ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍

മുസ്‌ലിം ലോകത്ത് അറിയപ്പെടുന്ന ഒരു പ്രസ്ഥാനമാണ് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (മുസ്‌ലിം ബ്രദര്‍ഹുഡ്). യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ മുസ്‌ലിംലോകത്ത് രാഷ്ട്രീയമായും മറ്റും കൂടുതല്‍ ഇടപെടലുകള്‍ നടത്തിയ സന്ദര്‍ഭമായിരുന്നു 19-ാം നൂറ്റാണ്ടിന്റെ ഒടുക്കം. ഫ്രഞ്ച് അധിനിവേശവും ബ്രിട്ടീഷ് കോളനീകരണവും ഈജിപ്ത് പോലുള്ള രാജ്യങ്ങളില്‍ വ്യക്തമായ മാറ്റത്തിനു വഴിതെളിയിച്ചു. സൂഫീ ത്വരീഖത്തുകളുടെ സ്വാധീനത്തിനും ജാമിഉല്‍ അസ്ഹറിന്റെ മതവിധികള്‍ക്കും പകരം പാശ്ചാത്യന്‍ ചിന്തയും ഭൗതികവാദ പ്രവണതയും ശക്തമാകാന്‍ തുടങ്ങി. പടിഞ്ഞാറന്‍ സെക്യുലറിസവും കാപിറ്റലിസ്റ്റ്-കമ്യൂണിസ്റ്റ് ആശയങ്ങളും വേരോട്ടമാരംഭിച്ചു. ദീനീ ഉലൂമുകളില്‍ പ്രാഥമിക കടമ്പ മാത്രവും ഭൗതിക വിജ്ഞാനീയങ്ങളില്‍ യൂനിവേഴ്‌സിറ്റി ഡിഗ്രികളും കഴിഞ്ഞ പുതിയ തലമുറയെ അതു നന്നായി ആകര്‍ഷിച്ചു. ഇതിന്റെ ഫലമായി ഇസ്‌ലാം പിന്തിരിപ്പനാണെന്നും പാശ്ചാത്യന്‍ ചിന്തകളുടെ അടിസ്ഥാനത്തില്‍ അതിനെ പൊളിച്ചെഴുതണമെന്നും വാദിക്കുന്നവരുണ്ടാവുകയും അവര്‍ ഒറ്റയായും തെറ്റയായും രംഗത്തുവരികയും ചെയ്തു. പ്രസിദ്ധ അറബ് സാഹിത്യകാരനായിരുന്ന ഡോ. ത്വാഹാ ഹുസൈന്‍ (1889-1966) അടക്കം നിരവധി പേര്‍ ഇതിന്റെ ഇരകളായിരുന്നു.
പാശ്ചാത്യന്‍ ചിന്തകളില്‍ ആകൃഷ്ടരായ മറ്റൊരു വിഭാഗം ഇസ്‌ലാമിനെ പൊളിച്ചെഴുതണമെന്നു പരസ്യമായി ആവശ്യപ്പെടുന്നതിനു പകരം അകത്തുനിന്നുകൊണ്ടുതന്നെ അതിനു ശ്രമിക്കുകയായിരുന്നു. പാന്‍ ഇസ്‌ലാമിന്റെ വക്താവായി അറിയപ്പെടുന്ന ജമാലുദ്ദീന്‍ അഫ്ഗാനി (1838-1898), ശിഷ്യന്‍ മുഹമ്മദ് അബദ് (1849-1905), അല്‍മനാര്‍ പത്രാധിപരായിരുന്ന രശീദ് റിള (1865-1935) എന്നിവരായിരുന്നു അതിനു ചുക്കാന്‍ പിടിച്ചത്. മാസോണിസ്റ്റ് ബാന്ധവമുണ്ടായിരുന്ന ഇവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടത് തീവ്ര ഇസ്‌ലാമിസ്റ്റുകളായിട്ടായിരുന്നു. ഒരു ഭാഗത്ത് ഉമ്മത്തിന്റെ ഉന്നമനത്തിനുവേണ്ടി ശക്തമായി വാദിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ, മുസ്‌ലിംകളുടെ സംസ്‌കാരത്തിലും ആചാര നടപടികളിലും പടിഞ്ഞാറന്‍ വിഷം കുത്തിവെക്കുകയായിരുന്നു അവര്‍. വഹ്‌യ്, മുഅ്ജിസത്ത്, മലക്ക്, ജിന്ന്, ശൈത്വാന്‍, സിഹ്‌റ് തുടങ്ങിയ ഖുര്‍ആനുമായി ബന്ധപ്പെട്ട സംജ്ഞകള്‍ക്ക് അവര്‍ നല്‍കിയ വ്യാഖ്യാനം ഉദാഹരണമാണ്. അവര്‍ 1884 മുതല്‍ പാരീസില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘അല്‍ ഉര്‍വത്തുല്‍ വുസ്ഖാ’ മാസികയും 1897 മുതല്‍ ഈജിപ്തില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘അല്‍ മനാര്‍’ മാസികയും സമുദായത്തില്‍ പുത്തന്‍ ചിന്തകള്‍ക്കു വഴിമരുന്നിട്ടു. പില്‍ക്കാലത്ത് തീവ്ര മോഡേണിസത്തിന്റെ വ്യക്താവായി ഈജിപ്തില്‍ കോളിളക്കം സൃഷ്ടിച്ച ഖാസിം അമീന്‍ മാതൃക സ്വീകരിച്ചത് ഈ ത്രിമൂര്‍ത്തികളില്‍ നിന്നായിരുന്നു. ഇസ്‌ലാമിലെ പര്‍ദ്ദ, ബഹുഭാര്യത്വം, വിവാഹമോചനം തുടങ്ങിയവക്കെതിരെ ക്രൂരമായ ആക്രമണങ്ങളഴിച്ചുവിട്ട ഖാസിം അമീന്‍ ശിഷ്യത്വം സ്വീകരിച്ചത് മുഹമ്മദ് അബ്ദയില്‍ നിന്നായിരുന്നു.
ഇസ്‌ലാമിക മുന്നേറ്റത്തിന്റെ പേരില്‍ ഈജിപ്തിലുടനീളം പാശ്ചാത്യന്‍ ചിന്ത കുത്തിവെച്ച ഈ ത്രിമൂര്‍ത്തികള്‍ തന്നെയായിരുന്നു അവിടെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന സംഘടനക്ക് അവസരമൊരുക്കിക്കൊടുത്തതും മാതൃകകള്‍ സൃഷ്ടിച്ചതും. അതുകൊണ്ടുതന്നെ പാശ്ചാത്യരോട് താദാത്മ്യം പുലര്‍ത്തുന്ന ശൈലി ഇഖ്‌വാനികളില്‍ കാണാം. 1906 ഒക്‌ടോബര്‍ 14-ന് കൈറോയുടെ വടക്കു പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന മഹ്മൂദിയ്യാ ഗ്രാമത്തില്‍ ജനിച്ച ഹസനുല്‍ ബന്നയാണ് ഇഖ്‌വാനിസത്തിന്റെ സ്ഥാപകന്‍. അഹ്മദ് അബ്ദുര്‍റഹ്മാനില്‍ ബന്നാ അസ്സാആത്തിയാണ് പിതാവ്. അക്കാലത്ത് അവിടെ സജീവമായിരുന്ന ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും ‘ജംഇയ്യത്തുല്‍ ഉര്‍വത്തുല്‍ വുസ്ഖാ’ എന്ന സംഘടനയില്‍ അംഗമായിരുന്നു അദ്ദേഹം.
1927-ല്‍ കൈറോവിലെ ദാറുല്‍ ഉലൂമില്‍ നിന്നും പഠിച്ചിറങ്ങിയ ഹസനുല്‍ ബന്ന അതേ വര്‍ഷം തന്നെ ഇസ്മാഈലിയയിലെ ഒരു പ്രൈമറി സ്‌കൂളില്‍ അധ്യാപകനായി ജോലിയേറ്റു. ഇസ്മാഈലിയ അക്കാലത്ത്, ഏതൊരു ഈജിപ്ഷ്യന്‍ ഗ്രാമത്തെയും പോലെ, തീര്‍ത്തും പാശ്ചാത്യന്‍ കോളനിയായിരുന്നു. ഉദ്യോഗസ്ഥരും പട്ടാളക്കാരുമെല്ലാം വിദേശികള്‍. അവരുടെ കല്‍പനകളും ആജ്ഞകളും അപ്പടി അനുസരിക്കാന്‍ വിധിക്കപ്പെട്ട തദ്ദേശീയരായ മുസ്‌ലിംകള്‍. പഠന കാലത്തു തന്നെ ഈജിപ്തില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ കണ്ട് മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ബന്നയെ ഇത് കൂടുതല്‍ രോഷാകുലനാക്കി. പാവങ്ങള്‍ക്കു പണം കൊടുത്തും പണക്കാര്‍ക്ക് പെണ്ണു കൊടുത്തും ക്രിസ്ത്യന്‍ മിഷണറി നടത്തുന്ന സാംസ്‌കാരികാധിനിവേശത്തെ ചെറുക്കാനും കൊളോണിയല്‍ ഭരണകൂടത്തിനെതിരെ ശക്തമായി പോരാടാനും അദ്ദേഹത്തിന്റെ മനസ്സ് തീവ്രമായി ആഗ്രഹിച്ചു. അതിനുവേണ്ടി ജനങ്ങളെ സംഘടിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. ഇസ്മാഈലിയയിലെ ചായക്കടകള്‍ കേന്ദ്രീകരിച്ചു അത്തരം ചര്‍ച്ചകള്‍ക്കു തുടക്കം കുറിച്ചു. അതാണ് 1928 മാര്‍ച്ച് മാസത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന സംഘടനയുടെ രൂപീകരണത്തിലേക്കു നയിച്ചത്.
പ്രവര്‍ത്തന രീതി
1928-ല്‍ ഇസ്മാഈലിയയില്‍ ശന്തമായി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച ഹസനുല്‍ ബന്ന തൊട്ടടുത്ത വര്‍ഷം തന്നെ അവിടെ ഇഖ്‌വാന് കേന്ദ്രം സ്ഥാപിച്ചു. മഅ്ഹദുഹിറാ (ഹിറാ ഇന്‍സ്റ്റിറ്റിയൂട്ട്) എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും ‘മദ്‌റസത്തു ഉമ്മഹാത്തുല്‍ മുഅ്മിനീന്‍’ എന്ന പേരില്‍ പെണ്‍കുട്ടികള്‍ക്ക് മറ്റൊരു സ്ഥാപനവും ആരംഭിച്ചു. തന്റെ പ്രസ്ഥാനത്തിനു വേണ്ടി ഒരു വനിതാ വിംഗ് രൂപീകരിക്കുകയാണ് മദ്‌റസകൊണ്ട് ഉദ്ദേശിച്ചിരുന്നത്. 1933-ല്‍ ‘അല്‍ അഖവാത്തുല്‍ മുസ്‌ലിമാത്ത്’ എന്ന പേരില്‍ ഇഖ്‌വാന് വനിതാ വിംഗ് രൂപീകരിക്കാന്‍ സഹായകരമായതും പ്രസ്തുത സ്ഥാപനം തന്നെ.
1933-ല്‍ ഹസനുല്‍ ബന്ന കൈറോവിലേക്ക് മാറിയതോടെ ഇഖ്‌വാന്റെ കേന്ദ്രവും കൈറോയായി. അതേ വര്‍ഷം ‘അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍’ എന്ന ഒരു മുഖപത്രം പ്രസിദ്ധീകരണമാരംഭിക്കുകയും ഇഖ്‌വാനീ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. പിന്നീട് 1938-ല്‍ ‘അന്നദീര്‍’ എന്ന പേരില്‍ ഒരു വാരിക ആരംഭിച്ചു. ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയ ഈ വാരികയിലൂടെയാണ് ഇഖ്‌വാന്‍ രാഷ്ട്രീയ പ്രവേശത്തിന്റെ വഴികള്‍ തേടിയത്. അക്കാലത്ത് കത്തിത്തുടങ്ങിയ ഫലസ്തീന്‍ പ്രശ്‌നം വൈകാരികമായി തന്നെ അന്നദീര്‍ ജനങ്ങളിലേക്ക് എത്തിച്ചു. 1940-ല്‍ കേഡര്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ജിഹാദി ഗ്രൂപ്പുകളെയും സായുധ പോരാളികളെയും ഇഖ്‌വാനു കീഴില്‍ അണിനിരത്താനും പരിശീലനം നല്‍കാനുമായത് അന്നദീറിന്റെ ശക്തമായ ഇടപെടല്‍ കൊണ്ടായിരുന്നു. ‘അന്നിളാമുല്‍ ഖാസ്വ്’ (പ്രത്യേക സംവിധാനം) എന്നാണ് പ്രസ്തുത ഗ്രൂപ്പുകള്‍ അറിയപ്പെട്ടിരുന്നത്.
‘അന്നദീറി’നു പുറമെ 1947-ല്‍ ‘അശ്ശിഹാബ്’ മാസികയും ‘അത്തആറുഫ്’ വാരികയും ഇഖ്‌വാന്‍ പുറത്തിറക്കി. നാല്‍പതു വര്‍ഷത്തോളം റശീദ് റിള നടത്തിയിരുന്ന ‘അല്‍മനാര്‍’ മാസിക പിന്നീട് ഏറ്റെടുത്തത് ഇഖ്‌വാനികളായിരുന്നു. റശീദ് റിളയും അദ്ദേഹത്തിന്റെ അല്‍മനാറും ഇഖ്‌വാനിന്റെ ആശയാടിത്തറ രൂപപ്പെടുത്തുന്നതില്‍ ശക്തമായ പങ്കു വഹിച്ചിട്ടുണ്ടെന്നു ഇതില്‍നിന്നു മനസ്സിലാക്കാം. ഇഖ്‌വാന്‍ ഏറ്റെടുത്ത ‘അല്‍ മനാറി’ന്റെ പ്രഥമ ലക്കത്തില്‍ ഹസനുല്‍ ബന്ന എഴുതിയ മുഖക്കുറിപ്പ് അതു സാക്ഷ്യപ്പെടുത്തുന്നു. അതിലെ ചില വരികള്‍ കാണുക:
”സയ്യിദ് റശീദ് രിള നിഷ്‌കളങ്കനായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ ദൃഢേച്ഛയോടെയുള്ളതായിരുന്നു. അദ്ദേഹത്തിന്റെ അഭിലാഷങ്ങള്‍ ‘അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനി’ലൂടെ സാക്ഷാല്‍കൃതമാകണം എന്നായിരുന്നു അല്ലാഹുവിന്റെ തീരുമാനം. ‘അല്‍ മനാറി’ന്റെ പ്രസാധനവും പത്രാധിപത്യവും ഇഖ്‌വാന്റെ അംഗങ്ങള്‍ ഏറ്റെടുക്കണമെന്നതും അത് ഇഖ്‌വാന്റെ ജിഹ്വയായി പ്രവര്‍ത്തിക്കണമെന്നതും അല്ലാഹുവിന്റെ വിധിയായിരുന്നു.
സുബ്ഹാനല്ലാഹ്! സയ്യിദ് റശീദ് രിള ഏതൊരു പ്രസ്ഥാനമാണോ ആഗ്രഹിച്ചിരുന്നത്, ആ പ്രസ്ഥാനമാണ് ‘അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍’. ഇഖ്‌വാന്റെ ആരംഭം മുതല്‍ അദ്ദേഹത്തിന് അതിനെ അറിയാം. തന്റെ വേദികളില്‍ അദ്ദേഹം അതിനെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. അതില്‍ നിന്ന് അദ്ദേഹം ധാരാളം നന്മകള്‍ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം തന്റെ പുസ്തകങ്ങള്‍ ‘ഇഖ്‌വാന് ഗ്രന്ഥകാരന്റെ വക’ എന്ന് സ്വന്തം കൈപടയില്‍ എഴുതി നല്‍കിയിരുന്നു. താന്‍ ഇതേവരെ നിര്‍വഹിച്ചിരുന്ന ദൗത്യം ഇനി മുതല്‍ ‘ഇഖ്‌വാനെ’യാണ് അല്ലാഹു ഏല്‍പിക്കുക എന്ന കാര്യം അദ്ദേഹത്തിന് അറിയാമായിരുന്നില്ല. താന്‍ തുടങ്ങിവെച്ചത് പൂര്‍ത്തിയാക്കുന്നതും തന്റെ ഭാരം ഏറ്റെടുക്കുന്നതും തന്റെ പരിഷ്‌കരണ പ്രതീക്ഷകള്‍ പൂവണിയുന്നതും ഇഖ്‌വാനിലൂടെയായിരിക്കുമെന്ന കാര്യം അദ്ദേഹത്തിന് അജ്ഞാതമായിരുന്നു.” (ഉദ്ധരി: ബോധനം ദൈ്വമാസിക 2008 നവംബര്‍-ഡിസംബര്‍).
ഇഖ്‌വാനില്‍ റശീദ് രിള ചെലുത്തിയ സ്വാധീനത്തിന്റെ ആഴം ഇവിടെ വ്യക്തമാണ്. ചില നയനിലപാടുകളിലെല്ലാം ഇസ്‌ലാമിക പാരമ്പര്യത്തിനു വിരുദ്ധമായി തനി പാശ്ചാത്യന്‍ ശൈലി കടമെടുക്കാന്‍ ഇഖ്‌വാനികള്‍ക്കായത് ഈ സ്വീധീനത്തിന്റെ അടയാളമാണ്. പടിഞ്ഞാറന്‍ സംസ്‌കാരത്തെ രൂക്ഷമായി വിമര്‍ശിക്കുമ്പോഴും വേഷഭൂഷാതികളിലും നടപടിക്രമങ്ങളിലും അവരെ ‘തഖ്‌ലീദ്’ ചെയ്തതിന്റെ കാരണവും മറ്റൊന്നല്ല. ഹിജാബില്ലാതെ മുസ്‌ലിം സ്ത്രീകളെ പരപുരുഷന്മാരോടൊപ്പം പ്രസംഗിക്കാനും ഇടപഴകാനും പറഞ്ഞുവിട്ട ഇഖ്‌വാനികള്‍ ഒരര്‍ത്ഥത്തില്‍ പാശ്ചാത്യന്‍ വിമര്‍ശനങ്ങള്‍ക്ക് കീഴൊതുങ്ങുകയോ തോറ്റു കൊടുക്കുകയോ ആണ് ചെയ്തത്. നിങ്ങളുടെ ആരോപണങ്ങള്‍ ഉള്‍കൊണ്ടു ഞങ്ങളിതാ പതിമൂന്നു നൂറ്റാണ്ടുകള്‍ക്കു ശേഷം ഇസ്‌ലാമിലൊരു സ്ത്രീ ശാക്തീകരണത്തിനു തുടക്കം കുറിച്ചിരിക്കുന്നു എന്ന മൗന പ്രഖ്യാപനമാണ് 1933-ല്‍ ‘അല്‍ അഖവാത്തുല്‍ മുസ്‌ലിമാത്തി’ലൂടെ ഇഖ്‌വാനികള്‍ നടത്തിയത്. ഇതു പിന്നീട് മുസ്‌ലിം ലോകത്തുടനീളം പിന്തുടരപ്പെട്ടിട്ടുണ്ട് എന്നത് മറ്റൊരു വിഷയം. ഏതായാലും ഈ ശ്രമങ്ങള്‍ക്കെല്ലാം ആശയാടിത്തറ പാകിയത് റശീദ് രിളയായിരുന്നു. അദ്ദേഹത്തിന്റെ മനാറാണെല്ലോ ‘സ്ത്രീ ശാക്തീകരണ’ത്തിന്റെ പുതിയ പാഠങ്ങള്‍ സംഭാവന ചെയ്തത്.
1941-ല്‍ രാഷ്ട്രീയത്തിലും പൊതു തെരഞ്ഞെടുപ്പുകളിലും ഇടപെടാന്‍ തീരുമാനിച്ച ഇഖ്‌വാന്‍, നിലവിലെ ഭരണ സംവിധാനങ്ങളെല്ലാം അനിസ്‌ലാമികമാണെന്ന പ്രചരണത്തിനു ഊന്നല്‍ നല്‍കി. രാജ്യത്തെ പൂര്‍ണമായി ഇസ്‌ലാമീകരിക്കണമെന്നും രാഷ്ട്രീയത്തില്‍ നിന്ന് ഒരിക്കലും മതത്തെ വേര്‍പെടുത്താനാവില്ലെന്നും അവര്‍ വാദിച്ചു. മത-രാഷ്ട്ര വിഭജനത്തെ എതിര്‍ത്തുകൊണ്ട് ഹസനുല്‍ ബന്ന പറഞ്ഞു:
”അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ വിശ്വസിക്കുന്ന ഇസ്‌ലാമില്‍, ഭരണം ഒരടിസ്ഥാന കാര്യമാണ്. സമുദായത്തിന്റെ ഫിഖ്ഹ് ഗ്രന്ഥങ്ങളിലും അത് അടിസ്ഥാന വിശ്വാസ കാര്യങ്ങളില്‍ ഒന്നായാണ്-ശാഖാപരമായ കാര്യങ്ങളില്‍ ഒന്നായല്ല-എണ്ണപ്പെട്ടിട്ടുള്ളത്.” (രിസാലത്തുല്‍ മുഅ്തമറില്‍ ഖാമിസ്)
”ഇസ്‌ലാം രാഷ്ട്രീയമല്ലെങ്കില്‍, സാമൂഹിക ശാസ്ത്രമല്ലെങ്കില്‍, സാമ്പത്തിക വ്യവസ്ഥയല്ലെങ്കില്‍, സംസ്‌കാരമല്ലെങ്കില്‍ പിന്നെ എന്താണ്? മനസ്സാന്നിധ്യമില്ലാത്ത വെറും പ്രമാണങ്ങളോ? വെറും പദാവലികളോ?” (രിസാലത്തു മുര്‍തമറു ത്വലബത്തുല്‍ ഇഖ്‌വാന്‍).
സഅദ് സഗ്‌ലൂലിനെപോലുള്ളവര്‍ ‘അദ്ദീനു ലില്ലാഹ്, വല്‍ വത്വന്‍ ലില്‍ ജമീഅ് (മതം അല്ലാഹുവിന്, രാഷ്ട്രം സര്‍വ്വ ജനങ്ങള്‍ക്കും) എന്നു മുദ്രാവാക്യം മുഴക്കുകയും ഇസ്‌ലാമില്‍ രാഷ്ട്രീയമില്ലെന്നു സ്ഥാപിച്ചുകൊണ്ട് അലി അബ്ദുര്‍റാസിഖി (1888-1966) പോലുള്ളവര്‍ ഗ്രന്ഥരചന നടത്തുകയും ചെയ്ത ഈജിപ്തില്‍ സ്വാഭാവികമായും ഇഖ്‌വാനികളുടെ ഇസ്‌ലാമീകരണവാദം വലിയ കോളിളക്കത്തിനു വഴിവെച്ചു. ഇരുപതു ശതമാനത്തോളം വരുന്ന കോപ്റ്റിക് ക്രിസ്ത്യാനികളെ അന്യരാക്കുന്ന ഈ വാദം ദേശീയ കക്ഷിയായ വഫ്ദ് പാര്‍ട്ടിയും സഅ്ദിസ്റ്റുകളും അംഗീകരിച്ചില്ല. ഇഖ്‌വാനികളവരെ ‘അധിനിവേശത്തിന്റെ ദല്ലാളന്മാ’രെന്നു വിശേഷിപ്പിച്ചു. ഇസ്രയേല്‍ രൂപീകരണത്തിനു വേണ്ടി സര്‍വ്വ തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടിരുന്ന ബ്രിട്ടന്‍ ഉള്‍കൊള്ളുന്ന സഖ്യകക്ഷിയെ ഈജിപ്ത് ഭരണാധികാരി ഫാറൂഖ് രാജാവ് രണ്ടാം ലോക മഹായുദ്ധ (1939-1945)ത്തില്‍ സഹായിച്ചത് ഇഖ്‌വാനികളെ കൂടുതല്‍ പ്രകോപിതരാക്കി. അവര്‍ ഭരണ വിരുദ്ധ വികാരം ആളിക്കത്തിച്ചു. മുസ്‌ലിം യുവാക്കള്‍ക്ക് വിപ്ലവ വീര്യവും പോരാട്ട ചിന്തയും പകര്‍ന്നു നല്‍കി. അതിനിടയിലാണ് 1947 നവംബര്‍ 29ന് ഫലസ്തീന്‍ വിഭജിച്ചു ജൂത രാഷ്ട്രമുണ്ടാക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിക്കുന്നത്. മുസ്‌ലിം ലോകത്തിന്റെ വികാരം തിളച്ചു മറിഞ്ഞ ആ സന്ദര്‍ഭം ഇഖ്‌വാന്‍ ശരിക്കും ഉപയോഗപ്പെടുത്തി. ‘അന്നിള്വാമുല്‍ ഖാസ്വി’ലൂടെയും മറ്റും പ്രത്യേക പരിശീലനം സിദ്ധിച്ച ഇഖ്‌വാന്‍ വളണ്ടിയര്‍മാര്‍ 1948-ല്‍ ഫലസ്തീനിലേക്കു മാര്‍ച്ചു ചെയ്തു ഇതര ജിഹാദീ ഗ്രൂപ്പുകളോടൊപ്പം ചേര്‍ന്നു പോരാടി. അറബ് ലീഗിന്റെ നേതൃത്വത്തില്‍ നടന്ന പ്രസ്തുത പോരാട്ടം വിജയത്തിന്റെ വക്കിലെത്തിയ സന്ദര്‍ഭത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി 1948 ജൂണ്‍ 11ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടു.
ഇഖ്‌വാന്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചില്ല. അവര്‍ ഐക്യരാഷ്ട്ര സഭക്കെതിരെയും ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിനെതിരെയും പടിഞ്ഞാറന്‍ ശക്തികള്‍ക്കെതിരെയും മുസ്‌ലിം വികാരം ആളിക്കത്തിച്ചു. സ്വാഭാവികമായും 1948 ഡിസംബര്‍ 8ന് പ്രധാനമന്ത്രി മഹ്മൂദ് ഫഹ്മി അക്രാശി, ഇഖ്‌വാന്‍ നിരോധിക്കപ്പെട്ടതായി പ്രഖ്യാപിച്ചു. അതിന്റെ പ്രതിഷേധം നടന്നുകൊണ്ടിരിക്കെ ഡിസംബര്‍ 22ന് പ്രധാനമന്ത്രി കൊല്ലപ്പെട്ടു. കുറ്റം ഇഖ്‌വാനു മേല്‍ ആരോപിക്കപ്പെട്ടു. അതിന്റെ പ്രതികാരമെന്നോണം 1949 ഫെബ്രുവരി 16ന് പ്രധാനമന്ത്രിയുടെ കക്ഷിയായ ദസ്തൂര്‍ പാര്‍ട്ടി പ്രവര്‍ത്തകരും രഹസ്യ പോലീസും ചേര്‍ന്നു ആസൂത്രിതമായി ഹസനുല്‍ ബന്നയെ വെടിവെച്ചു കൊന്നു. മരണാനന്തര മുറകള്‍ നടപ്പിലാക്കാന്‍ അനുവദിക്കപ്പെട്ട ഏക പുരുഷന്‍ ബന്നയുടെ പിതാവ് മാത്രമായിരുന്നു. പിന്നെ കുടുംബത്തിലെ ഏതാനും സ്ത്രീകളും.
പിന്നീട് ഇഖ്‌വാന്റെ മുര്‍ശിദുല്‍ ആം (പ്രസിഡണ്ട്) ആയി തിരഞ്ഞെടുക്കപ്പെട്ടത് ഹസന്‍ ഹുദൈബി (1891-1973)യായിരുന്നു. മുന്‍ ജഡ്ജിയായിരുന്ന അദ്ദേഹത്തിന്റെ സ്ഥാനാരോഹണം ഇഖ്‌വാനില്‍ പിളര്‍പ്പിനു വഴിയൊരുക്കി. മുഹമ്മദ് ഗസ്സാലി, ബന്നയുടെ സഹോദരന്‍ അബ്ദുര്‍റഹ്മാന്‍ ബന്ന തുടങ്ങിയവര്‍ പുറത്താക്കപ്പെട്ടു. ‘അദ്ദഅ്‌വ’ വാരിക അവരുടെ മുഖപത്രമായിരുന്നു. 1950-ല്‍ ഈജിപ്ഷ്യന്‍ കോടതി ഇഖ്‌വാന്റെ നിരോധനം ദുര്‍ബലപ്പെടുത്തി. ഫാറൂഖ് രാജാവിനെ അധികാരഭ്രഷ്ടനാക്കാന്‍ 1952 ജൂലായ് 23നു ജനറല്‍ നജീബിന്റെ നേതൃത്വത്തില്‍ നടന്ന പട്ടാള വിപ്ലവത്തില്‍ അദ്ദേഹത്തിനും വിപ്ലവത്തിന്റെ യഥാര്‍ത്ഥ സൂത്രധാരകനായ ജമാല്‍ അബ്ദുന്നാസിറിനും ഇഖ്‌വാന്‍ ശക്തമായ പിന്തുണ നല്‍കി. ഇരുവിഭാഗവും ആദ്യം ഒന്നിച്ചു നീങ്ങിയെങ്കിലും പിന്നീട് ഭിന്നിച്ചു. ഇഖ്‌വാന്റെ മത രാഷ്ട്ര സങ്കല്‍പം നാസിര്‍ തിരസ്‌കരിച്ചതായിരുന്നു കാരണം. 1954 മാര്‍ച്ച് 25നു അലക്‌സാണ്ട്രിയയിലെ മന്‍ശിയാ മൈതാനിയില്‍ നാസിറിനെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചു എന്ന പേരില്‍ ഇഖ്‌വാന്‍ വീണ്ടും നിരോധിക്കപ്പെട്ടു. അതോടെ ഇഖ്‌വാനികള്‍ ശക്തമായി വേട്ടയാടപ്പെട്ടു. ചിന്തകനായിരുന്ന സയ്യിദ് ഖുത്ത്ബി (1906-1966)നെ പോലുള്ള നിരവധി നേതാക്കള്‍ ജയിലിലടക്കപ്പെട്ടതും തൂക്കിലേറ്റപ്പെട്ടതും അക്കാലത്താണ്.
1970 സെപ്തംബര്‍ 28നു ജമാല്‍ അബ്ദുന്നാസിര്‍ മരണപ്പെട്ടു. അന്‍വര്‍ സാദത്താണ് പിന്നീട് പ്രസിഡണ്ടായി വന്നത്. അദ്ദേഹമാണ് ഇഖ്‌വാന്റെ നിരോധനം നീക്കിയതും ഹസന്‍ ഹുദൈബി അടക്കമുള്ള നേതാക്കളെ ജയില്‍ മോചിതരാക്കിയതും. 1979-ല്‍ ഇസ്രയേലുമായി അദ്ദേഹം കേമ്പ് ഡേവിഡ് കരാര്‍ ഒപ്പുവെച്ചതോടെ ആ നല്ല ബന്ധവും അവസാനിച്ചു. സംഘടനയില്‍ നിന്നു പിരിഞ്ഞുപോയ ചില തീവ്ര ഇഖ്‌വാനിസ്റ്റുകള്‍ 1981-ല്‍ അദ്ദേഹത്തെ വധിച്ചു. പിന്നീട് ഹുസ്‌നീ മുബാറക്ക് പ്രസിഡണ്ടായതിനു ശേഷമാണ് ഇഖ്‌വാന്‍ കൂടുതല്‍ സജീവമാകുന്നതും പൊതുതെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതും. വലിയ ജനപിന്തുണ അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും മുഖ്യധാരാ പാര്‍ട്ടികളിലേക്ക് കടന്നുവരാനോ അധികാരത്തിന്റെ അയലത്തെത്താനോ ഇഖ്‌വാന് സാധിച്ചിട്ടില്ല.
ഹസനുല്‍ ബന്നക്കു ശേഷം 1950-ല്‍ ഹസന്‍ ഹുദൈബി. അദ്ദേഹത്തിന്റെ മരണശേഷം 1973-ല്‍ ഉമര്‍ തല്‍മസാനി. അതിനു ശേഷം 1986-ല്‍ ഹാമിദ് അബൂനസ്വ്ര്‍, 1996-ല്‍ അദ്ദേഹം മരണപ്പെട്ടപ്പോള്‍ മുസ്ത്വഫാ മശ്ഹൂര്‍. 2003-ല്‍ അദ്ദേഹത്തിന്റെ മരണാനന്തരം മുഅ്മിനുല്‍ ഹുദൈബി, 2004-ലെ അദ്ദേഹത്തിന്റെ വിയോഗാനന്തരം മുഹമ്മദ് മഹ്ദീ ആകിഫ് എന്നിവരാണ് ഇഖ്‌വാന്റെ ‘മുര്‍ശിദുല്‍ ആം’ ആയി തെരഞ്ഞെടുക്കപ്പെട്ടവര്‍. സയ്യിദ് ഖുത്ബ്, മുഹമ്മദ് ഖുത്ബ്, മുഹമ്മദ് ഗസ്സാലി, മുസ്വ്ത്വഫസ്സിബാഈ, അബ്ദുല്‍ ഖാദിര്‍ ഔദ, ഫഹ്മിഹുവൈദി തുടങ്ങിയവര്‍ ഇഖ്‌വാനികളിലെ വലിയ ചിന്തകരും എഴുത്തുകാരുമായിരുന്നു.
ആദര്‍ശ ലക്ഷ്യങ്ങള്‍
ഇസ്‌ലാമിനെ ഒരു രാഷ്ട്രീയ പ്രസ്ഥാനമായും ജീവിത പദ്ധതിയായും അവതരിപ്പിച്ച ഇഖ്‌വാനികള്‍ അതിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രചരണ തന്ത്രങ്ങളാണ് ആവിഷ്‌കരിച്ചത്. മറ്റു മുസ്‌ലിം ചിന്താപ്രസ്ഥാനങ്ങളില്‍ നിന്നും മാറി വിശ്വാസപരവും അനുഷ്ഠാനപരവുമായ വിഷയങ്ങളില്‍ സ്വന്തമായ ഒരു വഴി ഇഖ്‌വാനിസത്തിനുണ്ടായിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ ചിലപ്പോള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് നീങ്ങുകയോ വ്യക്തികളുടെ സ്വതന്ത്ര വീക്ഷണങ്ങള്‍ വെച്ചു പുലര്‍ത്തുകയോ ആണ് ചെയ്യാറുള്ളത്. എന്നാല്‍ പലപ്പോഴും റശീദ് രിളയുടെ ചിന്തകളും ഗള്‍ഫ് സലഫിസത്തിന്റെ സ്വാധീനവും അവരില്‍ നന്നായി നിഴലിച്ചിട്ടുണ്ട്. അതോടൊപ്പം ഈജിപ്തില്‍ നിലവിലുണ്ടായിരുന്ന ചില സൂഫീ ത്വരീഖത്തുകളുടെ ശൈലിയും കടമെടുത്തിട്ടുമുണ്ട്. എല്ലാ ചിന്താധാരകളില്‍ നിന്നും തങ്ങള്‍ക്കു നല്ലതെന്നു തോന്നുന്നവ സ്വീകരിച്ച് ഒരു ‘സങ്കര സംസ്‌കാരം’ സൃഷ്ടിക്കാനാണ് ഇഖ്‌വാനികള്‍ ശ്രമിച്ചത്. ഹസനുല്‍ ബന്ന വ്യക്തമാക്കുന്നത് കാണുക:
”ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഒരു സലഫി പ്രബോധനമാണ്. കാരണം ഇസ്‌ലാമിന്റെ സ്രോതസ്സായ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങാനാണ് അത് ആഹ്വാനം ചെയ്യുന്നത്. ഇഖ്‌വാന്‍ ഒരു സുന്നീ മാര്‍ഗമാണ്. കാരണം പരിശുദ്ധ സുന്നത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഇഖ്‌വാനികള്‍. ഇതൊരു സ്വൂഫീ യാഥാര്‍ത്ഥ്യമാണ്. കാരണം, മനസ്സിന്റെ വിശുദ്ധിയും അല്ലാഹുവിനു വേണ്ടിയുള്ള സ്‌നേഹവുമാണ് നന്മയുടെ അടിസ്ഥാനമെന്നു മനസ്സിലാക്കുന്നു ഇഖ്‌വാന്‍. ഇതൊരു രാഷ്ട്രീയ വേദിയാണ്. കാരണം, ഭരണ പരിഷ്‌കരണം ആവശ്യപ്പെടുന്ന പ്രസ്ഥാനമാണിത്. ഇഖ്‌വാന്‍ കായിക സംഘടനയാകുന്നു. കാരണം, ശരീരത്തെ പരിഗണിക്കുകയും ദുര്‍ബലനായ വിശ്വാസിയെക്കാള്‍ അല്ലാഹുവിനിഷ്ടം ശക്തനായ വിശ്വാസിയെയാണ് എന്ന് മനസ്സിലാക്കുകയും, ആരോഗ്യമില്ലാതെ ഇസ്‌ലാമിക സാധ്യതകള്‍ നിര്‍വഹിക്കാന്‍ സാധ്യമല്ലെന്നറിയുകയും ചെയ്യുന്നവരാണ് ഇഖ്‌വാനികള്‍. ഇതൊരു സാംസ്‌കാരിക സംഘമാണ്. കാരണം, വിജ്ഞാന സമ്പാദനം എല്ലാ മുസ്‌ലിംകള്‍ക്കും നിര്‍ബന്ധമാക്കിയ മതമാണ് ഇസ്‌ലാമെന്നു മനസ്സിലാക്കുന്നു. ഇതൊരു സാമ്പത്തിക സ്ഥാപനമാണ്. എന്തുകൊണ്ടെന്നാല്‍ അധ്വാനിക്കാനും പണം സമ്പാദിക്കാനും പറഞ്ഞ മതമാണിസ്‌ലാം. ഇതൊരു സാമൂഹിക ചിന്തയാണ്. കാരണം സമൂഹത്തിന്റെ രോഗങ്ങള്‍ പഠിക്കുകയും ചികിത്സിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഘടനയാണ് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍.” (രിസാലത്തുല്‍ മുഅ്തമറില്‍ ഖാമിസ്).
ഈ അവകാശപ്പെടലുകള്‍ക്കിടയിലും അപകടകരമായ ചില നിലപാടുകള്‍ ഇഖ്‌വാന്‍ വെച്ചു പുലര്‍ത്തി എന്നത് വസ്തുതയാണ്. സൂഫീ ത്വരീഖതുകളെ അനുകരിച്ചുകൊണ്ടവര്‍ ബൈഅത്തും ഔറാദുകളുമെല്ലാം നടപ്പാക്കി. പക്ഷേ, ബൈഅത്തിനു മുമ്പ് അനുയായികള്‍ മനസ്സിലാക്കേണ്ട ഇരുപത് അടിസ്ഥാന കാര്യങ്ങളില്‍ പലതും സൂഫീ മാര്‍ഗത്തിനും സുന്നീ വിശ്വാസത്തിനും വിരുദ്ധമായിരുന്നു. ചിലതു കാണുക.
1.     ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ മനസ്സിലാക്കുവാന്‍ ഓരോ മുസ്‌ലിമും അവലംബിക്കേണ്ടത് ഖുര്‍ആനിനെയും സുന്നത്തിനെയുമാകുന്നു.
2.     ഉറുക്ക്, മന്ത്രം, ജോത്സ്യം, അദൃശ്യ ജ്ഞാനമവകാശപ്പെടല്‍ തുടങ്ങിയ കാര്യങ്ങള്‍ തെറ്റാണ്. അവയെ എതിര്‍ക്കേണ്ടത് നിര്‍ബന്ധവും. ഖുര്‍ആനിലും സുന്നത്തിലുമുള്ള മന്ത്രവാക്യങ്ങളേ സ്വീകരിക്കാവൂ.
3.     മതനിയമങ്ങളുടെ തെളിവുകള്‍ മനസ്സിലാക്കാന്‍ വേണ്ടത്ര വിവരമില്ലാത്ത മുസ്‌ലിമിന് ഒരു ഇമാമിനെ പിന്‍പറ്റാം. എന്നാല്‍ തെളിവുകള്‍ കണ്ടെത്താന്‍ സാധ്യമാകുന്നത്ര പരിശ്രമിക്കുകയും തെളിവുകളുള്ള അഭിപ്രായങ്ങള്‍ മാത്രം സ്വീകരിക്കുകയും ചെയ്യുക എന്നതാണയാള്‍ക്ക് ഉത്തമം.
4.     കര്‍മ തലത്തില്‍ ഒന്നും ചെയ്യാനില്ലാത്തതോ സംഭവിക്കാനിടയില്ലാത്തതോ ആയ ‘മസ്അല’കളില്‍ ഊളിയിട്ടിറങ്ങുന്നത് ശറഇല്‍ നിരോധിക്കപ്പെട്ട കാര്യമാണ്. ഇനിയും മനസ്സിലായിട്ടില്ലാത്ത ഖുര്‍ആന്‍ വചനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയും അങ്ങനെ തന്നെ.
5.     ഖബര്‍ സന്ദര്‍ശനം സുന്നത്താണ്. എന്നാല്‍ ഖബ്‌റാളികളോട് സഹായമഭ്യര്‍ത്ഥിക്കുന്നതും അവര്‍ക്കു നേര്‍ച്ച നേരുന്നതും ഖബ്ര്‍ കെട്ടിപ്പൊക്കുന്നതും അല്ലാഹുവല്ലാത്തവരെ പിടിച്ച് സത്യം ചെയ്യുന്നതും വന്‍ദോഷങ്ങളാണ്. അവയോട് പോരാടേണ്ടത് അനിവാര്യമാണ്.
6.     തവസ്സുല്‍ ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങളില്‍ പെട്ടതാണ്. അഖീദയുടെ മസ്അലയല്ല. (ഉദ്ധരി: അല്‍ ഇഖ്‌വാന്‍. ഡോ. അബ്ദുസ്സലാം)
ഇവയില്‍ ചിലത് ഒറ്റ നോട്ടത്തില്‍ സുന്ദരമായി തോന്നുമെങ്കിലും അപകടകരമായ ലക്ഷ്യങ്ങള്‍ അതിനു പിന്നിലുണ്ടെന്നു വ്യക്തം. വഹാബിസത്തിന്റെയും റശീദ് രിളയുടെയും സ്വാധീനം ഇവിടെ വ്യക്തമായി കാണാം.
മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിന്റെ സലഫിസവും സനൂസി പ്രസ്ഥാനവും റശീദ് രിളയുടെ ചിന്തകളുമാണ് ഇഖ്‌വാനു പ്രചോദനമേകിയതെന്നും ഇബ്‌നു തീമിയ്യന്‍ പാഠശാലയില്‍ പഠിച്ചിറങ്ങിയവരാണ് അവരെന്നും അടുത്ത കാലം വരെ വഹാബികള്‍ അവകാശപ്പെട്ടിരുന്നു. ആധുനിക ഇസ്വ്‌ലാഹീ പ്രസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് ഇഖ്‌വാനെ അവര്‍ എണ്ണിയിരുന്നത്. (‘വമി’ പ്രസിദ്ധീകരിച്ച അല്‍ മൗസൂഅത്തില്‍ മുയസ്സിറ: 1/208-ല്‍ ഇതു കാണാം).
എന്നാല്‍ മുസ്‌ലിം ലോകത്തെ ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം ഇഖ്‌വാനാണെന്ന് നാനാ ദിക്കുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നപ്പോള്‍ അവര്‍ ചുവടുമാറി. സലഫിസത്തെ തകര്‍ക്കാനും അതില്‍ നുഴഞ്ഞു കയറി അട്ടിമറി നടത്താനും രൂപീകരിക്കപ്പെട്ടതാണ് ഇഖ്‌വാന്‍ എന്നാണ് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. സലഫിസത്തെ തകര്‍ക്കാന്‍ വേണ്ടി മാത്രം ഇഖ്‌വാനികള്‍ ഒരു വിംഗിനു രൂപം നല്‍കിയിട്ടുണ്ടത്രെ! സുറൂറിസം എന്നാണതിന്റെ പേര്. ‘ശൈഖ് മുഹമ്മദ് സുറൂര്‍ സൈനുല്‍ ആബിദീന്‍ എന്ന പണ്ഡിതനാണ് ഇതിന്റെ സ്ഥാപകന്‍. അദ്ദേഹം തുടങ്ങിയ അല്‍-ബയാന്‍, അസ്സുന്ന എന്നീ പ്രസിദ്ധീകരണങ്ങള്‍ സലഫികളെ പതുക്കെ പതുക്കെ നിഷ്‌ക്രിയരാക്കാന്‍ ശ്രമിച്ചു എന്നതാണ് പുതിയ ആരോപണം. സയ്യിദ് ഖുത്തുബിന്റെ ചിന്തകളെ ‘മഹാ ഫിത്‌ന’ എന്നാണിപ്പോള്‍ വഹാബികള്‍ വിശേഷിപ്പിക്കുന്നത്. കേരളത്തിലെ വഹാബി പ്രസ്ഥാനത്തെ രണ്ടാക്കി പിളര്‍ത്തിയത് ഇഖ്‌വാനിസത്തിന്റെയും സുറൂറിസത്തിന്റെയും ഖുതുബിസത്തിന്റെയും ചാരന്മാരാണെന്നാണ് ഇവിടെയുള്ള ഉഗ്രവാദി സലഫികള്‍ ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
വാസ്തവത്തില്‍ മുസ്‌ലിം ലോകത്ത് തീവ്രവാദ ചിന്തകള്‍ക്കു വഴി മരുന്നിട്ടത് ഇഖ്‌വാനികളായിരുന്നു. അവരുടെ ചിന്തകളും രചനകളുമാണ് അടുത്ത കാലത്തായി ഇസ്‌ലാമിന്റെ പേരില്‍ രംഗപ്രവേശം ചെയ്ത മിക്ക തീവ്രവാദ പ്രസ്ഥാനങ്ങളുടെയും ഭീകര ഗ്രൂപ്പുകളുടെയും ആശയാടിത്തറയായി വര്‍ത്തിച്ചത്. ഇതില്‍ പലപ്പോഴും ഇഖ്‌വാനികളോടൊപ്പമുണ്ടായിരുന്നത് ഇറാനി ശിഈ ചിന്തകരും പ്രസ്ഥാനങ്ങളുമായിരുന്നു. പശ്ചിമേഷ്യയിലെ പോരാട്ട ഗ്രൂപ്പുകളായ ഹമാസിന്റെയും ഹിസ്ബുല്ലയുടെയും തലപ്പത്ത് ഇരുവിഭാഗവും സ്വാധീനമുറപ്പിച്ചതോടെ മുസ്‌ലിം ലോകത്തിന്റെ സഹതാപം തങ്ങളിലേക്ക് ആവാഹിക്കാനും അതു മുതലെടുക്കാനും അവര്‍ക്കു സാധിച്ചു. ഈ ഘട്ടത്തില്‍ പല ശീഈ ചിന്തകളും ഇഖ്‌വാനികളെ സ്വാധീനിച്ചിട്ടുണ്ട്. പ്രധാന സ്വഹാബികള്‍ക്കെതിരെ ശിയാക്കള്‍ ആരോപിക്കാറുള്ള പല കാര്യങ്ങളും വര്‍ദ്ധിത വീര്യത്തോടെ പൊതു സമൂഹത്തില്‍ അവതരിപ്പിച്ചത് ഇഖ്‌വാനികളായിരുന്നു.
സയ്യിദ് ഖുത്ബി (1906-1966)ന്റെ ‘അല്‍ അദാലത്തുല്‍ ഇജ്ത്തിമാഇയ്യ ഫില്‍ ഇസ്‌ലാം’ (ജമാഅത്തെ ഇസ്‌ലാമിയുടെ ഐ.പി.എച്ച് ‘ഇസ്‌ലാമിലെ സാമൂഹ്യ നീതി’ എന്ന പേരില്‍ ഇതു മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്) എന്ന ഗ്രന്ഥം ശിഈ ബാന്ധവത്തിന്റെ ഒരു ഉദാഹരണമാണ്. സുന്നീ ലോകം നീതിമാന്മാരെന്നും മാതൃകാ പുരുഷരെന്നും വിശ്വസിക്കുന്ന സ്വഹാബികളെ അനീതിക്കാരായും തിന്മക്കു കൂട്ടുനിന്നവരായും ചിത്രീകരിക്കുന്നു. പ്രത്യേകിച്ചും മൂന്നാം ഖലീഫ ഉസ്മാന്‍(റ)നെ കുറിച്ച്, നബിയുടെയും മുന്‍ഗാമികളായ രണ്ടു ഖലീഫമാരുടെയും മാര്‍ഗത്തില്‍ നിന്നു വ്യതിചലിച്ചു, സ്വജന പക്ഷപാതിത്വം കാണിച്ചു, കുടുംബക്കാരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളുന്നയിക്കുന്നു. (ഇസ്‌ലാമിലെ സാമൂഹ്യ നീതി. പ്രാമാണിക ചരിത്ര ഗ്രന്ഥങ്ങളുടെ പിന്‍ബലമില്ലാതെ ശിയാക്കളുടെ പഴകിപ്പുളിച്ച ആരോപണങ്ങള്‍ മുഖ്യാവലംബമായി സ്വീകരിച്ചുകൊണ്ടാണ് ഖുത്തുബും കൂട്ടരും സ്വഹാബികളെ വിമര്‍ശിക്കുന്നത്.
ഇതില്‍ നിന്നെല്ലാം ‘ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍’ എന്ന പ്രസ്ഥാനവും അതിന്റെ വക്താക്കളും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആദര്‍ശ പരിധിക്കു പുറത്താണെന്നു മനസ്സിലാക്കാം.

(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter