നാലാലൊരു മദ്ഹബ് എന്നതിന്റെ താല്‍പര്യം
നാലില്‍ ഏത് മദ്ഹബും സ്വീകരിക്കാം എന്നതാണ് അഹ്‌ലുസുന്നഃയുടെ നിലപാട്. മദ്ഹബി പക്ഷപാതിത്വം പാടില്ലാത്തതാണ്. മദ്ഹബ് നിഷ്‌കര്‍ഷിക്കുന്ന ശര്‍ത്തുകളും ഫര്‍ളുകളും പാലിച്ചു കൊണ്ട് കര്‍മം ചെയ്യലാണ് മദ്ഹബിനെ പിന്തുടരല്‍. നാലാലൊരു മദ്ഹബ് നിഷ്‌കര്‍ഷിക്കുന്ന ശര്‍ത്തുകളും ഫര്‍ളുകളും പാലിച്ചുകൊണ്ടാണ് മുഖലിദ് അമല് ചെയ്യേണ്ടത്. ഒരോ മദ്ഹബില്‍ നിന്നും ശര്‍ത്തുകളും ഫര്‍ളുകളും കടംകൊണ്ടിട്ടുള്ള പ്രവര്‍ത്തനം സാധൂകരിക്കപ്പെടുകയില്ല. ഉദാഹരണത്തിന്, വുളൂഇനു വെള്ളമോ തയമും ചെയ്യാന്‍ മണ്ണോ ലഭിക്കാത്ത സാഹചര്യത്തില്‍ നിസ്‌കാരത്തിന്റെ സമയമായാല്‍ ശാഫിഇ മദ്ഹബു പ്രകാരം, വുളൂഇല്ലാതെ നമസ്‌കരിച്ച് സമയത്തിന്റെ ഹുറുമത്ത് പരിരക്ഷിക്കുകയും പിന്നീട് ഖളാഅ് വീട്ടുകയുമാണ് ചെയ്യേണ്ടത്. മാലിക്കി മദ്ഹബു പ്രകാരം, കല്ല്, പാറപോലെ ഉറച്ചപ്രതലത്തില്‍ അടിച്ചു തയമം ചെയ്തു നിസ്‌കരിക്കാവുന്നതാണ്. രണ്ട് അശുദ്ധി പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ അവനു നിസ്‌കാരമില്ലായെന്നാണ് മാലിക്കി മദ്ഹബ്. അപ്പോള്‍, ശാഫിഇ മദ്ഹബിനെ പിന്‍പറ്റിക്കൊണ്ട് തയമ്മം ഉപേക്ഷിക്കുകയും മാലിക്കി മദ്ഹബു പ്രകാരം നമസ്‌കരിക്കാതിരിക്കുകയും ചെയ്യുന്നത് കുറ്റകരമാണ്.
മറ്റൊരു ഉദാഹരണം, ശാഫിഇ മദ്ഹബു പ്രകാരം വുളൂഅ് ചെയ്യുകയും ഹനഫി മദ്ഹബു പിന്തുടര്‍ന്നു കൊണ്ട് സ്ത്രീയെ സ്പര്‍ശിക്കുകയും ചെയ്യുന്നവന്റെ വുളൂഅ് ശരിയാവുകയില്ല. ഉസൂലുല്‍ ഫിഖ്ഹിന്റെ അടിസ്ഥാനത്തില്‍ സാധൂകരണമുള്ള ശര്‍ത്തും ഫര്‍ളും മുബ്ത്തിലാത്ത്(അസാധുവാകുന്ന കാരണങ്ങള്‍) പാലിക്കല്‍ തഖ്‌ലീദ് ശരിയാകാനുള്ള ശര്‍ത്താണ്. മുജ്തഹിദിന്റെ യോഗ്യതയുള്ളവരെയാണ് പിന്തുടരാകൂവെന്നും ശര്‍ത്തുണ്ട്. കാരണം വ്യക്തിയുടെ നഫ്‌സിന്റെ താല്‍പ്പര്യാനുസൃതം നിയമങ്ങള്‍ സ്വീകരിക്കുന്ന സ്ഥിതി വരും. നഫ്‌സിന്റെ താല്‍പ്പര്യങ്ങളെ നിലനിര്‍ത്താന്‍ സഹായിക്കും വിധം എല്ലാ മദ്ഹബിന്റെയും നിയമങ്ങള്‍ സ്വീകരിക്കുന്നത് പരലോകം അപകടപ്പെടാവുന്ന കര്‍ത്തവ്യമാണ്.
കക്ഷിത്വ ബോധമില്ലാതെ നാലു മദ്ഹബിലും വിജ്ഞനാനിയായവര്‍ക്ക് നാലു മദ്ഹബു പ്രകാരവും(വ്യത്യസ്ത മസ്അലകളില്‍) അമല് ചെയ്യാവുന്നതാണ്. അതിലൂടെ നാല് ഇമാമീങ്ങളുടെയും ബറക്കത്ത് നേടാവുന്നതാണ്. ഹിജ്‌റ നാലാം നൂറ്റാണ്ടിനു ശേഷം, നാലാലൊരു മദ്ഹബിന്റെ സരണിയിലൂടെയല്ലാതെ ഒരു മുജ്തഹിദും വന്നിട്ടില്ല. മദ്ഹബിനുള്ളില്‍ നിന്ന് ഇജ്തിഹാദ് ചെയ്തിരുന്നവരാണ് ഇമാം നവവി(റ), ഇമാം ഗസ്സാലി(റ) പോലുള്ള മുസ്‌ലിം ലോകത്തിന്റെ ആദരവു പിടിച്ചു പറ്റിയ ശ്രേഷ്ഠ വ്യക്തിത്വങ്ങള്‍. നാല് മദ്ഹബും കൈവെടിയുന്നവര്‍ സൂറത്തു നിസാഇലെ 115ാം ആയത്തിന്റെ മുന്നറിയിപ്പു ശ്രദ്ധിക്കുക.”തനിക്ക് സന്മാര്‍ഗം വ്യക്തമായ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്തു നില്‍ക്കുകയും, സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്കു തന്നെ നാം തിരിച്ചുവിടുന്നതും, നരകത്തിലിട്ട് അവനെ കരിക്കുന്നതുമാണ്. അതെത്രമോശമായ പര്യവസാനം” നബി(സ) പഠിപ്പിച്ചത് ”മുസ്‌ലിംകള്‍ നന്മയായി കാണുന്നത് അല്ലാഹുവിന്റെ പക്കല്‍ നന്മയാണ്. മുസ്‌ലിംകള്‍ മോശമായി കാണുന്നത് അല്ലാഹുവിന്റെ അടുക്കല്‍ മോശമായിരിക്കും” (ഇമാം അഹ്മദ്(റ) റിപ്പോര്‍ട്ട് ചെയ്തത്).
ഒരു മദ്ഹബിന്റെ പണ്ഡിതന്മാര്‍ മാത്രം ശേഷിക്കുന്ന പ്രദേശത്ത് ആ മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമാകുമെന്നാണ് ശാഹ്‌വലിയുല്ലാഹ് പറയുന്നത്. ആ മദ്ഹബിന്റെ വൃത്തത്തിനു പുറത്തേക്ക് അടിവെയ്ക്കല്‍ നിഷിദ്ധമാകും. അപ്രകാരം ചെയ്യുന്ന പക്ഷം അയാളുടെ പാദങ്ങള്‍ ആ മദ്ഹബിന്റെ വൃത്തത്തില്‍ നിന്നെന്ന പോലെ ഇസ്‌ലാമിക വൃത്തത്തിന്റെയും വെളിയിലാകും. അയാളുടെ മതത്തിനോ വിശ്വാസത്തിനോ യാതൊരു വിലയുമുണ്ടായിരിക്കുന്നതല്ല. എന്നാല്‍ നാല് മദ്ഹബിന്റെയും പണ്ഡിതരുള്ളിടത്ത് ആരുടെയും ഉപദേശം സ്വീകരിക്കാവുന്നതാണ് എന്നും ശാഹ്‌വലിയുല്ലാഹി ദഹ്‌ലവി വിശദീകരിച്ചിട്ടുണ്ട്1.കര്‍മ്മശാസ്ത്ര വീക്ഷണത്തില്‍ ഏതെങ്കിലും ഒരു മദ്ഹബ് പ്രകാരം സാധൂകരണമുണ്ടായാല്‍ മതി. പക്ഷേ, ദുന്‍യവിയോ നഫ്‌സാനിയോ ആയ സൗകര്യത്തിനു വേണ്ടി മദ്ഹബ് മാറി കൊണ്ടിരിക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ മുമ്പില്‍ പിടിക്കപ്പെടുമെന്നതില്‍ സംശയമില്ല. അത്തരക്കാര്‍ കടുത്ത ഫാസിഖുകളാണ്(തുഹ്ഫ).
തഖ്‌ലീദ് അദബുള്ളവരുടെ സ്വഭാവം
അറിവ് കുറഞ്ഞവര്‍ അറിവുകൂടുതലുള്ളവരെ അവലംബിക്കുകയെന്നത് ഒരു സ്വാഭാവിക കാര്യമാണ്. അതിന്റെ പേരാണ് തഖ്‌ലീദ്. സ്വന്തം അറിവില്ലായ്മയെ സംബന്ധിച്ച് ബോധമുളളവരാണ് ഇതിനു മുതിരുകയുള്ളൂ. അറിവിന്റെ അഗാധതയില്‍ എത്തിപ്പെട്ടവരെ സംബന്ധിച്ച മതിപ്പും ബഹുമാനവുമാണ് നമ്മെ വിനയാന്വിതരായ അനുകര്‍ത്താക്കളാക്കുന്നത്. പരലോക വിജയത്തിനു അനിവാര്യമായ ഗുണമാണിത്. എന്നാല്‍, തഖ്‌ലീദ് വിശ്വാസപരമായ കാര്യങ്ങളിലോ കര്‍മപരമായ കാര്യങ്ങളിലോ ദൃഢമായ അറിവിന്റെ മാര്‍ഗമല്ല. അജ്ഞനായ ഒരാള്‍ക്ക് ദീനിന്റെ കര്‍മങ്ങള്‍ അനുഷ്ഠിക്കാനും വിധിവിലക്കുകള്‍ മനസ്സിലാക്കാനും തഖ്‌ലീദിന്റെ മാര്‍ഗം അവലംബിക്കാം.
വിശ്വാസകാര്യങ്ങളില്‍ തഖ്‌ലീദ് ശരിയാകുന്നതല്ല എന്നാണ് ശൈഖ് ഇബ്‌റാഹീമുല്ലഖാനി(റ) പറഞ്ഞിരിക്കുന്നത്2. അല്ലാഹുവിനെ സംബന്ധിച്ച് ദൃഢബോധ്യമുണ്ടാകുന്ന വിധം ജ്ഞാനിയാകല്‍ അനിവാര്യമാണ്. മനുഷ്യനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു തന്നെ അല്ലാഹുവിനെ അറിയാനാണല്ലോ. അതിനാല്‍ ഓരോ വ്യക്തിയും അവന്റെ ശേഷിയനുസരിച്ച് അല്ലാഹുവിനെ അറിയേണ്ടതുണ്ട്. ഒരു അഅ്‌റാബിയായ മനുഷ്യനോട് അല്ലാഹുവിന്റെ റസൂല്‍(സ) അല്ലാഹുവുണ്ട് എന്നതിന് എന്തു തെളിവാണ് നീ കാണുന്നത് എന്നു ചോദിച്ചപ്പോള്‍ അഅ്‌റാബി നല്‍കിയ മറുപടി,”മരുഭൂമിയില്‍ ഒട്ടകകാഷ്ഠം കാണുമ്പോള്‍ അതിലൂടെ ഒട്ടകം പോയിട്ടുണ്ട് എന്നതിനു വേറെ തെളിവുവേണോ?”. ഈ പ്രപഞ്ചം തന്നെ അല്ലാഹുവുള്ളതിനു തെളിവാണ് എന്ന് അദ്ദേഹം വിശദീകരിച്ചു. ഏതു സാധാരണകാരനും അല്ലാഹുവിനെ സംബന്ധിച്ച് വളരെ എളുപ്പം മനസ്സിലാക്കാവുന്നതാണ് എന്ന് ഈ സംഭവം സൂചിപ്പിക്കുന്നു. മനുഷ്യവര്‍ഗത്തെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നതു തന്നെ ഈ മനസ്സിലാക്കലിനു വേണ്ടിയാകുമ്പോള്‍ അത് എല്ലാവര്‍ക്കും സാധിക്കാവുന്ന വിധം ലളിതമാകേണ്ടതുണ്ട്. അല്ലാഹുവുമായി മാനസിക അടുപ്പം പുലര്‍ത്താവുന്ന വിധത്തിലുള്ള അറിവാണ് എല്ലാവര്‍ക്കും അനിവാര്യമാകുന്നത്. ഫിഖ്ഹിന്റെ നിയമങ്ങളും ശരീഅത്തിന്റെ ഘടനയും ഇതേപ്രകാരം എല്ലാവരും ഗ്രഹിക്കേണ്ടതുണ്ട് എന്ന തെറ്റിദ്ധാരണയാണ് തഖ്‌ലീദ് വിരുദ്ധബോധത്തിനു നിമിത്തം.
ഒരാള്‍ വിശ്വസ്തനും ഭക്തനും സ്വീകാര്യനുമായ മുജ്തഹിദാണെന്നതിനു യാതൊരു രേഖയുമില്ലാതെ കര്‍മശാസ്ത്രത്തില്‍ അയാളുടെ അഭിപ്രായം സ്വീകരിക്കല്‍ തെറ്റാണെന്ന് ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടുണ്ട്. അതിനാല്‍, ഇജ്തിഹാദ് അവകാശപ്പെടുന്നവരെ അനുകരിക്കും മുമ്പ് അവരുടെ ജീവിത വിശുദ്ധി പരിശോധിക്കേണ്ടതുണ്ട്. മുജ്തഹിദാകാന്‍ വേണ്ട പാണ്ഡിത്യം മാത്രമുണ്ടായാല്‍ മതിയാകുന്നതല്ല. ജീവിതത്തില്‍ എത്രത്തോളം തഖ്‌വയും ഇഖ്‌ലാസുമുണ്ട് എന്നു കൂടിയറിയേണ്ടതുണ്ട്. ഈ മാനദണ്ഡമാണ് ഇന്ന് പരിഗണിക്കപ്പെടാതെ പോകുന്നത്. ഇതില്‍ എക്കാലത്തും മുന്നില്‍ നില്‍ക്കുക പൂര്‍വീകരാണ്. അവരെ ഒഴിവാക്കി ഇക്കാലഘട്ടത്തിലെ മുജ്തഹിദിനെ പിന്തുണക്കണമെന്ന് പറയുന്നത് അദബില്ലായ്മയാണ്.
ഇമാം ശാഫി(റ) പറഞ്ഞു, ”ഹദീസ് സ്വഹീഹായി വന്നാല്‍ അതാണെന്റെ മദ്ഹബ്”. ഈ വാക്യത്തെ അവലംബിച്ച് എല്ലാവരും ഹദീസുകള്‍ക്ക് പിന്നാലെ പോകുന്നത് വിഢിത്തമാണ്. ഇജ്തിഹാദിനു കഴിവുള്ള വ്യക്തികളോടാണതു പറഞ്ഞിരിക്കുന്നത്. ശാഫിഈ മദ്ഹബിലെ പ്രധാനപ്പെട്ട ഉസൂലാണത്. ഇമാം മാലിക്ക്(റ)വിന്റെ മദ്ഹബു പ്രകാരം, ഒരു വിഷയത്തില്‍ സ്വീകാര്യമായ ഹദീസു ലഭിച്ചില്ലെങ്കില്‍ ആ വിഷയത്തിലുള്ള മദീനക്കാരുടെ അഭിപ്രായമാണ് സ്വീകരിക്കുക. ഈ തത്വം മനസ്സിലാക്കികൊണ്ട് ആരെങ്കിലും ഹദീസില്ലാത്ത വിഷയങ്ങളിലെല്ലാം മദീനാനിവാസികളോട് അഭിപ്രായം ചോദിക്കുകയാണെങ്കില്‍ അത് വലിയ വങ്കത്തരമായിരിക്കും. ഇതേ പ്രകാരം തന്നെയാണ് ശാഫിഇ ഇമാം(റ)വിന്റെ വാക്യത്തെയും കാണേണ്ടത്.
അന്ധമായ അനുകരണം വഴികേടിലേക്ക് നയിക്കുമെന്നതില്‍ സംശയമില്ല. ”ഞങ്ങളുടെ പിതാക്കന്മാരുടെ ഒരുമാര്‍ഗത്തില്‍ ഞങ്ങള്‍ കണ്ടു. അവരുടെ കാല്‍പ്പാടുകളെ ഞങ്ങള്‍ പിന്തുടരുന്നവരാകുന്നു”(ഖു:43:23) എന്ന രൂപത്തിലുള്ള അനുകരണം അബദ്ധമാണ്. മുജ്തഹിദിന്റെ വ്യക്തിത്വം പരിശോധിച്ച് വിശ്വസ്തത ബോധ്യപ്പെടണമെന്നു നേരത്തെ പറഞ്ഞിരുന്നുവല്ലോ. മാത്രമല്ല, ഇസ്‌ലാമിക ശരീഅത്തു നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ മുജ്തഹിദുകള്‍ അവലംബിച്ച നിയമങ്ങള്‍ മനസ്സിലാക്കുവാന്‍് പണ്ഡിതന്മാര്‍ പ്രയത്‌നിക്കണം. അല്ലെങ്കില്‍, ദീനീ നിയമങ്ങളുടെ പ്രമാണികതയും താല്‍പ്പര്യവുമെന്താണ് എന്നതിനെ സംബന്ധിച്ച് അജ്ഞത സംഭവിക്കുന്നതാണ്. നിയമങ്ങള്‍ അനുസരിക്കുന്നതിന്റെയും കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിന്റെയും അര്‍ത്ഥവും താല്‍പ്പര്യവും പ്രാമാണികതയും അജ്ഞാതമാണെങ്കില്‍ അങ്ങനെയുള്ള ദീന്‍പൊളിഞ്ഞു പോകുമെന്നതില്‍ സന്ദേഹത്തിനു വകയില്ല. ഇസ്‌ലാമിതര മതങ്ങള്‍ക്ക് സംഭവിച്ചത് അതാണ്. ആബിദിനേക്കാള്‍ ആലിമിനു സ്ഥാനം കല്‍പ്പിക്കാന്‍ കാരണവുമിതു തന്നെ. നിയമശാസ്ത്രത്തിലും അതിന്റെ ആന്തരിക താല്‍പ്പര്യങ്ങളിലും അവഗാഹമുള്ളവരെ വഴികേടിലേക്കു നയിക്കുവാന്‍ പിശാചിനു സാധിക്കില്ല. ശരീരത്തിന്റെ ഇഛകളെ തിരിച്ചറിയാനും നിയമം സാധുവാകുന്ന മാനദണ്ഡങ്ങള്‍ അറിയുകയും ചെയ്യുന്നവരെ മാര്‍ഗഭ്രംശത്തിലകപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍, എല്ലാ മനുഷ്യര്‍ക്കും ഈ യോഗ്യത ആര്‍ജിക്കാന്‍ സാധിക്കില്ല എന്നതു കൊണ്ട് ഈ യോഗ്യതയൊത്തവരെ അനുകരിക്കല്‍ അല്ലാത്തവര്‍ക്ക് നിര്‍ബന്ധമാണെന്ന് ഇമാം ഗസ്സാലി(റ) പറഞ്ഞു.
അറിവിന്റെ വിനിമയത്തില്‍ ഭീമമായ വീഴ്ച സംഭവിച്ചവരാണ് ഈ കാലഘട്ടത്തിലെ സമൂഹം. മുതിര്‍ന്നവര്‍ പുതിയ തലമുറക്ക് വേണ്ട വിജ്ഞാനം പകരുന്നതിനു പകരം ഇളം തലമുറ ടെക്‌നോളജി കൈകാര്യം ചെയ്യുന്നതു കൗതുകത്തോടെ നോക്കികാണുകയാണ് ചെയ്യുന്നത്. അതിനാല്‍, ശരിയായ ജീവിതകാഴ്ചപ്പാടോ സംസ്‌കാരമോ ലഭിക്കാതെ യുവതലമുറ വഴികേടിലേക്കും ശൈത്വാന്റെ കാല്‍പ്പാടുകളെ അനുഗമിക്കുന്നതിലേക്കും തിരിഞ്ഞിരിക്കുകയാണ്. ശാസ്ത്ര സാങ്കേതികതയുടെ വികാസവും പുതിയ നാഗരികതയും പരമ്പരാഗതമായ എല്ലാ മൂല്യങ്ങളേയും തിരസ്‌കരിക്കാന്‍ ധൈര്യം പകര്‍ന്നിരിക്കുകയാണ്. നബി(സ) പ്രബോധനം പൂര്‍ത്തീകരിച്ച മതത്തിന്റെ തത്വങ്ങള്‍ ഈ കാലഘട്ടത്തിനു ബാധകമല്ല എന്നാണ് പുതിയ തലമുറയുടെ നിലപാട് എന്നു തോന്നിക്കും വിധമാണ് അവരുടെ ജീവിതം.
അലീമിയാന്‍ പറഞ്ഞതു പോലെ ഈ കാലഘട്ടത്തെ നവജാത ശിശുവിനെ പോലെയാണ് ഈ തലമുറകാണുന്നത്. ഇതിനു മുമ്പ് ഒരു സമൂഹത്തിനും സാധ്യമാകാത്ത എന്തോ നേട്ടം കൈവരിച്ച ആത്മവിശ്വാസത്തിലാണ് ടെക്‌നോ പൂജകരായ പുതിയ തലമുറ. യുവസമൂഹത്തിനു പിതൃത്വം നല്‍കിയവര്‍ ഇതിനെ ശരിവെക്കും വിധമാണ് പെരുമാറുന്നത്. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്ന അദബുകേടാണ് തഖ്‌ലീദിനെ സംബന്ധിച്ചു പറയുമ്പോള്‍ പ്രകടമാകുന്നത്. ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും പൂര്‍വീകര്‍ നേടിയതു നാമും നേടുക, അവര്‍ കണ്ടെടുത്ത നിയമങ്ങള്‍ നാമും അനുധാവനം ചെയ്യുക എന്നു പറയുമ്പോള്‍ ശാസ്ത്ര സാങ്കേതിക വികാസങ്ങള്‍ കൈവരിച്ചവര്‍ അതിന്റെ അടിസ്ഥാനത്തില്‍ വ്യതിരിക്തരാകുന്നില്ലല്ലോ?. അറേബ്യയിലെ ഗോത്ര വര്‍ഗ സമൂഹത്തില്‍പ്പെട്ടവരുടെ നിയമാവിഷ്‌കാരങ്ങള്‍ ആധുനിക നാഗരികതയില്‍ എങ്ങനെ പ്രസക്തമാകുമെന്ന യുക്തിയാണ് ഇതിനകത്തു പ്രവര്‍ത്തിക്കുന്നത്.
ഈ യുക്തിക്ക് ഉപോല്‍ബലകമായി കൊണ്ട് ഹദീസും ലഭിക്കുകയാണ്!. ”രണ്ടു കാര്യങ്ങള്‍ നിങ്ങളില്‍ വിട്ടേച്ചു കൊണ്ട് ഞാന്‍ പോകുന്നു, അല്ലാഹുവിന്റെ കിതാബും എന്റെ ചര്യയും”. ”സന്മാര്‍ഗികളായ ഖുലഫാക്കളുടെ ചര്യകളെ അണപല്ലു കൊണ്ട് മുറുകെ പിടിക്കുക” എന്ന ഒരു മല്‍പിടുത്തത്തെ സംബന്ധിച്ച മുന്നറിയിപ്പടങ്ങിയ ഹദീസിന്റെ ഈ ഭാഗത്തെ അത്തരത്തോളം ഗൗനിച്ചു കാണുന്നില്ല. ഖുര്‍ആനിനേയും സുന്നത്തിനേയും ഉപരിപ്ലവമായി സമീപിക്കുന്നതിനാല്‍ ഏട്ടിലുള്ള കിതാബിനെയും ചര്യകളേയുമാണ് അര്‍ത്ഥമാക്കിയിരിക്കുന്നത്. അവയുടെ മൗലിക സത്തയേയും അവയില്‍ സംഭരിക്കപ്പെട്ടിട്ടുള്ള സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളേയും തീരെകാണാന്‍ കഴിയാത്ത വിലയിരുത്തലാണിത്.
ഇജ്തിഹാദ് ഒരു വിശകലനം
നിരുപാദിക ഇജ്തിഹാദ് അല്ലെങ്കില്‍ അന്ധമായ അനുകരണം(തെളിവു ഗ്രഹിക്കാത്ത), ഇവരണ്ടിനുമിടയിലെ നിലപാടിനെ സംബന്ധിച്ച് മിക്കവരും അജ്ഞരാണ്. മുജ്തഹിദുകള്‍ നിയമാവിഷ്‌കാരങ്ങള്‍ക്കായി അവലംബിച്ച തെളിവുകളെ ഉള്‍കൊണ്ടുകൊണ്ടുള്ള അനുകരണമാണ് പണ്ഡിതോചിതമായത്. അങ്ങനെയുള്ളവര്‍ക്ക് മുജ്തഹിദുകളെ പോലെ തന്നെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രപ്തിയും പുതിയ സമസ്യകളെ മറികടക്കാനുള്ള വ്യുല്‍പ്പത്തിയും ആര്‍ജിക്കാനാകും. ആ രൂപത്തില്‍ ഉള്‍കാഴ്ചയുള്ള പണ്ഢിതന്മാര്‍ നമുക്കിടയില്‍ കുറഞ്ഞുവരുന്നുവെന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ ശരീഅത്തിന്റെ താല്‍പ്പര്യങ്ങളേയും ഖുര്‍ആനും സുന്നത്തുമായുള്ള അതിന്റെ ബന്ധത്തേയും സന്ദര്‍ഭോചിതമായി സമര്‍ത്ഥിക്കാന്‍ സാധിക്കാതെ പോവുകയാണ്. മദ്ഹബ് വിരുദ്ധരുടെ വാദങ്ങള്‍ക്ക് വേരോട്ടം ലഭിക്കുന്നത് ഈ പാശ്ചാത്തലത്തിലാണ്. യഥാര്‍ത്ഥത്തില്‍, നിരുപാധിക ഇജ്തിഹാദ് നടത്തിയാല്‍ തീര്‍ക്കാവുന്ന പ്രശ്‌നമല്ല ഇത്. ബുദ്ധിയുപയോഗിച്ചു ചിന്തിച്ചു കൊണ്ട് ഗ്രഹിക്കേണ്ടവ ഉദ്ധരണികള്‍ മാത്രമായി മനസ്സിലാക്കിവെക്കുന്നതിനാല്‍ സംഭവിച്ച അപാകതയാണ്. ഉദ്ധരണികളും അവയെ കോര്‍ത്തിണക്കി ആശയങ്ങളാക്കി മാറ്റാനുള്ള ബൗദ്ധിക ശേഷിയും ഒത്തിണങ്ങിയ പ്രതിഭാശാലികളായ പണ്ഡിതന്മാര്‍ ഈ സമൂഹത്തില്‍ ഉയര്‍ന്നു വരികയാണ് യഥാര്‍ത്ഥ പരിഹാരം.മദ്ഹബുകള്‍ പിന്തുടരുന്നവര്‍
(തഖ്‌ലീദ്)പല തരക്കാരാണ്
1. പൊതു ജനം. ഇവര്‍ മദ്ഹബിന്റെ ഇമാമിന്റെ ഉസൂലുകള്‍ പാലിക്കുന്ന മുജ്തഹിദിന്റെ വാക്കുകള്‍ അടിസ്ഥാനമാക്കി അദ്ധ്യാപനം നടത്തുന്ന പ്രാദേശിക പണ്ഢിതനെയാണ് പിന്തുടരുന്നത്.(ഇവരുടെ പാണ്ഢിത്യത്തിലും ഭക്തിയിലുമുള്ള വിശ്വാസമാണ് സമൂഹത്തില്‍ നേരെ പ്രതിഫലിക്കുക.)
2. മുജ്തഹിദുകളായ പണ്ഡിതര്‍. സ്വയം മുജ്തഹിദുകളായ ഇവര്‍ മറ്റു മുജ്തഹിദുകളെ അനുകരിക്കുകയില്ല. ഇജ്തിഹാദിന്റെ രീതി, തെളിവുകള്‍ അവതരിപ്പിക്കുന്ന വിധം, സ്വഭാവം എല്ലാം സ്വതന്ത്ര മുജ്തഹിദായ ഇമാമിന്റേതു പോലെയായിരിക്കുമെന്നതിനാല്‍ ആ ഇമാമിന്റെ മദ്ഹബിലേക്കു ചേര്‍ത്താണ് ഇവര്‍ അറിയപ്പെടുന്നത്.
3. ഇടത്തരക്കാര്‍. അതായത്, ഇജ്തിഹാദിന്റെ നിലവാരമെത്തിയിട്ടില്ലെങ്കിലും ഇമാം അംഗീകരിച്ച ഇജ്തിഹാദിന്റെ നിദാന തത്വങ്ങള്‍ വ്യക്തമായി ഗ്രഹിച്ചവര്‍.(പണ്ഡിതൊചിതമായ തഖ്‌ലീദാണിത്.)
തഖ്‌ലീദിന്റെ തന്നെ വിവിധ അവസ്ഥകളാണ് ഇവിടെ തരംതിരിച്ചത്. അന്ധമായ അനുകരണത്തിനപ്പുറമാണ് തഖ്‌ലീദ് എന്ന് ഇതില്‍ നിന്നു സാമാന്യമായി ഗ്രഹിക്കാവുന്നതാണ്. ഖുര്‍ആനിന്റെയും ഹദീസിന്റെയും വരികള്‍ എപ്രകാരമാണ് തെളിവുകള്‍ക്കുപയോഗിക്കേണ്ടത് എന്നു ഗ്രഹിക്കാന്‍ സഹായകമായ നിദാനതത്വങ്ങള്‍ അവലംബിച്ചുകൊണ്ടുള്ള ഇജ്തിഹാദിന്റെ കവാടം അടഞ്ഞിട്ടില്ല. ലോകാന്ത്യം വരെ അത് അടക്കപ്പെടുന്നതല്ല എന്ന് ശാഹ് വലിയുല്ലാഹി ദഹ്‌ലവി പറഞ്ഞിരിക്കുന്നു. ഇജ്തിഹാദിനു യോഗ്യത നേടും വിധം ഖുര്‍ആനിലും ഹദീസിലും പാണ്ഡിത്യവും അനിവാര്യമാകുന്നതോടൊപ്പം ഭക്തിയിലും സൂക്ഷ്മതയിലും ശ്ലാഖനീയമായ അവസ്ഥ പ്രാപിക്കുകയും ചെയ്യുന്നവര്‍ മാത്രമേ സ്വീകാര്യ യോഗ്യരാവുകയുള്ളൂ.
വ്യാവസായിക-വാണിജ്യ മേഖലകളിലും നാഗരികതയിലും സാമൂഹിക ജീവിത രംഗങ്ങളിലും കാലേകൂട്ടി ദീര്‍ഘദര്‍ശനം ചെയ്യാനാവാത്ത അഭൂതപൂര്‍വമായ മുന്നേറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇജ്തിഹാദ് വളരെ അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്നു. അടിക്കടി ഉണ്ടായികൊണ്ടിരിക്കുന്ന പുതുപുത്തന്‍ രീതികളും വ്യാപാര ഇടപാടുകളും, കരാറുകളും, ഇസ്‌ലാമിക നിയമശാസ്ത്ര താല്‍പ്പര്യങ്ങളുടെ വെളിച്ചത്തില്‍ പുതിയ കര്‍മശാസ്ത്ര തീര്‍പ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്. അവ ഇസ്‌ലാമിക മൂല്യങ്ങളുടെയും ഉസൂലുല്‍ ഫിഖ്ഹിന്റെയും അടിസ്ഥാനങ്ങള്‍ക്കനുസൃതമാവുകയും വേണം.കാലാനുസൃതമായ ഇജ്തിഹാദ്
വൈജ്ഞാനിക മുന്നേറ്റത്തിന്റെ ഭാഗമായ ഇജ്തിഹാദ് എല്ലാ കാലഘട്ടത്തിന്റെയും ആവശ്യമാണ്. ഓരോ കാലഘട്ടത്തിലും നവീനമായ പ്രവണതകള്‍ പ്രകടമാകുന്നതിനാല്‍ അതു സംബന്ധമായ നിയമ വിധിയും കാഴ്ചപ്പാടും വികസിപ്പിക്കല്‍ അതാതു കാലഘട്ടത്തിലെ പണ്ഢിതന്മരുടെ ബാധ്യതയാണ്. ഇസ്‌ലാമിക സമൂഹത്തിനു മാര്‍ഗദര്‍ശനം ലഭിക്കും വിധമുള്ള വൈജ്ഞാനിക വികാസങ്ങള്‍ സാധ്യമാക്കലാണ് ഈ ഇജ്തിഹാദിന്റെ താല്‍പ്പര്യം. കാലഘട്ടത്തിന്റെ നവീനമായ പ്രവണതകളെ മുന്‍നിര്‍ത്തി കൊണ്ട് പരമ്പരാഗതമായി കൈമാറി വന്ന ദീനിന്റെ നിയമശാസ്ത്രങ്ങളേയും വീക്ഷണങ്ങളേയും വികസിപ്പിക്കുന്നതില്‍ സംഭവിച്ച അപാകതയാണ് മുസ്‌ലിംകളുടെ ജീവിതത്തെ പിന്നാക്കം തള്ളിയിരിക്കുന്നത്. നിയമശാസ്ത്ര സംബന്ധമായ ഗവേഷണങ്ങളെ സംബന്ധിച്ചു പറയുമ്പോള്‍ ആധുനിക ഇസ്‌ലാമികര്‍ക്കെല്ലാം ആവേശമാണ്. നിസ്‌കാരത്തിന്റെ ഫര്‍ളും ശര്‍ത്തും വരെ ആദ്യം മുതല്‍ ഇജ്തിഹാദു ചെയ്തു കണ്ടെത്താന്‍ സന്നദ്ധരായവരുണ്ട്. എന്നാല്‍ വീക്ഷണങ്ങളെ ബാധിച്ച പ്രശ്‌നങ്ങളെ വിലയിരുത്താനും അതില്‍ സംഭവിച്ച പാളിച്ചകളെ പുനഃപരിശോധിക്കാനും തയ്യാറുള്ളവര്‍ എത്ര പേരുണ്ടാകും?.ആധുനിക പ്രവണതകളുടെ പ്രലോഭനങ്ങള്‍ക്ക് വശംവദരായവരായതിനാല്‍ അത്തരമൊരു പര്യാലോചനക്ക് മുതിരുന്നവര്‍ വിരളമായി തീര്‍ന്നിരിക്കുകയാണ്. ഫിഖ്ഹിന്റെ മേഖലയില്‍, എല്ലാ വിഷയങ്ങളിലും ആദ്യം മുതല്‍ ഇജ്തിഹാദു വേണമെന്ന വാദഗതിക്കു നിമിത്തം തന്നെ തങ്ങളുടെ ആധുനിക വീക്ഷണങ്ങളാണ്. പൂര്‍വസൂരികളായ മഹത്‌വ്യക്തിത്വങ്ങള്‍ പുലര്‍ത്തിയ ഭക്തിയിലും സൂക്ഷ്മതയിലും അവിശ്വസിക്കുന്നതു കൊണ്ടാണല്ലോ മുസ്‌ലിം ലോകത്തിന്റെ ഇജ്മാഅ് നിലനില്‍ക്കുന്ന വിഷയങ്ങളില്‍ പോലും മുത്‌ലക്കന്‍ ഇജ്തിഹാദ് അനിവാര്യമാണ് എന്നു വാദിക്കാന്‍ ധൈര്യം ലഭിച്ചത്. എന്നാല്‍ നിരന്തരം ആത്മപരിശോധന നടത്തേണ്ട വിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ ബാഹ്യമായ വിശകലനങ്ങള്‍ക്കപ്പുറം കാര്യക്ഷമമായ വീണ്ടുവിചാരം നടക്കുന്നുമില്ല.
ഇസ്‌ലാമിന്റെ വീക്ഷണമെന്നു പറയുന്നത് തസവുഫുമായി ബന്ധപ്പെട്ടതാണ്. തസവുഫ് എന്നാല്‍ വിശ്വാസിയായ വ്യക്തിയുടെ ഈമാനിനെ സാധൂകരിക്കുന്ന പ്രവര്‍ത്തനമാണ്. ഈ പ്രപഞ്ചത്തവും അതിലുള്ള, കാണുന്നതും കാണാത്തതുമായ എല്ലാ വസ്തുക്കളും ജീവികളും അല്ലാഹുവിന്റെ നിര്‍ണയത്തിലും അവനില്‍ ആശ്രിതമായിട്ടും നിലകൊള്ളുന്നവയാണ് എന്ന ബോധത്തോടെ മാത്രം അവയുമായി ബന്ധപ്പെടുന്ന അവസ്ഥയാണ് തൗഹീദ്. തൗഹീദിന്റെ വക്താക്കള്‍ കാര്യകാരണ ബന്ധത്തിന്റെ ലോകത്തോട് നിരുപാധികം ചേര്‍ന്നു നില്‍ക്കുന്നവരല്ല. ആധുനികതയാകട്ടെ കാര്യകാരണ ബന്ധത്തിനപ്പുറം ഈ പ്രപഞ്ചത്തിനൊരു ക്രമമുണ്ടെന്ന വിശ്വാസം മിഥ്യയും അതിശയോക്തിപരവുമായി കാണുന്നു. മാത്രമല്ല, പ്രപഞ്ച വ്യവസ്ഥകള്‍ ദൈവികമായി നിര്‍ണയിക്കപ്പെട്ടിട്ടുള്ളവയാണ് എന്ന പരമ്പരാഗതമായ എല്ലാ സമൂഹങ്ങളുടെയും പൊതുവായ വിശ്വാസത്തെ അവമതിക്കുകയും അന്ധവിശ്വാസ ജടിലമായ ഭൂതകാലമായി ചരിത്രത്തെ തന്നെ മുദ്രവെക്കുകയും ചെയ്തിരിക്കുന്നു. പൂര്‍വീകരോട് മതിപ്പും ബഹുമാനവുമില്ലാത്ത സമീപനത്തിനു നിമിത്തം ഈ ചിന്താഗതിയാണ്. ഇതിന്റെ സ്വാധീനം ഇസ്‌ലാമിക സമൂഹത്തെ ബാധിച്ചിരിക്കുന്നതിന് ഉദാഹരണമാണ് അബുല്‍ ഹസന്‍ അലി നദ്‌വി പറഞ്ഞ,കാലത്തെ ഒരു നവജാത ശിശുവിനെ പ്പോലെ അവതിപ്പിച്ച അഭ്യസ്ഥവിദ്യരായ വിഭാഗങ്ങള്‍. ഈ ചിന്താ ഗതിയുടെ പ്രചരണോപാധികളായിറ്റാണ് ആധുനിക മീഡിയകളും അക്കാദമിക വിദ്യാഭ്യാസവും നിലകൊള്ളുന്നത്. ഔദ്യോഗിക വിദ്യാഭ്യാസം സിദ്ധിക്കാത്തവര്‍ക്ക് പോലും ആധുനികമായ യുക്തി ബോധത്തിന്റയും സാമൂഹ്യ സങ്കല്‍പ്പങ്ങളുടെയും വിശ്വാസങ്ങള്‍ ബാധിച്ചിട്ടുണ്ട് എന്നതൊരു വസ്തുതയാണ്. സമ്പത്തിക സങ്കല്‍പ്പത്തിലും ഉപജീവനുമായി ബന്ധപ്പെട്ട വിശ്വാസത്തിലുമാണ് ആധുനിക പ്രൊഫഷനലിസത്തിന്റെയും ഉപഭോഗാസക്തിയുടെയും സ്വാധീനം വളരെ പ്രകടമായി കാണുന്നത്. ഇസ്‌ലാമിന്റെ വിശ്വാസ ശാസ്ത്രവുമായി ബന്ധപ്പെടുത്തി ഇത്തരം പ്രവണതകളെ പഠനവിധേയമാക്കുന്ന, ആത്മപരിശോധനക്കു മുതിരുന്ന വല്ല പ്രവര്‍ത്തനങ്ങള്‍ക്കും നാം അനിവാര്യത കല്‍പ്പിക്കുന്നുണ്ടോ?. സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവണതകളുടെ വിധിയെന്താണെന്നു നിര്‍ണയിക്കുന്ന താപമാപിനി പോലുള്ള ഒരു ഉപകരണമല്ല ദീനുല്‍ ഇസ്‌ലാം. സമൂഹത്തില്‍ സംഭവിക്കുന്ന തെറ്റായ പരിവര്‍ത്തനങ്ങളെ തടുക്കാനും വ്യക്തികള്‍ക്ക് ശരിയായ ജീവിത ലക്ഷ്യം കാണിക്കാനും പ്രപഞ്ച യാഥാര്‍ത്ഥ്യത്തെ സംബന്ധിക്കുന്ന(അല്ലാഹുവിനെ) വിശ്വാസത്തെ വ്യക്തികളില്‍ നിലനിര്‍ത്താനുമാണ് ദീന്‍ നമ്മുടെ കൈകളില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അപ്പോള്‍ ദീന്‍ അനുസരിച്ചുള്ള ജീവിതം നയിക്കാനുള്ള ആര്‍ജവം നേടുന്നതില്‍ നാം മുന്‍ഗണന കല്‍പ്പിക്കണം.
Leave A Comment