മുഅ്തസിലിസം: രീതിയും സ്വഭാവവും
അമവി- അബ്ബാസി ഭരണകാലത്ത് മുസ്‌ലിം ലോകത്തുണ്ടായ ഭൗതിക വിജ്ഞാനങ്ങളുടെ ആധിക്യവും പേര്‍ഷ്യന്‍-റോമന്‍-ഗ്രീക്ക് ചിന്തകളുടെ കടന്നുകയറ്റവുമാണ് മുഅ്തസിലിസത്തിനു വിത്തു പാകിയത്. ഭരണകൂടങ്ങള്‍ വെള്ളവും വളവും നല്‍കിയപ്പോള്‍ അത് തഴച്ചുവളര്‍ന്നു. വിശ്വാസികള്‍ക്കിടയില്‍ ബൗദ്ധികവും ധൈഷണികവുമായ ഇടപെടലുകള്‍ നടത്തി. വിശ്വാസ നടപടികളിലും മറ്റും ചില അഴിച്ചുപണികള്‍ക്കും തിരുത്തലുകള്‍ക്കും വഴിയൊരുക്കി. അതുകൊണ്ട് തന്നെ മുഅ്തസിലിസത്തിന്റെ ആഗമനം ബിദഈ ചിന്തകളോടൊപ്പം ചില നന്മ നിറഞ്ഞ സേവനങ്ങളും നല്‍കിയതായി വിലയിരുത്തപ്പെടുന്നു.
ജൂത ലോബിയും ക്രൈസ്തവ മിഷണറിയും മുസ്‌ലിംകള്‍ക്കിടയില്‍ തങ്ങളുടെ ആശയങ്ങള്‍ കുത്തിവെക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയ ഒരു ഘട്ടത്തില്‍ ജൂത-ക്രൈസ്തവ വാദങ്ങളുടെ മുനയൊടിക്കാന്‍ മുഅ്തസിലുകള്‍ രംഗത്തിറങ്ങി. ഇസ്‌ലാമിക പക്ഷത്തുനിന്നു ശത്രുക്കളുടെ ആരോപണങ്ങളെ പ്രതിരോധിച്ചു. ബൗദ്ധികമായ സമത്ഥനങ്ങളിലൂടെ ഇസ്‌ലാമിന്റെ കാലിക പ്രസക്തി അവര്‍ ഉയര്‍ത്തിപ്പിടിച്ചു. ഫിലോസഫിയുടെയും മറ്റു ഭൗതിക ശാസ്ത്രങ്ങളുടെയും ചെലവില്‍ മുസ്‌ലിംകളില്‍ നുഴഞ്ഞുകയറിയിരുന്ന നിരീശ്വര നിര്‍മ്മിത പ്രസ്ഥാനങ്ങളെ അവരുടെ വാദമുഖങ്ങളുപയോഗിച്ചുകൊണ്ടുതന്നെ മുഅ്തസിലുകള്‍ നേരിട്ടു. മുസ്‌ലിംകളുടെ പൊതു ശത്രുക്കളെ ആശയപരമായി നേരിടാനും സംവാദങ്ങളിലൂടെയും മറ്റും അവരെ കീഴ്‌പ്പെടുത്താനും പ്രത്യേക താല്‍പര്യം കാണിച്ചു. ഇപ്രകാരം ജൂത-ക്രൈസ്തവ ആശയങ്ങള്‍ കടമെടുത്തുകൊണ്ട് അല്ലാഹുവിനു സ്ഥൂല ശരീരവും മറ്റു അവയവങ്ങളും ഉണ്ടെന്നു വാദിച്ച ‘മുജസ്സിമത്തി’നെയും ഇമാമുകളെ ദൈവാവതാരമാക്കി ചിത്രീകരിച്ച ശീഇസത്തെയുമെല്ലാം ബുദ്ധിപരമായി തന്നെ മുഅ്തസിലുകള്‍ പ്രതിരോധിച്ചു.
എന്നാല്‍, ശത്രുക്കളുടെ ആശയ പാപരത്വം വെളിച്ചത്തുകൊണ്ടുവരാന്‍ ബുദ്ധിയും യുക്തിയും ഉപയോഗിച്ച മുഅ്തസിലുകള്‍ക്ക് തങ്ങളുടെ അമിതാവേശം കാരണം പലപ്പോഴും പാളം തെറ്റി. ഭൗതിക ശാസ്ത്രങ്ങളുടെ വെളിച്ചത്തില്‍ ഇസ്‌ലാമിന്റെ കാലിക വായന നടത്താന്‍ ശ്രമിച്ച ഈ വിഭാഗത്തിനു, മൗലിക പ്രമാണങ്ങളുടെ ഖണ്ഡിതവും അസന്ദിഗ്ദവുമായ വചനങ്ങള്‍ പോലും പലപ്പോഴും ദുര്‍വ്യാഖ്യാനം ചെയ്യേണ്ടിവന്നു. ബുദ്ധിക്കും ഭൗതിക ശാസ്ത്രങ്ങള്‍ക്കും പരമാധികാരവും അപ്രമാദിത്വവും നല്‍കിയപ്പോള്‍ ചിലയിടങ്ങളിലെല്ലാം ദൈവിക ബോധനത്തെ തള്ളിക്കളയേണ്ടിവന്നത് അവര്‍ ശ്രദ്ധിച്ചില്ല. ഇതായിരുന്നു മുഅ്തസിലിസത്തിനു വ്യതിയാനം സംഭവിക്കാനുണ്ടായ മുഖ്യകാരണം.
മുഅ്തസിലുകളുടെ ലക്ഷ്യവും ഉദ്ദേശ്യവുമെല്ലാം പവിത്രവും സുന്ദരവുമായിരുന്നു. പക്ഷേ, അതിനവര്‍ ഉപയോഗിച്ച രീതി അപകടം നിറഞ്ഞതും. ഉദാഹരണത്തിന് അവരുടെ ‘തൗഹീദ്’ തന്നെയെടുക്കാം. അല്ലാഹു മാത്രമാണ് അനാദി. അവന്റെ ഗുണങ്ങള്‍ അനാദിയല്ല എന്ന ‘തൗഹീദ് സിദ്ധാന്ത’ത്തിലൂടെ ക്രൈസ്തവ ത്രിയേകത്വ സിദ്ധാന്തത്തെയും യേശുവിന്റെ ദിവ്യത്വ പ്രശ്‌നത്തെയും പ്രതിരോധിക്കുകയായിരുന്നു മുഅ്തസിലുകളുടെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ടാണവര്‍ ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാം (വചനം) അല്ല; സൃഷ്ടിയാണ് എന്ന് വാദിച്ചത്. അക്കാലത്ത് യേശുവിനെ ദൈവമാക്കി ചിത്രീകരിക്കാന്‍ ക്രൈസ്തവ പുരോഹിതന്മാര്‍ ഖുര്‍ആന്‍ വചനങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്തിരുന്നു. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയല്ലെന്നും അവന്റെ അനാദിയായ (കലാം) വചനമാണെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. എങ്കില്‍ യേശു അല്ലാഹുവിന്റെ വചനം (കലിമത്ത്) ആണെന്നു ഖുര്‍ആന്‍ (3:45) പറയുന്നു. അപ്പോള്‍ ഖുര്‍ആന്‍ അനാദിയായ ദൈവത്തിന്റെ ഗുണമാണ്. അപ്രകാരം യേശുവും അനാദിയായ ദൈവത്തിന്റെ ഗുണമാണ്; സൃഷ്ടിയല്ല’. ഇതായിരുന്നു ഡമാസ്‌കസിലെ ബിഷപ്പ് യോഹന്നാന്റെ നേതൃത്വത്തിലുള്ള അന്നത്തെ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ ഉയര്‍ത്തിയ വലിയ വാദം. ഇതിനെ പ്രതിരോധിക്കാന്‍ മുഅ്തസിലുകളുടെ ബുദ്ധിയില്‍ ഉദിച്ച ആശയമായിരുന്നു അല്ലാഹുവിന്റെ വചനം (കലാം) അടക്കമുള്ള അവന്റെ ഗുണങ്ങള്‍ (സ്വിഫത്ത്) അനാദി (ഖദീം) അല്ല എന്നത്. ഇതിലൂടെ ‘അല്ലാഹുവിന്റെ വചനം’ എന്നു വിശേഷിപ്പിക്കപ്പെട്ട യേശു അനാദിയല്ലെന്നും ദൈവമല്ലെന്നും സൃഷ്ടിയാണെന്നും പെട്ടെന്ന് തെളിയിക്കാന്‍ കഴിയുമെന്ന് മുഅ്തസിലുകള്‍ കണക്കുക്കൂട്ടി. പക്ഷേ, ഒരു സത്യം തെളിയിക്കാന്‍ മറ്റു അനേകം സത്യങ്ങളെ തിരസ്‌കരിക്കേണ്ടി വന്നത് അവര്‍ ശ്രദ്ധിച്ചില്ല.
ഇപ്രകാരം തന്നെ അല്ലാഹുവിന്റെ സത്തയെക്കുറിച്ചുള്ള നിഷേധാത്മക വചനങ്ങള്‍ മാത്രം സ്വീകരിച്ചു, അറിവ്, ജീവന്‍, കേള്‍വി, കാഴ്ച തുടങ്ങി അവന്റെ ഗുണങ്ങളെ മുഅ്തസിലുകള്‍ നിഷേധിച്ചു. മുജസ്സിമുകളെ തകര്‍ക്കാന്‍ വേണ്ടിയാണവര്‍ ഈ നിലപാട് സ്വീകരിച്ചത്. ഖുര്‍ആനിലെ ചില വചനങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് അല്ലാഹുവിനു മുഖവും കൈകാലുകളും കണ്ണുകളും മറ്റു അവയവങ്ങളും ഉണ്ടെന്ന് മുജസ്സിമത്ത് വാദിച്ചു. ‘അവന്‍ സിംഹാസനത്തില്‍ ഉപവിഷ്ടനായി’ എന്നര്‍ത്ഥം വരുന്ന വചനങ്ങള്‍ അങ്ങനെ തന്നെ അവതരിപ്പിച്ച് അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുകയായിരുന്നു അവര്‍. മുജസ്സിമുകളുടെ വികൃതവും വികലവുമായ ഈ ആശയത്തെ പ്രതിരോധിക്കാന്‍ മുഅ്തസിലുകള്‍ കണ്ടെത്തിയ വഴി അല്ലാഹുവിന്റെ എല്ലാ ക്രിയാത്മക ഗുണങ്ങളെയും തിരസ്‌കരിച്ചു നിഷേധാത്മക ഗുണങ്ങളെ സ്വീകരിക്കുക എന്നതായിരുന്നു. ”അല്ലാഹുവിനെ പോലെ ഒരു വസ്തുവും ഇല്ല.” (ഖുര്‍ആന്‍ 42:11) പോലുള്ള വചനങ്ങളെയാണിതിന് അവര്‍ ആധാരമാക്കിയത്. മുജസ്സിമുകളെ പ്രതിരോധിക്കാന്‍ അല്ലാഹുവിന്റെ സ്വിഫത്തുകളെ മുഴുവന്‍ നിഷേധിച്ച മുഅ്തസിലത്ത് വാസ്തവത്തില്‍ എലിയെ പേടിച്ച് ഇല്ലം ചുടുകയായിരുന്നു. അതുകൊണ്ട് തന്നെ ഖണ്ഡിതമായ പല സത്യങ്ങളും അവര്‍ക്ക് നിഷ്‌കരുണം തള്ളിക്കളയേണ്ടിവന്നു. ”പൗര്‍ണ്ണമിയെ നിങ്ങള്‍ ദര്‍ശിക്കുന്നത് പ്രകാരം പരലോകത്ത് നിങ്ങള്‍ അല്ലാഹുവിനെ ദര്‍ശിക്കു”മെന്ന നബിവചനം ഇരുപതില്‍ പരം സ്വഹാബികള്‍ ഉദ്ധരിച്ചിട്ടും അതു സ്വീകരിക്കാന്‍ മുഅ്തസിലുകള്‍ക്ക് മനസ്സു വന്നില്ല. അത്രയും തീവ്രമായിരുന്നു അവരുടെ ‘ഇസ്‌ലാമിക’ ആവേശം.
മുഅ്‌സലികളുടെ നീതി സിദ്ധാന്തവും ജബ്‌രിയ്യത്തിന്റെ വികല വാദങ്ങളെ പ്രതിരോധിക്കുക എന്ന സദുദ്ദേശ്യത്തില്‍ നിന്നുടലെടുത്താണ്. മനുഷ്യന്‍ ചെയ്യുന്ന തെറ്റുക്കുറ്റങ്ങള്‍ക്കൊന്നും അവന്‍ ഉത്തരവാദിയല്ലെന്നും അവനു യാതൊരു കഴിവും ഉദ്ദേശ്യവും സ്വാതന്ത്ര്യവും ഇല്ലെന്നും അവന്‍ നിര്‍ബന്ധിതന്‍ (മജ്ബൂര്‍) ആണെന്നും ജബ്‌രിയ്യത്ത് വാദിച്ചു. മനുഷ്യനെ കൂടുതല്‍ തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കുകയും എന്നിട്ടതിന്റെ മുഴുവന്‍ കാരണങ്ങളും ദൈവവിധിയില്‍ കെട്ടിവെക്കുകയും ചെയ്യുന്ന ജബ്‌രികളുടെ ‘ഇഛാ സ്വാതന്ത്ര്യ നിഷേധം’ തീര്‍ത്തും വികലമായിരുന്നു. പക്ഷേ, അവരെ പ്രതിരോധിക്കാന്‍ ‘മുഅ്തസില’ കൊണ്ടുവന്ന ന്യായങ്ങളാകട്ടെ അതിരു കവിഞ്ഞതും. മനുഷ്യനു പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും തന്റെ പ്രവര്‍ത്തനങ്ങളുടെയെല്ലാം സ്രഷ്ടാവും കര്‍ത്താവും താന്‍ മാത്രമാണെന്നും അല്ലാഹുവിന് അതില്‍ യാതൊരു പങ്കുമില്ലെന്നും മുഅ്തസില വാദിച്ചു. ജബ്‌രിയ്യയെ ഖണ്ഡിക്കാന്‍ ഖദ്‌റ്, ഖളാഅ് എന്നിവയെ നിഷേധിക്കുന്ന തലത്തിലേക്ക് ഇറങ്ങിയതാണ് ഇവിടെ മുഅ്തസിലുകള്‍ക്കു പറ്റിയ അബദ്ധം. കൊതുകിനെ കൊല്ലാന്‍ തോക്ക് എടുക്കുകയായിരുന്നല്ലോ അവര്‍.
മറ്റൊരു പ്രധാന തത്വമായ വഅ്ദ് – വഈദി’ന്റെ കഥയും ഇങ്ങനെ തന്നെ. സത്യവിശ്വാസമുണ്ടെങ്കില്‍ ഇവിടെ എന്തു വൃത്തിക്കേടും തിന്മയും ആകാമെന്നും പരലോകത്ത്അതിനു യാതൊരു ശിക്ഷയും ലഭിക്കുകയില്ലെന്നും മുര്‍ജിഅത്ത് വാദിച്ചു. വിശ്വാസികളെ നന്മയില്‍ നിന്നു പിന്തിരിപ്പിക്കുകയും തിന്മയിലേക്കു കയറൂരി വിടുകയുമായിരുന്നു മുര്‍ജിഅ. ജനങ്ങളെ നിഷ്‌ക്രിയരാക്കി നിര്‍ത്താനുള്ള മുര്‍ജിഅയുടെ ഈ തന്ത്രത്തെ പൊളിക്കാന്‍ വേണ്ടിയാണ് തിന്മ ചെയ്തവരെ ശിക്ഷിക്കലും നന്മ ചെയ്തവര്‍ക്ക് പ്രതിഫലം നല്‍കലും അല്ലാഹുവിന് നിര്‍ബന്ധമാണെന്ന വാദം മുഅ്തസിലുകള്‍ ഉയര്‍ത്തിയത്. പക്ഷേ, സൃഷ്ടികര്‍ത്താവായ അല്ലാഹുവിന് അവന്റെ പ്രവര്‍ത്തനങ്ങളില്‍ യാതൊരു സ്വാതന്ത്ര്യവുമില്ലെന്ന മഹാ അബദ്ധമാണ് അവര്‍ പകരം കൊണ്ടുവന്നത്. പ്രതിയോഗികളുടെ വാദമുഖങ്ങള്‍ക്കു മുമ്പില്‍ പ്രാമാണിക ബലാബലം പരിശോധിക്കുന്നതിനു പകരം സ്വന്തം ബുദ്ധിയും യുക്തിയും ഉപയോഗിച്ച് പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു മുഅ്തസിലുകള്‍. അല്ലാഹുവും റസൂലും അറിയിച്ചുതന്ന കാര്യങ്ങളെ മുഴുവന്‍ അവന്‍ യുക്തിയുടെ തുലാസിലിട്ടു അളന്നുതിട്ടപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ യുക്തിയുടെ അളവു പാത്രത്തിനു ഉള്‍ക്കൊള്ളാനാകാത്ത പലതും ദിവ്യബോധനത്തിലുണ്ടാകുമെന്ന കേവല സത്യം തിരിച്ചറിയാന്‍ അവര്‍ക്ക് സാധിച്ചില്ല. യുക്തിക്കും ബുദ്ധിക്കും അതീതമായ കാര്യങ്ങള്‍ യുക്തിക്കും ബുദ്ധിക്കും വിരുദ്ധമാണെന്നു വിധിച്ചതാണിവിടെ മുഅ്തസിലകള്‍ക്കു പറ്റിയ പരമാബദ്ധം. അതോടെ വ്യതിയാനത്തിന്റെ വാതായനങ്ങള്‍ തള്ളി തുറക്കുകയായിരുന്നു അവര്‍.
അബ്ബാസീ ഭരണകാലത്ത് ജൂതന്മാരും ക്രിസ്ത്യാനികളും സൊറാസ്റ്റര്‍മാരും ഇസ്‌ലാമിനെതിരെ കുപ്രചരണങ്ങള്‍ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഗ്രീക്കു തത്വശാസ്ത്രങ്ങളുപയോഗിച്ച് ഇസ്‌ലാമിനെതിരെ ബുദ്ധിപരമായ ‘കുരിശുയുദ്ധം’ നടത്തുകയായിരുന്നു അവര്‍. അത്തരമൊരു ഘട്ടത്തില്‍ അവരെ എതിര്‍ത്തു തോല്‍പ്പിക്കേണ്ടത് മുസ്‌ലിം ഭരണകൂടത്തിന്റെ ആവശ്യമായിത്തീര്‍ന്നു. ഇതു മനസ്സിലാക്കിയ മുഅ്തസിലുകള്‍ ജൂത-ക്രൈസ്തവ, സൊറാസ്റ്റര്‍ വിഭാഗങ്ങള്‍ക്കെതിരെ ബൗദ്ധികമായ ഇടപെടലുകള്‍ നടത്തി ഗ്രീക്കു ഫിലോസഫി ഉപയോഗപ്പെടുത്തിയ ശത്രുക്കളുടെ ആരോപണങ്ങളെ അവര്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു. സ്വാഭാവികമായും ഭരണകൂടത്തിന്റെ സഹായ സഹകരണങ്ങളും ആശീര്‍വാദങ്ങളും അവര്‍ക്കു ലഭിച്ചു. ഈ അവസരം ഉപയോഗപ്പെടുത്തിയ മുഅ്തസിലുകള്‍, ഭരണകൂടത്തിന്റെ സര്‍വ്വസിരാകേന്ദ്രങ്ങളിലും കയറിപ്പറ്റുകയും തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയുമാണ് ചെയ്തത്. അതിന്റെ ശേഷവിശേഷമാണ് ഖുര്‍ആന്‍ സൃഷ്ടി (ഖല്‍ഖുല്‍ ഖുര്‍ആന്‍) വാദവും മറ്റു ജനദ്രോഹ നടപടികളും.
ഖുര്‍ആന്‍ സൃഷ്ടി വിവാദം
മുഅ്തസിലസത്തെയും അബ്ബാസീ ഭരണകൂടത്തെയും ഓര്‍ക്കുമ്പോള്‍ ഏതൊരു ചരിത്ര വിദ്യാര്‍ത്ഥിയുടെയും സ്മൃതിപഥത്തില്‍ ഓടിയെത്തുന്ന സംഭവമാണ് ഖുര്‍ആന്‍ സൃഷ്ടി വിവാദം. മുസ്‌ലിം പണ്ഡിതന്മാരെ മുഴുവന്‍ ദശകങ്ങളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്ത ഈ വിവാദം മഅ്മൂന്‍, മുഅ്തസ്വിം, വാസിഖ് എന്നീ അബ്ബാസീ ഖലീഫമാരുടെ കാലത്ത് കത്തിനിന്നു. അതിന്റെ ചൂടില്‍ മുസ്‌ലിം പൊതു സമൂഹത്തിനുണ്ടായ പ്രയാസങ്ങള്‍ ചില്ലറയല്ല. ഇസ്‌ലാമിന്റെ ‘കാലിക’ പ്രസക്തിക്കുവേണ്ടി ബുദ്ധിജീവി വേഷം കെട്ടിയവര്‍, ആയിരക്കണക്കിനു മഹാപണ്ഡിതന്മാരെ പീഡനമുറകള്‍ക്കു വിധേയരാക്കുകയും തങ്ങളുടെ വാദം അംഗീകരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത രംഗങ്ങളാണ് ‘ഖുര്‍ആന്‍ സൃഷ്ടി വാദ’ത്തില്‍ കാണുന്നത്.
ഹിജ്‌റ 120ല്‍ ജഅ്ദ് ബിന്‍ ദിര്‍ഹമാണ് ആദ്യമായി ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദം ഉയര്‍ത്തിയത്. അപരിചിതവും അപകടകരവുമായ ഈ വാദത്തിന്റെ പേരില്‍ അന്നത്തെ കൂഫാ ഭരണാധികാരി ഖാലിദ് ബിന്‍ അബ്ദില്ലാഹില്‍ ഖസ്‌രി അയാളെ കൊന്നുകളഞ്ഞു. പിന്നീട് ജഹ്മുബിന്‍ സ്വഫ്‌വാനും അനുയായികളും ഈ വാദം ഏറ്റുപിടിച്ചു. അല്ലാഹുവിന്റെ ഗുണങ്ങളെ മുഴുവന്‍ നിഷേധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജഹ്മിയ്യാക്കള്‍ അങ്ങനെ ചെയ്തത്. അപ്പോഴൊന്നും സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങുന്ന ഒരു ആശയമായി ഖുര്‍ആന്‍ സൃഷ്ടിവാദം പ്രചരിപ്പിച്ചിരുന്നില്ല. പിന്നീട് മുഅ്തസിലുകളുടെ അരങ്ങേറ്റത്തോടെയാണ് ഇതു ചര്‍ച്ചയാകുന്നത്.
അബ്ബാസീ ഖലീഫമാരില്‍ പ്രമുഖനായിരുന്ന ഹാറൂന്‍ റശീദി (786-809)ന്റെ കാലത്ത് ബിശ്ര്‍ ബിന്‍ ഗിയാസ് ആണ് ഈ വാദം പൊടി തട്ടിയെടുത്ത് അവതരിപ്പിച്ചത്. ഹനഫീ മദ്ഹബിലെ പ്രമുഖനായിരുന്ന ഇമാം അബൂയൂസുഫി(റ)ന്റെ ശിഷ്യനായിരുന്നു ഇയാള്‍. അപകടകരമായ ഈ വാദം നിരന്തരം പ്രചരിപ്പിച്ചതിന്റെ പേരില്‍ അബൂയൂസുഫ് (റ) അയാളെ തന്റെ സദസ്സില്‍ നിന്നും മാറ്റിനിര്‍ത്തി. തുടര്‍ന്ന് അയാളത് സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. വിവരമറിഞ്ഞ ഹാറൂണ്‍ റശീദ് ഇത്തരം തര്‍ക്കങ്ങളില്‍ നിന്നും വാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഖുര്‍ആന്‍ സൃഷ്ടി വിവാദത്തിനു തിരികൊളുത്തിയ ബിശ്‌റുബിന്‍ ഗിയാസിനെ തന്റെ കയ്യില്‍ കിട്ടിയാല്‍ കൊന്നുകളയുമെന്ന് ഖലീഫ പ്രഖ്യാപിച്ചു. അതോടെ ഹാറൂണ്‍ റശീദിന്റെ മരണം വരെ അയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
പിന്നീട് പുത്രന്‍ മഅ്മൂന്‍ (786-833) ഖലീഫയായി. അതോടെ വിവിധ തന്ത്രങ്ങളുപയോഗിച്ച് മുഅ്തസിലുകള്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചു. പണ്ഡിതന്മാരെയും ബുദ്ധിജീവികളെയും ആദരവോടെ കണ്ടിരുന്ന മഅ്മൂന്‍, മുഅ്തസിലികളുടെ ഫിലോസഫിയുടെ മേമ്പൊടി ചേര്‍ത്ത വാചക കസര്‍ത്തുകള്‍ക്കു മുന്നില്‍ വീണുപോയി. അദ്ദേഹം മുഅ്തസിലീ പണ്ഡിതനായിരുന്ന അബൂഹുദൈല്‍ ഹംദാന്‍ (ഹിജ്‌റ 135-226)ന്റെ ശിഷ്യത്വം സ്വീകരിച്ചു. അതോടെ മുഅ്തസിലുകളുടെ സുവര്‍ണ്ണ കാലഘട്ടം ആരംഭിക്കുകയായിരുന്നു.
മുഅ്തസിലിസം തലക്കുപിടിച്ച മഅ്മൂന്‍, ഹിജ്‌റ 212ല്‍ ഖുര്‍ആന്‍ സൃഷ്ടി വാദം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പക്ഷേ, ജനങ്ങളെല്ലാം ഈ വാദം അംഗീകരിക്കണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചില്ല. എല്ലാവര്‍ക്കും വിശ്വാസ സ്വാതന്ത്ര്യവും അഭിപ്രായ പ്രകടനത്തിനു അവസരവും നല്‍കി. എന്നാല്‍ ആറു വര്‍ഷത്തിനുശേഷം ഹിജ്‌റ 218ല്‍ എല്ലാവരും ഖുര്‍ആന്‍ സൃഷ്ടിവാദം അംഗീകരിക്കണമെന്നും വിസമ്മതിക്കുന്നവരെ എന്തു വിലകൊടുത്തും നേരിടണമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ വാദം ഫുഖഹാക്കളെ കൊണ്ടും മുഹദ്ദിസുകളെ കൊണ്ടും അംഗീകരിപ്പിക്കാന്‍ സാധിക്കുന്ന തന്ത്രങ്ങള്‍ മുഴുവന്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മഅ്മൂന്‍ തന്റെ ഗവര്‍ണര്‍മാര്‍ക്ക് കത്തെഴുതി. അവര്‍ പണ്ഡിത സദസ്സുകള്‍ വിളിച്ചുകൂട്ടി വിഷയമവതരിപ്പിച്ചു. വിസമ്മതിച്ചവര്‍ക്കു മുന്നില്‍ ഭീഷണികള്‍ ഉയര്‍ത്തി. എന്നിട്ടും കുലുങ്ങാത്തവരുടെ മര്‍മ്മത്തു പിടിച്ചുകുലുക്കി. ഖാള്വീ സ്ഥാനങ്ങളില്‍ നിന്നും മുഫ്തി പദവിയില്‍ നിന്നും പിരിച്ചുവിട്ടു. തടവിലിടുകയും ക്രൂര മര്‍ദ്ധനങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. അതോടെ മിക്ക പണ്ഡിതന്മാരും ഭരണകൂടത്തിനു കീഴ്‌പ്പെടാന്‍ നിര്‍ബന്ധിതരായി.
അവസാനം രണ്ടുപേര്‍ മാത്രം ബാക്കിയായി. ഇമാമുസ്സുന്ന: അഹ്മദ് ബിന്‍ ഹമ്പല്‍(റ), മുഹമ്മദ് ബിന്‍ നൂഹ്(റ) എന്നിവര്‍. പീഡന പര്‍വ്വങ്ങളും മര്‍ദ്ധനമുറകളും അവരുടെ മനസ്സിളക്കിയില്ല. മുമ്പ് ഒപ്പമുണ്ടായിരുന്ന പലരും ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പിന്‍മാറിയപ്പോഴും അവര്‍ ഇരുവരും പതറാതെ ഉറച്ചുനിന്നു. ഇരുമ്പു ചങ്ങല കൊണ്ട് കൈകാലുകള്‍ ബന്ധിപ്പിച്ച് രണ്ടുപേരെയും മഅ്മൂനിന്റെ സദസ്സില്‍ ഹാജറാക്കാന്‍ ഉത്തരവുണ്ടായി. ശരീരം ഒന്നനക്കാന്‍ പോലും സാധിക്കാത്തവിധം കൂട്ടി കെട്ടപ്പെട്ട ആ രണ്ടു മഹാന്മാരെ തീക്ഷ്ണമായ മരുഭൂമിയിലൂടെ ത്വര്‍ത്വൂസിലേക്ക് ഒട്ടകപ്പുറത്തേറ്റികൊണ്ടു പോവുകയായിരുന്നു. അധികാരി വര്‍ഗ്ഗത്തിന്റെ പിഢനം കാരണം അവര്‍ അവശരായിരുന്നു. തന്റെ മുന്നില്‍ വെച്ചും ഖുര്‍ആന്‍ സൃഷ്ടിയല്ലെന്നു വാദിക്കുകയാണെങ്കില്‍ അവരെ കൊന്നുകളയുമെന്ന് മഅ്മൂന്‍, ശിങ്കികളോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഇതറിഞ്ഞ ഒരു ഭൃത്യന്‍ വഴിയില്‍ വെച്ച് ഈ വിവരം അവര്‍ക്കു കൈമാറി. അന്നേരം ഇമാം അഹ്മദ്(റ) മിഴികളുയര്‍ത്തി: ‘നാഥാ, ഞാന്‍ സത്യപന്ഥാവിലാണെങ്കില്‍ മഅ്മൂനിന്റെ ശല്യം അവസാനിപ്പിക്കണേ’ എന്നു പ്രാര്‍ത്ഥിച്ചു. അതു ഫലിക്കുകയും ചെയ്തു. അവര്‍ ത്വര്‍ത്വൂസില്‍ എത്തുന്നതിനുമുമ്പ് മഅ്മൂന്‍ മരണപ്പെട്ട വാര്‍ത്ത പരന്നു.
തന്റെ മരണശേഷം ഖുര്‍ആന്‍ സൃഷ്ടിവാദം വീണ്ടും പ്രചരിപ്പിക്കണമെന്നും മുഅ്തസ്‌ലീ പണ്ഡിതന്മാരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ പ്രത്യേകം വസ്വിയ്യത്തു ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മുഅ്തസ്വിമി (833-842)ന്റെ അധികാരാരോഹണം മുഅ്തസിലുകളെ കൂടുതല്‍ ശക്തരാക്കി. അഹ്‌ലുസ്സുന്ന:യോട് മുഅ്തസിം കൂടുതല്‍ തീവ്രവും കര്‍ക്കശവുമായ സമീപനം സ്വീകരിച്ചു. പീഡന പര്‍വ്വങ്ങള്‍ക്കിടയില്‍ മുഹമ്മദ് ബിന്‍ നൂഹ്(റ) രക്തസാക്ഷിത്വം വഹിച്ചു. പിന്നീട് ഇമാം അഹ്മദ്(റ) മാത്രമായി. അദ്ദേഹത്തെ അവര്‍ ജയിലിലടച്ചു. ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും മതകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും തടഞ്ഞു. നിരന്തര പീഡനങ്ങളിലൂടെ മുഅ്തസിലീ വാദം അംഗീകരിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. അടിയുടെ ആഘാതത്താല്‍ പലപ്പോഴും ബോധം പോലും നഷ്ടപ്പെട്ടു. രക്തം പൊട്ടിയൊലിച്ചു. കൈച്ചുമല്‍ ഒടിഞ്ഞുതൂങ്ങാന്‍ തുടങ്ങി… എന്നിട്ടും ഇമാം അഹ്മദ്(റ) പിന്‍മാറിയില്ല. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഈ മര്‍ദ്ധന മുറകളെല്ലാം ഇമാം സഹിച്ചു. അതിനിടയില്‍ മുഅ്തസിം മരണപ്പെട്ടു.
പിന്നീട് മകന്‍ വാസിഖ് (842-847) ആണ് അധികാരത്തിലേക്ക്. അദ്ദേഹത്തിന്റെ കാലത്തും ഈ വിവാദം വിശ്വാസികളെ വിടാതെ വേട്ടയാടി. ഇമാം അഹ്മദ്(റ)നു പുറമെ ഖുര്‍ആന്‍ സൃഷ്ടിയല്ലെന്നു പറഞ്ഞ പലരേയും വാസിഖിന്റെ കാലത്ത് മുഅ്തസിലുകള്‍ കഴുത്തറുത്തുകൊന്നു. അഹ്മദ് ബിന്‍ നസ്വ്ര്‍ എന്ന മഹാപണ്ഡിതനെ വാസിഖ് സ്വന്തം കൈകൊണ്ട് വെട്ടിനുറുക്കി. അദ്ദേഹത്തിന്റെ ശിരസ്സ് കുന്തത്തില്‍ നാട്ടി ബഗ്ദാദില്‍ പ്രദര്‍ശനത്തിനുവെച്ചു. ഹിജ്‌റ 231 ശഅ്ബാന്‍ 28 മുതല്‍ 232 ചെറിയ പെരുന്നാള്‍ കഴിയുന്നതുവരെ ആ ശിരസ്സ് അവിടെ തൂങ്ങിക്കിടന്നു. മുഅ്തസിലുകള്‍ തിരിച്ചുവെക്കുമ്പോഴെല്ലാം ആ ശിരസ്സ് ഖിബ്‌ലയിലേക്കു തന്നെ തിരിയുന്ന അത്ഭുതം ജനങ്ങള്‍ നേരില്‍കണ്ടു. വാസിഖിനു ശേഷം ഖലീഫ മുതവക്കിലാണ് പിന്നീട് അത് മറവ് ചെയ്തത്.
ഇപ്രകാരം ഇമാം ശാഫിഈ(റ)യുടെ ശിഷ്യനായ ഇമാം ബുവൈത്വി(റ)യും ഇമാം ബുഖാരി(റ)യുടെ ഗുരുവായിരുന്ന നുഐം ബിന്‍ ഹമ്മാദ്(റ)മെല്ലാം അക്കാലത്ത് മുഅ്തസിലുകളുടെ മര്‍ദ്ധനങ്ങളേറ്റു മരണം വരിച്ചവരായിരുന്നു.
രക്തരൂക്ഷിതമായ ഈ നടപടികള്‍ക്കുശേഷം തന്റെ ജീവിതാന്ത്യത്തില്‍ വാസിഖിനു മനം മാറ്റമുണ്ടായി. രണ്ടുസംഭവങ്ങള്‍ അദ്ദേഹത്തെ ഇരുത്തി ചിന്തിപ്പിച്ചു. ഒരിക്കല്‍ ഉബാദ എന്നു പേരുള്ള ഒരു രസികന്‍ വാസിഖിന്റെ അടുത്തു വന്നുകൊണ്ട് മരണപ്പെട്ടവരുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കുന്നതുപോലെ പറഞ്ഞു: അഅ്‌ളമ/അല്ലാഹു/അജ്‌റക്ക/ഫില്‍/ഖുര്‍ആന്‍. (മരണപ്പെട്ട ഖുര്‍ആനിന്റെ വിഷയത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് പ്രതിഫലം നല്‍കട്ടെ). ‘ഖുര്‍ആന്‍ മരിക്കുകയോ?’ വാസിഖ് അയാളോട് ചോദിച്ചു: ‘അമീറുല്‍ മുഅ്മിനീന്‍, ഖുര്‍ആന്‍ സൃഷ്ടിയാണല്ലോ. സൃഷ്ടികളെല്ലാം മരിക്കുമല്ലോ. ഖുര്‍ആന്‍ മരിച്ചാല്‍ പിന്നെ ഏതു ഖുര്‍ആനാണ് തറാവീഹില്‍ ജനങ്ങള്‍ക്കു ഇമാമു നില്‍ക്കുക?’ അയാളുടെ സരസമായ മറുപടി വാസിഖിനെ ആദ്യം ചിരിപ്പിക്കുകയും പിന്നീട് ചിന്തിപ്പിക്കുകയും ചെയ്തു.
മറ്റൊരിക്കല്‍ ഖുര്‍ആന്‍ സൃഷ്ടിവാദം അംഗീകരിക്കാത്ത ഒരു വൃദ്ധനെ വാസിഖിന്റെ സദസ്സില്‍ ഹാജറാക്കപ്പെട്ടു. അവിടെവെച്ച് അഹ്മദ് ബിന്‍ അബീദുആദ് അയാളെ ചോദ്യം ചെയ്തു. ‘ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദം നബി(സ)ക്കും സച്ചരിതരായ നാലു ഖലീഫമാര്‍ക്കും അറിയുമായിരുന്നില്ലേ?’ വൃദ്ധന്‍ ചോദിച്ചു: ‘അറിയുമായിരുന്നുവെന്നാണ് താങ്കളുടെ മറുപടി എങ്കില്‍ എന്തുകൊണ്ട് അവരാകാര്യം സമുദായത്തിനു മുന്നില്‍ മറച്ചുവെച്ചു? അറിയില്ലായിരുന്നു എന്നാണ് മറുപടിയെങ്കില്‍ അവര്‍ക്കറിയാത്ത കാര്യം താങ്കള്‍ക്ക് എങ്ങനെ അറിയാന്‍ കഴിഞ്ഞു?’ വൃദ്ധന്റെ ധീരമായ വാക്കുകള്‍ക്കു മുന്നില്‍ അബൂദുആദിന് ഉത്തരം മുട്ടി. ഈ സംഭവം വാസിഖിനെ പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ചു. പ്രസ്തുത വാദത്തില്‍ നിന്ന് അദ്ദേഹം പതുക്കെ പിന്‍മാറാന്‍ തുടങ്ങി.
വാസിഖിനുശേഷം സഹോദരന്‍ മുത്തവക്കില്‍ (821-861) അധികാരമേറ്റെടുത്തതോടെ അന്തരീക്ഷം പൂര്‍ണ്ണമായും തെളിഞ്ഞു. മുഅ്തസിലിസത്തിനെതിരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. ദര്‍ബാറില്‍ നിന്നും അവരെ പുറത്താക്കി. ഔദ്യോഗിക തലങ്ങളില്‍ സുന്നികള്‍ അംഗീകാരം നല്‍കി. മുഅ്തസിലീ ഭീകരതക്കിരയായവര്‍ക്ക് ചികിത്സാ സൗകര്യങ്ങളും പെന്‍ഷനും നല്‍കി. ഇമാം അഹ്മദി(റ)നെ ആദരിക്കുകയും ആശയപ്രചരണം നടത്താന്‍ സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. അങ്ങനെ കാല്‍ നൂറ്റാണ്ടിലധികം മുസ്‌ലിം ഉമ്മത്തിന്റെ ഊക്കും ഊര്‍ജവും പാഴാക്കിയ മുഅ്തസിലീ ഭീകരതക്കു തിരശ്ശീല വീണു.
മുസ്‌ലിം ലോകത്തിന്റെ മുഴുവന്‍ ഊര്‍ജ്ജവും ഈ ഒരു വിഷയം കേന്ദ്രീകരിച്ചു തുലച്ചുകളയാന്‍ മാത്രം പ്രസക്തിയൊന്നും ഖുര്‍ആന്‍ സൃഷ്ടി വിവാദത്തിനില്ല. എന്നിട്ടും മുഅ്തസിലുകള്‍ ഭരണ സംവിധാനങ്ങളുപയോഗിച്ച് വിഷയം കത്തിച്ചുനിര്‍ത്തി. അടുക്കളയിലും അങ്ങാടിയിലും പള്ളിയിലും പള്ളിക്കൂടത്തിലുമെല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാന പ്രശ്‌നമാക്കി അതിനെ അവരുയര്‍ത്തി. താരതമ്യേന ചെറിയ പ്രശ്‌നമാണെങ്കിലും ആദര്‍ശ കാര്യത്തിലെ നിസ്സാര വിട്ടുവീഴ്ചകള്‍ പോലും ഭാവിയില്‍ സമുദായത്തെ മാര്‍ഗഭ്രംശത്തിലെത്തിക്കുമെന്ന് അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ ഭയന്നു. അവര്‍ ഉറച്ച നിലപാട് സ്വീകരിച്ചു. അഗ്‌നി പരീക്ഷണങ്ങള്‍ ആദ്യം നേരിടേണ്ടി വന്നെങ്കിലും അഭിമാനത്തിന്റെ സുവര്‍ണ്ണത്തിളക്കമായി പിന്നീടത് ജ്വലിച്ചുനിന്നു.
ചിന്താ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്ന ‘നീതി’യുടെ വക്താക്കളായിരുന്നുവത്രെ മുഅ്‌സലികള്‍. എന്നിട്ടും ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണെന്ന അഭിപ്രായ പ്രകടനത്തെ അവര്‍ വെച്ചുപൊറുപ്പിച്ചില്ല. മുഅ്തസ്‌ലീ നേതാക്കളില്‍ പ്രമുഖനായ അഹ്മദ് ബിന്‍ അബീദുആദ് നിരപരാധികള്‍ക്കു വേണ്ടി നിരന്തരം ശബ്ദിക്കുന്ന ആളായിരുന്നു. ഒരിക്കല്‍ ഖലീഫാ മുഅ്തസിമിന്റെ സദസ്സില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട ഒരാള്‍ക്കുവേണ്ടി ഇടപ്പെട്ടു. ഖലീഫയോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അദ്ദേഹത്തിനു ശക്തമായ മൂത്ര ശങ്കയുണ്ടായി. മൂത്രിക്കാന്‍ വേണ്ടി പുറത്തുപോയാല്‍ നിരപരാധിയായ ആ മനുഷ്യന്‍ വധിക്കപ്പെടുമെന്ന് അബൂദുആദ് മനസ്സിലാക്കി. അദ്ദേഹം സ്വന്തം വസ്ത്രം കൂട്ടിപിടിച്ചു അതില്‍ മൂത്രിച്ചു. പ്രതിയെ മോചിപ്പിച്ച ശേഷം എഴുന്നേറ്റു പോകാനൊരുങ്ങിയ അബൂദുആദിന്റെ വസ്ത്രത്തില്‍ നനവുകണ്ടപ്പോള്‍ ഖലീഫ അന്വേഷിച്ചു. അബൂദുആദിന്റെ വിവരണം കേട്ടപ്പോള്‍ ഖലീഫക്ക് ചിരി അടക്കാനായില്ല. എന്നാല്‍ ഇതേ അബൂദുആദ് അടക്കമുള്ള ‘ചിന്താസ്വാതന്ത്ര്യവാദികളായ’ മുഅ്തസ്‌ലീ നേതാക്കളാണ് നിരപരാധികളായ നിരവധി പണ്ഡിതന്മാരെ അറുകൊല ചെയ്തത്.
(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)
Leave A Comment