയ്യാ ഖിലാഫത്തി (ഒട്ടേമന്‍ എംബയര്‍)ന്റെ കൈകളിലായിരുന്നല്ലോ. എന്തൊക്കെ ന്യൂനതകളും കുറവുകളും ചൂണ്ടിക്കാണിച്ചാലും മുസ്‌ലിം ലോകത്തെ രാഷ്ട്രീയമായി ഒരു ചരടില്‍ കോര്‍ത്തിണക്കിയതും ഒരുമിച്ചു നിര്‍ത്തിയതും ഉസ്മാനിയ്യാ ഖിലാഫത്താണെന്നു സമ്മതിക്കാതെ വയ്യ. പിന്നീട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി വളര്‍ന്നുവന്ന ബ്രിട്ടനു മുന്നില്‍ ഒരു വലിയ തടസ്സമായി മാറിയത് ഉസ്മാനികളായിരുന്നു. അതുകൊണ്ട് തന്നെ അധിനിവേശത്തിന്റെ കഴുകക്കണ്ണുകളുമായി മുസ്‌ലിം ലോകത്തേക്കു നോട്ടമിട്ട ബ്രിട്ടന് ഇസ്‌ലാമിക ഖിലാഫത്തിനെ തകര്‍ക്കല്‍ അനിവാര്യമായിരുന്നു. അതിനു വേണ്ടി അവര്‍ നിരവധി പദ്ധതികളാവിഷ്‌കരിക്കുകയും ചാരസംഘങ്ങളെ പറഞ്ഞുവിടുകയും ചെയ്തു. അതിലൊന്നാണ് വഹാബിസം.
മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബും ബ്രിട്ടീഷ് ചാരനായ ഹംഫറും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നത്രെ വഹാബിസം. എ.ഡി. 1724-ല്‍ ‘വഹാബീ ശൈഖ്’ ബസ്വറയിലെത്തിയ സമയത്തു തന്നെയാണ് ഹംഫറും അവിടെ എത്തുന്നത്. മുസ്‌ലിംകളെ പാരമ്പര്യത്തില്‍ നിന്നടര്‍ത്തിമാറ്റി സാമ്രാജ്യത്തിന്റെ ആശ്രിതരാക്കിത്തീര്‍ക്കാന്‍ അവര്‍ നടത്തിയ ഉപജാപങ്ങള്‍ ‘മുദാക്കിറാത്തു മിസ്റ്റര്‍ ഹംഫര്‍’, ‘അല്‍ ജാസൂസുല്‍ ബരീത്വാനി ഫീ ബിലാദില്‍ ഇസ്‌ലാമിയ്യ’ (Colonization Idea Mr. Humphry’s Memories: The English spy in Islamic contries) പോലുള്ള ഗ്രന്ഥങ്ങളില്‍ വായിക്കാനാകും.
1737-ല്‍ രാഷ്ട്രീയ രൂപം സ്വീകരിച്ച വഹാബിസത്തെയാണ് ഇസ്‌ലാമിക ഖിലാഫത്തിനെതിരെ കലാപം സൃഷ്ടിക്കാനും പ്രക്ഷോഭം ഇളക്കിവിടാനും ബ്രിട്ടന്‍ ഉപയോഗപ്പെടുത്തിയത്. സാമ്രാജ്യത്വ തല്‍പരനായ ഇബ്‌നു സഊദും ശൈഖ് നജ്ദിയും 1760-ല്‍ ഒരു വഹാബീ രാഷ്ട്രം രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തിയപ്പോള്‍ അവരെ സഹായിക്കാനെത്തിയത് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയായിരുന്നു. ഈ സഹായത്തിന്റെ ബലത്തിലായിരുന്നു തുര്‍ക്കി ഖിലാഫത്തിനെതിരെ വഹാബികള്‍ കലാപത്തിനൊരുങ്ങിയതും വിശുദ്ധ ഹിജാസില്‍ നരനായാട്ടു നടത്തി പുതിയൊരു രാഷ്ട്രം സ്ഥാപിച്ചതും. 1915-ല്‍ വഹാബീ രാഷ്ട്രനായകന്‍ അബ്ദുല്‍ അസീസ് ബിന്‍ സഈദ്, ബ്രിട്ടന്റെ പൊളിറ്റിക്കല്‍ ഓഫീസര്‍ സര്‍ പെഴ്‌സി കോക്‌സുമായി ഉടമ്പടി ഉണ്ടാക്കുകയും ബ്രിട്ടീഷ് മേധാവി ഫീല്‍ബയെ ഉപദേശകനാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാംലോക മഹായുദ്ധത്തില്‍ ഉസ്മാനിയ്യാ ഖിലാഫത്തിനെതിരെ ബ്രിട്ടീഷുകാരെ സഹായിക്കാന്‍ മാസംതോറും 25,000 ഡോളര്‍ ഇബ്‌നു സഈദ് കൈപറ്റിയിരുന്നുവെന്ന് ബ്രിട്ടീഷ് രേഖകള്‍ വ്യക്തമാക്കുന്നു. (The middle east a history Sidney Nettletion Fisher, P-575)
ലോക മുസ്‌ലിംകളുടെ രോഷം മുഴുവന്‍ ബ്രിട്ടനെതിരെ ആളിക്കത്തിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് അവരുമായി വഹാബികള്‍ കൈകോര്‍ത്തത്. ഒന്നാംലോക മഹായുദ്ധ (1914-1918)ത്തില്‍ തുര്‍ക്കി ഖിലാഫത്തിനെതിരെ ബ്രിട്ടനെ സഹായിക്കുകയും സാമ്രാജ്യത്വ ശക്തികളുടെ വിജയത്തില്‍ ആഹ്ലാദിക്കുകയുമായിരുന്നു വഹാബികള്‍. ലോക മഹായുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടതോടെ ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ ശക്തികള്‍ മുസ്‌ലിം ലോകത്തെ കഷ്ണം കഷ്ണമാക്കി വീതിച്ചെടുത്തു. ഫലസ്തീന്‍ അടക്കമുള്ള പ്രദേശങ്ങള്‍ ബ്രിട്ടനു ലഭിച്ചു. അതോടെ ഫലസ്തീനില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബാള്‍ഫര്‍ പ്രഖ്യാപിച്ചു. 1919-1945 കാലത്ത് 4,50,000 ജൂതന്മാരെ ബ്രിട്ടീഷുകാര്‍ ഫലസ്തീനില്‍ കൊണ്ടുവന്നു അറബികളുടെ നെഞ്ചത്തു കയറ്റിയിരുത്തി. ആ സമയത്തെല്ലാം ബ്രിട്ടീഷ് സാമ്രാജ്യത്തിനു ഓശാന പാടുകയായിരുന്നു വഹാബിസം. 1935-ല്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദിനു ഇംഗ്ലണ്ടിന്റെ മാടമ്പി പദവിക്കു തുല്യമായ ‘നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ്ദി ബാത്ത്’ പട്ടം നല്‍കപ്പെട്ടത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ്റൊരു വിശേഷണമാണ്.
എ.ഡി. 1192-ല്‍ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി കീഴടക്കിയതു മുതല്‍ 1917 വരെ ഇസ്‌ലാമിക ഖിലാഫത്തിന്റെ കയ്യിലുണ്ടായിരുന്ന ഖുദ്‌സ് നഗരം സാമ്രാജ്യത്വ ശക്തികള്‍ തട്ടിയെടുക്കുന്നതിലും ഫലസ്തീന്‍ ജനതയെ അഭയാര്‍ത്ഥികളാക്കി മാറ്റുന്നതിലും വഹാബിസത്തിനു ചെറുതല്ലാത്ത പങ്കുണ്ടെന്നു വ്യക്തം. എല്ലാ ദുരന്തത്തിനും കാരണം തുര്‍ക്കിയുടെ തകര്‍ച്ചയായിരുന്നല്ലോ. അതിനു കാര്‍മ്മികത്വം വഹിച്ച പ്രധാന കക്ഷികളിലൊന്ന് വഹാബിസവും.
മുസ്‌ലിം മുഖ്യധാരക്കു നേരെ വഹാബികളെ കയറൂരിവിട്ടതും കൊലവിളി നടത്താന്‍ ധൈര്യം നല്‍കിയതും സാമ്രാജ്യത്വ ശക്തികളായിരുന്നു. ആദ്യം ബ്രിട്ടനും പിന്നീട് അമേരിക്കയും അവരെ ഉപയോഗപ്പെടുത്തി. ശീതയുദ്ധ കാലഘട്ടത്തില്‍ സോവിയറ്റു യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ മുസ്‌ലിംകള്‍ പോരാട്ടം തുടങ്ങിയപ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി അമേരിക്ക ഉപയോഗപ്പെടുത്തിയത് അവിടെ വളര്‍ന്നുവന്ന ചില വഹാബീ ഗ്രൂപ്പുകളെയായിരുന്നു. സഊദിയിലെ വഹാബീ പാഠശാലയില്‍ നിന്നു പഠിച്ചിറങ്ങിയ ഉസാമാ ബിന്‍ലാദിനെ പോലുള്ളവര്‍ അഫ്ഗാനിസ്ഥാനിലെത്തുന്നതും താലിബാനിസം പിറവിയെടുക്കുന്നതുമെല്ലാം അങ്ങനെയാണ്. പഴയ വഹാബിസത്തിന്റെ പരിഛേദമാണ് താലിബാന്‍. സാഹോദര്യത്തിന്റെയും പാരസ്പര്യത്തിന്റെയും ഇസ്‌ലാമിക മുഖം കൂടുതല്‍ വിശുദ്ധിയോടെ അവതരിപ്പിച്ച സൂഫികളുടെയും ഔലിയാക്കളുടെയും ഖാന്‍ഖാഹുകള്‍ക്കും മഖ്ബറകള്‍ക്കും നേരെ ‘കര്‍സേവ’ സംഘടിപ്പിച്ചുകൊണ്ടാണ് താലിബാനിസത്തിന്റെ രഥയാത്ര ആരംഭിച്ചതുതന്നെ. അന്നതിനു ഒത്താശ ചെയ്തു കൊടുത്തത് അമേരിക്കന്‍ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ചേരിയാണ് എന്നത് അനിഷേധ്യ വസ്തുതയാണ്. ഈ കൂട്ടുകെട്ട് പിന്നീട് വഷളാവുകയും മറ്റൊരു നാടകത്തിനു വഴിമാറുകയും ചെയ്തു എന്നത് പുതിയ വര്‍ത്തമാനം.
പ്രസ്തുത നാടകത്തിന്റെ തിരശ്ശീലക്കു പിന്നില്‍ പോലും ഒരു സമുദായത്തെ മൊത്തത്തില്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിറുത്തി വേട്ടയാടാനുള്ള ഹിഡന്‍ അജണ്ടകള്‍ പതിയിരിക്കുന്നു എന്ന സംശയം ബലപ്പെട്ടു വരികയാണിപ്പോള്‍. എന്തുതന്നെയായാലും ത്വാലിബാന്‍, അല്‍ഖാഇദ, ലഷ്‌കറെ ത്വയ്ബ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകള്‍ ഊര്‍ജ്ജം സ്വീകരിച്ചത് പാരമ്പര്യ ഇസ്‌ലാമില്‍ നിന്നായിരുന്നില്ല. ആരും അങ്ങനെ ആരോപിച്ചിട്ടുമില്ല. വഹാബിസമായിരുന്നു അവയുടെ ആശയ സ്രോതസ്സ്. അതിനെ ശക്തമായി പിന്തുണക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്കാര്‍ പോലും ഈ വസ്തുത തുറന്നെഴുതിയിട്ടുണ്ട്.
”അറബ് സ്വേച്ഛാശക്തി ഭരണകൂടങ്ങളുടെയും നവ കൊളോണിയല്‍ ശക്തികളുടെയും പ്രതികളായ ബിന്‍ലാദിനും അല്‍ ഖാഇദക്കും മുസ്‌ലിം ലോകത്തിലെ മുഖ്യധാരാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അവയുടെ അടിവേരുകള്‍ ചെന്നെത്തുന്നത് അക്ഷര പൂജക്കാരും, കടുത്ത യാഥാസ്ഥിതികത്വവും ധൈഷണിക മുരടിപ്പുമല്ലാതെ മറ്റൊരു പൈതൃകവും അവകാശപ്പെടാനില്ലാത്തവരുമായ ഗള്‍ഫുനാട്ടിലെ ചില പരമ്പരാഗത പ്രസ്ഥാനങ്ങളിലാണ്. സലഫിസം, വഹാബിസം എന്നീ പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. അന്താരാഷ്ട്ര മീഡിയകള്‍ വിരല്‍ ചൂണ്ടുന്നതും ഇവരിലേക്കാണ്.” (വി.എ. കബീര്‍, മാധ്യമം ആഴ്ചപ്പതിപ്പ് 12-3-2004)
പുതിയ മുഖങ്ങള്‍
കാലാന്തരത്തില്‍ വഹാബിസത്തിലും ചില അഴിച്ചുപണികളും മിനുക്കുപണികളുമെല്ലാം നടന്നിട്ടുണ്ട്. അറേബ്യയുടെ പുറത്തു നിന്നു വഹാബിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടവരാണ് മുഖ്യമായും അതിനു നേതൃത്വം വഹിച്ചത്. ജമാലുദ്ദീന്‍ അഫ്ഗാനി (1838-1898), മുഹമ്മദ് അബ്ദു (1849-1905), റശീദ് റിള (1865-1935) എന്നിവര്‍ അതില്‍ പ്രധാനികളാണ്. മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിന്റെ ആശയങ്ങള്‍ അപ്പടി സ്വീകരിക്കുന്നതിനു പകരം അതു മാതൃകയാക്കി കൂടുതല്‍ പരിഷ്‌കരണങ്ങള്‍ക്കു വഴി കണ്ടെത്തുകയായിരുന്നു ഈ ത്രിമൂര്‍ത്തികള്‍.
വഹാബികള്‍ തുറന്നു പറയാന്‍ മടിച്ച പല കാര്യങ്ങളും ഇവര്‍ ഉറക്കെ പറയുകയും പ്രചരിപ്പിക്കുകയും ചെയ്തു. പുതിയ മാറ്റങ്ങളെ ഉള്‍കൊള്ളാതെ ‘വഹാബീ ശൈഖി’ന്റെ പഴയ ചിന്താധാരയില്‍ ഉറച്ചു നിന്നവര്‍ ഗള്‍ഫ് സലഫികളെന്നും ത്രിമൂര്‍ത്തികളെ അംഗീകരിച്ചവര്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനക്കാര്‍ എന്നുമാണ് പിന്നീട് അറിയപ്പെട്ടത്. എന്നാല്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെ പുനഃസംഘടിപ്പിച്ച ഈ മൂവര്‍ സംഘം ജൂത ഭീകര പ്രസ്ഥാനമായ മാസോണിസത്തിന്റെ വക്താക്കളായിരുന്നു എന്നത് അറിയപ്പെടാതെപോയ ഒരു ചരിത്രസത്യമാണ്. അന്തര്‍സോണ്‍ (ഗ്രാന്റ് മാസ്റ്റര്‍)ന്റെ നേതൃത്വത്തില്‍ 1717-ല്‍ ലണ്ടനില്‍ വെച്ചു രൂപം സ്വീകരിച്ച മാസോണിസ്റ്റു പ്രസ്ഥാനം (Free mason movement) ബുദ്ധി ജീവികളെയും എഴുത്തുകാരെയും ഭരണാധികാരികളെയുമെല്ലാം സ്വാധീനിക്കുന്ന ജൂതന്മാരുടെ ഒരു ആഗോള രഹസ്യ ശൃംഖലയാണ്. The Largest World Wide Secret Society (ഏറ്റവും വലിയ ആഗോള രഹസ്യ സമൂഹം) എന്നാണ് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കാ മാസോണിസത്തെ പരിചയപ്പെടുത്തിയത്. ഈ ചാരസംഘത്തിലെ കണ്ണികളായിരുന്നത്രെ അഫ്ഗാനിയും അബ്ദുവും രിളയും.
മുസ്‌ലിംകള്‍ക്കിടയില്‍ ജൂത അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച ത്രിമൂര്‍ത്തികളെ കുറിച്ച് മാസോണിസ്റ്റ് വിജ്ഞാന കോശത്തില്‍ ഇങ്ങനെ പറയുന്നു: ”ബൈറൂത്തിലെ പ്രസിദ്ധ മാസോണിസ്റ്റായിരുന്നു ഹന്നാ അബൂറശീദ്. മിസ്‌റിലെ മാസോണിസ്റ്റ് നേതാവായിരുന്നു ജമാലുദ്ദീന്‍ അഫ്ഗാനി. അതിലെ അംഗങ്ങളെല്ലാം പണ്ഡിതന്മാരും ഭരണ രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളുമായിരുന്നു. അവര്‍ ഏതാണ്ട് മുന്നൂറ് വരും. പിന്നീട് അതിന്റെ നേതാവ് ഉസ്താദ് മുഹമ്മദ് അബ്ദുവായി. അദ്ദേഹം ഉയര്‍ന്ന മാസോണിസ്റ്റായിരുന്നു.” (ദാഇറത്തുല്‍ മആരിഫില്‍ മാസൂനിയ്യ: 197)
ബ്രിട്ടീഷ് കോണ്‍സല്‍ ജനറല്‍ ക്രോമറുമായും പിന്‍ഗാമി ഗോഴ്സ്റ്റുമായും ഗൂഢാലോചനയിലേര്‍പ്പെടുകയും ഉസ്മാനിയ്യാ ഖിലാഫത്തിനെ തകര്‍ക്കാന്‍ കുതന്ത്രങ്ങളാവിഷ്‌കരിക്കുകയും ചെയ്തവരാണ് അബ്ദുവും രിളയും. ഇസ്‌ലാമിനെ പൊളിച്ചെഴുതാന്‍ വേണ്ടി വലിയ സാമ്പത്തിക സഹായം തന്നെ ബ്രിട്ടന്‍ ഇവര്‍ക്കു നല്‍കി. ബ്രിട്ടീഷ് ധനകാര്യ സെക്രട്ടറി മിഷല്‍ ഇന്നസ് ആണത്രെ ‘ഇസ്വ്‌ലാഹിസം’ പ്രചരിപ്പിക്കാന്‍ റശീദ് രിളക്കു സാമ്പത്തിക സഹായം നല്‍കിയത്. ഇതു തിരിച്ചറിഞ്ഞ ഉസ്മാനീ ഗവര്‍ണര്‍ ഖേദിവ് ഇസ്മാഈല്‍, റിളയെ നാടുകടത്താന്‍ വരെ ഉത്തരവിട്ടു. (ത്രിമൂര്‍ത്തികളുടെ സാമ്രാജ്യത്വ ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ‘ശിഫ’ പ്രസിദ്ധീകരിച്ച ‘മുസ്‌ലിം നവോത്ഥാനം വഴിയും വര്‍ത്തമാനവും’ എന്ന കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്).
മാസോണിസ്റ്റു കേന്ദ്രങ്ങളില്‍ നിന്നു പരിശീലനം കഴിഞ്ഞിറങ്ങിയ അഫ്ഗാനിയും ശിഷ്യന്മാരും മുസ്‌ലിംകളെ പാശ്ചാത്യവല്‍കരിക്കാനുള്ള മുഴുവന്‍ വഴികളും തുറന്നിടുകയായിരുന്നു. ആദ്യം വഹാബിസത്തില്‍ കയറിക്കൂടുകയും പിന്നെ അതിനെയും പൊളിച്ചുകീറി പച്ചയായ പാശ്ചാത്യന്‍ സംസ്‌കാരത്തെ മുസ്‌ലിം മനസ്സിലേക്ക് കടത്തിവിടാന്‍ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കുകയുമായിരുന്നു അവര്‍. പിന്നീട് മുസ്‌ലിം ലോകത്ത് ഉടലെടുക്കുന്ന നിരവധി മതനവീകരണ പ്രസ്ഥാനങ്ങള്‍ മാതൃക സ്വീകരിച്ചതും നവോത്ഥാന നായകരാക്കി വാഴ്ത്തിയതും ഈ മാസോണിസ്റ്റ് ചാരന്മാരെയായിരുന്നു. ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജമാഅത്തെ ഇസ്‌ലാമി, കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ആശയ സ്രോതസ്സ് യഥാര്‍ത്ഥത്തില്‍ ഇവരായിരുന്നു. അതുകൊണ്ടുതന്നെയാണ് സലഫികളെന്ന് അവകാശപ്പെടുമ്പോഴും ഗള്‍ഫ് സലഫികളു (യഥാര്‍ത്ഥ വഹാബികളു)മായി മിക്ക വിഷയങ്ങളിലും ശക്തമായി ഇവര്‍ക്കു വിയോജിക്കേണ്ടിവരുന്നതും.
(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)
Leave A Comment