ഖാദിയാനിസം: മഹ്ദി വാദവും വസ്തുതകളും

ഇസ്‌ലാം എന്നും പാശ്ചാത്യന്‍ ശക്തികളുടെ കണ്ണിലെ കരടാണ്. ഇസ്‌ലാമിനോട് പക തീര്‍ക്കാന്‍ അവര്‍ എന്നും കുതന്ത്രങ്ങള്‍ മെനഞ്ഞിട്ടുമുണ്ട്. അതിന്റെ ഭാഗമായാണ് ഇന്ത്യാമഹാരാജ്യത്ത് ഖാദിയാനിസം പൊട്ടിപ്പുറപ്പെട്ടത്. സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷ് സമൂഹം കൂടുതല്‍ പൊറുതിമുട്ടിയത് മുസ്‌ലിംകളുടെ ചെറുത്തുനില്‍പ്പു കൊണ്ടായിരുന്നുവെന്നത് ചരിത്ര സത്യമാണല്ലോ. ഇതില്‍നിന്നും രക്ഷ നേടാനുള്ള ഏക മാര്‍ഗം മുസ്‌ലിംകളെ ആത്മീയമായി ഭിന്നിപ്പിക്കുക മാത്രമാണെന്ന ബ്രിട്ടീഷുകാരന്റെ കുതന്ത്രത്തില്‍നിന്നും ഉടലെടുത്തതാണ് ഖാദിയാനിസം. ”ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിലനില്‍പിന് നാം എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറാണ്. നമ്മുടെ ആത്മാവും സമ്പത്തും അവര്‍ക്ക് ദണ്ഡനമാണ് എന്ന കാര്യത്തില്‍ സംശയമേയില്ല. അവരുടെ ഉയര്‍ച്ചക്ക് നാം രഹസ്യമായും പരസ്യമായും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.” (ആരിയത്ത് ദിഹ്‌റാം അല്‍ഖാദിയാനിയ്യ: പേ.26)
മീര്‍സാ ഗുലാം അഹ്മദ്
പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ഖാദിയാന്‍ ഗ്രാമത്തില്‍ ജീവിച്ചിരുന്ന മീര്‍സ ഗുലാം മുര്‍തസ -ചിരാഗ് ബീവി എന്നീ ദമ്പദികള്‍ക്ക് 1839-ല്‍ ജനിച്ച മീര്‍സാ ഗുലാം അഹ്മദ് എന്ന വ്യക്തിയാണ് ഖാദിയാനിസത്തിന്റെ ഉപജ്ഞാതാവ്. ഇയാള്‍ മാനസിക രോഗിയായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പഞ്ചാബ് സിയാല്‍കോട്ട് കോടതിയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ബ്രിട്ടീഷ് ഭരണകൂടം വലവീശുകയായിരുന്നു. ബ്രിട്ടീഷുകാരുടെ മധുര വാഗ്ദാനത്തില്‍ മനസ്സിടറിയ മീര്‍സാ ജോലി രാജിവെച്ച് മുസ്‌ലിം ലോകത്ത് മേല്‍വിലാസം സൃഷ്ടിച്ചെടുക്കാന്‍ സ്റ്റേജും പേജും ഉപയോഗപ്പെടുത്തി.
ഇസ്‌ലാമിന്റെ സംരക്ഷകനായി മുസ്‌ലിം മാനസാന്തരങ്ങളില്‍ പ്രത്യക്ഷപ്പെട്ട മീര്‍സാ ഈയവസരമുപയോഗിച്ച് പുതിയ വാദഗതികളുമായി തന്റെ ദൗത്യത്തിലേക്കുള്ള കാല്‍വെപ്പു നടത്തി. മഹ്ദീ, മസീഹ് വാദവും ഖത്മുന്നുബുവ്വത്ത് നിഷേധവും പുറത്തു വന്നു. അന്നേവരെ അമുസ്‌ലിംകളോട് ഖണ്ഡനവും വാദപ്രതിവാദവും നടത്തിയിരുന്ന മീര്‍സാ, മുസ്‌ലിം പണ്ഡിതന്‍മാര്‍ക്ക് നേരെ തിരിയുകയും അവരെ ആക്ഷേപിക്കുകയും ചെയ്തു തുടങ്ങി.
മീര്‍സായുടെ സമകാലിക ശത്രുക്കളില്‍പ്പെട്ട സനാഉല്ലാ അമര്‍തസരിയുമായി നടത്തിയ പല ഏറ്റുമുട്ടലുകളും പരാജയപ്പെട്ട് വിളറിപൂണ്ട മീര്‍സാ, 1907 ഏപ്രില്‍ 15-ന് ഒരു പ്രസ്താവനയിറക്കി. നീണ്ട പ്രസ്താവനയുടെ പ്രസക്ത ഭാഗം ഇങ്ങനെ വായിക്കാം: ”അല്ലാഹുവേ.., നിന്റെ കരുണയുടെയും പരിശുദ്ധിയുടെയും കോന്തല പിടിച്ചു ഞാന്‍ പറയുന്നു. എന്റെയും സനാഉല്ലായുടെയും ഇടയില്‍ സത്യം കൊണ്ട് നീ വിധിക്കണേ.. പെരും നുണയനെയും കുഴപ്പുമുണ്ടാക്കുന്നവനെയും നീ സത്യം പറയുന്നവന്റെ കാലത്ത്  മരണപ്പെടുത്തുകയോ മരണത്തോടു തുല്യതയുള്ള ആപത്തുകൊണ്ട് പരീക്ഷിക്കുകയും ചെയ്യേണമേ…” ഈ ശാപ പ്രാര്‍ത്ഥനക്ക് ശേഷം മീര്‍സ കോളറ പിടിപെട്ട് അതിദാരുണമായി മരണമടയുകയും സനാഉല്ല, മീര്‍സയുടെ മരണത്തിന് ശേഷം 40 കൊല്ലത്തോളം ജീവിക്കുകയും ചെയ്തു. (അല്‍ഖാദിയാനിയ്യ 154,159)
മഹ്ദീവാദം
ലോകാവസാന കാലത്ത് മുസ്‌ലിം ലോകത്ത് ആത്മീയ – രാഷ്ട്രീയ രംഗങ്ങളില്‍ നവോത്ഥാനം സൃഷ്ടിക്കാന്‍ ഇമാം മഹ്ദീ ആഗതനാവുമെന്ന് മുസ്‌ലിം ഉമ്മത്ത് ഉറച്ച് വിശ്വസിക്കുന്നവരും ആ സുവര്‍ണാവസരം കാത്തു നില്‍ക്കുന്നവരുമാണ്. മുസ്‌ലിം ഉമ്മത്തിന്റെ ഈ പ്രതീക്ഷ മുതലെടുത്ത് മീര്‍സാ പറയുന്നത് നോക്കൂ: ”വാഗ്ദാനം ചെയ്യപ്പെട്ട മസീഹും മഹ്ദിയും ആന്തരികവും ബാഹ്യവുമായുള്ള ഭിന്നതകള്‍ക്കുള്ള വിധികര്‍ത്താവും ഞാനാണെന്ന് അല്ലാഹുവിന്റെ വിശുദ്ധവും പവിത്രവുമായ വെളിപാട് മുഖേന എന്നെ അറിയിച്ചിരിക്കുന്നു. ” (ഇസ്‌ലാമിന്റെ വിജയം മഹ്ദീ ഇമാമിലൂടെ എന്ന ലഘുലേഖയില്‍ നിന്ന്)
പ്രവാചകന്‍(സ) അവസാന കാലത്ത് ഒരു മഹ്ദീ പ്രത്യക്ഷപ്പെടുമെന്ന കേവല പ്രവചനമല്ല നടത്തിയിരിക്കുന്നത്. മഹ്ദീ ഇമാമിനെ തിരിച്ചറിയാനുള്ള മുഴുവന്‍ അടയാളങ്ങളും വളരെ വ്യക്തമായിത്തന്നെ പ്രവാചകര്‍(സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അബൂദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ”ലോകത്തിന്റെ ആയുസ്സില്‍ ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂവെങ്കിലും എന്നില്‍നിന്നോ എന്റെ അഹ്‌ലുബൈത്തില്‍നിന്നോ ഒരാളെ അയക്കുന്നതു വരെ അല്ലാഹു ആ ദിവസത്തെ ദീര്‍ഘിപ്പിക്കും. അദ്ദേഹത്തിന്റെ പേര് എന്റെ പേരിനോടും അദ്ദേഹത്തിന്റെ പിതാവിന്റെ പേര് എന്റെ പിതാവിന്റെ പേരിനോടും യോജിക്കും. അദ്ദേഹം ലോകത്ത് നീതി നിറക്കും. അതിന്റെ മുമ്പ് എപ്രകാരമാണോ അനീതി ലോകത്ത് നിറഞ്ഞത് അതുപോലെ.” അബൂദാവൂദ്(റ) തന്നെ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസില്‍ ഇങ്ങനെ കൂടി കാണാം: ”മഹ്ദി എന്നില്‍നിന്നാണ്. അദ്ദേഹത്തിന്റെ നെറ്റിത്തടം വിശാലമായതും മൂക്ക് തട്ട് ഉയര്‍ന്നതും ആയിരിക്കും….. അദ്ദേഹം ഭൂമിയില്‍ ഏഴു വര്‍ഷം ഭരണം ടത്തും.” ഈ രണ്ട് ഹദീസിലൂടെ മഹ്ദിയെ തിരിച്ചറിയാനുള്ള ശാരീരികവും കുടുംബപരവും രാഷ്ട്രീയ പരവുമായ കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഇവകളില്‍ ഒന്നുപോലും മീര്‍സയില്‍ ഒത്തുവന്നതായി കാണുന്നില്ല. മീര്‍സാ തന്നെ പറയുന്നതു നോക്കൂ: ”എന്റെ പേര് ഗുലാം അഹ്മദ് എന്നും എന്റെ പിതാവിന്റെ പേര് ഗുലാം മുര്‍തസ എന്നും അദ്ദേഹത്തിന്റെ പിതാവിന്റെ പേര് അത്വാ മുഹമ്മദ് എന്നും എന്റെ ഗോത്രം ബര്‍ലാസുമാണ്.” (കിതാബുല്‍ ബരിയ്യത്ത്- അല്‍ഖാദിയാനിയ്യ : 125)
സത്യം ഇതായിരിക്കെ, താനാണ് മഹ്ദി എന്ന് അവകാശപ്പെടാന്‍ മീര്‍സാക്ക് യാതൊരു പഴുതുമില്ല. എന്നാല്‍, മീര്‍സാ മഹ്ദീവാദം ഉന്നയിക്കുകയും അത് പ്രാമാണികമായി തെളിയിക്കാന്‍ കഴിയാതെ കുഴങ്ങിയ ഖാദിയാനികള്‍ മഹ്ദിയുടെ ആഗമനത്തെ അപ്പാടെ നിഷേധിക്കുകയും ചെയ്യുന്നു. ”മഹ്ദിയെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്ത എല്ലാ ഹദീസുകളും ശരിയാണെന്ന് വിശ്വസിക്കുക സാധ്യമല്ല. പിന്നീട് വന്ന ചില ഉലമാക്കളും മഹ്ദിയെ സംബന്ധിച്ച ഹദീസുകളെല്ലാം ബലഹീനമാണെന്ന് സമര്‍ത്ഥിക്കുകയും അവയില്‍ ഒന്നുപോലും നിരാക്ഷേപമല്ലെന്ന് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.” (സന്‍മാര്‍ഗ ദര്‍ശിനി-68)
കാള പെറ്റെന്ന് കേട്ടപ്പോഴേക്കും കയറെടുത്തോടിയ മീര്‍സായുടെ അനുയായികള്‍ നേതാവ് വരുത്തിവെച്ച ഒരു വിനയുടെ മേല്‍ കരണംമറിയുന്നതാണ് നാമിവിടെ കാണുന്നത്. മഹ്ദീ ഇമാമിനെക്കുറിച്ചുള്ള ഹദീസുകള്‍ വിശ്വാസയോഗ്യമല്ല എന്ന ഇവരുടെ ന്യായം പൂര്‍ണമായും തെറ്റാണ്. കാരണം, ഇമാം മഹ്ദിയുടെ ആഗമനത്തെ കുറിച്ചുള്ള ഹദീസുകള്‍ മുതവാതിറായി (തികച്ചും വിശ്വാസയോഗ്യമായ വിധത്തില്‍ പല കേന്ദ്രങ്ങളില്‍നിന്നും ഉദ്ധരിക്കപ്പെട്ട) ഹദീസുകളാണെന്ന് പല പ്രാമാണിക ഗ്രന്ഥങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
”ഇമാം മഹ്ദി ആഗതമാവുമെന്ന കാര്യത്തില്‍ ഹദീസുകള്‍ മുതവാതിറായി വന്നിരിക്കുന്നു.” (നിബ്രാസ്-315) ഇപ്രകാരം ഫത്ഹുല്‍ ബാരി 7/305ലും തദ്കിറത്ത് 723ലും വ്യക്തമായി പറഞ്ഞതായി കാണാം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter